അയ്യൻകാളി : പൊതുമലയാളിയെ നിർമ്മിച്ച രാഷ്ട്രീയ രൂപകം

0
1794
Ayyankali Dr k s madhavan the arteria athma online

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം

ഡോ: കെ എസ് മാധവൻ

പ്രക്ഷോഭകരമായ ആധുനികതയും മലയാളി നിർമ്മിതിയും

ആധുനിക കേരളത്തെ നിർമ്മിച്ചെടുത്ത നവോത്ഥാനനേതൃത്വമാണ് അയ്യൻകാളിയുടേത്. മലയാളികൾ ഒരു ആധുനിക ജനാധിപത്യ പൗരസമൂഹവുമായി വികസിച്ചു വന്ന ചരിത്രപ്രക്രിയയുടെ അടിപ്പടവായിട്ടാണ് കേരളത്തിൽ നടന്ന നവോത്ഥാന പരിവർത്തന പ്രക്രിയയെ മനസിലാക്കുന്നത്. കേരളത്തിൻ്റെ നവോത്ഥാന ആധുനികത എന്ന ചരിത്രപരിവർത്തന പ്രക്രിയയിൽ ഏറ്റവും ക്രിയാത്മകമായി ഇടപെട്ട മുന്നേറ്റത്തെയാണ് അയ്യൻകാളി നയിച്ചത്. അയ്യൻകാളി പ്രസ്ഥാനം നിർവ്വഹിച്ച ഈ പങ്കിനെ മുൻനിർത്തി ആധുനികതയേയും നവോത്ഥാന മുന്നേറ്റങ്ങളേയും അടയാളപ്പെടുത്തുമ്പോൾ ആധുനിക മലയാളി സമൂഹത്തെ നിർമ്മിച്ചെടുക്കുന്നതിൽ സാമൂഹികമായ ആശയങ്ങളും പരിവർത്തന ഇടപെടലുകളും നവോത്ഥാന പ്രക്രിയയ്ക്കുള്ളിൽ നിർമ്മിച്ചെടുക്കുകയും നേതൃത്വം കൊടുക്കുകയുമാണ് അയ്യൻകാളി നിർവ്വഹിച്ചത്. കേരളം എന്ന ഭൂപ്രദേശത്ത് വസിച്ചിരുന്ന വ്യത്യസ്ത സ്ഥാനമാന നിലകളിൽ സാമൂഹിക വേർതിരിവുകളോടെ നിലനിന്ന ജാതി ജീവിത ജനസഞ്ചയങ്ങളെ അവർ നിലനിർത്തിയ മേൽ-കീഴ് വേറ് കൂറ് ബന്ധങ്ങളെ അതിവർത്തിപ്പിക്കാൻ ആവശ്യമായ പ്രക്ഷോഭകരമായ ഭാവനകളെയും പരിവർത്തനപരമായ നീതി വിചാരങ്ങളേയും സാമൂഹിക ഇടപെടലിലൂടെ നിർമ്മിച്ചെടുക്കുകയായിരുന്നു അയ്യൻകാളി പ്രസ്ഥാനം. ഇതു വഴി ആധുനിക മലയാളിയുടെ സൃഷ്ടിപ്പിന് ആവശ്യമായ ഉൾകൊള്ളൽമൂല്യങ്ങളെ സാമൂഹിക പ്രക്ഷോഭങ്ങളിലൂടെ നിർമ്മിച്ചെടുക്കുകയായിരുന്നു അയ്യൻകാളി. ജാതിമലയാളരെ ആധുനിക മലയാളി സമൂഹമാക്കി മാറ്റി തീർക്കുന്നതിൽ അയ്യൻകാളിയുടെ ഇടപെടലുകൾ മലയാളി സമൂഹത്തിൻ്റെ സാമൂഹികതയേയും നീതിബോധത്തേയും നിർമ്മിച്ചെടുത്ത പ്രക്രിയയായിട്ടാണ് സ്ഥാനപ്പെടുത്തേണ്ടത്. കൊളോണിയൽ ചരിത്ര സന്ദർഭത്തിൽ കേരളം എന്ന ഭാഷാസാംസ്കാരിക ഭൂപ്രദേശത്ത് ഭേദരൂപങ്ങൾക്കും വേർതിരിവു രീതികൾക്കും അതീതമായി, സാമൂഹികതയും ജനതയും നിർമ്മിക്കപ്പെടുന്ന ആധുനികതയുടെ പ്രക്രിയയിൽ, നവോത്ഥാന ചരിത്ര പരിവർത്തനത്തെ പൊതു മലയാളിയെ നിർമ്മിക്കുന്നതിനായി ഇടപെടുന്ന പ്രക്രിയയിലൂടെയാണ് അയ്യൻകാളി പ്രസ്ഥാനം വികസിച്ചു വന്നത്. അടിത്തട്ട് സമൂഹങ്ങളെ ചരിത്രത്തിലെ സജീവ സാമൂഹിക കർതൃത്വങ്ങളായി മാറ്റി തീർത്തു കൊണ്ട് മലയാളിയുടെ സാമൂഹികമായ പൊതുവിനെ സംബന്ധിച്ച നീതി വിചാരങ്ങളും പങ്കാളിത്ത സാമൂഹികതയേയും നിർമ്മിക്കുന്ന ഇടപെടലുകളാണ് അയ്യൻകാളി നിർമ്മിച്ചെടുത്തത്. ഈ സാമൂഹിക നിർമ്മിതിക്കാവശ്യമായ ചരിത്ര സാംസ്കാരിക വിഭവങ്ങളെ, ആധുനികതയെ, പ്രക്ഷോഭകരമായ പരിവർത്തന ഇടപെടലായും നിർമ്മാണാത്മകമായ സമർത്ഥന വ്യവഹാരമായും പരിവർത്തിപ്പിച്ചു രൂപപ്പെടുത്തി. ആധുനിക മലയാളി നിർമ്മിതിക്കാവശ്യമായ തുല്യതാ സങ്കല്പവും നീതി വിചാരങ്ങളും പ്രക്ഷോഭ പ്രയോഗങ്ങളിലൂടെ രൂപപ്പെടുത്താൻ അയ്യൻകാളിക്കു കഴിഞ്ഞു. ഇത്തരത്തിൽ മലയാളി സാമൂഹികതയുടെ ചരിത്രപരിവർത്തനത്തിൻ്റെ അനുശീലങ്ങളെയും ബോധവിചാര പെരുമാറ്റ സ്ഥിതികളേയും മാറ്റിമറിച്ച സാമൂഹിക പ്രയോഗവും ജൈവ രാഷ്ട്രീയത്തിൻ്റെ ശരീര രൂപവുമാണ് അയ്യൻകാളിയുടേത്. മലയാളി സാമൂഹികതയെ നിർമ്മിച്ചെടുത്ത രാഷ്ട്രീയ രൂപകമായി അയ്യൻകാളി മാറിയ പ്രക്രിയ ആധുനിക കേരള നിർമ്മിതിയുടെ ചരിത്രത്തിൻ്റേതുകൂടിയാണ്.

