അനിത ശ്രീജിത്ത്
വെളുത്ത നിറമുള്ള
നരച്ച പ്രഭാതങ്ങൾ എനിക്കിഷ്ടമല്ല
അവ എന്നെ ഇഷ്ടമില്ലാതിരുന്ന
എൻറെ മുത്തശ്ശിയെ ഓർമിപ്പിക്കുന്നു
അവർ എന്റെ
നിറമില്ലാത്ത കൈകളിൽ
കൂട്ടിപ്പിടിച്ചുകൊണ്ട്
നിറമുള്ളവരെപ്പറ്റി വാചാലരാകുമായിരുന്നു
വെളുത്തവരുടെ ഹൃദയം
മുല്ലപ്പൂ കൊണ്ട് നിർമ്മിച്ചതാണെന്ന്
അവർ ഉൾപ്പുളകത്തോടെ പറയുമ്പോൾ
അസ്വസ്ഥതയോടെ ഞാൻ മുഖം തിരിക്കും
വീണ്ടും വെളുത്തവരേപ്പറ്റി പറയാതിരിക്കാൻ
‘അച്ഛൻ കറുത്തതാണല്ലോ ‘ എന്ന്
ഞാൻ മുത്തശ്ശിയെ താറടിക്കും
‘ആണുങ്ങൾക്ക് കറുപ്പാ
തറവാടിത്തം’ എന്നവർ
എന്റെ തൊലിയെ എന്നിലേക്ക്
ഒന്നുകൂടി അടിച്ചിറക്കും!
ആണുങ്ങളുടേയും പെണ്ണുങ്ങളുടേയും
തൊലികൾ എനിക്ക്
വെവ്വേറെയായത് അന്നു മുതലാണ്
‘വെള്ളക്കാരൻ ഒഴിഞ്ഞു പോകണം’
എന്ന് പറഞ്ഞ മുത്തശ്ശനെ
കൂട്ടിക്കൊണ്ടുപോകാൻ വന്ന
വെള്ളക്കാരനെപ്പറ്റി
ഇംഗ്ലീഷ് അറിയാത്ത മുത്തശ്ശിയും ഞാനും
ഉൾപ്പുളകത്തോടെയും
അസൂയയോടെയും ഓർത്തു കൊണ്ടിരുന്നു
‘യൂ ബാസ്റ്റാഡ് ‘ എന്നാണത്രേ
വെള്ളക്കാരനന്ന് മുത്തശ്ശനെ
വിളിച്ചത്!
മുല്ലപ്പൂ പോലുള്ള അയാളുടെ
ഹൃദയത്തിൽ നിന്നും
നറുമണം പുറത്തേക്കൊഴുകിയതാവാം
ഞാൻ ഹൃദയവേദനയോടെ
ഉരുകിക്കൊണ്ടിരുന്നു
ഇന്നിപ്പോ മുത്തശ്ശിയായിരുന്ന്
ഞാനോർക്കുവാ
എന്റെ കുട്ടികൾക്ക്
ഇന്നുമിഷ്ടം വെള്ളക്കാരെ
ആണല്ലോയെന്ന്!
അവരുടെ നാട്ടിൽ വാസം
അവരുടെ നാട്ടിൽ തൊഴിൽ
അവിടെ നിന്നു വിവാഹം
അവിടെ വളരുന്ന പേരക്കുട്ടികൾ
പാരമ്പര്യമാ പാരമ്പര്യം
തറവാട്ടിൽപ്പിറന്ന കുഞ്ഞുങ്ങളാണവർ!
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in