മാഞ്ഞു പോകുന്ന മനുഷ്യ ഭൂപടങ്ങള്‍

0
175

ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം)

ഭാഗം 23

രോഷ്നി സ്വപ്ന

This is not a burrial, It’s a Resurrection
സംവിധാനം :ലേമോഹാങ്ങ് ജെര്‍മിയ മോസസ്
(Lemohang Jeremiah moses)

‘I saw with my own eyes.
The dead buried
their own dead.
You, you shall follow in the future ‘

ലേമോഹാങ്ങ് ജെര്‍മിയ മോസസ് സംവിധാനം ചെയ്ത This is not a burrial, It’s a Resurrection എന്ന ചലച്ചിത്രത്തിലേതാണ് ഈ വരികള്‍.

മാഞ്ഞു പോയ ഭൂവിടങ്ങള്‍ കൂടിച്ചേര്‍ന്നതാണു ഇന്നത്തെ നഗരകാന്താരങ്ങളുടെ സ്വത്വം. സംവേദന നിര്‍ഭരവും അസ്ഥിത്വഭരിതവുമാണു ആ ഇടങ്ങള്‍. നാം പുറമ്പോക്കെന്നും കോളനി എന്നും ആട്ടി വിളിച്ച പ്രദേശങ്ങള്‍ ജനനിബിഡമായ സംസ്‌കൃതിയുടെ സാമൂഹ്യ ശ്രേണീ ബന്ധങ്ങളെ കാത്തു സൂക്ഷിച്ചിരുന്നു. മീനും വയല്‍പ്പൂവും കാട്ടു താറാവും ഞണ്ടും തവളയും പാമ്പും പക്കികളും ആ ലോകത്ത് നിര്‍ഭയം വിഹരിച്ചിരുന്നു. നമ്മുടെ സമൂഹ ഭൂപടം ആ ഇടങ്ങളുടെ നിഴല്‍ ചേര്‍ന്നു നില്‍ക്കുന്നതായിരുന്നു. ആ ഇടങ്ങളുടെ അഭാവമാണു അദ്രുശ്യതയാണു നാഗരികതയുടെ നിസ്സഹായത യെ നിര്‍ണ്ണയിച്ചത്. അവിടെ പാര്‍ത്തവരുടെ ജാതി, നിറം, ഏകാന്തത അമര്‍ഷം, നിലനില്‍പ്പിനായുള്ള കുതിപ്പുകള്‍. ഒന്നും തന്നെ പുരോഗതിയു ടെയും നീതിബോധങ്ങളു ടെയും പട്ടികയില്‍യില്‍ അടയാളപ്പെടുത്തപ്പെട്ടില്ല. അവരെ പുറത്താക്കുക എന്നതാണ് പുതിയ ലോകത്തിന്റെ ക്രമം. നമ്മുടെ പൊങ്ങച്ചങ്ങളില്‍ അവര്‍ മുങ്ങിപ്പോയി. ആ ഉള്‍ മണ്ണടരുകളില്‍ നിന്ന് മുളച്ചു പൊന്തിയ വികസനങ്ങള്‍ അവരുടെ വേരുകളെ മാന്തിയെടുക്കുമ്പോള്‍… പാഴ് ചെടികള്‍ സംഹാര രൂപം തേടുന്നു… ഉള്‍ക്കാടുകളില്‍ നിന്ന് സ്‌നേഹത്തിലേക്കും ഹിംസയിലേക്കും പടര്‍ന്നു കയറുന്നു. പ്രകൃതി കൊടുങ്കാറ്റായും വെള്ളപ്പൊക്കമായും ആടിത്തിമിര്‍ക്കുന്നു.

A person can only be born in one place.
However, he may die several times elsewhere:
in the exiles and prisons, and in a homeland
transformed by the occupation
and oppression into a nightmare. എന്ന് മഹാമുദ് ദര്‍വിഷ് തന്റെ കവിതയില്‍ എഴുതുന്നുണ്ട്. ‘ദിസ് ഈസ് നോട് എ ബറിയല്‍, ഇറ്റ്‌സ് എ റിസറക്ഷന്‍’
എന്ന സിനിമ തുടക്കം മുതല്‍ ഒരുടല്‍ കത്തിയെരിയുന്ന മണം അനുഭവപ്പെട്ടിരുന്നു.
അതാരുടേതു എന്നു മാത്രമേ സംശയം ഉണ്ടായിരുന്നുള്ളു. ഒടുക്കം മനസ്സിലാകുന്നു അതു എന്റെയും നിന്റെയും ഉടലായിരുന്നു എന്ന്. നിലനില്‍പ്പിന്റെ അവസാന ശ്വാസവും കൈവിട്ടു മരണത്തിലേക്ക് ഇറങ്ങിപ്പോകുന്നത് നാം ഓരോരുത്തരുമാണെന്ന്. ജനിച്ച മണ്ണില്‍ നിന്ന് ആട്ടിയകറ്റപ്പെടുകയെന്നത്, നാം ഓരോരുത്തരും അഭിമുഖീകരിക്കേണ്ടി വരുന്ന അവസ്ഥയാണെന്ന്!