ആധുനികതയുടെ പരിസരത്തിൽ മാറ്റത്തിന് വിധേയമായി കൊണ്ടിരുന്ന കേരളീയ സമൂഹത്തിന് പരിവർത്തനത്തിൻ്റെ സ്വാഭാവവും മാറ്റത്തിനായുള്ള പ്രക്ഷോഭ രൂപങ്ങളും നിർമ്മിച്ചെടുത്തതു കൊണ്ടാണ് ആധുനിക മലയാളിയെ നിർമ്മിച്ച നവോത്ഥാന കേരളത്തിൻ്റെ പ്രക്ഷോഭ രാഷ്ട്രീയശരീരമായി അയ്യൻകാളി സ്ഥാനപ്പെടുന്നത്. സമൂഹത്തെ നീതിപൂർവമായി പുനസംഘടിപ്പിക്കുന്ന സാമൂഹിക നീതിസങ്കല്പവും സമതയും ജനതയും നിർമ്മിക്കപ്പെടുന്നതിന് സാമൂഹിക ബന്ധങ്ങളിൽ നീതിപൂർവ്വവും തുല്യതയെ ഉൾവഹിക്കുന്നതുമായ ഭാവനയും ഉണ്ടാകണമെന്ന നവോത്ഥാന ആശയങ്ങൾ അയ്യൻകാളി പ്രസ്ഥാനത്തിന് മുന്നോട്ട് വയ്ക്കാൻ കഴിഞ്ഞു. കേരളത്തിൻ്റെ അടിത്തട്ട് സമൂഹത്തിൻ്റെ സാമൂഹിക ഭാവനകളെ പ്രക്ഷോഭകരമായ ആധുനികതയിലൂടെ പരിവർത്തന സാമൂഹിക നവോത്ഥാന പ്രക്രിയയായി വികസിപ്പിക്കാൻ കഴിഞ്ഞത് ഇതുമൂലമാണ്. അയ്യൻകാളി രൂപപ്പെടുത്തിയ തുല്യതാവിചാരങ്ങളും വിഭവ പങ്കാളിത്തവും പ്രാതിനിധ്യ പങ്കാളിത്ത സങ്കല്പങ്ങളും സാമൂഹിക ബന്ധങ്ങളെ പുതുക്കി പണിയുന്നതിനും പുതുസമൂഹ നിർമ്മിതിക്കും ആവശ്യമായിരുന്നു. ഈ നിർമ്മിതിക്ക് ആവശ്യമായ ഇടപെടലുകളും സാമൂഹിക സങ്കല്പവും പ്രക്ഷോഭ അനുശീലനങ്ങളും വിമോചന ഭാവനകളും അയ്യൻകാളി പ്രസ്ഥാനത്തിന് നിർമ്മിക്കാൻ കഴിഞ്ഞു.

