ചാക്കാല

0
576
don-bosco-sunny-athmaonline-the-arteria

കഥ

ഡോൺ ബോസ്‌കോ സണ്ണി

രാവിലെയുള്ള ഓശാനക്കുർബാനക്ക് പോയി കുരുത്തോലയുമായി സൈക്കിളിൽ വരുമ്പോഴാണ് റോജി ഓടിക്കിതച്ചുവന്ന് പങ്കനെ പിടിച്ചു നിറുത്തുന്നത്.
“ഡേയ് നീ പോണില്ലേ ചാക്കാലവീട്ടിലേക്ക്?”

“ആര്ടെ ചാക്കാല?” സൈക്കിളിലിരുന്നുകൊണ്ടുതന്നെ പങ്കൻ ആകാംക്ഷയോടെ റോജിയുടെ മുഖത്തേക്ക് നോക്കി. മറുപടി പറയാൻ ഒരു സെക്കന്റ് മടിച്ചശേഷം അവനെ മുറുകെപ്പിടിച്ചുകൊണ്ടു പറഞ്ഞു, “ഡേയ് നമ്മട കല്ലൻപൗലോസിന്റെ ചാക്കാല!”

വിശ്വസിക്കാൻ കഴിയാത്ത ഭാവത്തിൽ നിന്ന പങ്കനെ പിടിവിട്ടശേഷം റോജി പള്ളിഭാഗത്തേക്കൊരു കിറുക്കൻ കാറ്റുപോലെ പാഞ്ഞുപോയി. പങ്കൻ അറിയാതെയെങ്കിലും മനസ്സിൽ അവനെ നോക്കി വിളിച്ചു, “കിറുക്കൻ പയല്.”

കൃഷ്ണന്റെ കട ഒരിടത്തരം സൂപ്പർമാർക്കറ്റാണ്. ചാരായം വാറ്റുന്നതിനുള്ള കരുപ്പട്ടി മുതൽ കടലിൽ പോകുന്നവർക്കുള്ള മുറുക്കാനും, പൊകലയും, ഞെട്ടും വരെ അവിടെക്കിട്ടും. മിക്കവാറും കടപ്പുറത്തുകാർക്ക് അവിടെ മാസപ്പറ്റിലാണ് കൃഷ്ണൻ സാധനം കൊടുക്കുന്നത്.

കൃഷ്ണന്റെ കടയോടുചേർന്ന് ഒരൊറ്റമുറിക്കടയിലാണ് ജോർജ്ജ് മേശിരിയുടെ തയ്യൽക്കട. തുറയിലെ പെണ്ണുങ്ങളുടെ ബ്ലൗസും ആണുങ്ങൾക്കുള്ള കുപ്പായവും ലങ്കോട്ടിയും പിള്ളേരുടെ നിക്കറും പെറ്റിക്കോട്ടുമൊക്കെ അവിടെയാണ് തയ്‌പ്പ്. ഒരുച്ചസമയത്ത് കുട്ടനും രായേന്ദ്രനും കൃഷ്ണന്റെ കടയിൽ പരിപ്പും വെളിച്ചെണ്ണയും വാങ്ങാൻ പോയ സമയത്താണ് ആൾക്കൂട്ടത്തിനിടയിൽനിന്ന് കപ്പാരന്തോണിയുടെ അട്ടഹാസവും അലർച്ചയും കേൾക്കുന്നത്.

കപ്പാരന്തോണി ജോർജ്ജ് മേശിരിയുടെ തുണിവെട്ടുന്ന കത്തിരിയെടുത്ത് കൃഷ്ണന്റെ പള്ളയിൽ കുത്തുകയായിരുന്നു. കത്തിരിയുടെ പിടിയിൽ കട്ടയ്‌ക്കു പറ്റിപ്പിടിച്ച ചോര. കൃഷ്ണന്റെ തവിട്ടു നിറമുള്ള വലിയ കുമ്പയിൽ കുത്തിയ ശേഷം അയാൾ അലറിവിളിച്ച് നൃത്തം ചെയ്യുന്നതു നോക്കി ആൾക്കൂട്ടത്തിന്റെ
ഭാഗമായി കുട്ടനും രായേന്ദ്രനും നിന്നു. കത്തിരിയിലെ ചോര തുടച്ചുകൊണ്ട് അയാൾ ആൾക്കൂട്ടത്തിലേക്ക്
കത്തിരി വീശിക്കൊണ്ട് പറഞ്ഞു,
”നെനക്കൊക്കെ മുക്കുവമ്മാരെ ഒരു വെലേമില്ല. കണ്ട കണ്ട നാട്ടീന്ന് ഇവടെ വന്നുകേറി ഞങ്ങടെ കയ്യിലെ ചില്ലറകൊണ്ട് വല്യ മൈരുകളായപ്പോ, കടം ചോദിച്ചാ തരൂല്ലല്ലേ പൂ… മക്കളേ…
നെന്റേക്കെ പള്ളേലെ കൃമികടി ഇന്നത്തോടെ തീർത്തരാം ഓളിമോനേ…” എല്ലാ കണ്ണുകളും അയാളിലെ രൗദ്രഭാവത്തെ ഭയത്തോടെ നോക്കി നിന്നു.

