വിവർത്തനം : സനൽ ഹരിദാസ്
ഈ ലോകത്തിലെ ഏറ്റം വിചിത്രമായ മനുഷ്യൻ
ഞാൻ തന്നെയെന്ന് ഞാൻ സ്വയം ചിന്തിക്കുമായിരുന്നു.
ഈ ലോകത്തിൽ അനേകം മനുഷ്യരുണ്ട്,
എന്നെപ്പോലെ വിലക്ഷണതയനുഭവിക്കുകയും
ഞാൻ ചെയ്യുന്ന കണക്കേ പിഴവുകൾ പിൻതുടരുകയും
ചെയ്യുന്ന ആരെങ്കിലുമൊരാൾ
തീർച്ചയായും അവരിലുണ്ടാകുമെന്ന് ഞാനോർക്കുന്നു.
ഞാനവളെ സങ്കൽപിക്കും.
എന്നെക്കുറിച്ച് ചിന്തിച്ചുകൊണ്ട്
അവളവിടെയുണ്ടാകാമെന്നും സങ്കൽപിക്കും.
നിങ്ങളവിടെ ഉണ്ടാകുമെന്നും
ഇത് വായിച്ചറിയുമെന്നും ഞാൻ കരുതുന്നു.
എന്തെന്നാൽ ഞാനിവിടെയുണ്ടെന്നത്
തീർച്ചയായും സത്യമാണ്.
ഞാൻ നിന്നോളം വിചിത്രയുമാണ്.
ഉറക്കത്തിൽ നിന്ന് ഞെട്ടിച്ചുണർത്തുന്ന കാരണങ്ങളും
ഉറങ്ങാനനുവദിക്കാത്ത പിശാചുക്കളും അലങ്കോലപ്പെടുത്തിയ
നിന്നെ ആഗ്രഹിക്കുന്ന ഒരു കമിതാവിനെ നീയർഹിക്കുന്നു.
നിന്നെ ഭദ്രതയനുഭവിപ്പിക്കുന്ന ഒരു കമിതാവിനെ നീയർഹിക്കുന്നു.
നിന്നോടൊത്ത് കൈകോർത്തു നടക്കേ
പ്രപഞ്ചത്തെയാകെ വിജനമാക്കാൻ കഴിവുള്ള ഒരുവനെ.
തന്റെ ആലിംഗനങ്ങൾ നിന്റെ ചർമത്തോട്
അത്രമേൽ ചേർച്ചയിലെന്ന് കരുതുന്ന ഒരുവനെ.
നിന്നോടൊത്ത് നൃത്തം ചെയ്യാനാഗ്രഹിക്കുന്ന
ഒരു കമിതാവിനെ നീയർഹിക്കുന്നു.
ഓരോ തവണയും നിന്റെ മിഴികളിലേക്ക് നോക്കവേ
പറുദീസ പൂകുന്ന, നിന്റെ പ്രകാശനങ്ങളെ
ഒരിക്കലും നിരീക്ഷിച്ച് മതിവരാത്ത ഒരുവനെ.
നീ പാടുന്ന നേരമെല്ലാം കതോർത്തിരിക്കുന്ന
ഒരു പ്രണയിതാവിനെ നീയർഹിക്കുന്നു.
ആത്മാമപാനത്തിന്റെ നേരങ്ങളിൽ
നിന്നെ ചേർത്തുപിടിക്കുകയും
നിന്റെ സ്വതന്ത്രതയെ ആദരിക്കുകയും
വീഴ്ചയോർത്ത് ഭയക്കാതെ
നിന്നോടു ചേർന്ന് പറക്കുകയും ചെയ്യുന്ന ഒരുവനെ.
കള്ളങ്ങളെ എടുത്തുമാറ്റി പ്രതീക്ഷയും
കാപ്പിയും കവിതയും കൊണ്ടെത്തിക്കുന്ന
ഒരു കമിതാവിനെ നീയർഹിക്കുന്നു
“ഉന്മാദ”ത്തിന്റെ തിരശീലക്കു പുറകിൽ
പ്രിയപ്പെട്ടതെല്ലാം ചെയ്യുവാൻ
സാധിച്ചിരുന്നുവെങ്കിലെന്നു ഞാൻ ആഗ്രഹിക്കുന്നു.
എങ്കിൽ: ഞാൻ പൂക്കൾ ഒരുക്കിവയ്ക്കും.
ദിവസം മുഴുവനും വേദനയും പ്രണയവും
ആർദ്രതയും വരച്ചുവയ്ക്കും.
മറ്റുള്ളവരുടെ വിവേകരാഹിത്യമോർത്ത്
തോന്നുന്നത്രയും ഞാൻ ചിരിക്കും
(എല്ലാത്തേക്കാളുപരി സ്വന്തം
മൂഢതയോർത്ത് ഞാൻ ചിരിക്കും)
ജീവിച്ചിരിക്കേ ഞാനെന്റെ ലോകം പടുത്തുയർത്തും.
മറ്റെല്ലാ ലോകങ്ങളുമായത് ഉടമ്പടിയിലുമായിരിക്കും.
ഞാൻ ജീവിച്ച ഓരോ ദിവസവും മണിക്കൂറും മിനിറ്റും എന്റേതായിരിക്കും.
ഒപ്പം മറ്റെല്ലാവരുടേതും.
എന്റെ ഉന്മാദമൊരിക്കലും
“യാഥാർത്ഥ്യ”ത്തിൽ നിന്നുള്ള ഒളിച്ചോട്ടമാവില്ല.