കാറ്റ് നമ്മെ കൊണ്ടുപോകുന്നിടങ്ങളില്‍ കാറ്റിനുമുൻപേ ചെന്ന് നിൽക്കാനാകുമോ ?

0
193

ആത്മാവിന്റെ പരിഭാഷകള്‍ – ഭാഗം 10

ഡോ. രോഷ്നി സ്വപ്ന

The Wind Will Carry Us എന്ന പേരില്‍

ഇറാനിയന്‍ കവിയായ Forough Farrokhzad എഴുതിയ ഒരു കവിതയുണ്ട് .

‘’എന്റെ രാത്രിയിൽ,
ഏറ്റം ലളിതമായി
കാറ്റ് ഇലകളുമായി
കൂട്ടി മുട്ടാൻ പോകുന്നു.

ഏറെ ഹ്രസ്വമായ എന്റെ രാത്രി
വിനാശകരമായ വേദനകള്‍ കൊണ്ട്
നിറഞ്ഞിരിക്കുകയാണ്
നിഴലുകള്‍ മന്ത്രിക്കുന്നത്
കേൾക്കുന്നുണ്ടോ?
ഈ സന്തോഷം എനിക്ക്
അന്യമായി തോന്നുന്നു.
നിരാശ എനിക്കൊരു ശീലമാണ്.
നിഴലുകളുടെ മന്ത്രങ്ങള്‍
കേൾക്കുന്നുണ്ടോ?
രാത്രിയിൽ
എന്തോ സംഭവിക്കുന്നുണ്ട്.
ചന്ദ്രൻ ഉത്കണ്ഠ കൊണ്ട് ചുവന്നു തുടുത്ത്
മേൽക്കൂരയിലേക്ക്
പറ്റിപ്പിടിച്ചിരിക്കുന്നു
നിലവിളിക്കുന്ന
പെണ്ണുങ്ങളുടെ കൂട്ടം പോലെ
അത് ഏത് നിമിഷവും
തകർന്നേക്കാവുന്ന
സ്ത്രീകളുടെ കൂട്ടം പോലെ
മേഘങ്ങൾ,!
ഒരു മഴക്കായി കാത്തിരിക്കുക മാത്രം.
ഒരു നിമിഷം,
പിന്നെ ഒന്നുമില്ല.
ഈ ജനലിനു പിന്നിൽ,
രാത്രി വിറയ്ക്കുകയാണ്
ഭൂമിയുടെ ഭ്രമണം
നിലച്ചു പോയിരിക്കുന്നു
ഈ ജനലിനു പിന്നിൽ
ഒരു അപരിചിതൻ
എന്നെയും നിന്നെയും കുറിച്ച്
വേവലാതിപ്പെടുന്നു.
നിന്റെ പച്ചപ്പിലാണ് നീയിപ്പോള്‍.
ആ കത്തുന്ന ഓർമ്മകൾക്ക് മേല്‍….
നിനക്ക് പ്രിയപ്പെട്ട
എന്റെ കൈക്കൾക്കുമേൽ…..
കൈകളമർത്തുക –
ജീവിതത്തിന്റെ ഊഷ്മളത നിറഞ്ഞ
ചുണ്ടുകളെ വിശ്വസിക്കുക,
നിനക്ക് പ്രിയപ്പെട്ട
എന്റെ ചുണ്ടുകളുടെ സ്പർശത്തിലേക്ക്
കാറ്റ് നമ്മെ കൊണ്ടുപോകും!
കാറ്റ് നമ്മെ കൊണ്ടുപോകും! ”

ഈ കവിതക്ക് അബ്ബാസ് കയരോസ്തമിയുടെ the wind will carry us എന്ന ചലച്ചിത്രവുമായി യാതൊരു ബന്ധവുമില്ല. കവിത വായിക്കും മുമ്പ് ഞാന്‍ ആ ചലച്ചിത്രം കണ്ടിരുന്നു. ഓരോ തവണ കാണുമ്പോഴും ഇളം തവിട്ട് കലർന്ന്, വെളിച്ചം ഇഴയടുപ്പിച്ച പുല്‍മേട്ടിലെ ആ നീണ്ട പാത ഓർമ്മ വരും. ദൂരെ, ഇളം വയലറ്റ് കലർന്നൊഴിച്ച ആകാശം ഓർമ്മ വരും. അബ്ബാസ് കയരോസ്തമിയുടെ സിനിമകളിലെ വിശാലമായ ഭൂപ്രദേശങ്ങൾ ആത്മാവിന്റെ ഒഴിഞ്ഞുകിടക്കുന്ന കാമനകളെ പൂരിപ്പിക്കുകയാണ് എന്റെ ഓരോ കാലങ്ങളിലും.

The total in the total darkness,
poetry is still there and it is there for you.

എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട് ഒരിക്കല്‍. വെളിച്ചത്തിന്റെ സ്പർശം കൊണ്ട് തീർക്കുന്ന വെളിച്ചമില്ലായ്മയുടെ ചിലയിടങ്ങളിൽ, ഇത് ഏത് ജീവിതമാണെന്ന വിഹ്വലതകളോടെ മരണത്തിലേക്ക് പടരുന്ന കാഴ്ചകള്‍…. ജീവിതം എന്ന് വീണ്ടും വീണ്ടും ഉറപ്പിച്ച് തരുന്ന ഒരു സ്പർശം കയരോസ്തമിയുടെ സിനിമകളിലെമ്പാടും ഉണ്ട്. ഒരൊറ്റ നിമിഷം കൊണ്ട് മാറിമറിഞ്ഞുപോകാന്‍ സാധ്യതയുള്ള ജീവിതം തന്നെയാണ് തന്റെ സിനിമകളിലൂടെ കയരോസ്തമി വരച്ചിടുന്നത്. ദൃശ്യങ്ങളിൽ ഒരുപക്ഷേ കുരുങ്ങിക്കിടക്കാൻ സാധ്യതയുള്ള ഒരു കാഴ്ചക്ക് വേണ്ടി അയാൾ ജീവിതം മുഴുവൻ പരതിക്കൊണ്ടിരിക്കുന്നു. തൊണ്ണൂറുകളിൽ ലോക ശ്രദ്ധയെ ഇറാനിലെ ചലച്ചിത്ര ലോകത്തേക്ക് എത്തിക്കാൻ അബ്ബാസ് കയരോസ്മിയുടെ സിനിമകൾക്ക് ഏറെ സാധിച്ചിട്ടുണ്ട്. ഏതൊരു മനുഷ്യന്റെയും കണ്ടെടുപ്പുകളില്‍ നിന്ന് സ്വന്തം ജീവിതവും കലയും നിർമ്മിച്ചെടുക്കുക എന്നതാണ് ജീവിതത്തിലെ ഏറ്റവും സാഹസികമായ പോരാട്ടങ്ങള്‍.. അവ പലപ്പോഴും ശാന്തവും ധ്യാനാത്മകവുമായ ഇടങ്ങളിൽ അവരവരെ അടയാളപ്പെടുത്തുക കൂടി ചെയ്യുന്നു.

കയരോസ്തമിയുടെ സിനിമകൾ ഫിക്ഷനും യാഥാർത്ഥ്യത്തിനും ഇടയിൽ നേർത്ത വരയിലൂടെ സഞ്ചരിക്കുന്നവയാണ്. ചില സിനിമകള്‍ ഡോകുമെന്ററിയുടെ ശൈലി പിന്തുടരുന്നുണ്ട് എങ്കിലും ചില സിനിമകള്‍ ഹ്രസ്വമായ കഥാ വിവരണങ്ങളിൽ നിന്നോ സെമി-സ്ക്രിപ്റ്റ് ചെയ്ത രംഗങ്ങളിൽ നിന്നോ മെച്ചപ്പെടുത്തിഎടുക്കുന്ന മികച്ച ചലച്ചിത്രാനുഭവങ്ങള്‍ ആകുകയും ചെയ്യുന്നു..

“I never reflect or convey that which
I have not experienced myself.”

എന്നാണ് കയരോസ്തമി പറയുന്നത്

സത്യത്തിലേക്കുള്ള ഏറ്റവും നല്ല മാർഗം നുണകൾ പറയുകയാണെന്ന് അദ്ദേഹം വിശ്വസിച്ചു. അനുഭവത്തിന്റെ ഏറ്റവും സൂക്ഷ്മമായ അടരുകളില്‍ തന്റെ സിനിമകളെ അദ്ദേഹം കൊളുത്തിയിട്ടു.

സമയത്തിന്റെ നീണ്ട പാതകള്‍….
വിദൂരങ്ങളുടെ കാഴ്ചകള്‍,
ചിലപ്പോൾ നീണ്ട സീക്വൻസുകൾ,

ഇറാന്റെ സ്റ്റീരിയോടൈപ്പിക് സമൂഹഛായാചിത്രങ്ങളെ ആ സിനിമകള്‍ വല്ലാതെ മാറ്റി മറിക്കുന്നു. ലോകത്തെ മറ്റാരെയും പോലെ പ്രതീക്ഷകളും സ്വപ്നങ്ങളും ഉള്ള ആളുകളെക്കൊണ്ട് നിറഞ്ഞ ഇറാന്റെ ഭൂപടത്തില്‍ കയരോസ്തമിയുടെ സിനിമകള്‍ തെളിഞ്ഞു നിൽക്കുന്നു. ക്ലോസ് അപ്പ്‌, ഷിറിന്‍, ത്രോ ദി ഒലിവ് ട്രീസ്‌, ദി ടേസ്റ്റ് ഓഫ് ചെറീസ്, എന്നീ സിനിമകളോട് കൂടുതല്‍ അടുപ്പവും ഇഷ്ടവും തോന്നുന്നത് അതിലാണ് കയരോസ്തമിയുടെ കവിതകളുടെ കൂടുതല്‍ തെളിച്ചങ്ങള്‍ എന്നതിനാലാവാം.

A lyrical film that reminds us that the mysteries of life and death cannot be controlled or manipulated.
ഈ സങ്കല്പത്തോട് എന്നും കയറോസ്തമി നീതി പുലർത്തി.