വല്ലാത്തൊരു സാത്താനിക ഭാവത്തോടെ കപ്പാരന്തോണി വീണുകിടന്ന കൃഷ്ണന്റെയടുത്തേക്കു
വന്നു കുത്തിയിരുന്നു. കൃഷ്ണന്റെ കണ്ണുകളിലേക്കു നോക്കി ഉന്മത്തമായ സ്വരത്തിൽ പറഞ്ഞു,
“കത്തിരിക്കുത്തിന് കേസില്ലടാ താവഴി മക്കളേ! കപ്പാര് ചോയ്ച്ചാ നെനക്കിച്ചിരി പൊയ്ല തരാൻ വല്യ ഏനക്കേട്. നീ അനുഭവീ മൈരേ…”

കടം ചോദിച്ച പൊകയില കൃഷ്ണൻ കൊടുത്തില്ല, അതാണ് കാര്യം. ഭയപ്പെടുത്തുന്ന ആ
ചോരയന്തരീക്ഷത്തേക്കാൾ കുട്ടന്റെയും രായേന്ദ്രന്റെയും ശ്രദ്ധയാകർഷിച്ചത് കപ്പാരന്തോണിയുടെ വാക്കുകളായിരുന്നു. “കത്തിരിക്കുത്തിൽ കേസില്ലടാ….” എന്ന വാചകം അവരുടെ തലക്കുമുകളിൽ ഹെലികോപ്റ്റർപോലെ കറങ്ങിക്കൊണ്ടിരുന്നു.

കപ്പാരന്തോണി തുറയിലെ മുക്കുവപ്രമുഖനാണ്. ഒരു തട്ടുമടി വള്ളവും രണ്ട് കട്ടമരവുമുള്ള അധ്വാനിയായ മനുഷ്യൻ. ഞായറാഴ്ചകളൊഴികെ എല്ലാ ദിവസവും പാതിമുക്കാൽ സമയവും കടലിലും ബാക്കി സമയം കോളനിയിലെ വാറ്റു ചാരായത്തിനും ചെലവഴിക്കുന്ന മുക്കുവ പ്രമാണി. വായിൽ നിറഞ്ഞ മുറുക്കാൻ ചുവപ്പില്ലാതെ കപ്പാരന്തോണിയെ കാണാൻ കഴിയില്ല. കടലിൽ ഒഴുകി നടക്കുന്ന ഒരു ഭീമാകാരൻ വള്ളം പോലെ അയാളെപ്പോഴും പൊകലയുടെയും വാറ്റിന്റെയും മയക്കത്തിലായിരുന്നു. കടൽപ്പണിയിൽ നിന്നുകിട്ടുന്ന സമ്പത്ത് ഭാര്യ പൗളിയും മൂന്നു മക്കളും പരിപാലിക്കുന്നതുകൊണ്ട് വാറ്റും മുറുക്കാനും അയാൾക്കു സുലഭമായി കിട്ടിയിരുന്നു. പൊയ്ലയും മുറുക്കാനും കൃഷ്ണന്റെ കടയിൽനിന്നുള്ള പറ്റാണ്. പൗളി പണമായും മീനായും ആ പറ്റ് ഒരു പരാതിയും കൂടാതെ ഒരു കടമപോലെ വീട്ടിയിരുന്നു. പക്ഷേ കഴിഞ്ഞ രണ്ടുമൂന്നാഴ്ചയായി പൗളി കടം വീട്ടുകയോ പകരം മീൻ നൽകുകയോ ചെയ്തില്ല. അതാണ് കൃഷ്ണനെ ചൊടിപ്പിച്ചതും കപ്പാരന്തോണി പൊയ്ല ചോദിച്ചപ്പോൾ കൊടുക്കാതിരുന്നതും, ഒടുവിൽ അതിങ്ങനെ ഒരു കത്തിരിക്കുത്തിൽ എത്തിച്ചേർന്നതും.

രംഗം ശാന്തമായിക്കഴിഞ്ഞശേഷമാണ് പള്ളിമുക്ക് സ്റ്റേഷനിൽനിന്ന് വണ്ടി വരുന്നതും ഒരു ഏട്ടടക്കം രണ്ടു പോലീസുകാർ സംഭവസ്ഥലത്തേക്കെത്തുന്നതും. സംഭവത്തിൽ പ്രധാന സാക്ഷിയായി ജോർജ്ജ് മേശിരിയെയും തൊണ്ടിമുതലായി ചോരപുരണ്ട അയാളുടെ കത്രികയും പോലീസ് കൊണ്ടുപോയി. കൃഷ്ണന്റെ കടക്കെതിർവശമായുള്ള സുപ്രഭാ ആശുപത്രിയിൽ അന്നേരം പള്ളയ്‌ക്കു തയ്യലിട്ടു കിടന്ന കൃഷ്ണന്റെ തെളിവെടുപ്പിൽ ”പരാതിയൊന്നുമില്ല.” എന്നൊരൊറ്റ വാചകത്തിൽ കത്രികമാത്രം തൊണ്ടിമുതലായെടുത്ത് ജോർജ്ജ് മേശിരിയെ വെറുതെ വിട്ടു. ജോർജ്ജ് മേശിരി ഉപചാരപൂർവ്വം കൃഷ്ണനെ നോക്കിയെങ്കിലും
“എപ്പ വിളിച്ചാലും സ്റ്റേഷനിൽ വരണം കേട്ടടെയ്.” എന്ന ഏട്ടദ്ദേഹത്തിന്റെ വാക്ക് അയാളുടെ മനസ്സിൽ ഭീഷണിയുടെ നിഴലായി തങ്ങിനിന്നു.

