കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒറ്റപ്പാലം സ്വദേശി രോഗമുക്തമായതിനു ശേഷമുള്ള അനുഭവസാക്ഷ്യം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. തന്നെ ഒരു രോഗിയായല്ല, അതിഥിയെപ്പോലെയാണ് പരിചരിച്ചതെന്നും കുറിപ്പിൽ പറയുന്നു. വിദേശത്ത് നിന്നെത്തിയ യുവാവ് സാമൂഹിക അകലം പാലിക്കുന്നതിലും ക്വാറന്റൈൻ ചട്ടങ്ങൾ പാലിക്കുന്നതിലും കാണിച്ച ശ്രദ്ധ നേരത്തേ തന്നെ വാർത്തയായതാണ്.
“കോവിഡ് ആണെന്ന് സ്ഥിരീകരണം വന്നപ്പോൾ എല്ലാവരെയും പോലെ ആശങ്കകൾ ഉണ്ടായി.
പക്ഷെ, എന്നെ ശുശ്രൂഷിച്ച ഡോക്ടർമാരും, ജീവനക്കാരും, നമ്മുടെ സർക്കാരും നൽകിയ പിന്തുണയിൽ എന്റെ ആത്മവിശ്വാസം ആ ആശങ്കകളെ മറികടന്നു.
അഡ്മിറ്റ് ആയ അന്ന് മുതൽ ദിവസവും മൂന്നു നേരത്തിൽ കുറയാതെ വിളിച്ചു കൊണ്ടിരുന്ന ഒറ്റപ്പാലത്തെ മനോജ് ഡോക്ടർ, പാലക്കാട് ജില്ലാ ആശുപത്രിയിലെ ശ്രീറാം, നവീൻ. എനിക്കിപ്പോൾ പേരോർമ്മിക്കാൻ കഴിയാത്ത മറ്റു ഡോക്ടർമാർ..
ആശുപത്രിയിൽ വന്ന ദിവസം മനോജ് ഡോക്ടർ പറഞ്ഞു “ബഷീറേ, വിഷമിക്കാതിരിക്കണം,
നിന്നെ ഞങ്ങൾ ഒരിക്കലും കൈവിടില്ല.” ആ വാക്കുകൾ നൽകിയ കരുത്ത് ചെറുതായിരുന്നില്ല.
ഒരു രോഗിയായല്ല,ഒരതിഥിക്ക് നൽകിയ സ്വീകരണം പോലെ മനസ്സിൽ നല്ല അനുഭവമാണ് ഹോസ്പിറ്റൽ കാലം സമ്മാനിച്ചത്. സർക്കാരിനോടുള്ള നന്ദി വാക്കുകളിൽ ഒതുക്കാൻ വയ്യ.
ഈ സമയത്തെ അതി ജീവിക്കാൻ എനിക്ക് പിന്തുണ നൽകിയ എന്റെ നാട്ടുകാർ,സുഹൃത്തുക്കൾ,കുടുംബങ്ങൾ എല്ലാവരെയും ഹൃദയത്തോട് ചേർത്ത് പിടിക്കുന്നു..! അവരുടെ പിന്തുണയ്ക്ക് പ്രാർത്ഥനകൾക്ക് നന്ദി..!
നമ്മളീ ദുരിത കാലത്തെയും അതി ജീവിക്കും, ഒന്നായി മറികടക്കും.
ഒറ്റപ്പാലത്ത് നിന്ന് സ്നേഹപൂർവ്വം…”
…