‘മനുഷ്യാ നീ ഇത്രയേ ഉള്ളു’ എന്ന സത്യം. നില്‍ക്കുന്ന ഇരിക്കുന്ന കിടക്കുന്ന മണ്ണു…. അത് ചുരണ്ടുന്ന എലികള്‍… നമ്മളറിയാതെ സംഭവിക്കുന്ന ഈ സ്ഥലഭ്രംശം…
ആരും ഒന്നും അറിയുന്നില്ല. നാം ഒളിച്ചിരിക്കുകയാണെന്ന അഹങ്കാരം.. നാം സുരക്ഷിതരാണെന്ന മതിഭ്രമം.ഒടുവില്‍ മുങ്ങിത്താഴുമ്പോള്‍… ഓര്‍ക്കാപ്പുറത്തു നാം ഊട്ടിവളര്‍ത്തിയ പൂച്ചക്കുഞ്ഞുങ്ങള്‍ പെട്ടെന്ന് കടുവകളായി മാറുന്നു. ജീവന്‍ പോകാന്‍ ഒരൊറ്റ നിമിഷം മതി. അതും നമ്മുടെ ശ്വാസങ്ങളെ ഏറെ തിരിച്ചറിയുന്നവര്‍ക്ക് ജീവ നെടുക്കാന്‍ ഒരു ഞൊടി. അതു കറുത്തവനായാലും വെളുത്തവനായാലും തവിട്ടവനായാലും ബാധകമായ നിയമം. ആരാണു മണ്ണിന്റെ അവകാശികള്‍ എന്ന് ചോദിക്കരുത്. ആറടി മാത്രം മതി. പക്ഷേ, ഒരടിപോലും മണ്ണു കിട്ടില്ല. അതു ദളിതനു മാത്രമല്ല, ഒരു മനുഷ്യനും കിട്ടില്ല. ജീവിതവും മരണവും ഏകാന്തതയും പുറത്താക്കലും ചലച്ചിത്രത്തിന്റെ ഓരോ അടരിലും നീറുന്ന വേദനയായി കടന്നു വരുന്നു.

ഈ സിനിമയുടെ ഓര്‍മ്മ എന്നെ ഒറ്റയാക്കുന്നു. ഞാന്‍ എന്റെ ഘാതകനെയാണു തിരയേണ്ടതു എന്ന് ഒന്നു കൂടി ഓര്‍മ്മിപ്പിക്കുന്നു ഈ സിനിമ. ഈ സിനിമയുടെ ശരീരം കവിത കൊണ്ടാണ് ബന്ധിപ്പിക്കപ്പെട്ടിട്ടുള്ളത്. വാക്കുകളും ദൃശ്യങ്ങളും കലര്‍ന്ന ഒരു ദീര്‍ഘ കവിത. അതിലേക്ക് നടന്നു കയറുന്ന മെലിഞ്ഞ ഉടലുകള്‍, നിഴലുകള്‍ കലര്‍ന്ന വെളിച്ചങ്ങള്‍. വിദൂരങ്ങളില്‍ മണല്‍ പടര്‍ന്നു വീശുന്ന കാറ്റ്.

ചിത്രം ആരംഭിക്കുമ്പോള്‍ ഭീതിയും ഉന്മാദവും കലര്‍ന്നു ചലിക്കുന്ന ഒരു കുതിരയുടെ കുതിപ്പിന്റെ ദൃശ്യം കാണാം. മേലാസകലം പുതപ്പ് പുതച്ച മനുഷ്യര്‍! ഇടക്ക് മങ്ങിയും തെളിയിച്ചും പിയറി ഡേ വില്യേഴ്സിന്റെ ക്യാമറ സഞ്ചരിക്കുന്ന കാഴ്ച അതി മനോഹരമാണ്.

‘അവര്‍ പറയുന്നു
നിങ്ങള്‍ ചെവികള്‍ മണ്ണിനോട് ചേര്‍ത്ത്
വക്കുകയാണെങ്കില്‍,
ജലമെടുത്തു പോയവരുടെ
നിലവിളികളും
നേര്‍ത്ത ഞരക്കങ്ങളും
കേള്‍ക്കാം
ഇപ്പോഴും.
ആഴങ്ങളില്‍ നിന്ന്
അവരുടെ
ആത്മാക്കളുടെ
മൂളക്കങ്ങളും കേള്‍ക്കാം’

ഇങ്ങനെയാണ് മനുഷ്യന്റെ നിലനില്‍പ്പിനെകുറിച്ച് സിനിമ പറയുന്നത്.
വാക്കുകള്‍ കൊണ്ട് മാത്രമല്ല കവിത ഇവിടെ വെളിപ്പെടുന്നത്.

