HomeCompound Eyeവായില്ലാപ്പാവം സർപ്പശലഭം

വായില്ലാപ്പാവം സർപ്പശലഭം

Published on

spot_imgspot_img

കോംപൗണ്ട് ഐ

വിജയകുമാർ ബ്ലാത്തൂർ

ചിത്രഭൂപടം വിടർത്തി വിരിച്ച് വെച്ച പോലെ വിശാലമായി ഇരുപത്തഞ്ച് സെന്റീമീറ്ററിനടുത്ത് വീതിയുള്ള ചിറകുകളോടെ ആദ്യമായ് ഒരു ശലഭം നമ്മുടെ മുന്നിൽ അനങ്ങാതെ നിൽക്കുന്നത് കണ്ടാൽ എന്തു തോന്നും? ലോകത്തിലെ ഏറ്റവും വലിയ ശലഭങ്ങളായ അറ്റ്ലസ് മോത്തുകളുടെ ആദ്യ കാഴ്ച എല്ലാവർക്കും അമ്പരപ്പ് തന്നെയാണ് ഉണ്ടാക്കുക. ഇത്ര വലിയ ശലഭത്തിന് തിന്നാനും കുടിക്കാനും പറ്റുന്ന വായില്ല എന്നതും കൂടി കേട്ടാൽ അമ്പരപ്പ് ഇരട്ടിക്കും.

athmaonline-compound-eye-vijayakumar-blathoor-006

നിശാശലഭങ്ങൾ പൊതുവെ രാത്രിസഞ്ചാരികളാണ്. അതു തന്നെയാണല്ലോ പൂമ്പാറ്റകൾ എന്ന് നമ്മൾ വിളിക്കുന്ന ബട്ടർഫ്ലൈകളിൽ നിന്ന് നിശാ ശലഭങ്ങളെന്ന മോത്തുകളുടെ പ്രധാന വ്യത്യസവും. ശരീരരൂപത്തിലും സ്വഭാവത്തിലും വേറെയും കുറേ പ്രത്യേകതകൾ ഇവർക്ക് ഉണ്ട്. ലെപ്പിഡോപ്റ്ററ ഓർഡറിലാണ് ഇരുവരും പെടുകയെങ്കിലും നിശാശലഭങ്ങളുടെ എണ്ണം വളരെ കൂടുതൽ ആണ്. ഒരു ലക്ഷത്തിഅറുപതിനായിരത്തിലേറെ നിശാശലഭ ഇനങ്ങൾ ഭൂമിയിൽ ഉള്ളതായാണ് കണക്കാക്കിയിരിക്കുന്നത്. വെങ്കണ നീലിയെപ്പോലുള്ള ( Blue Tiger Moth – Dysphania percota ) നിശാശലഭങ്ങളെ പകൽ കാണുന്നതിനാൽ നമ്മൾ പലപ്പോഴും അവരെ ബട്ടർഫ്ലൈ (ചിത്രശലഭം) ആയി കരുതാറും ഉണ്ട്. പകലും പ്രഭാതത്തിലും മൂവന്തി നേരത്തും സജീവമാകുന്ന നിശാശലഭങ്ങൾ കുറേയിനങ്ങൾ ഉണ്ടെങ്കിലും ഭൂരിഭാഗവും അർദ്ധരാത്രിക്കു ശേഷം പുലർച്ചയ്ക്ക് മുന്നേ ഏതാനും മണിക്കൂറുകൾ മാത്രമാണ് സജീവമാകുക. അവയുടെ കണ്ണുകൾ തീവ്രമായ പകൽ പ്രകാശത്തിൽ ഉപയുക്തമാകും വിധം പരിണമിച്ചതല്ലാത്തതിനാൽ പകൽ ഇവർക്ക് പഥ്യമല്ല. അതിനാൽ പകൽ ഏതെങ്കിലും തണൽ സ്ഥലത്ത് പമ്മി ഇരിക്കുകയാണ് ചെയ്യുക. പകൽ വെളിച്ചത്തിൽ ദിശാബോധവും കാഴ്ചയും ഇല്ലാതെ അന്ധാളിച്ച് ചത്തതുപോലെ ചിറക് വിടർത്തി നിന്നേടത്ത് തന്നെ അനങ്ങാതെ നിൽക്കുന്നത് അത്‌ കൊണ്ടാണ്. എങ്കിലും രാത്രി പലരും പ്രകാശത്തിനു നേരെ പറന്ന് വരാൻ എന്തുകൊണ്ടോ കൊതിക്കുന്നവയാണു താനും. എന്നിട്ട് മനുഷ്യർ ഉണ്ടാക്കിയ പുതിയ വിളക്കുകൾക്കരികിൽ വന്നു നിന്ന് ഇരപിടിയന്മാരായ പല്ലികൾക്കും മറ്റും സദ്യയായി തീരുകായും ചെയ്യും.

