HomeTHE ARTERIASEQUEL 64ഓർമ്മകളിലെ ഓണം

ഓർമ്മകളിലെ ഓണം

Published on

spot_imgspot_img

ഓർമ്മക്കുറിപ്പ്

സുഗതൻ വേളായി

ഓണം ഓർമ്മകളുടെ ഒരു വിരുന്നാണ്. ആ ഓർമ്മകൾ തികട്ടി വരുന്നതിന് മുന്നേ ഓണത്തിൻ്റെ വരവ് അറിയിച്ചു കൊണ്ട് ആദ്യമായി അവതരിച്ചത് മറ്റാരുമല്ല; നമ്മുടെ സർക്കാരു തന്നെ. കേരള ഭാഗ്യക്കുറിയുടെ രൂപത്തിൽ!. ‘കാണം വിറ്റും ഓണം ഉണ്ണണം’ എന്ന പഴമൊഴിയും, ‘ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ!’ എന്ന പരമമായ സത്യവും ഇപ്പൊഴും ഏറെക്കുറെ നിലനിൽക്കെ, ഇപ്രാവശ്യം എല്ലാ കോരന്മാർക്കും അവൻ്റെ സ്വപ്ന കുമ്പിളിൽ 25 കോടി
യുടെ ഓണം ബമ്പർ ഭാഗ്യമാണ് കാത്തിരിക്കുന്നത്!. പക്ഷേ, രൂപ അഞ്ഞൂറ് ഇറക്കണം. കിട്ടിയാൽ ഊട്ടി, പോയാൽ ചട്ടി! അത്ര തന്നെ. കോരന് എന്നും നിരാശ മാത്രം!

പിന്നെ സർക്കാർ വകയിലുള്ള ഓണക്കിറ്റിൻ്റെ വലിയ തോതിലുള്ള
പ്രചാരണവും പൊടിപൊടിക്കുന്നുണ്ട്. ഓണക്കിറ്റ് ബഹിഷ്ക്കരിക്കണമെന്ന് ചിലരും. ഏതായാലും ഞാനുൾപ്പെടെയുള്ള സർവ്വമാന അഭിനവകോരന്മാർക്കും
ഓണക്കിറ്റൊരത്താണിയാണ്. അൽപ്പം ജീവിതച്ചുമട് അതിൻമേൽ ഇറക്കി
വെയ്ക്കാം.

കൊട്ടകയിലേക്ക് ആളെ കൂട്ടാൻ വേണ്ടി സിനിമക്കാരുടെ ഓണക്കാല പടങ്ങളുടെ
പരസ്യങ്ങൾ….പൊടിപ്പും തൊങ്ങലും വെച്ചുള്ള സോഷ്യൽമീഡിയ ,ടീ വി, പത്ര കാമ്പയിൻ,ഫാൻസ് പോര് എന്നിങ്ങനെ ഒരു വശത്ത്. പത്രമാസികകളുടെ ഓണപ്പതിപ്പുകൾ കൂടാതെ ചില ഓണക്കോടി സമ്മാന
പരിപാടികളും കണ്ടു വരുന്നു. തങ്ങളുടെ ഉല്പന്നം പരമാവധി വിറ്റഴിക്കാൻ വേണ്ടിയുള്ള കച്ചവട തന്ത്രങ്ങൾ മറുവശത്ത് ! പലതരം മേളകൾ, മൊബൈൽ, ഗൃഹോപകരണങ്ങൾ, തുണിത്തരങ്ങൾ, വാഹനവിൽപ്പന, ഓണച്ചന്ത, നറുക്കെടുപ്പ് പരിപാടികൾ, ടൂറിസം വാരാഘോഷം എന്നിങ്ങനെ നാലുപാടു നിന്നും ഓണവരവ് അറിയിച്ചു കൊണ്ടുള്ള പ്രചാരണങ്ങൾ രണ്ടു മാസം മുന്നേ കൊഴുക്കും. ഒടുവിൽ ഓണത്തിന്
കൊട്ടിക്കലാശം.!

