HomeTHE ARTERIASEQUEL 11മുറിവേൽപ്പിക്കാൻ കുടുതലൊന്നും വേണ്ടെന്ന മുക്തകശരീരികൾ..

മുറിവേൽപ്പിക്കാൻ കുടുതലൊന്നും വേണ്ടെന്ന മുക്തകശരീരികൾ..

Published on

spot_imgspot_img

പൈനാണിപ്പെട്ടി
വി.കെ. അനിൽകുമാർ
ചിത്രീകരണം ഇ. എൻ. ശാന്തി

മുള്ള് എത്രമനോഹരമായ രൂപകൽപ്പനയാണ്.
എത്രമേൽ ഏകാഗ്രവും സൂക്ഷ്മവും പരിപൂർണ്ണവും കർമ്മോൻമുഖവുമാണ് മുള്ളെന്ന കൃശഗാത്രം.
‘മുറിവേൽപ്പിക്കാൻ
കൂടുതലൊന്നും വേണ്ടെന്ന’
മുക്തകശരീരികളാണ് മുള്ളുകൾ.
മുള്ളുകൾ ഇല്ലാത്ത ഇടവഴികളിലൂടെയുള്ള നടത്തങ്ങൾ അത്രമേൽ അനായാസമാണ്.
മുൻകരുതലിൻ്റെ ഊന്നുവടികളില്ല.
പരസഹായങ്ങൾ വേണ്ട.
ഒന്നും നോക്കാതെ ഒരൊറ്റ നടത്തമാണ്.
പക്ഷെ മുള്ളുകൾ പതിയിരുന്നക്രമിക്കുന്ന ഗൊറില്ലകളെപ്പോലെയാണ്
അപ്രതീക്ഷിതം ആകസ്മികം
മുറിപ്പെടുത്തലിൻ്റെ പ്രാകൃത മാർഗ്ഗങ്ങൾ.

മുള്ളുകൾ മുൻകരുതലിൻ്റെ ഓർമ്മപ്പെടുത്തലുകളാണ്.
മുള്ളുകൾ പടരാത്ത ഇടവഴികൾ സുരക്ഷിതത്വത്തിൻ്റെ ഇടങ്ങളാണോ.
സ്മൃതികൾ തഴച്ച പൊന്തകളിൽ നിന്നും മുള്ളുകൾ മൃതിയുടെ ശൂന്യതയിലേക്ക് കുടിയേറി.

ഇന്ന് മുള്ളുകളില്ല തുരുമ്പിച്ച
മുള്ളുവേലികളേയുള്ളു.
മുൾച്ചെടികൾക്ക് പകരമല്ല ഭീതിപ്പെടുത്തുന്ന മുള്ളുകമ്പികൾ
കരുണയ്ക്കും കാലുഷ്യത്തിനും ഇടയിൽ
സ്നേഹത്തിനും വിദ്വേഷത്തിനും ഇടയിൽ
മനുഷ്യനും മനുഷ്യനല്ലാതായവർക്കുമിടയിൽ മാത്രം മുള്ളുകൾ പടർത്തി.
പകയ്ക്കും രോഷത്തിനുമിടയിൽ മുള്ളുകൾക്ക് ശ്വാസം മുട്ടി.
പക്ഷേ മുള്ളുവല്ലരികൾ പൂത്തപ്പോൾ
സുഗന്ധത്തിന് അതിർത്തി നിയമങ്ങൾ അറിയില്ലായിരുന്നു.
വെറുപ്പിൻ്റെ കൂർത്ത രക്തദാഹത്തിനു മീതെ പൂമ്പാറ്റകൾ ചിറക് വീശി.
അതിർത്തികളില്ലാത്ത
ആകാശത്തിൻ്റെ പാട്ടുമായി
കിളികൾ മധുനുകർന്നു.
മുൾപ്പടർപ്പുകൾക്ക് മുകളിൽ പടർന്നു.