ഒരു രംഗത്തില്‍, എഴുപത്തിയൊമ്പത് വയസ്സുള്ള മേരി ത്വാല മ്ലോംഗോ അവതരിപ്പിക്കുന്ന വൃദ്ധയായ മാന്‍തോവ, കത്തിനശിച്ച അവരുടെ വീടിന്റെ ചാരത്തിനും അവശിഷ്ടങ്ങള്‍ക്കും ഇടയില്‍ ഇരിക്കുമ്പോള്‍, ഒരു കൂട്ടം ആടുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്, ആട്ടിന്‍ കൂട്ടം അവരുടെ ചുറ്റും നിരക്കുകയാണ്. കറുപ്പും ചാരവും ആഴമുള്ള തവിട്ടും കലര്‍ന്ന ഈ രംഗത്തില്‍ നിന്ന് ഏകാന്തതയുടെ അതിതീവ്രമായ കാറ്റ് നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു. ഇടം, സ്ഥലം, വെളിച്ചം, നിഴല്‍, മനുഷ്യന്‍ നിലനില്‍പ്പ്, ദൈനംദിന അസ്തിത്വത്തിന്റെ ആത്മീയ മാനങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ ചലച്ചിത്രകവിത രൂപപ്പെടുത്തിയിട്ടുള്ളത്.
കവിതയുടെ സൗന്ദര്യമെന്നത് അടിസ്ഥാനപരമായി ഭാഷയാണ് എന്നിരിക്കെ ഒരു ദൃശ്യഖ്യാനത്തില്‍ ഈ ഭാഷ എങ്ങനെ ആവിഷ്‌കരിക്കുമെന്നത് വെല്ലുവിളിയായി മോസസ് സ്വീകരിച്ചിരിക്കുന്നു.

ലെമോഹാംഗ് ജെറമിയ മോസെസ് എന്ന ചലചിത്രകാരന്‍ മാതൃരാജ്യത്തെക്കുറിച്ചുള്ള തന്റെ ആശങ്കയും പുരോഗതിയുടെ പേരില്‍ സ്വന്തം മണ്ണ് നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള ആകുലതകളും, നിലനിപ്പിനെക്കുറിച്ചുള്ള ആഴത്തിലുള്ള ഭീതിയും പങ്കു വക്കുന്നുണ്ട് ഈ സിനിമയിലൂടെ. ഭര്‍ത്താവിന്റെയും കുട്ടികളുടെയും മരണത്തെത്തുടര്‍ന്ന് ഏകാന്തതയിലേക്ക് വീണ, വൃദ്ധയായ മന്‍തോവ സ്വന്തം മണ്ണില്‍ വച്ചു മരണപ്പെടാനും തന്റെ പൂര്‍വ്വികര്‍ക്കൊപ്പം അടക്കം ചെയ്യപ്പെടാനുമാണ് ആഗ്രഹിക്കുന്നത്. തന്നെ വിഴുങ്ങുന്ന ഏകാന്തതയില്‍ അവര്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നു. മേരി ത്വാല മ്ലോംഗോ എന്ന സൗത്ത് ആഫ്രിക്കന്‍ അഭിനേത്രിയുടെ ജീവിതത്തിന്റെ അവസാനകാല ചലച്ചിത്രമാണ് ഇത്. സ്വന്തം രാജ്യമായ ലെസോത്തോയിലെ ഗ്രാമത്തിന് സമീപം ഒരു പുതിയ അണക്കെട്ടിന് വേണ്ടിയുള്ള പദ്ധതികള്‍ നടക്കുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ അവര്‍ക്ക് പ്രിയപ്പെട്ടതെല്ലാം ആ അണക്കെട്ട് കഴുകിക്കളയുമെന്ന് അധികാരം ഭീഷണിപ്പെടുത്തുമ്പോള്‍, മന്‍ തോവ അവസാന നിലപാട് എടുക്കുന്നു, സ്വന്തം ഭൂമിക്കും ജീവിതരീതിക്കും വേണ്ടി പോരാടാന്‍ അയല്‍ക്കാരെ അണിനിരത്തുകയാണ് അവര്‍.

ചലച്ചിത്രത്തിന്റെ ആന്തരിക പാഠം ഒരു ദൃശ്യാനുഭവം എന്നതിലുപരി കാലാതീതവും മൗലികവുമാകുന്ന മനുഷ്യന്റെ നിലനില്‍പ്പിനെ വിഷയമാക്കുന്നു. വസ്തുനിഷ്ഠമായ യാഥാര്‍ത്ഥ്യത്തിന്റെ തൂക്കം ഒട്ടും കുറയാതെ തന്നെ നിലനില്‍ക്കുന്നതിനാലാണ് ഈ ആശയം പ്രസക്തമാകുന്നത്. കവിതയും ആഖ്യാനവും (narration)സിനിമയുടെ സഞ്ചാരഗതിയെ മുന്നോട്ടുനീക്കുന്നു. ഉദാഹരണത്തിന്, മന്‍ തോവ യുടെ ഗ്രാമത്തിന് നസറെത്ത എന്ന് പുനര്‍നാമകരണം ചെതുകയാണ്. ആഖ്യാതാവ് നമ്മോട് പറയുന്നത് മണ്ണിനടിയില്‍ നിന്ന് നമുക്ക് കേള്‍ക്കാനാവുന്ന മരണപ്പെട്ടവരുടെ നിലവിളികളെകുറിച്ചാണ്. ദിസ് ഈസ് നോട്ട് എ ബറിയലില്‍ കാഴ്ചയുടെ ക്രമീകരണങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഭൂപ്രകൃതി തന്നെ കഥ മുന്നോട്ട് നീക്കുന്നു.

