സ്വാലിഹ : നല്ല നാളേയ്ക്ക് വേണ്ടിയുള്ള പ്രതീക്ഷ.

0
342
athmaonline-the-arteria-anusree

ലേഖനം
അനുശ്രീ കണ്ടംകൈ

ന്യൂ വേവ് ഫിലിം സ്കൂൾ, കാലിക്കറ്റ്‌ വിധ്യാർഥിയായ അമൽ ആധിത് എൻ ടി സംവിധാനം ചെയ്ത 15 മിനിറ്റ് ദൈർഗ്യമുള്ള ഹ്രസ്വ ചിത്രമാണ് ഫോർ എ ബെറ്റർ ടുമാറോ (For A Better Tomorrow). പരിസ്ഥിതി സംരക്ഷണങ്ങളും സാമൂഹ്യ ഉത്തരവാദിത്തങ്ങളും പാഠപുസ്തകങ്ങളിൽ മാത്രം ആയി പോകുന്ന ഇന്നത്തെ കാലത്താണ്, പന്ത്രണ്ട് വയസ്സുള്ള സ്വാലിഹ എന്ന വിദ്യാർഥി തന്റെ ജീവിത രീതിയും, വീക്ഷണവും കൊണ്ട് വ്യത്യസ്തയാകുന്നത്. സ്വാലിഹയുടെ നേട്ടങ്ങളും. അവൾ സമൂഹത്തിനു പകരുന്ന പാഠങ്ങളും, അവൾക്ക് ഓടാനുള്ള ദൂരങ്ങളെയും, അമൽ ഈ ചിത്രത്തിലൂടെ വ്യക്തമായി പ്രേക്ഷകർക്ക് കാണിച്ചു തരുന്നുണ്ട്. 2019ൽ കേരള സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് അർഹയായ കണ്ണൂർ സ്വദേശിയായ സ്വാലിഹ ജനശ്രദ്ധ നേടിയത്, പരിസ്ഥിതി സംരക്ഷണത്തിലുള്ള വ്യത്യസ്തമായ ഇടപെടലിലൂടെയാണ്. പയ്യന്നൂർ മുതൽ പാലക്കോഡ് വരെ സുൽത്താൻ തോടിലൂടെ ഒറ്റയ്ക് നീന്തിയ ഈ പെൺകുട്ടി കായലുകളിലും തോടുകളിലും, പുഴകളിലും ഉള്ള മലിനീകരണത്തെ തടയുക എന്ന സന്ദേശമാണ് ഈ സാഹസീകതയിലൂടെ പറഞ്ഞുവെച്ചത്. പ്രവാസിയായ പിതാവ് ഒരിക്കൽ ഫോൺ വിളിക്കുന്നതിനിടെ, കടുത്ത ചൂടിനെപ്പറ്റിയും, തണൽ മരങ്ങളില്ലാത്ത പ്രവാസജീവിതത്തേപ്പറ്റിയും പറയുന്നത് കേട്ട സ്വാലിഹ, അടുത്ത ദിവസം തന്നെ വീടിന്റെ പരിസരങ്ങളിൽ ചെറു തൈകൾ നട്ടു തുടങ്ങുന്നു. പിന്നീടത് സ്കൂൾ പരിസരങ്ങളിലേക്കും, അവിടെ നിന്ന് പൊതു സ്ഥലങ്ങളിലേക്കും. വ്യാപിച്ചു വന്നു.

പരിസ്ഥിതി അവബോധ പ്രവർത്തനങ്ങളുമായി തോട് പുഴ കടൽ വഴി കയാക്കിങ് നടത്തിയ ഈ പന്ത്രണ്ട് വയസ്സുകാരി ഇന്ന് അവൾക്ക് പഠിക്കാനുള്ള പാഠപുസ്തകത്തിന്റെ കൂടി ഭാഗമായിരിക്കുന്നു. പശ്ചാത്തലത്തിൽ സ്വാലിഹയെക്കുറിച്ചുള്ള പാഠഭാഗങ്ങൾ ഉറക്കെ വായിച്ചു കൊണ്ടാണ് ഈ ഡോക്യൂ ഫിക്ഷൻ ആരംഭിക്കുന്നത്. തുടർന്ന് സാഹപാഠി, പിതാവ്, നാട്ടുകാരൻ, അധ്യാപിക എന്നിവരുടെ കണ്ണിലൂടെ കൃത്യമായൊരു ഡയറി ചിട്ടപ്പെടുത്തുന്നതുപോലെ വ്യത്യസ്തമായ രീതിയിൽ ഈ ചിത്രം മുന്നോട്ട് പോകുന്നു. സിനിമയുടെ എടുത്തു പറയേണ്ടതായിട്ടുള്ള മറ്റൊരു പ്രത്യേകത മികച്ച ശബ്ദമിശ്രണമാണ്. പതിഞ്ഞ ശബ്ദത്തിൽ സ്കൂൾ അന്തരീക്ഷവും. തിരക്കേറിയ റോഡും,ഒക്കെ പശ്ചാത്തലത്തിൽ വരുമ്പോൾ ഈ ചിത്രം കുറച്ചു കൂടെ റിയലിസ്റ്റിക് ആവുകയും പ്രേക്ഷകന് പരിചിതമായ ചുറ്റുപാടിലേക്ക് നമ്മളെ കൊണ്ടുപോവുകയും ചെയ്യുന്നു. അതുപോലെ തന്നെ എടുത്തു പറയേണ്ടതാണ് ഗിരീഷ് രാമന്റെയും ശ്രീകുമാറിന്റെയും ഛായാഗ്രഹണവും അശ്വിൻ രാജിന്റെ എഡിറ്റിങ്ങും.