പൂമ്പാറ്റകളിൽ നിന്ന് നിശാശലഭത്തെ വേർതിരിച്ച് അറിയാനുള്ള ഏറ്റവും പ്രധാന കാര്യം ഇവയുടെ ആന്റിനകളാണ്. അഗ്രഭാഗത്ത് കൂടുതൽ തടിച്ച്, ചിലപ്പോൾ ഗദ രൂപമുള്ളതാകും ചിത്രശലഭങ്ങളുടെ ആന്റിന. എന്നാൽ കൂടുതൽ പീലി രോമങ്ങളോടെ ഉള്ളവയാവും നിശാശലഭ ആന്റിന. Luna, Polyphemus, Atlas, Promethea, cecropia, പോലുള്ള വിഭാഗങ്ങളിലെ നിശാശലഭങ്ങൾക്ക് വദന ഭാഗം വികസിച്ചിട്ടുണ്ടാവില്ല. വായില്ലാക്കുന്നിലപ്പന്മാരായ ഇവർ ഇവരുടെ ശലഭ രൂപ കാലത്ത് ഒന്നും ഭക്ഷിക്കുന്നില്ല. പുഴുവായി ജീവിച്ച കാലത്ത് തിന്നു ശേഖരിച്ച് നിർമിച്ച് വെച്ച കൊഴുപ്പ് ബാങ്ക് ബാലൻസ് മാത്രം ഉപയോഗിച്ചാണ് ദിവസങ്ങൾ മാത്രം നീണ്ട ജീവിതം.

നേരം വെളുത്തത് അറിയാത അമ്പരന്ന് നിൽക്കുന്ന ഒരു നിശാശലഭമാണ് നാഗശലഭം എന്നൊക്കെ പേരു വിളിക്കുന്ന അറ്റ്ലസ് മോത്ത്. ഒരടിക്കടുത്ത് വലിപ്പമുള്ള, മനോഹരമായ അടയാളങ്ങളുള്ള, ചിറകുകളുടെ അഗ്രത്ത് ഒരുഗ്ര സർപ്പത്തിന്റെ തലയുടെ രൂപസാമ്യ ചിത്രണമുള്ള ഇതിനെ ആദ്യമായി കാണുന്ന ആരും അമ്പരക്കും. “അത്ഭുത ശലഭ”ത്തെ കണ്ടെത്തി എന്ന് നമ്മുടെ നാട്ടിലെ പത്രങ്ങളുടെ പ്രാദേശിക ലേഖകർ സ്ഥിരം വാർത്ത കൊടുത്തിരുന്ന ഒരു പാവം നിശാശലഭം ആയിരുന്നു അറ്റ്ലസ് മോത്ത്. ഇന്റർനെറ്റും ഗൂഗിൾ സെർച്ചും വ്യാപകമായതോടെ അത്തരം വാർത്തകൾ കുറഞ്ഞിട്ടുണ്ട്. എങ്കിലും നാഗങ്ങളെന്ന ദൈവീക രൂപികളാണ് ഇവയെന്ന് പ്രചരിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന അന്ധവിശ്വാസികൾ ഇപ്പോഴും ഉണ്ട്.