ചിത്രം ആരംഭിക്കുമ്പോള്‍ ‘പ്ലെയിസ് ഓഫ് വീപ്പിംഗ്’ എന്നറിയപ്പെടുന്ന ലെസോത്തോയിലെ ഒരു ചെറിയ ഗ്രാമത്തിലേക്ക് ആഖ്യാതാവ് നമ്മെ കൊണ്ടുപോകുന്നു. അവിടെ, മേരി ത്വാല മ്ലോംഗോ അവതരിപ്പിക്കുന്ന കഥാപാത്രമായ മാന്‍ തോവയെ കണ്ടുമുട്ടുന്നു. ദക്ഷിണാഫ്രിക്കയിലെ ഒരു ഖനന അപകടത്തെത്തുടര്‍ന്ന് അവള്‍ക്ക് മകനെ നഷ്ടപ്പെട്ടിരിക്കുന്നതായി മനസ്സിലാക്കാം. അവരുടെ കുടുംബത്തില്‍ ജീവിച്ചിരിക്കുന്ന അവസാനത്തെ അംഗമാണ് അവര്‍;
സ്വന്തം മണ്ണില്‍ മരണപ്പെടാനുള്ള അവകാശം നിഷേധിക്കപ്പെടുമ്പോള്‍ അവര്‍ പല തരത്തിലും തന്റെ രോഷം പ്രകടിപ്പിക്കുന്നുണ്ട്. പൊട്ടിത്തെറിച്ചും മൗനവ്രതം സ്വീകരിച്ചും അവര്‍ തന്റെ പ്രതിഷേധം രേഖപെടുത്തുന്നു. തന്റെ പ്രിയപ്പെട്ടവരുടെ ശ്മശാനസ്ഥലം ഉള്‍പ്പെടെയുള്ള തന്റെ ഗ്രാമം മുഴുവന്‍ മറ്റൊരിടത്തേക്ക് മാറ്റാന്‍ ഭരണാധികാരി ഉത്തരവിട്ടതായി അറിയുമ്പോള്‍, അവര്‍ ദൈവത്തോടുള്ള ദേഷ്യം പ്രകടിപ്പിക്കുകയും അധികാരികളിലേക്ക് തന്റെ എതിര്‍പ്പ് എത്തിക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു.

തനിക്കിനി ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല എന്നവര്‍ ഒരിക്കല്‍ പറയുന്നുണ്ട്. പക്ഷെ മരണാവകാശം നിഷേധിക്കപ്പെടുമ്പോള്‍, നഷ്ടപ്പെടാന്‍ ചിലതെല്ലാം ഇനിയും ബാക്കിയുണ്ട് എന്നവര്‍ക്ക് തോന്നുന്നു. ഈ ചിന്ത അവരില്‍ വല്ലാത്ത ഒരാഗ്‌നിയായി ആളിപ്പടരുന്നു, ശൂന്യമായ കണ്ണുകളിളുടെ നോട്ടം നമ്മിലേക്ക് തുളച്ചുകയറുന്നത് നമുക്ക് കാണാന്‍ കഴിയുന്നു. ആ കണ്ണുകളില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉണ്ട്. ആഖ്യാനത്തിലൂടെയാണ് കഥാഗതി മുന്നോട്ട് പോകുന്നത്. സിനിമയുടെ തുടക്കത്തില്‍ ദീര്‍ഘവും എന്നാല്‍ ആകര്‍ഷകവുമായ ആഖ്യാനത്തിന് ശേഷം, ‘പുരോഗതി’യുടെയും ‘വികസനത്തിന്റെയും’ ഒരു ആലോചനയുടെ ഭാഗമായി താഴ്വരയില്‍ ഒരു വലിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ ലെസോത്തോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി അറിയിക്കുന്നു. ഈ തീരുമാനത്തിനെതിരെയാണ് മാന്‍തോവയുടെ നിലപാട്. അവര്‍ക്ക് ഭ്രാന്താണെന്ന് ഗ്രാമത്തിലെ മുതിര്‍ന്നവര്‍ പഴി ചാരുന്നു. തന്റെ ബന്ധുക്കളുടെ ശവക്കുഴികളോട് ചേര്‍ന്ന് നസറെതയില്‍ അടക്കം ചെയ്യപ്പെടാനുള്ള ആഗ്രഹമാണ് മാന്‍ തോവയുടെ ചെറുത്തുനില്‍പ്പിന് ആക്കം കൂട്ടുന്നത്.

