ധന്യ വേങ്ങച്ചേരി
കടൽ കണ്ട്
കടൽവഴികളിൽ ഉപ്പ് കാറ്റ് കൊറിച്ച്
മഞ്ഞിച്ച നിലാവിൽ
രാത്രി നക്ഷത്രങ്ങളെ പോലെ നമ്മൾ..
സ്നേഹം കൊണ്ട്
വീർപ്പുമുട്ടിച്ചില്ല
പരിഭവം കൊണ്ട് കല്ലെറിഞ്ഞുമില്ല.
കണ്ണെടുക്കുന്ന
കടലോളം
മണൽ തരികളിൽ
അടർന്ന ചിപ്പികൾ പുഴ്ത്തി
തിരിച്ചകലും പോലെ
നമ്മളാ മണൽ കുഴികളിൽ
ആണ്ടു പോകുന്നു.
അവിടെ ഏറ്റവുമാഴത്തിൽ
എന്റെ പേരിനൊത്ത്
നിന്റെ പേരു ചേർത്തെഴുതി
എന്റെ കണ്ണുകളിൽ പ്രണയം
വിതക്കുമെന്നു ഞാൻ
നിനച്ചിരിക്കെയെന്റെ
ഹൃദയത്താളത്തിന്റെ തുടിപ്പുകൾ
നീ കേൾക്കുമെന്ന് ഞാൻ ഭയന്നു.
ഞാനറിയാതെ
നീ കരുതി വെക്കുന്ന
കവിതകളിൽ
ഇടയ്ക്കെങ്കിലും എന്നെ
കാണുമെന്നുറച്ച്
ഞാൻ നിന്റെ ചുമലിക്കേന്റെ
സ്നേഹ ദു:ഖങ്ങളിറക്കി വെക്കും.
കോർത്ത് പിടിച്ച
കൈകളുടെ ആത്മബലമാണെന്റെ
ശക്തി.
കുഞ്ഞേ….
കാലമേറെയുണ്ടാകാം
എന്നാലും കൈവിടാതെ
കരുതിവെക്കണം നീയെന്നെ.
ചിത്രീകരണം: സുബേഷ് പത്മനാഭന്‍
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in