ഈ സാധുവിനെ ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയ നിശാശലഭമായാണ് കണക്കാക്കിയിരുന്നത് (ഇപ്പോൾ രണ്ടാം സ്ഥാനക്കാരാണ്). പകലായത് അറിയാതെ, ആരൊക്കെ അരികിൽ വന്നാലും ഒട്ടും അനങ്ങാതെ ചിറകുകൾ വിടർത്തി ഫോട്ടോ എടുക്കാൻ അങ്ങിനെ ഒരേ നിൽപ്പ് നിൽക്കും. Attacus atlas എന്ന പേര് നൽകി ഈ നിശാശലഭത്തെ ആധുനിക ശാസ്ത്രനാമങ്ങളുടെ പിതാവായ കാൾ ലീനസ് Carl Linnaeus അദ്ദേഹത്തിൻ്റെ പ്രശസ്തമായ Systema Naturae എന്ന പുസ്തകത്തിൽ 1758 ൽ തന്നെ വിവരിച്ചിടുണ്ട്. ഭൂപടം വിടർത്തിവെച്ചതുപോലുള്ള വിശാലമായ ചിറകുകൾ ഉള്ളതിനാലാണ് അദ്ദേഹം ഇതിന് അറ്റലസ് ശലഭം എന്ന് പേര് വിളിച്ചത്. വടക്ക് കിഴക്കൻ ഇന്ത്യയിലും മറ്റ് തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലുമാണ് ഇവയെ കാണാൻ കിട്ടുന്നത്. ചിറകഗ്രത്തെ സർപ്പത്തലയുടെ രൂപസാമ്യം മൂലം ചൈനക്കാരും സ്നേക് ഹെഡ് എന്നർത്ഥം വരുന്ന പേരാണ് പണ്ടേ ഇട്ടിരുന്നത്. ഇൻഡോ ഓസ്ട്രേലിയൻ പ്രദേശങ്ങളിൽ നിന്നടക്കകം ഇപ്പോൾ ആകെ പത്തൊൻപത് ഇനം അറ്റ്ലസ് മോത്തുകളെ ഇതുവരെ ആയി കണ്ടെത്തിയിട്ടുണ്ട്. പക്ഷെ ഇതിനെ തെക്കേ ഇന്ത്യയിലും കേരളത്തിലും കാണാൻ കഴിയില്ല. നമ്മുടെ നാട്ടിൽ കാണുന്ന ഇനങ്ങൾ Attacus atlas ന്റെ സബ് സ്പീഷിസ് ആയാണ് ആദ്യം കണക്കാക്കിയിരുന്നതെങ്കിലും പിന്നീട് അത് വേറെ സ്പീഷിസ് ആയി തന്നെ മനസിലാക്കി.

ചിറകഗ്രങ്ങളിൽ പാമ്പിന്റെ തലപോലെ ഡിസൈൻ ഉള്ളതിനാൽ പണ്ടേതോ സഹൃദയർ ഇതിന് സർപ്പശലഭം, നാഗ ശലഭം, സർപ്പമുഖി എന്നൊക്കെയുള്ള കിടിലൻ പേരുകൾ നല്കിയിട്ടുമുണ്ട്. ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും മാത്രം കാണപ്പെടുന്ന ഇതിനെ ആദ്യമായി റിപ്പോർട്ട് ചെയ്തത് 1882 ൽ Frederic Moore ആണ്. Attacus taprobanis എന്ന് ആണ് അദ്ദേഹം ഇതിന് ശാസ്ത്രനാമം നൽകിയിട്ടുള്ളത്. ശ്രീലങ്കയിൽ നിന്നാണ് ഇതിനെ ആദ്യമായി റിപ്പോർട്ട് ചെയ്തത് എന്നതിനാൽ ശ്രീലങ്കൻ അറ്റലസ് മോത്ത് എന്ന പൊതു നാമവും നൽകി. Attacus atlas എന്ന ഇനത്തിനേക്കാൾ അൽപം വലിപ്പം കുറവുള്ളതും, കുറച്ച് ഇരുണ്ടതും ഒക്കെ ആണ് ഇവർ. ഗ്രീക്കുകാർ ശ്രീലങ്കയെ പണ്ട് വിളിച്ചിരുന്ന പേരായ Taprobane യിൽ നിന്നാണ് ഇതിന്റെ സ്പീഷിസ് നാമമായ ടാപ്രോബനീസ് ലഭിച്ചത്. ആൺ മോത്തുകളേക്കാൾ വളരെ പ്രകടമായി വലിപ്പമുള്ളവയാണ് പെൺ മോത്തുകൾ.

ഇവയുടെ അതി മനോഹരമായ ചിത്രവേലകളുള്ള ചിറകുകൾ ഇണകളെ ആകർഷിക്കാനുള്ളതല്ല. ഇരയാക്കപ്പെടാതെ രക്ഷിക്കാനുള്ളതാണ്. ഇവയെ ആക്രമിക്കാൻ സാദ്ധ്യതയുള്ള ജീവികൾ ഇതിന്റെ വലിപ്പവും കൺ പൊട്ട് അടയാളങ്ങളും കണ്ട് അമ്പരന്ന് ആശയക്കുഴപ്പവും തെറ്റിദ്ധാരണയും മൂലം ഒഴിഞ്ഞ് പോകും. തിരിച്ച് ആക്രമിക്കാനോ പറന്ന് രക്ഷപ്പെടാനോ കഴിയാത്ത ഈ നിസ്സഹായ ജീവിയെ ശത്രുക്കൾ, ആളൊരു കീരിക്കാടനാവാം എന്ന് തെറ്റായി ചിന്തിച്ച് പേടിച്ച് ഒഴിഞ്ഞു മാറിപ്പോകും.