കേരളീയതയും സാമൂഹികതയും: നവോത്ഥാന ആധുനികതയുടെ ഭാവനാപ്രയോഗങ്ങൾ

കേരളീയതയേയും മലയാളി സാമൂഹികതയേയും വരേണ്യചരിത്ര സാംസ്കാരിക പാരമ്പര്യങ്ങളിൽ നിന്നും കോയ്മ അനുശീലന സാംസ്കാരിക ആവിഷ്കാരങ്ങളിൽ നിന്നും കണ്ടെടുത്ത് അവതരിപ്പിക്കുന്ന രീതിയായിട്ടാണ് നവോത്ഥാനാനന്തര കേരളീയ സമൂഹത്തിൻ്റെ സാംസ്കാരിക ആവിഷ്കാരങ്ങൾ നിർമ്മിക്കപ്പെട്ടത്. വരേണ്യ ജാതി സാമൂഹികതയ്ക്കും മധ്യവർഗ അഭിരുചിക്കും ജാതി വരേണ്യ മൂല്യ മണ്ഡലത്തിനും സമൂഹത്തിൽ അധീശത്വം സ്ഥാപിച്ചുറപ്പിക്കുന്ന തരത്തിലാണ് കേരളത്തിലെ ചരിത്ര സാംസ്കാരിക സാഹിത്യ എഴുത്തു സംസ്കാരം കാലങ്ങളായി ഇടപെട്ടുകൊണ്ടിരിക്കുന്നത്. മലയാളിയുടെ ജീവിതാവബോധവും കാഴ്ച്ചപ്പാടുകളൂം മധ്യവർഗജാതി മൂല്യമണ്ഡലമായി ലാവണ്യവൽക്കരിച്ച് മലയാളി സാമൂഹികതയും കേരളീയതയുമായി നിലനിർത്തുന്ന വർത്തമാന സാംസ്കാരികതയിൽ നിന്നും തികച്ചും വ്യത്യസ്തമായിട്ടായിരുന്നു നവോത്ഥാനപ്രക്രിയ സാമൂഹിക സാംസ്കാരികഭാവനകളെ സൃഷ്ടിച്ചത്. ആധുനിക മലയാളിക്ക് വേണ്ടി നീതിപൂർവ്വവും ഉൾകൊള്ളൽ സങ്കല്പവുമുള്ള ജനത സങ്കല്പത്തിൽ ഊന്നുന്ന ജനായത്ത പൊതുവിനെ ഭാവനപ്പെടുത്താനും സാമൂഹിക ഇടപെടലിലൂടെ നിർമ്മിച്ചെടുക്കാനും അയ്യൻകാളി പ്രസ്ഥാനത്തിന് നവോത്ഥാന പ്രക്രിയയ്ക്കുള്ളിൽ സാധ്യമായിരുന്നു. ആധുനികതയെ പ്രക്ഷോഭകരമായ സാമൂഹിക പ്രയോഗവും പ്രയോഗത്തിലൂടെ നിർമ്മിക്കുന്ന സാമൂഹിക ആശയഭാവനയും പൊതുവിനെ സൃഷ്ടിക്കുന്ന രാഷ്ട്രീയ പ്രയോഗവുമായി കൂട്ടായ്മയിലൂടെ നിർമ്മിച്ച സമതാ സങ്കല്പവും സാമൂഹികതയുടെ നീതി സങ്കല്പങ്ങളുമായി ഇത് നവോത്ഥാനത്തെ നിർവ്വചിക്കുന്നതിന് അടിത്തറയായി മാറി. സാമൂഹിക ഇടപെടലുകളെ അസമത്തത്തിനെതിരായ സാമൂഹിക പ്രയോഗങ്ങളായി മാറ്റി തീർത്തുകൊണ്ടാണ് അയ്യൻകാളി നീതിയിൽ നിലനിൽക്കുന്ന പുതുസാമൂഹികതയെ നിർമ്മിക്കുന്ന ശരീരങ്ങളായി അടിത്തട്ടു മനുഷ്യരെ ചരിത്ര കർതൃത്വങ്ങളായി മാറ്റി തീർത്തത്. ഈ ചരിത്ര പ്രക്രിയയിലാണ് വില്ലുവണ്ടി സമരവും ജാതി വഴികളിലൂടെയുള്ള വഴിനടപ്പും വ്യവസ്ഥിതിയുടെ സാമൂഹിക ഇടപാടുകളുടെ വിലക്കുകളെ ലംഘിക്കുന്ന പ്രയോഗമാക്കി മാറ്റി തീർത്തത്. സാമൂഹിക നിയമങ്ങൾ ജാതിമര്യാദകളായി നിലനില്ക്കുകയും പ്രവർത്തിക്കുകയും ചെയ്തിരുന്ന സമൂഹത്തിൽ ജാതിവിലക്കുകളെ ലംഘിക്കുന്ന സാമൂഹിക പ്രയോഗങ്ങളായി വില്ലുവണ്ടി സഞ്ചാരവും സഞ്ചാര പ്രസംഗങ്ങളും മാറി. സഞ്ചാരവും വേഗവും മാറ്റത്തിൻ്റെയും പരിവർത്തനത്തിൻ്റെയും ചരിത്ര രൂപകമായി തീർന്നു, വില്ലുവണ്ടി ആ പ്രക്രിയയുടെ പ്രതീകവും. ജാതി മര്യാദകളുടെ ലംഘനങ്ങൾ സാമൂഹിക നിയമലംഘനത്തിൻ്റെ പ്രയോഗങ്ങളായി മാറുകയും കീഴോർ ശരീരം സാമൂഹികതയെ നിർമ്മിക്കുന്ന ജൈവരാഷ്ട്രീയത്തിൻ്റെ ഇടവുമായി തീർന്നു. പുറംതള്ളലിൻ്റെ സാമൂഹിക ഇടപാടുകളെയും വേലി കെട്ടിയ സാമൂഹിക ബന്ധങ്ങളെയും വിധ്വംസകമായി പൊട്ടിക്കുന്ന ഇടപെടലും പൊതുവിനെ നിർമ്മിക്കുന്ന പ്രയോഗങ്ങളുമായി മാറിയപ്പോൾ അയ്യൻകാളി സാമൂഹിക പ്രയോഗവും പ്രയോഗത്തെ നയിക്കുന്ന സിദ്ധാന്തവുമായി മാറി. ആധുനിക കേരളത്തേയും പൊതുമലയാളിയേയും നിർമ്മിച്ച ചരിത്രപ്രയോഗവും സാമൂഹികപ്രയോഗത്തിൻ്റെ ചരിത്ര നിർമ്മിതിയുമായി അയ്യൻകാളി ആധുനിക കേരളത്തിൻ്റെ രാഷ്ട്രീയ രൂപകമായി മാറി.