സൗത്ത് ആഫ്രിക്കയില്‍ ഗ്രാമീണ ലെസോത്തോയിലെ കുടുംബങ്ങള്‍ക്കിടയില്‍
ഇപ്പോഴും ഒരു ക്ലാസിക്കല്‍ വാമൊഴി പാരമ്പര്യം, നിലനില്‍ക്കുന്നുണ്ട്. സോതോ എന്ന ഭാഷയുടെ നിലനില്‍പ്പും ഈ ചിത്രത്തില്‍ അദൃശ്യമായി സൂചിപ്പിക്കുന്നു. ലേസോതോയില്‍ നിരവധി പ്രാദേശിക ഭാഷകള്‍ നിലനില്‍ക്കുന്നുണ്ട്. പുതി(Puthi ), സെസോതോ, ക്‌സോസ, സുലു എന്നിവ ഉദാഹരണം. ലേസോതോയിലെ ദേശീയ ഭാഷ സെസോതോ ആണ്. ഈ സിനിമയില്‍ ഈ ഭാഷ ഉപയോഗിച്ചിട്ടുണ്ട്. തൊണ്ണൂറു ശതമാനം വരുന്ന ജനസാന്ദ്രതയുടെ ആദ്യ ഭാഷയായാണ് സോസോതൊയെ കണക്കാക്കുന്നത്.

മോസസിന്റെ പരീക്ഷണാത്മകസ്വഭാവം ഈ ഭാഷയുടെ തിരഞ്ഞെടുപ്പില്‍ വ്യക്തമാണ്. . ദക്ഷിണാഫ്രിക്കയിലെ റേഡിയോ 702-ലെ ഒരു അഭിമുഖത്തില്‍ അദ്ദേഹം തന്റെ സിനിമയെ ‘ഏതാണ്ട് ഒരു നാടോടിക്കഥയുടെ ആഖ്യാനമായി’ കാണുന്നു എന്ന് അഭിപ്രായപ്പെടുന്നുണ്ട്. ലെസോത്തോയുടെ മൗലിക പ്രകൃതിയെ ആവിഷ്‌കരിക്കുന്ന സിനിമയാണ് ഇത് എന്ന് ഒരര്‍ത്ഥത്തില്‍ പറയാം. ലെസോത്തോയിലെ ഹ്ലോത്സെയില്‍ ജനിച്ചു വളര്‍ന്ന മോസെസ് ഇപ്പോള്‍ ബെര്‍ലിനിലാണ് താമസിക്കുന്നത്. മിക്കവാറും എല്ലാ അഭിനേതാക്കളും(പാസ്റ്ററായി അഭിനയിക്കുന്ന മഖോല എന്‍ഡെബെലെ ഉള്‍പ്പെടെ) ലേസോതോ സംസ്‌കാരത്തെ ആഴത്തില്‍ ഉള്‍ക്കൊള്ളുന്നവരാണ് എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.
ലെസോത്തിലെ വിലാപങ്ങളുടെ ആഖ്യാതാവായി എത്തുന്ന സിലാസ് തൗനിയേന്‍ മൊന്യാറ്റ്‌സിക്ക് ലെസോതോ വേരുകളാണുള്ളത്. ദക്ഷിണാഫ്രിക്കന്‍ ചലച്ചിത്ര-ടെലിവിഷന്‍ വ്യവസായത്തിലെ അനുയായികളെ ഇത് അത്ഭുതപ്പെടുത്തിയേക്കാം. പ്രധാന അഭിനേതാക്കളില്‍, ദക്ഷിണാഫ്രിക്കന്‍ ത്വലാ മ്ലോംഗോയെ മാത്രമാണ് പുറമെ നിന്ന് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വേഗം കുറഞ്ഞാണ് ഈ സിനിമ ആരംഭിക്കുന്നത്. കാഴ്ചയെയും ആഖ്യാനത്തെയും മാത്രമല്ല, കഥയുടെ ഘടനയെയും കാലയളവിനെയും മുന്‍കൂട്ടി ക്ഷണിക്കുന്ന വൈകാരിക അന്തരീക്ഷത്തെയും ഇത് പരിധിയില്‍ വരുത്തുന്നു. ലെസോത്തോയില്‍ ഡാമുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചത് ദക്ഷിണാഫ്രിക്കന്‍ വര്‍ണ്ണവിവേചനത്തിന്റെ നിലപാടുകള്‍ക്കൊപ്പമാണ് എന്ന രാഷ്ട്രീയ വായനക്ക് കൂടി സിനിമ ഇടം തരുന്നുണ്ട്. ഈ അണക്കെട്ടുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന വെള്ളം നേരിട്ട് ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നു, അവശേഷിക്കുന്നതിന്റെ ഒരു ഭാഗം മാത്രമേ ലെസോത്തോ രാജ്യത്തിന് അവശേഷിക്കുന്നുള്ളൂ. തീര്‍ച്ചയായും, മാന്‍തൊവയെപ്പോലുള്ള ഒരു സക്ക്, ഇവിടെ ഒരു പ്രയോജനവുമില്ല. ‘പുരോഗതി’ എന്ന ആശയം അര്‍ത്ഥശൂന്യമാകുന്നത് സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും ഉന്മൂലനത്തിന്റെ വിലയില്‍ വരുമ്പോള്‍. തന്റെ പൂര്‍വ്വികരുടെ ഭൂമിക്കുവേണ്ടി പോരാടാനുള്ള ഒരു വ്യക്തിയുടെ ചെറുത്തുനില്‍പ്പിന്റെ ഈ സിനിമയുടെ സൂക്ഷ്മകഥ ക്രമേണ പാരിസ്ഥിതിക സാമ്രാജ്യത്വത്തിന് ഒരു രാജ്യത്തിന്റെ മുഴുവന്‍ പതനവും തുറന്നുകാട്ടുന്നു.

