മലബാർ സമരത്തിന് ഊർജം പകർന്ന ഒറ്റപ്പാലം സമ്മേളനം

0
378
CK Mustaq ottappalam

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം

സി.കെ മുഷ്താഖ് ഒറ്റപ്പാലം.

നൂറ്റാണ്ട് പിന്നിടുന്ന മലബാർ സമരസ്മരണകളാണ് ഒറ്റപ്പാലത്തിന്റെ കരുത്ത്. മലബാർ കലാപം പഴയ കർഷക സമരങ്ങളുടെ ഒരേകദേശ തുടർച്ച തന്നെയാണെന്ന പണ്ഡിതാഭിപ്രായങ്ങൾ ശരി വെക്കുമ്പോഴും ഇടക്കാലത്ത് സ്തംഭിച്ച ആ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്ക്‌ വീണ്ടും ആവേശ്വജ്ജ്വല തുടക്കമാവുകയായിരുന്നു 1921 ഏപ്രിൽ മാസം നടന്ന ഒറ്റപ്പാലം സമ്മേളനം.1857 ഒന്നാം സ്വാതന്ത്ര്യസമരത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ബ്രിട്ടീഷ് വിരുദ്ധ മഹാ സമരം 1921 ആഗസ്റ്റിൽ മലബാറിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകളെ കലാപഭൂമിയായി മാറ്റുന്നതിനു ഒറ്റപ്പാലം സമ്മേളനമാണ് ഊർജ്ജമായതെന്ന് നിസ്സംശയം പറയാം.

1920 ലെ നാഗ്പൂരിൽ ചേർന്ന കോൺഗ്രസ്‌ സമ്മേളന പ്രകാരം പ്രസ്ഥാനത്തെ ഭാഷാടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കണമെന്ന തീരുമാനത്തെ പിന്തുടർന്നുകൊണ്ടാണ് കെ മാധവൻനായർ സെക്രട്ടറിയായി, കേരള പ്രൊവിൻഷ്യൽ കോൺഗ്രസ്‌ കമ്മിറ്റി ഐക്യകേരളമെന്ന സങ്കല്പത്തെ മുൻനിർത്തി ആദ്യ സമ്മേളനം ഒറ്റപ്പാലത്തു വെച്ചു 1921 ഏപ്രിൽ മാസത്തിൽ നടത്തിയത്.
ദേശീയ പ്രസ്ഥാനത്തിനു നേതൃത്വപരമായ പങ്കു വഹിച്ച തലമുതിർന്ന നേതാക്കളുടെ പ്രവർത്തനക്കളരിയും ദൂരദിക്കുകളിൽ നിന്നും തീവണ്ടി മാർഗം എത്തിപ്പെടാൻ പ്രയാസമില്ലാത്തതുകൊണ്ടുമാകാം ഒന്നാം രാഷ്ട്രീയ സമ്മേളനത്തിനു ഒറ്റപ്പാലം വേദിയാകുന്നത്.
1921 ഏപ്രിൽ മാസം 23 മുതൽ 26 വരെ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനു സമീപം ഭാരതപ്പുഴയിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ വെച്ചായിരുന്നു ആ മഹാ സമ്മേളനം. അന്നു വരെ ചെറിയ ഒരു പട്ടണം മാത്രമായിരുന്ന ഒറ്റപ്പാലം മേട മാസത്തിൽ നടന്ന ഈ സമ്മേളനത്തോടെ രാഷ്ട്രീയ ഭൂപടത്തിൽ അടയാളപ്പെട്ടു തുടങ്ങി.

