നിധിന്‍ വി.എന്‍.
‘ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം’
ഒരു വട്ടമെങ്കിലും ഈ ഗാനം പാടാത്ത, ഇതിനൊപ്പം സഞ്ചരിക്കാത്തവര്‍ കുറവായിരിക്കും. അത്രമേല്‍ ആഴത്തില്‍ നാം നമ്മുടെ ഭൂതകാലത്തെ സ്‌നേഹിക്കുന്നു. അതെ, ഓര്‍മകള്‍ നെയ്‌തെടുക്കുന്ന മനുഷ്യരാണ് നമ്മള്‍. ഭൂതകാലത്തെ മറവിയിലേക്ക് വിടാതെ ഇന്നലകളില്‍ അഭിരമിക്കുന്ന ഇന്നുകളാണ് നമുക്കുള്ളത്. അതില്‍തന്നെ സ്‌കൂള്‍ കാലത്തെ ഓര്‍ത്തെടുക്കുന്നതില്‍ പ്രത്യേക കഴിവുണ്ട് നമുക്ക്. മാധവ് വിഷ്ണു സംവിധാനം ചെയ്ത ‘മടങ്ങണം ഇന്നലകളിലേയ്ക്ക്’ എന്ന ചിത്രം അത്തരമൊരു കഥയാണ് പറയുന്നത്.
ഇവിടെ കാഴ്ചകാരന്‍ തന്നെയാണ് കഥയും കഥാപാത്രവുമാകുന്നത്. പ്രേക്ഷകനെ ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ചിത്രം സ്‌കൂള്‍ കാലത്തിലേക്ക് നമ്മെ തള്ളിയിടുന്നു. കാഴ്ചകാരനില്‍ മാത്രം പൂര്‍ണമാകുന്ന ചിത്രമാണ് ‘മടങ്ങണം ഇന്നലകളിലേയ്ക്ക്’.
ചിലരുടെയെങ്കിലും മനസ്സില്‍ ഭയത്തിന്റെ വിത്തുപാകിയ കണക്കെന്ന വിഷയം, ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികത്തിലെ ചാക്കോമഷിന്റെ സംഭാഷണത്തിലൂടെ തോമാച്ചന്റെ വേദനായി നമ്മില്‍ പടരുന്നു. സ്‌കൂള്‍ ഓര്‍മകളിലേക്ക് സഞ്ചരിക്കുന്ന ചിത്രം, ചില സിനിമകളിലെ സംഭാഷണങ്ങളെ ബാക്ക്ഗ്രൗണ്ടായി ഉപയോഗപ്പെടുത്തുന്നു. ഇത്തരത്തില്‍ ഒരു സ്കൂളിലൂടെ സഞ്ചരിക്കുന്ന ക്യാമറ, റെക്കോര്‍ഡ് ചെയ്യപ്പെടുന്ന വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന ടെക്സ്റ്റ് മെസ്സേജുകള്‍. മൂന്നുമിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രം മൊത്തത്തില്‍ കളറാണ് ചിത്രം.
ഡിസി ബുക്ക്‌സ് ഒരുക്കിയ ഒരുവട്ടംകൂടി/ പള്ളികൂടക്കാലം എന്ന മത്സരത്തിന്റെ ഭാഗമായി ഒരുക്കിയ ചിത്രമാണിത്. കൃഷ്‌ണേന്ദു പി കുമാറാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. പ്രിന്‍സ് ചിറപ്പാടനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ‘തൃശ്ശിവ പേരൂര്‍ ക്ലിപ്തം’ എന്ന സിനിമയില്‍ ചെമ്പന്‍ വിനോദിന്റെ കുട്ടിക്കാലം അവതരിപ്പിച്ച മാധവ് വിഷ്ണു സംവിധാനം ചെയ്ത മറ്റൊരു ചിത്രമാണ് ‘എക്സോഡസ്’ (Exodus).
https://youtu.be/7qZ6s_rhgMY