പ്രണയിക്കുമ്പോൾ

0
481

സുനിത ഗണേഷ്

പ്രണയിക്കാനായി
നിങ്ങൾ ഒരു
എലിയെ തിരഞ്ഞെടുക്കരുത്.
നിങ്ങൾക്ക് മാളത്തിനകത്തെ
ഇരുട്ടു മാത്രമേ കാണാൻ കഴിയൂ.
പ്രണയിക്കാനായി നിങ്ങൾ
ഒരു തവളയെ കണ്ടുപിടിക്കരുത്.
ആഴമുള്ള കിണറ്റിൽ ഇറ്റു
വെള്ളത്തിനായി നിങ്ങൾ ദാഹിക്കും.
നിങ്ങൾ ഒരു എട്ടുകാലിയുമായി
പ്രണയത്തിലാവരുത്.
നിലപാടുകൾ അത് കാലിൽ നിന്നും
കാലിലേക്ക് മാറ്റിക്കൊണ്ടിരിക്കും.
ഒരു ഞണ്ടിനെ
പ്രണയിക്കുകയേ ചെയ്യരുത്.
അതു നിങ്ങളെ ഇറുക്കിക്കൊല്ലും.

Sunitha Ganesh

പ്രണയിക്കാനായി
ഒരു പണക്കൊതിയനെ നിങ്ങൾ ഒരിക്കലും
തീരഞ്ഞെടുക്കരുത്.
കഴുത്തിൽ കുരുക്കിട്ട്, നേരാനേരം
കറക്കാനുള്ള ഒരു പശുവായി
നിങ്ങൾ മാറും.
ഒരു സ്വാർത്ഥനെ നിങ്ങൾ പ്രണയിക്കരുത്.
നിങ്ങൾ നിങ്ങളുടെ വിശാലരാജ്യത്തെ
വെട്ടിച്ചുരുക്കി
അതിർത്തി തീർക്കലാവും അത്.
ഒരു ഇടുങ്ങിയ ചിന്താഗതിക്കാരനെ
നിങ്ങൾ ഒഴിവാക്കണം.
ഒരു പൂന്തോട്ടത്തിനു നടുവിലെ
കരിങ്കൽതുറുങ്കിൽ പെട്ടതുപോലെയാവുമത്.
പ്രണയിക്കുമ്പോൾ
നിങ്ങൾ ഒരാശയത്തെ പ്രണയിക്കുക.
മുൾവേലികൾ തകർത്ത്
അതു നിങ്ങളെ
കടൽപ്പരപ്പിലൂടെ നടത്തിച്ചു
അതിരുകളില്ലാത്ത
ആകാശത്തേക്കുയർത്തും.

ചിത്രീകരണം: സുബേഷ് പത്മനാഭന്‍ 


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here