പേര, കൊന്ന, ഏലം, മഹാഗണി മുതലായ പലതരം ചെടികളിലാണ് ഇവ മുട്ടയിടുക. മുട്ട വിരിഞ്ഞ് പുറത്തിറങ്ങുന്ന ലാർവപ്പുഴു ബകനെപ്പോലെ തിന്നു വളരും. വെളുത്ത പൊടിയിൽ മൂടിയ പച്ചയും നീലയും കലർന്ന നിറമുള്ള പുഴുക്കളുടെ ദേഹത്ത് അഗ്രത്ത് കറുപ്പ് നിറമുള്ള നീല മുള്ളുകൾ കാണാം. പിറക് വശത്ത് മഞ്ഞ നിറത്തിൽ വൃത്താകൃതിയിലുള്ള റിങ്ങ് അടയാളം ഉണ്ടാവും. അവസാന ഇൻസ്റ്റാർ ആകുമ്പോഴേക്കും നാലര ഇഞ്ചോളം നീളവും തടിയും ഒക്കെ ഉള്ള രസിക രൂപമാവും. ബകനേപ്പോലെ സദാ തീറ്റയാണ്. ഈ തീറ്റ ജീവിതത്തിലെ അവസാന തീറ്റയാണ്.

രണ്ടോ മൂന്നോ ഇലകൾ തുന്നികൂട്ടി അതിനകത്തു സിൽക്ക് നൂലു കൊണ്ട് നിർമിക്കുന്ന കൊക്കൂണിലാണ് പ്യൂപ്പയാവുക. ഈ ഇലകളും ചെറു തണ്ടുമൊക്കെ ഭദ്രമായി കൊമ്പുകളോട് സിൽക്ക് കൊണ്ട് നന്നായി ഉറപ്പിച്ച് വെച്ചിട്ടുണ്ടാവും. ഇലകൾ ഉണങ്ങിയാലും കൊക്കൂൺ താഴെ വീഴില്ലെന്ന് ഉറപ്പാക്കിയാണ് പ്യൂപ്പ ഘട്ടത്തിലേക്ക് കടക്കുക. നല്ല ഉറപ്പുള്ള, കത്തികൊണ്ട് കീറിയാൽ പോലും എളുപ്പം മുറിയാത്ത ഈ കൊക്കൂൺ സഞ്ചിയിൽ നിന്ന് സാധു ശലഭം പുറത്തേക്ക് ഇറങ്ങാൻ പ്രത്യേക വഴി കണ്ടിട്ടുണ്ടാവും.
വിരിഞ്ഞിറങ്ങുന്ന ശലഭങ്ങൾ അധികം ദൂരത്തേക്ക് പറക്കില്ല. പെൺ ശലഭം ആണെങ്കിൽ കൊക്കൂണിനടുത്ത് തന്നെ ആൺ ശലഭത്തെ കാത്തുകിടക്കുകയാണ് പതിവ്. വളരെ ദൂരെ നിന്ന് തന്നെ പെൺശലഭ സാന്നിധ്യം ഫിറമോൺ ഗന്ധത്താൽ തിരിച്ചറിയാൻ കഴിയുന്ന ആൺശലഭം ചിലപ്പോൾ രാത്രി തന്നെ പറന്ന് എത്തും. സർപ്പശലഭത്തിന് വായ് ഭാഗം ഭക്ഷണം കഴിക്കാനോ തേൻ കുടിക്കാനോ പറ്റുന്ന വിധത്തിൽ ഒരു സംവിധാനവും ഇല്ലാതെ ആണ് പരിണമിച്ച് ഉണ്ടായിട്ടുണ്ടാവുക. വലിപ്പമുള്ള ഘടാഘടിയൻ ശലഭപ്പുഴു ആയിരുന്ന ഘട്ടത്തിൽ തിന്ന ഭക്ഷണത്തിന്റെ ഊക്കും ഊർജവും കൊണ്ട് വേണം ഭാവി ജീവിതം. ആയുഷ്കാലത്തേക്ക് വേണ്ടുന്ന ഊർജ്ജം മുഴുവനും പണ്ട് പുഴുവായിരുന്ന സമയത്ത് തിന്ന് സൂക്ഷിച്ച ഭക്ഷണക്കൊഴുപ്പ് മാത്രമാണ് എന്ന് സാരം. അതിനാലാണ് ഇവ പറക്കാനോ കൂടുതൽ ഇളകാനോ ഒന്നും മിനക്കെടാത്തത്. ഓരോ ചിറകടിയും കവരുക സ്റ്റോക്കുള്ള കൊഴുപ്പാണ്, കൂടെ ആയുസ്സും. അതിനാൽ പിശുക്കിയാണ് ഓരോ ചലനവും.
മോത്തിന് “പടച്ചോൻ ” വായ് കീറാത്തതിനാൽ പട്ടിണി കിടന്ന് ചാവും മുമ്പ് ഇണ ചേരുക മുട്ടയിട്ട് സന്തതി പരമ്പരകളെ ഉണ്ടാക്കുക എന്ന ഏക ലക്ഷ്യമേ ഉള്ളു. ലോകം കറങ്ങി നടന്ന് കാണാനും ഇഷ്ട ഭക്ഷണം തേടാനും തിന്നാനും പറ്റാത്ത വെറും ഉണക്ക ജീവിതം ! ഹാ കഷ്ടം!

