Homeകഥകൾതെരെഞ്ഞെടുത്തത്

തെരെഞ്ഞെടുത്തത്

Published on

spot_imgspot_img

രണ്ടും മിണ്ടാതെ തെരെഞ്ഞെടുപ്പ് കഴിഞ്ഞു. മണിശ്ശന്‍ വിചാരിച്ചതുപോലെ ചുവപ്പുകക്ഷി ഭേദപ്പെട്ട ഭൂരിപക്ഷത്തില്‍ വിജയിച്ചു. മണിശ്ശന് ഉറപ്പായിരുന്നു ഇലക്ഷന്‍ഫലം ഇങ്ങനെയാവുമെന്ന്. മനുഷ്യര്‍ക്ക് വലിയ മാറ്റമൊന്നുമില്ല. ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കടന്നുപോകുന്നുവെന്നുമാത്രം. ജനമെന്നും പഴയ ജനം തന്നെ.

മണിശ്ശന്‍ ആ മൂന്നുശതമാനത്തില്‍പ്പെടുന്ന വോട്ടറായിരുന്നു. അതായത് അവസാനത്തെ മണിക്കൂറില്‍ മാത്രം തീരുമാനമെടുക്കുന്ന ഇനം. മത്സരാര്‍ഥികളാരൊക്കെയെന്ന് കൃത്യമായി അറിയാം. വൈകുന്നേരം അഞ്ചുമണിയായപ്പോള്‍ വീട്ടിലുടുക്കുന്ന ലുങ്കിയുമായിത്തന്നെ പോളിങ്ബൂത്തിലേക്കുപോയി വോട്ടുചെയ്ത് തിരിച്ചുവന്നു.

മണിശ്ശന്റെ ഭാര്യയും മക്കളുമൊക്കെ പകലിലെ ആദ്യമണിക്കൂറില്‍ വോട്ടിടുന്ന ആവേശികളായിരുന്നു. മണിശ്ശന്റെ മന്ദഗതിയിലുള്ള വോട്ടിങ്പ്രവര്‍ത്തനം പൊതുവെ എല്ലായ്‌പ്പോഴും ആക്ഷേപം വരുത്താറുണ്ട്. ഇത്തവണയും അതുണ്ടായി. വോട്ടര്‍പ്പട്ടികയില്‍ പേരുനോക്കിക്കാത്തിരിക്കുന്ന പാര്‍ട്ടിക്കാര്‍ മണിശ്ശന്റെ വോട്ടിനായി ദാഹിച്ചിവറ്റാറായപ്പോഴാണ് അയാള്‍ പതുക്കെ വന്നത്.

മൂന്നാം വിഭാഗത്തെ ആരും വകവെക്കാറില്ലെങ്കിലും മൂവരാണ് മണിശ്ശന്റെ മണ്ഡലത്തിലെ പ്രധാന പോരാട്ടക്കാര്‍. വീതം വച്ച് കളിപോലെ രണ്ട് കൂട്ടരില്‍ ഓരോരുത്തരെയായി മണിശ്ശന്റെ ഗ്രാമക്കാര്‍ കരകയറ്റി വിടുന്നു. ഇത്തവണ ജയിക്കേണ്ട പാര്‍ട്ടിയുടെ യുവസംഘടന നേതാവ് വോട്ടര്‍പട്ടികയില്‍ മണിശ്ശന്റെ കുടുംബത്തിലെ അംഗങ്ങളെ മുഴുവന്‍ 2+3=5 എന്നിങ്ങനെ ടിക്മാര്‍ക്ക് ചെയ്തിരുന്നു, ചുവന്ന മഷിയില്‍. എന്നാല്‍ മണിശ്ശന്‍ ര/ീ- അലമേലു മാത്രം വന്നിട്ടില്ല. യുവനേതാവിന് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചിട്ട് പുള്ളിയുടെ മുഖത്തിന്റെ കാല്‍ഭാഗം മാത്രമേ തെളിഞ്ഞുവരുന്നുള്ളൂ. അപ്പോഴാണ് കാലന്‍ കുടയുമായി അയാള്‍ കടന്നുവന്നത്.