വടക്കൻ ഇറാനിലെ കടുംമഞ്ഞയും തവിട്ടും കലർന്ന നിറത്തിലുള്ള വളഞ്ഞുപുളഞ്ഞ വഴികളിലൂടെയാണ് The wind will carry us ആരംഭിക്കുന്നത്. ഒരു സിനിമയില്‍ നിന്ന് ഒരു കാഴ്ചക്കാരന്‍ സ്വാഭാവികമായി ആഗ്രഹിക്കുന്നതോ, അയാളെ തൃപ്തിപ്പെടുത്തുന്നതോ, ഒരു പരിധിവരെ ആസ്വാദ്യകരമാക്കുന്നതോ ആയ കാര്യങ്ങളെക്കുറിച്ചുള്ള ധാരണകളെ അട്ടിമറിക്കുന്ന, ഒരു ദൃശ്യാനുഭവമാണ് the wind will carry us നമുക്ക് സമ്മാനിക്കുന്നത്. അബ്ബാസ് കയരോസ്തമി എന്ന കലാകാരനിലെ കവിയും ചിത്രകാരനും ഈ സിനിമയിൽ ആഴത്തില്‍ പ്രതിഫലിപ്പിക്കുന്നുണ്ട്. അപരിചിതരായ മൂന്നു പേര് ഒരു ചെറിയ ഇറാനിയൻ ഗ്രാമത്തിൽ എത്തിച്ചേരുന്നു. അവരുടെ ഉദ്ദേശ്യം ആദ്യം വ്യക്തമല്ല. “എഞ്ചിനീയർ” എന്ന് ഗ്രാമീണർ വിളിക്കുന്ന മൂവരിൽ ഒരാളെ മാത്രമേ സ്‌ക്രീനിൽ കാണിക്കുന്നുള്ളൂ. ടെഹ്‌റാനിലെ തന്റെ മേലുദ്യോഗസ്ഥരിൽ നിന്നുള്ള സന്ദേശങ്ങൾ ഇടയ്‌ക്കിടെ വന്നുകൊണ്ടിരിക്കുന്ന, റിംഗുചെയ്യുന്ന ഒരു പോർട്ടബിൾ ഫോൺ അദ്ദേഹം കൈവശം വയ്ക്കുന്നുണ്ട്. വഴി അന്വേഷിച്ചു കൊണ്ടുള്ള ഒരു യാത്ര ഇടക്ക് നിന്നും വീണ്ടും ആരംഭിച്ചും ഒരു കുന്നിൻ മുകളിലേക്ക് ഡ്രൈവ് ചെയ്തു നീങ്ങുന്നു. ശ്മശാനമായി അനുഭവിപ്പിക്കുന്ന കുന്നിൻ മുകളിൽ, ഒരു കിടങ്ങ് കുഴിക്കുന്ന അദൃശ്യനായ ഒരു വ്യക്തിയെ എഞ്ചിനീയർ പരിചയപ്പെടുത്തുന്നു. ക്രമേണ, അദ്ദേഹം മറ്റ് ഗ്രാമീണരെയും പരിചയപ്പെടുന്നു. ടെഹ്‌റാനിൽ നിന്നുള്ള ഒരു സിനിമാ സംഘമാണ് അവർ. വൃദ്ധയായ ഗ്രാമീണ സ്ത്രീയുടെ ആസന്നമായ മരണം അവർക്ക് രേഖപ്പെടുത്തണം. പ്രധാനമായും ദീർഘവൃത്താകൃതിയിലുള്ള സംഭാഷണങ്ങളിലൂടെ. ഈ സംഭാഷണങ്ങളിൽ ചിലത് സിനിമയുടെ വ്യാകരണ ഭാഷ പോലെ തന്നെ ചുറ്റി വളഞ്ഞാണ് നിലനിൽക്കുന്നത്. ഈ സിനിമ ചില സമയങ്ങളില്‍ പതിഞ്ഞ ദൃശ്യ ഭാഷയാണ്‌ കൈക്കൊള്ളുന്നത്. ചിലപ്പോള്‍ ഏറ്റവും നേർത്ത പ്ലോട്ടുകൾ മാത്രം അവതരിപ്പിക്കുന്നു. സിനിമയുടെ ഭൂരിഭാഗവും കൈയ്യെത്താത്ത ഒരു സംഭവത്തെ ആശ്രയിച്ചിരിക്കുന്നു. അദൃശ്യതക്കും അജ്ഞാതമായവയ്ക്കും ഇടയിലുള്ള നേർത്ത ചലനങ്ങൾ, സ്പർശങ്ങൾ. പല പ്രധാന കഥാപാത്രങ്ങളുടെയും മുഖങ്ങൾ മറഞ്ഞിരിക്കുന്നു. അതേസമയം, ക്യാമറ ചെറിയ പ്രാണികളില്‍ കൂടി കേന്ദ്രീകരിക്കുന്നു.

60-കളില്‍ പുറത്ത് വന്ന, ദൃശ്യസംവേദനം കൊണ്ട് വിസ്മയിപ്പിക്കുന്ന സിനിമകളില്‍ ഒന്നായി the wind will carry us നെ നമുക്ക് കാണാം. അത്തരം ധാരാളം ചിഹ്നങ്ങളും ബിംബങ്ങളും ഈ സിനിമ നൽകുന്നുണ്ട്. അവസാന ഭാഗത്ത് കാണിക്കുന്ന അസ്ഥി, ഉരുണ്ടു വീഴുന്ന ഒരു ആപ്പിൾ,ഉരുളുന്ന സോക്കർ പന്ത്. വണ്ട് ഭീമാകാരമായ ഭാരം ഉരുട്ടുന്നു, ഒരു ആമ ഇഴഞ്ഞു പോകാന്‍ ബുദ്ധിമുട്ടുന്നു. എന്നിട്ടും, ചലച്ചിത്രകാരന്റെ നോട്ടത്തിൽ, ഈ ചെറിയ സംഭവങ്ങൾ ഭീമാകാരമായ ജിജ്ഞാസ ഉണർത്തുന്നതിനുള്ള ദൃശ്യസാധ്യതകളാകുന്നു.

വണ്ട് എവിടെ പോകുന്നു?
ആമ അതിജീവിക്കുമോ

എല്ലാ ദിവസവും അസ്തമിക്കുകയും പുനർജനിക്കുകയും ചെയ്യുന്ന, സൂര്യനെ പ്രതിനിധീകരിക്കുന്ന ഒരു വിശുദ്ധ പ്രാണിയായി അത് വെളിപ്പെടുന്നു.

