സമയകാലങ്ങളിൽ ഓർമ്മയെ കൊത്തിവെക്കുമ്പോൾ

0
213

ആത്മാവിന്റെ പരിഭാഷകള്‍
സിനിമ ,കവിത ,സംഗീതം (ഭാഗം 7)

ഡോ. രോഷ്‌നി സ്വപ്ന

 

“”ഞാൻ എൻറെ തന്നെ യാഥാർത്ഥ്യത്തെ വരച്ചെടുക്കുകയാണ് ”
ഫ്രിദ കാഹ്‌ലോ

സാൽവദോർ ദാലിയുടെ “”ദി പെർസിസ്റ്റൻസ് ഓഫ് മെമ്മറി”” എന്ന ചിത്രം സമയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. സമയത്തിന് അതിൻറെ ആധികാരികത നഷ്ടമാകുമ്പോൾ സംഭവിക്കുന്നതെന്ത് എന്ന് ചിത്രം തുറന്നുകാട്ടുന്നു. ഉറുമ്പുകളും പ്രാണികളും കൂടിച്ചേരുന്ന ജീവി ലോകം യഥാർത്ഥത്തിൽ ആരുടേതാണ്? ഏത് സമയത്താണ്, സങ്കല്പങ്ങളിലാണ് നാം ബന്ധിതമായി ഇരിക്കുന്നത് ?
ഒരുപക്ഷേ സമയം ഒരു സ്വപ്നമാണെങ്കിൽ, സമയം ഒരു കലയാണെങ്കിൽ, നിലനിൽപ്പിനെ കുറിച്ചുള്ള എല്ലാ ധാരണകളെയും ഈ ചിത്രം മുറിച്ചു കടക്കുന്നുണ്ട്. എന്താണ് സമയം എന്ന ചോദ്യം ഈ ചിത്രം മുന്നോട്ടുവയ്ക്കുന്നു. അതിന് ഒരേസമയം ചലനം എന്നും ജഡത എന്നും വിവക്ഷയുണ്ടോ?
ഓർമ്മയുടെ സ്ഥിരതയെ കുറിച്ച് പറയുമ്പോഴും അതിൽ ഒഴുകിപ്പോകുന്ന ഒഴുക്കിന് വലിയ സ്വാതന്ത്ര്യബോധം നിലനിൽക്കുന്നുണ്ട്. അതുതന്നെയല്ലേ കലയിലെ സ്വാതന്ത്ര്യം?

കല എന്നത് അനിശ്ചിതമായ തൻറെ വ്യക്തിത്വത്തിന്റെ/ആത്മത്തിൻറെ ഒരു സൂക്ഷ്മതലം മാത്രമാണെന്ന് ദാലി ഒരിക്കൽ പറയുകയുണ്ടായിട്ടുണ്ട്. കവികളിലും കലാകാരിലും ഈ കാലസങ്കല്പം ശക്തമാണല്ലോ !
“Time devoursnour lives” എന്ന് ബോദ്ലയറും, “നിങ്ങളുടെ കയ്യിൽ സമയമുണ്ട് എന്ന തോന്നലാണ് ഏറ്റവും അപകടകരം ” എന്ന് ബുദ്ധനും, “തുല്യശക്തിയുള്ള രണ്ട് പടയാളികൾ ആണ് ക്ഷമയും സമയവും “എന്ന് ടോൾസ്റ്റോയിയും പറഞ്ഞത് പ്രസക്തമാണ്. കലയും സമയവും കാലവും തമ്മിലുള്ള ബന്ധം നിർവചനാതീതമാണ്. കൃതിയിൽ ഖനീഭൂതമായിരിക്കുന്ന കാലത്തെ അളക്കുക പ്രയാസമാണ്.
കലയിൽ നിറഞ്ഞിരിക്കുന്ന കാലം എന്നത് ചൂണ്ടിക്കാണിക്കാവുന്ന ഒരു പാരിമാണികത അവകാശപ്പെടുന്നില്ല, മറിച്ചു നിശബ്ദതയിൽ നമ്മളോട് സംവദിക്കുന്ന, ആസ്വാദനത്തിൻറെ പല തലങ്ങൾ ചേർന്ന് നിർമ്മിച്ചെടുക്കുന്ന വിശേഷപ്പെട്ട ഒന്നാണത്. സമയകാലം എന്നത് പ്രത്യക്ഷ രൂപത്തിൽ കേവല ചിന്തകൾക്കോ തിരച്ചിലുകൾക്കോ വശപ്പെടുന്നില്ല. സമയസങ്കല്പം എപ്പോഴും കുഴഞ്ഞു മറിയുന്ന ഒന്നായിത്തീരുന്നത് അതുകൊണ്ടാണ്.

