HomeTHE ARTERIASEQUEL 105അമാനുഷികതയും നാടന്‍ ഐതിഹ്യ നിര്‍മ്മിതിയും അരവിന്ദന്റെ എസ്തപ്പാനില്‍

അമാനുഷികതയും നാടന്‍ ഐതിഹ്യ നിര്‍മ്മിതിയും അരവിന്ദന്റെ എസ്തപ്പാനില്‍

Published on

spot_imgspot_img

(ലേഖനം)

രഞ്ജിത്. വി

മലയാള സിനിമയെ അന്തര്‍ദേശീയ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയ ചലചിത്രപ്രവര്‍ത്തകനാണ് ജി അരവിന്ദന്‍. 1974ല്‍ സംവിധാനം ചെയ്ത ഉത്തരായനം എന്ന സിനിമയിലൂടെ ചലച്ചിത്ര സംവിധാന രംഗത്തേക്ക് കടന്നുവന്ന അരവിന്ദന്‍ മലയാളിയുടെ ചലച്ചിത്ര സംസ്‌കാരത്തെ പുനര്‍നിര്‍മ്മിക്കുകയും അതുവരെ മലയാളിക്ക് അപരിചിതമായിരുന്ന ദൃശ്യ സംസ്‌കാരത്തെ നിര്‍മ്മിച്ചെടുക്കുകയും ചെയ്തു. ഒരു തലമുറയെ മൗനത്തിന്റെയും, കാഴ്ച്ചയുടെയും ഉന്നത മാനുഷിക-സൗന്ദര്യാനുഭവങ്ങളിലൂടെ കടത്തിവിട്ട അരവിന്ദന്‍ ചിത്രങ്ങള്‍ വ്യക്തിയില്‍നിന്ന് സമൂഹത്തിലേക്കും അതുവഴി സാര്‍വലൗകികമായ ചില മനുഷ്യാവസ്ഥകളിലേക്കുള്ള യാത്രകളാണ്.

ജി അരവിന്ദന്‍

അരവിന്ദന്‍ സംവിധാനം ചെയ്ത അഞ്ചാമത്തെ ചിത്രമായിട്ടാണ് 1980ല്‍ ‘എസ്തപ്പാന്‍’ പുറത്തുവരുന്നത്. പല നാട്ടിലും പ്രചാരത്തിലുള്ള അതീന്ദ്രിയസിദ്ധിയുള്ള അമാനുഷ്യനായ കഥാപാത്രത്തിന്റെ ജീവിതകഥയാണ് ഈ സിനിമയില്‍ അനാവരണം ചെയ്യപ്പെടുന്നത്. അഭിനവകാലത്തെ ക്രിസ്തുവിനെ ഓര്‍മിപ്പിക്കും വിധത്തിലാണ് സിനിമയിലെ നായകനിര്‍മ്മിതി. സമൂഹ ഓര്‍മ്മകളും ഭയബഹുമാനങ്ങളും ഇടകലരുന്ന നാടന്‍ ഐതിഹ്യ നിര്‍മ്മിതിയിലൂടെ ആത്മീയ സ്പര്‍ശമുള്ള ഹീറോ ആയി സിനിമയിലൂടനീളം എസ്തപ്പാന്‍ നിറഞ്ഞുനില്‍ക്കുന്നു. ആദിയോ അന്തമോ ഇല്ലാത്ത എസ്തപ്പാന്റെ ജീവിതകഥ വളരെ വിദഗ്ധമായി കൊളാഷ് രീതിയില്‍ സന്നിവേശിപ്പിച്ചിരിക്കുകയാണ് സിനിമയില്‍ സംവിധായകന്‍.