ഒരു ചെറിയ പ്രദേശത്തെയാണ് ഈ സിനിമ അടയാളപ്പെടുത്തുന്നതെങ്കിലും, ചെറുത്തുനില്‍പ്പിനെയും പ്രതിരോധത്തെയും കുറിച്ചുള്ള ഒരു സിനിമ കൂടിയാകുന്നുണ്ട് ദിസ് ഈസ് നോട് എ മുതലാളിത്തത്തിന്റെ കടന്നു കയറ്റങ്ങള്‍ എത്തരത്തിലാണ് ജീവന്റെ ഏറ്റവും ചെറിയ ഇടങ്ങള്‍ കയ്യടക്കുന്നത്
എന്ന അനിവാര്യമായ ഒരു ചിന്ത കൂടി സിനിമ പങ്കു വെക്കുന്നുണ്ട്. ദേശസ്വത്വം,സ്ഥാനഭ്രംശം, സമൂഹസ്വത്വം, ചരിത്രം എന്നിവയെ ചുറ്റിപ്പറ്റിയുള്ള ആശയങ്ങള്‍ നെയ്‌തെടുക്കുന്നുണ്ട് ഈ സിനിമ, പ്രൊഫഷണലുകളല്ലാത്ത,
അഭിനേതാക്കള്‍ ഈ സിനിമയുടെ ഭാഗമാണ്. ഇദ്രിസ് എല്‍ബയുടെ നെല്‍സണ്‍ മണ്ടേലയുടെ ജീവചരിത്രമായ ലോംഗ് വാക്ക് ടു ഫ്രീഡത്തില്‍ പ്രത്യക്ഷപ്പെട്ട മേരി ത്വാലയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓരോ ഫ്രെയിമിന്റെയും അടിത്തട്ടില്‍ മരണത്തെ അനുഭവിക്കാനാവുന്നു.തന്റെ മരണം അടുത്ത് വന്നിരിക്കുന്നു എന്ന് പ്രതീക്ഷിക്കുന്ന മാന്‍തൊ അണക്കെട്ട് പദ്ധതിയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഗ്രാമത്തിലെ ശ്മശാനത്തില്‍ അടക്കം ചെയ്യാനുള്ള ഒരുക്കങ്ങള്‍ നടത്തുകയാണ്. ഗ്രാമവാസികളെ നഗരത്തില്‍ നിര്‍ബന്ധിതമായി പുനരധിവസിപ്പിക്കണം എന്നാണ് അറിയിപ്പ്. കടുത്ത, വിട്ടുവീഴ്ചയില്ലാത്ത സിനിമയായിതു മാറുന്നത്, മാന്‍തോവയെപ്പോലെ ദുര്‍ബ്ബലയായ ഒരു വൃദ്ധ ഭരണത്തിനെതിരെ കലാഹിക്കുന്നത് കൊണ്ടാണ്. ഒരു കൂട്ടം ചിത്രങ്ങളുടെ ഒരു പരമ്പര പോലെയാണ് സിനിമ അനുഭവപ്പെടുക. ഓരോന്നും ഒരു പെയിന്റിംഗ് പോലെ കൃത്യമായി ഫ്രെയിം ചെയ്തിരിക്കുന്നു. എല്ലാറ്റിന്റെയും കേന്ദ്രം ത്വാല എന്ന വൃദ്ധയാണ്. പലപ്പോഴും നിശബ്ദമാണ് ഓരോ സീനും , നിശ്ചയദാര്‍ഢ്യത്തില്‍ ഉറപ്പിച്ചതാണ് അവരുടെ ഭാവം. – വാക്കുകളൊന്നും ആവശ്യമില്ല. ലെസോത്തോയില്‍ നിന്ന് മികച്ച അന്താരാഷ്ട്ര ഫീച്ചറിനുള്ള ഓസ്‌കാര്‍ റേസില്‍ പ്രവേശിച്ച ആദ്യ ചിത്രമാണ് ദിസ് ഈസ് നോട്ട് എ ബറിയല്‍. ദുഃഖകരമെന്നു പറയട്ടെ, വിജയത്തില്‍ പങ്കുചേരാന്‍ ത്വലാ ജീവിച്ചില്ല 2020 ജൂലൈയില്‍ അവr മരണപ്പെട്ടു. ‘ഒരു കലാസൃഷ്ടി എന്നതിലുപരി, ഈ ചിത്രം ആഫ്രിക്കയുടെ സംസ്‌കാരത്തെയും മൗലികതയെയും നശിപ്പിച്ച ചരിത്രത്തെക്കുറിച്ച് നിശിതമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ സാധ്യതയുള്ള
ദൃശ്യഖ്യാനഭാഷയാണ് ജെറമിയ മോസെസ് ഈ ചിത്രത്തിന് വേണ്ടി തെരെഞ്ഞെടുത്തത്. ഒരു സമൂലമായ അന്താരാഷ്ട്ര മുന്നേറ്റമായി ഈ സമീപനത്തെ കണക്കാക്കാം. യു മിയാഷിതയുടെ സ്പെക്ട്രല്‍ സ്‌കോറിനൊപ്പം സംവിധായകന്‍ അതിശയിപ്പിക്കുന്ന മിസ്റ്റിസിസത്തോടെയാണ് ഈ ചിത്രം സംയോജിപ്പിക്കുന്നത് മരണാനന്തര ജീവിതത്തില്‍ നിന്ന് അലറുന്ന ശബ്ദങ്ങളുടെ ഒരു ഗായകസംഘം പോലെ അതിന്റെ മൂര്‍ച്ചയുള്ള വൈരുദ്ധ്യം പ്രതിധ്വനിക്കുന്നു. മന്തോവ എന്ന നിലയില്‍, ത്വലാ എന്ന അഭിനേത്രിയെ വൈഡ് ഷോട്ടുകളില്‍ ചെറിയ ചെറിയ ഫ്രെയിമുകളിലൂടെയാണ് കാണിക്കുന്നത്, ഛായാഗ്രാഹകനായ പിയറി ഡിവില്ലിയേഴ്‌സിന്റെ ബോക്സി ഫ്രെയിമുകള്‍ അതീവ ഹൃദ്യമാണ്.

ഓരോ ഷോട്ടിലും, ക്യാമറയും രചനയും അവയുടെ അര്‍ത്ഥം പരമാവധിയായിത്തന്നെ പ്രകടിപ്പിക്കുന്നു. സൂമുകളും അല്ലെങ്കില്‍ സൂക്ഷ്മമായ പാനുകളും ചിത്രത്തിന്റെ ആഴത്തെ ഒട്ടും തന്നെ തടയുന്നില്ല. വളരെ അപൂര്‍വമായി മാത്രം പരസ്പരം കലര്‍ന്ന നിറങ്ങള്‍ ചിത്രത്തില്‍ ഉപയോഗിക്കുന്നു. മിക്കവാറും ചാരത്തിന്റെ ഏറ്റക്കുറച്ചിലുകളില്‍ ചെറിയ മെറൂണ്‍, ഓറഞ്ച്, പച്ച എന്നീ നിറങ്ങള്‍ കലരുമ്പോള്‍അസാധ്യമായ കാഴ്ചനുഭവം ലഭിക്കുന്നു. അതാകട്ടെ ചിത്രത്തിന്റെ മുഴുവന്‍ ഭാഷയുടെ വെളിപ്പെടലാകുകയും ചെയ്യുന്നു. പര്‍വതനിരകളും അവയുടെ തുറന്ന ആകാശവും മനോഹരമായി പാന്‍ ചെയ്യുന്നു. സാംസ്‌കാരിക സമ്പ്രദായങ്ങളും ചടങ്ങുകളും അവതരിപ്പിക്കുമ്പോള്‍ മോസസ്, ഒരിക്കലും നരവംശശാസ്ത്രപരമായ ജിജ്ഞാസയെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നാല്‍ അവയെ അവരുടെ സംസ്‌കാരത്തിന്റെ ഏറ്റവും ഉജ്ജ്വലമായ ഭാഗമായി അവതരിപ്പിക്കുകയും ചെയ്യുന്നു.
വെളുപ്പിനെ ചിത്രത്തിന്റെ ഭാഷയില്‍ പോലും മോസസ് പരിഗണിക്കുന്നില്ല. ഈ കഥകളെല്ലാം തികച്ചും മറ്റൊരു ലോകത്ത് സംഭവിക്കുന്നതായുള്ള തോന്നല്‍ ചില ഷോട്ടുകള്‍ സമ്മാനിക്കുന്നു. മാന്‍തോവയുടെ യാത്രകളുടെ ലോങ്ങ് ഷോട്ടുകള്‍ ഉദാഹരണം. തനിക്ക് ഇടമില്ലെന്ന് തോന്നുന്ന ഈ മാരകമായ ലോകത്തില്‍ നിന്ന് ശരിയായ വിടവാങ്ങലിന് വേണ്ടിയുള്ള ശ്രമത്തില്‍, മന്റോവ അവരുടെ അവസാന നാളുകളില്‍ ക്രിസ്ത്യന്‍ ദൈവവുമായി അടുക്കുന്നുണ്ട്. അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ആത്മീയതയില്‍ നിന്ന് അവര്‍ മരണത്തെ അപകോളനീകരിക്കുന്നു.

