HomeTHE ARTERIASEQUEL 95മരണം തൊട്ട് മരവിച്ച ആ കാലുകൾ എന്റെതാണ്

മരണം തൊട്ട് മരവിച്ച ആ കാലുകൾ എന്റെതാണ്

Published on

spot_img

ആത്മാവിന്റെ പരിഭാഷകള്‍ – ഭാഗം 13

ഡോ. രോഷ്നി സ്വപ്ന

I took a deep breath and listened to the old brag of my heart. I am, I am, I am.

Camille എന്ന സിനിമ കണ്ടത് കുറച്ചു മുമ്പാണ്. പക്ഷെ എപ്പോഴൊക്കെ ആ സിനിമയെയും അതിൽ കാമില്ലേ എന്ന കഥാപാത്രമായി അഭിനയിച്ച നൈന മ്യുറിസ്സ് (Nina Meurisse) എന്ന അഭിനേത്രിയെയും കുറിച്ചോർക്കുന്നോ, അപ്പോഴൊക്കെ എനിക്ക് സിൽവിയ പ്ലാത് എഴുതി വച്ച ഈ വരികൾ ഓർമ്മ വരും.
കാമില്ലേയുടെ തീവ്രമായ സാഹസങ്ങൾ… അവളുടെ ഉന്മാദങ്ങൾ… മരണത്തെ ഭയപ്പെടാതെയുള്ള കുതിപ്പ്…
അവൾ ഉണ്ടായിരുന്ന ഇടങ്ങളിൽ പിന്നീട് പതിഞ്ഞ ചോരക്കറ… നിശബ്ദത… പേടിപ്പെടുത്തുന്ന തണുത്ത മൗനങ്ങൾ… ഉറഞ്ഞു കൂടിയ മരണം.. മരണം മാത്രം..

ഒരേ ഇടങ്ങൾ നമുക്കെങ്ങനെയാണ് പല മട്ടിൽ അനുഭവപ്പെടുക? ബയോപിക്കുകളുടെ സ്ഥിരം സമവാക്യങ്ങൾക്ക് തീരെ പ്രതീക്ഷ തരാതെ എങ്ങനെയാണ് ഒരു യഥാർത്ഥ ആഖ്യാനത്തെ ആവിഷ്കരിക്കുക?
കാമില്ലേ അതിനുദാഹരണമാണ്. ഒളിപ്പോരാളികൾ.. തീ… മരണം..വെന്ത മാംസത്തിന്റെ മണം..

നിലനിൽക്കുന്ന ബയോപിക് ചലച്ചിത്രങ്ങളിൽനിന്ന് വ്യത്യസ്തമാണ് camille എന്ന ചലച്ചിത്രം. സെൻട്രൽ ആഫ്രിക്കയിൽ 2014 ൽ കൊല്ലപ്പെട്ട ഫ്രഞ്ച് ഫോട്ടോ ജേണലിസ്റ്റായ കാമിലെ ലെപ്‌ഗേയുടെ അവസാന ദിവസങ്ങൾ അതുപോലെതന്നെ ആവിഷ്കരിക്കുകയാണ് സിനിമ. സാധാരണ ബയോപിക്കുകളുടെ സ്ഥിരം
സൂത്രവാക്യങ്ങളിലേക്ക് ഇടറിവീഴാതെയാണ് സംവിധായകൻ കാമില്ലേയെ ഒരുക്കിയിരിക്കുന്നത്. ഇഷ്ടപ്പെട്ട ഒരുപാട് ബയോപിക് സിനിമകളുണ്ട്. 1999ൽ ഇറങ്ങിയ മൈക്കൽ മൻ സംവിധാനം ചെയ്ത “ദി ഇൻസൈഡർ “, അദ്ദേഹത്തിന്റെ തന്നെ “അലി “, സീൻ പോൾ (Sean Paul) സംവിധാനം ചെയ്ത “ഇൻ ടു ദി വൈൽഡ് “(2007), ജെയിംസ് മാർഷ് സംവിധാനം ചെയ്ത “ദി തിയറി ഓഫ് എവെരിതിങ് “, റിചാർഡ് ആറ്റൻബെർഗിന്റെ ചാപ്ലിൻ, പൊളാൻസ്കി യുടെ ”ദി പിയാനിസ്റ്റ് “, സ്റ്റീഫൻ ഡാൽഡ്രിയുടെ ”ദി ഹവേഴ്സ് “…….പട്ടിക നീളുകയാണ്. മിക്കപ്പോഴും ബയോപിക് ഘടന ദൃശ്യാഖ്യാനങ്ങളിൽ സ്വീകരിക്കുമ്പോൾ സംഭവിച്ചേക്കാവുന്ന പ്രശ്നങ്ങൾ ഈ സിനിമയിൽ ഇല്ല.

