കാടലച്ചിലുകളുടെ കലാപങ്ങളുടെ കാവ്യപ്പെടലുകൾ.

0
872
Iris 1200

വിജിലയുടെ പച്ച പൊങ്ങ് പെരുവഴി എന്ന കവിതാസമാഹാരത്തിന്റെ പഠനം
വായന

ഡോ. ഐറിസ് കൊയ്‌ലിയോ

മലയാളം എത്രയെത്ര തന്മ(identity)കളുടെ പകര്‍ത്തിയെഴുതും മൊഴികളായിത്തീരുന്നുവെന്ന് ഇന്നിന്‍റെ വായന അറിവേറ്റുന്നുണ്ട്. നിലവാരപ്പെടുത്തേണ്ട ഒറ്റമൊഴിയായി മലയാളത്തിന്‍റെ വടിവുകള്‍ തിരഞ്ഞിറങ്ങിയവര്‍ക്ക് നാട്ടുപേച്ചുകളില്‍ കാമ്പില്ലെന്ന് തോറ്റ് പിന്തിരിയേണ്ടി വന്നത് അവയുടെ വാക്കുകളില്‍ പറ്റിപ്പിടിച്ചിരുന്ന പായലുകളില്‍ കീഴാളവാഴ്വുകള്‍ എന്ന’ഗ്രാമ്യ’ക്കുറ്റം തെളിഞ്ഞുനിന്നതിനാലാവാം. ഇതിന്ന് കുടഞ്ഞെറിയേണ്ട ‘അയിത്ത’ മല്ലെന്നും ഇതുതന്നെയാണ് ഇന്നിന്‍റെ എഴുത്തിന് ദിശാബോധം പകരുന്നതെന്നുമുള്ള തിരിച്ചറിവിന് ആക്കമേറുകയാണ്. തന്‍മൊഴികളും തായ്മൊഴികളും മേൽക്കോയ്മകളുടെയും മേൽക്കൈകളുടെയും കനപ്പാടുകള്‍ക്ക് കീഴില്‍ നിന്ന് നടുവലിച്ചൂരിയെടുത്ത് കൈകാലുകള്‍ വലിച്ചുനീട്ടി നടക്കാനിറങ്ങിക്കഴിഞ്ഞു. കീഴാളത എന്നത് കരുത്തിന്‍റെ മറുപേരായി മാറിയിരിക്കുമ്പോള്‍ വടിവുകളുടെയും എലുകകളുടെയും നേര്‍വരകളെല്ലാം വഴിമാറിയൊതുങ്ങുകയായി.
അന്‍റോണിയോ ഗ്രാംഷിയുടെ സംഭാവനയായി സബാള്‍ട്ടേണിറ്റി ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അധികാരത്തിലേക്ക് നീട്ടപ്പെടാത്ത കൈകളുടെ അകലം എത്രയോ കാതങ്ങള്‍ക്കുമപ്പുറമായി സാംസ്കാരികപഠനങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഒരു കാലത്തും പുറംലോകം കേള്‍ക്കാത്ത മൊഴിയും ഒലിയുമായി കീഴാളതയെ ഗായത്രി സ്പീവാക് തിരിച്ചറിഞ്ഞപ്പോഴും അപരനേട്ടങ്ങളില്‍ കീഴാളപഠനങ്ങളുടെ അടരുകള്‍ നിവര്‍ത്തപ്പെടുകയായിരുന്നു. എന്നാല്‍ നരവംശശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്ന ശാസ്ത്രിയ വിശകലനവ്യവസ്ഥയ്ക്ക് കണ്ടെത്താനോ സ്വായത്തമാക്കാനോ സാധ്യമാകാതെ പോകുന്ന ‘കീഴാളവാഴ് വുകളുടെ മജ്ജയെ’ കീഴാളതയുടെ ആഹ്‌ളാദത്തിന്റെ സത്തയെ അനുഭവിക്കാനോ കാട്ടിത്താരാനോ ‘അപര’നേട്ടങ്ങള്‍ക്കാവില്ല. കീഴാളതയുടെ തന്മയെ എഴുതുന്നവര്‍ക്ക് മാത്രം പകര്‍ന്നുതരാവുന്ന അത്തരം ജൈവിക സത്തയെ അവരുടെ മൊഴിയില്‍ മാത്രമേ പകര്‍ത്താനാവൂ എന്ന വായനയ്ക്ക് അരികുവത്കരിക്കപ്പെടുന്നവരുടെ ലോകം എഴുത്തില്‍ എത്തുന്നതെങ്ങനെയെന്ന് വായിക്കാന്‍ കഴിഞ്ഞിരിക്കുന്നു.
വൈയക്തികവും സ്വകാര്യവുമായ അനുഭവങ്ങളെ ഇഴപിരിച്ചെടുത്ത് സാഹിത്യരചനയ്ക്ക് പശ്ചാത്തലമാക്കുന്ന പാശ്ചാത്യരീതിക്ക് ബദലുകള്‍ സൃഷ്ടിച്ചുണ്ട് അരിക്കുവത്കരിക്കപ്പെട്ടവര്‍ക്ക് എഴുത്ത് എന്നത് സമൂഹത്തിന്‍റെ പ്രതിസന്ധികളാണെന്ന് ചിനൂവ അച്ബേ(1990) പ്രഖ്യാപിക്കുന്നു. മിലന്‍കുന്ദേരയെ ഉദ്ധരിച്ചുകൊണ്ട് നോവല്‍ ചര്‍ച്ചയ്ക്കായി നിരത്തുന്ന ബോധ്യങ്ങള്‍ കീഴാളരചനകള്‍ക്കെല്ലാം യോജിക്കുന്നവയാണെന്ന് അദ്ദേഹം വാദിക്കുന്നു. സാഹിത്യം മനുഷ്യാസ്തിത്വത്തിലേക്ക് നീളുന്ന അന്വേഷണങ്ങളാണ്. ജീവിതത്തിന്‍റെ നാള്‍വഴികളിലേക്കും സത്യവും പൊരുളുമെന്തെന്ന തിരച്ചിലിലേക്കും പടിയിറങ്ങുന്ന രചനകള്‍ വ്യത്യസ്തങ്ങളാകുന്നു. അടിസ്ഥാനപരമായി വ്യക്തികളെ ആണിനെയും പെണ്ണിനെയും രൂപപ്പെടുത്തുന്നതില്‍ സാംസ്കാരികതയ്ക്കുള്ള പ്രാധാന്യം വലുതാണ്. ജീവിതം തേ(നേ)ടിയെടുത്തതിനെക്കാള്‍ ആക്കം കൂടും കൈവശം വന്നുചേര്‍ന്ന സംസ്കാര-ചരിത്ര-രാഷ്ട്രീയ തട്ടകത്തിന് എന്ന തിരിച്ചറിവാണ് കീഴാളരചനകളുടെ മുതല്‍ക്കൂട്ട്. ഓരോ എഴുത്തുകാരിയും/ കാരനും നേരിടേണ്ട കടുത്ത ചോദ്യങ്ങള്‍ താന്‍ പ്രതിനിധീകരിക്കുന്ന സമൂഹം ഏതെന്നും തന്മ എന്തെന്നും അവ എഴുതിവയ്ക്കുന്ന മൊഴി ഏതെന്നുമാണ്. താന്‍ എഴുതുന്നത് ആര് വായിക്കും എന്നുകൂടി ചിന്തിക്കേണ്ടതുണ്ടെന്നതും പ്രധാനമാകുന്നു.
വിജിലയുടെ ഏറ്റവും പുതിയ കവിപാടലുകളുടെ സമാഹാരം വായനയ്ക്കെത്തുകയാണ്. തന്മയെ ഉരുവപ്പെടുത്തിയ എല്ലാത്തിനോടുമുള്ള ഉള്ളടുപ്പം കോരിയെടുക്കാന്‍ പാകത്തില്‍ ഈ കവിതകളില്‍ കരകവിയുകയാണ്. നാടിനെ, കാടിനെ, വാഴ്വിനെ, വീടിനെ, കൂട്ടുകാരെ, വഴിയിടങ്ങളെ, യാത്രകളെ, കനവുകളെ, കനലുകളെ, പെണ്‍കരുത്തിനെ, ഇലകള്‍കൊണ്ടും പൂക്കള്‍കൊണ്ടും പുഴകള്‍കൊണ്ടും മണ്ണടരുകള്‍കൊണ്ടും മാനം കൊണ്ടും അടയാളപ്പെടുത്തുന്ന ഒരു സംഘചേതനയെയാണ് ഈ കവിതകളില്‍ കണ്ടെത്താവുന്നത് എന്ന് ഒറ്റവായനയില്‍ത്തന്നെ തിരിച്ചറിയാം. എല്ലാ മതിലുകള്‍ക്കെതിരെയും ജാഗരൂകമാകുന്ന ആകാശത്തിന്‍റെ കണ്ണ് ഇവയ്ക്ക് അകമ്പടിയായുണ്ട്.