സർക്കാർ സ്വകാര്യ ജീവനക്കാരുടെ കുടുംബത്തിനാണ് ഓണം കൊണ്ടുള്ള
ഗുണം. ഉത്സവകാല അലവൻസ്, ഓണം ബോണസ് എന്നിങ്ങനെ ഓമനപ്പേരിൽ
ഒരുപാട് പണം കൈയിൽ വരുന്ന കാലം !. എല്ലാമേളകളും ആഘോഷങ്ങളും ജീവിതവും അടിച്ചു പൊളിക്കാനായുള്ള പുണ്യജന്മം ! ബോണസ് നൽകുന്നതിനു വേണ്ടി സർക്കാരിന് കോടിക്കണക്കിന് രൂപ കടമെടുക്കേണ്ടി വരുന്നു. സാധാരണക്കാരും അരികുവത്ക്കരിക്കപ്പെട്ടവരും രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്നു. അതിജീവനത്തിനായി പാടുപെടുന്നു. വിൽക്കാൻ കാണമില്ലാതെ, ഒന്നുമില്ലാതെ അവരെങ്ങിനെ ഓണമുണ്ണും???

ഇനി കോരനൊപ്പം എൻ്റെ പരിമിതമായ ഓണ വിചാരവുമാവാം. പിന്നെ ഓർമ്മയുടെ നടവരമ്പിലൂടെ തെന്നിയും വഴുതിയും പഴയ ഓണക്കാലത്തേക്കുള്ള മടക്കയാത്രയും…..!

ഓണം കേരളത്തിൽ പല സ്ഥലങ്ങളിലും സമുദായങ്ങളിലും വ്യത്യസ്ത രീതിയിലും, ആചാരങ്ങളിലും ഐതിഹ്യങ്ങളിലുമാണ് ആഘോഷിച്ചു വരുന്നത്. സദ്യവട്ടങ്ങളിലും പൂക്കളമൊരുക്കുന്നതിലും വരെ ആ വ്യത്യാസം പ്രകടമാകുന്നു. ഓണം വിഷു ആഘോഷങ്ങൾക്ക് പ്രത്യേകിച്ചും. മലയാളികളുടെ ദേശീയ ആഘോഷമാണ്
ഓണം എന്ന ധാരണ പോലും പിശകാണ്.

കേരളത്തിൽ ജാതിമതഭേദമന്യേ എല്ലാവരിലും ഓണം ഏകവികാരമല്ല. നമ്മുടെ കാർഷികോത്സവമായാണ്, മലയാളികളുടെ ദേശീയഉത്സവമായാണ് അത് ആചരിക്കുന്നത് എങ്കിൽ പോലും.

വടക്കൻ കേരളത്തിൽ മുസ്ലിം സമുദായങ്ങൾക്കിടയിൽ ഓണാഘോഷമില്ല. അവർ ഓണത്തെ ഹിന്ദുക്കളുടെ മാത്രം ആഘോഷമായി കാണുന്നു. എങ്കിലും വിശേഷാവസരങ്ങളിൽ ഇരുവിഭാഗവും അയൽ വീടുകളിൽ സ്നേഹവിരുന്ന് കൈമാറിവരുന്നു. സമ്പൽ സമൃദ്ധിയും മാനവസമത്വവും കാംക്ഷിക്കുന്ന, പ്രജാതൽപ്പരനുമായ മഹാബലി ചക്രവർത്തിയെ കുറിച്ചുള്ള ഓർമ്മകളിലാണ് ഓണം ആഘോഷിക്കപ്പെടുന്നത്. അത്തരത്തിലുള്ള ഒരു ഐതിഹ്യം ഊട്ടിയുറപ്പിക്കാൻ തക്കമുള്ള അപദാനങ്ങളും പാടിപതിഞ്ഞുകൊണ്ടേയിരിക്കുന്നു.