സമയം വർത്തുളമാണ്, ചാക്രികമാണ് എന്നത് നമ്മുടെ സങ്കല്പമാണ് എന്നിരിക്കെ, മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന ഈ കാലത്തെ പിടിച്ചുകെട്ടാനുള്ള ശ്രമം തന്നെയല്ലേ ജീവിതം? ഗൂർണിക്കയുടെ ചിത്രീകരണത്തിലൂടെ പിക്കാസോ ഒരു സമൂഹത്തിനെത്തന്നെ സ്വാതന്ത്ര്യത്തിലേക്ക് കുതിപ്പിച്ചതുപോലെയോ, ഗ്ലൂമി സൺഡേ മരണമെന്ന പ്രണയാനുഭവത്തിലേക്ക് ഒരുകൂട്ടം ജനതയെ കൈപിടിച്ച് നടത്തിച്ചതുപോലെയോ ഒക്കെയാകാമത്. രൂപപ്പെടാത്ത ഒരാഴ്ചത്തെ ക്രമത്തിലേക്കും രൂപരേഖ യിലേക്കും എത്തിക്കാനുള്ള ശ്രമമോ, ഇല്ലാത്ത ഒന്നിലേക്ക് എത്താനുള്ള ശ്രമമോ, പ്രത്യക്ഷമായോ പരോക്ഷമായോ രാഷ്ട്രീയ പ്രതിരോധാത്മകതയെ ഉൾക്കൊള്ളലോ ഒക്കെയാവുന്നുണ്ടല്ലോ കലയുടെ പല വഴികൾ !

കലാകാരനും കാഴ്ചക്കാരനും തമ്മിൽ എഴുത്തുകാരും വായനക്കാരും തമ്മിൽ തീർക്കുന്ന അദൃശ്യമായ നൂൽ വല പോലെ രൂപം കൊള്ളുന്ന ചില കൈകോർക്കലുകൾ ഉണ്ട്. അത് കാലം തീർക്കുന്ന ഇഴകളാണ്.
ആർക്കും എപ്പോഴും കടന്നിരിക്കാൻ ആവുന്ന രൂപമില്ലായ്മയുടെയോ അസ്ഥിരങ്ങളുടെയോ ഒരു ഇടം. അത് നമ്മെ ചതുരമോ വർത്തുളമോ ആയി അനുഭവിപ്പിക്കും. ചിലപ്പോൾ കാഴ്ചക്കാരൻ കലാകാരനായി മാറും. ഒരേ വസ്തുവിന്റെ പലഭാഗങ്ങളായി, പലരാൽ നിറഞ്ഞേക്കാവുന്ന അവസ്ഥ ! യാദൃശ്ചികമായി സൃഷ്ടിക്കപ്പെടുന്ന ഒരു പാഠം ഈ ചോദ്യത്തിനുത്തരമായേക്കാം. ചില കാഴ്ചകളിൽ, ചില നോട്ടങ്ങളിൽ, വായനകളിൽ ഇത്തരമൊരു അനുഭവം ചിലപ്പോഴെങ്കിലും ചിലരെയെങ്കിലും മൂടിയിട്ടുണ്ടാവും. ആസ്വാദനത്തിൻറെ ഭാവുകത്വത്തെ ആകമാനം ഒരൊറ്റ ക്ഷണം കൊണ്ട് നവീകരിക്കാനും അത്ഭുതപ്പെടുത്താനും കരുത്തുള്ള ഒരു വാക്ക്, ദൃശ്യം, നമ്മുടെ കാഴ്ചയും വായനയും കോരിയെടുത്ത് കൊണ്ടു പോകുമായിരിക്കും തീർച്ച.