ഇന്ന് മുൾച്ചെടികളില്ല
മുള്ളുകളുടെ പൂവും പാട്ടുമില്ല
മുള്ളുതറഞ്ഞ് ചോരയിറ്റിയ ഓർമ്മകൾ
മാത്രം ബാക്കിയാകുന്നു.
കാലിൽ തറച്ച മുള്ളോർമ്മകളെ മുള്ളുകൊണ്ടെടുക്കാൻ മുള്ളു തിരയുകയാണ്.

ഭൂമുഖത്തു നിന്നും തുടച്ചുമാറ്റപ്പെട്ട ഭൂരഹിതമായ ഗോത്രവീര്യങ്ങളാണ് മുള്ളുകൾ.
മുൾത്തഴപ്പിൻ്റെ പച്ചകൾ
പക്ഷികളും പാമ്പുകളും പേടികളൂം സഹവസിച്ച ആവാസ സ്ഥാനങ്ങളാണ്.
എത്രയെത്ര മുൾക്കാടുകൾ നമ്മുടെ
നാട്ടിടവഴികളിൽ നിന്നും അപ്രത്യക്ഷമായി.

മുൾച്ചെടികൾ ബാല്യകാലത്തെ വല്ലാത്ത വിസ്മയങ്ങളായിരുന്നു.
നാട്ടുജീവിതത്തിൽ മുൾച്ചെടികൾ വിദ്വേഷത്തിൻ്റെ മുള്ളിൻകെട്ടായിരുന്നില്ല.
ജീവിതത്തിൻ്റെ ഭാഗമായിരുന്നു.
അന്ന് മുള്ളുകൾ പറിച്ചെടുത്ത് ആരും മുൾക്കിരീടമുണ്ടാക്കിയില്ല.

പെയ്ന്റിംഗ് : ഇ എൻ ശാന്തി

തൃക്കരിപ്പൂരിൻ്റെ നാട്ടുവഴികൾ മുള്ളുകളാൽ സമൃദ്ധമായിരുന്നു.
മുണ്ടമുള്ള്, കള്ളിമുള്ള്, കാരമുള്ള്, മുരിക്ക് മുള്ള്, ചൂരിമുള്ള്….
മുള്ളിൻ്റെ നാനാർത്ഥങ്ങളല്ല.
നാട്ടുവഴികളിലെ വ്യത്യസ്തങ്ങളായ മുൾജീവിതങ്ങളാണ്.
മുണ്ടമുള്ളുകൾ തിങ്ങി നിറഞ്ഞ
നീണ്ട ഇടവഴികളിലൂടെയാണ് ഒന്നാം ക്ലാസ്സിലേക്ക് നടന്നത്.
സ്കൂളിലേക്ക് പോകുന്ന ഇടവഴിക്കരികിലെ പിത്തേൻ്റെ വളപ്പ് കുട്ടിക്കാലത്തെ ഒളിസങ്കേതമായിരുന്നു.
നിറയെ കാരമുള്ളുകൾ നിറഞ്ഞ കാട്ടുപൊന്ത.
സ്കൂളിൽ പോകാൻ മടിച്ച് എത്രയോ ദിവസങ്ങൾ കാരമുൾച്ചെടികളിലൊളിച്ചു.
ഓലയെഴുത്താണികളെ ദൂരെ കളയാൻ പറഞ്ഞ,
അമ്പിളിപൂങ്കുല മെയ്യിലണിഞ്ഞ ഇടശ്ശേരിപ്പൂതത്തെ പോലെ കാരമുൾച്ചെടികൾ പൊട്ടിയ സ്ലേറ്റും കീറിയ ഒന്നാം പാഠവും ചോദിച്ചു വാങ്ങി.
സ്ലേറ്റും പുസ്തകവും പിത്തേൻ്റെ വളപ്പിലെ കാരമുൾക്കാട്ടിൽ മറന്നു.
ഒന്നാം ക്ലാസ്സിലെ പഠനം മുടങ്ങി.

