Friday, January 27, 2023
HomeTHE ARTERIASEQUEL 51ഹം രഹേ യാ ന രഹേ കൽ.. കൽ യാദ് ആയേങ്കെ യെ പൽ..

ഹം രഹേ യാ ന രഹേ കൽ.. കൽ യാദ് ആയേങ്കെ യെ പൽ..

അനുസ്മരണം

ലികേഷ്.എം.വി

പെർഫോം ചെയ്തു കൊണ്ടിരിക്കുമ്പോൾ സ്റ്റേജിൽ മരിച്ചു പോകണമെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. മലയാളിയെ ഗാനമേളയോട് ഏറ്റവും അടുപ്പിച്ചു നിർത്തിയ ഒരാളായിരുന്ന എടവ ബഷീർ എന്ന ഗായകൻ ഇത്തരത്തിൽ മരിച്ചത് കഷ്ടി ഒരാഴ്ച ആയിട്ടേയുള്ളൂ. സമാനമായാണ് കെ.കെ അന്തരിക്കുന്നത്. കൊൽക്കത്തയിൽ തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിൽ, ബോളിവുഡിനെ, തെന്നിന്ത്യയെ മൂന്ന് പതിറ്റാണ്ടുകൾ ത്രസിപ്പിച്ച ശബ്ദം ഹംസഗാനം പാടി.

വർഷങ്ങൾക്ക് മുൻപ്, ഒരു ട്യൂഷൻ ക്ലാസ്സിൽ കുന്നത്ത് കൃഷ്ണകുമാറിനെ അറിയാമോ എന്ന സഹപ്രവർത്തകന്റെ ചോദ്യം എന്നെ കുഴക്കി. തോൽവി സമ്മതിച്ച എന്നോട് കെ.കെ ആരാണ് എന്ന് അറിയാമോ എന്ന ചോദ്യത്തിന്റെ ആവശ്യമില്ലായിരുന്നു. ഉയിരിൻ ഉയിരേ അലയടിക്കുന്ന കാലത്ത് റേഡിയോയിലും ടീവിയിലും കെ.കെ ഒരു സെൻസേഷൻ ആയിരുന്നു.
ഒരുപാട് പാട്ടുകാരെ കണ്ടെത്തിയ ഏ.ആർ റഹ്മാൻ തന്നെ കെ.കെ യെയും സിനിമയിലേക്ക് കൊണ്ടു വന്നതിന് യാദൃശ്ചികതയുണ്ടോ ?

രണ്ട് പേരും ജിംഗിളുകളിലൂടെ കടന്നു വന്നവർ. 1994 മുതൽ ജിംഗിളുകൾ പാടിക്കൊണ്ടിരുന്ന കെ.കെ ,1996 ലാണ് ഏ ആർ റഹ്മാനെ കണ്ടുമുട്ടുന്നത്. റഹ്മാന് വേണ്ടി മിൻസാരക്കനവ് എന്ന മൾട്ടി സ്റ്റാറർ പടത്തിൽ ഫെബി മണിയോട് കൂടി പാടിയ “സ്ട്രോബറി കണ്ണേ ” വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടു. റഹ്മാൻ റോജയും ബോംബെയും ചെയ്ത് ഇന്ത്യ മുഴുവൻ ചർച്ചാവിഷയമായിരുന്ന കാലമായതിന്റെ ഗുണം കൂടി പിന്നീടുള്ള സിനിമകൾക്ക് ലഭിക്കുകയും, കെ.കെ. ഉൾപ്പെടെയുള്ള പുതുനിര ഗായകർക്ക് വലിയ ലോകം തുറന്ന് കിട്ടുന്നതും ഇതോട് കൂടിയാണ്. പതിനൊന്ന് ഭാഷകളിലായി മൂവായിരത്തിലധികം ജിംഗിളുകൾ പാടിക്കഴിഞ്ഞിരുന്ന കെ.കെ യ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. മലയാളിയാണെങ്കിലും, ഡൽഹിയിൽ ജനിച്ച കൃഷ്ണകുമാറിന് ഹിന്ദി ഉച്ചാരണം വിലങ്ങുതടിയായില്ലെന്നത് അദ്ദേഹത്തിന്റെ സ്ഥാനം ബോളിവുഡിൽ ഉറച്ച് നിൽക്കാൻ സഹായകമായി. ദക്ഷിണേന്ത്യയിൽ നിന്ന് ബോളിവുഡിലേക്കെത്തിയ ഗായകരിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് പിടിച്ചു നിന്നിട്ടുള്ളത് എന്ന് കൂടി ഇവിടെയോർക്കണം.

1999 ൽ കൊളോണിയൽ കസിൻസിലൂടെ വിഖ്യാതനായ ലെസ്ലീ ലൂയിസ് സംഗീതം ചെയ്ത് നിർമിച്ച പൽ എന്ന സോളോ ആൽബം വമ്പൻ ഹിറ്റായി മാറി. മെഹബൂബിന്റെ വരികൾക്ക് കെ.കെ യുടെ നനുത്ത ശബ്ദം എത്ര വലിയ മുതൽക്കൂട്ടായിരുന്നുവെന്ന് കാലം തെളിയിച്ചു. പ്രത്യേകിച്ചും യാരോം, പ്യാർ കെ പൽ തുടങ്ങിയ ട്രാക്കുകൾ.

95 മുതൽ 2000 വരെ ജിംഗിളുകളിൽ നിറഞ്ഞുനിന്ന കെ.കെ പിന്നീട് ദക്ഷിണേന്ത്യൻ സിനിമാസംഗീതത്തിൽ വമ്പൻ ഹിറ്റുകൾ സൃഷ്ടിച്ചു. പരമ്പരാഗതമായി സംഗീതം അഭ്യസിക്കാതെ അത്ഭുതങ്ങൾ സൃഷ്ടിച്ച ഗായകരിൽ ഒരാളായിരുന്നു കെ.കെ. ഉത്തരേന്ത്യൻ സംഗീത ലോകത്തിന് പൊതുവേ പ്രിയപ്പെട്ട താരസ്ഥായിയിൽ അനായാസമായി അദ്ദേഹം പാടിക്കൊണ്ടിരിക്കുന്നു. കലർപ്പില്ലാത്ത, ശ്രുതിയിൽ നിന്ന് അണുവിട മാറാത്ത ശബ്ദത്തിൽ സ്റ്റുഡിയോ എന്നോ ലൈവ് ഷോയെന്നോ വ്യത്യാസമില്ലാതെ അയാൾ പാടിക്കൊണ്ടേയിരുന്നു.

രണ്ടായിരത്തിന് ശേഷം ഹാരിസ് ജയരാജിന് വേണ്ടിയും യുവൻ ശങ്കർ രാജക്ക് വേണ്ടിയും കെ.കെ നിറയെ പാടിയിട്ടുണ്ട്. ഒരു ഗായകനെ/ ഗായികയെ സംബന്ധിച്ചിടത്തോളം പാടുന്ന പാട്ടുകൾക്ക് തനതായ ശൈലി സൃഷ്ടിച്ചെടുക്കുന്നത് തികഞ്ഞ വെല്ലുവിളിയാണ്. റഫിയെ അനുകരിക്കുന്ന, കിഷോർ കുമാറിനെ അനുകരിക്കുന്ന, ഹരിഹരനെ അനുകരിക്കുന്ന നിരവധി ഗായകർ ബോളിവുഡിൽ വന്നും പോയുമിരുന്നപ്പോഴും , ഷാനും സോനു നിഗവും ഉദിത് നാരായണനും നിറഞ്ഞു നിന്ന ബോളിവുഡിൽ, പാക്കിസ്ഥാനിൽ നിന്നും വന്ന് ഇന്ത്യയെ ശബ്ദം കൊണ്ട് ഞെട്ടിച്ച ആതിഫ് അസ്ലം ഉള്ളപ്പോഴും, പിന്നീട് ജാവേദ് അലിയും മൊഹിത് ചൗഹാനും അരിജിത് സിങ്ങുമടങ്ങുന്ന പുതിയ തലമുറ അവരവരുടെ മേഖലകൾ വെട്ടിപ്പിടിച്ചപ്പോഴും , കെ.കെ ഉലയാതെ നിന്ന വൃക്ഷമായിരുന്നു. ശാസ്ത്രീയസംഗീതത്തിന്റെ അടിത്തറയില്ലാതെ , തനിക്ക് ലഭിക്കുന്ന പാട്ടുകളെ അതിഗംഭീരമായി പാടി വെച്ച് , അവകാശ വാദങ്ങളില്ലാതെ അയാൾ തന്റെ ജോലി തുടർന്നു.

ഒന്നോർത്താൽ മരിക്കുന്നവർ എല്ലാം ബാക്കിയാക്കി പോകുന്നത് കല മാത്രമല്ല. ഓർമകളെ കൂടിയാണ്. ആരുടെയൊക്കെയോ ബാല്യവും കൗമാരവും യൗവ്വനവുമെല്ലാം ഏതൊക്കെയോ ശീലുകളിൽ , ദൃശ്യങ്ങളിൽ , വരികളിൽ , വേർപെടുത്താനാവാത്തവണ്ണം കുരുങ്ങിക്കിടക്കുന്നു. ജീവിക്കുന്ന പാട്ടുകൾ പൂവെന്ന പോലെ വിതറിയിട്ട് പോയ പ്രിയ ഗായകന് നന്ദി. തന്ന സംഗീതത്തിനും.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : [email protected]

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

RELATED ARTICLES
- Advertisment -spot_img

Most Popular

കഥകൾ

കവിതകൾ

വായന

PHOTOSTORIES