ഇര

Published on

spot_imgspot_img

കഥ
ശ്രീശോഭ്

കാഴ്ചയ്ക്ക് അസ്വാഭാവികത തെല്ലുമില്ലാത്ത നിർദോഷമായ ദേഹോപദ്രവങ്ങളിലൂടെയായിരുന്നു മാത്യൂസ് നിരഞ്ജനക്കുമേൽ അധീശത്വം സ്ഥാപിച്ചത്. ആദ്യമാദ്യം അശ്രദ്ധമായി അതവഗണിച്ച നിരഞ്ജന, പിന്നെ പിന്നെ നവലിബറൽ കാലത്തെ ബഹുഭൂരിപക്ഷം ഇരകൾക്കും സംഭവിക്കുന്നതുപോലെ കരുത്തന്റെ കൈയേറ്റങ്ങൾക്ക് വിധേയമാക്കപ്പെട്ട് ആ ജീവിതാവസ്ഥയിലേക്ക് സ്വയം പരുവപ്പെടുകയായിരുന്നു. കോയമ്പത്തൂർ ശ്രീനാരായണഗുരു കോളേജിലെ എം.ബി.എ. കാലം മുതൽ തൃശ്ശൂർ കുടുംബകോടതിയിലെ ഉദ്വേഗം കനംകെട്ടിനിൽക്കുന്ന കഴിഞ്ഞ നിമിഷത്തിലെ നിശബ്ദത വരെ വേട്ടക്കാരന്റെ സഹജമായ കൂസലില്ലായ്‌മ മാത്യൂസിന്റെ മുഖത്ത് മാറ്റമില്ലാതെ അവൾ കാണുന്നുണ്ട്. കരിങ്കല്ലിന്റെ മുറുക്കമുള്ള മുഖത്ത് പേശികൾ വിറച്ച് തുളുമ്പുന്നതും നിരഞ്ജന കണ്ടു. കരണ ഞരമ്പുകൾ വലിഞ്ഞു പൊട്ടാറായിരിക്കുന്നു. ഇരുചെന്നികളിലൂടെയും ഒലിച്ചിറങ്ങുന്ന വിയർപ്പിൻ ചാലുകൾ. കോടതിമുറിയിൽ കറങ്ങിത്തിരിഞ്ഞ് അവളുടെ നോട്ടം പിന്നെയും മാത്യൂസിന്റെ മുഖത്ത് ചെന്നുനിന്നു. വന്യമായ ശാന്തത പതിവുപോലെ. ചിരിയില്ല, കൈനഖം കടിക്കുന്ന ശീലമുണ്ടായിരുന്നു അയാൾക്ക്, കാൽനഖം വെട്ടാൻ മിക്കവാറും മറന്നിട്ടുണ്ടാകുമെന്നും അവൾ ഓർത്തു. ജനം നിറഞ്ഞ കോടതിമുറിയിൽ ഡാഡിക്കും ഋഷിക്കുമിടയിൽ അവൾ പതുങ്ങിയിരുന്നു. “നീരൂ… നീയങ്ങോട്ടു നോക്കണ്ട..” പ്രായത്തിൽ ഇളയവനായ ഋഷി ശരിക്കും ഗാർഡിയനാണിപ്പോൾ. “അവന്റെ നോട്ടം കണ്ടില്ലേ… സാവേജ്‌…” ശിവദാസൻ നായർ പല്ലിറുമ്മി.
“ഡാഡീ..” ഋഷി വിളിച്ചു. മാത്യൂസിനെ അവനും ശരിക്കറിയാം.

ഒരു ഫാമിലി കേസ് നടത്താൻ അമേരിക്കയിൽനിന്ന് നാട്ടിൽ വരേണ്ടി വന്നതിന്റെ ജാള്യമായിരുന്നു ഇരുവരുടെയും മുഖത്ത്. കോടതി മുറിയിലേയും തിങ്ങിനിറഞ്ഞ മനസ്സുകളിലേയും ഉയർന്നു താഴുന്ന താപമർദങ്ങൾ ശിവദാസൻ നായരും മക്കളും നെഞ്ചിടിപ്പോടെ അനുഭവിച്ചു. പക്ഷേ, മാത്യൂസ് നിർവികാരനായിരുന്നു. വേട്ടക്കാരൻ ഉണർന്നിരിക്കേണ്ടവനാണല്ലോ. കാടിന്റെ ഓരോ അനക്കത്തിനും കാതോർത്ത് അവൻ ജാഗരൂകനായിരിക്കും. ശാന്തമായുള്ള ഓരോ കാത്തിരിപ്പിന്റെയും അവസാനത്തിൽ മൂരിനിവരുന്ന വേട്ടക്കാരന്റെ കൈയിൽ ഓരോ ജീവനും കൂടിയുണ്ടാകും, ഇരയുടെ ജീവൻ…! സഹോദരിയുടെ അഫയറിനെക്കുറിച്ച് അറിഞ്ഞപ്പോഴേ ഏതൊരു ന്യൂ ജനറേഷൻ ബി.ടെക്കുകാരൻ ആങ്ങളയും ചെയ്യുന്നതുപോലെ ഫ്രണ്ട്‌സ് വഴിക്കാണ് ഋഷികേശും കാര്യങ്ങൾ നീക്കിയത്. “ആർ യൂ മാഡ്….!” സിസ്റ്ററെ വല്ല തീവ്രവാദികൾക്കും  കെട്ടിച്ചു കൊടുക്കുന്നതാ ഇതിലും ബെറ്റർ…” ഒല്ലൂർ അങ്ങാടിയിൽ ടെക്‌സ്റ്റയിൽസ് നടത്തുന്ന പന്തല്ലൂർക്കാരൻ സണ്ണിക്കുട്ടിയുടെ മകൻ ജോയൽ ഞെട്ടി നിൽക്കുകയായിരുന്നു. സെൻട്രൽ സിലബസ് സഹപാഠികളുടെ സഹജമായ വേവലാതിയോടെ അവൻ പറഞ്ഞു, ”അളിയാ…ഈ കാരികുളം, കന്നാറ്റുപാടം എന്നൊക്കെപ്പറഞ്ഞാ എന്താ സ്ഥലംന്നാ വിചാരം…കാടാണ്. തനി കാട്… ജോൺ തുടർന്നു; പിള്ളത്തോട് ആട്ടുപാലം കടന്നു വേണം ആ പ്രദേശത്തേക്ക് കടക്കാൻ… ബൈക്ക് പോലും പോകില്ല… ഒക്കെ കുടിയേറ്റ ടീമുകളാ… നീ സിസ്റ്ററെ കാര്യം പറഞ്ഞ് മനസ്സിലാക്ക്….!” പക്ഷേ, നീരു സമ്മതിച്ചില്ല. “ഐ ഡോൺ വാൺഡ് ടു ഹിയർ എനി തിങ്.. അവൾ ഉറപ്പിച്ചു പറഞ്ഞു. യൂ നോ… ഹൗ മച്ച് ഹീ കെയേർസ് മീ..?” ഡാഡിയും മമ്മിയും ഋഷിയും അവിടെ നിശബ്ദരായി. തുടർന്നുള്ള അന്വേഷണത്തിൽ റബ്ബർ എസ്റ്റേറ്റിലെ പാഡിയിൽ തുടങ്ങുന്ന മാത്യൂസിന്റെ ചരിത്രം വെളിവായി. തേയില തോട്ടത്തിൽ കളപറിച്ചിരുന്ന അപ്പച്ചനും അമ്മച്ചിയും. കമ്പനി കളനാശിനി പ്രയോഗം തുടങ്ങിയതോടെ ഉള്ള പണിയും ഇല്ലാതായി. കളനാശിനി പ്രയോഗം വിഷപ്രയോഗമാണെന്നറിഞ്ഞ് നാട്ടുകാർ സമരത്തിനിറങ്ങിയപ്പോൾ അപ്പച്ചൻ അവരോടൊപ്പം കൂടി. റബ്ബറും കപ്പയും പച്ചക്കറി കൃഷിയുമായി ജീവിച്ച അപ്പച്ചൻ വാറ്റും പലിശക്കുകൊടുക്കലും തുടങ്ങിയതോടെ സർക്കാരിന്റേയും പോലീസിന്റേയും കോടതിയുടേയും വിലയറിഞ്ഞു. ആ തിരിച്ചറിവ് മകന് ഉയർന്ന വിദ്യാഭ്യാസം നൽകണമെന്ന ചിന്തയിൽ എത്തി. പാരലൽ കോളേജിൽ പ്രീഡിഗ്രി പഠിപ്പ് കഴിഞ്ഞ് സെവൻസും നായാട്ടുമായി നടന്ന മാത്യൂസ് പഠിക്കാനും മിടുക്കനായിരുന്നു. കാശിനും സൗകര്യങ്ങൾക്കും കൂടെ ‘നിലയും വിലയും’ ഉണ്ടാകാൻ വല്യ പഠിപ്പ് അത്യാവശ്യമാണെന്ന ചിന്ത പൈലി മകനുമായി പങ്കുവെച്ചു.

