സന്തോഷങ്ങളില്‍ നിന്നും വേദനയിലേക്കുള്ള പലായനം

1
357

നിധിന്‍ വി. എന്‍.‘തൃശ്ശിവ പേരൂര്‍ ക്ലിപ്തം’ എന്ന സിനിമയില്‍ ചെമ്പന്‍ വിനോദിന്റെ കുട്ടിക്കാലം അവതരിപ്പിച്ച മാധവ് വിഷ്ണു സംവിധാനം ചെയ്ത ചിത്രമാണ് ‘എക്സോഡസ്’ (Exodus). ഹരിദാസ് കരിവള്ളൂരിന്റെ ‘മകള്‍’ എന്ന കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച ചിത്രം വിപണിയുടെ അപകടകരമായ മുഖത്തെ വരച്ചിടുന്നു.

മലയാള കഥകളില്‍ തികച്ചും വ്യത്യസ്തമായ പ്രമേയങ്ങള്‍ പരീക്ഷിച്ച വ്യക്തിയാണ് ഹരിദാസ് കരിവള്ളൂര്‍. അദ്ദേഹത്തിന്റെ കഥയില്‍ നിന്നുള്ള പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് ചിത്രമൊരുക്കുമ്പോള്‍ ആ ചിത്രവും വ്യത്യസ്ഥമാക്കാന്‍ വിഷ്ണു ശ്രമിച്ചിട്ടുണ്ട്.

എക്സോഡസ് (Exodus) എന്ന വാക്കിനര്‍ത്ഥം പുറപ്പാട്/ പലായനം എന്നാണ്. വര്‍ത്തമാനകാലത്തുനിന്നും ഭൂതകാലത്തിലേക്കുള്ള സഞ്ചാരമാണ് ചിത്രമെന്ന് പറയാം. എന്നാല്‍ ആ യാത്ര അത്ര നിസ്സാരമല്ല. ‘ഒബേ’ എന്ന കമ്പനിയില്‍ നിന്നും ഡാനിയലും മീരയും ഓഡര്‍ ചെയ്ത മകളുമായി കമ്പനിയുടെ പ്രതിനിധികള്‍ വരുന്നതോടെയാണ് സിനിമ തുടങ്ങുന്നത്. ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നും തട്ടികൊണ്ടുവരുന്നതും, മസ്തിഷക്ക മരണം സംഭവിച്ചതുമായ കുട്ടികളെ ലോകോത്തര എംഎന്‍സി കമ്പനികള്‍ക്ക് വില്‍ക്കുന്നു. പിന്നീട് അവരെ ആര്‍ട്ടിഫിഷല്‍ ഇന്റ്‌ലിജന്റ് ബ്രയിന്‍ (എഐബി) ഇംപ്ലാന്റേഷന് വിധേയരാക്കുന്നു. എഐബിയെ മൂന്നായി തിരിച്ചിരിക്കുന്നു. ശരീരത്തിന്റെ ചലനത്തിന് വേണ്ടിയും, കുട്ടിയെ വാങ്ങുന്ന ഉപഭോക്താവിന്റെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് കഴിവുകള്‍ പ്രോഗ്രാം ചെയ്യുന്നതിനും, കുട്ടിയുടെ ഭൂതക്കാലത്തെ സൂക്ഷിക്കുന്നതിനും വേണ്ടിയുമാണ് ഇങ്ങനെ തരം തിരിച്ചിരിക്കുന്നത്. എന്നാല്‍ ഭൂതകാലത്തെ ഓര്‍ക്കുന്നതിലൂടെ കഥ മാറുന്നു.

ചെറുതെന്ന് തോന്നുന്ന പിഴവുകള്‍ എത്രമാത്രം വലുതാണെന്ന് ചിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു. മറച്ചുവെക്കുന്ന സത്യങ്ങള്‍ തന്നെയാണ് ചര്‍ച്ചചെയ്യപ്പെടേണ്ടത്. ആ ദൂരങ്ങളിലേക്ക് നമ്മള്‍ നടക്കുന്നില്ല. വേദനകള്‍ കാലങ്ങള്‍ക്കിപ്പുറവും നമ്മെ വേട്ടയാടും. സന്തോഷങ്ങളില്‍ നിന്നും വേദനയിലേക്കുള്ള പലായനമാണ് ജീവിതം.

മികച്ച കയ്യടക്കത്തോടെ അവതരിപ്പിച്ച ചിത്രമാണ് ‘എക്സോഡസ്’ (Exodus). എന്നിരുന്നാലും കളര്‍ടോണിന്റെ കാര്യത്തില്‍ ഒരല്പം കൂടി ശ്രദ്ധയാകാമായിരുന്നു. ഛായാഗ്രഹണം അരുണ്‍ സ്വാമിനാഥന്‍, സംഗീതം വിഗ്നേഷ് മേനോന്‍, സിജിഐ & വിഎഫ്എസ് ദിനരാജ് പള്ളത്ത്. ദേശീയവും-അന്തര്‍ ദേശീയവുമായ 49തോളം ചലച്ചിത്രമേളകളിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും സമ്മാനാര്‍ഹമാവുകയും ചെയ്ത ചിത്രമാണ് എക്സോഡസ്.

1 COMMENT

  1. […] ഡിസി ബുക്ക്‌സ് ഒരുക്കിയ ഒരുവട്ടംകൂടി/ പള്ളികൂടക്കാലം എന്ന മത്സരത്തിന്റെ ഭാഗമായി ഒരുക്കിയ ചിത്രമാണിത്. കൃഷ്‌ണേന്ദു പി കുമാറാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. പ്രിന്‍സ് ചിറപ്പാടനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്‌. ‘തൃശ്ശിവ പേരൂര്‍ ക്ലിപ്തം’ എന്ന സിനിമയില്‍ ചെമ്പന്‍ വിനോദിന്റെ കുട്ടിക്കാലം അവതരിപ്പിച്ച മാധവ് വിഷ്ണു സംവിധാനം ചെയ്ത മറ്റൊരു ചിത്രമാണ്‌ ‘എക്സോഡസ്’ (Exodus). […]

LEAVE A REPLY

Please enter your comment!
Please enter your name here