“മാവേലി നാടുവാണീടും കാലം,
മാനൂഷരെല്ലാരുമൊന്നുപോലെ.
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും…. “

സമത്വസുന്ദരമായ നാട് സ്വപ്നം കാണുന്ന മലയാളിയുടെ മാനവികതയക്ക് മാവേലി
മന്നനുമായി മനപ്പൊരുത്തവുമുണ്ട്ചിങ്ങപ്പുലരി പിറന്നാൽ കർഷകർ നിലമൊരുക്കിയും വിത്തുവിതയും കൊയ്ത്തുമൊക്കെയായി കാർഷികവൃത്തിയിൽ ഇറങ്ങും. ചിങ്ങം ഒന്ന് കാർഷിക ദിനമായി ആചരിച്ചു വരികയുമാണല്ലോ.
കർക്കിടകവും കഴിഞ്ഞ് മഴ ശമിച്ചാൽ പ്രകൃതി പ്രസന്നവതിയാകും.. ചെടികളും മരങ്ങളും പുത്തനുണർവോടെ പച്ചില ചാർത്തണിയും. വിവിധയിനം പക്ഷികൾ അവരവരുടെ വൈവിധ്യമാർന്ന ശബ്ദവിസ്മയങ്ങൾ കേൾപ്പിച്ചു കൊണ്ടിരിക്കും. നമുക്ക് ചുറ്റും പ്രകൃതി ഒളിപ്പിച്ചുവെച്ചിരിക്കുന്നഅനുഭൂതികൾക്കായ് നാം കണ്ണും കാതും തുറന്നിരിക്കണമെന്ന് മാത്രം. പ്രകൃതിയുടെ ഈ പ്രസരിപ്പ് നമ്മിലും അസാധാരണമായ അനുരണനമുണ്ടാക്കും.

അന്തരീക്ഷത്തിൽ ഓണവെയിൽ ഒളിച്ചിതറും. ചെടികളിലും വള്ളിപ്പടർപ്പുകളിലും പൂക്കൾ ചിരിതൂകും. തൊടിയിൽ തുമ്പപൂക്കൾ പാലാഴി തീർക്കും. തൊട്ടാവാടിപൂവിനെ പുലർകാല മഞ്ഞ് കുളിരണിയിക്കും. ചെമ്പരത്തിയും തെച്ചിയും നന്ത്യാർവട്ടവും പാരിജാതവും മുല്ലയും മുക്കുറ്റിയും വാടാമല്ലിയും ചെണ്ട് മല്ലിയും അരിപ്പൂവും കാക്കപ്പുവും കോഴിപ്പുവും കോളാമ്പിയും *പ്രകോഢയും പൂ നുള്ളാൻ വരുന്ന പിള്ളേരെ പ്രതീക്ഷയോടെ കാത്തിരിക്കും.

അത്തം പത്തിന് തിരുവോണം, കാണം വിറ്റും ഓണം ഉണ്ണണം

രണ്ടു വരകോപ്പിയിൽ പലവട്ടം ഉരുട്ടിയെഴുതി കൈ കുഴഞ്ഞ നോവ് എങ്ങിനെ ഞാൻ മറക്കും!