വീട്ടിൽ നിന്നും നെരത്തുമ്മലേക്ക് നടക്കുന്ന നീണ്ട വഴികളിലിരുവശവും നീളൻ കയ്യുകളിൽ കൂർത്ത മുള്ളായുധങ്ങളുമായി മുണ്ടമുള്ളുകൾ കാവൽ നിന്നു.
ആരെയും അനുസരിക്കാത്ത താൻപോരിമയുടെ, ധിക്കാരത്തിൻ്റെ ശരീരഭാഷ്യവുമായി മുണ്ടമുള്ളുകൾ പ്രകോപിപ്പിച്ചു.
വീട്ടിൽ നിന്നും റോഡ് വരെയുള്ള വഴികൾക്കിരുവശവും സദാ ജാഗരൂഗരായി അവർ കാവൽ നിന്നു.
പകൽസമയങ്ങളിൽ പോലും നിഴലുകളും മണ്ഡലികളും ഇണചേർന്ന് പുളയുന്ന മുൾവഴികളിലൂടെ നടക്കാൻ ഭയന്നു.
ഇളകിയ മൺകട്ടകളിൽ നിറയെ മാളങ്ങളായിരുന്നു.
പൊൻമാനുകളും മുണ്ടക്കോഴികളും ധാരാളമുണ്ടായിരുന്നു.
പൊൻമാൻ മാളങ്ങളിൽ മുട്ടകളിട്ടു.
മുള്ളുകൾ കിളിമുട്ടകൾക്ക് കാവലിരുന്നു.
തൂവൽ കിളിർക്കാത്ത കിളിശരീരങ്ങളെ ലാളിച്ചു.
മുണ്ടമുള്ളുകൾ പാമ്പുകൾക്കും പക്ഷികൾക്കും പ്രസവരക്ഷയൊരുക്കി.
വെള്ളയും കറുപ്പും വരകളുമായി
നട്ടുച്ചവെയിലത്തും കുളിര് കായാനിറങ്ങുന്ന വളയിപ്പാൻ ആരെയും പേടിക്കാതെ മണ്ണിൽ മയങ്ങി.
ഭീഭത്സത ഊരിയെറിഞ്ഞ കുപ്പായക്കൂടു പോലെ പാമ്പിൻ്റെ ഉപ്പിളികൾ വഴി മുടക്കി.
നിഗൂഢതയെ ഗർഭം ധരിച്ച നാട്ടിടവഴികൾ വീർത്ത വയറുമായി ഇരുണ്ട നിഴലുകളുടെ മുടിയഴിച്ചിട്ട് മലർന്ന് കിടന്നു.

ഓരോ മുൾച്ചെടിക്കും മാധുര്യമിറ്റിയ ജീവിതമുണ്ട്.
മുള്ളിടവഴികൾ ജീവിതത്തിൻ്റെ പാഠശാലകളാണ്.
ഇളക്കിയെടുക്കാനാകാത്ത വിധം ആഴത്തിൽ നാട്ടുജീവിതത്തിൽ മുള്ളുകൾ തുളഞ്ഞ് കേറീട്ടുണ്ട്.
മുള്ളുകൾ ജീവിതം പറയാൻ തുടങ്ങിയാൽ …..