“ഞാനുരുണ്ടുകൊണ്ടിരിക്കുന്നു
എന്‍റെ ഉരുക്കങ്ങള്‍ ഇപ്പോള്‍ മണ്ണൊപ്പിയെടുത്തു കഴിഞ്ഞു.
മാഞ്ഞുപോകാം
വായിക്കപ്പെടാതെയുമിരിക്കാം
ഏങ്കിലെന്ത് ?
വരികളോടൊപ്പം ശരികളോടൊപ്പം
ഈ ഉരുണ്ടുപോക്ക് അനിവാര്യമാണ്” (എങ്ങനെ എഴുതിയിട്ടും) എന്ന് രണ്ടും കല്പിച്ചു കഴിഞ്ഞ തലയെടുപ്പിനെ കാണാതെ വഴിമാറിപ്പോകാം; കണ്ട് വായിച്ച് അലിയിച്ച് ഒന്നെന്ന് കൈകോര്‍ത്തു ചേര്‍ത്തുപിടിക്കാം. വായനയ്ക്കായി അതേല്പിക്കപ്പെടുകയാണ്.
എന്തിനാണ് കവിതകളിങ്ങനെ എഴുതിയെഴുതി രാപ്പകലുകളുടെ താളുകള്‍ മറിക്കുന്നു എന്ന ചോദ്യത്തിന് നാടിനെ സാക്ഷ്യപ്പെടുത്തി പുറ്റം പൊയിലുകാര്‍ പൂര്‍ണമാക്കുമീ കവിത (എന്‍റെ ദേശം രാഗമില്ലാതെ പാടുന്നു).

“ചുവന്നസ്തമനമെന്ന
വാക്കറിയാ തീരത്തെത്തി
മടുപ്പിനെ കുടഞ്ഞ്
ഒടുക്കം
ഒഴുക്കിനെ
ആശ്ലേഷിക്കുമവള്‍” (നെല്ലിക്കയോളം മധുരിക്കുന്നു)
എന്ന് തളം കെട്ടിനില്പിനെ തോല്പിച്ച് കവിപാടലുകളിലൂടെ ഒഴുകാനുറച്ച പെണ്‍മനമായി തന്നെ തിരിച്ചറിയുകയാണ് കവി. ചവിട്ടടികളില്‍ പുളഞ്ഞ് പത്തിവിരിച്ചുനില്ക്കും വേര്‍പാടിന്‍റെ, അപമാനത്തിന്‍റെ ഭയത്തിന്‍റെ ഒറ്റപ്പെടലിന്‍റെ എല്ലാ നിരാശനീലകളെയും വകഞ്ഞൊതുക്കുന്ന വാഴ്വിന്‍റെ സര്‍ഗകാമനയാണ് തന്മയെ മൊഴിയാക്കുന്ന ഈ രസതന്ത്രത്തില്‍ കാണാനാവുന്നത്.

പരിസ്ഥിതിയെ, പ്രകൃതിയെ തന്നിലേക്ക് ആവാഹിച്ചു നിര്‍ത്തി അതൊരു കാഴ്ചയോ കൗതുകമോ എന്ന അകലമല്ല ഉള്ളിലേയ്‌ക്കെടുത്തും പുറത്തേക്കു വിട്ടും ജീവിതത്തിന്‍റെ തന്നെ ഭാഗമാകുന്ന ഒരു കാവ്യലോകം തന്നെയാണ് വിജിലയെ ഉണര്‍ത്തുന്നതും വഴിനടത്തുന്നതും.