ഒരാളെയും കൂസാതെ മണിശ്ശന്‍ പോളിംങ്ബൂത്തിന്റെ ക്യൂവിലേക്ക് ചേര്‍ന്നു. പത്തുപേരില്‍ താഴെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നടക്കാന്‍ വയ്യാത്ത പടുവൃദ്ധകളെ വോട്ടുചെയ്യിക്കാന്‍ കസേരയിലും തോളിലുമായി ഏറ്റിപ്പിടിച്ച് പാര്‍ട്ടിക്കാര്‍ എത്തിക്കുന്നു. സ്ലിപ്പ് കൊടുത്തു.പേര്‍ വിളിച്ചു. വോട്ടര്‍ അകത്ത് കടന്നു. ഇടത്തേ ചൂണ്ടുവിരലില്‍ മഷിപുരട്ടി. ഇത്തവണ അയാള്‍ വളരെ നീണ്ട വരയാണ് വരച്ചത്. ഒടുവില്‍ ഒരുതുള്ളി അറിയാതെ ഒറ്റുകയും ചെയ്തപ്പോള്‍ ഒന്നാന്തരം ആശ്ചര്യചിഹ്നമായി. പോളിങ് മറയില്‍ കടന്ന് യന്ത്രത്തില്‍ ഞെക്കി വോട്ടുചെയ്ത്, അതേ കാലന്‍ കുടയുമായി മണിശ്ശന്‍ തിരികെ നടന്നു. അങ്ങനെ തിരികെ നടക്കു േമ്പാള്‍ യുവനേതാവിന്റെ തെരെഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പിന്നിടുന്നേരം അകത്തുനിന്ന് കൈകാട്ടുന്നു യുവനേതാവ്. അത് മണിശ്ശന്‍ കണ്ടില്ല. നേതാവുടനെ അയാളുടെ കൈയിലെ വോട്ടര്‍പട്ടികയിലെ 70-ാം നമ്പറിനുനേരെ, മണിശ്ശന്‍ എന്ന പേരിനുനേരെ തെറ്റ് മാര്‍ക്കിടുകയും വോട്ട് നമുക്കല്ല എന്ന് പറയുകയും ചെയ്തു. കഴിഞ്ഞ തവണ പരാജയപ്പെട്ടു എന്നതുകൊണ്ടും മണ്ഡലശീലംകൊണ്ടും ഇത്തവണ അവരുടെ പാര്‍ട്ടി ജയിക്കുമെന്നാണ് കണക്കുകൂട്ടല്‍. ആ കൂട്ടലിലാണ് ഒരെണ്ണം കുറയുന്നത്. ‘കാണിച്ചുതരാം’ എന്നൊരു ആത്മഗതം കമ്മറ്റിആപ്പിസിന്റെ ഷാമിയാനയര്ക്കകത്തെവിടെയോ പറന്നുകളിച്ചു.

വീട്ടിലേക്കുള്ള വഴിയില്‍ പരിസ്ഥിതിക്കാര്‍ വച്ചുപിടിപ്പിച്ച തണല്‍മരങ്ങളുള്ളതിനാല്‍ കുട മടക്കി നടന്നു. നിലവിലെ എം എല്‍ എ യുടെ പാര്‍ട്ടി യൂണിറ്റ് സെക്രട്ടറി ബൈക്കില്‍ പറപ്പിച്ച് വരുന്നു. വോട്ടുചെയ്യാനുള്ള ഒരു വികലാംഗനെ പുറകിലിരുത്തിയിട്ടുണ്ട്. മണിശ്ശന്‍ ആ മുഖത്തേക്ക് നോക്കാനേ പോയില്ല, ബൈക്കിന്റെ കാതടപ്പിക്കുന്ന ശബ്ദം അത്രയ്ക്ക് അരോചകം. സെക്ര സേതു ഒരുകാര്യം നിഗമനം ചെയ്യാനതുപകരിച്ചു. ‘ഈ കിളവന്റെ വോട്ട് മാറിപ്പോയി’. ബൈക്ക് പുച്ഛത്തോടെ കുതിച്ചു.

‘പാത്തും പതുങ്ങിയുമാണോ അച്ഛാ വോട്ടുചെയ്യാന്‍ പോണേ? ന്യായവാദപ്പാര്‍ട്ടീന്നും പറഞ്ഞ് വന്നിരിക്കണ പുതിയാള്‍ക്കാര്‍ക്ക് ആകെ കിട്ട്യേത് അച്ഛന്റെ വോട്ടാവും..ഹ….ഹ’ മകന്റെ രാഷ്ട്രീയം പറച്ചില്‍ വീട്ടിലെത്തിയതും കേട്ടു. കാര്യങ്ങള്‍ വരുന്നതുപോലെ നടക്കട്ടെ എന്നു വിചാരിക്കുന്ന സാധാരണക്കാരനാണ് അവന്‍.
രണ്ടാമത്തെ മകന്‍ കുരച്ചു. ‘ അച്ഛന്റെ ആരോടും മിണ്ടാതേള്ള നടപ്പ്ണ്ടല്ലോ, അതന്നെ അരാഷ്ട്‌റീയാണ്..’
ബാംഗ്ലൂരില്‍നിന്ന് വോട്ടിനായിവന്ന് വോട്ടിട്ട് ഉച്ചക്കുതന്നെ തിരിച്ച ഐടി മകന്‍ ഒന്നും പറയില്ലെന്നാണ് കരുതിയത്. തിരികെയെത്തിയ വിവരം പറയാന്‍ വിളിച്ച  അവന്റെ ഫോണ്‍തമാശയില്‍ കേട്ടു,’ അച്ഛന്‍ വോട്ട് നോട്ടയ്ക്ക് കൊടുത്തുകാണൂം’