‘നെലേം വെലേം…’ മാത്യൂസ് പുച്ഛിച്ചു.

‘ഇങ്ങനെ കാടുകേറി നടന്നാ മത്യോടാ…   ബിസിനസ്സ്‌കാർക്ക് പറ്റ്യ പഠിപ്പൊക്കെ ഇപ്പോണ്ട് ത്രെ…!’
“ഈ കാട്ടുമുക്കീ കെടന്ന് നീ നശിക്കരുത്…” വേലുപ്പാടം പള്ളിയിലെ തോമസച്ചനാണ് അങ്ങനെ പറഞ്ഞത്. അച്ചന്റെ കത്തുമായി മാത്യൂസ് പോൾ കോയമ്പത്തൂരിന് വണ്ടി കയറി. അച്ചന്റെ പരിചയം വഴി എം.ബി.എ. യ്ക്ക് അഡ്മിഷൻ. ഡൊണേഷൻ കാര്യത്തിൽ ഇളവു നൽകേണ്ട കാര്യമില്ലെന്ന് ശുപാർശക്കത്തിൽ പ്രത്യേകം പറഞ്ഞിരുന്നു. ആദ്യദിവസം തന്നെ മാത്യൂസ് തനിനിറം കാട്ടി. കുർത്തയും മുണ്ടുമായി കോളേജിൽ എത്തിയ ഒന്നാം വർഷക്കാരനെ സീനിയേഴ്സിന് ഇഷ്ടപ്പെട്ടില്ല. “നീയെന്താണ്ടാ കഥാപ്രസംഗത്തിന് വന്നതാണോ…?
“അല്ല…”
“നിറച്ച് കാശൊക്കെയൊണ്ടല്ലോ” മാത്യൂസ് മിണ്ടിയില്ല.
“നിന്റെ അപ്പനെന്താണ്ടാ പണി…?”
“കൃഷി…”
“യെന്ത് കൃഷ്യാ ണ്ടാ…?” ചോദ്യാവലി പതിയെ അശ്ലീല ചുവയുള്ള തമാശകളിലേക്കും പരിഹാസത്തിലേക്കും നീണ്ടു. പ്രൊഫഷണൽ വിദ്യാഭ്യാസത്തിന്റെ അൾട്രാ മോഡേൺ ശീലങ്ങൾ മാത്യൂസിന് പൊരുത്തപ്പെടാനാവാത്തതായിരുന്നു. മാത്യൂസ് പോളിന്റെയുള്ളിലെ  മാത്തുക്കുട്ടി പുറത്തുവന്നു. ബൈക്കിൽ മസിലും പെരുപ്പിച്ചിരുന്ന സീനിയർ ചേട്ടൻ മൂക്കിൽനിന്ന് ചോരയൊലിച്ച് നിലത്തു വീണു.

പിന്നെ കൊണ്ടും കൊടുത്തും ആറുമാസം. കൂട്ടംകൂടി ദേഹത്ത് കൈവെച്ച സീനിയേഴ്‌സിനെ ഓരോരുത്തരെയായി മാത്യൂസ് വേട്ടയാടിപ്പിടിച്ച് ആശുപത്രി വാസത്തിനയച്ചു. സഹപാഠികൾ സീനിയേഴ്സിനു മുന്നിൽ നരകയാതന അനുഭവിക്കുമ്പോൾ മാത്യൂസ് മാത്രം വേറിട്ടുനിന്നു. വെൽക്കം പാർട്ടി കഴിഞ്ഞ്‌ ജൂനിയറും സീനിയറും കൂട്ടുകാരായപ്പോൾ മാത്യൂസ് ക്യാമ്പസിൽ ഒറ്റപ്പെട്ടു. നിറഞ്ഞ മദ്യപ്പാത്രങ്ങളുടെ മധ്യസ്ഥതയിൽ കൊണ്ടവനും കൊടുത്തവനും കെട്ടിമറിയുന്നത് മാത്യൂസിന് സഹിക്കാവുന്നതിനും അപ്പുറത്തായിരുന്നു. “നാണം കെട്ട വർഗ്ഗം..”അവൻ ആരോടും കൂടിയില്ല. അവനെ ആരും കൂട്ടിയുമില്ല. ഇരയും വേട്ടക്കാരനും വട്ടമിട്ടിരുന്ന് കള്ളുകുടിക്കുന്ന സംസ്കാരം മനസ്സിലാക്കാനാവാതെ മാത്യൂസ് പോൾ സഹപാഠികൾക്കിടയിൽ അപരിഷ്‌കൃതനായി. അവനറിയാതെ കോളേജ് മുഴുവൻ അവനെ ‘കാടൻ മത്തായി’ എന്നു വിളിച്ചു. അതിൽ സീനിയറും ജൂനിയറും ആണും പെണ്ണും എല്ലാമുണ്ടായിരുന്നു. കൈത്തണ്ടയിലും നെഞ്ചിലും അലയടിച്ചു നിൽക്കുന്ന രോമക്കാടും പാൻമസാലയുടെ രൂക്ഷഗന്ധവും പേറി മാത്യൂസ് കടന്നു വരുമ്പോൾ “ഇത്തിരി മനുഷ്യപ്പറ്റുകൂടി ഉണ്ടായിരുന്നെങ്കിൽ സെറ്റാണ്..” ക്യാമ്പസൊന്നാകെ നെടുവീർപ്പിടും.