സമ്മേളനം- നടത്തിപ്പ്; കാര്യപരിപാടി

സമ്മേളന നടത്തിപ്പിനും വിജയത്തിനും വേണ്ടി പ്രത്യേക സ്വാഗതസംഘം രൂപീകരിച്ചിരുന്നു. എൽ.എ സുബ്ബരാമ ഐയ്യർ ചെയർമാനും പെരുമ്പിലാവിൽ രാവുണ്ണി മേനോൻ സെക്രട്ടറിയായും ചെങ്ങളത്ത് മാധവ മേനോൻ വളണ്ടിയർ ക്യാപ്റ്റനായും ഹമീദ് ഖാൻ- ഖിലാഫത്ത് സമ്മേളന സെക്രട്ടറിയായുമുള്ള ഒരു വലിയ സംഘം തന്നെയായിരുന്നു അത്. കൂടാതെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉപദേശ നിർദേശങ്ങളുമായി എം പി നാരായണ മേനോൻ, കെ എം മൗലവി, കെ രാമുണ്ണി മേനോൻ, മുഹമ്മദ്‌ അബ്ദുൽ റഹിമാൻ സാഹിബ്‌, ഇ മൊയ്‌ദു മൗലവി, കട്ടിലശ്ശേരി എം വി മുഹമ്മദ്‌ മൗലവി തുടങ്ങി വള്ളുവനാട്-ഏറനാട് പ്രദേശങ്ങളിലെ പൗരപ്രമുഖരും അഭിഭാഷകരും രാഷ്ട്രീയ പ്രവർത്തകരും ഖിലാഫത്ത് നേതാക്കളുമായിരുന്നു സമ്മേളന നടത്തിപ്പുകാർ.
ഏപ്രിൽ 23 നു പ്രതിനിധി സമ്മേളനത്തോടെ ആരംഭം കുറിച്ചു. 24 നു കുടിയാൻ, 25- ഉലമ-ഖിലാഫത്ത്, 26-വിദ്യാർത്ഥി സമ്മേളനവും തുടർന്ന് സമാപന സമ്മേളനം എന്നിങ്ങനെയാണ് പരിപാടികൾ ആസൂത്രണം ചെയ്തത്. പക്ഷെ 26 നു വിദ്യാർത്ഥി സമ്മേളനം നടന്നുകൊണ്ടിരിക്കെ അങ്ങാടിയിൽ പൊലീസിന്റെ നേതൃത്വത്തിൽ ചില അതിക്രമങ്ങൾ നടന്നതിനാൽ സമ്മേളനം വേഗത്തിൽ അവസാനിപ്പിക്കുകയായിരുന്നു.

പ്രതിനിധി സമ്മേളനം

ഏപ്രിൽ 23നു കാലത്ത് പത്തു മണിയോടെ മദ്രാസ് മെയിലിൽ വന്നിറങ്ങിയ ആന്ധ്രാ കേസരി ടി പ്രകാശത്തെ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ പ്രകടനത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. ഉച്ചക്ക് 2 മണിയോടെ പ്രതിനിധി സമ്മേളനം ടി. പ്രകാശത്തിന്റെ (പിന്നീട് അദ്ദേഹം സ്വതന്ത്ര്യ ഇന്ത്യയിലെ മദിരാശി സംസ്ഥാനത്തെ മുഖ്യമന്ത്രിയായി) അധ്യക്ഷതയിലാണ് നടന്നത്. തിരുവിതാംകൂർ- കൊച്ചിയിൽ നിന്നും ഏറനാട് വള്ളുവനാട് പൊന്നാനി തുടങ്ങി മലബാറിലെ മുഴുവൻ നഗര ഗ്രാമങ്ങളിൽ നിന്നുമുള്ള 5000 ത്തോളം പ്രതിനിധികൾ അന്ന് പങ്കെടുത്തു.
നാഗ്പൂരിലെ കോൺഗ്രസ്‌ സെഷൻ അംഗീകരിച്ച നിസ്സഹകരണ തീരുമാനത്തിന് ഒറ്റപ്പാലം സമ്മേളനം പൂർണ്ണ പിന്തുണ നൽകി. രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ സർക്കാർ സ്കൂളുകളിലേക്ക് അയയ്ക്കരുതെന്നും ദേശീയസ്ഥാപനങ്ങൾ പുതുതായി സ്ഥാപിച്ചു അവിടങ്ങളിൽ ചേർത്തു പഠിപ്പിക്കണമെന്നും അഭ്യർത്ഥിച്ചു.
അഭിഭാഷകർ അവരുടെ പരിശീലനം ഉപേക്ഷിക്കണമെന്നും വ്യാപാരികൾ വിദേശ വസ്തുക്കൾ ബഹിഷ്‌കരിക്കണമെന്നും ആയുർവേദ വൈദ്യശാസ്ത്ര സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കണമെന്നും കോൺഗ്രസ് അംഗങ്ങളായി ചേർന്ന് തിലക് സ്വരാജ് ഫണ്ടിലേക്ക് സംഭാവന നൽകണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. സമ്മേളനത്തിലെ ആവേശകരമായ പ്രസംഗങ്ങൾ കേട്ടു സ്ത്രീകൾ തിലക് സ്വരാജ് ഫണ്ടിലേക്ക് സ്വർണ്ണാഭരണങ്ങൾ സംഭാവന ചെയ്തു.

