കത്തി വീരൻ

0
202

ഓർമ്മക്കുറിപ്പ്

സുഗതൻ വേളായി

പല കലാലയങ്ങളും കാര്യാലയങ്ങളും (office) ആശുപത്രികളും ചില ഗവൺമെൻ്റ് സ്ഥാപനങ്ങളും കുന്നിൻ മുകളിലോ ഏതെങ്കിലും ഗ്രാമപ്രാന്തങ്ങളിലോ ആയിരിക്കും പൊതുവെ സ്ഥാപിതമാക്കപ്പെടുന്നത്. എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകളോടും മറ്റ് അസൗകര്യങ്ങളോടും ക്രമേണ പൊരുത്തപ്പെട്ട് ഗുണഭോക്തരായ ജനങ്ങൾ അത്തരം സ്ഥാപനങ്ങളോട് പൊതുവേ നന്ദിയുള്ളവരായി തീരും. ആ പ്രദേശവും അവിടുത്തെ ആളുകളും പതിയെ പതിയെ പുതിയ ചുറ്റുപാടുകളോട് ഇണങ്ങി വികസ്വരരും വിവരകാംക്ഷികളുമായി മാറും. വികസനത്തിൻ്റെ കാറ്റ് അവികസിതമായ പ്രദേശത്ത് പല പല മാറ്റങ്ങളും കൊണ്ടു വരും. അറ്റകുറ്റപണി നടത്തി വീതി കൂട്ടിയ റോഡുകൾ. ആഡംബര കാറുകൾ …. പുതുതായി ഉയർന്നു വന്ന കൊച്ചു കൊച്ചു ചായക്കടകൾ, ഇടത്തരം ഹോട്ടലുകൾ, ജ്യൂസ് കടകൾ, ഇറച്ചിക്കടകൾ, മീൻ ചന്തകൾ, തട്ടുകടകൾ, അസ്ഥിവാരത്തിൽ ഉയർന്നു വരുന്ന കെട്ടിടങ്ങൾ….

വിശാലമായ കശുമാവിൻ തോപ്പുകളും നെയ്പ്പുല്ല് വളർന്നു മുറ്റിയ പാറപ്പരപ്പുകളും സീതക്കുളവും ഇടിഞ്ഞു പൊളിഞ്ഞ കാളി ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങളും കാലിമേയ്ക്കാൻ പോയ പഴയ കൗമാരക്കാരുടെയും പുര മേയാൻ നെയ്പ്പുല്ല് കൊയ്യാൻ പോയിരുന്ന പെണ്ണാളുകളുടെയും ഓർമ്മകളിൽ മായാതെ കിടപ്പുണ്ടാകും. സ്വയം കുന്നുകയറിപ്പോയ കന്നുകാലിക്കൂട്ടങ്ങളിൽ ഒന്ന് തിരിച്ചെത്തിയില്ലെങ്കിൽ അതിനെ നരി പിടിച്ചിരിക്കാമെന്ന് കരുതി അതിൻ്റെ പാട്ടിന് വിട്ടിരുന്നെന്ന് പഴമക്കാർ നടുക്കത്തോടെ ഓർക്കാറുണ്ട്. കണ്ണൂരിലെ മൂവർപറമ്പെന്ന മൂർഖൻ പറമ്പിലെ കുന്നിൻ മുകളിലെ പരന്ന പാറപരപ്പിൽ നിന്നാണ് നാലുവർഷങ്ങൾക്ക് മുമ്പ് അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ മുഴുവൻ അഹന്തയോടെ സ്വപ്നചിറകുകൾ വിരിച്ച് ലോഹപക്ഷികൾ പറന്നുയർന്നത്. സ്ഥലമേറ്റെടുത്തതിന് പകരമായി കിട്ടിയ കാശു കൊണ്ട് പുത്തൻ പണക്കാരായവരിൽ പലരും സ്വദേശിയെ തഴഞ്ഞ് ബാറിൽ മുന്തിയ തരം മദ്യം മോന്തി അർമാദിച്ചിരുന്നു. അപ്പൊഴും പിഴുതെറിയാൻ പറ്റാത്ത അരിമ്പാറപോലെ ഉറച്ചു പോയ ചില അടയാളങ്ങൾ കൈകുറ്റപ്പാടില്ലാതെ
പഴയ കാലത്തിൻ്റെ വീറോടെ എഴുന്നു നിൽക്കും. അത്തരത്തിലൊന്നാണ് മൂർഖൻ പറമ്പിനടുത്തുള്ള ഗ്രാമത്തിലെ കള്ള് ഷാപ്പ്.

പണ്ട് ഏഷ്യയിലെ ഏറ്റവും വിസ്തൃതമായ കറപ്പത്തോട്ടമുണ്ടായിരുന്ന അഞ്ചരക്കണ്ടിയിലേക്ക് സായ്പ്പിൻ്റെ കുതിരവണ്ടിക്ക് പോകാനുള്ള ഇടുങ്ങിയ ഇടനാഴിയാണ് ഇന്നത്തെ പ്രധാന നിരത്ത്. വീതി കൂട്ടിയ നിരത്തിൻ്റെ ഒത്ത നടുവിലെ വെള്ളവര ഇരട്ട റോഡുകളുടെ സാങ്കല്പിക അതിരാകുന്നു. ആ നിരത്തോരത്ത് അമ്പു ആശാരിയേയും തെങ്ങുകയറ്റക്കാരനായ പൊട്ടൻ കുഞ്ഞാമനെയും തൊഴിലാളികളായ മറ്റ് പുത്തൻകൂറ്റുകാരെയും കാത്ത് പ്രതാപം ഒട്ടും ചോരാതെ ആ കള്ള് ഷാപ്പ് ഇന്നും നിലകൊള്ളുന്നു. കൂടാതെ, പാർട്ടി നേതാവിൻ്റെ പേരുള്ള സ്മാരകമന്ദിരവും കൊടിമരവും വർഷങ്ങളായി അടഞ്ഞുകിടക്കുന്ന നിരപ്പലകയുള്ള മൂന്നുമുറിക്കടയും. അതിൻ്റെ ചുമരിനോട് ചേർന്ന മര ഗോവണി കയറി പോകേണ്ട പോസ്റ്റാപ്പീസും ഒരു അനാദിക്കടയും തട്ടുകട മോഡലിൽ തുടങ്ങി മോടി കൂട്ടി വലുതാക്കിയ ഹോട്ടലും ഉള്ള ചെറിയ ഇടം.

അറുപതു വർഷത്തോളം പഴക്കമുള്ള കള്ള് ഷാപ്പ് അന്നത്തെ ലാൻറ് മാർക്കായിരുന്നു. ഇന്നും ബസ്സിൽ നിന്ന് യാത്രികർ കള്ള് ഷാപ്പ് സ്റ്റോപ്പെന്ന് പറയാറുണ്ടെങ്കിലും പുതുതലമുറക്കാർ പോസ്റ്റോഫീസ് സ്റ്റോപ്പെന്ന് മാറ്റി പറയാൻ തുടങ്ങിയിട്ടുണ്ട്.

പതിനാലാം രാവിലെ…. പാലാഴിത്തിരയിലെ
മത്സ്യകന്യകമാരുടെ
മാണിക്യ കല്ലു തരാമോ…

മാനസ മൈനേ വരൂ….
മധുരം നുള്ളിത്തരൂ….

ചെമ്മീനിലെ അനശ്വരവരികൾ മധുവിൻ്റെ ഭാവത്തിൽ ആവേശിച്ച് ആശാരി അമ്പുവച്ചൻ്റെ ഇമ്പുള്ള പാട്ട് തൊണ്ട പൊട്ടി ചില ദിവസങ്ങളിൽ പാതയോരങ്ങളിലൂടെ ഇഴഞ്ഞെത്താറുണ്ട്. ചെറിയ കോപ്രായങ്ങളും സരസന്മാരുമായി ഷാപ്പിലെ സ്ഥിരം അന്തേവാസികളായി കുറച്ച് ആളുകളുണ്ടെങ്കിലും അവരൊന്നും നമ്മുടെ ഹോട്ടലിൻ്റെ നാലയലത്തുപോലും വരാറില്ല. വെജ് നോൺ വെജ് ഉൾപ്പെടെ നൂറിൽപ്പരം ദോശകൾ എന്ന ലൈറ്റ് ബോർഡ് ഹോട്ടലിൻ്റെ പ്രധാന ഹൈലൈററാണ്. ഉച്ച കഴിഞ്ഞ ഇട നേരത്ത് റൂമിൽ നിന്നും റസ്റ്റ് കഴിഞ്ഞ് ഞാൻ വന്നതേയുള്ളു. ഹോട്ടലിലേക്ക് കയറുന്നതിന് മുന്നേ ഒരു പരിസര വീക്ഷണം പതിവുള്ളതാണ്. ഇന്നെങ്കിലും കാറ്റ് മാറി വീശുമോ എന്നുള്ള ഇലക്ഷൻ സമയത്തെ ആകാംക്ഷയാണ് ഓരോ ദിവസവും. കുഴിമന്തിയും ഷവർമ്മയും ഭക്ഷ്യവിഷബാധയും പഴകിയ ഭക്ഷണം പിടിച്ചതിൻ്റെ വാർത്തകളും ചിത്രങ്ങളുമാണ് പത്രങ്ങളിലും സോഷ്യൽ മീഡിയകളിലും വന്നു നിറയുന്നത്. നോൺ വെജിൽ നിന്നും ഭക്ഷണ പ്രിയർ പിൻവലിയുന്നുണ്ടോ എന്ന ആശങ്കയുമുണ്ട്. അപ്പൊഴാണ് ഒത്ത തടിയുള്ള ആണൊരുത്തൻ മപ്പുകാലിൽ നടന്നുവരുന്നത് കണ്ടത്. മുഷിഞ്ഞ പേൻറും ചുരുട്ടിവെച്ച മുഴുകൈയ്യൻ ഷർട്ടും വള്ളി ചെരിപ്പും ധരിച്ചിരിക്കുന്നു. ഒരു ബംഗാളിയുടെ ലുക്കും ഭാവവും. മുൻപരിചയമോ മുഖപരിചയമോ ഇല്ല. നേരെ ഹോട്ടലിലേക്ക് കയറി കൗണ്ടറിനു താഴെയുള്ള ഒറ്റ കസേരയിൽ ഇരുന്നു. മദ്യത്തിൻ്റെ വാട മണത്തു. തിരക്കൊഴിഞ്ഞ നേരവും.

ഇരുത്തത്തിലെ പൊരുത്തമില്ലായ്മയും ഷർട്ടിനുള്ളിൽ നിന്നും പിൻ ഭാഗത്ത് വില്ലിച്ചു നിന്ന സാധനവും എന്നെ ബംഗളുരുവിലെ ചേരികളിലെ ചോട്ടാ കേഡിമാരിലെത്തിച്ചു. പെട്ടെന്ന് ഷർട്ടിനുള്ളിൽ നിന്നും പുറത്തെടുത്ത് ഇവറ്റകൾ പരസ്പരം കത്തി വീശുന്നത് പലവട്ടം കണ്ടിട്ടുണ്ട്. ആരെയാണിവൻ കുരുതിക്കായ് കരുതി വെച്ചിരിക്കുന്നത്? പോരാത്തതിന് പ്രേമനൈരാശ്യവും വഞ്ചനയും പകയും കൊട്ടേഷനും പല കോലത്തിൽ അഴിഞ്ഞാടുന്ന കെട്ട കാലവും. ഒരു പാർട്ടി ഗ്രാമത്തിലേക്ക് അത്ര ധൈര്യപ്പെട്ട് ഒരുത്തനും കടന്നു കയറി എന്തു തോന്ന്യാസവും കാട്ടാനുള്ള ലൈസൻസുമില്ല. പിന്നെ എന്ത് കണ്ടിട്ടാണ്? ആരെ ലക്ഷ്യമിട്ടാണ്?

ഒന്നും ആലോചിച്ച് അമാന്തിച്ച് നിൽക്കാനുള്ള സമയമല്ലിത്. മയമില്ലാത്ത വാക്കിലെ ഒരു തീപ്പൊരി മതി എന്തും സംഭവിക്കാൻ. ചായയ്ക്കും പഴംപൊരിച്ചതിനും ആവശ്യപ്പെട്ടിട്ടുമുണ്ട്. മലയാളി തന്നെ. എൻ്റെ സന്ദേഹം പമ്പ കടന്നു. ഞാൻ മറ്റു ജോലിക്കാർ അറിയാതെ പുറത്ത് കടന്നു. തൊട്ടടുത്ത വായനശാലയ്ക്കകത്തുള്ള സഖാവിനോട് വിവരം പങ്കുവെച്ചു. അയാളും മറ്റു രണ്ടു പേരും വന്ന് കക്ഷിയെ ആക മൊത്തം കണ്ണാലുഴിഞ്ഞു. ” ഇത് നമ്മള ഷാപ്പിലെ ശങ്കരാട്ടൻ്റെ ബന്ധുവാണല്ലോ? ശിവപുരത്തോ മറ്റോ ഉള്ള…” ആളേ തിരിച്ചറിഞ്ഞതിലുള്ള അറിവ് ഒരാൾ പതുക്കെ വെളിപ്പെടുത്തി. നിങ്ങൾ കത്തി കണ്ടത് സത്യമാണോ?സഖാവ് ഉറപ്പു വരുത്താനായി ഒന്നുകൂടി ആവർത്തിച്ചു.

“കത്തിയാവാനാണ് സാധ്യത.. പിറകിലാണ് തിരുകിയിരിക്കുന്നത്. ഇങ്ങനെയുള്ളവന്മാരെ ഞാൻ കൊറേ കണ്ടിട്ടുണ്ട്.” ഞാൻ വീരസ്യം അടക്കം പറഞ്ഞു. സഖാവ് അവന് നേരെ പാഞ്ഞടുക്കുമെന്നും കിരീടത്തിലെ മോഹൻലാൽ കഥാപാത്രമായ സേതുവിനോട് തിലകൻ പറയുന്നതുപോലെ വല്ല ഡയലോഗും കാച്ചുമെന്നും സങ്കല്പിച്ചു കൊണ്ട് ഞാൻ ഉന്മത്തനായി നിന്നു. പക്ഷെ, ഒന്നും സംഭവിച്ചില്ല. കാവി മുണ്ടുടുത്ത സഖാവ് താടിയുഴിഞ്ഞ് കൊണ്ട് അവനെ കൈകാട്ടി പുറത്തേക്ക് വിളിച്ചു. അവൻ അനുസരണയുള്ള കുഞ്ഞാടിനെപ്പോലെ എഴുന്നേറ്റു വന്നു. അവൻ്റെ ചുമലിൽ കൈവെച്ച് റോഡിനപ്പുറത്തെത്തിച്ചു.

“കത്തി എടുക്കെടാ…. മോനേ” തിരിച്ചു നിർത്തിയതിനു ശേഷം കവിളത്താഞ്ഞടിച്ചു കൊണ്ട് സഖാവ് കയർത്തു. അവൻ വിറച്ചുകൊണ്ട് പിറകിൽ നിന്നും ഓടക്കുഴൽ മാതിരിയുള്ള ഒരു സാധനം പുറത്തെടുത്തു.
ഒന്നരയടി നീളമുള്ള കുഴലിൽ നിന്നും ബേയറിംങ് പിടി ഊരിയപ്പോൾ തിളങ്ങുന്ന കത്തി!
അവൻ തലയിൽ സ്വന്തം കൈപ്പത്തി ആഞ്ഞിടിച്ചുകൊണ്ട് സ്വയം പ്രാകി വേച്ചുവേച്ചു നടന്നു.
പിന്നീട് ഷാപ്പിലെ ശങ്കരേട്ടൻ പറഞ്ഞു: “അവൻ മനോരോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടെന്ന്.”
അത്താഴം മുടക്കാൻ നിർക്കോലിയും മതിയല്ലോ എന്ന പഴമൊഴി പറഞ്ഞ് കൊണ്ട് ഞങ്ങൾ ചിരിച്ചു പിരിഞ്ഞു.
ഹോട്ടൽ ജോലിക്കാരോ നാട്ടുകാരോ ഭക്ഷണം കഴിക്കാൻ വന്നവരോ ആരും അറിഞ്ഞതുമില്ല. പുലി പോലെ വന്നവൻ എലി പോലെ പോയി! ഞാൻ ദീർഘനിശ്വാസം വിട്ടു കൊണ്ട് തിരക്കിലേക്കിറങ്ങി.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here