അശോകന്‍ മറയൂര്‍
നിന്നെയറിയിക്കാതെ
ഒച്ചയുണ്ടാക്കാതെ
തടങ്ങളിലെല്ലാം പോയിരുന്നു.
●
ഇലകളിലിരുന്ന്
കറുത്തമഷി ചിതറിക്കിടക്കുന്ന
മരത്തിനടിയിൽ കുറച്ചുനേരം ഒന്നിരുന്നു.
●
അടുത്തായൊരുമരം.
പൂക്കളെല്ലാം തറയിൽ
വിതറിക്കിടക്കുന്നു
അതിനു മീതേ കൊഴിഞ്ഞു വീഴും
ഇലകൾ ഓള മുണ്ടാക്കിക്കൊണ്ടിരുന്നു.
●
നടുരാത്രി തിരികെ വീട്ടിലെത്തി
ആ ചൂടു മാറും മുമ്പ്
നിനക്കൊരു കത്തെഴുതി
സൂക്ഷിച്ചു .
എഴുതിക്കൊണ്ടിരിക്കെ ആ കത്ത്
എന്റെ ശബ്ദത്തിൽ
കൂടെ സംസാരിച്ചുകൊണ്ടിരുന്നു.
ആ കത്തിനി നിയ്യും കൂടി വായ്ക്ക്
എന്റെ ശബ്ദം നിനക്കും കേൾക്കും.
●
കണ്ടു മുട്ടുമ്പോൾ
എനിക്ക് നീയൊരു വസന്തമാണ്.
നടവഴികളിൽ പൂത്തുനിൽക്കും മരമാകുക
ഇളം കാറ്റിൽ എനിക്കു മീതേ
പൂക്കൾ വിതറുക.
കാട്ടരുവിയിലേ പാട്ടാകുക.
●
ആണ്ടുകൾ കടന്നു പോകുമ്പോൾ
ഒരു കുരിഞ്ഞിക്കാലം പോലെ
വലിയൊരു പൂന്തോട്ടമാകുക.
●
ഇനിയാവഴികളിൽ നീ
പോകാതിരിക്കുക
അവിടത്തെ കല്ലും
നുണ പറയും
കാലവും കടന്നു പോകും.
●
ലക്ഷം നിമിഷങ്ങൾക്കിടയിൽ
വല്ലപ്പോഴും നിന്നെ
ഓർത്തെടുക്കുന്നുവെന്ന്
ഒരു ഓർത്തെടുക്കലിൽ
ചുരുക്കി വെച്ചെന്ന് കരുതരുത്
അത് തുടിച്ചു കൊണ്ടിരിക്കും
എന്റെ ഹൃദയമാണ്.
ചിത്രീകരണം: സുബേഷ് പത്മനാഭന്‍
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in