വേരുകള്‍ നിരന്തരം എന്ന കവിത തന്മയുടെ ഒച്ചപ്പെടുത്തലായിത്തന്നെ വായിക്കാം. വേരുകളിലേക്ക് വഴിനടക്കേതില്ല , വേരുകള്‍ കണ്ടെത്തേണ്ടവയുമല്ല. വേരുകള്‍ നിരന്തരം ഓര്‍ത്തു വെച്ച് മറനീക്കിയെടുത്ത് കരുത്തു കണ്ടെത്തേണ്ട ആഴങ്ങളാണെന്ന് കവിക്കറിയാം. വാഴ്വിന്‍റെ നിനച്ചിരിക്കാതെയുള്ള തിരിവുകളിലൊന്നില്‍ ഒറ്റപ്പെട്ടുപോയോ എന്ന് വിങ്ങുമ്പോള്‍ വേരുകളുടെ നൈരന്തര്യത്തിലേക്ക് ഉണരുകയും വെളിപ്പെടുകയും ചെയ്തുകൊണ്ട് വഴിവെട്ടി മുന്നേറുകയാണ്. ഗൂഗിള്‍പരിധിക്കുമപ്പുറത്തെ ഇടങ്ങളെ കണ്‍വെട്ടത്തെത്തിക്കുന്ന അസാമാന്യമായ ഉള്‍വെളിച്ചം ശ്രദ്ധേയമാകുന്നു. ഒരു കാടലച്ചിലില്ലാതെ വെളുത്തിര, കണ്ണാളന്‍, അണിയറ, മാണിക്യം, വേരന്‍, പാറന്‍, കിഴങ്ങ്, നീരൂരി, വെള്ളംവറ്റാകൊല്ലിക്കിണര്‍, നെല്യാടിക്കണ്ടിക്കുന്നുകള്‍, കാഞ്ഞിരം, ഏഴിലംപാല, പാറോത്ത്, പാണല്‍, വെള്ളില, ആനക്കുറുന്തോട്ടി, അയിരാണിപ്പൂവ് എന്നിവ(രെ)യെ പിന്‍വിളിച്ചെത്താനാവില്ല. നേരംപോയ്…..എന്ന നേരിന്‍റെ പാടലും സാരികെട്ടിയ സ്റ്റേജുകളും കോലടികളും ഓടക്കുഴല്‍വിളികളും അമ്പെയ്ത്തുകളങ്ങളും സര്‍ക്കസ് കൂടാരങ്ങളും സിനിമാറ്റിക് സ്വപ്നങ്ങളും മലവെള്ളപ്പാച്ചിലായി ഓര്‍മ്മകളുടെ കരകവിയുമൊഴുക്കാക്കിത്തീര്‍ക്കുന്നു. ഒറ്റപ്പെയ്ത്തിലൊരുനിനവില്‍ പെരുവെള്ളമെന്ന് ഈ വേരുകളെ ചൂണ്ടി പറയാം. ഈ ഒരു സമൂഹത്തിന്‍റെ, തീണ്ടാപ്പാടകലെ നിര്‍ത്തിയ മനുഷ്യരുടെ വിഭവങ്ങളാണ്. മനക്കൊയ്ത്തിന്‍റെ ആരവങ്ങളും മേളങ്ങളുമാണ്. കവിതയുടെ തട്ടകമാണിതെന്ന് ഉറപ്പിക്കുമ്പോള്‍ അതിരുകള്‍ വെളിപ്പെടുന്നതിന്‍റെ കരുത്ത് വായനയില്‍ നിറയുന്നു. ഇതാണ് തന്മയുടെ ഈറ്റില്ലം കവിക്ക്.
അടച്ചമര്‍ത്തിവെച്ച്, ഒച്ചയടപ്പിച്ച, മൊഴിയാഴ്ത്തിയ മൗനങ്ങളുടെ ഇരമ്പം വിജിലയ്ക്ക് കവിതകളിലേക്ക് ആവാഹിക്കാനാവും വിധം വിളിപ്പാടകലത്തിലാണ്. കവിതയിലെ മൗനം കരകവിയുന്ന അമര്‍ഷമാകുന്നു, പ്രതിഷേധമാകുന്നു, പ്രതിരോധമാകുന്നു. അവിടെ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കണമെങ്കില്‍ അവയെ കവിതകളിലൂടെ ഒഴുക്കി വിട്ടേ മതിയാകൂ…. ഒരു പുത്തന്‍ കഥാര്‍സിസ് സാധ്യമാക്കുന്ന കവിതയാണ് ഓര്‍മകളാല്‍ ഓര്‍മകളെ എവിടേക്ക് ഒഴുക്കിയാലും ഭൂമിയിലെ വേരുകളതൊക്കെ വലിച്ചെടുത്ത് വന്‍വൃക്ഷമാക്കിക്കളയുമോ എന്ന ആശങ്ക വകഞ്ഞുകളയാവുന്നതല്ല.

“അനേകം പേര്‍ ജീവിച്ച മണ്ണ്
അനേകം രക്തങ്ങള്‍
വളമായ മണ്ണ്
ഓര്‍മകളെ സിമന്‍റ് തേച്ച്
ശില്പങ്ങളാക്കിയ
മേസ്തിരിമാരും
കലകളിലൂടെ ചിലതെല്ലാം മറച്ചുപിടിക്കുകയാണെന്നുമാത്രം” എന്ന് അധിനിവേശം ചരിത്രത്തെയാകെ ഒരു ചെറുചിമിഴിലൊതുക്കുന്ന പരുവപ്പെടലും കൈത്തഴക്കവും വിജിലയെന്ന കവിയെ വേറിട്ട ഒരാളാക്കുന്നു. കാടിന്‍റെ തനതു വാഴ്വുകളെ കശക്കിയെടുത്ത് വികസനത്തിന്‍റെ കോണ്‍ക്രീറ്റ് തിടുക്കങ്ങള്‍കൊണ്ട് അടച്ച് മിനുക്കുന്ന വിരുദ്ധതയ്ക്കെതിരെയുള്ള അസഹ്യതയും ഈ വരികളില്‍ നിറയുന്നു.

കേരളത്തെ നിസ്സഹായതയുടെ ചെറുതുരുത്താക്കിമാറ്റിയ പ്രളയകാലങ്ങളില്‍ എല്ലാം നഷ്ടമായവരുടെ എണ്ണം കാടകങ്ങളിലും മലയോരങ്ങളിലും കൂടുതലാണെന്ന് കണ്ടെത്തുമ്പോള്‍ “എല്ലാം മായ്ക്കുന്ന തിരയിളകാത്ത നീലാകാശമാണ് നിസ്സംഗമായ നേരെന്ന് ”
ആകാശത്തിലൊരു കൊളുത്തിട്ട് കണ്ണുയര്‍ത്തുന്ന ഗതികേടുകളെ അടയാളപ്പെടുത്തുമ്പോള്‍ അവ തന്നെ വീണ്ടും തോരാമാരിയായി പെയ്തൊഴുകുന്നതും ഒഴുക്കുകളുടെ ദിശ കണക്കാക്കുന്നതും എല്ലാ നിരാകരണങ്ങളും സ്നേഹശൂന്യത ഒന്നുമാത്രമാണെന്ന് കണ്ടറിയുന്നതും ഒരവസാനമല്ല. കനപ്പെട്ട നഷ്ടങ്ങളും വേര്‍പാടുകളുമെല്ലാം പ്രണയത്തിന്‍റെ പ്രളയമാകുമ്പോഴും അത് ഒന്നുപതറി നിലച്ചിട്ട് വീണ്ടും കണ്ണീര്‍വറ്റി അക്ഷരത്തെളിമയിലേക്ക് ഉണര്‍ന്നു വരുമെന്ന നിനവുകളോടെ പുലരുകയാണ്.
വൈയക്തികത/സ്വകാര്യത എന്നൊന്നില്ലെന്നും അതൊക്കെ രാഷ്ട്രിയമാണെന്നുമുള്ള വെളിപ്പെടലുകളിലേക്ക് വലിച്ചെറിയപ്പെട്ടവരുടെ പുതുപിറപ്പിനെ ചേര്‍ത്തുവക്കുന്ന ബുദ്ധകൂണിമ വിജിലയുടെ ശ്രദ്ധേയമായ കവിതയാണ്. ബുദ്ധനാവുക എന്നാല്‍ ജീവിതപ്പൊരുള്‍ കണ്ടെത്തലാണെങ്കില്‍ പൊരുളറിയുന്ന പെണ്‍വാഴ്വിനെ ചരിത്ര-ഇതിഹാസ-മത തട്ടകങ്ങളിലൊരിടത്തു തിരഞ്ഞാലും കണ്ടെത്താനാകാതെ പോകുന്നു. ആണ്‍കാഴ്ച്ചയ്ക്കുമ/മിപ്പുറം അത് നീക്കി നിര്‍ത്തപ്പെട്ടവളുടെ നേരു തിരയലാകുന്നു. ആട്ടം മറന്നും കല്ലായി നിന്നും കാറ്റിലും മഴയിലും പാര്‍ത്തും ഒരു വാഴ്വിന്‍റെ നോവത്രയും ഈര്‍പ്പമാക്കി ഉടയാടയാക്കിയ കൂണ്‍! അതെ, കൈച്ചില്ല വകഞ്ഞ് കാലുഷ്യങ്ങള്‍ മുറുക്കിത്തുപ്പിയ ബുദ്ധകൂണിമയാണ്. അങ്ങനെയുള്ളവളുടെ ഇനിവരും പിറപ്പ് ! കീഴാളതയുടെ പനിക്കനലുകളില്‍ ചുവടുവച്ച് മതിമറന്നാടുന്ന ഒരു ആണ്ടാള്‍പിറവി !