പെൺ മോത്ത് ആണ് ആണിനേക്കാൾ വലിപ്പം കൂടുതൽ. ആൺ മോത്തിന്റെ ആന്റിനകൾ തൂവൽ പോലെ വളരെ വീതിയുള്ളതാണ്. തെങ്ങോല പോലെ മനോഹരവും. പെൺ മോത്തിന്റെ ആന്റിന ചെറുതാണ്. പാറി വിലസി നടന്ന് ഇണയെ പ്രലോഭിപ്പിക്കാനും വശീകരിക്കാനും പറ്റാത്തതിനാൽ പെൺ അറ്റ്ലസ് മോത്ത് അതി ശക്തമായ ഫിറമോൺ പ്രസരണം വഴിയാണ് ഇണയെ ആകർഷിക്കുന്നത്. സുരക്ഷിതവും കാറ്റിന് അനുകൂലവുമായ ഇടത്ത് വിശ്രമിച്ച് ശരീരത്തിന്റെ അടിഭാഗത്ത് ഉള്ള ഗ്രന്ഥികളിൽ നിന്ന് ഫിറമോൺ ചുരത്തിക്കൊണ്ടിരിക്കും. പെൺ മോത്ത് കാറ്റിൽ പറത്തി വിട്ട ഫിറമോണിന്റെ വളരെ നേർത്ത സാന്നിധ്യം പോലും തിരിച്ചറിയാനുള്ള കിമോ റിസപ്റ്ററുകൾ ഉള്ളതാണ് ആണിന്റെ വിടർന്ന ആന്റിനകൾ. കിലോമീറ്റർ അപ്പുറത്ത് നിന്ന് പോലും ദിശയും ദൂരവും സ്ഥാനവും തിരിച്ചറിഞ്ഞ് അവ പെൺ മോത്തിനടുത്ത് പറന്ന് എത്തും. ഒന്നു രണ്ടാഴ്ചയാണ് ഇവരുടെ പരമാവധി ആയുസ്. അതിന് മുമ്പ് എവിടെ നിന്നെങ്കിലും ഒരു ആൺ ശലഭം വന്നില്ലെങ്കിൽ പെണ്ണിന് ജന്മം നഷ്ടം! ചിറകിട്ടടിച്ച് ഇണയെ അന്വേഷിച്ച് പറക്കാൻ ശ്രമിച്ചാൽ ഊർജ്ജം തീർന്ന് നേരത്തെ ചാവും അത്ര തന്നെ. ഭാഗ്യം കൊണ്ട് ഒരു പെണ്ണിന് അടുത്ത് എത്താനായാൽ,

ദീർഘമായ ഇണചേരലോടെ ആൺ മോത്തിന്റെ ജീവ ലക്ഷ്യം അവസാനിച്ചു. മുട്ടയിടലോടെ പെണ്ണിന്റെയും.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അപമാനിതനായി, എനിക്ക് ഉത്തരം വേണം; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളേജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...

‘ഒരു പെരുംകളിയാട്ടം’ അക്കിര കുറസാവയുടെ ‘സെവന്‍ സമുറായ്’ക്കുള്ള ആദരം: ജയരാജ്

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ...

പ്രൊഫ: എരുമേലി പരമേശ്വരന്‍ പിള്ള കഥ-കവിത പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

കേരള ബുക്ക്‌സ് ആന്‍ഡ് എഡ്യൂക്കേഷണല്‍ സപ്ലൈയേഴ്‌സ് രണ്ടാമത് പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള കഥ, കവിതപുരസ്‌കാരം 2023ന് കൃതികള്‍...

More like this

അപമാനിതനായി, എനിക്ക് ഉത്തരം വേണം; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളേജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...

‘ഒരു പെരുംകളിയാട്ടം’ അക്കിര കുറസാവയുടെ ‘സെവന്‍ സമുറായ്’ക്കുള്ള ആദരം: ജയരാജ്

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ...