ഹിംസയുടെ കണ്ണാടികൾ, മറവികളുടെ ഉൾക്കനങ്ങൾ

0
292

ആത്മാവിന്റെ പരിഭാഷകള്‍
സിനിമ ,കവിത ,സംഗീതം (ഭാഗം 4)

ഡോ. രോഷ്നിസ്വപ്ന

(ദി ഇൻസൾട്ട്’: സിയാദ് ദൊവേരി (Ziad Dueri))

We fear violence less than
our own feelings Personal, private, solitary pain is more terrifying than
what anyone else can inflict    – Jim Morrison

Violence എന്ന മാനസികാവസ്ഥവയെ പല തരം വിശദീകരണങ്ങളിലേക്കാണ് നാം കൂട്ടിച്ചേർക്കുക. ഈ പദത്തിന് സമാനമായ “അർത്ഥം ലഭിക്കുന്ന മലയാള പദങ്ങൾ യഥാക്രമം’, ‘ഹിംസ’, അക്രമം എന്നൊക്കെയാണ്. അക്രമം എന്നത് ക്രമരാഹിത്യമാണ്. Entropy എന്ന വാക്കിലേക്ക്, ആ വാക്കിന്റെ അർത്ഥത്തിലേക്ക് വേണമെങ്കിൽ Violence എന്ന വാക്കിനെ നമുക്ക് ചേർത്തുവയ്ക്കാമെന്നു തോന്നുന്നു. Violence is the last refugee of the in- competent എന്ന് ഐസക് അസിമോവ് പറഞ്ഞത് ചില നേരങ്ങളിൽ യാഥാർത്ഥ്യമാകുന്നു. പ്രതിയോഗികളില്ലാതെ വരുമ്പോഴാണോ violence എന്ന വികാരം മനുഷ്യമനസ്സുകളിൽ നിന്ന് പുറത്തുചാടുക!അതോ പ്രതികരിക്കാനാവാത്ത സന്ദർഭങ്ങളോടുള്ള ഏറ്റവും തീവ്രമായ പ്രതികരണമായോ? 20-ാം നൂറ്റാണ്ടിന്റെ ചരിത്രം എഴുതപ്പെട്ടത്. അതിദാരുണമായ violence കളിലൂടെയാണ്. വൈകാരികതയുടെ അടിസ്ഥാനത്തിൽ സാമൂഹിക ക്രമങ്ങളുടെ അടിസ്ഥാനത്തിൽ, നിയമം, നീതിബോധം, പൊതുബോധം വ്യക്തി സമൂഹം, വ്യക്തി -രാഷ്ട്രം, പ്രാദേശിക ദേശീയത എന്നീ ദ്വന്ദ്വങ്ങളുടെ അടിസ്ഥാനത്തിലൊക്കെത്തന്നെ വയലൻസ് പഠനവിഷയമാക്കിയിട്ടുണ്ട്. ഇവയിൽ മനുഷ്യനും വികാരങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങൾക്കാണ് വയലൻസ് എന്ന അവസ്ഥയെ കൂടുതൽ വിശദീകരിക്കാൻ കഴിഞ്ഞിട്ടുള്ളത് എന്നു തോന്നുന്നു.

2013 -ൽ മാക്സ് പാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യുമൻ ഡവലപ്പ്മെന്റും, യോഹാൻ വോൾഫ്ഗാoഗ് ഗായ്തേ യൂനിവേഴ്സിറ്റി ഓഫ് ഫ്രാങ്ക് ഫർട്ടും (Max planck Institute for Human Development, Johann Woligang Goethe University of Frankfurt, University of Biele- “feld) ചേർന്ന് നടത്തിയ ഒരു അന്താരാഷ്ട്ര കോൺഫറൻസിൽ ഈ വിഷയം കാര്യമായി ചർച്ചചെയ്തിരുന്നു (2013, International Conference of Historical research of emotions). ഈ കൂടിച്ചേരലിൽ യഥാർത്ഥത്തിൽ violence’ എന്ന വികാരം എങ്ങനെയാണ് എപ്പോഴാണ് മനുഷ്യനിൽ ജനിക്കുന്നത്, ഉള്ളിലുള്ള കോപം, അപമാനം, ലജ്ജ, കുറ്റബോധം എപ്പോഴാണ് അക്രമത്തിന്റെ കടന്നുകയറ്റത്തിന്റെ രൂപത്തിലേക്ക് പടരുന്നത് എന്ന രീതിയിലുള്ള അന്വേഷണമായിരുന്നു നടന്നത്. അത് ഏറെക്കുറെ ഫലപ്രദമാകുകയും ചെയ്തു.

സമീപകാല ലോകചരിത്രത്തിൽ ഏറ്റവും എളുപ്പത്തിൽ സംഭവിക്കാവുന്ന ഒരു സംഘർഷത്തെ എത്തരത്തിൽ ഒഴിവാക്കാനാകും എന്ന ചിന്തയ്ക്ക് ഏറെ പ്രസക്തിയുണ്ട്. രാഷ്ട്രീയ ധ്രുവീകരണം വർദ്ധിച്ചു വരുന്ന സമൂഹത്തിൽ ഇത്തരം അനുരഞ്ജനങ്ങൾ കുറഞ്ഞുവരികയും സാമൂഹിക അതിക്രമത്തിന്റെയും സംഘർഷങ്ങളുടെയും അളവ് ഉയർന്നുവരികയുമാണ് ചെയ്യുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന അക്രമങ്ങളുടെ വേരുകൾ തിരഞ്ഞുപോകുമ്പോൾ മനശ്ശാസ്ത്രജ്ഞർ മുതൽ രാഷ്ട്രീയ ചിന്തകർ വരെ എത്തിനിൽക്കുന്ന ചില ഘടകങ്ങളിൽ പ്രധാനമായി ചൂണ്ടിക്കാണിക്കുന്നത് സ്വത്വം (Identity) വിനിമയം (communication) എന്നിവയാണ്. വ്യക്തിസത്തയുടെ ഏറ്റവും ചെറുതെന്നു തോന്നാവുന്ന ഒരു മാനസികാവസ്ഥയെ മറ്റൊരു വ്യക്തിക്കോ പരിതസ്ഥിതികൾക്കോ
പരിഹരിക്കാനാവാതെ വരുമ്പോൾ സംജാതമാകുന്ന സംഘർഷം ഒരുപക്ഷേ, ഒരു പൊട്ടിത്തെറിയിലേക്ക് ക ടക്കാം. ഇത് ഒരുപക്ഷേ, വ്യക്തിയുടെ സ്വത്വത്തിൽ ബാധിച്ച സംഘർഷങ്ങളെ കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്തേക്കാം.

രണ്ടായ് മുറിയുന്ന ഒരാൾക്കൂട്ടം

സിയാദ് ദൊവേരി (Ziad Dueri) സംവിധാനം ചെയ്ത “ദി ഇൻസൾട്ട്’ എന്ന സിനിമ കാണുമ്പോൾ, നിസാരം എന്ന് കരുതാവുന്ന ഒരനുഭവം വലിയൊരു പൊട്ടിത്തെറിയായി ഉള്ളിൽ വളരുന്നു. ലെബനനിലാണ് ചിത്രം സംഭവിക്കുന്നത്. സംഘർഷഭരിതമായ രാഷ്ട്രീയ ജീവിതം ഓരോ വ്യക്തിയെയും ഏറ്റവും സങ്കീർണമായ ദൈനംദിന ജീവിതത്തിലേക്ക് കൊണ്ടു പൊയ്‌ക്കൊണ്ടിരിക്കുന്ന ലെബനനിലെ വെയിലിൽ ആണ് ദി ഇൻസൾട്ട് പോകുന്നത്. ലെബനനിൽ നിന്നുള്ള മികച്ച ചിത്രമായി നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെട്ട ‘ദി ഇൻസൾട്ട്’, രണ്ട് വ്യക്തികളുടെ സ്വകാര്യ ഇടങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതോടൊപ്പം തന്നെ ഒരു നഗരവും ഒരു രാഷ്ട്രവും വ്യക്തികൾക്കിടയിൽ ഇടപെടുന്നതെങ്ങനെയെന്ന് ഭീതിതമാംവിധം വെളിപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട്. ഈ സിനിമയിൽ എന്നെ ആകർഷിച്ച ഘടകങ്ങൾ ആഖ്യാനത്തിന്റെ അന്തർധാരയിൽ കൊരുത്തു കിടന്ന അവമതി, അക്രമം, കവിത എന്നീ ചേർച്ചകളായിരുന്നു. ‘വെസ്റ് ബേറൂട്ട് ‘, ‘ദി അറ്റാക് ‘ ‘സ്ലീപ്പർ സെൽ’ തുടങ്ങിയ സിനിമകളിലൂടെ ലോകശ്രദ്ധ പിടിച്ചു പറ്റിയ സിയാദ് ദോവേരിയുടെ ചലച്ചിത്ര യാത്ര ദി ഇൻസൾട്ട് ൽ എത്തുന്നതോടെ വികാസം പ്രാപിച്ചുവരുന്നതായി കാണാം.

ഇസ്രായേലിന്റെ പടിയിറങ്ങിപ്പോക്കിനോട് നിറഞ്ഞ വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ട് 2012 ൽ സിയാദ് ഒരു ചലച്ചിത്രം സംവിധാനം ചെയ്തിരുന്നു. ഇസ്രായേലിലെ അഭിനേതാക്കളെ മുൻനിർത്തിയായിരുന്നു ഈ സംരംഭം . വെനീസ് ഫിലിം ഫെസ്റ്റിവലിൽ ഈ ചലച്ചിത്രം പ്രദർശിപ്പിച്ച് തിരിച്ചുവരും വഴി സിയാറ് ബെയ്റൂട്ടിൽ വച്ച് ചോദ്യം ചെയ്യപ്പെട്ടു. ‘ദി അറ്റാക്ക്’ എന്ന ആ ചലച്ചിത്രം: പലായനത്തോട് സിയാമിനുള്ള കടുത്ത നിലപാടുകൾ വ്യക്തമാക്കുന്ന ഒന്നായിരുന്നു. തന്റെ പതിനെട്ടാമത്തെ വയസ്സിൽ ലെബനീസ് ആഭ്യന്തരയുദ്ധകാലത്ത് ലെബനൻ വിട്ട് വിദ്യാഭ്യാസത്തിനായി യു. എസിലേക്ക് പോകുകയായിരുന്ന സിയാദ്, 2011-ൽ ബെയ്റൂട്ടിലേക്ക് തിരിച്ചെത്തുന്നതോടെയാണ് രാഷ്ട്രീയ പ്രബുദ്ധതയുള്ള തന്റെ കലാപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

ഓസ്കാർ പട്ടികയിലേക്ക് തിരഞ്ഞടുക്കപ്പെട്ട ആദ്യ ലെബനീസ് ചിത്രമാണ്. “ദി ഇൻസൾട്ട്. 1990ൽ അവസാനിച്ച 15 വർഷത്തെ ആഭ്യന്തരയുദ്ധത്തിന്റെ സാമ്പത്തികവും വൈകാരികവുമായ പ്രത്യാഘാതങ്ങൾ ഇപ്പോഴും അനുഭവിക്കുന്ന ഒരു നഗരമാണ് ലെബനനിലെ ബെയ്റൂട്ട്.

ചില കവിതകളിൽ ഇപ്പോഴുമത് പ്രതിഫലിക്കുന്നുണ്ട്

“ഞാൻ ലെബനനിൽ
നിന്നാണ്.
ബെയ്റൂട്ടിൽനിന്നും സൈയ്ദയിൽനിന്നും
എന്റെ വീടിന്റെ
ഏറ്റവും താഴത്തെ
അടരിലെ മണ്ണിൽ നിന്നാണ്
ഞാൻ മരങ്ങളിൽ നിന്ന് വരുന്നു.
ചുവന്ന
അകിൽ മരങ്ങളിൽ നിന്ന്
ഞാൻ തവിട്ടുനിറമുള്ള കണ്ണുകളിൽ നിന്ന്
വരുന്നു.

കരീമിൽ നിന്ന്
കല്ലറയിൽ നിന്ന്
കസ്സിമിൽ നിന്ന്…

ഞാൻ വരുന്നത്
ആനന്ദത്തിൽ നിന്നാണ്

സംസ്കാരത്തിൽ നിന്നാണ്
ഹബീബിയിൽ നിന്നും
ഹയാത്തിൽ നിന്നുമാണ്

ഞാൻ
എല്ലാ മതങ്ങളിൽനിന്നും വരുന്നു

നക്ഷത്രങ്ങൾക്കിടയിലുള്ള
ഒരു മുറിയിൽ നിന്നാണ്
എന്റെ വരവ്
എന്റെ ഉറവിടം””.

ഒരു കവിതയാണിത്. ലെബനനോടും ബെയ്റൂട്ടിനോടും ആ നാട്ടിലെ കവികൾ അടക്കമുള്ള കലാകാരന്മാർക്കുള്ള ഇഴയടുപ്പമാണ് വ്യക്തമാകുന്നത്. ബെയ്റൂട്ടിലെ ഒരു തെരുവിലാണ് “ദി ഇൻസൾട്ട്” ലെ സംഭവങ്ങൾ അരങ്ങേറുന്നത്. ലെബനനിലെ ക്രിസ്ത്യാനികളിൽ ഭൂരിപക്ഷം ആളുകളും പലസ്തീനികളാണ്. നിരവധിപേർ അഭയാർത്ഥികളായി ഇപ്പോഴും ലെബനനിലെ മണ്ണിലുണ്ട്. രണ്ട് മത-വംശീയ വിഭാഗങ്ങൾ പരസ്പരം ഇടപഴകുമ്പോൾ ചെറിയ ചെറിയ സംഘർഷ ങ്ങൾ ഇവിടെ സ്ഥിരമാണ്. ആദേൽ കരം അവതരിപ്പിക്കുന്ന ടോണി എന്ന കഥാപാത്രം ബെയ്റൂട്ടിലെ ക്രിസ്തീയ വിശ്വാസികളിൽ ഒരാളാണ്. റിത ഹയേക്ക് അവതരിപ്പിക്കുന്ന ഇയാളുടെ ഭാര്യയുടെ കഥാപാത്രം ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുന്നുണ്ട്. ആ നഗരത്തിലെ നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളിയായ ഒരു മെക്കാനിക്കിന്റെ കഥാപാത്രമാണ് കാമേൽ എൽ ബാഷ അവതരിപ്പിക്കുന്ന യാസീർ സലാം.

ടോണിയുടെ ബാൽക്കണിയിലെ ഒരു പൈപ്പിൽ നിന്നുള്ള മലിനജലം യാസ്സീറിന്റെ ദേഹത്ത് വീഴുന്നതിനുശേഷമുള്ള തർക്കങ്ങളിൽ നിന്നാണ് ചലച്ചിത്രം ആരംഭിക്കുന്നത്. മെക്കാനിക്കായ ടോണിയും പലസ്തീൻ അഭയാർത്ഥിയായ യാസീറും തമ്മിലുള്ള തർക്കം പിന്നീട് ആഭ്യന്തര കലഹത്തിലേക്കു നയിക്കുന്നു. ടോണിയുടെ വീട്ടിലേക്കു കയറിചെന്ന്, കേടായ പൈപ്പിനെക്കുറിച്ചറിയിച്ച യാസ്സീറിനെ ടോണി, വാതിൽ കൊട്ടിയടച്ച് അവഗണിക്കുകയും ഇത് യാസ്റ്റീറിന് അപമാനകരമായി തോന്നുകയും ചെയ്യുകയാണ് സിനിമയിൽ. യാസ്സീർ ടോണിയിൽ നിന്ന് ക്ഷമാപണം ആവശ്യപ്പെട്ട് പരാതി നൽകുന്നു. കോടതി ടോണിയെ വിളിപ്പിക്കുന്നു. തുടർന്ന് കോടതിയിൽ അരങ്ങേറുന്ന സംഭവങ്ങളിലൂടെയാണ് സിനിമയുടെ രാഷ്ട്രീയ ഭൂപടം തെളിയുന്നത്. ഗാരേജിലേക്ക് മടങ്ങിപ്പോകുന്ന ടോണിയുടെ ദൃശ്യത്തിനു സമാന്തരമായി റേഡിയോയിൽ അയാൾ പലസ്തീൻ വിരുദ്ധ സന്ദേശങ്ങൾ കേൾക്കുന്നുണ്ട്.

“ഏരിയൽ ഷാരോൺ, പലസ്തീൻ അഭയാർത്ഥികളെ ഇവിടെ നിന്ന് ഇല്ലാതാക്കിയെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.” എന്നാണയാൾ മാപ്പ് ആവശ്യപ്പെട്ട യാസ്സീറിനോട് പറയുന്നത്. അത് യാസ്സീറിന്റെ ആന്തരികതയെ ചോദ്യം ചെയ്യുന്നതായി അയാൾക്കനുഭവപ്പെടുകയാണ്. മറുപടിയായി യാസ്സീർ ടോണിയുടെ രണ്ട് വാരിയെല്ലുകൾ തകരും വിധം മർദിക്കുകയും വയറ്റിൽ കുത്തുകയും ചെയ്യുന്നു.

“നിങ്ങൾക്ക് പലതും പറയാം, പ്രചരിപ്പിക്കാം. പക്ഷേ, നിങ്ങളുടെ ജീവിതമാണ്. ‘ ഏതാണ്ട് ഈ മട്ടിൽ ഏറെ പിരിമുറുക്കത്തോടെയാണ് തിരക്കഥ വികസിക്കുന്നത്. ഇരുവരുടെയും സ്വത്വത്തിലേക്കാണ് വാക്കുകൾ തുളച്ചുകയറുന്നത്. ഇരുവർക്കും അതിനോട് അവരാഗ്രഹിക്കുംവിധം തീവ്രമായി പ്രതികരിക്കാനുമാവുന്നില്ല. രണ്ട് കഥാപാത്രങ്ങളുടെയും ആന്തരിക സംഘർഷങ്ങളെ ഏറ്റക്കുറച്ചിലോടെ വ്യക്തമാക്കുംവിധം തന്നെയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഉച്ചരിക്കപ്പെട്ട വാക്കുകളുടെ നിസ്സഹായത അവരിരുവരോടുമൊപ്പം നമ്മളും തിരിച്ചറിയുന്നുണ്ട്. ഉച്ചരിക്കപ്പെട്ടശേഷം നിലനിൽ ക്കുന്ന അവയുടെ ആഘാതത്തിലാണ് ‘ഇൻസൾട്ട് നിലനിൽക്കുന്നത്. ടോണിക്കും യാസ്സീറിനും ക്ഷമാപണമെന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ശാരീരികമായി ആക്രമണം നടന്നതിനാൽ ഈ തർക്കം കോടതിയിലെത്തുന്നു. തുടർന്ന് നടക്കുന്ന വിചാരണയിൽ ലെബനന്റെയും ബെയ്റൂട്ടിന്റെയും ചരിത്രഭൂപടം അനാവരണം ചെയ്യപ്പെടുന്നു. വീട് നഷ്ടപ്പെട്ടവന്റെയും പേര് നഷ്ടപ്പെട്ടവന്റെയും ദേശം നഷ്ടപ്പെട്ടവന്റെയും നിശ്ശബ്ദമായ കരച്ചിലുകൾ അവിടെ മുഴങ്ങുന്നു. “ദി ഇൻസൾട്ട് ”അങ്ങനെ മറ്റൊരു ചരിത്രപാഠമാകുന്നു.

വ്യക്തിയുടെ ഓർമയിൽ ആഴത്തിൽ പതിഞ്ഞുകിടക്കുന്ന മുറിവുകളുടെയും, വെടിയൊച്ചകളുടെയും, പുറത്താക്കലുകളുടെയും, പലായനങ്ങളുടെയും നീണ്ട ചരിതത്തിന്റെ ഇങ്ങേയറ്റത്ത്, ജീവിതം തന്നെ അപമാനമായി പേറി നടക്കേണ്ടിവരുന്ന മനുഷ്യന് നമ്മുടെ ഓരോരുത്തരുടെയും മുഖഛായ കണ്ടെടുക്കാനാവുന്നു. യുദ്ധങ്ങളും പോരാട്ടങ്ങളും അവസാനിക്കുന്നിടത്ത് മനുഷ്യൻ ജനിക്കുമെന്ന ഓർമപ്പെടുത്തൽ കൂടിയാവുന്നുണ്ട് ഈ ചിത്രം. ടോണിയേക്കാൾ 15 വയസ്സ് കൂടുതലുള്ള യാസ്സിറിന്റെ പലസ്തീൻ വ്യക്തിത്വം കോടതിയിൽ ചർച്ചാ വിഷയമാകുന്നു. നിരവധി വർഷങ്ങൾ ബെയ്റൂട്ടിലെ താമസക്കാരനാണെങ്കിലും നിയമപരമായി ബെയ്റൂട്ട് നിവാസി എന്ന നിലയിൽ അരക്ഷിതമാണ് അദ്ദേഹത്തിന്റെ അവസ്ഥ. ലെബനൻ വംശജയായ ഭാര്യ മനേലിനൊപ്പമാണ് യാസ്സിറിന്റെ താമസം. ആ ഇടത്തെ അടയാർത്ഥി ക്യാമ്പ് എന്ന പട്ടികയിലുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കാലുറപ്പിച്ചുനിൽക്കുന്ന മണ്ണിൽനിന്ന് അകലെയാണയാളുടെ ഓർമകളുടെ വേരുകൾ. ടോണിക്കും സമാനമായ രാഷ്ട്രീയാന്തരീക്ഷമാണുള്ളത്. ഇവിടെയുണ്ടാകുമ്പോഴും മറ്റെവിടെയോ വേരുകൾ തിരയുന്നവരിലാണയാൾ. ടോണിക്കും യാസ്സിറിനും ചില സമാനതകളുണ്ട് എന്നത് ചിത്രത്തിന്റെ ലീനിയർ നരേഷനിൽ ശ്രദ്ധേയമാകുന്ന ഒരു വസ്തുതയാണ്. രണ്ട് കഥാപാത്രങ്ങളെയും സൃഷ്ടിച്ചിരിക്കുന്നത് ഒരേ
സൂക്ഷ്മതയിലാണ്. കഠിനാധ്വാനികളും, സമ്പന്നരുമാണ് ഇരുവരും. പ്രകോപിതരാകാനുള്ള സാധ്യതകൾ ഇരുവരിലും തുല്യ അളവിലാണ് നിലനിൽക്കുന്നത്.

സാഹസികനാണ് ടോണി. യാസ്സീർ കുറച്ചുകൂടി നിശ്ശബ്ദത ആവശ്യപ്പെടുന്നവനും, പക്ഷേ, സാമാന്യബുദ്ധിയേക്കാൾ അഭിമാനത്തിനും, അന്തസ്സിനും വിലമതിക്കാനും അപമാനത്തെ തങ്ങളുടെ അസ്ഥിത്വവുമായി ബന്ധിപ്പിക്കാനും, അത് മരണതുല്യമാണെന്ന് കരുതാനുമാണ് ഇരുവർക്കും താത്പര്യം.

ഈ ഘടകമാണ് ചലച്ചിത്രത്തിന്റെ കാതലായ ഭാഗം. ഒരു മനുഷ്യനും സത്യത്തിൽ സംഘർഷത്തിലകപ്പെടാൻ ആഗ്രഹിക്കുന്നില്ല. ടോണിയും യാസ്സീറും അഭിമുഖീകരിക്കുന്നത് ഒരേ മാനസികാവസ്ഥകളെയാണ്. ഒരു തുള്ളിവെള്ളം മൂലമുണ്ടാകുന്ന സംഘർഷം കുടുംബത്തിലേക്കും കോടതിയിലേക്കും മാധ്യമങ്ങൾക്കിടയിലേക്കും രാജ്യത്തിന്റെ ആഭ്യന്തര സംഘർഷത്തിലേക്കും എത്ര പെട്ടെന്നാണ് പടരുന്നത് എന്ന് നമുക്ക് കാണാം.

ഇരുവർക്കും ഏൽക്കേണ്ടിവരുന്ന അപമാനം സൂക്ഷ്മാർത്ഥത്തിൽ അസാധുവാണ്. വിചാരണയുടെ ഘട്ടത്തിൽ ഇത് കൃത്യമായി വെളിപ്പെട്ടുവരുന്നുണ്ട്. കഥാപാത്രങ്ങളുടെ ചരിത്രം ചികയപ്പെടുന്നു. ഭൂതകാലത്തിൽ നിന്ന് അക്രമങ്ങളുടെയും മുറിവുകളുടെയും യുദ്ധങ്ങളുടെയും നീറുന്ന അടയാളങ്ങൾ കടന്നുവരുന്നു. അതിഭീതിതമാംവിധം കഥാപാത്രസത്തയിലേക്ക് ആരോപിക്കപ്പെടുന്ന ദേശീയത, വംശീയത തുടങ്ങിയ അവബോധങ്ങൾ സിനിമയുടെ ആഖ്യാനത്തിൽ നിന്നിറങ്ങി കാഴ്ചക്കാരെക്കൂടി ഉൾച്ചേർക്കുന്നു ചലച്ചിത്രം. പലപ്പോഴും സിനിമ തന്നെ പ്രഥമപുരുഷന്റെ സ്ഥാനത്തുനിന്ന് സ്വയം വിചാരണ ചെയ്യുകയും, വിചാരണയ്ക്ക് വിധേയമാവുകയും ചെയ്യുന്ന കാഴ്ചയും അസാധാരണമാണ്. അത്തരം ചില നിമിഷങ്ങളിലാണ് ചലച്ചിത്രത്തിന്റെ യഥാർത്ഥ ഊർജ്ജം കാഴ്ചക്കാരിലേക്ക് പ്രസരിക്കുന്നത്.

അത്ര വലുതല്ലാത്ത, എന്നാൽ അത്ര ലളിതമല്ലാത്ത ഒരു കാര്യം രാജ്യവ്യാപകമായ പ്രതിസന്ധിയിലേക്ക് നയിക്കുന്നതെങ്ങനെയെന്ന് കൃത്യമായി വരച്ചിടുന്നു ഈ ചിത്രം. ലെബനനിലെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചില ധാരണകൾ നിർണായകമാണ്. അതുപോലെതന്നെ പലസ്തീനികൾ രാജ്യത്തെ 10 ശതമാനത്തിൽ കൂടുതൽ ആണെന്ന അറിവും കാലങ്ങളായി ന്യൂനപക്ഷങ്ങൾ നിരവധി പിരിമുറുക്കങ്ങളിലൂടെയാണ് ലെബനനിൽ കഴിഞ്ഞുവരുന്നത്. രക്തരൂഷിതമായ ആഭ്യന്തരയുദ്ധത്തിൽ നിന്ന് ഒരിക്കലും കരകയറാനാവാത്ത ഒരു രാജ്യത്ത് കൂടുതൽ ഭിന്നത സൃഷ്ടിക്കുകയാണ് ഈ അപമാനം.

ഭൂതകാലത്തിന്റെ മുറിവുകളിൽ നിന്ന് എങ്ങനെ കരകേറാം?
ഏതൊരു ദേശത്തും അഭയാർത്ഥിജീവിതം നയിക്കുന്നവന്റെ മനസ്സിൽ നിന്ന് ചോര
വാർന്നുവീണുകൊണ്ടേയിരിക്കും. “എന്റെ മരണത്തിനുശേഷമുള്ള പ്രഭാതം” എന്ന പേരിൽ ഏതേൽ ആഡ്നൻ എഴുതിയ ഒരു ലെബനീസ് കവിതയിൽ ഈ ആശങ്കയുണ്ട്.

“എന്റെ മരണശേഷമുള്ള പ്രഭാതത്തിൽ
നാം ഒരുമിച്ച് ശവമഞ്ചത്തിൽക്കിടക്കും
ഞാനവിടെയുണ്ടാവില്ല.
ഉണ്ടാവില്ല. എവിടെയായിരിക്കുമ്പോഴും മനസ്സിൽ
മാഞ്ഞുപോയ ദേശത്തിന്റെ ഒരുക്കങ്ങളാണ്.
ഒരു തീപ്പൊരി പാറിയാൽ
ആളിക്കത്തുന്ന അക്രമമാകുന്നത്.”

ടോണിക്കും യാസ്സീറിനും പിന്നിൽ ബോംബുകളും കല്ലുകളും എറിഞ്ഞ് പരസ്പരം പോരാടുന്ന രണ്ടായ് പിരിഞ്ഞ ഒരാൾക്കൂട്ടത്തിന്റെ അലർച്ചകൾ ആരെയും ഞെട്ടിക്കുന്നുണ്ട്. ഏതു നിമിഷം വേണമെങ്കിലും നമുക്കിടയിലേക്കും പടരാം ഈ കാഹളം.

അമേരിക്കയിലെ സിനിമാപഠനത്തിനു ശേഷം ബെയ്റൂട്ടിൽ തിരിച്ചെത്തിയ ദാവേരി ജീവിതത്തിൽ തികഞ്ഞ രാഷ്ട്രീയ പ്രബുദ്ധത സൂക്ഷിക്കുന്നുണ്ട്. 80-ാം വയസ്സിലും വക്കീലിന്റെ ജോലി ചെയ്യുന്ന അമ്മയാണ് ‘ഇൻസൾട്ടിന്റെ തയ്യാറെടുപ്പിൽ ദാവേരിയെ സഹായിച്ചത്. പലസ്തീൻ അനുകൂലിയാണ് അമ്മ. ദാവരിയാകട്ടെ അത്തരത്തിലൊരു പലസ്തീൻ അനുകൂലഭാവം കാക്കുന്നുമില്ല. പിന്നിൽ ആളിപ്പടരുന്ന ജനരോഷത്തിനിടയിലൂടെ ടോണിയും യാസ്സീറും തിരിച്ച് പോകാനായി കോടതിയിൽ നിന്നിറങ്ങുന്നു. പലായനത്തിന്റെ പേരിൽ അയാർത്ഥിത്വത്തിന്റെ പേരിൽ, സ്വത്വത്തിന്റെ
പേരിൽ ഇരുവരുടെയുള്ളിലും തിളയ്ക്കുന്ന violence ന്റെ അതിതീവ്രമായ അടയാളങ്ങളാണ് ആൾക്കൂട്ടത്തിന്റെ പൊട്ടിത്തെറിയായി പുറത്തുവരുന്നത്. ഒടുവിൽ അവർ ഒരുമിച്ച് ഇറങ്ങിവരുന്നു. അവരവരുടെ വാഹനങ്ങളിൽ കയറുന്നു. ടോണിയുടെ കാർ സ്റ്റാർട്ടാവുന്നു. യാസ്സീറിന്റെ കാർ സ്റ്റാർട്ടാവുന്നില്ല. മുന്നോട്ടു നീങ്ങിയ ടോണി അത് കണ്ണാടിയിൽ കാണുന്നു. അയാൾ തിരിച്ചുവന്ന് യാസ്സീറിന്റെ കാറിന്റെ ബോണറ്റ് തുറന്ന് നന്നാക്കിക്കൊടുക്കുന്നു. അവർ പരസ്പരം പുഞ്ചിരിക്കുന്നു.

അത്രയും സമയം നീണ്ടുനിന്ന തീവ്രമായ അപമാനം ഒരു പുഞ്ചിരികൊണ്ട് ഇരുവർക്കുമിടയിൽനിന്ന് മാഞ്ഞുപോകുന്നു. അപ്പോൾ ഭാഷയുടെയും അതിർത്തികളുടെയും വർണവെറിയുടെയും, വംശീയതയുടെയും പുറത്താക്കലുകളുടെയും മുറിവുകളിൽ നിന്ന് നീറ്റൽ പതുക്കെ ഇല്ലാതാകുന്നത് നമുക്ക് കേൾക്കാം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here