അത്തം മുതൽ മുറ്റത്ത് പൂക്കളമൊരുക്കും. അമ്മ തെങ്ങോല കൊണ്ട് ഭംഗിയായി മെടയുന്ന *കൊമ്മ കഴുത്തിൽ തൂക്കിയാണ് പൂ പറിക്കാൻ പോകാറ്. ഓരോ ദിവസവും അന്നത്തെ പൂക്കളത്തിന് വേണ്ട പൂക്കൾ മാത്രമാണ് ശേഖരിക്കുക. തൊടിയിൽ നിന്നും കാലത്ത് ഇറുത്തെടുത്ത ഒരു കുടന്ന തുമ്പപൂ ശീപോതി ഇല കൊണ്ട് അലങ്കരിച്ച വൃത്തത്തിനുള്ളിൽ നിറയ്ക്കും. ഇതിനെ ഒരു കുട്ടിപ്പൂ എന്ന് പറയുന്നു. രണ്ടാംദിവസം രണ്ടു വരിയും രണ്ടുകുട്ടി പൂവും എന്നാണ് പതിവ്. എല്ലാ ദിവസവും ഒരുവരി ശീപോതി കാണും. ദിവസേന പൂക്കളുടെ വരി കൂടി വരും. ഇടവഴിയിലെ ഈർപ്പുമുള്ള *തിണ്ടിനിരുവശങ്ങളിലും വയൽ വരമ്പുകളിലും വളരുന്ന ചെറുസസ്യമാണ് ശീപോതി. ശീപോതിയിൽ മഹാലക്ഷ്മിയുടെ സാന്നിധ്യമുള്ളതിനാലാണ് പൂക്കളത്തിൽ ശീപോതി ഇല ഒഴിച്ചുകൂടാനാവാത്തത് എന്നാണ് ഐതിഹ്യം. തലേദിവസം പൂക്കളത്തിൽ പരിലസിച്ചിരുന്ന വാടിയ പൂക്കൾ രാവിലെ പുരയിലെ ഞാലിപ്പുറത്താണ് വാരി എറിയുക. ഇപ്പോൾ പൂക്കളം പല ചിത്രങ്ങളിലും ഡിസൈനുകളിലും കാണാറുണ്ട്.

ഉച്ചവെയിൽ മയപ്പെട്ടാൽ ചുറ്റുവട്ടമുള്ള കൂട്ടുകാരൊത്തു പൂതേടി കാടുകയറും. ഇരുപുറവും ഉയർന്ന *കിളയുള്ള, കുത്തനെയുള്ള ഇടുങ്ങിയ ഇടവഴി താണ്ടി വേണം കാശുമാവിൻ തോപ്പിലെത്താൻ.

ഉരുളൻ കല്ലുകളും കാരമുള്ളും കാര്യമാക്കാതെ അരിപ്പു കാടുകളിൽ നിന്നും ഓറഞ്ച് , റോസ് നിറങ്ങളിലുള്ള അരിപ്പൂക്കൾ ശേഖരിക്കും. പിന്നീട് വിശാലമായ പാറപ്പരപ്പിൻ്റെ ഈർപ്പമുള്ള പൊടിപ്പുകളിൽ വളരുന്ന വയലറ്റ് നിറമുള്ള കാക്കപ്പൂക്കളിലേക്ക് നമ്മൾ പറന്നെത്തും. കൂടാതെ മുട്ടോളം ഉയരമുള്ള ചെടികളിൽ നീല നിറമുള്ള കോഴിപ്പൂക്കളുണ്ടാകും.

വിശാലമായ പാറപ്പരപ്പിനെ ‘വലിയ വെളിച്ചം’ എന്ന് വിളിച്ചുപോന്നിരുന്നു.
കുന്നിൻപുറങ്ങളിലെ പച്ചപ്പിൽ മേയുന്ന കന്നുകാലികൾ. കന്നിൻ മുകളിൽ കാക്കകൾ മേയുന്നു! ചരൽകല്ലുകൾ കൂനകൂട്ടി, അതിൽ മുട്ടയിട്ട് വിരിയിക്കുന്ന ‘കൊത്തിത്തീറ്റി’ എന്ന പേരറിയാ പക്ഷികൾ !അന്തി കറുക്കുന്നതിന് മുന്നേ നമ്മൾ കുന്നിറങ്ങും. മനസ്സും കൊമ്മയും നിറഞ്ഞ സംതൃപ്തിയോടെ …..