വേട്ടക്കാരന് ഹൃദയ ബന്ധങ്ങൾ അന്യമായിരിക്കുമല്ലാേ, ദയവും സഹാനുഭൂതിയും ഇല്ലാത്തവൻ. എന്നിട്ടും ഇരക്ക് അഭയം നൽകുന്ന അതേ നിർവികാരതയോടെ അവൻ നിരഞ്ജനയോട് പറഞ്ഞു; “പോയി വാർഡന് കംപ്ലയ്ന്റ് കൊടുക്ക്…” കനിവും കാരുണ്യവുമില്ലാത്ത ശബ്ദം. ഒത്തുതീർപ്പുകൾക്ക്  അതിൽ യാതൊരു സാധ്യതയുമില്ലായിരുന്നു. പുതിയ ബാച്ച് ജോയിൻ ചെയ്ത് മൂന്നാം ദിവസമാണ് മാത്യൂസ് അവളെ കാണുന്നത്. പാതിരാത്രി സമയത്ത് സീനിയർ പെണ്ണുങ്ങൾ ഹോസ്റ്റലിൽ നിന്നിറക്കി വിട്ടതാണ്. അമേരിക്കൻ മലയാളി. വന്നുപെട്ടത് മാത്യൂസിനു മുന്നിൽ. “എവിടെ പെലാടാൻ പോയതാ ടീ..?” ചോദ്യത്തിന്റെ അർത്ഥം അന്നും ഇന്നും നിരഞ്ജനക്ക് പിടികിട്ടിയിട്ടില്ല. പക്ഷേ, അവൾ കാര്യം പറഞ്ഞു. രാത്രി വേഷത്തിൽ ചെമ്പൻ മുടി നെറുകയിൽ കെട്ടിവെച്ച് യൂക്കാലിക്കാടിനപ്പുറത്തെ ബാസ്‌കറ്റ്ബോൾ ഗ്രൗണ്ടിലെ ബെല്ലടിച്ച് തിരിച്ചു വരാനായിരുന്നു ചേച്ചിമാരുടെ നിർദേശം. ഇൻഡോർ സ്റ്റേഡിയത്തിനും ഹോസ്റ്റലിനുമിടയിൽ യൂക്കാലിക്കാടാണ്. ആനയും പുലിയുമൊന്നുമില്ലെങ്കിലും പാമ്പും കീരിയുമൊക്കെ കാണും. കുരങ്ങൻമാരുടെ കിലുകിലുപ്പ് മുഴങ്ങിക്കേൾക്കാം. പേടിച്ചു വിറച്ചാണ് നിരഞ്ജനയുടെ നിൽപ്പ്. വിയർത്തൊട്ടിയ രാത്രി വസ്ത്രത്തിനുള്ളിൽ അടിയുടുപ്പുകൾ തെളിഞ്ഞു കാണുന്നു. ഒക്കെ പൂവെച്ച് തുന്നിയത്. വിശപ്പില്ലാതിരിക്കുമ്പോൾ വേട്ടയാടുന്നത് വനനിയമങ്ങൾക്ക് വിരുദ്ധമാണ്. ‘കൊറേ സീനിയർമാര് വന്നേക്കുന്നു…’ മാത്യൂസ് ബലം പ്രയോഗിച്ച് അവളുടെ ചെവിയിൽ തിരുകിയിരുന്ന ചെമ്പരത്തിപ്പൂക്കൾ എടുത്തുമാറ്റി. അതവിടെയിരുന്നിരുന്ന കാര്യം അവളറിഞ്ഞത് അപ്പോൾ മാത്രമായിരുന്നു.
വാർഡനെ മുറിയിൽ പൂട്ടിയിരിക്കുകയാണ്. പ്രിൻസിപ്പാൾ നേരിട്ട് വന്ന് വാൺ ചെയ്ത് പോയശേഷമായിരുന്നു സീനിയർ പെണ്ണുങ്ങളുടെ കലാപരിപാടികൾ. മാത്യൂസ് അവളുടെ കൈയിൽ പിടിച്ചു. നേരെ ഹോസ്റ്റലിലേക്ക് നടന്നു. മുൻവശത്തെ ഗ്രില്ലിൽ  പിടിച്ചൊന്നു കുലുക്കി. ഹോസ്റ്റലിലെ വിളക്കുകൾ ഒന്നൊന്നായി തെളിഞ്ഞു. എങ്ങും നിശബ്ദത.’ആരൂല്യടീ ഇവ്ടെ….” ആദ്യത്തെ മുഴക്കത്തിൽ തന്നെ നീരു കാതുപൊത്തി. “തിന്നിട്ട് എല്ലിന്റെടേ കേറ്യ അവരാതികളേ.. മാത്യൂസാണ് ഡീ ഇത്… ദീ പെണ്ണിനെ ഇനി വല്ലതും ചെയ്താല്ണ്ടല്ലോ. അങ്ങട്ട് കേറിവരും ഞാൻ… നീയൊക്കെ കൊണ്ടു നടക്കണ മണകൊണാഞ്ചൻമാരല്ല പറയണ്തെന്നറിയാലോ….!”
അയാളെന്തിനിങ്ങനെ ചെയ്തെന്ന് നിരഞ്ജനക്കോ ഹോസ്റ്റലിലുള്ളവർക്കോ മനസ്സിലായില്ല. പക്ഷേ, പെൺപിള്ളേർ മുറിയിൽ പൂട്ടിയിട്ടിട്ടും പിണങ്ങാത്ത വാർഡൻ നിരഞ്ജനയെ സഹതാപത്തോടെ നോക്കി, “നല്ല ബെസ്റ്റ് കമ്പനി” എന്ന് പരിതപിക്കുന്നുണ്ടായിരുന്നു. പിന്നെ ഒരാഴ്ച തിരഞ്ഞു നടന്ന ശേഷമാണ് ക്യാന്റീനിൽ മൂലയ്ക്ക് ഒറ്റക്കിരുന്ന മാത്യൂസിനെ നിരഞ്ജന കണ്ടുപിടിച്ചത്.
“താങ്ക്സ്….”
“ഓ”
അടുത്ത കണ്ടുമുട്ടലിൽ അവൻ വേട്ടക്കാരന്റെ കഥപറഞ്ഞു. വികാരരഹിതമായ ക്യാന്റീൻ ഭക്ഷണത്തിന്റെ കാര്യം പറഞ്ഞു പറഞ്ഞ് എത്തിയത് കാരികുളത്തിനപ്പുറം ചിമ്മനി മലയിലെ നായാട്ടുകഥകളിലായിരുന്നു. ‘വിറകുതോടിനപ്പുറം ആനപ്പോര്. പട്ടാപ്പകൽ ആനകൾ പോർവിളി നടത്തുന്ന തനിക്കാട്. ഇരട്ടക്കുഴൽ തോക്കും ഒരു ചാക്ക് വെടിക്കോപ്പുമായി മൂന്നു പേർ…വേട്ടക്കാർ…കഞ്ചാവ് കൃഷിക്ക് കാവൽ കിടന്ന പരിചയ സമ്പത്തുമായി മാത്തുക്കുട്ടിയും കൂട്ടുകാരും.’
“ഓ.. ഗോഡ്, മരിജ്വാന… അത് കൃഷി ചെയ്യുന്നത് ഇല്ലീഗൽ അല്ലേ….?”
“അപ്പോ വേട്ടക്കു പോകുന്നത് ലീഗലാണോ…..?”
മകൾക്ക് നാട്ടിൽ നിന്നൊരു ബന്ധം കണ്ടെത്തുന്നതിനും ജന്മനാട്ടിൽ സെറ്റിൽ ചെയ്യുന്നതിനും മുന്നോടിയായി മക്കളെ നാട്ടിൽ വിദ്യാഭ്യാസത്തിനയച്ച ശിവദാസൻ നായരും ഭാര്യയും മകൾ പുതിയ ജീവിതകാഴ്ചകളിൽ അഭിരമിച്ചു തുടങ്ങിയത് അറിഞ്ഞതേയില്ല.
ബാംഗ്ലൂരിൽ ബി.ടെകും ബൈക്ക് റേസുമായി അടിച്ചുപൊളിച്ചു നടന്ന ഋഷികേശും കാര്യങ്ങളറിയുന്നത്  വൈകിയായിരുന്നു. “എനിക്കും വേട്ടക്കു പോണം…” നീരുവിന്റെ ആവശ്യം കേട്ട മാത്യൂസ് പതിവില്ലാതെ ചിരിക്കുകയാണ് ചെയ്തത്. അവളും അത് ശ്രദ്ധിച്ചു. മാത്യൂസ്…. വേട്ടക്കാരൻ അഥവാ ചിരിക്കാത്തവൻ… ബന്ധങ്ങളുടേയും  പ്രണയത്തിന്റേയും അതിരുകൾ അവനെ ബാധിക്കുന്നേയില്ലെന്ന് അവൾ ചിന്തിക്കാറുണ്ട്. വെള്ളാനിക്കോട് നിന്ന് കള്ളായിക്കപ്പുറം ആനച്ചാൽ…. ഈറ്റക്കൂമ്പ് തിന്നാൻ ആനക്കൂട്ടമിറങ്ങുന്ന ഭാഗം. അതിലെ വേണം കാട്ടിലേക്ക് കടക്കാൻ. ആദ്യദിവസം ടെന്റ് കെട്ടി ഒരാൾ കാവൽ കിടക്കും. രണ്ടുപേർ കാട് കയറും. മരത്തിലും പാറയിലും അടയാളം വെട്ടിയായിരിക്കും പോക്ക്. വെയിലാറും മുൻപ് പോയവർ തിരിച്ചെത്തും. കിട്ടിയ ഇറച്ചി ഉപ്പും മഞ്ഞളും പുരട്ടി പാറപ്പുറത്തിട്ട് ഉണക്കും. തുടക്കത്തിലേ നല്ല കരിമന്തിയൊക്കെ വന്നു കയ്യീപ്പെട്ടാ പിന്നെ ഏഴു ദിവസത്തെ വേട്ട പൊരിക്കും.