നിസ്സഹകരണ പ്രമേയം അവതരണം

അയർലണ്ടിൽ ഒരമ്മയ്ക്ക് മൂന്ന് ആൺമക്കൾ മാത്രമുണ്ടായിരുന്നു. അതിൽ രണ്ടു പേരെയും രാജ്യദ്രോഹത്തിനു വെടിവെച്ചു കൊന്നു. അപ്പോൾ ആ ധീര മാതാവ് മൂന്നാമത്തെ മകനെ ചൂണ്ടിക്കാണിച്ചു ഇവനെക്കൂടി വെടിവെച്ചു കൊല്ലുവിൻ എന്ന് അധികാരസ്ഥൻമാരോട് ആവശ്യപ്പെട്ട ഒരു സംഭവകഥ കെ പി കേശവമേനോൻ ഒറ്റപ്പാലത്തു വെച്ചു കൂടിയ കേരള സംസ്ഥാന കോൺഗ്രസ്‌ കമ്മിറ്റിയുടെ ഒന്നാം രാഷ്ട്രീയ സമ്മേളനത്തിൽ നിസ്സഹകരണ പ്രമേയം അവതരിപ്പിച്ചുകൊണ്ട് പറയുകയുണ്ടായി. ഈ സമരത്തിൽ അമ്മമാരുടെ കർത്തവ്യം എന്താണെന്ന് ബോധ്യപ്പെടുത്താന്‍ ആ സംഭവകഥ ഉപകാരപ്പെട്ടുവെന്ന് ബ്രഹ്മദത്തൻ നമ്പൂതിരി തന്റെ ഖിലാഫത്ത് സ്മരണയിൽ ഓർമ്മിക്കുന്നു.

amplicon

ഏപ്രിൽ 24 കുടിയാൻ സമ്മേളനം

മലബാറിനെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയം കുടിയായ്മ പ്രശ്നമായിരുന്നു. ജന്മിമാരുടെ കുടിയൊഴിക്കലും മേൽച്ചാർത്തും ഇടനിലക്കാരായ കാണക്കാർ നടത്തുന്ന മത്സരവുമായിരുന്നു അവർ നേരിടുന്ന പ്രധാന പ്രശ്നം. മലയാള പത്രങ്ങളുടെ താളുകൾ ജന്മിമാരുടെ മർദ്ദന മുറകൾ സംബന്ധിച്ചും കുടിയാൻമാരുടെ ദുരിതത്തെ സംബന്ധിച്ചുമുള്ള വാർത്തകൾ നിറഞ്ഞിരുന്നു. കുടിയായ്മ പ്രശ്നം പല കുറി ജില്ല കോൺഗ്രസ്‌ സമ്മേളനങ്ങളിൽ ഉയർത്തപ്പെടുകയുണ്ടായി. 1916 ൽ പാലക്കാട് നടന്ന ആദ്യ ജില്ലാ സമ്മേളനം മുതൽ ഈ വിഷയം സജീവമായി ചർച്ച ചെയ്യുകയും പ്രമേയങ്ങളായി അവതരിപ്പിക്കുകയും ചെയ്തു. ജന്മിമാരുടെ രൂക്ഷമായ എതിർപ്പും ഇടപെടലുകളും മൂലം ആ പ്രമേയങ്ങളൊന്നും അംഗീകരിക്കപ്പെട്ടില്ല. എന്നാൽ 1920ൽ മഞ്ചേരി സമ്മേളനത്തിലും കുടിയാൻ അനുകൂല പ്രമേയം അവതരിപ്പിക്കുകയും അംഗീകരിക്കയുമുണ്ടായി. ഇതിൽ പ്രതിഷേധിച്ചു പല ജന്മിമാരും കോൺഗ്രസ്‌ വിട്ടു പുറത്തു പോയി. കൂടുതൽ അംഗങ്ങൾ കോൺഗ്രസ്‌ വിട്ടു പോകുന്നത് ഒഴിവാക്കാൻ കൂടിയാകണം ഒറ്റപ്പാലം സമ്മേളനത്തിൽ പ്രത്യേകമായി ഒരു ദിവസം കുടിയായ്മ സമ്മേളന വേദിയാക്കി മാറ്റിയത്. ഒറ്റപ്പാലം സമ്മേളനത്തിലും കുടിയാൻമാരുടെ ദുരിതത്തെ സംബന്ധിച്ച ഒരു പ്രമേയം പാസ്സാക്കിയെങ്കിലും നിയമനിർമ്മാണം കൊണ്ടുവരുന്നതിനു ആവശ്യപ്പെടുകയുണ്ടായില്ല. കോൺഗ്രസുകാരിൽ പലരും കുടിയായ്മ സംഘം പ്രവർത്തകരും കൂടി ആയതിനാൽ കർഷക സമൂഹത്തിന്റെ പ്രതീക്ഷയായി മാറാൻ ഈ മുന്നേറ്റം കൊണ്ടു കഴിഞ്ഞു. വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത പേരുകളിലായി പ്രവർത്തിച്ചിരുന്ന ടെനൻസി അസോസിയേഷനുകൾ ഒരൊറ്റ സംഘമായി മാറിയത് ഒറ്റപ്പാലം സമ്മേളനത്തിൽ വെച്ചാണ്. അന്ന് മലബാർ കുടിയാൻ സംഘം (എം കെ എസ്) രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു. 1916 ൽ ജില്ല കോൺഗ്രസ്‌ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്ന കെ പി രാമൻ മേനോൻ പ്രസിഡന്റായ ഒരു സമിതിയുടെ പ്രഖ്യാപനം കൂടി ആ വേദിയിൽ വെച്ചു നടന്നു. എം. കൃഷ്ണൻ നായർ, ജി ശങ്കരൻ നായർ കുഞ്ഞിരാമ മേനോൻ തുടങ്ങിയവരാണ് കുടിയായ്മ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാക്കൾ. എം പി നാരായണ മേനോനായിരുന്നു ഏപ്രിൽ 24 നു നടന്ന കുടിയാൻ സമ്മേളനത്തിന്റെ നട്ടെല്ല്. അദ്ദേഹവും കട്ടിലശ്ശേരി മുഹമ്മദ്‌ മുസ്‌ലിയാരും ചേർന്നാണ് പിന്നീട് വള്ളുവനാട്, ഏറനാട് താലൂക്കുകളിൽ പ്രസ്ഥാനത്തിന്റെ ചുക്കാൻ പിടിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലത്തും അതിശക്തമായ രീതിയിൽ നിലനിന്നിരുന്ന മലബാറിലെ സാമൂഹിക അസ്വസ്ഥതകളെക്കുറിച്ച് ബോധവാൻമാരായ നേതാക്കൾ ശാശ്വത പരിഹാരം നേടിയെടുക്കുക എന്നതിന്റെ ഭാഗമായി ഈ പ്രദേശങ്ങളിൽ നിരന്തരമായി ഇടപെട്ടിരുന്നു.