സ്വന്തം അസ്തിത്വത്തെച്ചൊല്ലി സഹിച്ച എല്ലാ വേദനകളും ഒരുപക്ഷെ വെറുതെയായത് എങ്ങനെയെന്ന് അവര്‍ അപലപിക്കുമ്പോള്‍ അതില്‍ പുറത്താക്കപ്പെട്ട എല്ലാവരുടെയും ആത്മഭാഷണങ്ങള്‍ ഉണ്ട്. അത് മൗലികമാണ് താനും. മോസസ് അവരുടെ വെളിപ്പെടുത്തലുകളെയും അര്‍ത്ഥത്തെയും അവര്‍ നില്‍ക്കുന്ന മണ്ണില്‍ കണ്ടെത്തുന്നു. അവിടെ അവരുടെ ഭര്‍ത്താവ് സ്വന്തം കൈകൊണ്ട് അവര്‍ക്ക് ഒരു വീട് നിര്‍മ്മിച്ചു കൊടുക്കുന്നുണ്ട്. ഭൂഗര്‍ഭ അവശിഷ്ടങ്ങളുടെ ഓര്‍മ്മയിലും അവയ്ക്ക് മുകളില്‍ വളരുന്ന എല്ലാ പുഷ്പങ്ങളിലും അതിന്റെ ഓര്‍മ്മകളും ബാക്കി പത്രങ്ങളും ഉണ്ടാകുമെന്ന് ചിത്രം പറയുന്നു. മാന്‍ തോവയുടെ അചഞ്ചലമായ ബോധ്യങ്ങളും നിലപാടുകളും , കാഴ്ചയെ പിന്‍ തുടരുന്നു.

സിനിമയുടെ തുടക്കം മുതല്‍ മരണം മാത്രം നിശബ്ദമായി പിന്തുടരുന്നു.
ജീവിതത്തിലെ ഏറ്റവും ധ്യാനാത്മകമായ ഘടകമായി മരണം വെള്ളത്തില്‍ തെളിയുന്നു.

SAN SEBASTIAN, SPAIN – SEPTEMBER 17: Lemohang Jeremiah Mosese poses for a portrait session during 70th San Sebastian Film Festival on September 17, 2022 in San Sebastian, Spain. (Photo by Juan Naharro G./Contour by Getty Images)

മരണം തൊട്ടടുത്താണ് എന്ന് മനസിലാക്കുന്ന മന്‍തോവക്ക് സ്വന്തം ശവശരീരം എവിടെ അടക്കം ചെയ്യണം എന്ന തിരഞ്ഞെടുപ്പ് പോലും തട്ടിയെടുക്കപ്പെടുന്ന മനുഷ്യന്റെ പ്രതിനിധിയാകുന്ന കാഴ്ച വേദനിപ്പിക്കുന്നു. അധികാരമെന്നത് ഒരശ്ലീലമാണ് എന്ന് തുടരെത്തുടരെ ഓര്‍മ്മിപ്പിച്ചു കൊണ്ട്, അവരുടെ ജന്മദേശത്തെ വിഴുങ്ങിയ പരിഷകൃത ലോകത്തെ നമുക്ക് കാണാം. നമ്മുടെ തന്നെ മുഖചായകളില്‍. ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍ ജീവിതത്തിന്റെ മറ്റൊരു പാതയിലേക്കുള്ള ദിശ ചൂണ്ടുന്നു. ചിലപ്പോള്‍ അത്, പുരോഗതിയുടെ കാരണത്താല്‍ ഇല്ലാതാവുകയും ചെയ്യുന്നു. അല്ലെങ്കില്‍ മരിച്ചവര്‍ ഒന്നിച്ചുനില്‍ക്കുന്ന ഒരു ലോകത്തിലൂടെ നമ്മെ നയിക്കുന്നു. ജീവിതം, മരണം, മനുഷ്യാത്മാവിന്റെ ശക്തി എന്നിവയെക്കുറിച്ചുള്ള ഉജ്ജ്വലവും ധീരവുമായ ഒരു work of art ആണ് ഈ ചിത്രം.
Mary Twala എന്ന അഭിനേത്രിയുടെ സാന്നിധ്യം കൊണ്ട് മാത്രം കൂടെ പോരുന്ന ചില ദൃശ്യങ്ങള്‍ കൊണ്ട് ഈ ചലചിത്രം എനിക്ക് പ്രിയപ്പെട്ടതാവുന്നു. ജെറോമിയ മോസസിന്റെതായി ആറു ദൃശ്യകവിതകളാണ് പുറത്തു വന്നിട്ടുള്ളത്. ടിയെര്‌സ് ഓഫ് ബ്ലഡ് (Tears of Blood, 2007)ലോസ് ഓഫ് ഇന്നസെന്‍സ് (Loss of Innocence, 2008. Short film / Video installation) മോസൊന്നോക (Mosonngoa, The Mocked One, 2014 Short film) ബെഹെമൊത് (Behemoth: Or the Game of God, 2016. Short film) മദര്‍ ഐ ആം സഫോകേറ്റിങ്, ദിസ് ഈസ് മൈ ലാസ്റ്റ് ഫിലിം എബൌട്ട് യൂ (Mother i am suffocating, This is my last film about you,2019) ദിസ് ഈസ് നോട് എ ബരിയല്‍, ഇറ്‌സ് എ റെസറക്ഷന്‍ (This is not a burrial, its an esurrection, 2019) അവയെ ക്കുറിച്ച് പിന്നീട് എഴുതാം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here