വ്യവസ്ഥിതി മനസ്ഥിതി ബന്ധങ്ങളും മേൽ കീഴ് സാമൂഹിക ഇടങ്ങളും, പുറം തള്ളലിൻ്റെ സ്ഥലരാശികളും:

മേൽ കീഴ്ബന്ധങ്ങളും ജാതിസാമൂഹികതയുടെ പുറംതള്ളൽ പ്രക്രിയയും കീഴായ്മയുടെയും ചൂഷണത്തിൻ്റെയും അടിച്ചമർത്തലിൻ്റെയും സമ്പദ് രൂപവും ബ്രാഹ്മണ്യ വരേണ്യതയുടെ സാംസ്കാരിക രൂപങ്ങളായാണ് നിലനിന്നത്. സാമൂഹിക വേർതിരിവുകളും ഭേദരൂപങ്ങളും സാമൂഹിക വ്യവസ്ഥിതിയുടെ സഹജസ്വഭാവമായി മാടമ്പി രാജവാഴ്ച്ചയുടെ ഭരണവ്യവസ്ഥയെ സാധൂകരിക്കുകയും താങ്ങി നിർത്തുകയും ചെയ്തിരുന്നു. കൊളോണിയൽ അധികാരവും ഭരണനവീകരണ രീതികളും മിഷണറി ഇടപെടലും വാണിജ്യവൽക്കരിക്കപ്പെട്ട കൃഷിരൂപങ്ങളും അടിത്തട്ടു സമൂഹങ്ങളെ ആളടിമത്തത്തിൽ നിന്നും ഗുണപരമായി പരിവർത്തിപ്പിക്കുന്ന പ്രക്രിയയെ സാധ്യമാക്കിയിരുന്നില്ല. ജാതിയും ജന്മിത്തവും ജന്മ കാണരൂപങ്ങളും മാടമ്പികോയ്മയും അടിച്ചമർത്തി നിലനിർത്തിയ അടിത്തട്ടു സമൂഹങ്ങളുടെ പ്രക്ഷോഭങ്ങൾ സാമൂഹിക സംഘർഷങ്ങളായി അയ്യൻകാളിക്കു മുന്നേ പല രൂപങ്ങളിൽ ആവിഷ്കരിക്കപ്പെട്ടിരുന്നു. തെക്കൻപാട്ടിലും ചെങ്ങന്നൂരാതി പാട്ടുകഥയിലും പാച്ചല്ലൂർ പതികത്തിലും ഈ മറുവാക്ക് പാരമ്പര്യം എതിർ സ്വരങ്ങളായി ദൃശ്യപ്പെട്ടിട്ടുണ്ട്. സാമൂഹിക വ്യവസ്ഥിതിയേയും ജാതിമനസ്ഥിതിയേയും അടയാളപ്പെടുത്തുന്ന ആവിഷ്ക്കാരങ്ങൾ കൂടിയാണവ. സാമൂഹിക മേൽകീഴുകൾക്ക് സമാന്തരമായി വേർതിരിവുകളുടെ മനോഭാവവും വിധേയത്തത്തിൻ്റെ കീഴായ്മബോധവും ജാതിമേലാളത്തത്തിൻ്റെ ദൈനംദിനഹിംസയും ജാതിമര്യാദകളുടെ പുറംതള്ളൽ പെരുമാറ്റവഴക്കവും കീഴായ്മയുടെ സാമൂഹിക ദുരിതവുമായി നിലനിന്നു. വ്യവസ്ഥിതിയിലും മനസ്ഥിതിയിലും മാറ്റം വരുന്ന പരിവർത്തനപ്രക്രിയയുടെ സൃഷ്ടിപ്പിലൂടെ മാത്രമെ ജാതി മനസ്ഥിതിയിലും മേൽ കീഴ് ബന്ധങ്ങളിലും നിലനിന്ന മനുഷ്യർ ആധുനിക മലയാളിയായി പരിവർത്തിക്കപ്പെടുമായിരുന്നുള്ളു.