കാഴ്ചക്കാരുടെ പ്രതീക്ഷകൾ സിനിമയുടെ ആരംഭം മുതല്‍ അട്ടിമറിക്കപ്പെടുന്നുണ്ട്. ഇരുട്ട് നിറഞ്ഞുകിടക്കുന്ന ഒരു അറയിലേക്ക് ഒരാൾ കടന്നു ചെല്ലുന്നു.

“ഇവിടെ ആരുമില്ലേ?

ഇരുട്ടാണ് മറുപടി

ചീവീടുകളുടെ ശബ്ദം

അറയിൽ നിന്ന് ഒരു പെൺകുട്ടി കടന്നു വരുന്നു. അവളുടെ കയ്യിൽ ഒരു റാന്തൽ വിളക്ക്. അവൾ പശുവിനെ കറക്കാനുള്ള തയ്യാറെടുപ്പിൽ ആണ്

” നല്ല ഇരുട്ടാണല്ലോ. നീയെങ്ങനെ പശുവിനെ കറക്കും?

എനിക്കിത് ശീലമാണ്

ഇരുട്ടിൽ അവളുടെ റാന്തൽ വിളക്കിന്റെ മുനിഞ്ഞ വെളിച്ചം ഷോട്ടിന്റെ സൗന്ദര്യത്തെ വർദ്ധിപ്പിക്കുന്നു. മരക്കമ്പുകൾ കൊണ്ടുള്ള ചെറു വേലി, മരഗോവണിയുടെ നിഴൽ, അവളുടെ ചുവന്ന വസ്ത്രം…

വെളിച്ചം കൊണ്ട് വരാനാണ് അയാൾ അവളോട്‌ ആവശ്യപ്പെടുന്നത്. ജനൽക്കമ്പികൾക്കിടയിലൂടെ
എനിക്ക് തെരുവിലേക്ക്….ആൾക്കൂട്ടത്തിലേക്ക് നോക്കി സന്തോഷത്തോടെ ഇരിക്കാമല്ലോ” അയാൾ പറയുന്നു.

“എന്താണത്?

ഒന്നുമില്ല “അതൊരു കവിതയാണ് ”

അയാൾ ഒരു കവിയെയാണ് അന്വേഷിക്കുന്നത്. അവൾ ആരെക്കുറിച്ചും പറയുന്നില്ല.

“സാരമില്ല ഞാൻ നിനക്കൊരു കവിത വായിച്ച് തരാം.”

അവളുടെ മൗനത്തിനു മേൽ അയാൾ കവിത വായിക്കുകയാണ്.

“ചുരുക്കി പറഞ്ഞാൽ.
എന്റെ രാത്രികളിൽ
കാറ്റ് ഇലകളെ കണ്ടുമുട്ടാൻ
ഒരുങ്ങുന്നു.
നിനക്കിത്
മനസ്സിലാകുന്നുണ്ടോ?
രണ്ടുപേരും കണ്ടുമുട്ടുന്നു
(നീ യൂസഫ്നെ കാണാൻ പോകും പോലെ…)

കിണറിലേക്കോ?

അവൾ ഇടക്ക് ചോദിക്കുന്നു.

അയാൾ കവിത വായിക്കുന്നത് തുടരുന്നു

വിനാശകരമായ തീവ്രവേദനകളാൽ
എന്റെ രാത്രികൾ
വല്ലാതെ ചുരുങ്ങിപ്പോയിരിക്കുന്നു
നിഴലുകളുടെ നേർത്തു
വിറയാർന്ന ഒച്ചകൾ
കേൾക്കാനാകുന്നുണ്ടോ നിനക്ക്?
നിഴലുകളെ നിനക്ക് മനസ്സിലാകുന്നുണ്ടോ

അവൾ തിരിച്ചു ചോദിക്കുന്നു

“ഇരുട്ടിനെയോ?”

ആനന്ദങ്ങൾ എന്നത്
എനിക്ക്
വിദൂര കാമനകൾ മാത്രം….
നിരാശ
എനിക്കൊരു ശീലമായിരിക്കുന്നു.

ഹാർക്..നിനക്ക്
നിഴലുകളുടെ നേർത്ത മന്ത്രങ്ങൾ
കേൾക്കാനാകുന്നുണ്ടോ ?

ഈ രാത്രി എന്തെങ്കിലും സംഭവിക്കും
ചന്ദ്രനെ നോക്കൂ….
ചുവന്നു തുടുത്ത് പ്രതീക്ഷയുടെ
ഒരു കഷ്ണം പോലെ….!

അത് കൊളുത്തിക്കിടക്കുന്ന
മേൽക്കൂര എപ്പോൾ വേണമെങ്കിലും
തകർന്നു വീഴും.

മേഘങ്ങൾ….
നിലവിളിക്കുന്ന
പെണ്ണുങ്ങളുടെ കൂട്ടം പോലെ….!

മഴയുടെ ജനനത്തിനായി
കാത്തു നിൽക്കാം

ഒരു നിമിഷം
അതിനപ്പുറം
ഒന്നുമില്ല.

ജനലിനപ്പുറം
വിറകൊള്ളുന്ന രാത്രി!

ഭൂമി
തന്റെ ഭ്രമണം
നിർത്തിവച്ചിരിക്കുന്നു.

കാറ്റിനു പിന്നിൽ
അപരിചിതനായ ഒരാൾ

എന്നെയും നിന്നെയും ഓർത്തു
വേവലാതിപ്പെടുന്നു.