കൊല്ലം ചവറ കരിത്തുറ കടല്‍ത്തീരത്തിന്റെ ഗ്രാമഭംഗിയിലാണ് സിനിമയുടെ കഥ വികസിക്കുന്നത്. കടലിന്റെ നിഗൂഢതയും പള്ളി മണിയുടെ ഇടവിട്ടുള്ള മുഴക്കവും സിനിമയ്ക്ക് അതീന്ദ്രിയമായ അനുഭവമണ്ഡലം ആദ്യം മുതല്‍ക്കേ സമ്മാനിക്കുന്നു. കടലോരത്തോട് ചേര്‍ന്ന് വലതുന്നലില്‍ ഏര്‍പ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളികളുടെ സംഭാഷണത്തില്‍ നിന്നാണ് സിനിമയില്‍ ആദ്യമായി എസ്തപ്പാന്റെ സാന്നിധ്യം കടന്നുവരുന്നത്. കടലില്‍ കണ്ട അത്ഭുതകരമായ വെളിച്ചത്തെ പറ്റിയുള്ള സംസാരത്തിനിടയില്‍ വല തുന്നലില്‍ ഏര്‍പ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മറുപടി ഇപ്രകാരമാണ്; ‘അത് ആ എസ്തപ്പാന്റെ പണിയായിരിക്കും. അവനിപ്പം കടലില്‍ പോവാണ്ട് ഭ്രാന്തനെപ്പോലെ പടവും വരച്ച് പാട്ടും പാടി നടപ്പാണ്’. കടലില്‍ നിന്ന് കുന്തിരിക്കം പുകച്ചു വരുന്ന എസ്തപ്പാനെ പറ്റിയുള്ള സംസാരം മത്സ്യത്തൊഴിലാളികള്‍ തുടരുന്നതിനിടയിലാണ് എസ്തപ്പാന്റെ ദൃശ്യസാന്നിധ്യം സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. ചുവരിലും തോണിയിലും കരിങ്കല്ലിലും മനോഹരമായ ചിത്രങ്ങള്‍ വരക്കുന്ന എസ്തപ്പാന്റെ ഒട്ടുമിക്ക ചിത്രങ്ങളിലും നിറഞ്ഞുനില്‍ക്കുന്നത് ക്രിസ്തുവിന്റെ ജീവിതാനുഭവങ്ങളാണ്.

അതീന്ദ്രിയ സിദ്ധിയോടൊപ്പം തന്നെ തത്വചിന്താപരമായ ദര്‍ശനവ്യാപ്തിയും എസ്തപ്പാനില്‍ നിറഞ്ഞുനില്‍ക്കുന്നു. പരീക്ഷയില്‍ ജയിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം തേടിയെത്തുന്ന കുട്ടികള്‍ക്ക് നല്‍കുന്ന മറുപടി ഒന്നുമില്ലാത്തവന് ജയവുമില്ല, തോല്‍വിയുമില്ല എന്നാണ്. ‘മൂന്നറിയാത്തോന്‍ മൂത്താലും നരയ്ക്കില്ലല്ലോ, രണ്ടറിയാത്തോന് രാവില്ല പകലില്ലല്ലോ, ഒന്നറിയാത്തോന് ഒന്നിനും കൊള്ളില്ലല്ലോ, ഒന്നുമില്ലാത്തോന് ഒടുക്കവുമില്ല തുടക്കവുമില്ല, ജയവുമില്ല തോല്‍വിയുമില്ല’. ഇങ്ങനെ നീളുന്നു എസ്തപ്പാന്റെ ദാര്‍ശനിക പ്രകടനം. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്ന ക്രിസ്തുവചനം ശിരസാല്‍ വഹിക്കുന്ന എസ്തപ്പാന്‍ യേശുവിനെ പോലെ അന്യനുവേണ്ടി ബലിയാവുന്ന അനുഭവം സിനിമയില്‍ കാണാം. പട്ടിണി മൂത്ത് വീട്ടിലെ കുട്ടികളുടെ വയറു നിറയ്ക്കാന്‍ മുതലാളിയുടെ പറമ്പില്‍ നിന്ന് വാഴക്കുലയും മോഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ മുതലാളിയുടെ പണിക്കാരുടെ പിടിയില്‍ അകപ്പെടുമെന്നായപ്പോള്‍ മോഷ്ടാവിനെ രക്ഷിച്ചു ആള്‍ക്കൂട്ട വിചാരണയ്ക്ക് നിന്നു കൊടുക്കുന്നുണ്ട് എസ്തപ്പാന്‍. മോഷ്ടാവിനെ രക്ഷിക്കുക മാത്രമല്ല തന്റെ മുണ്ടിന്റെ കോന്തലയില്‍ നിന്ന് പണം എടുത്ത് അയാളെ സഹായിക്കുന്നുണ്ട് സിനിമയിലെ കഥാനായകന്‍.

