കോഴിക്കോട് : ‘കോഴിക്കോട് സാംസ്കാരിക വേദി’ യുടെ എഴാം വാര്‍ഷിക ആഘോഷത്തോട് അനുബന്ധിച്ച് കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ‘പുത്തികെ പൂവ്’ എന്ന നാടകം ടൌണ്‍ ഹാളില്‍ അരങ്ങേറി. കാടും മേടും അന്യവല്കരിക്കപ്പെടുന്നിടത്തുനി ന്ന്, തങ്ങളെ അപരവല്‍ക്കരിക്കുന്ന മലവെള്ളപാച്ചലുകള്‍ തടുക്കാന്‍ വേണ്ടിയുള്ള ആദിവാസി സമൂഹത്തിന്റെ സമരാവിഷ്ക്കാരം ആണ് ‘പുത്തികെപൂവ്’.
തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘നിരീക്ഷ’ സ്ത്രീ നാടക വേദിയാണ് ആവിഷ്കാരം സാധ്യമാക്കിയത്. സ്ത്രീകള്‍ തന്നെയാണ് സംഘാടനത്തിലും വേദിയിലും. ആദിവാസി ഭാഷയില്‍ തന്നെയാണ് നാടകം ആസ്വാദകരിലേക്ക് എത്തിച്ചത് എന്നതാണ് ‘പുത്തികെപൂവി’ന്റെ സവിശേഷത. സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസ ശാക്തീകരണത്തിന് വേറിട്ട കാഴ്ചപാടുകളും നിലപാടുകളുമാണ് മഹിളാ സമഖ്യ എന്നും മുന്നോട്ട് വെക്കുന്നത് എന്ന് സമഖ്യ പ്രവര്‍ത്തകയായ ഗീതു ‘ആത്മ ഓണ്‍ലൈനോട്’ പറഞ്ഞു.
സിലബസിന്റെ ചട്ടകൂടുകള്‍ക്ക് അപ്പുറം അറിവ് കണ്ടെത്താന്‍ ശ്രമിക്കുന്ന കുട്ടിയെ പുറന്തള്ളുന്ന വിദ്യാഭ്യാസ രീതികള്‍, ക്ലാസ്സ് മുറികളിലെ പരിമിതമായ അഭ്യാസങ്ങളുടെ ചതുരംഗ കളത്തില്‍ ആദിവാസി കൂട്ടങ്ങളെ തളച്ചിടുന്ന രീതികള്‍, യോഗ്യത ഉണ്ടായിട്ടും സംവരണത്തിന്റെ പട്ടകയില്‍ മാത്രം ഒതുക്കി നിര്‍ത്തപെടുന്ന വ്യവസ്ഥിതികള്‍ എന്നിവയുടെ പുനര്‍വായനയാണ് നാടകം മുന്നോട്ട് വെക്കുന്നത്.
ആദിവാസികളുടെ കാര്‍ഷിക സംസ്കാരം, വിത്ത് സംരക്ഷണത്തിലെയും വിളവെടുപ്പിന്റെയും പ്രകൃതി – മുനുഷ്യ സൗഹൃദ രീതികള്‍, അവയൊക്കെ തലമുറകളിലേക്ക് കൈമാറുന്ന ആദിവാസി സാമൂഹിക സംവിധാനങ്ങള്‍ എന്നിവ അതിന്റെ തനിമ ചോരാതെ തന്നെ അവതരിപ്പിച്ചു. ഇതിലൂടെയൊക്കെ നമ്മുടെ കൂടി നിലനില്‍പ്പിനുള്ള പണിയാണ് അവര്‍ എടുക്കുന്നത് എന്ന് ബോധ്യപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട് നാടകം.
ആദിവാസികളുടെ സാംസ്കാരിക മൂലധനം മുന്നോട്ട് വെക്കുന്ന അനന്തസാധ്യതകള്‍ പ്രയോഗവല്‍ക്കരിക്കുന്നതില്‍ ‘മുഖ്യധാര’ പരാജയപ്പെടുന്നുവെന്നും ആദിവാസിഭാഷയുടെ പദസന്പത്ത് ഉപയോഗപെടുത്താന്‍ ‘മുഖ്യധാര’ തയ്യാറാവണമെന്നും ഗീതു കൂട്ടിച്ചേര്‍ത്തു.
18 സ്ത്രീകള്‍ അവതരിപ്പിച്ച നാടകം അരമണിക്കൂര്‍ നീണ്ടു. മണ്ണും വിത്തും വേരും ജീവന്റെ ഉറവിടം ആണെന്ന തിരിച്ചറിവ് പുത്തികെപൂവ് നമുക്ക് തരുന്നു. നശിക്കപെടാത്ത വിത്തുകള്‍ കണ്ടത്താന്‍ ആദിവാസികളുടെ പരമ്പരാഗത അറിവ് കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ എന്നും അത് നശിപ്പിക്കുന്ന രീതിയിലുള്ള ആധുനിക പഠന സമ്പ്രദായങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ട എന്നും നാടകം ഉറക്കെ വിളിച്ചു പറയുന്നു. പരിസ്ഥിതി പാഠങ്ങള്‍ ‘മുഖ്യധാര’ ക്ക് ഞങ്ങള്‍ പഠിപ്പിച്ചു തരാം എന്ന് വാഗ്ദാനം നല്‍കി കൊണ്ട് നാടകം അവസാനിക്കുന്നു.