നീ നിന്റെ പച്ചപ്പിന്റെ സമൃദ്ധിയിൽ…..

പൊള്ളുന്ന ആ ഓർമ്മകളിലേക്ക്
കൈ ഉയർത്തുക.
എന്റെ കൈകൾക്കൊപ്പം

ജീവിതത്തിന്റെ
ഊഷ്മളത കൊണ്ട്
സമൃദ്ധമായ നിന്റെ ചുണ്ടുകളെ
എന്റെ ചുണ്ടുകൾ കൊണ്ട്
സ്പർശിക്കാൻ അനുവദിക്കുക.

(ഇത് നിറഞ്ഞിരിക്കുന്നു -അവൾ അതിനിടയിൽ പറയുന്നുണ്ട് )

ഈ കാറ്റ് നമ്മെ കോർത്തെടുക്കും

ആ ഇരുട്ടിൽ അയാൾക്ക് അവളുടെ മുഖം ഒന്ന് കാണണം എന്നുണ്ട്. റാന്തൽ ഉയർത്തി മുഖം കാണിക്കാമോ എന്നയാൾ ചോദിക്കുന്നു. ഒരിക്കലും നേരിൽ കാണാത്ത യുസഫിന്റെ പ്രിയപ്പെട്ടവളെ കാണാനയാൾ ആഗ്രഹിക്കുന്നു. കവിതയെഴുത്തിന് ബിരുദങ്ങളുമായി യാതൊരു ബന്ധവുമില്ല എന്നാണയാൾ പറയുന്നത്.
അവളുടെ മുഖം കാണാതെ തന്നെ അയാൾ മടങ്ങുന്നു.. അയാൾ കൊടുത്ത പണം അവളുടെ അമ്മ മടക്കി കൊടുക്കുന്നു.

കവിയായത് കൊണ്ടാണ് എന്ന് സിനിമ പറയുന്നു.

കിയരോസ്തമിയുടെ സ്വഭാവസവിശേഷതകളിൽ ഏറെ ശ്രദ്ദേയമായ ഒരു ഭാഷയാണ് സിനിമയുടെ ആരംഭത്തിലെ പുല്ലുകൾക്കിടയിലൂടെ വണ്ടിയോടിച്ചു വരുന്ന ദൃശ്യം പകരുന്നത്. പല നിറങ്ങള്‍ കലർന്നു വരുന്ന വിഷ്വൽ ട്രീറ്റ്മെന്റ് ആണ് കൊടുത്തിരിക്കുന്നത്. ആദ്യം മഞ്ഞയും തവിട്ടും കലർന്ന പുൽക്കൂട്ടങ്ങൾ.. പിന്നീട് കടുത്ത പച്ചയിൽ… പിന്നീട് ചാരവും പച്ചയും തവിട്ടും കലർന്ന രംഗങ്ങൾ….. പക്ഷികളുടെ നിഴലുകൾ…. കരിഞ്ഞ മൺതിട്ടകൾ….നിഴലുകളും നിശബ്ദതകളുമാണ് ആദ്യ ഭാഗങ്ങളിൽ സംവദിക്കുന്നത്.

മെഹമൂദ് ദോരാനി (Mahmood Dorani )യുടെ ക്യാമറയുടെ ഭാഷ അതിതീവ്രമായ വെയിലിനെയും നിഴലിനെയുo ഒപ്പിയെടുക്കുന്നത് മറ്റൊരു കവിതയായാണ് സിനിമയിൽ അനുഭവപ്പെടുന്നത്. പെയ്മൻ യസ്ദാനിയൻറെ (Peyman Yazdanian) ആരംഭത്തിലെ മ്യൂസിക്‌ ട്രാക്ക് വിദൂരമായ ആ ദൃശ്യത്തിന്റെ ഒഴുക്കിനെ ഒട്ടും അലോസരപ്പെടുത്തുന്നില്ല. ഗ്രാമത്തിലെ എഞ്ചിനീയറുടെ ദൗത്യം ക്രമാതീതമായി ഓരോ ഷോട്ടിലും പതിയെ പതിയെ വെളിപ്പെടുകയാണ്. തീർച്ചയായും, കാഴ്ചക്കാരന് കാഴ്ചയുടെ നിരവധി വിടവുകൾ നികത്തേണ്ടതുണ്ട്. നാടകീയമായ സംഭവങ്ങൾ സിനിമയില്‍ കുറവാണ്, സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നത്, ഒരിക്കലും നടക്കില്ലെന്ന് തോന്നും വിധം കാഴ്ചയുടെ ഓരോ അടരിനെയും സംവിധായകന്‍ കൈപ്പിടിയില്‍ ഒതുക്കുന്നു. അപരിചിതന്റെ സാന്നിധ്യം പ്രേക്ഷകരിൽ നിന്നും മറഞ്ഞിരിക്കുന്നു. സിനിമയുടെ അവസാനത്തെ പത്ത് മിനിറ്റിനുള്ളിലാണ് പ്രധാനപ്പെട്ട പല കാര്യങ്ങളും സംഭവിക്കുന്നത്. തൊട്ടടുത്ത നിമിഷം സംഭവിക്കാനുള്ള കാര്യങ്ങളെ ഊഹം കൊണ്ട് പിടിച്ചെടുക്കാവുന്ന ഭാഷയല്ല കയരോസ്തമിയുടെ സിനിമകളുടെത്. the wind will carry us ന്റെ തുടക്കത്തിലുള്ള ദൃശ്യങ്ങളിലൂടെ ഒന്ന് സഞ്ചരിച്ചാൽ നമുക്കിത് വ്യക്തമായി കാണാം.