മലയാളി പൊതുവിനെ നിർമ്മിച്ച ശരീര സമരങ്ങൾ:

അയ്യൻകാളി നേതൃത്വം കൊടുത്ത അക്ഷരസമരവും പൊതുവിദ്യാഭ്യാസ പ്രക്ഷോഭങ്ങളും ഇതിൻ്റെ ഭാഗമായി ജാതിവരേണ്യർ തീവച്ച സ്കൂളും പഞ്ചമി ബാലികാവിദ്യാഭ്യാസ നിരോധനവും ചരിത്ര പ്രക്രിയയിലെ പ്രക്ഷോഭ പ്രയോഗങ്ങളുടെ പ്രതീകങ്ങളും പ്രതീകവൽക്കരിക്കപ്പെട്ട പ്രതിരോധ അടയാളങ്ങളുമാണ്. മലയാളി സാമൂഹികതയെ സൃഷ്ടിച്ച നവോത്ഥാന മലയാളിനിർമ്മിതിയിൽ പൊതു മനുഷ്യരെ സൃഷ്ടിക്കുന്ന പ്രക്രിയയുടെ ഭാഗമായിരുന്നു ഇതെല്ലാം. ഈ ചരിത്ര സന്ദർഭത്തിൽ കീഴോരാക്കപ്പെട്ടവരെ മാത്രം മനുഷ്യരാക്കാനായിരുന്നില്ല അയ്യൻകാളി ശ്രമിച്ചത്, വരേണ്യ ജാതി മനുഷ്യരേയും ജാതി മലയാളികളേയും പൊതുമനുഷ്യരാക്കി കൊണ്ട് കീഴോർ ശരീരങ്ങൾ അറിവും അധ്വാനവും വികാരവും വിചാരവും ഭാവനയും ചിന്തയും ഉള്ള മനുഷ്യർ തന്നെയാണ് എന്ന് ബോധ്യപ്പെടുത്തുന്ന ജൈവരാഷ്ട്രിയത്തിൻ്റെ സാമൂഹിക പ്രയോഗത്തെ സൃഷ്ടിക്കുകയായിരുന്നു അയ്യൻകാളി പ്രസ്ഥാനം. ഇതിൻ്റെ രാഷ്ട്രീയരൂപകമാണ് അയ്യൻകാളി നിർമ്മിച്ച സാധുജനത എന്ന സങ്കല്പം. മേൽജാതിക്കാരും ജാതിഹിന്ദുക്കളും ഹീനജാതികളായും അപരമനുഷ്യരായും നിലനിർത്തിയ അടിത്തട്ട് മനുഷ്യരെ നീതിയുടെയും സമതയുടെയും തലത്തിൽ സ്ഥാനപ്പെടുത്തുന്ന സാമൂഹിക പ്രയോഗങ്ങൾ സൃഷ്ടിക്കുന്ന ജനസഞ്ചയസങ്കല്പമാണ് സാധുജനത. വേർതിരിവ് അസമത്തത്തിൻ്റെയും വേറ് കൂറ് ബോധ്യങ്ങളെയും ഹീനസങ്കല്പങ്ങളെയും ജാതിജീവിത ഹിംസാരീതികളെയും മാറ്റം വരുത്തുന്നതിനായി ഹീനരാക്കപ്പെട്ട മനുഷ്യ ശരീരങ്ങളെ സാമൂഹിക പ്രക്ഷോഭത്തിൻ്റെ ജൈവരാഷ്ട്രീയ സ്ഥലരാശികളാക്കി മാറ്റുന്ന പ്രയോഗങ്ങളാണ് സാധുജനതാസങ്കല്പം ഉൾവഹിക്കുന്നത്. പുലയ ലഹളകളായി സ്ഥാനപ്പെടുത്തപ്പെട്ട അടിലഹളകളും സാമൂഹികവിലക്കുലംഘനപ്രക്ഷോഭങ്ങളും ഉൾകൊള്ളൽ പൊതു (inclusive public) സമൂഹത്തിൻ്റെ സൃഷ്ടിക്കു വേണ്ടിയായിട്ടാണ് ഉണ്ടായി വരുന്നത്.
ജാതിമര്യാദകളേയും അടിമജാതിശരീര വിലക്കുകളെയും ലംഘിക്കുന്ന ജാതിനിയമലംഘന പ്രക്ഷോഭങ്ങളെ സമരപ്രയോഗമായി മലയാളിക്ക് പരിചിതമാക്കിയത് അയ്യൻകാളി പ്രസ്ഥാനമാണ്. ജാതികേരളത്തെ മലയാളി മനുഷ്യരുടെ പുതുസാമൂഹികതയ്ക്കും നീതിവിനിമയ സാമൂഹിക ഇടങ്ങളുമാക്കാൻ അടിത്തട്ട് ജനസഞ്ചയങ്ങളുടെ അധ്വാനശരീരങ്ങളെ സാമൂഹിക ലംഘനശരീരങ്ങളാക്കി രാഷ്ട്രീയമായി പ്രയോഗിക്കുകയാണ് അയ്യൻകാളി ചെയ്തത്.