പെണ്ണ് പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങളുമായി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വളർന്നു വരുന്നത് ആദ്യമായിരിക്കില്ല എന്നാൽ ഒരുപാട് നിയമങ്ങളും നിബന്ധനകളുമുള്ള, മാതാധിഷ്ടിതമായ ഒരു സമുദായത്തിൽ നിന്നും ഒരു പന്ത്രണ്ട് വയസ്സുകാരി, അതിസാഹസികമായി, വ്യത്യസ്ഥ രീതികളിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർന്നു വരുന്നത്. ഒരുപക്ഷെ ചരിത്രമാകാൻ പോകുന്ന ഒന്നായിരിക്കും. ഇതിനു പിന്നിൽ അവൾക്കു ലഭിക്കുന്ന പ്രോത്സാഹനങ്ങളും അത്രയും വിലപ്പെട്ടതാണ്.

പതിനാറാമത്തെ വയസ്സിൽ ഐക്യ രാഷ്ട്ര സഭയുടെ കാലാവസ്ഥ ഉച്ചകോടിയിൽ അഭിസംബോധന ചെയ്ത് സംസാരിച്ച ഒരു പെൺകുട്ടിയുണ്ട്. 2019 ലെ ” ടൈം പേർസണൽ ഓഫ് ദി ഇയർ ” 2021 ൽ നോബൽ പ്രൈസിനുള്ള നോമിനേഷൻ എന്നിവ നേടിയ സ്വീഡനിലെ ഒരു കുഞ്ഞു പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗ്. ന്യൂ യോർക്കിൽ നടന്ന പരിസ്ഥിതി സമ്മേളനത്തിൽ കാർബൺ മലിനീകരണം ഇല്ലാത്ത പായ് വഞ്ചിയിലാണ് ഇംഗ്ലണ്ടിൽ നിന്നും അറ്റ്ലാന്റിക് സമുദ്രം മറികടന്ന് ഗ്രെറ്റ എത്തിച്ചേർന്നത്. ഇത്തരത്തിൽ കടലും കായലുകളും, തോടും, പുഴകളും താണ്ടി ഈ പെൺകുട്ടികൾ സമൂഹത്തോട് പറയുന്നത് വലിയ കാര്യങ്ങളാണ്. അവർക്കും ഇനി വരുന്ന തലമുറകൾക്കും അർഹമായ ഈ ഭൂമിയെ അതിന്റെ എല്ലാ സൗന്ദര്യങ്ങളോടും കൂടി നിലനിർത്തി പരിപാലിക്കാൻ. പതിനഞ്ചു മിനിറ്റ് ധൈര്ഗ്യമുള്ള ഈ ചിത്രം ഓരോ പ്രേക്ഷകന്റെയും ചിന്തകളെയും കാഴ്ചപ്പാടുകളെയും തിരുത്താൻ പ്രേരിപ്പിക്കുന്നുണ്ട്.
തികച്ചും സാധാരണക്കാരിയായ ഒരു പെൺകുട്ടി സാഹസീകതയിലൂടെ പരിസ്ഥിതി സംരക്ഷണ പാഠങ്ങൾ പങ്കുവെക്കാൻ ശ്രമിക്കുമ്പോൾ. പ്രേക്ഷകരായ നമ്മൾ ഒരുപാട് ചിന്തിക്കേണ്ടതുണ്ട്. ഈ ഭൂമിയിൽ നമ്മൾ ചെയ്ത അല്ലെങ്കിൽ ഇനി ചെയ്യേണ്ടതായിട്ടുള്ള നമ്മുടെ പങ്കിനെപ്പറ്റി. പുഞ്ചിരിച്ച മുഖവുമായി ഒരു റോളർ സ്കേറ്ററിലൂടെ മുന്നോട്ട് കുതിക്കുന്ന സ്വാലിഹയുടെ ഫ്രെയിംകളിലൂടെ മനോഹരമായ ഈ ചിത്രം അവസാനിക്കുന്നു. അവസാനിക്കുന്നോ? ഇല്ല. ഇനിയും ഒരുപാട് ദൂരം അവൾക്കും നമുക്കും താണ്ടാനുണ്ട് നല്ലൊരു നാളേയ്ക്കായി. ഒരുപാട് പ്രതീക്ഷകളാണ് ഈ ചിത്രവും അതിന്റെ അണിയറപ്രവർത്തകരും നമുക്ക് സമ്മാനിക്കുന്നത്. സ്വാലിഹയുടെ വരും കാല പ്രവർത്തനങ്ങൾക്ക് കൂടെ ഒരു ഊർജമാകട്ടെ അതിനുള്ള മികച്ച പ്രോത്സാഹനങ്ങളിൽ ഒന്നാവട്ടെ ഈ ഡോക്യൂ ഫിക്ഷൻ.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here