ഉലമ- ഖിലാഫത്ത് സമ്മേളനം

മഞ്ചേരി സമ്മേളനം ഉണ്ടാക്കിയ ആവേശം മലബാറിലെ ഉൾഗ്രാമങ്ങളിൽ പോലും ഖിലാഫത്ത് കമ്മിറ്റികൾക്കും കൂട്ടായ്മകൾക്കും വർധിച്ച പിന്തുണ അതിവേഗം ലഭിച്ചു തുടങ്ങി. മിക്ക ദിവസങ്ങളിലും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ യോഗങ്ങൾ ജില്ലയിലുടനീളം നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഒറ്റപ്പാലത്ത് കേരള ഉലമ സമ്മേളനം എന്നോ മജ്ലിസുൽ ഉലമ എന്ന പേരിലോ ആദ്യ ഖിലാഫത്ത് സമ്മേളനം വിളിച്ചു ചേർക്കപ്പെടുന്നത്. അടുക്കും ചിട്ടയോടെയും സംവിധാനിച്ച പ്രസ്തുത സമ്മേളനം നിയന്ത്രിച്ചിരുന്നത് `പട്ടാളം´ എന്ന പ്രത്യേക മാപ്പിള വളണ്ടിയർ കോറായിരുന്നു. മേടം പതിമൂന്നിന് ഖിലാഫത്ത് പട്ടാളത്തിന്റെ അകമ്പടിയോടെ ദക്ഷിണേന്ത്യൻ മജ്‌ലിസുൽ ഉലമയുടെ പ്രമുഖ നേതാവായിരുന്ന ആന്ധ്രയിലെ മൗലവി സയ്യിദ് മുർത്തളായുടെ അധ്യക്ഷതയിൽ ചേർന്ന ഖിലാഫത്ത് സമ്മേളനം അന്നത്തെ കേരളത്തിലെ മുസ്ലിം നേതാക്കളെക്കൊണ്ടും പ്രതിനിധികളെക്കൊണ്ടും വേദിയും സദസ്സും സമ്പന്നമായിരുന്നു. മൂന്നു പ്രമേയങ്ങളാണ് ആ പ്രൗഢഗംഭീര സമ്മേളനസദസ്സ് അംഗീകരിച്ചത്.

