വരമ്പുകൾ

0
264
jayesh-veleri

ജയേഷ് വെളേരി

എത്രയെത്ര വരമ്പുകളാണ് നാം
വകഞ്ഞു കെട്ടിയത്
ചാലൊഴുകീടുന്നവയെ
നടപ്പാതകളെ
പുൽച്ചെടി കൂട്ടങ്ങളെ
ചികഞ്ഞും പകുത്തും
എത്രയേറെ വരമ്പുകൾ

ഓരോ വരമ്പുകളും
അതിനു മീതെ വരമ്പുകളായ്
പണിപ്പെട്ട് കെട്ടിയ
വരമ്പുകളുമാ പെയ്ത്തിൽ
ഒലിച്ചു പോയി

വീണ്ടും കെട്ടാൻ തുടങ്ങുന്നുണ്ട്
അതേ ഓരത്ത് തന്നെ
വരമ്പിന്റെ രൂപം മാറി
കെട്ടിന്റെ മട്ടും മാറി
തലപ്പാവണിഞ്ഞ്
കണ്ണു മുറുകെ കെട്ടി
ചിതലരിക്കാതെ
കെട്ടി മാറ്റുന്നുണ്ട്
വകഞ്ഞു മാറ്റുന്നുണ്ട്

ഈ വരമ്പിനടിയിലാണ്
എന്റെ പൂർവ്വികർ
ഒരുമിച്ചിരുന്ന്
കഥകൾ പറഞ്ഞത്
ഒരുമിച്ചിരുന്ന്
മഴക്കോളു കൊണ്ടത്

ഈ ഇടവും വരമ്പു
കെട്ടി മാറ്റുന്നുണ്ട്
ഈ ഇടവും
കൂട്ടിലകപ്പെടുന്നുണ്ട്
എന്റെ പൂർവ്വികർ
ഇനിയേതു കൂട്ടിലാകും
ഏത് വരമ്പിനിടയിലാകും
ഒരുമിച്ച് ചേർന്നിരിക്കുന്നത് ?
ഏത് വരമ്പിനടിയിൽ വെച്ചാകും
വേർപിരിഞ്ഞു പോയിട്ടുണ്ടാവുക ?


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +918078816827


ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here