ഇതേ രാഷ്ട്രീയം കുറേക്കൂടി തെളിച്ചുപറയുന്ന കവിതയാണ് പച്ച പൊങ്ങ് പെരുവഴി കയ്യും മനവും കോര്‍ത്ത് നടന്നുതേഞ്ഞിരുന്നുപോയ വഴിയില്‍ കാരമുള്ള് തറച്ച് തൊലിയടര്‍ന്നതിനേക്കാള്‍ നീറ്റലുളവാക്കിയത് കൈവിടുവിച്ചതും മനം കനച്ചതുമായല്ലോ എന്ന തിരിച്ചറിവാണ്. ചേര്‍ത്തുവച്ചതും കാത്തണച്ചതും സ്വന്തമായിരുന്നില്ലെന്ന് കണ്ടപ്പോഴേക്കും വഴി പിന്നെയും പാതിയിലേറെ ബാക്കി. ഇന്നോളം കണ്ടതിനുമപ്പുറം കാഴ്ചകള്‍ തേടുന്നതും ഉടലുമുയിരും ജാഗരൂകമാകുന്നതും ഒരു രണ്ടാമൂഴത്തിലേക്ക്….. പ്രണയക്കരിക്കിന്‍റെ മധുരവും എരിവുമൊക്കെ ഉറഞ്ഞു ഉള്ള് കട്ടിയായി വെള്ളം വറ്റി കൊപ്രയായിക്കഴിഞ്ഞുള്ള നിസ്സംഗമൗനത്തില്‍ നിന്നേ പൊങ്ങ് പാകപ്പെടൂ….. പഞ്ചേന്ദ്രിയങ്ങളുടെ മുഷിപ്പുകള്‍ ഉറഞ്ഞു കട്ടിയാവുന്ന ആറാമിരവും കൂടി കഴിഞ്ഞേ ഏഴാം പുലരിയുടെ പുതുപ്പിറവി തേടാനാവൂ…. പ്രത്യയശാസ്ത്രം വാരിവിതറും കണ്‍കുളിരും പച്ചപ്പും പെരുവഴിയാരവങ്ങളും വകഞ്ഞ് തന്മയെ തേടുന്ന പെണ്‍വാഴ്വിന്‍റെ പുതിയ വഴിത്താരയാണീ കവിതയുടെ കാതല്‍.

വിജിലയുടെ അനുഭവവൈവിധ്യങ്ങളില്‍ സദാ സഞ്ചാരിയാകുന്ന ഒരുവളുടെ അപൂര്‍വങ്ങളായ കാഴ്ചകളും ഉറ്റുനോക്കലുകളും ആവോളമുണ്ട്. പുതുവായ്ത്താരിയുടെ ശീലുകള്‍ക്ക് വ്യത്യസ്തതയേറുന്നു. കവിയുടെ വാക്കുകള്‍ തന്നെ

“തന്നെത്തന്നെ ഒളിപ്പിക്കാനിടമില്ലാതെ
ഒരു പേമാരിയായി
മൗനം തിരയുന്ന” ഒരുവളുടെ എഴുത്ത് എന്ന മേല്‍വിലാസം കൃത്യമാകുന്നു.
യാത്രകളില്‍നിന്ന് മനം ഒപ്പിയെടുക്കുന്ന ചിതറിയ ചിത്രങ്ങള്‍ ഒരു കാലത്തിന്‍റെ വിളിച്ചു പറയല്‍ കൂടിയാകുന്നുണ്ട്.
“വൈകിയോടുന്ന വണ്ടികളും
വൈകിയോടാത്ത വിശപ്പുകളുമായി (സഹചാക്രികം) തീവണ്ടിത്തിരക്കില്‍ ഒരേ യാത്രക്കാരിയോട് പലയാവര്‍ത്തി കൈനീട്ടുന്ന ഉത്തരമില്ലാത്ത ഗതിക്കേടുകള്‍ വല്ലാതെ മനമുലയ്ക്കുന്നുണ്ട് ദിവസേന പലയിടത്തായി പിടിച്ചിടുന്ന തീവണ്ടികള്‍ക്കുള്ളില്‍ നേരത്തിന് വിലയറ്റ മനുഷ്യരുടെ നിസ്സഹായത നിലവിളിക്കുന്നുണ്ട്.
അക്ഷരത്തോട് അന്നം ചേര്‍ക്കും
ജോലിയില്ല/കൂലിയില്ലാക്കാലമേ….” എന്ന തേങ്ങലിനൊടുവില്‍
“എന്‍റെ ദുഃഖഭാവങ്ങള്‍
ഇരിപ്പിടത്തിലിട്ട്
തീവണ്ടി കാക്കാതെ
ഞാന്‍ ബസ് തിരക്കിയിറങ്ങിപ്പോയി ….” എന്നു പറഞ്ഞു നിര്‍ത്തുന്നിടത്ത് ജീവിതത്തിന് ചലനത്തിലേക്ക് മടങ്ങിയേ മതിയാവൂ എന്ന പരമാർത്ഥം മറനീക്കുന്നു.