1) യൂറോപ്യൻ ശക്തികൾ പ്രത്യേകിച്ചും അതിൽ പ്രമുഖരായ സഖ്യശക്തികൾ ഏക മനസ്സോടെ ഖിലാഫത്തിനെ തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനാൽ കേരളത്തിലെ മുസ്ലിംകളെല്ലാവരും യോജിച്ചുകൊണ്ട് ഇന്നു നേരിടുന്ന ആപത്തിൽ നിന്ന് ഇസ്ലാമിനെ രക്ഷിക്കാൻ രംഗത്തിറങ്ങണമെന്നും തങ്ങളുടെ സകാത്ത് വിഹിതത്തിന്റെ ഒരു ഭാഗം ഖിലാഫത്ത് ഫണ്ടിലേക്ക് നീക്കിവെക്കണമെന്ന് ഈ സമ്മേളനം അഭിപ്രായപ്പെട്ടു.

2) ഇന്ത്യൻ മതനേതാക്കളായ ഉലമാക്കളുടെ ഫത്‍വകളും പ്രമേയങ്ങളും അനുസരിച്ചുകൊണ്ട് അക്രമരഹിത നിസ്സഹകരണം നടത്തണമെന്ന് ഈ സമ്മേളനം ആവശ്യപ്പെട്ടു.

3) കോൺഗ്രസിന്റെ ശ്രമത്തിലൂടെ ഇന്ത്യ സ്വരാജ്യം നേടുകയും ഖിലാഫത്ത് പ്രശ്നം പരിഹരിക്കുകയും ചെയ്യുന്നതിനായി കേരളത്തിലെ 21 വയസ്സ് തികഞ്ഞ സ്ത്രീ പുരുഷൻമാരെല്ലാം വർഷത്തിൽ നാലണ വീതം സംഭാവന നൽകി ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ മെമ്പർമാരാകണമെന്നും ഈ സമ്മേളനം അഭ്യർത്ഥിച്ചു.

മലബാറിലെ മാപ്പിളമാരെല്ലാം കോൺഗ്രസിൽ ചേർന്ന് സഹകരിക്കണമെന്ന് എം പി നാരായണ മേനോൻ തന്റെ പ്രസംഗത്തിൽ അഭ്യർത്ഥിച്ചു. നാലായിരത്തോളം പ്രതിനിധികൾ സന്നിഹിതരായിരുന്ന ഈ സമ്മേളനത്തിൽ ഏറനാട് വള്ളുവനാട് പ്രദേശങ്ങളിൽ നിന്നും ജാഥയായി വന്നിരുന്ന മാപ്പിള സംഘങ്ങൾ, ജനങ്ങളിൽ രാജ്യസ്നേഹവും കോൺഗ്രസ്‌ ഖിലാഫത്ത് പ്രസ്ഥാനങ്ങളെപ്പറ്റി അഭിമാനവും ഉളവാക്കി.

മജ്ലിസുൽ ഉലമയുടെ കേരള ഘടകത്തിന്റെ രൂപീകരണവും പ്രഖ്യാപനവും ഒറ്റപ്പാലം സമ്മേളനത്തിൽ വെച്ചു നടന്നു. മൗലവി സയ്യിദ് മുർത്തളാ(പ്രസിഡന്റ്‌) വക്കം എം മുഹമ്മദ്‌ അബ്ദുൽ ഖാദർ മൗലവി, ശൈഖ് മുഹമ്മദ്‌ മാഹിൻ ഹമദാനി തങ്ങൾ, മൗലവി പി കുഞ്ഞഹമ്മദ് വൈസ് പ്രസിഡന്റുമാരായും ജനറൽ സെക്രട്ടറിയായി ഇ മൊയ്‌ദു മൗലവിയും കട്ടിലശ്ശേരി എം വി മുഹമ്മദ്‌ മൗലവി, മൗലവി അറബി ഷംനാട് കാസർഗോഡ്, മൗലവി എ മുഹമ്മദ്‌ കുഞ്ഞു വക്കം എന്നിവർ പ്രസ്തുത സമിതിയിലെ അസിസ്റ്റന്റ് സെക്രട്ടറിമാരായും തിരെഞ്ഞെടുക്കപ്പെട്ടു. കേരളത്തിന്റെ വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെയുള്ള പ്രദേശത്തെ പ്രമുഖ മതപണ്ഡിതൻമാർ ആ സംഘടനയിൽ അംഗങ്ങളായി. അവരിൽ പ്രമുഖരായ നാല്പത്തൊന്നാളുകളുണ്ടായിരുന്നു.

