കവിത
ചന്ദന എസ് ആനന്ദ്
മഴ നനഞ്ഞ കത്തിലെ വരികൾ പതിവിലധികമായി ഒഴുകാറുണ്ട്.
എന്റെ ഹൃദയത്തിൽ നിന്നും ഇറങ്ങി പോയ ഇന്നലെകളിൽ പൊതിഞ്ഞ തുള്ളികളും.
പെയ്തിറങ്ങുന്ന കുളിരിനൊപ്പം കൂട്ട് പോകാറുള്ള കുശുമ്പൻ കാറ്റ് കുറിമാനം തട്ടിപ്പറിക്കാതിരിക്കാനത്രെ
നിന്നെ പൊതിർത്തുന്നത്.
നീയത് കൈപ്പറ്റിയന്ന് രാത്രിയിൽ വീടുറങ്ങുമ്പോൾ, ഓടിക്കളിക്കുന്ന രാത്രിമഴയാണ് നിന്നെ ഓർമ്മിപ്പിക്കുക.
ആ പഴയ മാസികയ്ക്കുള്ളിൽ എന്റെ വാക്കുകൾ അപ്പോഴേക്ക് കാത്തിരുന്ന് ഉണങ്ങിയെന്നു.
ചില്ലു ജാലകം തുറന്ന്, അതിനടുത്തു ചാരുകസേരയിൽ ഇരിക്കുമ്പോൾ
എന്റെ ശബ്ദമതിൽ നീ കേൾക്കും
അവസാനിപ്പിക്കും മുൻപ് ഞാൻ പതിപ്പിച്ച കണ്ണ് നീരിൽ മങ്ങിയ പേര് മാത്രമായിരിക്കും അവ്യക്തം.
മടക്കി വയ്ക്കുമ്പോളും മാഞ്ഞു പോയ പേരിൽ നിനക്ക് അസാധാരണമായ ഒന്നും തോന്നണമെന്നേയില്ല.
അതിനി ഓർത്തു നീ നേരം വെളുപ്പിക്കില്ല.
ഞാൻ നിന്നിൽ ഇല്ലാതായെന്ന് നീ എപ്പോഴോ ഓർമപ്പെടുത്തി.
അതാവട്ടെ നമ്മുടെ ഓർമ്മകളിൽ ഇന്നാദ്യം മുന്നിൽ ഉദിച്ചു പൊങ്ങുന്നു,
പകൽ പോൽ തെളിഞ്ഞു നിൽക്കുന്നു.
ഇനിയൊരു എഴുത്തില്ലെന്ന് പറഞ്ഞുകൊണ്ട് നിർത്തിയെങ്കിലും,
എന്ത് കുത്തിക്കുറിച്ചാലും നീയായിരുന്നു എന്ന് തൊട്ടോ ഐച്ഛിക വിഷയം.
നിനക്കല്ലാതെ ഇത്രയധികം തീക്ഷ്ണമായ വരികളിനിയുതിരില്ല.
എഴുതാതിരിക്കാം എന്ന് കരുതി.
എന്നാൽ അന്ന് തൊട്ടിന്നു വരെ എന്റെ ജനലരികിൽ തോരാമഴയാണ്.
നീയും പെയ്തിറങ്ങുന്നു.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 8078816827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.