മലയാളിയുടെ സാമൂഹിക പൊതു: വിഭവാധികാരവും സാമൂഹിക മൂലധനവും

സാക്ഷരതയേയും സ്ഥാപനവൽകൃത ആധുനിക വിദ്യാഭ്യാസത്തേയും സാമൂഹിക മൂലധനവും ഭരണ കൂടാധികാരത്തിലും സിവിൽ സമൂഹത്തിലും പങ്കാളിത്തം ലഭിക്കുന്ന സാംസ്കാരികവിഭവവവുമായി കണ്ടെടുക്കുന്ന സിവിൽ സമൂഹ ധാരണയാണ് കീഴാള പ്രസ്ഥാനങ്ങൾക്ക് ഉണ്ടായിരുന്നത്. സിവിൽ സമൂഹവും ഭരണകൂടവും പാരമ്പര്യസമൂഹത്തെയും മേൽ കീഴ് സാമൂഹിക ബന്ധങ്ങളെയും പുനക്രമീകരിക്കുന്ന നീതിവിനിമയ സ്ഥാപനങ്ങളായി മാറുന്നു എന്നതിനാലാണ് പൗരാവകാശ സമരങ്ങളും പൊതു സമൂഹസൃഷ്ടിക്കായുള്ള പ്രക്ഷോഭങ്ങളും ഭരണകൂടവും സമൂഹവും തമ്മിലുള്ള ഇടപാടു ബന്ധങ്ങളിൽ ഇവ രണ്ടും നീതിയുടെയും തുല്യതയുടെയും മൂല്യങ്ങൾ ഉൾവഹിച്ചുകൊണ്ട് ആധുനിക ഭരണ പ്രക്രിയവും ഉൾകൊള്ളൽ സ്ഥാപനങ്ങളുമായി മാറണമെന്ന ആവശ്യങ്ങൾ ഉണ്ടായി വരുന്നത്. പ്രക്ഷോഭകരമായ ഇടപെടലുകൾ സാമൂഹിക ബന്ധങ്ങളുടെ മാറ്റത്തിനായും പ്രാതിനിധ്യ ഭരണ പ്രക്രിയയായി ഭരണകൂടാധികാരം മാറുന്നതിനുമായി സാമൂഹികാധികാര ബന്ധങ്ങളിലും ഭരണ പ്രക്രിയയിലും കീഴോർ സമൂഹങ്ങളെ ഉൾകൊള്ളുന്ന തുറവുകൾ നിർമ്മിക്കപ്പെടുമായിരുന്നു.