W. B. യേറ്റ്സിന്റെ “wild swans in the coole എന്ന കവിതയിൽ
ഇത്തരം ഒരു ചിത്രമുണ്ട്. ഒരു കൂട്ടം അരയന്നങ്ങൾ ഒരേ ദിശയിലേക്ക് ചിതറി പറക്കുന്നു. “എൻട്രോപ്പി” എന്ന ക്രമരാഹിത്യത്തിലും കവി അനുഭവിച്ച ഒരു ക്രമമാണ് ഈ കവിതയെന്ന്, കവിതയുടെ ഉറവയെന്ന് തിരിച്ചറിയുന്ന വായനക്കാർ ഉണ്ടാവും. ആസ്വാദനത്തിന്റെ ആത്മ ദൃശ്യത്തെ, ചിത്രത്തെ വിവർത്തനം ചെയ്യാൻ എത്ര വാക്ക് വേണം? എത്ര സമയം വേണം? സമയമെന്ന സങ്കൽപത്തിലേക്ക് തന്നെ ഈ ചിന്തയും കൊണ്ടെത്തിക്കുന്നു. Find the self and then kill it. എന്ന് ആഫ്രിക്കൻ കവിയായ നോർമാൻ ജോർദൻ പറയുമ്പോലെയാണത്. കഥ പറച്ചിലിലൂടെ സ്വന്തം മരണം നീട്ടി വെച്ചവളുടെ ഹൃദയമിടിപ്പും അതുപോലെ തന്നെ ! ശാകുന്തളത്തിൽ ഈ സമയസങ്കല്പം ശരീരവുമായി ബന്ധപ്പെട്ടാണ് നിലനിൽക്കുന്നത്.
ശകുന്തളയുമായുള്ള ആദ്യസമാഗമത്തിനുശേഷം പോകാൻ ഇറങ്ങുന്ന ദുഷ്യന്തൻ അനുഭവിക്കുന്നത് കാലത്തിൻറെ ഭാരം തന്നെയാണ്. മനസ്സ് ആ സമയത്തിൽ ഉറച്ചു പോവുകയും പ്രത്യക്ഷ ശരീരം മുന്നോട്ടു നീങ്ങുകയും ചെയ്യുന്നു. സമയം എന്നത് ഒരു പ്രതീതി മാത്രമായി നിലനിൽക്കുന്നു. അനുഭവത്തെ അങ്ങനെ തന്നെ പകർത്തൽ എന്നത് ആ സമയത്തെ അതുപോലെ അനുഭവിക്കാൻ എന്നുകൂടി അല്ലേ?
കാലത്തിലൊളിഞ്ഞിരുന്ന് ചോദിക്കുന്നത് നമ്മുടെ മുഖച്ഛായയുള്ള മറ്റൊരാൾ തന്നെയല്ലേ?. എങ്ങനെയാണ് നാം ഒരു സിനിമയെ ഉദ്ധരിക്കുക (quote) How do we quote a film ? എന്ന് പ്രമുഖ ചലച്ചിത്ര നിരൂപകനും സൈദ്ധാന്തികവുമായ ആന്ദ്രേ ക്ലെവൻ (Andrew klevan ) തന്റെ ഒരു ലേഖനത്തിൽ ഒരിക്കൽ ചോദിക്കുന്നുണ്ട്.