വിജിലയുടെ രചനകളില്‍ അതിശക്തമായ പെണ്‍കാഴ്ചകളും പെണ്ണിന്‍റെ അനുഭവങ്ങളുടെ വിശകലനവും
സ്വാഭാവികമായി തന്നെ കടന്നുവരുന്നുണ്ട്.
“എഴുതുക-തന്നെത്തന്നെ എഴുതുക എന്നത് ആദ്യമായും പ്രധാനമായും ഭാഷപരമായ ഒരു പ്രക്രിയയാണ്” എന്ന ടോണി കെയ്സ് ബാംബറയുടെ തിരിച്ചറിവും “എഴുതുക എന്നാല്‍ ആയിത്തീരുക എന്നതാണെന്ന” സിമോങ്ങ് ദ ബുവ്വെറിന്‍റെ ഉറച്ച നിലപാടും വിജിലയുടെ കവിതകളിലെ നിലപാടുകളാകുന്നു. വളരെ വ്യത്യസ്തമായൊരു മൊഴിവഴക്കം ബോധപൂര്‍വമായി സൃഷ്ടിച്ചെടുക്കുന്നതുവഴി ഒരേ സമയം അത് പൊതുബോധത്തിന്‍റെ അധിനിവേശഭാഷകളോട് മല്ലിടുകയും പെണ്‍മൊഴി കണ്ടെത്തുകയും ചെയ്യുന്നു. ഭാഷാശാസ്ത്രപരമായി പെണ്ണെഴുത്ത് പരിപാലന സ്വഭാവത്തോടുകൂടിയതാണെന്ന കാഴ്ചപ്പാടും ഈ കവിപാടലിനുണ്ട്.

അടിമയാക്കപ്പെട്ട ജൈവികതയ്ക്കൊപ്പമാണ് പെണ്ണ്. അവളുടെ ജീവിതം സ്വയം ജീവിക്കപ്പെടാനുള്ളതല്ലെന്ന് കാണുമ്പോള്‍ അവളെ തഴുകിത്തലോടി മടക്കിക്കൊണ്ടുവരാന്‍ പ്രകൃതിയും മണ്ണും ഒപ്പം കൂടുന്നു.
എഴുത്തിന്‍റെ തട്ടകത്തിലേക്ക് ഒരുവള്‍ കയറിവരും വഴികളിലൊക്കെയും തടയിണകള്‍ തീര്‍ത്തിട്ടുണ്ട്. എങ്കിലും

“അവളുടെ പേന ചലിച്ചില്ലെങ്കിലെന്ത്
മുറ്റത്തെ നിലാച്ചെമ്പകത്തിന്‍റെ കാവ്യഭാഷ
അവള്‍ക്ക് മാത്രം സ്വന്തം”(വിട്ടുപോയത്) എന്നത് വലുതായ ഒരു തിരിച്ചറിവാണ്. അവളുടെ എഴുത്ത് മറ്റാര്‍ക്കും എഴുതാനാവുന്നതല്ല. അവളുടെ കാഴ്ചയും അവളുടെ മാത്രം വീടാകുന്ന അള്‍ത്താരയില്‍ നിത്യേന അര്‍പ്പിക്കപ്പെടുന്ന ഒരു ബലിവസ്തുവായവള്‍ മാറുമ്പോള്‍ “നിന്നെപ്പോലെ മറ്റാരുമില്ലെന്ന”വാഴ്ത്തുപാട്ടില്‍ കാലുതട്ടിവീണു പോകുന്നവള്‍ക്ക് “ഏത് ഋതുവും വസന്തമാക്കാനുള്ള വിദ്യ” യുണ്ടെന്ന് അറിയാവുന്നത് വാകമരങ്ങള്‍ക്കും കൊന്നമരങ്ങള്‍ക്കും മാത്രമാണ്. ആല്‍ക്കെമിസ്റ്റുകള്‍ക്ക് കനകത്തിന്‍റെ സമ്പല്‍ഭാവമല്ലേ കാണൂ. വസന്തത്തിന്‍റെ ധ്വനി ലോകത്തെ സന്തുഷ്ടമാക്കുന്നതും സ്വയം ഏറ്റവുമുദാത്തമായി ആവിഷ്കരിക്കപ്പെടുന്നതുമാണെന്ന വ്യത്യസ്തത എത്ര വലുതാണ്!

ഇനിയുമെഴുതിത്തീര്‍ക്കാത്ത പരീക്ഷാക്കാലങ്ങളും” ചേരുംപടി ചേര്‍ക്കാത്തതിനെ പൂരിപ്പിച്ചുകൊണ്ടേയിരിക്കലുമായ വൃഥാവ്യയാമങ്ങളില്‍ തളയ്ക്കപ്പെടുന്ന വാഴ്വിന്‍റെ അനന്തസാധ്യതകള്‍” ആരോ പണിതുവെച്ച കെണിനിലങ്ങളില്‍ ” കുരുങ്ങിപ്പോയിരിക്കുന്നതും കവിയുടെ ആകുലതയാകുന്നു. നാളെയുടെ പുലരിയില്‍ നടന്നെത്തുന്ന” കനല്‍ക്കുപ്പായമണിഞ്ഞ” (ഉറപ്പുള്ള ഉപമകള്‍ ) പെണ്ണിന് പ്രപഞ്ചത്തിന്‍റെ പരുക്കേല്ക്കാഭാവിയുടെ താളുകള്‍ എഴുതിച്ചേര്‍ക്കേണ്ടവളാണെന്ന ബോധം പകരുന്ന ആത്മവിശ്വാസം വിജിലയുടെ കവിതകളെ അതിജീവനത്തിന്‍റെ വാഴ്ത്തുപാട്ടുകളാക്കുന്നു.
സൂര്യകാന്തിയുടെ കാല്പനികപരിവേഷങ്ങളെല്ലാം അഴിച്ചെടുത്ത പെണ്‍വാഴ്വിന്‍റെ നേരിന്‍റെ ചിത്രമാണ് തിക്തസാക്ഷി എന്ന കവിത. മലയാളിയുടെ പൊതുബോധത്തില്‍ വിശുദ്ധപുഷ്പമെന്ന കാല്പനിക പരിവേഷത്താല്‍ അല്പായുസ്സായിപ്പോയ സൂര്യകാന്തിയെ

“ഉറപ്പില്ലാ മണ്ണില്‍
പാതിമഴയായവളെയും
സൂര്യകാന്തിയെന്നു വിളിക്കാം” അപനിര്‍മ്മിതി പാഠം നല്‍കുകയാണ് കവി.
“ചങ്ക് പറിച്ചെറിഞ്ഞ്/ചുവന്നവളെങ്കിലും ഒറ്റയുടയാടയാല്‍ മഞ്ഞചുറ്റി/ സ്വയം മറയുന്നതാകയാല്‍/നക്ഷത്രങ്ങളുടെ/നിലാവിന്‍റെ/കൂട്ടുകാരിയാകയാല്‍/പകലവന്‍റെ പഴികേട്ട് പഴികേട്ട്/ ഒരു പകല്‍ ജന്മം മതിയാക്കി/ മഞ്ഞച്ചിറകുകള്‍ പൊഴിച്ച്/ നടുനിവര്‍ന്ന/ഒരു കരിന്തുമ്പി/ നീ വരച്ചിട്ട/സൂര്യകാന്തിപ്പാതി/ ഞാന്‍”എന്ന ധീരമായ ഉയിര്‍ത്തെഴുന്നേല്‍പ്പ് വിജിലയുടെ കരുത്തുറ്റ കാവ്യാദര്‍ശത്തിനും ഉദാഹരണമാകുന്നു.