അവത്ത് മടക്കി വെച്ച മെടഞ്ഞ പായയിൽ
ചെറുവാനത്തെ പുലയവീര്യം ചുരുണ്ട് മയങ്ങുന്നുണ്ട്.
കൈതോലക്കയ്യുകളിലെ മുള്ളുകൾ മനുഷ്യരെ പോലെ പുലയനെ കുത്താറില്ല.
നിവരുമ്പോൾ ഗന്ധർവ്വശയ്യയായി പുലയരുടെ കൈതോലപ്പായകൾ രൂപം മാറുന്നു.
മുൾക്കാടിൽ വിടർന്നകൈതപ്പൂക്കളുടെ കാമദശയ്യയാണ് നിങ്ങൾ സ്വപ്നം കണ്ട് മയങ്ങിയ പുലയപ്പായകൾ.
കാരമുള്ളുകൾ കഠോരമെങ്കിലും കാരക്കോലിലെ സംഗീതത്തെ അറിയുമോ.
ഓരോ കാരമുൾക്കമ്പിലും സംഗീത സ്ഥാനങ്ങളുണ്ടെന്ന് കോൽക്കളിപ്പാട്ടുകാർ പറഞ്ഞു തരും.
മുയലുകൾ മുരിക്കിൻകാട്ടിലേക്ക് ഇലകളും കാമദേവൻ തുമ്മാൻ തിന്ന് ചോക്കാൻ മുരിക്കിൻ പൂച്ചുണ്ടുകളും തേടിവന്നു.
കാർന്നോന്മാർ വെറ്റിലക്കൊടികൾ പടർത്താൻ തൊടിയിൽ മുരിക്കിനെ വെള്ളമൊഴിച്ച് വളർത്തി.
അവർ പറമ്പിലെ തൊട്ടാവാടിയെ കൊത്തിക്കളഞ്ഞില്ല.
ഒറ്റ സ്പർശത്താൽ പുളകിതയാകുന്ന കാമിനിയെ പോലെ തൊട്ടാവാടികൾ പൂക്കൾ ചൂടി ജീവിതത്തിൽ പടർന്നു.
കള്ളിമുൾച്ചെടികൾ കള്ളിയങ്കാട്ട് നീലിയെ പോലെ നിലാപ്പരപ്പിൽ യക്ഷിച്ചിരി ചിരിച്ചു.
പക്ഷികളുടേയും വളയിപ്പാൻ്റേയും പോറ്റമ്മയാണീ കള്ളിയക്ഷി.
പച്ചയിൽ പൂത്ത നിലാവ് പോലെ
വിടർന്ന പൂക്കൾ കൊണ്ട് കള്ളിമുൾച്ചെടികൾ കിളിമകൾക്ക് കാഴ്ച്ചയൊരുക്കി….

നാട്ടുവഴികളിലെ മുള്ളുകളെ കുറിച്ച് എന്നിട്ടും പാട്ടുകെട്ടാനാരും വന്നില്ല.
പാട്ടില്ലെങ്കിലും കൂർത്ത കാരമുള്ളുകൾക്ക് മാത്രം ഒരു ദൈവമുണ്ട്.
മുള്ളുവേലിയിൽ ചിറക് കുരുങ്ങിയ തത്തയെ പോലെ ഒരു തെയ്യം.
പച്ചോലയിൽ പൊതിഞ്ഞ ശരീരവുമായി കാരക്കാട്ടിൽ വീണുരുളുന്ന
കാരക്കുളിയൻ.
മുള്ളുകളുടെ തെയ്യം.

കത്തിയെരിഞ്ഞ കാരപ്പൊന്തകൾക്കുള്ളിൽ കാരക്കുളിയൻ്റെ പൊട്ടിച്ചിരികൾ മുഴങ്ങിക്കേട്ടു.
പാട്ടില്ലാത്ത ചിരികൾ മാത്രം.
നാട്ടിടവഴികളൊക്കെ ടാറ് കുടിച്ച് ചത്ത വർത്തമാനത്തിൽ മുള്ളുകളെ കുറിച്ചുള്ള പഴംമ്പാട്ടുകൾ ആർക്ക് വേണ്ടിയാണ് പാടേണ്ടത്.
അലോസരത്തിൻ്റെ മുൾജീവിതം ആർക്കാണറിയേണ്ടത്.
കാലിൽ തറഞ്ഞ് കേറാൻ ഒരു മുള്ളുപോലും ശേഷിക്കാത്ത ഈ ഊഷരതയിൽ മുള്ളുപുരാണം ആരോടാണ് പറയേണ്ടത്.

വി. കെ. അനില്‍കുമാര്‍

SUPPORT US

ദി ആർട്ടേരിയയുടെ സുതാര്യമായ പ്രവർത്തനത്തിനും സുഗമമായ നടത്തിപ്പിനും പ്രിയപ്പെട്ട വായനക്കാരിൽ നിന്ന് സാമ്പത്തിക പിന്തുണ പ്രതീക്ഷിക്കുന്നു.

Google Pay : 8078816827

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...