ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: The President
Director: Mohsen Makhmalbaf
Year: 2014
Language: Georgian
ഒരു സാങ്കല്‍പ്പികരാജ്യത്ത് ഭരണവിരുദ്ധ കലാപം പൊട്ടിപ്പുറപ്പെടുകയാണ്. ഏകാധിപതിയായ പ്രസിഡന്റിനും പരിവാരത്തിനുമെതിരെയാണ് കലാപം. കലാപത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍, പ്രസിഡന്റിന് നില്‍ക്കക്കള്ളിയില്ലാതാവുന്നു. കുടുംബത്തെയൊക്കെ പ്രസിഡന്റ് വിദേശത്തേക്കയക്കുന്നു. പക്ഷേ ചെറുമകന്‍ മാത്രം പ്രസിഡന്റിനോടൊപ്പം നില്‍ക്കാന്‍ വാശിപിടിക്കുന്നു. പ്രസിഡന്റിന് പക്ഷേ മറ്റൊരു രാജ്യത്തേക്ക് പാലായനം ചെയ്യാന്‍ സാധിക്കുന്നില്ല. തുടര്‍ന്ന്, ചെറുമകനോടൊപ്പം കലാപത്തെ അതിജീവിക്കാന്‍ ഏകാധിപതി നടത്തുന്ന ശ്രമങ്ങളാണ് ദ പ്രസിഡന്റ് എന്ന സിനിമ. കലാപകാരികള്‍ തന്നെ തിരിച്ചറിയാതിരിക്കാനായി വേഷം മാറുന്ന ഏകാധിപതി, രാജ്യത്തിന്റെ വിവിധഭാഗങ്ങളിലൂടെ ഒരു സാധാരണ മനുഷ്യനെപ്പോലെ പാലായനം ചെയ്യുന്നു. ഈ പാലായനത്തിനിടയില്‍ താനിതുവരെ ചെയ്തുകൊണ്ടിരുന്നത് എന്താണെന്ന് നേര്‍ക്കണ്ണുകള്‍ കൊണ്ട് ഏകാധിപതി കാണുന്നു. തന്റെ ചെയ്തികള്‍ കൊണ്ട് കഷ്ടതയനുഭവിക്കുന്ന ജീവിതങ്ങളിലൂടെയുള്ള ഏകാധിപതിയുടെ നിര്‍വികാരമായ കടന്നുപോക്കാണ് സിനിമയിലുടനീളം.
വിഖ്യാതനായ ഇറാനിയന്‍ സംവിധായകനായ മൊഹ്സെന്‍ മക്മല്‍ബഫിന്റെ സിനിമയാണ് ദ പ്രസിഡന്റ്. ഭരണകൂടത്തിന്റെ ചെയ്തികള്‍ ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ വ്യത്യസ്തമായ ഒരു വീക്ഷണവും അവതരണവും സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയായി പറയാനാവും. വ്യവസ്ഥകള്‍ മാറുമ്പോഴും വര്‍ഗങ്ങള്‍ തമ്മിലുള്ള അന്തരവും വിവേചനങ്ങളും വലിയ മാറ്റങ്ങളില്ലാതെ നിലനില്‍ക്കുന്നുവെന്നും സിനിമക്ക് അഭിപ്രായമുണ്ട്. ചരിത്രത്തിലെ പല സ്വേച്ഛാധിപതികളുടെയും അവസാനകാലജീവിതത്തോട് സമാനമാണ് സിനിമയുടെ പശ്ചാത്തലം.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല