താമരശ്ശേരി: നാടിന്റെ പച്ചപ്പുള്ള ഓര്‍മകളും എഴുത്തിന് മഷിയായിത്തീര്‍ന്ന അനുഭവങ്ങളും പൂനൂര്‍ പുഴയൊരുക്കിയ സാംസ്‌കാരിക സത്തയും പങ്കുവെച്ച് പൂനൂര്‍ ദേശത്തിന്റെ എഴുത്തുകാരും സാംസ്‌കാരിക മുഖ്യരും ഒത്തുചേര്‍ന്നു. അല സാഹിത്യവേദി സംഘടിപ്പിക്കുന്ന അക്ഷരോത്സവത്തിന്റെ മൂന്നാം ദിനം നടന്ന ദേശമുണര്‍ത്തുന്ന ഓര്‍മകള്‍ സെഷനിലാണ് എഴുത്തുകാരും പത്രപ്രവര്‍ത്തകരും കവികളും ദേശീയ അധ്യാപക പുരസ്‌കാര ജേതാക്കളും പങ്കുകൊണ്ടത്.
കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പൂനൂര്‍ കെ കരുണാകരന്‍, പത്രാധിപരും വാഗ്മിയുമായ നവാസ് പൂനൂര്‍, എഴുത്തുകാരനും ട്രേഡ് യൂനിയന്‍ നേതാവുമായ അഹമ്മദ്കുട്ടി ഉണ്ണികുളം, ദേശീയ-സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പി പി പ്രഭാകരന്‍ മാസ്റ്റര്‍, എഴുത്തുകാരനും പരിശീലകനുമായ മജീദ് മൂത്തേടത്ത് എന്നിവരാണ് ഓര്‍മകള്‍ പങ്കുവെച്ചത്. സംവാദ സദസ്സിന് വി കെ ജാബിര്‍, ദിനേഷ് പൂനൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിദ്യാഭ്യാസത്തില്‍ ഡോക്ടറേറ്റ് നേടിയ യു കെ മുഹമ്മദിനുള്ള പുരസ്‌കാരം വി എം അബ്ദുറഹ്മാന്‍ മാസ്റ്റര്‍ സമ്മാനിച്ചു.
നവോത്ഥാനത്തിന്റെ നാള്‍വഴികള്‍ വിഷയത്തില്‍ ഡോ. പി സുരേഷ് പ്രഭാഷണം നിര്‍വഹിച്ചു. പി എച്ച് ഷമീര്‍, ഡോ. കെ രവി, കരീം മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ട്രിപ്പ്ള്‍ 5 ബാന്റിന്റെ ഫ്യൂഷന്‍ സംഗീത വിരുന്നും അരങ്ങേറി.
അക്ഷരോത്സവത്തില്‍ ഇന്ന് വൈകിട്ട് അഞ്ചിന് ഹൃദയത്തില്‍ നിന്ന മുഖാമുഖത്തില്‍ ഷൗക്കത്ത് സംസാരിക്കും. സലാം വട്ടോളി മോഡറേറ്ററായിരിക്കും. വൈകു. ഏഴിന് വായനയുടെ നാനാര്‍ഥങ്ങള്‍ വിഷയത്തില്‍ ഡോ. സോമന്‍ കടലൂര്‍ പ്രഭാഷണം നിര്‍വഹിക്കും. രാത്രി പഴയകാല ചലച്ചിത്ര ഗാനാവതരണം പാട്ടരുവിക്ക് എളേറ്റില്‍ മ്യൂസിക് ലവേഴ്‌സ് നേതൃത്വം നല്‍കും.