മീശക്കാരി 

1
491
meesakkari-haira-athmaonline-the-arteria

കഥ
ഹൈറ സുൽത്താൻ

“നിനക്ക് വേറെയെവിടെയൊക്കെ മുടിയുണ്ടെടീ? ”

“എങ്കളുക്ക് ഒറ്റക്കുടിതാ മ്പ്രാ ” അവയവങ്ങളുള്ള കറുകറുത്തതടിപോലുള്ളവൾ അല്പം വിട്ടുനിന്ന് മറുപടി പറഞ്ഞു.

“കുടിയല്ലെടീ മുടി മുടി ” നാലു സിംബളന്മാരിലൊരാൾ കൂടെയുള്ളവരെനോക്കി വഷളൻചിരിയോടെ ഒറ്റപ്പുരികമുയർത്തി. ഉടനെ  തന്റെ മൂക്കിന്റെ താഴെയായി കിളിർത്തുനിൽക്കുന്ന രോമക്കാടുകളെ തൊട്ടുകൊണ്ട് പെണ്ണ് തലകുനിച്ചു. അവൾക്ക് ലജ്ജതോന്നിയെന്ന് ഒരുവനും അതല്ല അവൾക്ക് സങ്കടം വന്നെന്നു മറ്റൊരുവനും  തെറ്റിദ്ധരിച്ചു.

“ചീരൂ.. കാടുകാണാൻവന്ന ഏമാന്മാർക്ക് ചക്ക വെട്ടണോ.. എങ്ക അരിവാള് കൊണ്ടത്തെരി ” അവൾ ദൂരെയുള്ള  ഓലപ്പൊന്തനോക്കി ഉള്ളംകൈകൊണ്ടു കവിളിൽപ്പൊത്തിയലറി.

“എന്നാൽ ചക്ക തിന്നിട്ടാകാം ചക്കക്കൂട്ടാൻ അല്ലേടാ.. ഹ ഹ ” നാലുപേരിലൊരാളൊഴിച്ചു ബാക്കി ഏമാന്മാർ ചുണ്ടുചൊറിഞ്ഞു.

മുത്തങ്ങക്കാട്ടിനു നടുവിലൂടെ അവൾ അവരെയുംകൊണ്ട് വരിക്കനോക്കി നടന്നു. ഉൾക്കാട്ടിലേക്ക് നടന്നുകയറുന്തോറും പഴുത്തചക്കയുടെ മണം മൂക്കിൽ ഒച്ചിനെപ്പോലെയിഴഞ്ഞു.

“ഇവിടെ ചക്ക മാത്രേ കിട്ടത്തുള്ളൂ? ”

“ഹേയ്, ഞാവൽ, ഞവര, കുടുത്തി, ചാമ്പ, നെല്ലി, ആമ്പക്കാ, കൂര, മാങ്ങാ, തേങ്ങാ, മച്ചിങ്ങ, ആറ്റിങ്ങ, നീണ്ടി, ഉറുമ, പിന്നെ കെയ്ങ്ങേളെല്ലാങ്കിട്ടും ” അരിവാളുകൊണ്ട് കാടറുത്തറുത്തവൾ മുന്നോട്ട് നീങ്ങി. അവളെ പിന്തുടർന്ന് അവരും.

“തേൻ കിട്ടൂലെ? ” അതും ഒരാളൊഴിച്ചു ബാക്കിയുള്ളവർക്ക് രസം കൊടുത്ത ചോദ്യം.

“ഓ, തോനെ.. നമ്മക്ക് നല്ല വെല കെടക്കണില്ല”

“എത്രയാന്നുവെച്ച പറയന്നേ.. ഞങ്ങളിന്നു മൊത്തം മേടിച്ചിട്ടേ പോകത്തുള്ളൂ.. ”

“അതിന്റെ ആള് നമ്മളല്ല, അത് മരംകൊത്തിതാ.. ”

“മരംകൊത്തിയോ? ”

“അതവരുടെ പേര്, മരംകൊത്തി., തേനെടുക്കുന്നകൂട്ടർക്ക് അത് വിളിപ്പേർ ”

“ഹോ.. അപ്പോ നിന്റെ പേരെന്താ.. ”

“എങ്ക പേര് കുറുക്കത്തി ”

“ഹ ഹ.. കോലം വെച്ച് കൊരങ്ങത്തിയെന്നിടണം, അതിരിക്കട്ടെ നിനക്കു മാത്രമേ ഈ മീശയുള്ളു കാട്ടിൽ? ”

“ഇത്രക്കും തോനെ എനക്ക് മാത്രം.”

“ഞങ്ങളെ നാട്ടിൽ ആണുങ്ങൾക്ക് മാത്രമേ ഇതുള്ളൂ.. ഇനി നീ ആണാണെങ്കിലോ? ”

മുന്പിലെ ഉണക്കക്കൊള്ളികൾ പെറുക്കി മൂലയിലേക്കിട്ട് ദൂരെക്കാണുന്ന ഇല്ലിക്കാട്ടിലേക്ക് നോക്കി അവർ ഊടുവഴിയിലേക്ക് കയറി. നടപ്പാതയവസാനിച്ചു നനഞ്ഞയിലകളിലേക്ക് കരിമ്പൻകാലുകൾ അമർത്തിച്ചവിട്ടി അടുത്തുകണ്ട നീണ്ടകമ്പിനെ മുട്ടിൽവെച്ചൊടിച്ചു നിലത്തുകുത്തി.

“എനി ഏമാന്മാർ ബരേണ്ട, എങ്കളുപോയി കൊത്തിക്കൊണ്ടുവരാം ചക്ക. ഉള്ളംങ്കാട്ടിൽക്ക് ഇരുട്ടും എയജന്തുക്കളും കാണും. ”

നാലുപേരെയും പേരറിയാത്തൊരു വമ്പൻ മരത്തിന്റെ ചുവട്ടിൽ നിറുത്തികൊണ്ടവൾ കാട്ടിലേക്ക് കയറാൻ തുനിഞ്ഞു.

“ഹ അതെന്നാ പരിപാടിയ.. ഇതുവരെ ഒപ്പം കൊണ്ടുവന്നിട്ട്.. ഞങ്ങളും വരും ”

“അത് ബേണ്ട, ഉങ്കളുക്ക് കാടമ്മയെത്തെരിയാത്,  അറിയാത്തവങ്കളെക്കണ്ടാൽ കാറ്റടിക്കും, കല്ലെറിയും, തീക്കത്തും ”
അവളുടെ കറുത്തകണ്ണിലെ വെളുത്ത ഭാഗം വീർത്തുവന്നത് കണ്ടപ്പോൾ ഒരുത്തൻ പരുങ്ങി.

“ഞങ്ങൾക്ക്  നിന്റെ കാട്ടമ്മയെപ്പേടിയില്ല, ഞങ്ങളും  വരും. ” ബാക്കി മൂന്നുപേരും മണി നാലുകഴിഞ്ഞ വെയിലിനെ പടിക്കൽ നിർത്തിയ ഇരുട്ടുള്ള കാട്ടിലേക്ക് അവളോടൊപ്പം കയറി.

“നിനക്കീ വഴിയൊക്കെ നല്ല പരിചയമാണല്ലേ? ”

“കാടു നമ്മക്ക് വീടുമാതിരി തമ്പ്രാ.., കാട്ടുജീവികൾ ഉറ്റവർമാതിരി ”

“ഓ അപ്പോ ഞങ്ങളെയൊന്നും പറ്റില്ലല്ലേ.. ”

“നീങ്കളെ എന്നുടെ അപ്പാവുക്ക് പിടിക്കും.,കാണാൻ ചൊങ്കൻമാരെന്ന് വായവിടാതെ പുലമ്പും ”

“ആഹാ ഇപ്പോ അപ്പനെവിടെ? ”

“വേട്ടക്ക് വന്നോരെ വെടികൊണ്ട് ചത്തു. ”

തോളിൽക്കെട്ടിയ മഞ്ഞക്കുപ്പായക്കെട്ട് പിടിച്ചവൾ മുന്നോട്ട് കേറി.

“ഇത്തിരിയപ്പറത്ത് പ്ലാവുപഴുത്ത്ക്ക്, ഞാമ്പോയി വെട്ടാം.., നീങ്ക ബരേണ്ട, അവടെ കടുവ കാണും  ”

അതുകേട്ടപ്പോൾ മറ്റൊരുത്തനും പേരറിയാത്തൊരു  മരത്തിൻകീഴെ നില്പുറപ്പിച്ചു.

“ഓ.. ഒരു ഫോട്ടോ എടുക്കാലോ ഞങ്ങളും വരാം ” അവളെതിർത്തില്ല.. കൂടെക്കൂട്ടി.

“നിനക്ക് വേറെയാരോക്കെയുണ്ട് ഈ മൃഗങ്ങളെക്കൂടാതെ.. ”

“കാടമ്മ.. !” അരിവാളിന്റെ വളഞ്ഞഭാഗം കൊണ്ടവൾ പുറംചൊറിഞ്ഞു.

“അതല്ലെടീ.., അമ്മ, സഹോദരി…അങ്ങനെയാരൊക്കെ? ”

“അമ്മയെ കാക്കിപിടിച്ചു., എന്നമോ മാവോയൊ മാനോയോ അപ്പിടിയെന്തോ പിറുപിറുത്തൊരീസം  തൂക്കിക്കൊണ്ടോയി.”

“സഹോദരി? ”

“ഓള് നീങ്കളെമാതിരിയൊരു വണ്ടിക്കാരന്റെ കൂടെയോടിപ്പോയി.. പിറ്റേസം പൊയേൽ പൊങ്ങി ”

“ഹോ.. മൊത്തം ഡാർക്കാണല്ലോ നിന്റെ കുടുംബം ”

“അതെന്ത്? ‘

“ഇരുട്ടാണല്ലോ എന്ന് ”

“ഹാ.. കാടുമാതിരി. ”

“അപ്പോ നീയിപ്പോൾ ഒറ്റക്കാണെന്ന് സാരം.. ” അവന്റെ മുഖത്ത് ആദ്യം കണ്ട ചിരിയെവിടെന്നോ പറന്നുവന്നിരുന്നു.

“അങ്കയൊരു ചത്പ്പ്, അറയാത്തോരു ചവ്ട്ടിയ   താണ്പോകും നീങ്ക ബരേണ്ട ” അവളാവർത്തിച്ചു. മൂന്നാമനും ഇരുട്ടിൽ കാണാത്തമരത്തിന്റെ ചോട്ടിൽനിന്നു.

മുൻപോട്ടു നിശബ്ദത.കുറച്ചങ്ങു കഴിഞ്ഞപ്പോൾ

പഴുത്തചക്കയുടെ മണം ആരോടും പറയാതിറങ്ങിപ്പോയി, ചീഞ്ഞമണം കുത്തിക്കയറി.

“എന്താ ഒരു വൃത്തികെട്ട മണം ”

“ചക്ക ചീഞ്ഞതാ.. ”

“ഇതിപ്പോ ഒരുപാടായി, എനിക്ക് മടുത്തു. നമുക്കല്പം ഇരുന്നിട്ട് പോകാം.. ” അവനവളുടെ കൈയിൽപ്പിടിച്ചു, പിന്നേ തോളിലേക്ക്.

“ധൃതി ബേണ്ട. ഇബടെയെത്തിയല്ലോ, ഒന്നിച്ചാകാം.. ”

“ഹ്മ്മ്.. !” മൂളലിനൊപ്പം കൈയും നീണ്ടു. ഇടത്തുകെട്ടിയ കുപ്പായം അയഞ്ഞുപോകാൻ അവന്റെ വിരലുകൾ ശ്രമിച്ചുകൊണ്ടിരുന്നു.

“എങ്കപ്പൻ ചത്തേൽപ്പിന്നെ അമ്മയെക്കുഴിച്ചിടാനാണ് നമ്മളീ വയ്യിൽക്കേറിയത്. ”

അവളുടെ പതുക്കെയുള്ള മർമരം പിടിവിട്ടുകളയാനുള്ളത്ര ശക്തമായിരുന്നു.

“ചൊങ്കന്മാരായ നായിന്റെമക്കളെ കുഴിച്ചിട്ട ഓരോ വയ്യിലും അന്റെ ചെങ്ങായിമാരു നിക്കുന്നുണ്ട്, എന്നാ ഇഞ്ഞിയാണിത്രേം ദൂരം ബരാൻ മനസുകാട്ടിയ ആദ്യത്തോൻ,

പെഴച്ച അമ്മേനേം കൊന്ന്, പെങ്ങളേം കൊന്ന്. പിന്നെ  അനക്ക് തിരിഞ്ഞ്, പെഴച്ചോരെയല്ല പെഴപ്പിച്ചൊരെയാണ് കൊല്ലേണ്ടതെന്ന്, അതോണ്ട് വെരുന്നോരെക്കൊണ്ട് ഞമ്മളില്ലാത്ത ചക്ക തീറ്റിക്കും. ”

“ഡീ… ” അലറൽ അവസാനിച്ചത് അരിവാളിനിടയിലായിരുന്നു. പേരറിയാത്ത മരങ്ങളുടെ ചോട്ടിൽ കുഴികുത്തിയോരോയൊച്ചയും നൂണ്ടുപോയി.  കാടിനുപുറത്തുകാണുന്ന ഉയർന്ന പ്ലാവിന്റെ വേരിൽ ചവങ്ങളുടെ വളം കരിങ്കാടിന്റെ മരണം വരെ മീശക്കാരിയിട്ടുകൊടുത്തുകൊണ്ടേയിരുന്നു. അങ്ങനെയില്ലാത്ത ചക്കകളുടെ കൂമ്പുകൾ  തളിർത്തു,പൂത്തു, വാടിക്കൊണ്ടേയിരുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here