കഥാപാത്രങ്ങളുടെ സഞ്ചാരപാതകള്‍…ലോങ്ങ്‌ ഷോട്ടുകളുടെ സൗന്ദര്യം !, അവസാനം അരുവിയിലൂടെ ഒഴുകി വരുന്ന അസ്ഥി !, സിനിമയുടെ കാതലായ കണ്ടന്റിനെ കാവ്യാത്മകമാക്കുന്ന ദൃശ്യ ഭാഷ !. അക്കാലത്ത് പ്രതീകാത്മകതയെ പല തരത്തില്‍ ചിത്രീകരിക്കാനും സ്വാംശീകരിക്കാനും ശ്രമിച്ച ഒട്ടനവധി സിനിമകള്‍ ഉണ്ട്. ബെർഗ്മാന്റെ സെവെൻത്ത് സീലില്‍ കടൽക്കരയിൽ മരണവുമായി ചതുരംഗം കളിയില്‍ ഏർപ്പെപെടുകയാണ് ഒരാള്‍. മഴയെ ആഖ്യാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു അടരായിക്കണ്ടു റാഷമോണിൽ കുറോസോവ. ലളിതമായ പ്ലോട്ടുകള്‍ ആണെങ്കിലും ധ്വന്യാത്മകമായ സമീപനങ്ങളുടെ ആഖ്യാന കാവ്യനീതി ഈ സിനിമകളില്‍ ഉപയോഗിച്ചിരുന്നു. ഈ കാവ്യനീതി തന്നെയാണ് കയരോസ്തമിയുടെ സിനിമകളിലെ കാഴ്ച്ചയുടെ രാഷ്ട്രീയം നിർവചിച്ചതും.

I would say that no film is apolitical.
There are politics in all films.
Any film that is anchored in a society,
any film that deals with humanity is
necessarily political.

എന്നാണ് അദ്ദേഹം പറഞ്ഞത്

wind will carry us എന്ന സിനിമയില്‍ ഈ വാക്കുകളുടെ പ്രതിഫലനമുണ്ട് . സിയ ദാരിയയുടെ ഓരോ വാക്കിലും അയാളുടെ കർത്തൃത്വത്തിന്റെ ജ്വലനമുണ്ട്. മരണാനന്തരo ഈ ഗ്രാമത്തിലെ സ്ത്രീകൾ നടത്തുന്ന വിചിത്രമായ സ്കാർഫിക്കേഷൻ ചടങ്ങ് ചിത്രീകരിക്കാൻ ആണയാള്‍ വന്നത്. ഫർസാദ് എന്ന ഒരു ആൺകുട്ടിയെ വഴികാട്ടിയായി കൂടെ കൂട്ടി അവര്‍ യാത്ര ചെയ്യുന്നു. ആ യാത്രയിൽ ഒന്നും സംഭവിക്കുന്നില്ല, പക്ഷേ എല്ലാം സംഭവിക്കുന്നു. അതാണ്‌ സിനിമയുടെ മാന്ത്രികത. അപ്രതീക്ഷിതങ്ങളായ ചലനങ്ങളും ശബ്ദങ്ങളും സ്പർശങ്ങളും നമ്മുടെ കാഴ്ചയെ ഏറ്റിയെടുക്കുന്നു.

“We die to each other daily.
What we know of other people is only our
memory of the moments during which we knew them.
And they have changed since then.
To pretend that they and we are the same is a useful and
convenient social convention which
must sometimes be broken.
We must also remember that
at every meeting we are meeting a stranger.”

ടി എസ് എലിയറ്റ് മരണത്തെയും ജീവിതത്തെയും കുറിച്ചു പറയുന്നത് ഇങ്ങനെയാണ്, അപരിചിതമായ ഇടങ്ങള്‍…ഓർമ്മകള്‍…അവയില്‍ ജീവിതവും മരണവും ഇടകലരുന്നു. ഈ സിനിമയിലുമുണ്ട് ചില അപരിചിത ഇടങ്ങള്‍…..ആ ഇരുണ്ട ഭൂഗർഭ അറ നോക്കൂ. അവിടേക്ക് അവള്‍ കയ്യില്‍ ഏന്തി വരുന്ന മുനിഞ്ഞ റാന്തല്‍ മാത്രമാണ് വെളിച്ചത്തിന്റെ സ്രോതസ്സ്. പക്ഷെ അയാള്‍ കവിത വായിക്കുമ്പോള്‍ നമ്മുടെ കാഴ്ച്ചയില്‍ വെളിച്ചം പടരുന്നു.

“മരത്തിനടുത്തായി
ദൈവത്തിന്റെ സ്വപ്നങ്ങളേക്കാൾ
പച്ചപ്പ് നിറഞ്ഞ
പാതയുണ്ട്.”

ചലച്ചിത്രത്തില്‍ ഉപയോഗിച്ച കവിതകളില്‍ നിന്നുള്ള ഒരു ഭാഗമാണിത്. പ്രതീകാത്മകമായി തന്റെ സംവിധാന ശൈലിയെ കവിതയായി അടയാളപ്പെടുത്താന്‍ കയരോസ്തമി ശ്രമിക്കുന്നതിന്റെ ഏറ്റവും തീവ്രമായ ഉദാഹരണങ്ങളാണ്. കയരോസ്തമിയുടെ ദൃശ്യങ്ങളുടെ വർത്തുളസ്വഭാവം ചലചിത്രത്തിന്റെ ഉൾക്കനത്തെ ഒട്ടും കുറയ്ക്കാതെ ആവിഷ്കരിക്കാന്‍ സഹായിക്കുന്നു..പ്രതീകാത്മക വികാരത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ട് അത് ചിലപ്പോള്‍.