“കരിമന്തി….?” നീരുവിന് മനസ്സിലായില്ല.
“കരിങ്കൊരങ്ങ്…” മാത്യൂസ് പറഞ്ഞു. അതിനെയൊരെണ്ണത്തെ കിട്ടിയാ, ആദ്യം നെയ്യ് മാറ്റിയെടുക്കണം…. പിന്നെ എറച്ചി വേറെയാക്കും. നെയ്യ് തെളപ്പിച്ച് കുടിച്ചാ പിന്നെ വയറ് സിമന്റിട്ട പോലെയാകും. എത്ര ദിവസം വേണമെങ്കിലും അങ്ങനെ നിക്കും.”
കാൽമടമ്പിലെ മുറിവുണങ്ങിയ വടുകാണിച്ച് മാത്യൂസ് പറഞ്ഞു; “ചുരുട്ട മണ്ഡലി തന്ന പണിയാ..” നിരഞ്ജന ശരിക്കും ഞെട്ടി..!
“കാട്ടിൽവെച്ച് പാമ്പ് കടിക്യേ… ന്നിട്ട് എന്ത് ചെയ്തു….?”
“എന്ത് ചെയ്യാൻ…”മാത്യൂസ് ഭാവഭേദം കൂടാതെ പ്ലേറ്റിൽ പിച്ചിയിട്ട പൊറോട്ടയിൽ മുട്ടച്ചാറ് തൂവിയൊഴിച്ചു.
ഒരു നായാട്ടു കഴിഞ്ഞുള്ള തിരിച്ചിറക്കത്തിൽ ചിമ്മനിയിൽ നിന്ന് പീച്ചി വഴി കാട്ടുപാതയിലൂടെ ആലത്തൂരിൽ ചെന്നിറങ്ങുമ്പോഴായിരുന്നു അത്. മുതുക്കൻ ചേരുമരം നിൽക്കുന്ന മുലപ്പാറ വെട്ടിയൊഴിഞ്ഞ് മരത്തിൽ അടയാളം വെട്ടിയപ്പോൾ വേരിൽ പതിഞ്ഞു കിടന്ന മണ്ഡലി മാത്യുവിന്റെ കാൽമടമ്പിൽ കടിച്ചു തൂങ്ങി. അടയാളം വെട്ടിയ മടവാളുകൊണ്ട്‌  തോണ്ടിയെടുത്തപ്പോൾ തന്നെ പാമ്പ് രണ്ട് കഷണമായി. പിന്നെ, തോക്കിൽ നിറയ്ക്കാൻവെച്ച വെടിമരുന്നിൽ നിന്നല്പം മുറിവായിലിട്ടു. പിന്നെ, ഒരു തീപ്പെട്ടിയിലെ മരുന്നപ്പാടെ മുറിവായിൽ നിറച്ച് തീ കൊടുത്തു. ബൂം… ഒറ്റ ആളൽ… തീപ്പെട്ടിയുടെ മരുന്നും വെടിമരുന്നും പാമ്പിൻ വിഷവും ചേർന്ന് ഒരു നീലനാളം പുറത്തേക്ക് ചീറ്റി….!
“യ്യോ..എനിക്ക് കേക്കണ്ട…”നീരുവിന്റെ ഞെട്ടലും വെപ്രാളവും കണ്ട് മാത്യൂസ് കുറേ ചിരിച്ചു. അതോടെ വേട്ടക്കു പോയേ തീരൂ എന്നായി അവളുടെ തീരുമാനം. പഠനഭാരം പിൻകഴുത്തിലും കൺപോളകളിലും കയറ്റി വെച്ച് നടക്കുന്ന സെൻട്രൽ സിലബസ് സഹപാഠികൾക്കിടയിൽ പഠിപ്പിൻ്റെ ടെൻഷനേയില്ലാത്ത അമേരിക്കൻ പെൺകുട്ടി മാത്യൂസിനും അത്ഭുതമായിരുന്നു. പക്ഷേ, അവളുടെ കണ്ണുകളിൽ തെളിഞ്ഞു നിന്ന ഭയം… ആരോ പിൻതുടരുന്നുവെന്ന  ആശങ്ക, ശരിക്കും പറഞ്ഞാൽ ഇരയുടെ ഭാവം…അതാണ് അവനെ ആകർഷിച്ചത്. ക്യാമ്പസിനകത്തെ ആരും കടക്കാത്ത യൂക്കാലിക്കാട്ടിൽ നീരുവിനോടൊപ്പം വേട്ടക്കുപോകാൻ അവനെ പ്രേരിപ്പിച്ചത് അവളുടെ മുഖത്തുണ്ടായിരുന്ന അതേ ഭയഭാവമായിരുന്നു. അവനുറപ്പുണ്ടായിരുന്നു ആ വേട്ട അവസാനിക്കുന്നത് വേട്ടക്കാരൻ തന്നെ ഇരയായി പരിണമിക്കുന്ന സ്ഥിതി വിശേഷത്തിലായിരിക്കുമെന്ന്. കോയമ്പത്തൂർ ശ്രീനാരായണഗുരു കോളേജിനെ ചുറ്റിവളഞ്ഞുനിന്ന യൂക്കാലിക്കാട്ടിലെ നായാട്ടിനൊടുവിൽ മൂരി നിവർന്ന വേട്ടക്കാരന്റെ കൈയിൽ ഇരയുടെ ജീവനായിരുന്നില്ല. പകരം ജീവിതമായിരുന്നു. കിലോമീറ്ററുകൾക്കപ്പുറം തൃശ്ശൂർ ജില്ലയിലെ മരത്താക്കര ഗ്രാമത്തെ പിളർന്ന നാഷണൽ ഹൈവേയോട് ചേർന്ന് അന്യ സംസ്ഥാന തൊഴിലാളികൾ ദിവസ വാടകക്കു താമസിക്കുന്ന കുടിയൻ ദേവരാജന്റെ കുടുസുമുറികളിലൊന്നിലായിരുന്നു ആ വേട്ടയുടെ പരിസമാപ്തി. മുറിയുടെ അലുമിനിയം ഷീറ്റ് മേഞ്ഞ മേൽക്കൂരയും അരമതിലും എരണ്ടക്കാട്ടം വീണ് വെളുത്തു കിടന്നിരുന്നു. ഇടുങ്ങിയ മുറ്റത്ത് ഹൈഹീലും നൈൽ പോളിഷുമിട്ട തുടുത്ത പാദം വെക്കുമ്പോൾ നീരു ചെറുതായൊന്നു വിളറി.
“എന്തോ ബാഡ് സ്മെൽ…”
“അത് എരണ്ടക്കാട്ടത്തിന്റ്യാ…” മാത്യൂസിന് കുലുക്കമില്ല.
ചെത്തിതേക്കാത്ത ചുമരിന്റെ പഴുതുകളിൽ നട്ടുച്ചക്ക് ചിതലും കോട്ടെരുമയും കശപിശകൂടുന്നുണ്ടായിരുന്നു.
“നമ്മളിവിട്യാണോ താമസിക്കുന്നത്….?” നീരു ചോദിച്ചു.