ഒരു കവിതയെങ്കിൽ പകർത്തിയെടുക്കാൻ വരികളുണ്ടാകും. കഥയോ നോവലോ അങ്ങനെ തന്നെ. പക്ഷേ കാണുന്ന കലയിൽ നിന്ന് ചലനത്തിന്റെ സൂക്ഷ്മരേഖകളിൽ നിന്ന് നാം എങ്ങിനെ ഉദ്ധരണികൾ (quotes) സ്വീകരിക്കും? കാണുന്ന നിമിഷം കണ്ണുകളിൽ അത് പതിയുന്നു. പിന്നീട് ഓർമ്മയിൽ നിന്നാണ് നാം ആ ചിത്രം കാണുന്നത്. വാൻഗോഗിന്റെ സൂര്യകാന്തി പൂക്കളും പടവുമെല്ലാം ഓർമ്മയിൽ ആണ് നാം കാണുന്നത്. സ്വീകരിക്കുന്നത്.

കാലത്തിൻറെ പുസ്തകം കലയുടെയും
—————————————————–
ദൽഹിയിലെ ജെ.എൻ.യു വാസക്കാലത്ത് പ്രധാനപ്പെട്ട പരിപാടികളിൽ ഒന്ന് ഒൻപത് നിലകളുള്ള അവിടത്തെ ലൈബ്രറിയിലേക്കുള്ള സന്ദർശനമായിരുന്നു. പക്ഷിക്കൂടുകളെ ഒളിപ്പിച്ച മരങ്ങൾക്കിടയിൽ ലൈബ്രറി നിശബ്ദമായി നിന്നു. കാട്ടിൽ ഒളിച്ചു നിൽക്കുന്ന മുയലിനെ പോലെ പർപ്പിൾ ഇലകളുടെ കാറ്റുണ്ട്. ആ ലൈബ്രറിയുടെ മുകൾ തട്ടുകളിൽ ഒന്നിൽ വച്ചാണ് എനിക്ക് ഒരു പുസ്തകം കിട്ടിയത്. ” The past is the present. It is the future, too”. എന്ന ക്രിസ്ത്യൻ റോസിന്റെ പുസ്തകം, ആയിരക്കണക്കിന് പുസ്തകങ്ങൾ തീർക്കുന്ന കനത്ത നിശബ്ദതയിൽ ശ്വാസം പിടിച്ചിരുന്നു ഞാൻ വായിച്ച ചില പുസ്തകങ്ങളിൽ ഏറെ പ്രിയപ്പെട്ട ഒരു പുസ്തകമാണ്. ഭൂതകാലത്തെയും വർത്തമാനത്തെയും ഭാവിയെയും ഒരുമിച്ചു ചേർത്തു കെട്ടുന്ന പുസ്തകം കലാചരിത്രം പ്രമേയമാക്കി പ്രധാനമായും കാലത്തെ കരയുമായി ചേർത്തു വായിക്കുന്ന പുസ്തകം എന്ന നിലയിലാണ് എന്നെ ആകർഷിച്ചത്. ആൾക്കൂട്ടത്തിനെ ആധാരമാക്കി കൊണ്ട് 2001 2006 ബ്രോഡ്‌വേ എന്ന പേരിൽ പുറത്തുവന്ന ഒരു വീഡിയോ ഇൻസ്റ്റലേഷന് കുറിച്ച് പറഞ്ഞുകൊണ്ടാണ് പുസ്തകത്തിൻറെ ആമുഖം ആരംഭിക്കുന്നത്.