I’ve often noticed that
we are not able to look at
what we have in front of us,
unless it’s inside a frame.

“കാണാതെ കാണാനും അറിയാനും അനുഭവിക്കാനുമുള്ള സിനിമ സൃഷ്ടിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” എന്നാണ് അദ്ദേഹം ഒരിക്കല്‍ പറഞ്ഞത്. സിനിമയുടെ ആസ്വാദനത്തിന് നിർണായകമായ പലതും നമ്മൾക്ക് ദൃശ്യമാകുന്നില്ല. “ടെലികമ്മ്യൂണിക്കേഷൻ” കുഴിയിൽ മണ്ണിനടിയിൽ നിന്ന് കുഴിക്കുന്ന മനുഷ്യൻ; അവന്റെ കാമുകിയായ സൈറാബിന്റെ അനാവൃതമായ മുഖം; അന്തിമസന്ദർശനത്തിനെത്തിയ ഫർസാദിന്റെയും ശ്രീമതി മാലെക്കിന്റെയും ബന്ധുക്കൾ. കയരോസ്തമിയുടെ അഭിപ്രായത്തിൽ, ‘’നമ്മൾ ഒരിക്കലും കാണാത്ത പതിനൊന്ന് പ്രധാന കഥാപാത്രങ്ങൾ സിനിമയിലുണ്ട്.’’

തന്റെ നിരവധി അഭിമുഖങ്ങളിൽ, കയരോസ്തമി ഒരു “പകുതിയാക്കി നിർത്തി വയ്ക്കുന്ന ഒരു സിനിമ” സൃഷ്ടിക്കാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. കാഴ്ചക്കാർ സ്വന്തം കാഴ്ചയുടെയും അനുഭവത്തിന്റെയും അടിസ്ഥാനത്തില്‍ പൂർത്തിയാക്കണം ആ സിനിമ എന്നദ്ദേഹം ആഗ്രഹിച്ചിരുന്നു.

‘’നിങ്ങൾ കാണുമ്പോൾ നിങ്ങൾ ചിന്തിക്കണം.” എന്നദ്ദേഹം ആവശ്യപ്പെട്ടു.

എന്താണ് ഒരു ദൃശ്യം, ഒരു ചലനം, അർത്ഥമാക്കുന്നത് ?

മറ്റ് ദൃശ്യങ്ങളുമായി ,ബിംബങ്ങളുമായി ,സൂചകങ്ങളുമായി ഇത് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? .

അത് എങ്ങനെയാണ് സിനിമയുടെ മുഴുവന്‍ ആഖ്യാനത്തെ ബാധിക്കുന്നത് ?

സത്യത്തില്‍ നാം കാണുന്നതെന്താണ് ?

അബ്ബാസ് കയരോസ്തമി തന്റെ സിനിമകളെ ചിഹ്നങ്ങളുടെയും അർത്ഥങ്ങളുടെയും ചലനങ്ങളുടെയും സങ്കലനമായി കരുതി. കയരോസ്തമിയുടെ ‘’പാതി സിനിമ ‘’എന്ന സങ്കല്പത്തില്‍ ആശയവിനിമയം ഒരു പ്രധാന പ്രമേയമായി മാറുന്നുണ്ട്. അത് ഒരൊറ്റ അർത്ഥത്തെ നിരാകരിക്കുന്നു. സിനിമയുടെ ആഖ്യാനഭാഷയിൽ പലയിടങ്ങളിൽ കവിതയെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലേക്ക് കയരോസ്തമി ഉപയോഗിക്കുന്നുണ്ട്.
കയരോസ്തമിയുടെ മനുഷ്യർക്ക് അവരെ നയിക്കുന്ന ആഗ്രഹങ്ങളുണ്ട്. ഇവിടെ ആശയവിനിമയം നടത്താനുള്ള ആഗ്രഹമാണ് മുന്നില്‍ നിൽക്കുന്നത്. സ്ത്രീകളെ ഭയപ്പെടുത്തുന്ന പ്രാകൃതവും ഗ്രാമീണവുമായ ഈ ആചാരം നിരീക്ഷിക്കാനും അത് ചിത്രീകരിക്കാനും ടെഹ്‌റാനിലെയും മറ്റ് നഗരവാസികളോടും ടെലിവിഷൻ പ്രേക്ഷകരോടും പറയാനും ബെഹ്‌സാദ് ആഗ്രഹിക്കുന്നു. അയാളിലൂടെ നോക്കുമ്പോള്‍ ഈ സിനിമയെ നയിക്കുന്നത്, രഹസ്യമായി എന്തെങ്കിലും പറയാനുള്ള അയാളുടെ ആഗ്രഹമാണ്. അയാൾ നിരീക്ഷകനാകുന്നു. ആത്യന്തികമായി ഒരു ആചാരത്തെ ചിത്രീകരിക്കാനുള്ള അവന്റെ അന്വേഷണം അവസാനിപ്പിക്കുന്നു. പിന്നീട്, അവൻ ഒരു സെമിത്തേരിയിൽ നിൽക്കുകയും ഒരു അസ്ഥി നൽകുകയും ചെയ്യുന്നിടത്ത് വിനിമയം ചെയ്യേണ്ടതായ ഒരു അർത്ഥം പല മാനങ്ങളിലേക്ക് പടരുന്നു.