കവിതയെഴുതുക എന്നത് രാഷ്ട്രീയനിലപാടാണ് എന്ന് ഉറപ്പിച്ചുപറയുന്ന കവിയെയാണ് വിയോജിപ്പുകളോടെ എന്നതില്‍ വായിക്കുക. ജീവിതത്തിന്‍റെ സാമാന്യതയെ, നൈരന്തര്യത്തെ, പരുക്കന്‍ യാഥാര്‍ഥ്യങ്ങളുടെ നിര്‍വചനകോടികളെ പിന്‍തുടരേണ്ടിവരുമ്പോഴും കനവില്ലാത്ത, പൊട്ടിച്ചിരിക്കാത്ത ഇരുളിന്‍റെ നെടുവീര്‍പ്പുകളെ കെട്ടഴിച്ചുവിട്ട് സ്വസ്ഥയാകാന്‍ തുനിയുന്നവളുടെ ഇരട്ടജീവിതം മറച്ചുവയ്ക്കാതെ വിയോജിപ്പുകളോടെ മുന്നോട്ടുകൊണ്ടുപോകുന്നു.
“നീ ഒറ്റയ്ക്കാവുമ്പോള്‍
ആരും കാണാതെ
ഞാന്‍ വരുന്നില്ലേ” എന്ന കണ്ണീര്‍മൊഴിയെയാണ് ഹൃദയത്തില്‍ പോറ്റിയെടുത്ത് കവിതകളാക്കി കാലപ്പെടുത്തുന്നതെന്ന തിരിച്ചറിവില്‍
“ഉണരുമ്പോള്‍ നിന്നെ
നേരെയാക്കുന്നു
നിത്യമൊരു സൂര്യന്‍
കാവ്യപ്രകാശം” (പറന്നു പറന്നങ്ങനെ) എന്ന് കവിത കുറിച്ചുകൊണ്ട് ജീവിതക്കെണിയുടെ കുരുക്കുകള്‍ പൊട്ടിച്ചെറിഞ്ഞ് മുന്നേറുന്ന ഒരുവളുടെ തളരാത്ത ചങ്കുറപ്പ് വിജില കാട്ടിത്തരുന്നു.
“തലയിലേറ്റിയതൊക്കെയും
കനം വെച്ചതൊക്കെയും
കുടഞ്ഞുകളയുമെന്നും
മാനം നോക്കിപ്പറക്കുമെന്നും” ഉള്ള പ്രതീക്ഷയുടെ ബലത്തെ പിടിവള്ളിയാക്കുന്ന ചിന്താസഞ്ചാരങ്ങളും കാണാതെ പോകാനാവില്ല.
വീടും വേണ്ടപ്പെട്ടവരും തൊഴിലും നാഴികമണിയിലേക്ക് ഉഴിഞ്ഞുവച്ചവള്‍ക്ക് അതെല്ലാം എഴുത്ത് തന്നെയാവുന്നു. അതിനാല്‍ പെണ്ണെഴുതുന്നത് ഒറ്റ നില്പിലെഴുതിയവ മാത്രം. അതില്‍ പച്ചയായ പകലിരവുകളുടെ ചൂരുണ്ട്. അവയൊന്നും പലപാട് വായിച്ചും തിരുത്തിയും ഈണവും വൃത്തവും ഭാവവുമൊപ്പിച്ച് ‘കവിതാംഗന’ യെന്ന ലേബലില്‍ അലങ്കാരപ്പുറംചട്ടകള്‍ തീര്‍ത്ത് സാംസ്കാരിക മഹാരഥന്മാരുടെ കൃപാകടാക്ഷങ്ങളാല്‍ അനുനയിപ്പിച്ച് പ്രകാശിതമാക്കി അവാര്‍ഡുകളങ്ങളിലേക്ക് നിരത്തിവെച്ച് നിര്‍വൃതിപ്പെടാവുന്നതല്ല എന്ന കണ്‍തുറക്കലിന് എല്ലാ വ്യവസ്ഥയെയും അട്ടിമറിക്കാന്‍ കെല്‍പ്പുണ്ട്.

“മുറിവുകള്‍ക്കുപ്പും/ പൊള്ളലുകള്‍ക്ക് തേനും/ തന്നത്താല്‍ കരുതിക്കൊണ്ട് / ഒറ്റ നില്‍പ്പില്‍ മണ്ണിലാഴ്ത്താം/ ഓടിത്തളര്‍ന്ന്/ വിയര്‍പ്പ് വളമാക്കിയ/ ഈ കവിതൈകള്‍ എന്ന് ശ്വാസം മുട്ടിപ്പോകുന്ന പ്രതിഷേധങ്ങളാണ് പെണ്‍കവിതകളുടെ മഷിപ്പാത്രമെന്ന ധീരപ്രഖ്യാപനം കരുത്തുറ്റതു തന്നെയാണ്. വെറും മുപ്പത്തൊമ്പത് വരികളില്‍ എഴുപത്തേഴ് വാക്കുകള്‍ കൊണ്ട് ഇന്നിന്‍റെ പെണ്‍കവിതക്കാലത്തിന്‍റെ നെടുതായ ചരിത്രം വരച്ചുവച്ചത് ഒറ്റ നില്പില്‍ത്തന്നെയെന്നും അഭിമാനത്തോടെ വായിക്കാം. കവിതയെഴുത്തിന്‍റെ നിര്‍വചനങ്ങളെ തലകീഴാക്കി മറിക്കുന്ന വിജിലയുടെ കാവ്യപ്പെടലുകള്‍ കായല്‍പ്പരപ്പുപോലെ പെയ്തൊഴിയ മാനം പോലെ കുതിച്ചു പായും കാട്ടാറുപോലെ കടലിരമ്പം പോലെ കാടിന്നിടിമുഴക്കം പോലെ എഴുതിയുറയ്ക്കുക തന്നെയാണ്.