ഏപ്രിൽ 26- വിദ്യാർത്ഥി സമ്മേളനം

ഏപ്രിൽ 26 നു ഇൻഡിപെൻഡൻസ് പത്രാധിപർ ജോർജ് ജോസഫിന്റെ (പിന്നീട് ഗാന്ധിയൻ ആദർശങ്ങളിൽ ആകൃഷ്ടനായി) അധ്യക്ഷതയിലാണ് വിദ്യാർത്ഥി സമ്മേളനം ആ പന്തലിൽ വെച്ചു നടന്നത്. ഐക്യകേരളത്തിൽ വിപുലമായി നടന്ന ആദ്യ സമ്പൂർണ വിദ്യാർത്ഥി സമ്മേളനമായി ചരിത്രത്തിലിടം നേടി അന്നത്തെ ഒറ്റപ്പാലം കോൺഫറൻസ്. പണ്ഡിതനും പ്രഭാഷകനുമായ പാലിയത്ത് ചെറിയ കുഞ്ഞുണ്ണി അച്ഛൻ സമകാലിക രാഷ്ട്രീയ വിഷയങ്ങളുടെ പ്രാധാന്യം സദസ്സിനെ സഗൗരവം ബോധിപ്പിച്ചു. ദേശീയതലത്തിൽ ഉയർന്നു വരുന്ന പ്രക്ഷോഭസമരങ്ങളുടെ അർത്ഥവും വ്യാപ്തിയും ബോധ്യപ്പെടുത്തുന്നതിനോടൊപ്പം വിദ്യാർത്ഥിത്വം സമരസജ്ജമാക്കേണ്ടതിന്റെ പ്രധാന്യത്തെയും കുറിച്ചുള്ള ദിശാബോധം നൽകുന്നതായിരുന്നു നേതാക്കളുടെ പ്രസംഗത്തിന്റെ ഉള്ളടക്കം.

മർദനം/അനിഷ്ട സംഭവങ്ങൾ

വിദ്യാർത്ഥി സമ്മേളനത്തിൽ ജോർജ് ജോസഫ് തന്റെ അധ്യക്ഷ പ്രസംഗം നടത്തുന്നതിനിടയിലാണ് അങ്ങാടിയിൽ സമ്മേളനപ്രതിനിധികൾ ഉൾപ്പെടെയുള്ള വളണ്ടിയർമാരെ പൊലീസ് മർദിക്കുന്നതായി പന്തലിലേക്ക് ഒരാൾ ഓടി വന്നു പറയുന്നത്. വിവരങ്ങൾ ചോദിച്ചറിഞ്ഞ നേതാക്കൾ കാര്യങ്ങൾ അവിടെപ്പോയി അന്വേഷിക്കാൻ സ്വാഗതസംഘം സെക്രട്ടറി പെരുമ്പിലാവിൽ രാവുണ്ണിമേനോനെ പറഞ്ഞയച്ചു. അങ്ങാടിയിലെത്തിയ അദ്ദേഹത്തെയും പൊലീസ് അതിക്രൂരമായാണ് മർദിച്ചത്. മടക്കയാത്രയ്ക്ക് ഒരുങ്ങിയ മലപ്പുറം കുഞ്ഞിത്തങ്ങളെയും റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് പൊലീസ് വെറുതെ വിട്ടില്ല. സമാധാനപരമായി സമ്മേളനം നടന്നുകൊണ്ടിരിക്കെ ഒരു പ്രകോപനവുമില്ലാതെ വളണ്ടിയർമാരെയും സമ്മേളനപ്രതിനിധികളെയും ക്രൂരമായി ആക്രമിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ചപ്പോൾ, വിദ്യാർത്ഥി സമ്മേളനം വേഗത്തിൽ അവസാനിപ്പിച്ചു സമ്മേളനപ്പന്തൽ പിന്നെ സമരപന്തലായി മാറാൻ ഏറെ സമയം വേണ്ടിവന്നില്ല. എന്നാൽ നമ്മുടെ ആയുധം ക്ഷമയും ശക്തി സഹിഷ്ണുതയും ആയിരിക്കണമെന്നഭ്യർത്ഥിച്ചു കൊണ്ട് പ്രകോപിതരായ വളണ്ടിയർമാരെ ഫലപ്രദമായി നിയന്ത്രിക്കാൻ നേതാക്കൾക്കു കഴിഞ്ഞു. പോലിസ് തേർവാഴ്ചയിൽ പ്രതിഷേധിച്ചു സമ്മേളനനഗരിയിൽ നിന്നും ഒരു ബഹുജന റാലി ഒറ്റപ്പാലം പട്ടണത്തിലൂടെ പ്രദക്ഷിണം നടത്തി. ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഒറ്റപ്പാലം പട്ടണത്തിലെ കടകമ്പോളങ്ങൾ തുടർന്നുള്ള മൂന്ന് ദിവസം അടച്ചിടുകയും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഹർത്താലും പ്രതിഷേധപ്രകടനങ്ങളും നടക്കുകയും ചെയ്തു.