5 മണിക്കൂറും 15 മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഇൻസ്റ്റലേഷൻ നിരീക്ഷണ സ്വഭാവത്തെയാണ് കേന്ദ്രീകരിക്കുന്നത്. കൂട്ടാനോ കുറയ്ക്കാനോ ശ്രമിക്കാതെ ഒരു കൂട്ടം ആളുകൾ നമുക്ക് കാണാനാവാത്ത എന്തോ കാണുകയാണ്. ചലനമോ നീക്കമോ ഇല്ലാതെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന മുഖങ്ങൾ മാത്രം. നിശബ്ദതയുടെ ഘനീഭവിച്ച ചിത്രം. പതുക്കെപ്പതുക്കെ കാഴ്ചക്കാരും അവരോടൊപ്പം നിശബ്ദരാവേണ്ടിവരുന്നു.
We observe observers observing something ”We will not see” എന്നാണ് ഈ ഇൻസ്റ്റലേഷന് കുറിച്ച് പറയാനുള്ളത്. കാഴ്ച്ചയുടെ പ്രതിഷ്ഠാപനം എന്ന ആശയത്തെ സമയവുമായി ഏറെ ചേർത്തുവെച്ച് കണ്ടെത്താൻ ശ്രമിക്കുന്ന കലാരൂപം എന്ന നിലയിൽ ഇതിന് ഏറെ പ്രധാന്യമുണ്ട്. തലയിൽ സമയത്തിന്, കാലത്തിന് എന്താണ് പ്രാധാന്യം എന്ന ചിന്തയുടെ മുന്നോടിയായാണ് ക്രിസ്ത്യൻ റോസ് ഇൻസ്റ്റലേഷന് പറ്റി പറഞ്ഞു വയ്ക്കുന്നത് ഒരു സൗന്ദര്യാത്മക ഘടകം എന്ന നിലയിൽ ആണോ സമയം കലയിൽ കടന്നുവരുന്നത് അതോ അതിനപ്പുറം സ്ഥിതിചെയ്യുന്ന അനുഭൂതി തലത്തിലാണോ ?. പുസ്തകത്തിലെ 7 അധ്യായങ്ങളും വിവിധ കാഴ്ചപ്പാടുകളിൽ നിന്നുകൊണ്ട് ഈ പ്രശ്നത്തെ നോക്കിക്കാണുകയും ചെയ്യുന്നു.

ആദ്യ അധ്യായമായ Temporal investigations in contemporary art, social science and Humanities a comparative View.
എന്ന അധ്യായം ചർച്ച ചെയ്യുന്നത് കലയിൽ കാലം ഇടപെടുന്ന പുതിയ ചലനങ്ങളെ കുറിച്ചാണ്. സമയത്തെ മനുഷ്യന്റെ വ്യവഹാരങ്ങൾക്കനുസരിച്ചു മെരുക്കുക എന്നത് പൊതുവായി സംഭവിക്കുന്ന ഒന്നാണ്. മനുഷ്യൻറെ ഭയം, പ്രതീക്ഷ, ആവശ്യങ്ങൾ, ആഗ്രഹങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ നാം സമയത്തെ സൗകര്യപ്പെടുന്ന ഒന്നാക്കി മാറ്റുന്നു എന്ന് പറയുന്നതാവും ശരി. തത്വചിന്തയിൽ സമയമെന്നാൽ എന്താണ് എന്ന അന്വേഷണമാണ് ഈ ലേഖനത്തിൽ പ്രധാനമായുള്ളത്. സമയം ഒരു ബിംബം ആകുമ്പോൾ സംഭവിക്കുന്ന പരിണതികളെ കുറിച്ച് ലേഖനം വിശദീകരിക്കുന്നു. തുടർന്ന്, സമയത്തെ കുറിക്കുന്ന സമകാലിക പഠനങ്ങളെ കുറിച്ച് പറയുന്നു. ചരിത്രത്തെക്കുറിച്ചും സമയബന്ധിതമായ ചരിത്രത്തെക്കുറിച്ചും പറഞ്ഞുകൊണ്ട് ലേഖനം അവസാനിക്കുന്നു. തുടർന്നുവരുന്ന അദ്ധ്യായങ്ങളിൽ സമയകാലങ്ങളെ വിവിധ പഠന ശാഖകളുടെ സ്ഥാനത്തിൽ പഠിക്കാനും നിരീക്ഷിക്കാനും ശ്രമിക്കുകയാണ്. പരിസ്ഥിതിയുടെ അടിസ്ഥാനത്തിൽ, പ്രബലതയുടെ പൊട്ടൻഷ്യാലിറ്റി അടിസ്ഥാനത്തിൽ കൃതികളുടെയും സ്ഥിരതകളുടെയും അടിസ്ഥാനത്തിൽ, ചരിത്രപരമായ പദ്ധതിയുടെ അടിസ്ഥാനത്തിൽ സമയം നിരീക്ഷിക്കപ്പെടുന്നു.