രാവിലെ എഴുന്നേറ്റ് തുമ്പ, തൊട്ടാവാടി, കോളാമ്പി തുടങ്ങിയ തൊടിയിലും ചുറ്റുവട്ടത്തുള്ള പൂക്കൾ ഇറുത്തെടുക്കും. വീട്ടിൽ നമ്മൾ കുട്ടികളെല്ലാവരും ചേർന്ന് പൂക്കളമൊരുക്കൽ. പൂക്കളത്തെ തൊട്ടും തലോടിയും അഭിപ്രായങ്ങൾ പങ്കുവെക്കും.

ചായ കുടിച്ചെന്ന് വരുത്തി അയൽവീടുകളിൽ കയറി ഇറങ്ങൽ. പൂക്കളത്തിൻ്റെ ഭംഗി നോക്കി പരസ്പരം വീരസ്യം പറച്ചിൽ. പിന്നീട് കൂട്ടുകാരെല്ലാം ചേർന്ന് പലതരം കളിവിനോദങ്ങളിലേർപ്പെടും. വീട്ടിലെല്ലാവരും ഒരുമിച്ചിരുന്ന് തൂശനിലയിൽ വിഭവസമൃദ്ധമായ ഉച്ചയൂണ്. പ്രഥമൻ പ്രധാനം. വടക്കൻ കേളത്തിൽ എല്ലാ വിശേഷ-ആഘോഷങ്ങളിലും വിവാഹം ഉൾപ്പെടെ മിക്ക വീടുകളിലും ഇറച്ചിയും പല ഇനം മീൻവിഭവങ്ങളും നിർബന്ധമാണ്. ബിരിയാണി ഇല്ലാതെന്ത് ആഘോഷം എന്നതാണ് നേര്. നാടൻ ചോറിനും ഇപ്പറഞ്ഞതൊക്കെ പഥ്യമാണ്. ഒടുവിൽ പുത്തനുടുപ്പും കളിബഹളവുമായി ഒരോണം കൂടി പടിയിറങ്ങും. ഊഞ്ഞാലാടി തളർന്ന പകലുകളും, കൊയ്തൊഴിഞ്ഞ പാടത്തെ വലകെട്ടി ഓട്ടവും ഇനി ഓർമ്മകളിൽ മാത്രം. വീണ്ടും സ്കൂൾ തുറക്കും. പിന്നെ നാട്ടുപള്ളിക്കുടത്തിൻ്റെ അരമതിലിൽ കൂടി കാണുന്ന പതിവുകാഴ്ച്ചകൾ മാത്രം.

കൗമാരത്തിലേക്ക് കടന്നപ്പോൾ ഓണത്തിൻ്റെ കാഴ്ചകളും കോലവും മാറുന്നു. മുഖത്ത് മീശയും ഊശാൻ താടിയും മുളച്ചപ്പോൾ മുട്ടിനുമീതേ മുണ്ട് മാടിക്കുത്താൻ തുടങ്ങി. കലാസമിതികളുടെ ഓണാഘോഷങ്ങൾ വിജയിപ്പിക്കാനുള്ള
സജീവ പങ്കാളിത്തമാകുന്നു, ഇപ്പോൾ ഓണം. കൂടാതെ മദ്യശാലയിലേക്ക് കടന്നു ചെല്ലാനുള്ള അവകാശ ദിനവും അവസരവും ഇതുതന്നെ.

കർണ്ണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും വരുന്ന പലതരത്തിലുള്ള പൂക്കൾ വിലപേശി വാങ്ങി പൂക്കള മത്സരം ഗംഭീരമാക്കുന്നു. നമ്മുടെ തുമ്പയും മുക്കുറ്റിയും കുറ്റിയറ്റു. തെച്ചിയും തുമ്പയും നിറഞ്ഞ തൊടികളിൽ ഭാഗം വെച്ചു പിരിഞ്ഞവർ വീടുകൾ പണിത് കുടിപാർത്തു. നമ്മൾ അണുകുടുംബങ്ങളായി പരിണമിച്ചു.