ലൗകിക ജീവിതത്തിന്റെ ആസക്തികളൊന്നും എസ്തപ്പാനെ വേട്ടയാടുന്നില്ല. കോളനിയില്‍ ഒരു വീടും ഒരു വലയും ഒരു പെണ്ണും വേണ്ടേ നിനക്ക് എന്ന പള്ളിയിലച്ഛന്റെ ചോദ്യത്തിന് വേണ്ട എന്നാണ് എസ്തപ്പാന്റെ മറുപടി. ‘വേണ്ടച്ചോ… മുടങ്ങാതെ കുന്തിരിക്കം കിട്ടാന്‍ ഒരു വഴികാട്ടി തന്നാല്‍ മതി’ എന്ന എസ്തപ്പാന്റെ മറുപടിയില്‍ അദ്ദേഹത്തിന്റെ ലൗകിക ജീവിത വിരക്തി വ്യക്തമാകുന്നുണ്ട്. കടലോര നിവാസികളുടെ ജീവിതാനുഭവങ്ങളിലൂടെയാണ് എസ്തപ്പാന്റെ ഐതിഹ്യനിര്‍മ്മിതി അരവിന്ദന്‍ പൂര്‍ത്തീകരിക്കുന്നത്. അനുഗ്രഹം കിട്ടിയ ആളാണ് എസ്തപ്പാനെന്നുള്ള പക്ഷവും ആള്‍ ശരിപ്പുള്ളിയല്ലെന്ന വിഭിന്നാഭിപ്രായങ്ങളും സിനിമയില്‍ സംഘര്‍ഷഭരിതമായ അവസ്ഥ സംജാതമാക്കുന്നു. നിരവധിയായ അനുഭവങ്ങളിലൂടെയാണ് എസ്തപ്പാന്‍ സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പ്രതിനിധിയായ ഡോക്ടര്‍ കയ്യൊഴിഞ്ഞ അന്നയുടെ പിഞ്ചു പൈതലിനെ തന്റെ ദിവ്യ സ്പര്‍ശത്താല്‍ സുഖപ്പെടുത്തുന്നുണ്ട് എസ്തപ്പാന്‍. എസ്തപ്പാന്റെ ഈ ദിവ്യസ്പര്‍ശം വാമൊഴിവഴക്കമായി ആളുകളില്‍നിന്ന് ആളുകളിലേക്ക് പ്രചരിക്കുകയാണ് ചെയ്യുന്നത്. ഈ വാമൊഴിക്കകഥയെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമവും സിനിമയില്‍ കാണാം. എസ്തപ്പാനോട് ഒത്തുപോകാത്ത ലോറി ഡ്രൈവര്‍ തന്റെ ഭാവനയ്ക്ക് അനുസരിച്ച് മറ്റൊരു കഥ രൂപപ്പെടുന്നു. അദ്ദേഹം അന്നയുടെ വീട്ടില്‍ ഉള്ള അവസരത്തിലാണ് കുട്ടിയെ ചികിത്സിക്കാനായി എസ്തപ്പാന്‍ എത്തുന്നതെന്നും ഏറെനേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ പരാജയപ്പെട്ട് ഇളിഭ്യാനായി അയാള്‍ ഓടിപ്പോകുയാണെന്നും ലോറി ഡ്രൈവര്‍ തന്റെ കഥയിലൂടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു.