ഇന്നിന്‍റെ സാമൂഹികതയെ, ലിംഗരാഷ്ട്രിയത്തെ, അതിശക്തമായി കുറിച്ചിടുന്ന അടക്കവും ഒതുക്കവുമുള്ള ഒരു ഫെമിനിസ്റ്റ് കേരളത്തിന്‍റെ സമകാലികതയിലെ (കുല)സ്ത്രീ ജീവിതത്തിന്‍റെ മാനിഫെസ്റ്റോയെ മറനീക്കിക്കാട്ടുന്നു. പിതൃദായക്രമം കൃത്യമായി നിലനിര്‍ത്താന്‍ വ്യഗ്രതപ്പെടുന്നിടത്ത് കപടാചാരങ്ങളെയൊക്കെ വകയിരുത്തി മൗഢ്യത്തിലേക്ക് പടിയിറങ്ങിപ്പോകുന്ന സ്ത്രീത്വത്തെ അടയാളപ്പെടുത്തുന്നു. ‘ഫെമിനിസ്റ്റ്’ എന്ന് കേട്ട് ഞെട്ടുന്ന, പെണ്ണിടമെന്ന ഒന്നില്ലെന്ന് ഒഴിഞ്ഞുമാറുന്ന, എന്നാല്‍ സാമൂഹികമായ അളവുകോലുകളെല്ലാം പിഴയ്ക്കാതെ കാക്കുന്ന ഒരു വഴിപാടിന്‍റെ ‘കത’ യല്ലാതെ മറ്റൊന്നുമായിത്തീരാത്ത പാഴടരുകള്‍ പെണ്‍വാഴ്വുകളില്‍ ചേക്കേറുന്നു എന്ന തിരിച്ചറിവ് പകരുന്ന അതിശക്തമായ കവിതയാണിത്. ഇരയാക്കപ്പെടലിന്‍റെ എണ്ണിയാലൊതുങ്ങാത്ത വേവുകളുടെ ഇടങ്ങള്‍ തേടുന്ന മറ്റൊരു കവിതയാണ് പോസ്റ്റുമോര്‍ട്ടം. അരികു ജീവിതങ്ങളില്‍ നിന്നാണ് ഇവരിലേറെയുമെന്ന പരമാര്‍ഥം-നാടിന്‍റെ ഭൂമധ്യരേഖകള്‍ക്ക് കാതങ്ങളകലെ, പെരുമയില്ലാത്ത ഇടങ്ങളില്ലെല്ലാം- പെരുമ്പാവൂരും വിതുരയും സൂര്യനെല്ലിയും കിളിരൂരും വാളയാറുമെല്ലാം ഇരകള്‍ പെരുകിക്കൊണ്ടേയിരിക്കുന്നു എന്ന തിരിച്ചറിവും
“നീതിയെന്നത്
നീറിക്കൊണ്ടേയിരിക്കുന്ന വാക്കായിതുടരും
മറ്റൊരു ഇരയുടെ
വാര്‍ത്തയെ കൊത്തും വരെ” നീളുകയാണെന്നതും വായിക്കാതിരിക്കരുത്.
ദാമ്പത്യത്തിന്‍റെ വിലക്ഷണതകളെ, സന്ദേഹങ്ങളെ, തിമിരക്കാഴ്ച്ചകളെ, സ്വാര്‍ഥതകളെ ആക്ഷേപഹാസ്യത്തോടെ നോക്കുന്നു.
“സമത്വപാഠങ്ങള്‍
അസുരരില്‍ നിന്നാണ്
പഠിക്കാനുള്ളത്” എന്ന് നാവുയര്‍ത്തുന്ന സീതയുടെ നവീന മാതൃക പറയുന്നത്
“തെറ്റുചെയ്യാത്ത പെണ്ണിനെ
സംശയിക്കുന്ന പുരുഷന്
സ്വസ്ഥത ഔട്ട് ഓഫ് റേഞ്ച്
മരണം വരേക്കും” എന്നാണ് (എ ചാറ്റ് വിത്ത് രാമ) ബന്ധങ്ങളിലുലഞ്ഞ് തോറ്റ് പടിയിറങ്ങുന്ന ഓരോ സ്ത്രീയും സീത തന്നെയാണെന്ന് ചിന്താവിഷ്ടയായ സീത യുടെ ശതാബ്ദിക്കാലത്ത് ഒരു പുനര്‍വായന നടത്തുകയാണി കവിത.
കവി, നാടിനെ എഴുതിയിരിക്കുന്നത് കൂടി വായിക്കാതെ വയ്യ. ചെങ്ങോട്ടു മലയെ തെളിഞ്ഞ, ഉശിരുള്ള, പരിപാലകയായ പെണ്ണ് തന്നെയായിക്കണ്ട് അഭിമാനത്തിന്‍റെ തല തകര്‍ക്കരുതെന്നും പ്രേമവാത്സല്യങ്ങളുടെ മാറ് പിളര്‍ക്കരുതെന്നും ഉലയിലെന്നപോലുരുകുന്ന നിനവിന് മാനം പോലെ തെളിമയേറ്റുന്നു.
അതിരുകളിലേക്ക് വകഞ്ഞൊതുക്കപ്പെടുന്ന നാടിനെ പുറ്റംപൊയില്‍ എന്ന ദേശത്തെ കീഴാള/പെണ്‍ കാഴ്ചയിലൂടെ അവതരിപ്പിക്കുകയാണ് എന്‍റെ ദേശം രാഗമില്ലാതെ പാടുന്നു എന്നതില്‍ ശ്രുതിയും രാഗതാളങ്ങളും ഒരേപോല്‍ മേളിപ്പിച്ച് ചിട്ടപ്പെടുത്തുന്ന ശുദ്ധസംഗീതം വരേണ്യ പ്രതീകങ്ങളെ ആവാഹിക്കുമ്പോള്‍ രാഗമില്ലാതെ പാടുന്ന പ്രകൃതിയെ, നാടിനെ, കീഴാളതയെ സംഘചേതനയുടെ പ്രതീകങ്ങളായിക്കാണുന്നിടത്ത് കവിത എന്തല്ല എന്നുകൂടി ഓര്‍മപ്പെടുത്തുന്നു. കൊറുമ്പിയമ്മയും കുമാരിച്ചേച്ചിയും സരസയും ബീവിയുമ്മയും പറായിയമ്മയും വെളിപ്പെടുന്ന സമാന്തരദേശം പെണ്‍കാഴചയില്‍ മാത്രം തെളിയുന്ന ഒന്നാണ്.
“ഒഴുക്കിന്‍റെ അനേകം
വേരുകള്‍ ചേര്‍ത്ത്
ഒരൊറ്റ ഭൂപടമാക്കി നിര്‍ത്തും” എന്ന പ്രതീക്ഷ ചെറുതല്ല തന്നെ. വെളിപ്പെടുത്തലുകളുടെ നീണ്ട പാടലുകളാണ് വിജിലയുടേത്. ഇന്നോളം മലയാളത്തിലെ പെണ്‍കവിതകള്‍ ആവശ്യപ്പെട്ടിട്ടില്ലാത്ത ഒരു ഭാവുകത്വം,സംവേദനതലം അതിനുണ്ട്. മറന്നുപോയതും വായിച്ചകറ്റിയതുമായ ഒരു വീട്ടില്‍, ദേഹത്ത്, കാടകത്ത് നിന്ന് പെണ്ണിന്‍റെ മനം ചികഞ്ഞെടുക്കുന്ന പുതുകാഴ്ചകള്‍ക്ക് അസാധാരണതയുണ്ട്.
