‘വേലി’; ജാതീയത നിലനില്‍ക്കുന്ന വ്യവസ്ഥിതിക്ക് നേരെയുള്ള കല്ലേറാണ്

0
239

നിധിന്‍ വി.എന്‍.

സിനിമകളെക്കാള്‍ കൂടുതലായി പ്രമേയത്തിലും ആവിഷ്‌കാരത്തിലും വിപ്ലവകരമായി മാറി ചിന്തിക്കുവാന്‍ ധൈര്യപ്പെടുന്നത് ഷോര്‍ട്ട് ഫിലിമുകള്‍ ആണ്. മുഖ്യധാരാ സിനിമാ പ്രവര്‍ത്തകര്‍ നാളിതുവരെ സ്വീകരിക്കാന്‍ മടിച്ചിരുന്ന, ദലിത് ജീവിത യാഥാര്‍ത്ഥ്യങ്ങളെ അതിശക്തമായി ആവിഷ്‌കരിച്ച ഷോര്‍ട്ട് ഫിലിമാണ് വിനീത് വാസുദേവന്‍ സംവിധാനം ചെയ്ത ‘വേലി’. മലയാളി സമൂഹത്തില്‍ ജാതി എത്ര സൂക്ഷ്മമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അടയാളപ്പെടുത്തുന്നുണ്ട് ഈ കൊച്ചുസിനിമ. വളരെ സബ്റ്റില്‍ ആയി യാതൊരു വിധ കെട്ടുകാഴ്ചകളും ഇല്ലാതെ ലളിതമായി നമ്മോട് സംസാരിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. കൊച്ചു കുട്ടികളുടെ അഭിനയമേ ഇല്ലാത്ത സ്വാഭാവികതയും, സ്‌ക്രിപ്റ്റിങ്ങിലും സംവിധാനത്തിലും ഉള്ള കയ്യടക്കം, വളരെ ശക്തമായ ഒരു പ്രമേയം തീര്‍ത്തും അനായാസതയോടെ സ്വാഭാവികമായി ചിത്രീകരിച്ചതും ഈ ഷോര്‍ട്ട് ഫിലിമിനെ മികച്ചതാക്കുന്നു.

‘കോര്‍ട്ട്’, ‘ഫാന്‍ട്രി’, ‘എലിസബത്ത് ഏകാദേശി’, ‘കില്ല’ തുടങ്ങി ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ ആവിഷ്‌കരിക്കാന്‍ മറാത്തി സിനിമകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ സിനിമയെന്നാല്‍ എഴുപതുകളില്‍ ബംഗാളി സിനിമയായിരുന്നു. എന്നാല്‍ ഇന്നത് മറാത്തി സിനിമയാണ്. അത്രമാത്രം സൂക്ഷ്മതയോടെയാണ് അവര്‍ ഒരോ സിനിമകളും നമുക്ക് മുന്നിലെത്തിക്കുന്നത്. ഇവിടെ വേലി എന്ന ചിത്രത്തിന് ഫാന്‍ട്രി എന്ന ചിത്രവുമായി ചില സാമ്യതകളുണ്ട്. ഒട്ടും തന്നെ തുടച്ചു നീക്കാനാവാത്ത ഇന്നും ജാതീയത നിലനില്‍ക്കുന്ന വ്യവസ്ഥിതിക്ക് നേരെയുള്ള കല്ലേറാണ് നാഗരാജ് മഞ്ജുളൈ സംവിധാനം ചെയ്ത ഫാന്‍ട്രി എന്ന ചിത്രം. അതുതന്നെയാണ് വേലിയെന്ന ചിത്രത്തിലൂടെ വിനീത് വാസുദേവന്‍ പറയുന്നത്. മനസ്സിലും പൊതുവിടത്തിലും വേലികെട്ടി മാറ്റി നിര്‍ത്തിയ ദലിത് ജീവിതങ്ങളുടെ കഥയാണ് വിനീത് തന്റെ ഷോര്‍ട്ട് ഫിലിമിലൂടെ പറഞ്ഞുവെച്ചത്. ഫാന്‍ട്രി എന്ന വാക്കിനര്‍ത്ഥം പന്നി എന്നാണ്. പന്നിയെ പിടിക്കുന്ന തൊഴിലെടുക്കാന്‍ നിര്‍ബന്ധിതരായ ഒരു കുടുംബത്തിലെ ജിബ്യ എന്ന ബാലന്റെ കഥയാണ് ചിത്രം പറഞ്ഞുവെക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ വളരെ കൃത്യമായി ജാതീയമായ വേര്‍ത്തിരിവുകളെ വരച്ചുവെക്കുന്ന ചിത്രങ്ങള്‍ മലയാളത്തില്‍ താരതമ്യേന കുറവാണ്. അവിടേക്കാണ് വേലി എന്ന ഷോര്‍ട്ട് ഫിലിം കടന്നു വരുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്‌

LEAVE A REPLY

Please enter your comment!
Please enter your name here