പ്രണ(ള)യകാലങ്ങളിൽ ഞാൻ

0
312

സുധി പുറങ്ങ്

മികച്ചതായിത്തീരുമായിരുന്ന
ഒരു കവിതയുടെ,
മൂന്നാമത്തെ വരിയിൽ
മിനുക്കുപണി ചെയ്തുകൊണ്ടിരിക്കവെയാണു,
എന്റെമുറിയിൽ
പ്രണ(ള)യം കേറിവന്നത്‌.

ഒട്ടും
പ്രതീക്ഷിക്കാതിരുന്നതിനാൽ;
എന്ത്‌ ചെയ്യണമെന്നറിയാതെ,
ഒന്നാമത്തെ വരിയിലേക്ക്‌
കയറിനിന്നു
ജനാലയിലൂടെ
പുറത്തേക്ക്‌ നോക്കവേ,
ദൂരെനിന്ന്
ഒറ്റപ്പെട്ടൊരു വാക്ക്‌
നിസ്സഹായതയോടെ
കൈവീശുന്നതാണു കണ്ടത്‌.

രണ്ടിടങ്ങളിൽ
ഒറ്റപ്പെട്ടുപോയ മനുഷ്യർ
കണ്ടുമുട്ടുന്ന
തുരുത്താണിതെന്ന്,
എഴുതാതെ വെറുതെവിട്ടൊരു
കവിത
വിളിച്ചുപറഞ്ഞു.

നോക്കൂ…

എത്ര
സമാധാനപരമായി
ജീവിച്ചിരുന്നവരിലാണു,
നിങ്ങൾ
കലാപമുണ്ടാക്കുന്നത്‌?

ഒരേസമയം;
ഭ്രാന്തും തുടലുമാകുന്നത്‌?

sudhi purangu

പ്രള(ണ)യകാലം
കഴിഞ്ഞെഴുതുന്ന
കവിതകളൊക്കെയും,
രണ്ട്‌ മനുഷ്യരുടെ
ജീവിതം കോറിവച്ച
തെരുവുചുവരുകളാകുമെന്നതിനാൽ,
മനസില്ലാമനസോടെ,
ഏതെങ്കിലും
ഒന്നുപേക്ഷിക്കാൻ
നിർബന്ധിതനാകുന്നു.

അതെന്താകണമെന്ന്
ചിന്തിച്ചുനിൽക്കവേ,
എന്നെയുൾപ്പെടെ
വിഴുങ്ങിപ്പോകുന്നു…

ചിത്രീകരണം: സുബേഷ് പത്മനാഭന്‍ 


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here