ആഫ്രിക്കയിലെ വംശീയപ്രശ്നങ്ങളുടെ സൂക്ഷ്മമായ ചിത്രം അവതരിപ്പിച്ചുകൊണ്ടാണ് ലോജ്കൈൻ തന്റെ സിനിമയെ അവ്യക്തതയിലേക്കും സങ്കീർണ്ണതയിലേക്കും ഒരേ സമയം തുറന്നുവിടുന്നത്. കമില്ലെ ലെപഗിന്റെ ഫോട്ടോഗ്രാഫുകൾ ആണ് അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ആ ഫോട്ടോഗ്രാഫുകളുടെ പിന്നാലെ നടത്തിയ യാത്രയിൽ ഒരു പക്ഷെ കാമില്ലേ പോയ അതേ വഴികളും അനുഭവങ്ങളും സംവിധായകനിലും ആവർത്തിച്ചിരിക്കാം. കാമില്ലേയുടെ ക്യാമറ പകർത്തിയ ചോരപ്പാടുകളെ അതേ പോലെ നമുക്ക് സിനിമയിൽ കാണാം. ആ ഫോട്ടോഗ്രാഫുകളാണ് കഥ പറയുന്നത്.യഥാർത്ഥ സംഭവങ്ങളെയാണ് ആഖ്യാനത്തിൽ സിനിമയിൽ മുഴുവൻ ഉപയോഗിച്ചിട്ടുള്ളത്. അവൾ എന്താണോ കണ്ടത് അത് തന്നെയാണ് കാണികളും കാണുന്നത്. ആവേശഭരിതവും സാഹസികവുമായ കാമില്ലേയുടെ സഞ്ചാരങ്ങളെ ആദ്യം അത്ഭുതത്തോടെയും പിന്നീട് തീവ്രദുഃഖത്തോടെയുമാണ് നാം കാണുകയും അനുഭവിക്കുകയും ചെയ്യുക.

Tournage du film “Camille” de Boris Lojkine en Centrafrique.
Nina Meurisse, actrice (Camille Lepage) lors du tournage d’une scène de lynchage à Bangui.

പോരാളികളോടൊപ്പം നടക്കുന്ന കാമില്ലേയോട് ഒരിക്കൽ ഒരാൾ ദേഷ്യപ്പെടുന്നു. ഇത് നിന്റെ വീടല്ല, നീ ഇവിടെ നിന്ന് പോയെ പറ്റൂ. കാമില്ലെ ചോദിക്കുന്നു

“എങ്ങനെയാണ് നീ എന്നെ മാറ്റിനിർത്തുക?
എന്താണതിന് നിനക്കുള്ള കാരണം?

“നീ വരും… പോകും
ഞങ്ങൾ ഇവിടെ ബാക്കിയാകും ”