“ഇങ്ങോട്ട് കേറി നിന്നോ…എരണ്ടക്കാട്ടം വീണ് കുമ്മായം അടിച്ച പോല്യാവും…”
“ഛീ….”ഓക്കാനം നീരുവിന്റെ അണ്ണാക്കിൽ മുട്ടി നിന്നു.
കൈയിൽ തടഞ്ഞ പുൽപ്പായ സിമന്റിട്ട പരുത്ത നിലത്ത് നീട്ടി വിരിച്ച് മാത്യൂസ് കിടന്നു; “എപ്പതൊടങ്ങ്യ പാച്ച്ലാ..” അയാൾ പിറുപിറുത്തു. ഒപ്പം പഠിക്കുന്ന അമേരിക്കക്കാരിയെ രജിസ്റ്റർ കല്യാണം കഴിച്ചെന്ന് മാത്യൂസ് പറഞ്ഞപ്പോൾ പൈലി ശാന്തനായി നിന്നു കേട്ടു. പിന്നെ പറഞ്ഞു; “അല്ലേലും നിന്നെക്കൊണ്ടൊന്നും ഉപകാരത്തിനുണ്ടാവുമെന്നു കരുത്യല്ല വളർത്തീതും പഠിപ്പിച്ചതും, എന്നായാലും അവൾടെ പിന്നാലെ പോവാൻ ഉള്ളതല്ലേ… ന്നാ.. ങ്ങന്യാവട്ടെ…” ശാന്തത നിരാകരണത്തിന്  മൂർച്ച കൂട്ടും. അപ്പൻ ചിരിക്യാഞ്ഞതെന്തെന്നേ മാത്യൂസ് ചിന്തിച്ചുള്ളൂ. പക്ഷേ അവനും വിട്ടുകൊടുത്തില്ല.
“അതിന് ഇവ്ടെ കേറ്റി പൊറുപ്പിക്കുന്നു വിചാരിച്ചിട്ട് വന്നതൊന്ന്വല്ല….ഒന്നു പറയേണ്ട കടമേണ്ടല്ലോ….!
“കടമ….!” പൈലി മിനുത്ത പാറക്കല്ലുകൾ എഴുന്നു നിന്ന മുറ്റത്തേക്ക് നീട്ടിത്തുപ്പി.
“വാ….” മാത്യൂസ് നീരുവിനെ വിളിച്ചു. നേരെ ദേവരാജന്റെ ലൈൻമുറിയിലേക്ക്. അത് നേരത്തേ നിശ്ചയിച്ചു വെച്ചിരുന്നു മാത്യൂസ്. ഒരു നിര സിമന്റ് കട്ട ചുമരിന്റെ അകലത്തിൽ പതിനാല് മുറികൾ.ബംഗാളികളും ഒറീസക്കാരുമാണ് ഏറെയും. മുകളിൽ നീർക്കാക്കയും എരണ്ടയും കൂട്ടത്തോടെ രാപ്പാർക്കുന്ന കൂറ്റൻ മദിരാശി മരം, ഏതാണ്ട് വെളുത്തു കഴിഞ്ഞ ഇലകളും പേറി വിരിഞ്ഞു പന്തലിച്ചു നിൽക്കുന്നു. ദേവരാജൻ വൈകീട്ടെത്തും. വാടക വാങ്ങും. അപ്പോൾ കാശു കൊടുക്കുന്നവർക്ക് രാത്രി അവിടെ ഉറങ്ങാം. പതിവുകാർക്ക് ആഴ്ചപ്പിരിവുമുണ്ട്. രാത്രി എട്ടുമുതൽ ദേവരാജൻ കുടി തുടങ്ങും. അത് പാതിരാത്രി വരെ നീളും. പിന്നെ രാവിലെ ഏഴരക്കുതന്നെ ബീവറേജിന്റെ മുന്നിലെ ആദ്യത്തെ കാത്തിരിപ്പുകാരനായി എത്തും. മിക്കവാറും 9.35നു തന്നെ അടുത്ത റൗണ്ടും തുടങ്ങും. മലയാളം കേട്ടും പറഞ്ഞും പഠിച്ച അന്യസംസ്ഥാന തൊഴിലാളികളാണ് കുടിയൻ രാജൻ എന്നു വിളിച്ചു തുടങ്ങിയത്.
മാത്യൂസ് വേട്ടക്കുപോകുമ്പോൾ കശുമാങ്ങയും  നറുനീണ്ടിയുമിട്ട് വാറ്റുന്ന ചാരായം ഉണ്ടാക്കിക്കൊടുത്തിരുന്നത് രാജനായിരുന്നു.
ലൈൻ മുറി ബിസിനസ് തുടങ്ങിയ ശേഷം ദേവരാജൻ വാറ്റ് അത്രയും വേണ്ടപ്പെട്ടവർക്ക് മാത്രമാക്കി ചുരുക്കി. പള്ളിവേട്ട കഴിഞ്ഞ് വനദ്രവ്യങ്ങളും വെടിയിറച്ചിയുമായി വരുന്ന മാത്യൂസ് ഈ വേണ്ടപ്പെട്ടവരിൽ പ്രധാനിയായിരുന്നു. കിടുകിടുക്കുന്ന വീഞ്ഞപ്പലക വാതിൽ അവൾ ചാരിയതും മാത്യൂസ് കിടന്നകിടപ്പിൽ കാൽ മടമ്പിൽ തട്ടി അവളെ പായിൽ വീഴ്‌ത്തി. ഇടതുകൈകൊണ്ട് മൂക്ക് അമർത്തിയടച്ചായിരുന്നു അവളുടെ കിടപ്പ്. പ്ലാസ്റ്റിക് പായുടെ നൂലിഴകൾ നൂണ്ട് കോട്ടെരുമയും മൂട്ടയും നീരുവിനുമേൽ സ്വൈര വിഹാരം ചെയ്തു. കൂടെ മാത്യൂസും. ഒരു പുത്തൻ ആവാസ വ്യവസ്ഥയിൽ അപരിചിതമായ ജീവജാലങ്ങളാൽ ചുറ്റപ്പെട്ട് ഒരാദിമ മനുഷ്യനും സ്ത്രീയും വന്യതയോടെ ലൈംഗികപ്രക്രിയയിൽ ഏർപ്പെടുന്നുവെന്ന് ചിന്തിച്ച് നീരു കിടന്നു. അമേരിക്കൻ ട്രിപ്പിൾ എക്സ് പോൺ വീഡിയോകളിലും യൂട്യൂബ് ക്ലിപ്പുകളിലും മാത്രം അവൾ കണ്ടിട്ടുള്ള കാടൻ പ്രയോഗങ്ങളുടെ പാരമ്യത്തിൽ നിൽക്കുമ്പോഴാണ് രാജപാതയോട് ചേർന്ന് ഒരു കൂറ്റൻ കാറ് ഇരമ്പിയാർന്നെത്തിയത്. “മത്തായിയേ…. നിന്നെ അന്വേഷിക്കണ്…” ദേവരാജൻ കിണുങ്ങി നിന്നു വിളിച്ചു. പതിവ്‌ സമയത്തിനും ഏറെ മുൻപേ രാജൻ ലൈൻ മുറിക്ക് മുന്നിലെത്തിയിരുന്നു.