പരിപ്പും വെളിച്ചെണ്ണയും കിട്ടാത്ത നിരാശയിൽ കുട്ടനും രായേന്ദ്രനും തിരികെ വീട്ടിൽപ്പോയി. സംഭവബഹുലമായ കത്തിരിക്കുത്തുകേസ് അമ്മയോടു വിവരിക്കുമ്പോൾ രായേന്ദ്രന്റെ മുഖഭാവങ്ങൾ പല കോണിലൂടെ വലിഞ്ഞുമുറുകുന്നതും ഓരോ വാചകവും വല്ലാത്ത സ്വരവിന്യാസത്തോടെ അവൻ അമ്മയോടു വിവരിക്കുന്നതും കുട്ടൻ വെള്ളിത്തിരയിലെന്നപോലെ നോക്കിയിരുന്നു. “കത്തിരിക്കുത്തിൽ കേസില്ല” എന്ന വാചകം അപ്പോഴും പ്രതിധ്വനിപോലെ അന്തരീക്ഷത്തിൽ മുഴങ്ങിനിന്നു.

മിനിച്ചേച്ചിയുടെയും എൽസാപ്പച്ചിയുടെയും വീടുകൾക്കിടയിലെ ചെറിയൊരു ഓടിട്ട കെട്ടിടമാണ് രായേന്ദ്രന്റേയും കുട്ടന്റേയും വീട്. അവരുടെ അമ്മ ചന്ദ്രമണി ഉച്ചയ്‌ക്കുശേഷം വീടിന്റെയും ചായ്പ്പിനുമിടക്കുള്ള ഇടനാഴിയിൽ അടുപ്പു കൂട്ടിയുണ്ടാക്കുന്ന പരിപ്പുവടയാണ് ഓരോ ദിവസവും ആ വീട്ടിലെ പ്രധാന ആകർഷണം. നല്ലസ്സലു വെളിച്ചെണ്ണയിൽ, മൊരുമൊരാന്നു തിളച്ചുവരുന്ന പരിപ്പിന്റെയും കറിവേപ്പിലയുടെയും ആസ്വാദ്യകരമായ ഗന്ധം ഉച്ചനേരങ്ങളെ ത്രസിപ്പിച്ചു നിറുത്തി.

രായേന്ദ്രൻ മൂത്തവനാണെങ്കിലും കുട്ടൻ എന്നു വിളിക്കുന്ന സുനിൽ കുമാർ ജേഷ്‌ടാനുജവ്യത്യാസമൊന്നുമില്ലാതെ ‘ഡേയ് രായേന്ദ്രാ’ന്നും,
മറുപടിയായി രായേന്ദ്രൻ ‘എന്തിര് കുട്ടാ’യെന്നും വിളി കേട്ടിരുന്നു.

രായേന്ദ്രൻ എന്നത് ‘രാജേന്ദ്രൻ’ എന്ന നാമത്തിന്റെ വിളിപ്പേരായി മാറുന്നത് അമ്മ ചന്ദ്രമണി വിളിച്ചു തുടങ്ങിയതിൽപ്പിന്നാണ്. ‘രായേന്ദ്രാ…’ന്ന്
വീട്ടുകാരും നാട്ടുകാരും ഒരേ ഈണത്തിലും താളത്തിലും നീട്ടി വിളിച്ചു.
രായേന്ദ്രന്റെ അച്ഛന്റെ പേരും രാജേന്ദ്രൻ എന്നുതന്നെയായിരുന്നെങ്കിലും ഒരിക്കൽപോലും കുടുംബത്തോ നാട്ടിലോ ഒരാൾപോലും അയാളെ ‘രായേന്ദ്രാ’ന്നു വിളിക്കുമായിരുന്നില്ല.
എന്നാൽ രായേന്ദ്രനെ അങ്ങനെ മാത്രമേ വിളിച്ചിരുന്നുള്ളൂതാനും.
അങ്ങനെയൊരു ചിട്ടവട്ടം എന്നത് മലയാളം അക്ഷരലിപിയിലെ ‘ഋ’ പോലെ കുഴഞ്ഞുമറിഞ്ഞൊരു ചോദ്യമായിരുന്നു.

കല്ലൻ പൗലോസിന്റെ തെങ്ങിൻപുരയിടത്തിലാണ് കുട്ടനും, രായേന്ദ്രനും, റോജിയും, പങ്കൻജോസും ചേർന്ന ടീമിന്റെ ക്രിക്കറ്റ് കളി. കമ്പനി ഓടയിലെ ക്ലേയും കല്ലും ചെളിയും ചേർത്തുണ്ടാക്കിയ പിച്ചിന്റെ
വടക്കേയറ്റം കമ്പനിയുടെ ഓടയും തെക്കേയറ്റം നസ്രാൻ പിരുസന്തിയുടെ വള്ളപ്പുരയുമാണ്. അതായിരുന്നു ബൗണ്ടറി അതിരുകൾ. ഓഫ്സൈഡ് അനന്തവിശാലമായ കടപ്പുറവും, ഓൺസൈഡ് മിനിച്ചേച്ചിടെ വീടിന്റെ വേലിയും. ഓഫ്സൈഡിലേക്ക് കുട്ടന്റെ വകയൊരു ഗാംഗുലി ഡ്രൈവുണ്ട്‌. ശരിക്കും കോപ്പി ക്യാറ്റ്!
ഒരേ സമയം ബൗളറും ഫീൽഡറുമാകാൻ കഴിയുന്ന മിന്നൽ മുരളികൾ. ഒരേ സമയം വിക്കറ്റ് കീപ്പറും അമ്പയറുമാകുന്ന വിധിന്യായ വിളയാട്ടങ്ങൾ. കൂട്ടത്തിൽ ആദ്യം ബാറ്റിങ്ങ് കിട്ടുന്നത് മിക്കപ്പോഴും കുട്ടനായിരുന്നു. കാരണം അവന് ആദ്യം ബാറ്റിങ്ങ് കൊടുത്തില്ലെങ്കിൽ വീട്ടിച്ചെല്ലുമ്പോൾ ചന്ദ്രമണിച്ചേച്ചിയുടെ കയ്യും രായേന്ദ്രന്റെ പുറവും തകധിമി നടക്കുമെന്നത് പകൽപോലെ സത്യമായ ഒന്നായിരുന്നു.