കാലവുമായി, കലയുമായി, കലാസങ്കൽപങ്ങളുടെ വിസ്ഫോടനങ്ങളുമായി ചേർത്ത് വെക്കാൻ കഴിയുന്ന പുസ്തകം എന്ന നിലക്കാണ് ക്രിസ്റ്റീന റോസയുടെ പുസ്തകം ഞാൻ വായിച്ചത്. അമർ കോസ്റ്റോറിക്കയുടെ ഫോൺ മില്കി റോഡ് എന്ന സിനിമയിലെ ഒരു രംഗം ഓർമ്മ വരുന്നു. ഒരു കൂട്ടം അരയന്നങ്ങൾ കുളിത്തൊട്ടിയിൽ നിറച്ചു വച്ചിരിക്കുന്ന വെള്ളത്തിലേക്ക് കൂട്ടത്തോടെ പറന്നിറങ്ങുന്നു. തൊട്ടു മുന്നത്തെ ഷോട്ടിൽ ഒരു മുറിയിലേക്ക് പന്നികളെ വലിച്ചിഴച്ചു കൊണ്ടു പോകുന്ന ദൃശ്യം നമ്മൾ കണ്ടു കഴിഞ്ഞതാണ്. പിന്നീട് കാണുക പുറത്തേക്ക് തെറിക്കുന്ന രക്തമാണ്. ഒരു മനുഷ്യൻ ഈ രക്തം കുളി തോട്ടിലേക്ക് പകർത്തി ഒഴിക്കുന്നു. അരയന്നങ്ങൾ കൂട്ടത്തോടെ അതിലേക്കാണ് പറന്നിറങ്ങിയത്. വെളുത്ത ചിറകിൽ തെറിക്കുന്ന രക്തം പൊതിഞ്ഞു പറക്കുന്ന ഈച്ചകൾ. അടുത്ത നിമിഷങ്ങളുടെ നിശബ്ദതയ്ക്കു ശേഷം ആരോ പറയുന്നു മനുഷ്യരക്തത്തിന് വെള്ളത്തിനേക്കാൾ സാന്ദ്രത കൂടുതലാണ്.

പലകാലങ്ങളിൽ പല സമയങ്ങളിൽ
മഞ്ഞ് പെയ്യുമ്പോൾ
നെരിപ്പോടിനരികിൽ കുത്തിയിരിക്കുന്നവർ

Jan Austin ന്റെ ഏതോ കൃതിയിലുള്ള വരികളാണിത്. ഇതു വായിക്കുമ്പോഴൊക്കെ എന്റെ മനസ്സിലേക്ക് ഒന്നിൽ കൂടുതൽ കാഴ്ചകൾ കടന്നുവരാറുണ്ട്. വിൻസന്റ് വാൻഗോഗ്ഗിന്റെ ‘ഉരുളക്കിഴങ്ങ് തിന്നുന്നവർ ”(Potato eaters )എന്ന ചിത്രവും, തോമസ് ഹാർഡിയുടെ ”ദി റിട്ടേൺ ഓഫ് ദി നേറ്റീവ്” (THE RETURN OF THE NATIVE) എന്ന നോവലിലെ ഒരു രംഗവും,”ദി സൈലന്റ് നൈറ്റ്” എന്ന ചലചിത്രത്തിലെ ഒരു രംഗവും. ആദ്യ രണ്ട് ഓർമ്മകളും എന്റെ ബാല്യവുമായി ഏറെ ബന്ധപ്പെട്ടതാണ്. വാൻ ഗോഗിന്റെ ചിത്രപുസ്തകം എനിക്ക് സമ്മാനിച്ചത് ആരായിരുന്നു എന്ന് എനിക്ക് ഓർമ്മയില്ല. പക്ഷേ കടും ഓറഞ്ച് നിറത്തിലുള്ള സൂര്യകാന്തിപ്പൂക്കളേക്കാൾ കൂടുതൽ എന്നെ ആകർഷിച്ചത് ഒരു മേശക്കു ചുറ്റുo അരണ്ട വെളിച്ചത്തിൽ ഉരുളക്കിഴങ്ങ് കഴിക്കാനിരിക്കുന്നവരുടെ കണ്ണൂകളാണ്. The return of the native എന്ന നോവലിലാകട്ടെ നിലാവെളിച്ചത്തിൽ ചതുപ്പിലൂടെ നീങ്ങുന്ന”വിചിത്രരൂപികൾ ” എന്ന് തോന്നിക്കുന്ന നാടക സംഘത്തെ വിവരിക്കുന്നുണ്ട് ഹാർഡി. രണ്ടു ഓർമ്മകളിലും എന്റെ മനസ്സുടക്കുന്നത് നേർത്ത പ്രകാശത്തിലാണ്.

