ദിൽറുബ പി. കെ.
കത്തുകൾ വരാറുണ്ട്
ഓരോ കൊല്ലവസാനവും..
വിലാസം തെറ്റി
വിഷയം തെറ്റി
വഴി തെറ്റി
എന്നും….
അത്തർ
മണക്കുന്ന
മണൽക്കാറ്റ്
അടിക്കുന്ന
ഒരു വാപ്പാൻടെ
ഖൽബും പേറി
വരുന്ന കത്ത്..
പട്ടിണി കരിഞ്ഞ
വിയർപ്പ് പൊടിയുന്ന
നോട്ട് മണക്കുന്ന
മദിരാശിയിൽ നിന്ന്
ഏട്ടൻടെ കത്ത്….
ഏതോ ഇല്ലത്തുനിന്നും
അടുക്കളകടന്ന്
അരങ്ങത്തേക്ക് കുതിക്കുന്ന
പുകമണക്കുന്ന കത്ത്….
പേറാനാവുന്നില്ല
ഇവയുടെ ഗന്ധങ്ങൾ
വലിയ കൈയക്ഷരങ്ങളുടെ
വിലാസക്കാരെ
കണ്ടുപിടിച്ചേൽപ്പിക്കണം….
അല്ലെങ്കിൽ
ഗന്ധങ്ങൾ
അവർ മറക്കണം..
കത്തുകൾ
മറക്കണം..
എഴുത്ത്
മറക്കണം..
മറുപടി
മറക്കണം…
ഹാ…
അങ്ങനെയങ്ങനെ
കത്തുകൾ
മരിക്കണം……