വിവേകാനന്ദസ്പര്‍ശത്തിന് ‘നവോത്ഥാന ദൃശ്യസന്ധ്യ’ യോട് കൂടി ഡിസംബര്‍ 22 ന് സമാപനം

0
490

തിരുവനന്തപുരം: സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ 125ാം വാര്‍ഷികമായി സാംസ്‌കാരിക വകുപ്പിന്റെയും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളുമായി നടന്ന് വരുന്ന ആഘോഷം  ‘വിവേകാനന്ദസ്പര്‍ശം’ ഡിസംബര്‍ 22 ന് സമാപിക്കും. നവംബര്‍ 27 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉല്‍ഘാടനം ചെയ്ത ആഘോഷപരിപാടികള്‍ക്കാണ് വെള്ളിയാഴ്ച ടാഗോറില്‍ സമാപനം ആവുന്നത്.

വി എസ് ശിവകുമാര്‍ MLA യുടെ അധ്യക്ഷതയില്‍ ബഹു: സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലനാണ് സമാപന സമ്മേളനം ഉല്‍ഘാടനം ചെയ്യുന്നത്. ഉന്നത വിദ്യാഭ്യാസ സമിതി വൈസ് ചെയര്‍ മാന്‍ ഡോ: രാജന്‍ ഗുരിക്കള്‍ മുഖ്യപ്രഭാഷണം നടത്തുന്ന ചടങ്ങില്‍ പ്രൊഫ: മധുസൂദനന്‍ നായര്‍ ( ചെയര്‍മാന്‍, ആശാന്‍ സ്മാരകം, തോന്നയ്ക്കല്‍), ശ്രീ. പ്രമോദ് പയ്യന്നൂര്‍ (നാടക – ചലച്ചിത്ര സംവിധായകന്‍ & മെമ്പര്‍ സെക്രട്ടറി, ഭാരത്‌ ഭവന്‍) എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിക്കും. ശ്രീമതി: റാണി ജോര്‍ജ്ജ് IAS (സെക്രട്ടറി, സാംസ്കാരിക വകുപ്പ്) സ്വാഗതമേകുന്ന ചടങ്ങില്‍ ശ്രീ. ടി ആര്‍ ശിവദാസന്‍ നായര്‍ (ഡയരക്ടര്‍, സാംസ്‌കാരിക വകുപ്പ്) റിപ്പോര്‍ട്ട് അവതരണം നടത്തും. കേരളാ ഭാഷ ഇന്‍സ്ടിറ്റ്യൂട്ട് ഡയരക്ടര്‍ പ്രൊഫ: വി. കാര്‍ത്തികേയന്‍ നായര്‍ ചടങ്ങിന് നന്ദി പ്രകാശിപ്പിക്കും.

കേരളത്തില്‍ ഉടനീളം വിവിധ ഇടങ്ങളില്‍ വിവിധയിനം പരിപാടികള്‍ വിവേകാനന്ദസ്പര്‍ശത്തിന്റെ ഭാഗമായി നടന്നിട്ടുണ്ട്. അതിന്റെ സമാപനമാണ് ദൃശ്യവിരുന്നോട്  കൂടി നടക്കാന്‍ പോവുന്നത്. 76 ഓളം കലാകാരന്മാര്‍ അണിനിരക്കുന്ന ‘നവോത്ഥാനദൃശ്യ സന്ധ്യ’ ആറു മണിക്ക് അരങ്ങേറും. ഭാരത്‌ ഭവന്‍ അവതരിപിക്കുന്ന പരിപാടിയുടെ സാക്ഷാല്‍ക്കാരം നിര്‍വഹിക്കുന്നത് പ്രമോദ് പയ്യന്നൂര്‍ ആണ്.

കേരളത്തിന്റെ നവോത്ഥാനചരിത്രത്തിന്റെ പുനരാവിഷ്കാരം ആണ് തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. സംഗീതം, നാടകം, നൃത്തം, ചിത്രകല, ചലച്ചിത്രം എന്നിവ കോര്‍ത്തിണക്കി കൊണ്ടുള്ള  ദൃശ്യാവിഷ്ക്കാരത്തില്‍ നവോത്ഥാനകാലത്തെ മുന്നോട്ട് നയിച്ച ശ്രീനാരായണഗുരു, ഭാരതിയാര്‍, ബോധേശ്വരന്‍, വള്ളത്തോള്‍, കുമാരനാശാന്‍, വിദ്വാന്‍ പി കേളു നായര്‍, പി. കുഞ്ഞിരാമന്‍ നായര്‍, മുഹമ്മദ്‌ ഇഖ്ബാല്‍, ബുപന്‍ ഹസാരിക, അംശിനാരയണപിള്ള, വയലാര്‍, ഒ.എന്‍.വി തുടങ്ങിയവരുടെ രചനകള്‍ സംഗീതത്തിലും രംഗകലകളിലും സമന്വയിപ്പിക്കുന്നു. കൂടാതെ, വി.ടി ഭട്ടതിരിപ്പാട്, കെ. ടി മുഹമ്മദ്‌ തുടങ്ങിയവരുടെ നാടകങ്ങളുടെ പ്രസക്ത ഭാഗങ്ങളും ഇഴചേര്‍ത്ത് ചലച്ചിത്ര സാധ്യതകള്‍ കൂടി പ്രയോജനപെടുത്തുന്ന രീതിയിലാണ് ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദൃശ്യസന്ധ്യ അവതരിപ്പിക്കുനത്.

കേരളാ ഭാഷാ ഇന്‍സ്ടിറ്റ്യൂട്ട് , തോന്നക്കല്‍ ആശാന്‍ സ്മാരകം, ഭാരത്‌ ഭവന്‍ എന്നിവരാണ് സാംസ്‌കാരിക വുകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള പരിപാടി വര്‍ണ്ണാഭം ആക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here