കല്ലൻപൗലോസിന് ആ പേര് വീണതിന് പിന്നിൽ ഒരു കഥയുണ്ട്. കോളനീലെ വാറ്റടിച്ചു കിറുങ്ങി വരുന്ന പൗലോസിന് കടൽപ്പണിക്ക് താൽപര്യമില്ല. കപ്പാരന്തോണിയുടെ വള്ളത്തിലെ മീനാണ് മിക്കപ്പോഴും അങ്ങേരുടെ ഭാര്യ ഫിലോമിന കച്ചവടത്തിന് കൊണ്ടുപോകുന്നത്. അന്തോണിയുടെ ഭാര്യ പൗളിയും ഫിലോമിനയും കൂട്ടുകച്ചവടക്കാരാണ്. അതേസമയം ചാരായത്തിന്റെ ലഹരിയിൽ ജീവിതനൈരാശ്യത്തിന്റെ കെട്ടുവള്ളമിറക്കി വയ്ക്കാൻ കപ്പാരന്തോണിയുടെ ചുമലുകളായിരുന്നു പൗലോസിന്റെ താങ്ങ്.

ഫിലോമിന മീൻവിൽക്കാൻ പോകുന്നതുകൊണ്ടുമാത്രമാണ് പൗലോസിന്റെ വീട്ടിലെ അടുപ്പിൽ പുകയുയരുന്നത്. കച്ചവടം കഴിഞ്ഞു വരുന്ന ഫിലോമിനയുടെ മീൻവട്ടിയിൽ കയ്യിട്ടുവാരുന്ന ചില്ലറയാണ് പൗലോസിന്റെ വാറ്റിനുള്ള വഴി. ഫിലോമിനക്ക് മൂപ്പ് കേറിവരുമ്പോൾ പൗലോസ് കൂർക്കംവലി തുടങ്ങിയിട്ടുണ്ടാവും. പിന്നെയുള്ള ഒരേയൊരു വഴി കിടന്നകിടപ്പിൽ പൗലോസിനെ പഞ്ഞിക്കിടുക മാത്രമാണ്. അപ്പോഴും വാറ്റുചാരായത്തിന്റെ ലഹരിയിൽ പൗലോസ് കല്ലുപോലെ കിടക്കും. ഗതികെട്ട ഒരുരാത്രി മീൻകച്ചവടത്തിന്റെ വട്ടിയും, അലുമിനിയം ചരുവവുമെടുത്ത് ഫിലോമിന വേറേയേതോ തുറയിലേക്കുപോയി. അതിൽപ്പിന്നെ ആ തുറയിലാരും ഫിലോമിനയെ കണ്ടിട്ടില്ല. ആരും അന്വേഷിച്ചുമില്ല. പൗലോസ് ശരിക്കും കല്ലനായി. ഒരു വികാരവും ഒരു ഭാവവും ഇല്ലാത്ത കല്ലൻപൗലോസ്.

ഒരിക്കൽ ക്രിക്കറ്റ് കളിക്കുശേഷം കുട്ടൻ രായേന്ദ്രൻ ടീം ഉച്ചക്കുള്ള പരിപ്പുവട സമയത്തിനുമുൻപ് വീട്ടിലേക്കു പോകാൻ തുടങ്ങുകയായിരുന്നു.
മടൽ വെട്ടിയുണ്ടാക്കിയ ബാറ്റും കൃഷ്ണന്റെ കടയിലെ ‘കണ്ട്രി’ എന്ന പേരിൽ കിട്ടുന്ന മഞ്ഞ നിറമുള്ള ടെന്നീസ് ബോളും പിച്ചിനുസമീപത്തുള്ള കല്ലൻപൗലോസിന്റെ ചെറ്റക്കുടിലിന്റെ മേൽക്കൂരക്കിടയിലാണ് സൂക്ഷിക്കുക. കാരണം കവിളുമടൽ വെട്ടിയുണ്ടാക്കിയ ബാറ്റ് കണ്ണിൽ കണ്ടാൽ ചന്ദ്രമണിച്ചേച്ചി അതെടുത്തു വെട്ടിക്കൂട്ടി അടുപ്പ് കത്തിക്കും. അവർക്കു ‘BDM’ എന്ന ലോഗോ പിച്ചാത്തി കൊണ്ടെഴുതിയ
ആ ബാറ്റിനോടോ, ക്രിക്കറ്റിനോടോ ഉള്ള വെറുപ്പുകൊണ്ടല്ല, മറിച്ച് കത്തിക്കാൻ പാകത്തിൽ വിറക് കിട്ടാതെയുള്ള പരവേശത്തിൽ കണ്ണീക്കണ്ട മടലും കൊമ്പും ചില്ലയുമൊക്കെ വെട്ടിക്കൂട്ടി അടുപ്പിൽ കേറ്റും. അക്കാര്യം കൃത്യമായി അറിയാവുന്നതുകൊണ്ടാണ് രായേന്ദ്രൻ ബാറ്റ് വീട്ടിൽ കൊണ്ടുപോകാത്തത്.