വര്‍ണത്തിന്‍റെയും കോയ്മയുടെയും പ്രതീകങ്ങളെ അട്ടിമറിക്കുന്നൊരു ദേശചിത്രമാണ്
“ഉരുണ്ട മൂക്കും
തടിച്ച ചുണ്ടുകളും
ചുരുളന്‍ തലകുടിയും
കറുപ്പു നിറവുമുള്ള മാതാവിനെ വരച്ചു
മുണ്ടും ബ്ലൗസും തോര്‍ത്തുമിട്ട മാതാവ്” (പാടിയും വരച്ചും ഉ/ഇറങ്ങിപ്പോയവര്‍)എന്ന ബദല്‍ ചിത്രം. ഇത് പിളര്‍ക്കപ്പെട്ട തന്മ പേറുന്ന കോടിക്കണക്കിന് മനുഷ്യരുടെ, പട്ടിക വരച്ച് അടയാളപ്പെടുത്തിയ അടിയാളരുടെ, ദേശീയതയെന്ന വികാരമാണ്. അവരുടെ ഇന്ത്യയെന്ന അമ്മയ്ക്ക് അവര്‍ വരയ്ക്കും പരിചിതരൂപം. അവര്‍ക്ക് ദേശീയഗാനമായി സ്വരരാഗതാളചിട്ടകളുള്ള വന്ദേമാതരമാകില്ല വഴങ്ങുക. പാടാനാകാതെ തൊണ്ടയില്‍ കുരുങ്ങുന്നത് “കാണുന്നീലൊരക്ഷരവും/ എന്‍റെ വംശത്തെപ്പറ്റി/ കാണുന്നുണ്ടനേക വംശത്തിന്‍/ ചരിത്രങ്ങള്‍” എന്ന പൊയ്കയിലപ്പച്ചന്‍റെ ഉള്ളു നീറുന്ന ചിന്തകളാണ്. ഒപ്പം നിര്‍ഭയരായി ഇറങ്ങിത്തിരിച്ച ഫുലാന്‍ ദേവിയെയും സാവിത്രിഭായ് ഫുലെയെയും ഓര്‍ത്തെടുക്കുന്നിടത്താണ് ദേശീയതയില്‍ താന്‍കൂടി പങ്കാളിയാകുന്നത് എന്ന് കവി തിരിച്ചറിയുന്നു….
വിജിലയുടെ കവിതകളിലെ പരിസ്ഥിതിയുടെ നിരന്തരമായ സാന്നിധ്യത്തെക്കുറിച്ച് വിശദമായൊരു അപഗ്രഥനം തന്നെ നടത്താവുന്നതാണ്. പ്രകൃതിയില്‍നിന്ന് അത്രമാത്രം ബിംബങ്ങളും പ്രതീകങ്ങളും കവിതയില്‍ വന്നുനിറയുന്നുണ്ട്.
“എന്‍റെ പാട്ടിനെ
നീ മാത്രം കോന്തലയില്‍
ഒരു നെല്ലിക്കയായ് കെട്ടുക”
“തൊട്ടാവാടിപ്പടര്‍പ്പുകള്‍ക്ക് മുകളിലാണ്
പെയ്തു തീരാക്കിനാവുകള്‍”
“കരിയിലകള്‍ നനവുകുടി ഒളിപ്പിച്ച വേരുകള്‍”
“തകരത്തളിര്‍പ്പുകള്‍” എന്ന് എണ്ണിയാലൊടുങ്ങാത്ത തലമുറകളുടെ അനുഭവസഞ്ചയങ്ങളിലെ നാട്ടറിവുകള്‍ കൂടി നിറയുന്ന ഒരു പ്രപഞ്ചം തന്നെയായി മാറുന്നു വിജിലയുടെ കവിതകള്‍.
സമകാലിക സമൂഹത്തില്‍ ഞെരുക്കപ്പെടുന്ന തന്മയുടെ പ്രതിസന്ധികളും പ്രശ്നങ്ങളുമെല്ലാം എഴുത്തുകാരെ സ്വന്തം ഇടങ്ങളുമായി ആഴപ്പെട്ട ബന്ധങ്ങളുരുവാക്കാനും അവയെ ആവിഷ്കരിക്കാനും പാകപ്പെടുത്തുന്നു. ക്ഷമയോടെയുള്ള ആ വളര്‍ച്ച, പുതിയൊരു സ്വാതന്ത്ര്യബോധത്തിന്‍റെയും ഫലപ്രാപ്തിയുടെയും വിജയമായി മാനവരാശിയെ ആഘോഷിക്കാന്‍ പര്യാപ്തമാക്കണം എന്ന അച്ബേയുടെ(1990) പ്രതീക്ഷകള്‍ അസ്ഥാനത്താവില്ല എന്നതു തന്നെയാണ് വിജിലയുള്‍പ്പെടുന്ന പുതുകവികളുടെ സംവേദനതലങ്ങള്‍ ഉറപ്പാക്കുന്നത്.
“ഒരുതരിമണലില്‍ ഒരു കടലും കരയുമൊന്നായ് ചേരുന്നു” എന്ന സെന്‍വചനങ്ങള്‍ ഈ കവിതയുടെ സമഗ്രതയ്ക്കു നന്നായി ചേരുന്നു.

ഡോ. ഐറിസ് കൊയ്‌ലിയോ
തുമ്പ സെയ്ൻ്റ് സേവ്യേഴ്സ് കോളജിൽ മലയാളം അധ്യാപികയും കേരള സർവകലാശാലയിൽ ഗവേഷണമാർഗദർശിയുമായിരുന്നു. പക്ഷിയുടെ പാട്ട് (റൂമി കവിതാവിവർത്തനം), പ്രതിബിംബങ്ങൾ (ശ്രീലങ്കൻ കവിതാസമാഹാരവിവർത്തനം: എൻ ബി റ്റി), പടരുന്ന മഷിച്ചാലുകൾ (സാഹിത്യസ്ത്രീപഠനങ്ങൾ) എന്നിവ പ്രസിദ്ധീകരിച്ച രചനകൾ.

SUPPORT US

ദി ആർട്ടേരിയയുടെ സുതാര്യമായ പ്രവർത്തനത്തിനും സുഗമമായ നടത്തിപ്പിനും പ്രിയപ്പെട്ട വായനക്കാരിൽ നിന്ന് സാമ്പത്തിക പിന്തുണ പ്രതീക്ഷിക്കുന്നു.

Google Pay : 8078816827

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here