അതീന്ദ്രിയമായ ധാരാളം അനുഭവങ്ങള്‍ എസ്തപ്പാനെ ചുറ്റിപ്പറ്റി സിനിമയില്‍ അനാവരണം ചെയ്യപ്പെടുന്നുണ്ട്. പള്ളി മണിയുടെ താഴെ യേശുവിന്റെ ചിത്രം വരച്ച് സ്വപ്നലോകത്തില്‍ വിരാജിക്കുന്ന കഥാനായകനെ ഭ്രാന്തനെന്ന് ചാപ്പകുത്തി കുട്ടികള്‍ ചെറുകല്ലെറിഞ്ഞ് കളിയാക്കുന്നുണ്ട്. തന്റെ നേരെ എറിഞ്ഞ കല്ലുകള്‍ അദ്ദേഹം തിരിച്ച് കുട്ടികളെ എറിയുമ്പോള്‍ അവ ഉണ്ണിയപ്പവും അച്ചപ്പവും കുഴലപ്പവുമായിട്ടാണ് കുട്ടികളുടെ മേല്‍ പതിക്കുന്നത്. കല്ലേറ് തുടരുന്നതിനിടയില്‍ എന്തോ ഓര്‍ത്തവണ്ണം കടല്‍ക്കരയിലേക്ക് ഓടിപ്പോകുന്ന കഥാനായകന്‍, കടലിലേക്ക് വീഴാന്‍ പോവുകയായിരുന്ന മുതലാളിയുടെ കൊച്ചുമകളെ രക്ഷിക്കുന്ന കാഴ്ച എസ്തപ്പാന്റെ അതീന്ദ്രിയ കഴിവുകള്‍ക്ക് അടിവരയിടുന്നു. കടത്തിണ്ണയില്‍ കിടക്കാന്‍ അനുവാദം നിഷേധിക്കപ്പെട്ടപ്പോള്‍ കഴുത്തില്‍ തുണി ചുറ്റി കഴുക്കോലില്‍ തൂങ്ങിക്കൊണ്ടുള്ള ഉറക്കം നിര്‍വഹിക്കുന്ന എസ്തപ്പാന്‍ നാട്ടുകാരെ അമ്പരപ്പിക്കുന്നുണ്ട്. കടത്തിണ്ണയില്‍ തൂങ്ങിക്കിടക്കുന്ന അദ്ദേഹത്തെ കണ്ട് അയാള്‍ ആത്മഹത്യ ചെയ്തതാണെന്ന് നാട്ടുകാര്‍ തെറ്റിദ്ധരിക്കുന്നുണ്ടെങ്കിലും ഏറെ വൈകാതെ തന്നെ അത് അയാളുടെ ഗാഢനിദ്രയായിരുന്നു എന്ന തിരിച്ചറിവ് നാട്ടുകാര്‍ക്ക് ഉണ്ടാകുന്നു. എസ്തപ്പാന്റെ അത്ഭുത സിദ്ധികളൊന്നും നേരില്‍ കണ്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ അത്ഭുത സിദ്ധിയില്‍ വിശ്വസിക്കുന്ന നിരവധിയായ ആളുകളുടെ ഓര്‍മ്മയിലൂടെയും വിശ്വാസത്തിലൂടെയും എസ്തപ്പാന്‍ ഒരു നാടന്‍ ഐതിഹ്യ നിര്‍മ്മിതിയായി തീരുന്നു.


അന്നയെ കുടിയൊഴിപ്പിക്കുന്ന മുതലാളിയുടെ കിങ്കരന്മാര്‍ക്ക് മുന്നില്‍ നിസ്സഹായനായി നോക്കി നില്‍ക്കാന്‍ മാത്രമേ കഥാനായകന് സാധിക്കുന്നുള്ളൂ. ‘ഞാനിതാ വരുന്നു’ എന്നു പറഞ്ഞുകൊണ്ട് നടന്നു പോവുകയും ഒരു ചാക്കു നിറയെ പണവുമായി തിരിച്ചുവരികയും ചെയ്യും. ആ ചാക്കിലെ പണം നാട്ടിലെ എല്ലാവരുടെയും കൈകളില്‍ എത്തിക്കാന്‍ അയാള്‍ ശ്രമിക്കുന്നു. തന്നെ അതുവരെ തള്ളിപ്പറഞ്ഞവരെയും കള്ളനാക്കിയവരെയും അവഗണിക്കാന്‍ എസ്തപ്പാന്‍ തയ്യാറാകുന്നില്ല.’ എനിക്ക് താങ്ങേണ്ടിവന്ന ഭാരം നിനക്കും പങ്കുവെക്കാം ‘, ‘ നിങ്ങളുടെ വീട്ടിലും ഇതിന്റെ സമാംശം ഇരിക്കട്ടെ’, ‘ കണ്ണിലെ ഉപ്പിന്റെ കലവറ ഒന്നായിരിക്കട്ടെ’ ഇത്തരം വാക്കുകള്‍ ഉച്ചരിച്ചുകൊണ്ട് നാട്ടിലെ പലരുടെയും കൈകളിലേക്ക് എസ്തപ്പാന്‍ തന്റെ ചാക്കിലെ ഭാരം പങ്കുവെക്കുന്നു. ബാക്കി പണവുമായി സിനിമയുടെ ആരംഭത്തിലെന്ന വണ്ണം കടലിലേക്ക് നടന്നു പോവുകയാണ് എസ്തപ്പാന്‍ ചെയ്യുന്നത്.