ഈ പരിവർത്തനങ്ങളെ നിർമ്മിച്ചെടുക്കുന്ന സാമൂഹിക സമ്മർദ്ദങ്ങൾ സമരങ്ങളും പ്രക്ഷോഭങ്ങളുമായി സൃഷ്ടിച്ചു കൊണ്ടാണ് അയ്യൻകാളി നേതൃത്വം കൊടുത്ത പണിമുടക്ക് സമരവും വിദ്യാഭ്യാസ അവകാശ പ്രക്ഷോഭങ്ങളും വികസിച്ചുവന്നത്. പാരമ്പര്യ സാമൂഹിക നിയമങ്ങളെയും ജാതി മര്യാദകളെയും അട്ടിമറിക്കുന്ന നിയമലംഘന പ്രസ്ഥാനങ്ങളാണ് വിവിധയിടങ്ങളിൽ നടന്ന പുലയ ലഹളകളെന്നു വിലയിരുത്തപ്പെട്ട പ്രക്ഷോഭങ്ങളും പ്രതിരോധങ്ങളും. മാറ്റത്തിൻ്റെയും പരിവർത്തനത്തിൻ്റെയും പ്രക്രിയകൾ ശരീര ബദ്ധമായ കീഴായ്മ ബന്ധങ്ങളെയും കീഴ്‌വഴങ്ങൽ ചിഹ്നങ്ങളെയും കീഴായ്മയുടെ സാമൂഹിക ഉടയാടകളായി തിരിച്ചറിഞ്ഞ് കുടഞ്ഞു കളയുന്ന സാമൂഹിക ആചാരലംഘന പ്രക്ഷോഭങ്ങളായി തീർന്നു. കല്ലുമാല പറിച്ചെറിയൽ പ്രവർത്തികൾ ശരീരരാഷ്ട്രീയത്തിന്റെ സമരരൂപമാകുന്നത് ഈ രീതിയിലാണ്. ആധുനിക മലയാളിശരീരവും രാഷ്ട്രീയകർതൃത്വവുമായി ചരിത്രസാമൂഹികതയെ പ്രക്ഷോഭകരമായ ഇടപെടലുകളിലൂടെ സൃഷ്ടിക്കുന്ന രാഷ്ട്രീയ പ്രയോഗമായി അയ്യൻകാളി പ്രക്ഷോഭങ്ങൾ മാറുകയാണുണ്ടായത്. പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും സാമൂഹിക ലംഘനങ്ങളും പണിമുടക്കവും സാമൂഹിക ജനായത്തത്തെ സിവിൽ സമൂഹബന്ധങ്ങളിൽ നിർമ്മിക്കുന്ന പ്രക്രിയകമായിട്ടാണ് നാം സ്ഥാനപ്പെടുത്തേണ്ടത്. അയ്യൻ കാളി ഉൾപ്പടെയുള്ള കീഴ് തട്ടിൽ സ്ഥാനപ്പെട്ട നേതൃത്വങ്ങളുടെ പ്രജാസഭയിലെ പ്രവർത്തനങ്ങൾ സിവിൽ സമൂഹബന്ധങ്ങളിൽ പൗരാവകാശങ്ങളോടെ ജീവിക്കുന്ന ആധുനികമനുഷ്യരാകാൻ മലയാളിക്കു മാതൃകയായി. ഭരണപ്രക്രിയയിലും വിഭവവിനിയോഗത്തിലും പങ്കാളിത്തവും പ്രാതിനിധ്യവും ലഭിക്കുന്ന നീതിവിനിമയ പ്രക്രിയയും വിഭവപങ്കാളിത്ത രൂപവുമായി മാറുന്ന ഇടപാടു ഇടമായി പ്രജാസഭ പ്രവർത്തനങ്ങൾ മാറി. വാദമുഖങ്ങളിലൂടെ ആവശ്യങ്ങൾ അവകാശങ്ങളായി ഉന്നയിക്കപ്പെടുന്ന ഒരു പൊതുരാഷ്ട്രിയ വ്യവഹാരത്തെ പ്രജാസഭ പ്രവർത്തനങ്ങളിലൂടെ അയ്യൻകാളി സൃഷ്ടിച്ചെടുത്തു. ഭൂമിയും ആധുനിക വിദ്യാഭ്യാസവും ഭരണത്തിലും ഉദ്യോഗസ്ഥ വ്യവസ്ഥയിലുമുള്ള പങ്കാളിത്തവും സിവിൽ സമൂഹത്തിലും ഭരണകൂടത്തിലും പങ്കാളിത്തം ലഭിക്കുന്നതിനുള്ള അധികാരവും വിഭവ പങ്കാളിത്ത ഭരണ പ്രക്രിയയുമായിട്ടാണ് അയ്യൻകാളി മനസ്സിലാക്കിയത്. ആവശ്യങ്ങളെ അവകാശങ്ങളായി ഉന്നയിക്കുന്ന ഒരു രാഷ്ട്രീയപ്രയോഗത്തെ അയ്യൻകാളി സാമൂഹിക ഇടപെടലിലൂടെയും പ്രജാസഭയ്ക്കകത്തുള്ള സംവാദങ്ങളിലൂടെയും നിർമ്മിച്ചു. കീഴ്‌ത്തട്ടു സമൂഹങ്ങളുടെ അവകാശമായി തിരിച്ചറിയുന്ന ഇടപെടലുകളായിരുന്നു ഇതെങ്കിലും ആധുനിക മലയാളിയുടെ പൊതുആവശ്യങ്ങളായി ഇവ മാറി തീരുകയാണുണ്ടായത്. വിദ്യാഭ്യാസം, വിഭവപങ്കാളിത്തം , സർക്കാർ സേവനങ്ങളിലും സർക്കാർ ഉദ്യോഗത്തിലുമുള്ള പങ്കാളിത്തവും, ഭൂഉടമസ്ഥതയും ആധുനിക മനുഷ്യനും പൗരനുമായി തീരാനുള്ള അടിസ്ഥാന ആവശ്യങ്ങളായി മാറി. മലയാളിയുടെ പൊതുവിനെ (malayali common public ) നിർമ്മിച്ചെടുക്കുന്ന ഒരു ചരിത്ര പ്രക്രിയയിലൂടെയാണ് അയ്യൻകാളി നവോത്ഥാന നായകനായി രൂപപ്പെട്ടു വന്നത്. മലയാളിയുടെ പൊതുസാമൂഹികതയെ നിർമ്മിക്കുന്നതിൽ പൊതുവഴിയിലൂടെ സൃഷ്ടിക്കപ്പെട്ട പൊതുമണ്ഡലവും പൊതുവിദ്യാഭ്യാസവും പൊതുവായ മൂലധന പങ്കാളിത്തവും പൊതുവായി ഭരണകൂടത്തിൽ ലഭ്യമാകുന്ന പങ്കാളിത്തവും പ്രധാനപ്പെട്ടതാണ് എന്ന് മലയാളിയെ പഠിപ്പിച്ച നവോത്ഥാന നേതൃത്വമാണ് അയ്യൻകാളിയുടേത്.