കല്ലൻ പൗലോസ് ചില ദിവസങ്ങളിൽ ഗ്യാലറിയിലെ ഒരേയൊരു കാഴ്ചക്കാരനാകും. ഓഫ്സൈഡിൽ പോകുന്ന കുട്ടന്റെ ബൗണ്ടറികൾക്കു കളി കാണുന്നവന്റെ ആവേശത്തോടെ കയ്യടിക്കുകയും, ചിലപ്പോഴൊക്കെ ഫീൽഡറാവുകയും ചെയ്യും.
ഉച്ചവെയിലിന്റെ കാഠിന്യത്തിൽ ഒന്നായാസപ്പെടാൻ ചിലനേരത്ത് കളിക്കാർ പൗലോസിന്റെ ചുറ്റും
അയാളുടെ വെടിവട്ടം കേൾക്കാൻ കൂടിയിരുന്നു. തുറയിലെ മറ്റു മുതിർന്നവരുടെ കൂട്ടത്തിലോ സ്വന്തം കുടിലിന്റെ മുറ്റത്തുനിന്നോ അയാൾ വേറെയൊരിടത്തും പോയിരുന്നില്ല.
അങ്ങനെയൊരു നട്ടുച്ചക്കാണ്‌ പൗലോസ്, സാക്ഷാൽ യൂദാസ് സ്കറിയോത്തയുടെ കഥ പറഞ്ഞു തുടങ്ങുന്നത്.
യൂദാസ് സ്കറിയോത്ത, സാത്താന്റെ സന്തതി!.

”രായേന്ദ്രാ, നെങ്ങക്കറിയ്‌വോ ഈ സാത്താന്റെ സന്തതിയെന്നു വിളിക്കുന്ന യൂദാസും സുവിശേഷമെഴുതീട്ടൊണ്ട്! ഈ സുവിശേഷം കണ്ടെത്തിയത് ഈജിപ്റ്റിലെ ഒരു സാധാരണ കൃഷിപ്പണിക്കാരനാണ്. മധ്യ ഈജിപ്റ്റിലെ അംബാർ എന്ന ഗ്രാമത്തിനടുത്ത് നൈൽനദിയുടെ തീരത്തുള്ള ഒരു ഗൊഹേന്ന് അതു കണ്ടുകിട്ടുമ്പോൾ പഴയ പുസ്തകങ്ങൾക്കു നല്ല വില കിട്ടും എന്നുമാത്രമേ ആ പാവം പിടിച്ചവന് അറിയാവൊണ്ടാർന്നുള്ളൂ.”

പൗലോസിന്റെ സുവിശേഷം കേട്ട് ക്രിക്കറ്റ്ടീം പരസ്പരം നോക്കി. ഈ കള്ളുകുടിയൻ കല്ലൻപൗലോസിന് ഇത്തരം വിഷയങ്ങളിലുള്ള അറിവ് അവരെ വിസ്മയഭരിതരാക്കി.
“ഡാ, ഇവരീപ്പറയുന്ന ബൈബിളിലൊരിടത്തും ഈശോ ചിരിക്കുന്നില്ല. എന്നാലേ യൂദാസിന്റെ സുവിശേഷത്തിൽ ഈശോ ചിരിക്കേം ചെയ്യും, ഉച്ചത്തിൽ പൊട്ടിച്ചിരിക്കേം ചെയ്യും. കാരണം അന്നേക്കുതന്നെ
ഈശോക്കും യൂദാസിനും മാത്രമറിയുന്ന കാര്യമായിരുന്നു, അന്നും ഇന്നുമുള്ള ശിഷ്യന്മാരൊക്കെ ഉടായിപ്പ്കളാണന്ന്! കപട വിശ്വാസികൾ!”
അതുംപറഞ്ഞ് കല്ലൻപൗലോസ് ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു. തൊട്ടടുത്തിരുന്ന പനയോല വട്ടിയിൽ
നിന്നുമെടുത്ത ഒരു ബീഡിയിലേക്ക് അയാൾ കഞ്ചാവ് നിറച്ചു.
ബീഡിക്കു തീ കൊടുത്തുകൊണ്ട് അയാൾ പറഞ്ഞു, “യൂദാസിനെ ഒറ്റുകാരനാക്കിയത് ഈശോടേംകൂടെ അറിവിലാണ്. സത്യത്തീ അയാളൊരു ബലിയാടാവായിരുന്നു.”
കുട്ടൻ അയാളുടെ വൃത്തികെട്ട മുഖത്തേക്കും ആ വട്ടിയിലേക്കും നോക്കി. കടലാസ് പൊതികളും പൊകയ്ല ചുരുട്ടുകളും ഒരുണ്ട നൂലും പഴകി തുരുമ്പിച്ച ഒരു കത്രികയും. കുട്ടൻ എണീറ്റ ശേഷം എല്ലാവരേയും നോക്കിയ ശേഷം പറഞ്ഞു: “വാഡേ നമ്മക്ക് പൂവാം.”

അവർ ഓരോരുത്തരും തെല്ലൊരു ഭയത്തോടെ അവിടന്നെഴുന്നേറ്റു. എത്രയും പെട്ടെന്ന് ആ പരിസരംവിട്ട് വീടുകളിലേക്ക് പോയാൽ മതിയെന്ന മൗനഭാവം അവരുടെ മുഖത്ത് മിന്നിമറയുന്നുണ്ടായിരുന്നു. കുട്ടൻ ആദ്യമേ നടന്നു. കൂട്ടത്തിൽ പൊക്കംകുറഞ്ഞ് ഉണ്ടത്തക്കിടിയാണ് അവൻ. എല്ലാക്കാര്യത്തിലും മുൻ വിചാരമില്ലാതെ ആദ്യമേ എടുത്തുചാടുന്ന വല്ലാത്ത ധൈര്യം കാണിക്കുന്ന പ്രകൃതം. പൗലോസിന്റെ വാക്കുകൾ കേട്ടപ്പോൾ
ഉള്ളിലൊരു ഈർഷ്യ തോന്നിയെങ്കിലും അതേക്കുറിച്ച് അവരാരും പരസ്പരം സംസാരിച്ചില്ല. പക്ഷേ കുട്ടൻ ഒരു ഞൊടിയിട നിന്നശേഷം വല്ലാതെ വികാരംകൊണ്ടെന്ന പോലെ പറഞ്ഞു, “ഈ മൈരനാണ് സാത്താൻ! പാമ്പിനെപ്പോലെയുള്ള ഇവനെ വേണം കുത്തിക്കൊല്ലാൻ!.”

യൂദാസിന്റെ സുവിശേഷവും യേശുവുമായുള്ള ആത്മബന്ധവും കല്ലൻപൗലോസ് പിന്നെയുമെപ്പോഴോ പല ഇടവേളകളിൽ അവരോടു പറയുകയും യൂദാസിന്റെ വെളിപാടുകൾ ഒരു ജ്ഞാനിയെപ്പോലെ പങ്കുവയ്ക്കുകയും ചെയ്തു. ഒരു നീണ്ട പൊയ്ലച്ചുരുട്ട് കത്തിച്ചശേഷം അയാൾ ഒരു കഥപോലെ പറഞ്ഞു, “ഒരിക്കൽ യൂദാസ് ഈശോയോട് പറഞ്ഞു ‘ഗുരോ എനിക്കൊരു ദർശനമുണ്ടായിരിക്കുന്നു.’

ഈശോ ഇതുകേട്ട് ചിരിച്ചുകൊണ്ടു പറഞ്ഞു: ‘പതിമൂന്നാമത്തെ ആത്മാവേ നിന്റെ ശ്രമം കഠിനമാണ്. എങ്കിലും പറയൂ ഞാൻ നിന്നെ ക്ഷമയോടെ കേൾക്കാം.’

യൂദാസ് തുടർന്നു: ‘പന്ത്രണ്ട് ശിഷ്യന്മാർ എന്റെ നേരേ കല്ലെറിയുന്നതായും എന്നെ പീഡിപ്പിക്കുന്നതായും ഞാൻ സ്വപ്നത്തിൽ കണ്ടു. അങ്ങയുടെ പിന്നാലെ ഞാനും ഒരു വലിയ ഭവനത്തിൽ എത്തി. നിറയെ ആളുകൾ കൂടിനിന്നിരുന്ന ആ വലിയ ഭവനത്തിന്റെ മേൽക്കൂര സസ്യങ്ങൾ കൊണ്ടുള്ളതായിരുന്നു.’

ഈശോ മറുപടിയായി യൂദാസിനെ നോക്കിപ്പറഞ്ഞു: ‘യൂദാ, നിന്റെ നക്ഷത്രം നിന്നെ വഴിതെറ്റിച്ചിരിക്കുന്നു.
നീ കണ്ട ഒരു മനുഷ്യനും ആ ഭവനത്തിൽ എത്തിച്ചേരില്ല. കാരണം മരണമുള്ള ഒരു മനുഷ്യ ജീവനും ആ ഭവനത്തിൽ പ്രവേശിക്കുവാനുള്ള യോഗ്യതയില്ല! എന്തുകൊണ്ടെന്നാൽ ആ സ്ഥലം പരിശുദ്ധരായവർക്കു മാത്രമുള്ളതാണ്. ശരീരത്തിലെ സാത്താനെ പുറത്താക്കാതെ ഒരുവനും പരിശുദ്ധരാവുകയില്ല. ആ സാത്താൻ പാമ്പായും പുഴുവായും കൃമിയായും മനുഷ്യനിലുണ്ട്.”

subesh-padmanabhan-athmaonline-the-arteria-don-bosco-sunny
ചിത്രീകരണം: സുബേഷ് പത്മനാഭൻ

കല്ലൻ പൗലോസിന്റെ സുവിശേഷവ്യാഖ്യാനം അത്രയുമായപ്പോഴേക്കും ചുരുട്ട് കത്തിത്തീർന്നിരുന്നു. കല്ലൻ ശരിക്കും കല്ലായിക്കിടന്നുറങ്ങി. അന്നൊരു വെള്ളിയാഴ്ചയായിരുന്നു.