ഇടുങ്ങിയ ഇടവഴികളൊക്കെ ചെറുവാഹനങ്ങൾക്ക് പറക്കാനുള്ള റോഡു
കളായി. കൊയ്തുപാട്ടുകൾ നിറഞ്ഞ വയലേലകളെ തെങ്ങിൻ തോപ്പുകൾ അതിക്രമിച്ചു. പതിയെ പഴയ ഓണവും പടിയിറങ്ങി. മഹാബലി നാടുവാണിരുന്ന ആ പഴയ കാലവും എങ്ങോ പോയ്മറഞ്ഞു. പാടിപ്പതിഞ്ഞ് ഉറച്ചു പോയ വെറും സങ്കല്പികകഥ!’ ഏതെങ്കിലും സങ്കല്പത്തിലൂന്നി നടക്കാനുള്ള നമ്മുടെ ചെറിയ ആഗ്രഹത്തിൻ്റെ ഒരു ഭാഗം മാത്രം..

മാലോകരിൽ മലയും എലിയും തമ്മിലുള്ള അന്തരം വളരെ പ്രകടമായി. പണക്കാരനും പാവപ്പെട്ടവനും ഇരട്ട നീതി വിധിക്കപ്പെടുന്നു !
നേരം പുലരുന്നതു തന്നെ അഴിമതിയുടെ, ചതിയുടെ, കൂട്ടക്കുരുതിയുടെ, അപകടത്തിൻ്റെ, അക്രമത്തിൻ്റെ, പീഢനപരമ്പരകളുടെ, ഭയാനകമായ വാർത്തകളുമായാണ്.

ഓണാഘോഷത്തിൻ്റെ ഭാഗമായി സർക്കാരും സ്ഥാപനങ്ങളും റസിഡൻ്റ്സ് അസോസിയേഷനും നാട്ടിലെ കലാസമിതികളും കലാ- കായിക മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഓണതല്ല്, തുമ്പിതുള്ളൽ ,പുലികളി, വടംവലി, വള്ളംകളി, മാവേലി എഴുന്നള്ളത്ത് തുടങ്ങി പ്രാദേശികമായ രൂപഭാവങ്ങളോടെ പല ചടങ്ങുകളും അവതരിപ്പിക്കുന്നു.

നമ്മൾ അണുകുടുംബങ്ങളായി മാറിയപ്പോൾ പുതുതലമുറക്കാർ ഓണമുണ്ണാൻ ഹോട്ടലുകളിലെത്തുന്നു! പാർസലുകൾ വാങ്ങാനും അവിടെ ഇരുന്നു കഴിക്കാനും വേണ്ടി കുടുംബസമേതം ക്യൂ നിൽക്കുന്ന കാഴ്ച മാറുന്ന മലയാളിയുടെ മറ്റൊരു മുഖമാണ്. കൂടുതലായും സാധാരണക്കാരും ഇടത്തരക്കാരുമാണ് വീടുകളിൽ സദ്യവട്ടങ്ങളും പൂക്കളവുമൊരുക്കി ഓണം ഉത്സവമാക്കുന്നത്. എല്ലാമൊന്ന് ഒതുങ്ങിയാൽ സുഹൃത്തുക്കൾക്കൊപ്പവും കുടുംബമൊന്നിച്ചും ഇഷ്ട സിനിമയ്ക്കായ് തിയറ്ററിലേക്ക്, ചിലർ ബീച്ചിലേക്കും പാർക്കിലേക്കും ബാറിലേക്കും അങ്ങനെ…..

