ബാവുല്‍ മഴ നനഞ്ഞ് ടൌണ്‍ ഹാള്‍; ‘കോഴിക്കോട് സാംസ്‌കാരിക വേദി’ യുടെ എഴാം വാര്‍ഷികാഘോഷം ധന്യം

0
673
കോഴിക്കോട്: കോഴിക്കോടിന്റെ സാംസ്‌കാരിക ഭൂമിയിലെ നിറസാന്നിധ്യമായ ‘കോഴിക്കോട് സാംസ്‌കാരിക വേദി’ ക്ക് ഏഴു വയസ്സ്. ബോധപൂർവം വിസ്മരിച്ചു കളയാൻ ശീലിച്ചവയോടെല്ലാം മുഖാമുഖം നിൽക്കേണ്ടതുണ്ട് എന്ന സാംസ്കാരികവേദിയുടെ രാഷ്ട്രീയ ബോധ്യം ഉയര്‍ത്തി പിടിച്ചു കൊണ്ടുള്ള വാര്‍ഷിക ആഘോഷ പരിപാടികളാണ് ചൊവ്വാഴ്ച ഉച്ച മുതല്‍ ടൌണ്‍ ഹാളില്‍ സംഘടിപ്പിക്കപെട്ടത്.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവം ആയി മാറിയ കേരള ലിറ്റരേച്ചര്‍ ഫെസ്റിവലിന് (KLF) കോഴിക്കോട് കഴിഞ്ഞ രണ്ടു വര്‍ഷമായി ആഥിത്യമരുളിയത് സാംസ്‌കാരിക വേദിയാണ്. അടുത്ത സാഹിത്യോത്സവം 2018 ഫെബ്രവരി മാസത്തില്‍ നടക്കാന്‍ പോവുകയാണ്. അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി ഇന്നലെ തുടക്കമിട്ടു.
ഉച്ചയ്ക്ക് രണ്ടു മണിക്ക് വിദ്യാര്‍ഥി സംഗമത്തോട് കൂടി പരിപാടി ആരംഭിച്ചു. മഹിളാ സമഖ്യ സംസ്ഥാന പ്രോജക്റ്റ് ഡയരക്ടര്‍ പി ഇ ഉഷ വിദ്യാര്‍ത്ഥികളോട് സംവദിച്ചു. കലാലയ അന്തരീക്ഷങ്ങളിലെ പാര്‍ശ്വവല്‍ക്കരണങ്ങളെ കുറിച്ചും ആദിവാസി  വിദ്യാര്‍ഥികളുടെ പ്രശ്നങ്ങളെ കുറിച്ചും അത് നേരിടുന്നതിലുള്ള നിലവിലെ നമ്മുടെ വിദ്യാഭ്യാസ നയങ്ങളുടെ പരിമിതിയെ കുറിച്ചും ചര്‍ച്ച നടന്നു. ക്ലാസ്സ്‌ മുറികളില്‍ കടന്നു വരുന്ന വേര്‍തിരിവുകള്‍, ഭിന്ന ശേഷിയുള്ള വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രതിസന്ധികള്‍ എന്നിവയെ കുറിച്ചും സംവാദങ്ങള്‍ നടന്നു. വിവിധ കലാലയങ്ങളിലെ ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഡോ: സുരേഷ് അധ്യക്ഷത വഹിച്ചു. എ കെ അബ്ദുല്‍ ഹക്കീം സ്വാഗതവും ഫഹീം ബറാമി നന്ദിയും പറഞ്ഞു.
ശേഷം ആദിവാസി സമൂഹത്തിന്റെ കാര്‍ഷിക സംസ്കാരത്തെ കുറിച്ചുള്ള നാടകം ‘പുത്തികെപൂവ്’ അരങ്ങേറി. ആദിവാസികൾ, ഗോത്രവിഭാഗങ്ങൾ, ഭിന്നശേഷിയുള്ളവർ തുടങ്ങി മുഖ്യധാരയുടെ കള്ളത്തരങ്ങൾ കൊണ്ട് ഒറ്റപ്പെട്ടു പോകുന്നവരെ കൂട്ടിപ്പിടിക്കാനുള്ള സാംസ്കാരികവേദിയുടെ ഗൗരവമായ ആലോചനയാണിതെന്നു സാംസ്‌കാരിക വേദി പ്രസിഡന്റ് എ കെ അബ്ദുല്‍ ഹക്കീം പറഞ്ഞു.
ആറ് മണിക്ക് നടന്ന സാംസ്കാരിക സമ്മേളനത്തിൽ എം.മുകുന്ദന്‍, സക്കറിയ, കരിവെള്ളൂർ മുരളി എന്നിവര്‍ പങ്കെടുത്തു. ചടങ്ങിൽ ടി.വി.സുനീതയുടെ പുസ്തക പ്രകാശനവും നടന്നു.
ശേഷം ആസ്വാദകരെ കുളിര് അണിയിച്ചു കൊണ്ട് ബാവുല്‍ സംഗീതം അരങ്ങേറി. ഗ്രാമീണരായ ബംഗാളികളാണ് ബാവുലുകള്‍. ബം­ഗാ­ൾ ഗ്രാ­മാ­ന്ത­ര­ങ്ങ­ളിൽ നിന്ന് പാ­ടി­യും ആടിയും അല­ഞ്ഞലഞാന് തരുൺദാസ് ബാവുലും കൂട്ടരും കോഴിക്കോട് എത്തിയത്. വികസനം ഗ്രാമങ്ങളെ വിഴുങ്ങുമ്പോൾ ഉന്മൂലനം ചെയ്യപ്പെടുന്നവരുടെ വേദനകളാണ് അവരുടെ പാട്ട്. തലമുറകളായി അവരുണ്ടാക്കിയെടുത്ത വേറിട്ട സംസ്കൃതിയെ തിരിച്ചു പിടിക്കാനും അവരുടെ വേരുകളെ മണ്ണിലാഴ്ത്താനുമാണ് ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് അവര്‍ യാത്ര ചെയ്യുന്നത്. ബാവുള്‍ മഴ പെയ്തിറങ്ങിയത് ആസ്വാദകരുടെ മനസ്സിലേക്കാണ്‌. ആ കുളിരും കൊണ്ടാണ് കാണികള്‍ മടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here