ശൂന്യതയിലേക്കുള്ള നടവഴിയിൽ തണൽ മരങ്ങളില്ല

0
208

ടി.സി.വി. സതീശൻ

ശൂന്യതയിലേക്കുള്ള
നടവഴിയിൽ
തണൽ മരങ്ങളില്ല
തൊള്ള നിറയ്ക്കാൻ
ഒരിറക്കു വെള്ളവുമില്ല

വരണ്ട കിണർ
ഉരുകുന്ന ആകാശം
വെളിച്ചം ഇരുളായി,
ഇരുളിന്റെ ആഴമളക്കാൻ
ഒരു മിന്നാമിന്നി പോലുമില്ല
വെട്ടിവീഴ്ത്തിയപ്പോൾ
നിങ്ങൾ കൊണ്ടുപോയത്
വെറും തണലല്ല,
ഞങ്ങളുടെ ജീവവായുവിനെ,
കുടിനീരിനെ കൊടുത്ത്
ഉരുകുന്ന ഉള്ളിനെ കടമെടുത്തപ്പോൾ
പറഞ്ഞതു,
വികസനത്തിന്റെ വിമാനമിറങ്ങുമെന്ന്
അച്ഛന്റെ അസ്ഥിത്തറയിൽ വാടിയുണങ്ങും
തുളസിക്ക് ഇറ്റുദാഹജലത്തിനായ്‌
കുപ്പിനീട്ടി കാത്തിരിക്കുന്നു നാം
വിപ്ലവം വിപ്ലവമെന്നു മാറുചുരുട്ടുന്നു
അമ്മയെ മമ്മിയാക്കി ഓണമുണ്ണുന്നു മക്കൾ
തളിർവാട്ടം
കനൽവാട്ടം
കതിർ വാട്ടം
ഈ വരണ്ട ഭുവിൽ,
ഉരുണ്ട ഗോളം തിരിഞ്ഞില്ലാതായി
ഭൂമിയേ, യില്ലെന്നു ഭൗമശാസ്‌ത്രർ
ശൂന്യതയിലേക്കുള്ള
വഴിയിൽ
തണൽമരങ്ങളില്ല,

താവഴി, പിതൃവഴികളുമില്ലെന്നാകാശവും.

LEAVE A REPLY

Please enter your comment!
Please enter your name here