സന്ധ്യയോടെ ആല്‍ത്തറയിലേക്ക് പോയപ്പോള്‍ പലരും വോട്ടുചെയ്യാനുണ്ടായ നീണ്ടക്യൂവിനെപ്പറ്റിയും മറ്റ്ചിലര്‍ തിരക്കില്ലാതെ വോട്ടുചെയ്തതിനെപ്പറ്റിയും ഇനിയും ചിലര്‍ ഇടതുകൈയിലെ ചൂണ്ടുവിരലില്‍ മഷിതേപ്പ് കൂടിയതിനെപ്പറ്റിയുമൊക്കെ പറഞ്ഞതിനൊടുവില്‍ മണിശ്ശനോടൊരു ചോദ്യം,’ ഇയാള്‍ക്കെന്തറിയാം? ഇയാളിത്തവണ വോട്ടിനു പോയില്ലല്ലോ’ മറുപടിനല്‍കാന്‍ പോയില്ല.

പക്ഷേ ഒന്നോര്‍ത്തു. ഒരു തെരെഞ്ഞെടുപ്പുകൊണ്ട് താനുണ്ടാക്കിയെടുത്ത എതിര്‍സ്വരങ്ങള്‍. വളഞ്ഞിട്ട ശത്രുനിരയിലെന്ന പോലെ അത് ഭീകരമായി വലുതാവുന്നു. ഇനിയും വലുതായിക്കൊണ്ടിരിക്കും…

പിരിയാന്‍ നേരത്താണ് ടൗണില്‍നിന്നു വന്ന ആരോ കാര്യം പറഞ്ഞത്. നിലവിലെ എം എല്‍ എയ്ക്ക് ഹൃദയസ്തംഭനം.വോട്ടെണ്ണിയിട്ടില്ല. വോട്ടുകഴിഞ്ഞതുകൊണ്ട് എല്ലാ പക്ഷക്കാരുടേയും പ്രവാഹം.

മരണവീട്ടില്‍. ‘ഏതായാലും നിങ്ങള്‍ വോട്ടിനുപോയില്ല. റീത്തെങ്കിലും വയ്ക്ക്’ ആല്‍ത്തറസംഘത്തിലെ പ്രായംകൂടിയ ആള്‍ പുഷ്പചക്രം തന്ന് ആല്‍ത്തറക്കൂട്ടത്തിനുവേണ്ടി പ്രഖ്യാപിച്ചു.

മണിശ്ശന്‍ റീത്ത് വാങ്ങി. കൂടുതല്‍ വെളുത്ത ചിരിയില്‍ കണ്ണാടിക്കൂട്ടില്‍ വീര്‍ത്ത വയറുമായി കിടക്കുന്ന ബോഡിയുടെ നെഞ്ചില്‍ത്തന്നെ റീത്ത് നിക്ഷേപിച്ചു.
ഇപ്പോഴാണ് സമാധാനമായത്. നേരത്തെ വോട്ടിംങ്‌മെഷീനടുത്തുനിന്ന് വെറുതെ മടങ്ങിയതിനുപകരം  എന്തോ ചെയ്ത ഒരു തൃപ്തി മണിശ്ശന് അനുഭവപ്പെട്ടു. ശത്രുക്കളില്ലാത്ത ഒരു വോട്ട് രേഖപ്പെടുത്തിയതായി മണിശ്ശന്റെ ജനാധിപത്യമനം പുലമ്പി.
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...

പ്രണയം പൂക്കുന്ന ഇടവഴികൾ

(പുസ്തകപരിചയം) ഷാഫി വേളം മൗനം പാലിക്കുന്നവർ പെരുകുന്ന കാലത്ത് വിളിച്ചു പറയാൻ മടിക്കാത്ത  ശബ്ദങ്ങളാണ് ഖുത്ബ് ബത്തേരിയുടെ "മാഞ്ഞു പോകുന്ന അടയാളങ്ങൾ" എന്ന ...

More like this

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...