കേരളീയ സാമൂഹികതയുടെ പ്രയോഗ നിർമ്മിതിയെപ്പറ്റിയുള്ള ഈ തിരിച്ചറിവ് മലയാളി സമൂഹം സമകാലികമായി അയ്യൻകാളിയിലൂടെ കണ്ടെടുക്കുന്നു എന്നത് പ്രധാനപ്പെട്ട കാര്യമാണ്. അടിത്തട്ട് സമൂഹങ്ങൾ ചിന്താപരമായും രാഷ്ട്രീയമായും സമൂഹത്തിലും വിജ്ഞാനനിർമ്മിതിയിലും ഇടപെടുന്ന ഇക്കാലത്ത് അയ്യൻകാളിയെ പോലെയുള്ള ചരിത്രവ്യക്തിത്വങ്ങളെ സമകാലികമായി കണ്ടെടുത്തുകൊണ്ട് പുതുവായനകളും സ്ഥാനപ്പെടുത്തലുകളും നിർമ്മിക്കുന്നു എന്നത് പ്രാധാന്യത്തോടെ കാണേണ്ട കാര്യമാണ്. നമ്മുടെ ചരിത്ര സാമൂഹിക ബോധ്യങ്ങളിലും പാഠപുസ്തക വിവരണങ്ങളിലും പല തരത്തിൽ അയ്യങ്കാളിയെ സ്ഥാനപ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്ത രീതിയിൽ അയ്യൻകാളി വായിക്കപ്പെടുകയും മനസ്സിലാക്കപ്പെടുന്നതുമായ സന്ദർഭം കൂടിയാണിത്. വിവിധ തരത്തിലുള്ള അയ്യൻകാളിവിവരണങ്ങൾ കീഴ്തട്ടിൽ നിന്നുയർന്നു വന്ന വിവിധ സാമൂഹിക പ്രസ്ഥാനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പല തരത്തിലുള്ള നിലപാടുകളിലൂടെയും വിവരണങ്ങളിലൂടെയും പൊതുസമൂഹത്തിൽ അയ്യൻകാളിയെ പറ്റിയുള്ള വ്യത്യസ്ത ധാരണകൾ നിലനില്ക്കുന്നു. ആധുനിക കേരളത്തിൻ്റെ സമരസാമൂഹികതയുടെയും സാമൂഹികപൊതുവിൻ്റെയും തുല്യ നീതിബോധത്തിൻ്റെയും നവോത്ഥാന രാഷ്ട്രീയരൂപകമായി അയ്യൻകാളി കേരളീയ പൊതുമണ്ഡലത്തിൽ സ്ഥാനപ്പെട്ടിട്ടുണ്ട്.

(അയ്യൻകാളി സോഷ്യൽ സർവ്വീസ് ആൻ്റ് അസോസിയേറ്റഡ് ട്രസ്റ്റ് എർപ്പെടുത്തിയ സദ്കർമ പുരസ്കാരം സ്വീകരിച്ചു കൊണ്ട് നടത്തിയ അയ്യൻകാളി അനുസ്മരണ പ്രഭാഷണം)

കെ എസ് മാധവൻ
കലിക്കറ്റ് യൂണിവേഴ്‌സിറ്റി ചരിത്ര വിഭാഗം അസോസിയേറ്റ് പ്രഫസർ.
ചരിത്രകാരൻ എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലയിൽ പ്രശസ്തൻ.
അയ്യങ്കാളി സോഷ്യൽ സർവീസ് അസോസിയേറ്റഡ് ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ സദ്കർമ പുരസ്കാരജേതാവ്.

SUPPORT US

ദി ആർട്ടേരിയയുടെ സുതാര്യമായ പ്രവർത്തനത്തിനും സുഗമമായ നടത്തിപ്പിനും പ്രിയപ്പെട്ട വായനക്കാരിൽ നിന്ന് സാമ്പത്തിക പിന്തുണ പ്രതീക്ഷിക്കുന്നു.

Google Pay : 8078816827

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here