അയാൾക്ക് മറ്റൊരു കാരണവുമില്ല. അവരോടൊപ്പം കൂടുകയാണ് കാമില്ലേ പിന്നീട്. ഇല്ല തിരിച്ചുപോക്കില്ല എന്ന് മനസ്സിൽ കുറിച്ചിട്ടത് പോലെ.! ഹിംസയുടെ ഓരോ ദൃശ്യവും അവളെ മറ്റൊരാളാക്കുന്നുണ്ട്. ചിതറിക്കിടക്കുന്ന ശവശരീരങ്ങളിലേക്ക് അവൾ ഉറ്റ് നോക്കുന്നുണ്ട്. മാനുഷികതക്കും, സ്നേഹത്തിനുമപ്പുറം ഹിംസയും അക്രമവും ആധിപത്യം നേടുന്ന ലോകത്തെ മുഴുവനായി ചിത്രീകരിച്ചു പുറം ലോകത്തെത്തിക്കാനാണ് കാമില്ലെ ആഗ്രഹിച്ചത്. ആഖ്യാനത്തിലുടനീളം കാമില്ലേ പകർത്തിയ യഥാർത്ഥ ഫോട്ടോകൾ ചേർത്തുകൊണ്ടാണ് സംവിധായകൻ ബോജ്‌കൈൻ ചലച്ചിത്ര ഭാഷ രൂപപ്പെടുത്തിയിട്ടുള്ളത്.
കാമില്ലേ ചിത്രീകരിച്ച സംഭവങ്ങളെ ഒരിക്കലും സെൻസേഷണലൈസ് ചെയ്യാൻ ശ്രമിക്കാത്ത ഒരു ശൈലിയിൽത്തന്നെ സിനിമയുടെ തീവ്രതയിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്നു. എലിൻ കിർഷ്‌ഫിങ്കിന്റെ ഛായാഗ്രഹണം ഈ ഭാഷക്കിണങ്ങും വിധം സന്നിവേശിപ്പിച്ചിട്ടുണ്ട്. അതീവ യാഥാർഥ്യബോധം സൂക്ഷിക്കുമ്പോഴും ഒരു കലാവസ്തു എന്ന നിലയിൽ ക്യാമറയെ സമീപിക്കുമ്പോൾ കിട്ടുന്ന സൗന്ദര്യത്തിന്റെ ഘടകങ്ങളും സിനിമയിൽ ഉണ്ട്. അതിരാവിലെ മൂടൽമഞ്ഞിലേക്ക് വിമതർക്കൊപ്പം കാമില്ലേ സവാരി ചെയ്യുന്ന ഒരു രംഗമുണ്ട്. കൊല്ലപ്പെട്ടവരുടെ ഉടലുകളിലേക്ക് വെളിച്ചവും നിഴലും കലർന്നു വീശുന്ന ഒരു രംഗവുമുണ്ട്. സൗന്ദര്യത്തിന്റെ ഉദാഹരണങ്ങൾ!. ഒടുവിൽ ഒരു വണ്ടിയിലേക്ക് ഒരുമിച്ചു കെട്ടിക്കൂട്ടിയിടുന്ന ശവശരീരങ്ങളുടെ ദൃശ്യം ഒരിക്കലും കണ്ണിൽ നിന്നോ മനസ്സിൽ നിന്നോ മാഞ്ഞു പോകില്ല. ഇരുണ്ടനിറമുള്ള ഒരുപാട് കാലുകൾക്കിടയിൽ രണ്ട് വെളുത്ത കാലുകൾ. അത് കാമില്ലേയുടേതാണ് എന്ന് നാം ഞെട്ടലോടെ അറിയുന്നു. നീ ഞങ്ങളെ വിട്ടുപോകും എന്ന് ഉറക്കെ ശകാരിച്ച ആ സംഘത്തോടോപ്പം തന്നെ അവളും…..

എറിക് ബെന്റ്സിന്റെ മ്യൂസിക് സ്കോർ -മിതത്വം പാലിച്ചു കൊണ്ട് സിനിമയുടെ ദൃശ്യാഖ്യാനത്തെ ഒട്ടും അലോസരപ്പെടുത്താതെ വർത്തിക്കുന്നു. ചിലപ്പോൾ സിനിമയുടെ വൈകാരികതയുടെ പിരിമുറുക്കം വർദ്ധിപ്പിക്കുന്നുണ്ട് സംഗീതം. കാമില്ലേയുടെ തണുത്തു മരവിച്ച ആ കാലുകൾ ജീവിതം അത്ര എളുപ്പമല്ല എന്ന് തുടരെത്തുടരെ ഓർമ്മിപ്പിക്കുന്നുണ്ട്. ഹിംസയുടെ തേർവാഴ്ചകളെക്കുറിച്ച് പുതിയ ലോകസിനിമയുടെ അടരുകൾ പറയാൻ ശ്രമിക്കുമ്പോൾ, അതിന് ഒരു പുതിയ ദൃശ്യ സമന്വയം തന്നെ നിർമ്മിക്കുന്നുണ്ട് പുതിയ സംവിധായകർ. അവർ അന്വേഷിക്കുന്നത് യാഥാർഥ്യങ്ങളെ എങ്ങനെ അതുപോലെ ചെന്ന് തൊടാം എന്നാണ്. അതിന് വേണ്ടി ശക്തമായ തിരഭാഷ കണ്ടെത്തിക്കഴിഞ്ഞു അവർ. Insurgency യുടെ പല വിധ പ്രശ്നങ്ങളും ദേശീയതയും, പ്രാദേശികതയും വംശീയതയും വര്ണവെറികളും നിലനിൽക്കുന്ന ലോകത്ത് നമുക്കെങ്ങനെ, സിനിമക്കെങ്ങനെ അലങ്കാരങ്ങളിൽ മാത്രം മുഴുകാൻ കഴിയും?.

ഏകാന്തമായ
ഒരൊറ്റച്ചെവിയുമായി
ഒരാൾ കാതോർത്തിരിക്കുമ്പോൾ
എനിക്കെങ്ങനെ
സംഗീതം
ആസ്വദിക്കാൻ കഴിയും

എന്ന് w. b. യേറ്റ്സ് ചോദിക്കുന്നുണ്ടല്ലോ!

കാമില്ലേയിൽ മുസ്ലിം സ്വത്വമോ ക്രിസ്തീയതയോ അല്ല പ്രശ്നപരിസരം. ജീവിക്കാൻ ഉള്ള അവകാശം തന്നെയാണ്. പൂക്കൾക്കും ചെടികൾക്കും ഒപ്പം വെടിയേറ്റ് മരണപ്പെട്ടു കിടക്കുന്ന മനുഷ്യരെ കാണൂ ഈ സിനിമയിൽ. ആരല്ലാതിരുന്നതിനാണ് അവർ കൊല്ലപ്പെട്ടത്..ഒരു നിമിഷം നമ്മുടെ ഹൃദയം മിടിക്കുന്നുണ്ടോ എന്ന് നോക്കാം.. നാം കൊല്ലപ്പെട്ടിട്ടില്ലല്ലോ എന്നുറപ്പിക്കാം. വല്ലാത്തൊരു സ്നേഹം തോന്നും ആ ഒളിപ്പോരാളികളോട്.. മരണത്തെ ഓരോ നിമിഷവും വകഞ്ഞു മാറ്റി അവർ നടത്തുന്ന യാത്രകളോട്.. കാമില്ലെയോട് അവർ കാണിക്കുന്ന സ്നേഹത്തോട്…

2014 മെയ് മുതൽക്കാണ്, മുസ്ലീം പോരാളികളും (സെലേക) ക്രിസ്ത്യൻ പോരാളികളും തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലുകളാൽ മധ്യ ആഫ്രിക്കൻ റിപ്പബ്ളിക് രക്തരൂക്ഷിതമായിത്തുടങ്ങിയത്.
അവർക്കിടയിലേക്കാണ് കാമില്ലേ സാഹസികമായ തന്റെ യാത്രയുമായി കടന്നു ചെന്നത്.
അവിടെ അവൾ ഒരു കൂട്ടം യുവാക്കളുമായി സൗഹൃദത്തിലാവുന്നുണ്ട്. അവരോടൊപ്പം യാത്ര ചെയ്യുന്നുണ്ട്. അവരിൽ ഓരോരുത്തരും കൊലചെയ്യപ്പെടുമ്പോൾ പോലും പിന്മാറാതെ പിടിച്ചു നിൽക്കുന്നുണ്ട്. പുരുഷ ജേർണലിസ്റ്റുകളുടെ സംഘത്തിൽ നിന്ന് കാമില്ലേ ഒരു കാരണവും കൂടാതെ ഒഴിവാക്കപ്പെടുന്നുണ്ട്. അവളുടെ ഉള്ളിൽ അന്വേഷണത്തിനുള്ള അഗ്നി എന്നിട്ടും അണയാതെ നിന്നു. അവിടെ നിന്നാണവൾ ഒറ്റക്ക് തന്റെ യാത്ര തുടങ്ങുന്നത്. വാസ്തവത്തിൽ, കാമില്ലയെ മറ്റുള്ളവരിൽ നിന്ന് വേർതിരിക്കുന്നതും അവളെ മരണത്തിലേക്ക് നയിച്ച അവസ്ഥകളും ഓരോന്നായി ഇഴകീറി സിനിമയിൽ കാണാം. സംഘർഷബാധിത മേഖലയിലെ അവസ്ഥകളെ അവൾ നിസ്സംഗതയോടെയല്ല ഒപ്പിയെടുത്തത്, മറിച്ച് തീവ്രമായ വൈകാരികതയോടെയാണ്‌. അവളുടെ ഓരോ ചിത്രവും ഇത് വിളിച്ചു പറയുന്നുണ്ട്.

വിപ്ലവം ചിത്രീകരിക്കുമ്പോൾ അവൾ യുവാക്കളോട് ചോദിക്കുന്നുണ്ട്

നിങ്ങൾ വിദ്യാർത്ഥികളാണോ?

അവർ തിരിച്ചു ചോദിക്കുന്നു

നിങ്ങൾ ജേർണലിസ്റ്റ് ആണോ?

അല്ല ഞാൻ ഒരു ഫോട്ടോഗ്രാഫർ ആണ്

നിങ്ങൾക്ക് പേടിയില്ലെ?

ഇല്ല

കലാപത്തിന്റെ ഓരോ നീക്കവും അവൾ പുഞ്ചിരിച്ചു കൊണ്ടാണ് പകർത്തുന്നത്. യുദ്ധം പൊട്ടിപ്പുറപ്പെടുമ്പോൾ പട്ടണത്തിൽ എത്തുന്ന ഫ്രഞ്ച് പത്രപ്രവർത്തകരുടെയും ഫോട്ടോഗ്രാഫർമാരുടെയും ഒരു ചെറിയ സംഘത്തെ കാണുന്നതിനിടയിൽ ലെപേജ് ഒരു കൂട്ടം വിമത പ്രാദേശിക വിദ്യാർത്ഥികളുമായി ചങ്ങാത്തം കൂടുന്നു. കൊല്ലപ്പെട്ട മനുഷ്യരെ തിറഞ്ഞിറങ്ങിയ പട്രോളിംഗ് ഉദ്യോഗസ്ഥരാണ് കാമില്ലേയുടെയും മൃതശരീരം കണ്ടെത്തുന്നത്. ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്..മുസ്ലീം വിമത ഗ്രൂപ്പുകളും ക്രിസ്ത്യൻ പോരാളികളും തമ്മിലുള്ള അക്രമം രൂക്ഷമായ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ സായുധ പോരാട്ടം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് കാമില്ലെ കൊല്ലപ്പെടുന്നത്. കൊല്ലപ്പെടുമ്പോൾ വെറും 26 വയസ്സായിരുന്നു അവൾക്ക്.

“ഹോപ്പ് “എന്നൊരു പ്രണയകഥയുമായാണ് കാമില്ലെയുടെ സംവിധായകനായ ലോജ്കൈൻ ചലച്ചിത്ര ലോകത്ത് അരങ്ങേറിയത്. വിയറ്റ്നാമിലാണ് തന്റെ ആദ്യ രണ്ട് സിനിമകൾ അദ്ദേഹം ചിത്രീകരിച്ചത്.
2014 ലെ കാൻ ക്രിട്ടിക്‌സ് വീക്കിൽ ലോകം പ്രദർശിപ്പിച്ച ആഫ്രിക്കൻ കുടിയേറ്റക്കാരെക്കുറിച്ചുള്ള ഒരു പ്രണയകഥയാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം “ഹോപ്പ്”. യുദ്ധഭൂമിയിലൂടെയുള്ള യാഥാർഥ്യങ്ങളെ പകർത്തണമെന്ന അതിതീവ്രമായ ആഗ്രഹമാണ് അദ്ദേഹത്തെ കാമില്ലേയുടെ ഫോട്ടോഗ്രാഫുകളിലേക്കും അവളുടെ ജീവിതത്തിലേക്കും എത്തിച്ചത്.ഇന്ത്യയിൽ ജീവിക്കുന്ന ഓരോ നിമിഷവും എപ്പോഴാണ് നാം,
നാം തന്നെയാണെന്ന് തെളിയിക്കപ്പെടാൻ പറ്റാത്തതിനാൽ കൊല്ലപ്പെടുക എന്നറിയില്ലല്ലോയെന്നൊരു ആന്തൽ കാമില്ലെയോടൊപ്പം നടക്കുമ്പോൾ കാഴ്ചക്കാരി എന്ന നിലയിൽ തോന്നാതിരുന്നില്ല.

ഇതെഴുതുമ്പോൾ ഞാൻ ജനലിലൂടെ കുതിച്ചു വരുന്ന ഉച്ചവെയിലിൽ എന്റെ മുറിയിൽ ആണ്. എനിക്കെന്റെ കാൽപ്പാദങ്ങൾ കാണാം. അവയുടെ അറ്റത്തേക്ക് വെയിൽ ഇരച്ചു വരുന്നു. അനക്കാതിരുന്നപ്പോൾ ചെറിയ ചൂട് പൊള്ളലിലേക്ക് പടർന്നു. ഉടൽ മുഴുവൻ പൊള്ളുന്നതായി എനിക്ക് തോന്നി. ഞാൻ പെട്ടെന്ന് ഞെട്ടി എണീറ്റു. സ്വപ്നമോ മിഥ്യയോ എന്ന് വേർതിരിച്ചറിയാനാവാത്ത ഒരനുഭവം.

സിൽവിയ പ്ലാത് വീണ്ടും ഓർമ്മയിലേക്ക് വരുന്നു

the women is perfect, Her deaf, body wears the smile of accomplishment

ജീവിതം തന്നെയാണ് സിനിമ. സത്യം.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ആശയത്തിനുവേണ്ടി കലഹിക്കുന്ന കലാകാരൻ

ലേഖനം   ഫൈസൽ ബാവ മനുഷ്യരൂപത്തിന് വലിയ അഭിരുചിയുണ്ട് എന്ന് വിശ്വസിക്കുകയും വിചിത്രവും അസാധാരണവുമായ പെയിന്റിങ്ങുകളിലൂടെ സൗന്ദര്യം, സ്ഥിരത, മാനസികാരോഗ്യം എന്നിവ തിരയുന്ന...

2001ലെ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് വിജയത്തിലേക്കൊരു തിരനോട്ടം

പവലിയന്‍ ജാസിര്‍ കോട്ടക്കുത്ത് "Not many know that at the end of day 3 we had packed...

I don’t Feel at Home in this World Anymore

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: I don't Feel at Home in this World Anymore Director: Macon...

മോഹം ഗർഭം ധരിച്ചു, പാപത്തെ പ്രസവിക്കുന്നു

കവിത സാറാ ജെസിൻ വർഗീസ്  നീ ജീവവൃക്ഷത്തിൻ്റെ ഫലം തിന്നുന്നു. ഞാൻ അടികൊണ്ട വേദനയിൽ ചുരുണ്ടുകിടക്കുന്നു. നിനക്ക് കണ്ണുകൾ തുറക്കുകയും നന്മതിന്മകളെ അറിയുകയും ചെയ്യുന്നു. എനിക്ക് മനുഷ്യനെ...

More like this

ആശയത്തിനുവേണ്ടി കലഹിക്കുന്ന കലാകാരൻ

ലേഖനം   ഫൈസൽ ബാവ മനുഷ്യരൂപത്തിന് വലിയ അഭിരുചിയുണ്ട് എന്ന് വിശ്വസിക്കുകയും വിചിത്രവും അസാധാരണവുമായ പെയിന്റിങ്ങുകളിലൂടെ സൗന്ദര്യം, സ്ഥിരത, മാനസികാരോഗ്യം എന്നിവ തിരയുന്ന...

2001ലെ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് വിജയത്തിലേക്കൊരു തിരനോട്ടം

പവലിയന്‍ ജാസിര്‍ കോട്ടക്കുത്ത് "Not many know that at the end of day 3 we had packed...

I don’t Feel at Home in this World Anymore

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: I don't Feel at Home in this World Anymore Director: Macon...