പിറ്റേദിവസം കളി കഴിഞ്ഞ് ബാറ്റും ബോളും പൗലോസിന്റെ കുടിലിന്റെ ചെറ്റക്കിടയിൽ തിരുകി വീട്ടിലേക്കു പോകാൻ തിരിഞ്ഞതും കുട്ടൻ വയറ്റിൽ കയ്യമർത്തി നിലവിളിച്ചുകൊണ്ട് നിക്കറൂരി.

”ഡേയ് രായേന്ദ്രാ, എനിക്കിപ്പത്തൂറണം വയറ്റീന്നൊരു പെരുമ്പാമ്പിറങ്ങി വരണപോലെ. സാത്താന്റെ സന്തതി!”

രായേന്ദ്രൻ സഹാനുഭൂതിയോടെ അനുജനെയും സങ്കടം കലർന്നൊരു ദൈന്യത്തോടെ കൂട്ടുകാരേയും നോക്കി. ആർക്കുമൊന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല.

“ഡേയ് കുട്ടാ, എന്റെ പൊന്നപ്പീ നീയാ ഓടെടെ കരേലോട്ട് ചെന്നിരുന്ന് തൂറ്. വെരയോ പാമ്പോ എന്തരായാലും ഇറങ്ങിപ്പോട്ട്.”

മറ്റുള്ളവരെ നോക്കി ജാള്യം നിറഞ്ഞൊരു ചിരിയോടെ രായേന്ദ്രൻ തുടർന്നു പറഞ്ഞു,
“ഈ മൈരിന്റോടെ എത്ര തവണ പറഞ്ഞേന്നറിയോ പരിപ്പൊട കഴിക്കമ്പ ഒരു മയത്തീക്കഴിക്കാനെക്കൊണ്ട്. എത്ര പറഞ്ഞാലും കേക്കൂല.”

എന്നിട്ടെന്തോ രഹസ്യം പറയുന്നതുപോലെ കണ്ണുകൾ വക്രിച്ചു പിടിച്ചുകൊണ്ട് ഒരു കൈകൊണ്ട് വായ പൊത്തി അവൻ പറഞ്ഞു “പയ്ലിന്റെ വയറ് നെറയേം മുട്ടൻ വെരകളാണ്. അമ്മയൊണ്ടാക്ക്ണ പരിപ്പൊടകള് മുഴുവനും അടിച്ചു കേറ്റിയാപ്പിന്നെ വെരകള് പെരുകൂലേ.”

ഒന്ന് ശ്വാസംവിട്ട് ആശ്വാസമെന്നപോലെ രായേന്ദ്രൻ തുടർന്നു,
“ഇതിപ്പ അമ്മയൊണ്ടാക്കിയ പരിപ്പൊട. അപ്പോപ്പിന്നെ അമ്മന്നെ അതിനൊള്ള വഴീം കണ്ടത്തീ. സുപ്രഭേശൂത്രീലെ പ്രഭാരൻ ഡോക്ടർന്റൂടന്ന് വെരക്കൊള്ള മരുന്ന് വാങ്ങിക്കൊടുത്തേക്കാണ് കുട്ടന്.”

കുട്ടൻ കമ്പനി ഓടയുടെ കരയിലിരുന്ന് നിക്കറൂരി മുക്കിത്തൂറാൻ ശ്രമിച്ചു. ഓടയിലെ ആസിഡ് കലർന്ന ചൂടുവെള്ളത്തിലെ ആവിയുയരുന്നപോലെ കുട്ടന്റെ വയറ്റിലെ ഒരു വമ്പൻ വിര തല പൊന്തിച്ചു പുറത്തു നോക്കി. പാതി വെളിയിലും പാതി ശരീരത്തിനകത്തും വിരാജിച്ച ആ വിരയെ നോക്കി കുട്ടൻ ഭയത്തോടെയും സങ്കടത്തോടെയും കണ്ണു നിറച്ചുകൊണ്ട് അമർത്തി വിളിച്ചു, “എറങ്ങിപ്പോ മൈരേ….പിശാശേ.” അന്നേരം കുടിലിന്റെ മുറ്റത്തു നിന്നൊരു വക്രിച്ച ചിരിയോടെ കല്ലൻപൗലോസ് കുട്ടനെയാകെ നോക്കുകയായിരുന്നു.

ചക്രവാളത്തിൽ വെളിച്ചം കൂട്ടിക്കൊണ്ട് അസ്തമയ സൂര്യന്റെ ചുവപ്പിനു മുകളിൽ പ്രകാശമാനമായ ഒരു മേഘം തെളിഞ്ഞു. അലസമായി കഞ്ചാവു ചുരുട്ടിന്റെ പുകച്ചുരുളുകളെ നോക്കി വിഷാദപ്പുകയ്‌ക്ക് ആക്കം കൂട്ടുകയായിരുന്നു കല്ലൻപൗലോസ്. സന്ധ്യാനേരത്ത് വയറുവേദന കാരണം കുട്ടനെ വെളിക്കിരുത്താൻ കടപ്പുറത്തേക്ക് വന്നതായിരുന്നു രായേന്ദ്രൻ. കുട്ടൻ ഓടയുടെ കരയിലെ കുഞ്ഞൻ കല്ലുകൾ ഓരോന്നായി പെറുക്കിയെടുത്ത് കടലും ഓടയും ചേരുന്ന ചുഴിയിലേക്ക് എറിഞ്ഞുകൊണ്ട് വയറ്റാഴത്തിലെ വിരകളെ കാത്ത് മുക്കികൊണ്ടിരുന്നു. കടലിലെ ചുവപ്പ് മാറി ഇരുട്ട് കടലിനെയും കരയെയും മെല്ലെമെല്ലെ വിഴുങ്ങിത്തുടങ്ങിയിരുന്നു. പൗലോസിന്റെ കുടിൽമുറ്റത്തോട്ട് അലസമായി നോക്കിയ രായേന്ദ്രൻ കാണുന്നത് പുകയുന്ന ചുരുട്ടിന്റെ കനലാണ്. രായേന്ദ്രൻ കടൽത്തിട്ടയിൽനിന്ന് കനൽവെട്ടം ലക്ഷ്യമാക്കി നടന്നു. വയറ്റിൽനിന്നുമൊരു നീണ്ടവിരയെ ഉഴിഞ്ഞിറക്കിയശേഷം കുട്ടനും അവനോടൊപ്പം ചേർന്നു.

“ഈശോടെ മടീൽ കിടക്കായിരുന്നു യൂദാസപ്പോൾ. അരുമയായ കുഞ്ഞിനെ തലോടുന്നപോലെ ഈശോ അവന്റെ നീണ്ട തലമുടിയിൽ തലോടി. ‘ഗുരോ എന്റെ വിശുദ്ധിയെ നിർണയിക്കുന്നതും ഭരിക്കുന്നവരാണോ?’
ഒരാമുഖവുമില്ലാതെ കല്ലൻപൗലോസ് അവരോടു പറഞ്ഞു തുടങ്ങി.

കുട്ടനും രായേന്ദ്രനും അയാൾക്കിരുവശവുമായി കുത്തിയിരുന്നു. അയാൾ സുവിശേഷം തുടർന്നു. “ഈശോ അവനോട് പറഞ്ഞതെന്താ അതറിയോ? ‘നീയെന്തിനാണ് ഇതോർത്ത് വേവലാതിപ്പെടുന്നത്?’
യൂദാസിന്റെ ഹൃദയം വീണ്ടും മനുഷ്യന്റെ ആദിമപാപമായ സംശയത്തിലേക്ക് വീണു.
‘മനുഷ്യാത്മാവിന് മരണമുണ്ടോ?’ ”

അത്രയും പറഞ്ഞശേഷം അയാൾ ചുരുട്ടിന്റെ അവസാന തുണ്ട് ആഞ്ഞു വലിച്ച് നീട്ടിയെറിഞ്ഞു. പെട്ടെന്നൊരു വന്യമായ ഉന്മാദഭാവത്തിൽ അയാൾ കുട്ടന്റെ മടിയിലേക്ക് ചാഞ്ഞു. കുട്ടൻ വല്ലാത്തൊരു അസഹ്യതയോടെ പിന്നോട്ട് മാറാൻ ശ്രമിച്ചുവെങ്കിലും അയാൾ പിടിവിടാതെ അവന്റെ തുടയിലേക്ക് ആഞ്ഞു പിടിച്ചു.
പൗലോസിന്റെ നീണ്ട വിരലുകൾ ഇരയെ വിഴുങ്ങുന്ന പാമ്പിന്റെ ശീഘ്രതയോടെ കുട്ടന്റെ മേലേക്കു പാഞ്ഞു കയറി.

“രായേന്ദ്രാ…”

ഇരുട്ടിൽ ആ കാഴ്ചയിൽ അമ്പരന്നിരുന്ന രായേന്ദ്രനെ ഉണർത്തിയതു കുട്ടന്റെ വിളിയാണ്.

ഞായറാഴ്ചയുടെ ദുഃഖം തളംകെട്ടിയ ആ ദിവസം പങ്കൻ, രായേന്ദ്രന്റേയും കുട്ടന്റേയും വീട്ടിൽ ചെല്ലുമ്പോൾ അവിടമാകെ കുളത്തൂപ്പുഴയുള്ള ചന്ദ്രമണിച്ചേച്ചിയുടെ ബന്ധുജനങ്ങളെക്കൊണ്ട് മൂടിയിരുന്നു. അപ്പൻ രാജേന്ദ്രനും കുട്ടനും ചന്ദ്രമണിച്ചേച്ചിയും വീടിന്റെ വടക്കും തെക്കുംമാറി തലയ്‌ക്കു കയ്യും കൊടുത്തിരിക്കയായിരുന്നു.
പങ്കനെ കണ്ടതും കുട്ടൻ മെല്ലെയൊന്നിളകി അവന്റെയടുത്തേക്കു വന്നു. ആട്ടുകല്ലിൽ നിന്നുയർത്തു വരുന്ന അവന്റെ നിക്കറിന്റെ പിന്നിൽ ഇന്നലെയെങ്ങോ അരച്ചെടുത്ത പരിപ്പിന്റെ കഷണങ്ങൾ. മുന്നോട്ടുവയ്ക്കുന്ന കാലുകൾക്ക് സ്ഥിരതയില്ലാതെ ബലക്ഷയം സംഭവിച്ചപോലെ ആടിയാടി വന്ന് അവൻ പങ്കന്റെ നെഞ്ചിലേക്കു ചാരി. ചവർപ്പു കലർന്ന പല്ലു തേയ്ക്കാത്ത ഭാഷയിൽ അവൻ പറഞ്ഞത് ഒരു തരിപ്പോടെ മാത്രമേ പങ്കനു കേൾക്കാനായുള്ളൂ.
“ഡേയ് കത്തിരിക്കുത്തിനു കേസൊണ്ടാവില്ലാല്ലേ?”


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here