ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: Heidi
Director: Alain Gsponer
Year: 2015
Language: German
ശിശുദിനമല്ലേ? ഇന്ന് ഒരു കുട്ടിപ്പടം പരിചയപ്പെടുത്താം. വര്‍ഷങ്ങളോളം തന്റെ ആന്റിക്കൊപ്പം താമസിച്ചതിനുശേഷം ഹെയ്ദി എന്ന അനാഥയായ പെണ്‍കുട്ടി സ്വിസ്സ് ആല്‍പ്‌സിലുള്ള തന്റെ വൃദ്ധനായ മുത്തശ്ശന്റെ അടുത്തേക്ക് താമസിക്കാനെത്തുകയാണ്. ഏകാകിയായ താമസിക്കുന്ന മുത്തശ്ശന് പക്ഷേ പേടിപ്പെടുത്തുന്ന പ്രകൃതമാണ്. എന്നാല്‍ അധികം വൈകാതെ തന്നെ അയാള്‍ ഹൈദിയെ സ്‌നേഹിക്കാന്‍ തുടങ്ങുന്നു. അതോടൊപ്പം പീറ്ററെന്ന ആട്ടിടയന്‍ കുട്ടിയും ഹൈയ്ദിയുടെ സുഹൃത്താവുന്നു. സ്‌കൂളില്‍ പോയി പഠിക്കാനൊക്കെ ആഗ്രഹമുണ്ടെങ്കിലും ഹെയ്ദിക്ക് മുത്തശ്ശനോടൊപ്പമുള്ള മലനിരകളിലെ ജീവിതം ഇഷ്ടമാണ്. എന്നാല്‍ പെട്ടെന്നൊരു ദിവസം ആന്റ് തിരിച്ചുവന്ന് ഹെയ്ദിയെ കൂട്ടിക്കൊണ്ട് ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിക്കുന്നു. ഹെയ്ദിയെ ഒരു ഉന്നതകുടുംബത്തിലെ വികലാംഗയായ കുട്ടിയുടെ തോഴിയാക്കാനായിരുന്നു ആ യാത്ര. ക്ലാര എന്ന് പേരുള്ള ആ കുട്ടിയുമായി വളരെ അടുക്കുന്നുവെങ്കിലും ഉപരിവര്‍ഗത്തിന്റെ രീതികളുമായി പൊരുത്തപ്പെടാന്‍ ഹെയ്ദി പ്രയാസം നേരിടുന്നു. തുടര്‍ന്ന് ക്ലാരയും മുത്തശ്ശനും ക്ലാരയുടെ മുത്തശ്ശിയും പീറ്ററുമൊക്കെ അടങ്ങുന്ന നഗരത്തിലും ഗ്രാമത്തിലും മലമുകളിലുമായി പുരോഗമിക്കുന്ന ഹെയ്ദിയുടെ ബാല്യജീവിതത്തിന്റെ കഥയാണ് 2015 ല്‍ പുറത്തിറങ്ങിയ ഹെയ്ദി എന്ന സിനിമ. അലന്‍ സ്‌പോണര്‍ സംവിധാനം ചെയ്ത സിനിമ 19 ാം നൂറ്റാണ്ടില്‍ പുറത്തിറങ്ങിയ ജൊഹാന സ്‌പൈറിയുടെ അതേ പേരിലുള്ള വിഖ്യാത നോവലിന്റെ സിനിമാരൂപമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കാണാവുന്ന ഒരു ലൈറ്റ് ഹാര്‍ട്ടഡ് ഫീല്‍ ഗുഡ് സിനിമയാണിത്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.