പൊലീസ് അതിക്രമം ആസൂത്രിതം

ഏപ്രിൽ 23 മുതൽ തന്നെ സമ്മേളന നഗരിയും ഒറ്റപ്പാലം പട്ടണവും പൊലീസ് കാവലിലായിരുന്നു. കെ.കെ മുഹമ്മദ്‌ അബ്ദുൽ കരീമിന്റെ അഭിപ്രായത്തിൽ ഒറ്റപ്പാലം സംഭവം ഉദ്യോഗസ്ഥൻമാരുടെ ഗൂഡാലോചനയായിരുന്നു. ജില്ലാ ജഡ്ജിയെയും പൊലിസുകാരെയും ജനങ്ങൾ ഭയപ്പെടുന്നില്ലെന്ന ബോധം മലബാർ കളക്ടർ ഇ എഫ് തോമസിനെയും കൂട്ടുകാരെയും വിറളി പിടിപ്പിച്ചിരുന്നു. സമ്മേളനം നടക്കുന്ന പന്തലിനകത്ത് നിന്നിരുന്ന പൊലീസുകാരോട് ഭാരവാഹികൾ പുറത്തുപോകാനാവശ്യപ്പെട്ടത് അവരെ ചൊടിപ്പിച്ചു. അങ്ങാടിയിലെ കച്ചവടക്കാർ പോലും പൊലിസിനെ വിലവെച്ചില്ല. മാമൂലായ സോഡ, ചായ എന്നിവയൊന്നും പൊലിസുകാർക്ക് അവർ നൽകിയില്ല. ക്രമസമാധാനത്തിനെന്നു പറഞ്ഞു അങ്ങാടിയിലൂടെ കവാത്ത് നടത്തിയ എം എസ് പി ക്കാരെ ജനങ്ങൾ കൂക്കി വിളിച്ചുവത്രെ. പൊലിസ് സൂപ്രണ്ട് ഹിച്ച് കോക്ക്, ആമു സാഹിബ്, മാങ്ങോട്ട് നാരായണ മേനോൻ മുതലായവർ ഇതൊരപമാനമായി കണ്ടു. ഇവ തടഞ്ഞില്ലെങ്കിൽ പൊലിസ് പ്രതാപം അവസാനിച്ചേക്കുമെന്നവർ ഭയപ്പെട്ടു. മാപ്പിളമാരുടെ അച്ചടക്കം അവരിൽ ആശങ്കയുളവാക്കി. വേണ്ടത്ര പ്രകോപനമേൽപ്പിച്ചാൽ മാപ്പിളമാർ തിരിച്ചടിക്കുമെന്നാണ് ഉദ്യോഗസ്ഥന്മാർ കരുതിയത്. സമ്മേളനത്തിനെത്തിയ പ്രതിനിധികൾ അടങ്ങിയിരുന്നു എന്നു മനസ്സിലാക്കിയപ്പോൾ എം എസ് പി ക്കാർ കച്ചവടക്കാരുടെ നേരെ തിരിഞ്ഞു. അവർ ഭ്രാന്തമായി പീടികകൾ കൊള്ള ചെയ്തു. കച്ചവടക്കാരെ മർദിച്ചു, വഴിപോക്കരെ തല്ലി. മേലുദ്യോഗസ്ഥൻമാരുടെ അറിവോടെയും ആവശ്യപ്രകാരവുമാണ് എം എസ് പി യും റിസർവ്ഡ് പൊലീസും ആക്രമം അഴിച്ചു വിട്ടതെന്ന് എല്ലാവർക്കും ബോധ്യമായി.

സമ്മേളനത്തിലെ പ്രഗത്ഭസാന്നിധ്യം

എൽ എ സുബ്ബരാമ ഐയ്യർ, കെ എം മൗലവി, കെ രാമുണ്ണി മേനോൻ, ഇ മൊയ്‌ദു മൗലവി, കട്ടിലശ്ശേരി എം വി മുഹമ്മദ്‌ മൗലവി, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാർ, ബ്രഹ്മദത്തൻ നമ്പൂതിരി, പെരുമ്പിലാവിൽ രാവുണ്ണി മേനോൻ , ചെങ്ങളത്ത് മാധവ മേനോൻ, ഹമീദ് ഖാൻ, എം പി നാരായണ മേനോൻ, പൊന്നാനിയിൽ നിന്നും ഒരു സംഘം പ്രവർത്തകരോടൊപ്പം കെ കേളപ്പൻ, ഡൽഹി ജാമിഅഃ മില്ലിയ വിദ്യാർത്ഥിയായിരുന്ന മുഹമ്മദ്‌ അബ്ദു റഹിമാൻ സാഹിബ്‌, (അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശന
കവാടമായി മാറി ഒറ്റപ്പാലം സമ്മേളനം, പിന്നീട് അദ്ദേഹം സെക്രട്ടറിയായുള്ള കേരള ഖിലാഫത്ത് കമ്മിറ്റിക്കു രൂപം നൽകി. കട്ടിലശ്ശേരി മുഹമ്മദ്‌ മൗലവിയായിരുന്നു പ്രസിഡന്റ്) എം പി ഗോവിന്ദ മേനോൻ, സുന്ദരയ്യർ ഒറ്റപ്പാലം തുടങ്ങി വള്ളുവനാട്, ഏറനാട് പ്രദേശങ്ങളിലെ പൗരപ്രമുഖരും അഭിഭാഷകരും രാഷ്ട്രീയ പ്രവർത്തകരും ഖിലാഫത്ത് നേതാക്കളുമായിരുന്നു സമ്മേളനത്തിലെ പ്രഗത്ഭസാന്നിധ്യം.
സാമ്രാജ്യത്വ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതിന് കൂടുതൽ ഇന്ധനം പകരുകയാണ് യഥാർത്ഥത്തിൽ ഒറ്റപ്പാലം സമ്മേളനം ചെയ്തത്. ഖിലാഫത്ത് വളണ്ടിയർമാരെയും കുടിയായ്മ പ്രവർത്തകരെയും വിദ്യാർത്ഥികളെയും മതനേതാക്കളെയും ഒരേ വേദിയിൽ കൊണ്ടുവരുന്നതിനു സഹായിച്ച ആദ്യത്തെ രാഷ്ട്രീയ സമ്മേളനത്തിനാണ് ഒറ്റപ്പാലം വേദിയായിത്തീർന്നത്. സ്വാതന്ത്ര്യസമര പോരാട്ടത്തിലെ കേരള മോഡൽ എന്ന് വിശേഷിപ്പിക്കാവുന്ന ഒറ്റപ്പാലം സമ്മേളനം തളർന്നു പോയ ജനോത്സാഹത്തിനു നവ ജീവൻ പകർന്നു. കേരള ചരിത്രത്തെ ഇളക്കി പ്രതിഷ്ഠിച്ച സമരത്തിനാണ് പിന്നീട് മലബാർ സാക്ഷിയായത്.

റഫറൻസ്

  • കെ എൻ പണിക്കർ, ‘മലബാർ കലാപം; പ്രഭുത്വത്തിനും രാജവാഴ്ചയ്ക്കുമെതിരെ’, ഡി സി ബുക്സ് 2004
  • കെ കെ മുഹമ്മദ്‌ അബ്ദുൽ കരീം ശഹീദ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി IPH ഒരുമ പ്രിന്റേഴ്‌സ് തൃശൂർ ജൂലൈ 2020
  • കെ മാധവൻ നായർ മലബാർ കലാപം മാത്രഭൂമി ബുക്സ് കോഴിക്കോട് അഞ്ചാം പതിപ്പ് 2016
  • മോഴിക്കുന്നത്ത് ബ്രാഹ്മദത്തൻ നമ്പൂതിരിപ്പാട്, ഖിലാഫത്ത് സ്മരണകൾ, 1965, കോഴിക്കോട്
  • പ്രൊഫ.കോൺറാഡ് വുഡ്, ‘മലബാർ കലാപം അടിവേരുകൾ’ പരിഭാഷ ടി വി കെ, പ്രഭാത് ബുക്ക്‌ ഹൗസ്, തിരുവനന്തപുരം, മാർച്ച്‌ 2000

    ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

amplicon

LEAVE A REPLY

Please enter your comment!
Please enter your name here