യഥാർത്ഥ ആശയവിനിയമെന്നതെന്ത് എന്ന് നമുക്ക് അനുഭവപ്പെടുന്നു –

കയരോസ്തമിയുടെ സിനിമകളിൽ കാഴ്ചക്കാരെ സ്വതന്ത്രമാക്കുന്ന ഒരു സ്ഥലാനുഭവമുണ്ട്. ഒരൊറ്റ നിമിഷത്തെ പ്രേരണയിൽ ഒരു ദൃശ്യം അതിസൂക്ഷ്മമായ വിസ്മയങ്ങളിലൂടെ പ്രേക്ഷകരെ സ്വതന്ത്രരാക്കുന്നു.
അത്, ചലച്ചിത്രമെന്ന കവിതയോടും അതിന്റെ കലാപരതയോടും അബ്ബാസ് കയരോസ്തമി എന്ന കലാകാരൻ പ്രകടിപ്പിക്കുന്ന അതി തീവ്രമായ പ്രണയം കൊണ്ടാവാം.

പ്രണയത്തെക്കുറിച്ച് ഒരിക്കൽ അബ്ബാസ് കയരോസ്തമി പറഞ്ഞു

“പ്രണയത്തിലായിരിക്കുക എന്നത് നിർവ്വചിക്കാൻ വളരെ ബുദ്ധിമുട്ടാണ്. താത്കാലികമാണെന്ന് ഞാൻ കരുതുന്നു. കാരണം, പ്രണയത്തിൽ ആയിരിക്കുമ്പോൾ, നാം മുൻകാലങ്ങളെ നിരാകരിക്കാൻ ശ്രമിക്കുന്നുണ്ട്. ജീവിതം തന്നെ അനിശ്ചിതമാണെന്നിരിക്കെ, പ്രണയത്തിലായിരിക്കുക എന്നാൽ എനിക്ക് യാഥാർഥ്യത്തിൽ ആയിരിക്കുക എന്നാണ്. അത് ജീവിതാനുഭവങ്ങളിൽ നിന്ന് ഞാൻ പഠിച്ചതാണ്.. പക്ഷെ വെളിച്ചവും, ഇരുട്ടും, ജീവിതവും,മരണവും പോലെ നിർവ്വചിക്കാൻ സാധിക്കുന്ന ഒന്നല്ല പ്രണയം.”

-അദ്ദേഹത്തിന്റെ ഡയറക്ടോറിയൽ സമീപനങ്ങളിൽ കലയും രാഷ്ട്രീയവും പ്രണയവും കവിതയും ചിത്രകലയും കലർന്നൊഴുകുന്ന അനുഭവം അതീവ സൂക്ഷ്മമാണ്.

I guess that you see this in my films because it comes from my conviction, or at least from my background.

സംവിധായകന്‍ എന്ന നിലയില്‍ സ്വന്തം ബോധ്യങ്ങളെയും സ്വന്തം പരിസരങ്ങളെയും പശ്ചാത്തലത്തലങ്ങളെയും അദ്ദേഹം തന്റെ സിനിമകളില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരു പൊതു വിഭാഗത്തിനായല്ല അദ്ദേഹം തന്റെ ചലച്ചിത്രപ്രവർത്തനങ്ങൾ നടത്തിയത്. – മറ്റ് സംസ്കാരങ്ങളിൽ പ്രവർത്തിക്കുന്നതിന്റെ വെല്ലുവിളിയെക്കുറിച്ച് അദ്ദേഹത്തിന് എന്നും ആശങ്കകളും ആകുലതകളും ഉണ്ടായിരുന്നു. ചലച്ചിത്രകലയുടെ സാർവത്രികമായ ഇരുലോകത്തേക്ക് പെട്ടെന്ന് എത്തിച്ചേരുകയായിരുന്നു കയറോസ്തമി. എല്ലാ മനുഷ്യരും ഒരേ രീതിയിൽ കഷ്ടപ്പെടുന്നുണ്ടെന്നും സന്തോഷം ഒരേ രീതിയിൽ അനുഭവിക്കുന്നുണ്ടെന്നും തെളിയിക്കേണ്ടതിന്റെ ആവശ്യമല്ല കയറോസ്തമിക്ക്‌ തന്റെ ചലച്ചിത്രങ്ങളിലൂടെ തെളിയിക്കേണ്ടിയിരുന്നത്. മനുഷ്യരുമായി നിരന്തരം ഇടപെട്ട്, ലോകത്തിന്റെ ചിതറലുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ട് അദ്ദേഹം കവിതകൾ എഴുതുകയായിരുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

24 frames, fellow citizen, First Graders, homework, close -up, ABC Africa തുടങ്ങിയ ഡോക്യൂമെന്ററികളിൽ കൂടി അദ്ദേഹത്തിന്റെ കവിതകളുടെ ഛായ കടന്നുവരുന്നുണ്ട്. മനുഷ്യരുമായി നിരന്തരം ഇടപെടുകയും അവരുടെ ഭാഷയിൽ സ്വപ്നങ്ങളെയും മുറിവുകളെയും പകർത്തുകയും ചെയ്യുമ്പോൾ കയറോസ്തമി ഏറ്റെടുക്കുന്ന ജീവിതത്തിന്റെ ഏറ്റവും ലളിതമായ പ്രകമ്പനങ്ങളെ ആർക്കും അവഗണിക്കാനാവില്ല. മനുഷ്യർ എവിടെയായിരുന്നാലും ഒരുപോലെയാണ് എന്നദ്ദേഹം വിശ്വസിച്ചു, തന്റെ സിനിമകളിലൂടെ അത് വ്യക്തമാക്കുകയും ചെയ്തു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

 

LEAVE A REPLY

Please enter your comment!
Please enter your name here