നാഗരികതയെ ചവുട്ടിക്കുടഞ്ഞെത്തുന്ന വയനാട്ടുകുലവന്റെ രൗദ്രഭാവവുമായി മാത്യൂസ് നീരുവിൽ നിന്നു മുഖം വലിച്ചൂരി. ലുങ്കി വാരിക്കെട്ടി മാത്യൂസ് പുറത്തിറങ്ങുമ്പോൾ മുറ്റത്ത് ശിവദാസൻ നായർ. കൂടെ മൂക്കുപൊത്തിക്കൊണ്ട് ഋഷിയും തൊട്ടുപിന്നിൽ പോലീസും. “ന്റെ …മോളെവിടെടാ… നായിന്റെ മോനേ…” അമേരിക്കൻ വ്യവസായിയുടെ സ്‌ഥാനത്ത്‌ വള്ളുവനാടൻ നായർ പിതാവ് പുറത്തു വന്നു. ദേഹത്ത് അള്ളിപ്പിടിച്ചിരുന്ന ചോരകുടിയൻമാരെ  പതിയെ വേർപ്പെടുത്തിയാണ് നീരു വന്നത്‌. “അവൾടെ കോലം കണ്ടോ….?” ശിവദാസൻ നായരിപ്പൊ കരയുമെന്ന് മാത്യൂസിന് തോന്നി. അയാളെ ഗൗനിക്കാതെ മാത്യൂസ് പോലീസുകാരോട്  പറഞ്ഞു. ”പ്രായപൂർത്തിയായ പെണ്ണാ…ഞാൻ പിടിച്ചോണ്ടുപോന്നതാണോന്ന് സാറു തന്നെ ചോദിക്ക്….” പോലീസുകാർ നിസ്സഹായത അറിയിച്ചു. അരമതിലിനിപ്പുറത്തെ പത്തു മിനിറ്റ് രഹസ്യ ചർച്ചക്കു ശേഷം പോലീസ് ജീപ്പ്‌ നിരങ്ങിയകന്നു. മതിലിനപ്പുറത്തു നിന്നു കൊണ്ടു തന്നെ ശിവദാസൻ നായർ പറഞ്ഞു. ”ഞങ്ങൾ നാളെ ഉച്ചവരെ അശോക ഇന്നിൽ ഉണ്ടാകും.അതു കഴിഞ്ഞാ പിന്നെ എനിക്കൊരു മകൻ മാത്രമേ കാണൂ….നിനക്ക് തീരുമാനിക്കാം…”മാത്യൂസിന്റെ ചുണ്ടിൻ തലയ്ക്കൽ ഒരു പുച്ഛച്ചിരി വിരിഞ്ഞു. വാതിൽ കൊളുത്തു വീണ നിമിഷത്തിൽ തന്നെ മാത്യൂസ് അവളെ പിന്നിലൂടെ ചുറ്റിയെടുത്തു. പിന്നെ പായിൽ മുൻനെറ്റി കൊണ്ടു കുത്തി, നടു മേൽപ്പോട്ടുയർത്തി. “ഛെ…വിടൂ എന്നെ….” നീരു ആദ്യമായി ശബ്‌ദിച്ചു. പരിണാമത്തിനു മുൻപ് മനുഷ്യൻ മൃഗം തന്നെയായിരുന്നുവെന്ന് ആ നിമിഷം അവൾ ഉറപ്പിച്ചു. വെളുത്ത ദേഹത്താകെ ക്ഷുദ്രജീവികളുടെ ദംശനം ചുവന്ന തിണർപ്പുകളായി തലയുയർത്തി തുടങ്ങിയിരുന്നു. പലകയിളകിക്കിടന്ന വാതിലിനപ്പുറം ഉത്തരേന്ത്യൻ ഭാഷകളിലുള്ള അടക്കിച്ചിരികൾ നീരു കേട്ടു. പക്ഷേ, മാത്യൂസ് അതൊന്നും ശ്രദ്ധിച്ചില്ല. വാതിലിന്റെ പഴുതുകളിലൂടെ  മഞ്ഞും പുകയും അരിച്ചെത്തി തുടങ്ങിയതോടെ നീരുവിന്റെ നെഞ്ചിൽ ഒരു പ്രാവിൻ കുറുകൽ പിറന്നു. അതും മാത്യൂസ് അറിഞ്ഞില്ല. ഇടുങ്ങിയ മുറ്റത്ത് കൂട്ടിയ അടുപ്പിൽ അന്യസംസ്ഥാനക്കാരുടെ പാചകമേള നടക്കുന്നുണ്ട്.
“നിയ്ക്ക്  വയ്യ…മാത്യു….” നീരു കേണു.
“ന്നാ….വേണ്ട…” മാത്യൂസ് അവളെ ബലം പ്രയോഗിച്ച് ഉയർത്തി ഇരുത്തി.
ഇരുട്ടും തണുപ്പും പക്ഷിക്കാഷ്ഠത്തിന്റെ നാറ്റവും കൊണ്ട് ചുറ്റപ്പെട്ട് വെറും പായിൽ നൂൽബന്ധമില്ലാതെ ഒരു പെണ്ണ്. കാലുമടക്കി, ഉപ്പൂറ്റിയിൽ ചന്തിയമർത്തി അവൾ ഇരുന്നു. ഇരയെ റിലാക്‌സ്‌ ചെയ്യാൻ അനുവദിച്ചാൽ രക്ഷപ്പെടാൻ അവസരം നൽകുന്നതിനു തുല്യമാണെന്ന് നായാട്ടുകാർ പറയും. പക്ഷേ, ആശ്വാസത്തിന്റെ നിമിഷങ്ങളിലേക്ക്  കൂടുതൽ ക്രൗര്യത്തോടെ തിരിച്ചുവരുന്ന വേട്ടക്കാരനായിരുന്നു മാത്യൂസ്. കാൽമുട്ടിലൂന്നിയിരുന്ന കൈകൾകൊണ്ട്‌  തിളക്കം മായാത്ത മുടി ഹെയർ ബാന്റിൽ കുടുക്കിയിട്ട നിമിഷം ഇരുട്ടിൽ എവിടെയോ നിന്ന് വേട്ടക്കാരൻ ചീറിവീണു. കനത്ത കൈകൾ, കുനിഞ്ഞിരുന്ന അവളുടെ താടിയെല്ല് ബലമായി എടുത്ത് മലർത്തി. മിനുത്ത മുടിക്കെട്ട് അയാളുടെ ഇടതു കൈപ്പിടിയിൽ പുളഞ്ഞമർന്നു. പൗരുഷത്തിന്റെ വന്യമായ ഹുംഗാരം അവളുടെ അന്നപദത്തിലേക്കണപൊട്ടി. “ബാസ്റ്റാർഡ്… ലീവ് മീ….” അവൾ അലറി. ലൈൻ മുറികളിൽ ഭീകരമായ നിശബ്ദത.
“പ്ഫാ… ചെള്ക്കേ..” അടുത്ത നിമിഷം അവന്റെ ഇടത്തേ കൈകൊണ്ടുള്ള അടിയേറ്റ് അവൾ പായിൽ ചുരുണ്ടു വീണു. വാതിലിൽ ഇടി ആവർത്തിച്ചപ്പോഴാണ് ശിവദാസൻ നായർ മുറിതുറന്നത്. ഒരു നിമിഷം വിശ്വാസം വരാതെ അയാൾ നീരുവിനെ നോക്കിനിന്നു. അവളുടെ പിറകെ പാഞ്ഞുവന്ന ഹോട്ടൽ ജീവനക്കാരെ അയാൾ കണ്ണുയർത്തി തടഞ്ഞു. “കേറി വാ…” ഋഷിയാണ് പറഞ്ഞത്. ചുമലിലെ ഒറ്റ വള്ളിയിൽ തൂങ്ങിക്കിടന്ന നേർത്ത മുട്ടറ്റം വരെയുള്ള ഉടുപ്പായിരുന്നു അവളുടെ വേഷം. വൈദേശിക ലക്ഷണങ്ങൾ തീർത്തും കൈമോശം വന്നിട്ടില്ലാത്തത് അവളുടെ ഭാഗ്യമെന്ന് ശിവദാസൻ നായർ ചിന്തിച്ചു. അവളുടെ ഇളം മഞ്ഞ നിറം കലർന്ന ദേഹത്ത് ചുവന്ന തിണർപ്പുകൾ വിതറിക്കിടക്കുന്നത് ഋഷി ശ്രദ്ധിക്കാത്തവണ്ണം ശ്രദ്ധിച്ചിരുന്നു. “അവൻ നിന്നെ അടിച്ചോ…..” ഋഷിയുടെ ശബ്ദത്തിൽ മുൻപില്ലാത്ത ദൃഢത. “റാസ്ക്കൽ….” അവളുടെ വലതു കവിളിൽ പതിഞ്ഞു കിടന്ന വിരലടയാളങ്ങൾ നോക്കി ശിവദാസൻ നായർ പിറുപിറുത്തു. “ഇവനൊക്കെ മനുഷ്യനാണോ…. വല്ലവനും കഷ്ടപ്പെട്ട് വളർത്തുന്ന പെൺകുട്ടികളുടെ ലൈഫ് സ്‌പോയിൽ ആക്കാൻ….”
“കാടൻ മത്തായി….” ലൈൻമുറിയുടെ തറയിൽ അടികൊണ്ടു വീണുള്ള കിടപ്പിലാണ് അവൾ ആദ്യമായി അങ്ങനെ വിളിച്ചത്. വായിലും മൂക്കിലും കോട്ടെരുമകൾ കയറിയിറങ്ങുന്നതറിഞ്ഞിട്ടും അനങ്ങാനാവാതെ അവൾ കിടന്നു. ആ സമയത്തുണ്ട് പുറത്ത് കുടിയൻ രാജന്റെ വിളി;
“മത്തായിയേ… ഫുഡ് വേണ്ടേ” മദ്യം മനുഷ്യ ശബ്ദത്തിന് സ്നേഹവായ്‌പും പ്രദാനം ചെയ്യുമെന്ന് അതേ കിടപ്പിൽ നീരു ഓർത്തു.
“എല്ലും കൊള്ളീം….നിന്റെ ഫേവറീറ്റല്ലേ….?” ദേവരാജൻ ചോദിച്ചു.
“ഫേവറീറ്റ്… മാത്യു മുരണ്ടു; വെശന്ന്ട്ട് മന്ഷ്യന്റെ വയറ് കത്താണ്…”
ഇരുട്ടിനെ വകഞ്ഞു മാറ്റിവന്ന മാത്യുവിന്റെ കൈകൾ ആ പഴയ കാസ്റോൾ തേടിപ്പിടിച്ചു. പാത്രം അകത്തേക്കു തള്ളിയ അതേ പഴുതിലൂടെ കത്തിച്ച മെഴുകുതിരിയും ദേവരാജൻ മുറിയിലേക്ക് നീക്കിവെച്ചു. മങ്ങിയ മഞ്ഞനിറം പരന്നു. മണിക്കൂറുകൾക്കു ശേഷം അവർ പരസ്പരം കണ്ടു. ഇരുട്ടിൽ ഒപ്പമുണ്ടായിരുന്നത് മാത്യൂസ് തന്നെയാണെന്ന് വിശ്വാസം വരാതെ അവൾ മങ്ങിയ കാഴ്ച്ച തുടച്ചെടുത്ത് വീണ്ടും നോക്കി. പ്രാകൃതമായ ചില നിലപാടുകൾ വേട്ടക്കാരന് സ്ഥായിയായിട്ടുണ്ടെന്ന് ആ സമയം നീരു ഓർത്തു. അവനെ അലോസരപ്പെടുത്തുന്നത് വിശപ്പും രതിയും മാത്രമായിരിക്കും. സഹജമായ ഘ്രാണ ശക്തിയാൽ അതിനുള്ള സാധ്യതകൾ മണത്തുപിടിക്കുന്നതും അത് അവസരങ്ങളാക്കി മാറ്റുന്നതും ഇതുവരെ തെല്ലൊരു കുസൃതിയോടെ അവൾ ആസ്വദിക്കുകയും ചെയ്തിരുന്നു. പക്ഷേ, ഇപ്പോൾ…?! വെളിച്ചം വീണതോടെ മുറിയിൽ വിഹരിച്ചിരുന്ന ജന്തുജാലങ്ങൾ ഒളിയിടങ്ങളിലേക്കുൾവലിഞ്ഞു. കുഴമ്പ് പരുവത്തിൽ ഒന്നിച്ച് വേവിച്ച കപ്പയും പോത്തിന്റെ നെഞ്ചടിയും, മാത്യുവിന്റെ കൈവിരലുകൾ പാത്രത്തിലേക്കാഴ്ന്നു. വിരലിടകളിലൂടെ ഒലിച്ചിറങ്ങിയ കൊഴുത്ത ഭക്ഷണത്തിൽ നാരെഴുന്നുനിന്ന കപ്പയും തനിനാടൻ മസാല മണത്തിൽ ഏറി നിന്ന വെളുത്തുള്ളിയും ചേർന്നൊരുക്കിയ അന്തരീക്ഷത്തിൽ മനംപുരട്ടി പായിൽ മുഖമൊളിപ്പിക്കാനാവാതെ നീരു കിടന്നു. അടുത്ത വെളിവിൽ സഡൻ ബ്രേക്കിട്ടുനിന്ന ഹൈവേ പെട്രോളിങ്ങ് വാഹനത്തിന്റെ ചുവപ്പും നീലയും കലർന്ന ബീക്കൺ ലൈറ്റിൽ അവൾ കണ്ണുചിമ്മി നിൽക്കുകയായിരുന്നു. പോലീസുകാർ തന്നെയാണ് ടൗണിലെ മുന്തിയ ഹോട്ടലായ അശോക ഇന്നിൽ അവളെ എത്തിച്ചത്. പിന്നെ മാത്യൂസിനെ കണ്ടിട്ടേയില്ല. യാതൊരു വിവരവും അറിഞ്ഞിരുന്നില്ലെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല. അത്രക്ക് ശൂന്യതയായിരുന്നു അവർക്കിടയിൽ. ശിവദാസൻ നായർക്കും മകനും ഏറെ പ്രതീക്ഷ നൽകുന്ന വിധം കനത്ത നിശബ്ദത തുടർന്നുള്ള ദിവസങ്ങളിലും മാത്യൂസും നിരഞ്ജനയും മെനഞ്ഞെടുത്തിരുന്നു. കുറേ കാണാതിരിക്കുമ്പോൾ പരസ്പരം മിണ്ടാതിരിക്കുമ്പോൾ എല്ലാം എല്ലാവരും മറക്കും എന്ന പഴമൊഴി ശിവദാസൻ നായരും വിശ്വസിച്ചിരുന്നു. ആശയവിനിമയമില്ലാത്ത മനസ്സുകൾക്കിടയിൽ കനത്ത കരിങ്കൽക്കെട്ടു പോലെ അന്യതാബോധം ഉറഞ്ഞു കൂടുമെന്നത് നിരഞ്ജന തിരിച്ചറിഞ്ഞിരുന്നു. പക്ഷേ, എന്തോ കോടതി മുറിയിൽ അവൾ മാത്യൂസിന്റെ നോട്ടം തിരഞ്ഞു. ഇരയെ നേരിട്ടു നോക്കാതെ മരങ്ങളും ചെടികളും പാറക്കെട്ടുകളും മറപറ്റി അവനും കോടതിമുറിയുടെ ആൾത്തിരക്കിൽ ഒളിച്ചും പാത്തും നിന്നു. “നീയങ്ങോട്ടു നോക്കണ്ട…” ഋഷിയുടെ ചുണ്ടനക്കം നീരുവിനെ നിയന്ത്രിക്കുന്നുണ്ടെന്ന് മാത്യൂസിനു മനസ്സിലായിരുന്നു. “എല്ലാവരും എല്ലാറ്റിനും ഓ. കെ. യാണല്ലോ…?” മാത്യൂസിന്റേയും നിരഞ്ജനയുടേയും ഭാഗം കേട്ട കോടതി ആദ്യം പറഞ്ഞത് അങ്ങനെയാണ്. പിന്നെ, “എന്നാലും ഫോർമാലിറ്റി തെറ്റിക്കണ്ട. കൗൺസിലിങ്ങ് കൂടി നടക്കട്ടെ, എന്നിട്ടാകാം…” എന്ന് തീർപ്പും പറഞ്ഞു. കൗൺസിലിങ്ങ് റൂമിനുമുന്നിൽ കാത്തുനിൽക്കുമ്പോൾ കോടതി മുറിയും വരാന്തയും നിറയെ നരിച്ചീറുകൾ പാഞ്ഞു പറക്കുന്ന യൂക്കാലി കാടുപോലെയാണ് നിരഞ്ജനക്കു തോന്നിയത്. കാടിന്റെ പേടിപ്പെടുത്തുന്ന കലപിലക്കമാണെങ്ങും. പരിചിതമല്ലാത്ത ഭാഷ, തിരിച്ചറിയാനാകാത്ത ശബ്ദങ്ങൾ…. വേട്ടക്കാരൻ അടുത്തു വന്നു. ഒരു ഇലയനക്കം  പോലുമുണ്ടാക്കാതെ അവൻ നീരുവിന്റെ അടുത്തെത്തി. “കായാമ്പൂവ്വത്ത് കാട്ടുനായ് കൂട്ടമിറങ്ങീന്ന്….” യാതൊരു ഭാവഭേദമോ മുഖവുരയോ കൂടാതെ മാത്യൂസ് പറഞ്ഞു.