മേശക്കു ചുറ്റും പരന്ന അരണ്ട വെളിച്ചം. നിലാവെട്ടത്തിന്റെ ഒരു തുണ്ട്. ബാല്യത്തിൽ നിന്ന് ആ ഓർമ്മ നേരെ ചാടിക്കൊത്തിയത് ദൃശ്യങ്ങൾ കോർക്കുന്ന വാക്കുകളിലാണ്.

”മഞ്ഞു പെയ്യുമ്പോൾ നെരിപ്പോടു പകരുന്ന ഒരിത്തിരി വെട്ടം. ഇതെഴുതുന്നതിന്റെ കുറച്ച് ദിവസം മുമ്പ് ഞാൻ വീണ്ടും ആ പൂത്തിരി വെളിച്ചത്തിന്റെ ഓർമ്മകളിലേക്ക് വഴുതി വീണു പോയി. “ദി സിലന്റ് നൈറ്റ്” എന്ന സിനിമയുടെ ഓർമ്മ….

ഞാൻ വീണ്ടും ആ സിനിമ കണ്ടു. സ്വന്തം രാജ്യത്തു നിന്ന് നിഷ്കാസിതരാക്കപ്പെട്ട ഒരമ്മയുടെയും പത്ത് വയസ്സായ മകന്റെയും കഥയാണീ ചിത്രം. പട്ടാളക്കാരനായ അഛനെയും സഹോദരനെയുo വംശീയ യുദ്ധം കവർന്നെടുത്തതിന്റെ എല്ലാ പീഡനങ്ങളുടെയും അലച്ചിലിന്റെയും അതിതീവ്രമായ യാതനകൾക്കൊടുവിൽ അതിർത്തിയിലെ കാട്ടുപ്രദേശത്തെ കുടിലിൽ അഭയം തേടുന്നു അവർ. ക്രിസ്മസ്സിന്റെ തലേ രാത്രിയായിരുന്നു അത്. ക്രിസ്മസ് ട്രീ ഒരുക്കണം എന്ന് അതിയായി ആഗ്രഹിക്കുന്നുണ്ട് മകൻ. ദുഖ:ങ്ങൾ മറന്ന് മകനെ സന്തോഷിപ്പിക്കാനുള്ള ഒരുക്കത്തിലാണ്‌ അമ്മ. പൊടുന്നനെ അവിടേക്ക് മുറിവേറ്റ ഒരു പട്ടാളക്കാരനെയും കൊണ്ട് രണ്ട് പട്ടാളക്കാർ തള്ളിക്കയറുന്നു. നിർബന്ധമായി തങ്ങളുടെ ഒളിത്താവളമാക്കുകയാണു അവർ അവിടം. വേദന കൊണ്ട് പുളയുന്ന പട്ടാളക്കാരനോട്‌ സഹതാപമുണ്ട് അമ്മക്ക്. പക്ഷേ തോക്കുകളും മറ്റ് ആയുധങ്ങളും തന്റെ വീട്ടിലേക്ക് കയറ്റരുത് എന്ന് അമ്മ കർശനമായി പറയുന്നു. തുടർന്ന് മറ്റൊരു സംഘം പട്ടാളക്കാർ വീട്ടിലേക്ക് ഇരച്ചു കയറുന്നു. അതിർത്തിയിൽ ശത്രുരാജ്യങ്ങളിലെ രണ്ട് പട്ടാള സംഘങ്ങൾക്കിടയിൽ ധീരയായി നില്ക്കുന്ന അമ്മയുടെ ചിത്രം ഓർമ്മയിൽ നിന്ന് മായില്ല ഒരിക്കലും. അമ്മ പറയുന്നു.

” എന്റെ മകന്റെ കണ്ണുകൾ നിഷ്കളങ്കമാണ് ” അവയിൽ ഇപ്പോൾ ,തെളിഞ്ഞ കാഴ്ച്ചകളെ ഉള്ളു.
അക്രമത്തിന്റെയും ആയുധത്തിന്റെയും കാഴ്ച്ചയുടെ ഒരംശം പോലും അവന്റെ ബോധത്തിൽ തറയാൻ ഞാൻ അനുവദിക്കില്ല.”

വർത്തമാനകാലത്തിന്റെ ക്രൂരതയുടെയും രക്തരൂക്ഷിതമായ പോരാട്ടങ്ങളുടെയും നേർക്ക് മാതൃത്വം എന്ന ഒരൊറ്റ ആയുധവുമായി എങ്ങനെ പോരാടാമെന്ന സന്ദേശമാണു ചിത്രം തരുന്നത്. അമേരിക്കൻ ആർമി ഓഫീസർ കുട്ടിയോട് ചോദിക്കുന്നുണ്ട്.

” നിന്റെ അച്ഛനു പൂർത്തിയാക്കാൻ കഴിയാതെ പോയ സ്വപ്നത്തെ തിരിച്ചു പിടിക്കാൻ നീ ആഗ്രഹിക്കുന്നില്ലേ?”

മറ്റൊരു രംഗത്ത് പട്ടാളാക്കാരന്റെ മുറിവു കെട്ടുന്ന സമയം ഒരാൾ അമ്മയോട് ചോദിക്കുന്നുണ്ട്.

‘നിങ്ങൾക്കിതു എങ്ങനെ കഴിയുന്നു? അതും നിങ്ങളുടെ ജീവിതത്തിലേക്ക് ഇടിച്ചുകയറിയ ഞങ്ങളോട്”

പുഞ്ചിരിച്ചു കൊണ്ടുള്ള അമ്മയുടെ മറുപടി ഇങ്ങനെയായിരുന്നു.

”ഞാൻ ഒരമ്മയാണ്. യുദ്ധമാണ് എന്റെ മകനെ നഷ്ട്ടപ്പെടുത്തിയത്”

ലിൻഡാ മാമിൽട്ടൻ എന്ന പ്രശസ്ത നടിയുടെ മികച്ച അഭിനയമാണ് ഈ ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ശത്രുരാജ്യത്തെ പടയാളിയാണെങ്കിലും അയാൾക്കു നേരെ നീട്ടിയ തോക്കിനു മുമ്പിൽ അമ്മ നിൽക്കുന്നു. യുദ്ധത്തിനും വർഗ്ഗീയതക്കും ഹിംസക്കും സൃഷ്ടിക്കാൻ കഴിയുന്ന സംഘർഷങ്ങളെ,പീഡകളെ മാതൃത്വത്തിന്റെ നെഞ്ചിലൂടെ തടുക്കാമെന്ന് പറയുന്നു അമ്മ. കാഴ്ചയുടെ നരകയാതനകള്‍ അവസാനിക്കുന്നില്ലല്ലോ.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here