അസാധാരണമായ ഒരു ജീവിതം ജീവിച്ചു തീര്‍ത്ത് കടലിലേക്ക് നടന്നു പോകുന്ന എസ്തപ്പാന്‍ പിന്നീട് തിരിച്ചുവരുന്നില്ല. ആദിയോ അന്തമോ ഇല്ലാത്ത ജീവിതകഥകളുമായി നിഗൂഢമായ ജീവിതം ജീവിച്ചു തീര്‍ത്ത് കടലിന്റെ നിഗൂഢയില്‍ വലയം പ്രാപിക്കുകയാണ് അയാള്‍. നാട്ടില്‍നിന്ന് അപ്രത്യക്ഷനായെങ്കിലും നാട്ടുകാരുടെ ഓര്‍മ്മകളിലും അനുഭവങ്ങളിലും അയാള്‍ നിറഞ്ഞുനില്‍ക്കുന്നു. കാണാന്‍ പറ്റാത്ത കാറ്റും കോളുമുണ്ടാകുമ്പോള്‍ കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്ന മുക്കുവര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി മുനമ്പില്‍ പ്രത്യക്ഷപ്പെടുന്ന എസ്തപ്പാന്‍ ആ ഗ്രാമീണ ജനതയിലെ നാടന്‍ ഐതിഹ്യമായി തീരുന്നു. സിനിമയുടെ അവസാന ഭാഗത്ത് കടല്‍ ഭിത്തിയിലെ കരിങ്കല്‍ പാറയില്‍ തലവെച്ചുറങ്ങുന്ന എസ്തപ്പാനെയാണ് കാണാന്‍ സാധിക്കുന്നത്. കടലിന്റെ അനന്തതയും ധൂപക്കുറ്റിയിലെ കുന്തിരിക്കത്തിന്റെ പുകയും ഇടവിട്ട് മുഴങ്ങുന്ന പള്ളി മണിമുഴക്കവും എസ്തപ്പാന്റെ ജീവിതം പോലെ നിരവധിയായ നിഗൂഢതകളെ ഉള്ളിലാവാഹിച്ച് മുന്നോട്ടുപോകുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാനം രാജേന്ദ്രൻ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2015 മുതൽ...

സവര്‍ക്കറുടെ ചിത്രം കര്‍ണാടക നിയമസഭയില്‍ തുടരും; കോണ്‍ഗ്രസിന്റെ ഒളിച്ചുകളി വിരല്‍ ചൂണ്ടുന്നത് ആര്‍എസ്എസ് ബന്ധത്തിലേക്ക്

(വിചാരലോകം) നിധിന്‍ വി എന്‍ കര്‍ണാടക നിയമസഭ മന്ദിരത്തില്‍ സ്ഥാപിച്ച വിഡി സവര്‍ക്കറുടെ ഛായാചിത്രം തല്‍ക്കാലം മാറ്റില്ലെന്ന വിവരങ്ങളാണ് ലഭ്യമാകുന്നത്. ഇതോടെ...

13 വര്‍ഷത്തിനിടെ 1532 ആത്മഹത്യ, കേന്ദ്ര സായുധ പോലീസ് സേനകളില്‍ സംഭവിക്കുന്നത് എന്ത്?

Editor's View കേന്ദ്ര സായുധ പോലീസ് സേനകളില്‍ (സിഎപിഎഫ്) ആത്മഹത്യാ നിരക്കും രാജിയും വര്‍ധിക്കുന്നതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ആഭ്യന്തര...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 27 അത് വര്‍ഷയായിരുന്നു. '' വര്‍ഷാ, നീയിതു കണ്ടോ? എങ്ങനെയാണിവര്‍ കഥ മാറ്റി മറിച്ചതെന്നു,''...

More like this

കാനം രാജേന്ദ്രൻ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2015 മുതൽ...

സവര്‍ക്കറുടെ ചിത്രം കര്‍ണാടക നിയമസഭയില്‍ തുടരും; കോണ്‍ഗ്രസിന്റെ ഒളിച്ചുകളി വിരല്‍ ചൂണ്ടുന്നത് ആര്‍എസ്എസ് ബന്ധത്തിലേക്ക്

(വിചാരലോകം) നിധിന്‍ വി എന്‍ കര്‍ണാടക നിയമസഭ മന്ദിരത്തില്‍ സ്ഥാപിച്ച വിഡി സവര്‍ക്കറുടെ ഛായാചിത്രം തല്‍ക്കാലം മാറ്റില്ലെന്ന വിവരങ്ങളാണ് ലഭ്യമാകുന്നത്. ഇതോടെ...

13 വര്‍ഷത്തിനിടെ 1532 ആത്മഹത്യ, കേന്ദ്ര സായുധ പോലീസ് സേനകളില്‍ സംഭവിക്കുന്നത് എന്ത്?

Editor's View കേന്ദ്ര സായുധ പോലീസ് സേനകളില്‍ (സിഎപിഎഫ്) ആത്മഹത്യാ നിരക്കും രാജിയും വര്‍ധിക്കുന്നതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ആഭ്യന്തര...