“അതെവിടെയാ….?” യാന്ത്രികമായിരുന്നു നീരുവിന്റെ ചോദ്യം. “ചിമ്മിനി ഡാമിനപ്പുറം, ചങ്ങാടത്തിൽ പോണം അങ്ങോട്ട്. ഫോറസ്റ്റുകാർക്കൊന്നുമറിയില്യ….. ഞങ്ങള് വേണം കാട് കേറ്റിക്കൊടുക്കാൻ….”
“പുലീം സിംഹോമൊന്ന്വല്ലല്ലോ… കാട്ടുനായല്ലേ….?” നീരു ചോദിച്ചു.
വേട്ടക്കാരൻ ഉണർന്നു. വാചാലനായി. “ഏറ്റോം ഡേഞ്ചറാണ് കാട്ടുനായ്ക്കൾ, കൂട്ടമായേ ഇറങ്ങൂ…. കാട്ടുപോത്തും മാനുമൊക്കെ അവറ്റേടെ കയ്യീപ്പെട്ടാ പത്തു മിനിറ്റിൽ എല്ലും കൊമ്പും മാത്രേ ബാക്കീണ്ടാവൂ…”
“ങാ….ഹാ….?” നീരു സംശയം മറച്ചു വെച്ചില്ല.
“കൂട്ടംകൂടി അവറ്റ ഇരയുടെ പിന്നാലെയെത്തും….പിന്നെ ഒറ്റതിരിച്ച് അവരുടെ ട്രാപ്പിലാക്കും. ഈ തക്കത്തിന് കൂട്ടത്തിൽ നിന്നൊരുത്തൻ ഇരയുടെ നേരെ കുതിക്കും. അതേ വേഗത്തിൽ തിരിച്ച് കൂട്ടുകാർക്കിടയിലേക്കെത്തുമ്പോൾ അവന്റെ വായിൽ ഒരു വായ നിറയെ മാംസവുമുണ്ടാകും. ഇരയുടെ മാംസം. പിന്നെ കൂട്ടത്തിലെ ഓരോരുത്തരായി ഊഴംവെച്ച് ഇരയെ ആക്രമിക്കും. മാനോ മ്ലാവോ കാട്ടുപോത്തോ എന്തായാലും പത്തു പതിനഞ്ച് മിനിറ്റിൽ എല്ലിൻകൂടായി മാറും…”
“റിയലീ….?” നിരഞ്ജന അദ്‌ഭുതപ്പെട്ടു.
“ഒറ്റയാനെവരെ അവൻമാര് വെറുതെ വിടില്ല….”
“അൺബിലീവബ്ൾ….” നിരഞ്ജന മാത്യൂസിനെത്തന്നെ നോക്കി.
കൗൺസിലർ ഡോർ തള്ളി അകത്തു കടന്നു. വാതിലിനിരുവശത്തുമായി നിന്ന മാത്യൂസിനേയും നിരഞ്ജനയേയും അവർ മാറിമാറി നോക്കി. അമ്പതോടടുത്ത കുറിയ കണ്ണടക്കാരി.
“ഉം…എന്താ പരിപാടി…?” സൗമ്യത തീരെയില്ലാത്ത ശബ്ദം. അതിൽ നേരിയ പിണക്കം വ്യക്തമാണ്.
“ഒന്നുമില്ല…. മാത്യൂസ് കണ്ണിറുക്കി. കൗൺസിലർക്ക് കാര്യങ്ങൾ വ്യക്തമായില്ല. കായാമ്പൂവത്ത് കാട്ടുനായ്കൂട്ടമിറങ്ങീട്ടുണ്ട്… പോവാണ്ടുപറ്റില്ല…!”
“ഇയാളെന്തൊക്കെയാ ഈ പറയുന്നേ….?”കൗൺസിലർ മുഴുവനാക്കും മുൻപേ മാത്യു പറഞ്ഞു; പോവാണ്ടു പറ്റില്യ….ഗാർഡ്മാര് കാത്ത് നിക്ക്ണ് ണ്ടാവും..എനിക്ക് എല്ലാം ഓ.കെ. യാണ്….നിങ്ങള് പറയുന്നപോലെ, തീരുമാനിച്ചോ…” മാത്യു പുറത്തേക്ക് നടന്നു.
“അവൻ കടക്കാനുള്ള പരിപാട്യാ…” ശിവദാസൻ നായർ പിറുപിറുത്തു.
അന്തം വിട്ടിരുന്ന കൗൺസിലറേയും ജുഡീഷ്യൽ സെപ്പറേഷൻ നേരിട്ട് കാണാൻ കുറച്ചു മാറി കാത്തുനിന്ന ശിവദാസൻ നായരേയും ഋഷിയേയും അങ്കലാപ്പിലാക്കിക്കൊണ്ട് നീരു കൂട്ടിച്ചേർത്തു;”എനിക്കും വേട്ടക്ക് പോണം…”
“നീരൂ….”ശിവദാസൻ നായർ വിളിച്ചു. അവൾ നിന്നില്ല.
കൗൺസിലർ കല്ലുപോലെയിരുന്നു. ഉദാരവൽക്കരണ കാലത്ത് ഉപഭോക്താവിന്റെ താല്പര്യങ്ങൾ സൃഷ്ടിച്ചെടുക്കുന്നത് ആഗോള കുത്തകകളാണെന്ന് ചിന്തിക്കാൻ മാത്രം അപ്റ്റുഡേറ്റായിരുന്നു അവർ. ഇരയെ കാണാചരടുകളാൽ നിയന്തിക്കുന്ന ബുദ്ധികേന്ദ്രം എന്ത് സാങ്കേതികതകൊണ്ട്‌ മെനഞ്ഞതായിരിക്കുമെന്നും അവർ തലപുകച്ച് ആലോചിച്ചു. ആ സമയം നീരു, കാലാകാലങ്ങളായി മാറ്റമില്ലാതെ തുടരുന്ന ഇരയുടെ വിവേക രാഹിത്യത്തോടെ കൗൺസിലിങ്ങ് റൂമിന് പുറത്തേക്ക് നടന്നു.”ചിമ്മിനി കാട്ടിൽ വിറകു തോടിനപ്പുറം ആനപ്പോര്… പട്ടാപ്പകൽ കാട്ടാനകൾ പോർവിളി നടത്തുന്ന തനിക്കാട്… കള്ളായിക്കപ്പുറം ആനച്ചാൽ, ഈറ്റക്കൂമ്പ് തിന്നാൻ കാട്ടാനക്കൂട്ടമെത്തുന്നയിടം… ഉപ്പും മഞ്ഞളും പുരട്ടി പാറപ്പുറത്തിട്ടുണക്കിയ വെടിയിറച്ചിയുടെ രുചി, ചേരിന്റെ പക, താണിയുടെ തുണ… എനിക്കെല്ലാം അറിയണം…!” അവൾ പറഞ്ഞുകൊണ്ടേയിരുന്നു.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...