പൂക്കളത്തിനുമുന്നിലുംമാവേലിയോടൊപ്പവും സെൽഫിയെടുത്തും ഇൻസ്റ്റൻ്റ് പൂക്കളമൊരുക്കിയും കസവുടുത്ത് തിരുവാതിരയാടിയും വിഭവസമൃദ്ധമായ ഓണമുണ്ണുന്നതിൻ്റെയും ഓണക്കാഴ്ച്ചകളുടെയും കളികളുടെയും വീഡിയോകളും ഫോട്ടോകളും സ്റ്റാറ്റസും കമൻ്റും ലൈക്കും ചാറ്റും റീൽസും സ്റ്റിക്കറും ഇമോജിയുമൊക്കെയായി മൊബൈൽ ഫോണുകളിലൂടെ പുതുതലമുറ ഹർഷോന്മാദ സഞ്ചാരം നടത്തും. കൂടാതെ സോഷ്യൽ മീഡിയാ വഴി വൈറലാക്കാനുള്ള അടവുകളും പഴുതുകളും കണ്ടെത്താൻ ശ്രമിക്കും.

ഇല്ല. ആ പഴയ ഓണക്കാലം ഇനി ഒരിക്കലും തിരിച്ചുവരില്ല. ഇനിയും മരിക്കാത്ത ഓർമകളുടെ നടവരമ്പിലൂടെ ഇനിയുമെത്രകാലം…..!

പഴമയുടെ മാധുര്യമില്ലെങ്കിലും, സമത്വസുന്ദര കേരളനാട് ഭരിച്ചിരുന്ന മഹാനായ മാവേലിതമ്പുരാനേ വരവേൽക്കാനായി മലയാളികളായ നമ്മൾ പൂക്കളമൊരുക്കി, വിരുന്നൊരുക്കി ഓണം ആഘോഷിക്കുന്നു! പാക്കറ്റിലും കിററിലും കിട്ടുന്ന ഓണവിഭവങ്ങളുമായി.അപ്പൊഴും ഈയൊരു ചോദ്യം അന്തരാളത്തിൽ നിന്നും പാതിവെന്ത വറ്റ് പോലെ തിളച്ചുയർന്നുവരുന്നു.
കേരളക്കരയാകെ ഓണാഘോഷം അലയടിക്കുമ്പോൾ അരികുവൽക്കരിക്കപ്പെട്ട അഭിനവകോരന്മാരും അവരുടെ കുടുംബവും നെഞ്ചിടിപ്പോടെയും പള്ളവിശന്നും ഓണമുണ്ണാതെ കൈക്കുമ്പിളുമായി കാത്തിരിക്കുകയാണെന്ന വസ്തുത ഓരോ മലയാളിയും അറിയുന്നുണ്ടോ….???

* പ്രകോഢ= കൃഷ്ണകിരീടം / *കൊമ്മ = പൂവട്ടി / *തിണ്ട് = ഉയരം കുറഞ്ഞ കയ്യാല / *കിള= കയ്യാല,കൊളള്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അപമാനിതനായി, എനിക്ക് ഉത്തരം വേണം; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളേജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...

‘ഒരു പെരുംകളിയാട്ടം’ അക്കിര കുറസാവയുടെ ‘സെവന്‍ സമുറായ്’ക്കുള്ള ആദരം: ജയരാജ്

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ...

പ്രൊഫ: എരുമേലി പരമേശ്വരന്‍ പിള്ള കഥ-കവിത പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

കേരള ബുക്ക്‌സ് ആന്‍ഡ് എഡ്യൂക്കേഷണല്‍ സപ്ലൈയേഴ്‌സ് രണ്ടാമത് പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള കഥ, കവിതപുരസ്‌കാരം 2023ന് കൃതികള്‍...

More like this

അപമാനിതനായി, എനിക്ക് ഉത്തരം വേണം; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളേജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...

‘ഒരു പെരുംകളിയാട്ടം’ അക്കിര കുറസാവയുടെ ‘സെവന്‍ സമുറായ്’ക്കുള്ള ആദരം: ജയരാജ്

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ...