HomeTHE ARTERIASEQUEL 64സിൻഡ്രല്ലയുടെ ഷൂ

സിൻഡ്രല്ലയുടെ ഷൂ

Published on

spot_imgspot_img

കഥ

രാധിക പുതിയേടത്ത്

മാമ്മാ, നമ്മുടെ ഗ്രാമത്തിലെ കുട്ടിയായിരുന്നോ സിൻഡ്രല്ല?”

ചോരയുറ്റുന്ന പാദങ്ങളിലെ കെട്ടഴിക്കുന്ന പെങ്ങിനോട്, പല്ലു കടിച്ചമർത്തി, കുഞ്ഞുമിങ്ങ് ചോദിച്ചു. രണ്ടായൊടിച്ച ഉള്ളങ്കാലിനും ഒടിഞ്ഞ വിരലുകൾക്കുമിടയിൽ ചീർത്തുവന്ന പഴുപ്പിലും പുഴുക്കളിലുമായിരുന്നു പെങ്ങിന്റെ ശ്രദ്ധ. തൊട്ടടുത്ത് ചുരുണ്ടു കിടക്കുന്ന ചൂണ്ടുവിരൽ വലുപ്പത്തിലുള്ള പട്ടുചെരിപ്പുകൾ. അതിനുള്ളിൽ പാടത്ത് ചവിട്ടിയരച്ച എള്ളൂപൂക്കളെപോലെ പാപ്പിറസ് ചുരുളുകൾ. ചുരുളുകളിൽ നിന്നെത്തിനോക്കുന്ന കാന്റണീസ്‌ വരകൾ. പൊന്നുവിളയുന്ന ഗാംസാം* മലനിരകളിലേക്കുള്ള വഴികാണിക്കുന്ന മന്ത്രങ്ങളാണവ. ചുറ്റുമൊന്ന് കണ്ണോടിച്ച് പെങ്ങ് അതെടുത്ത് വിയർപ്പൊപ്പിട്ട തന്റെ കിപാവോ*ക്കുള്ളിൽ തിരുകിവച്ചു. കഴുത്തു മുതൽ കാൽ വരെ മറക്കുന്ന ആ മുഷിഞ്ഞ ളോഹയുടെ രഹസ്യയറകളിലൊന്നിൽ ചുരുളുകൾ ഭദ്രം.

“ഗ്രാമത്തിലെ മറ്റെല്ലാ സുന്ദരിമാരെയും പോലെ സിൻഡ്രല്ലക്കും താമരപാദങ്ങൾ ഉണ്ടായിരുന്നു.” ചുരുട്ടിയ മുഷ്ടിപോലുള്ള ഇളംപാദങ്ങൾ കൈയിലെടുത്ത് പെങ്ങ് ഒൻപതുവയസ്സുകാരിയെ സമാധാനിപ്പിച്ചു. “..അതുകൊണ്ടല്ലേ കൊട്ടാരത്തിലെ കുഞ്ഞുചെരുപ്പ് അവൾക്ക് മാത്രം പാകമായത്.” നേർത്തവിരലുകൾകൊണ്ട് അവൾ മമ്മയുടെ ലോഹയിൽ ഒന്നുകൂടെ ഇറുക്കിപ്പിടിച്ചു. കുറച്ചകലെ, പുരുഷന്മാരുടെ ബാരക്കിൽ നിന്ന് ഹക്ക* നാടൻപാട്ടുകൾ ഉയർന്നിരുന്നു. ദ്വീപിലെ ഉപ്പു ചുവയ്ക്കുന്ന ഉച്ചനേരങ്ങളിലെ ഈണം. ഒപ്പം അകമ്പടിസേവിക്കുന്ന കടൽനായ്ക്കളുടെ സീൽക്കാരങ്ങൾ. സ്വപ്നങ്ങൾ തടങ്കലിലാക്കിയ ആ ഹക്കവരികൾ പെങ്ങിനെ, കഞ്ഞി വെള്ളവും ചായയിലകളും ചാണകവും കടുകും മണക്കുന്ന കായ്പിംങ്ങ് ഗ്രാമത്തിലെത്തിച്ചു.

“വെട്ടല്ലേ വെട്ടല്ലേ ഞാൻ ചത്തു പോവും…” ഇരുമ്പ് ദണ്ഡുകൊണ്ട് കാൽവിരലുകളോരോന്നായി അടിച്ചുപൊട്ടിക്കുന്ന മാമ്മയുടെ മുഖത്ത് ഭാവഭേദങ്ങൾ ഇല്ല. കൂർപ്പിച്ച മുളകൊണ്ട് രണ്ടായി കീറിയ ഉള്ളങ്കാലിൽ നിന്ന് മഴവെള്ളപ്പാച്ചിൽ പോലെ രക്തം കുതിച്ചൊഴുകി. “താമരപ്പാദങ്ങളില്ലാത്ത പെൺകുട്ടികൾക്ക് ഷെൻ സൗ*വിൽ സ്ഥാനമില്ല”. പൊട്ടിയ അരഞ്ഞാണം പോലെ നേർത്തൊഴുകുന്ന സി നദിയിൽ നിന്ന് ഒരുകുടം വെള്ളമെടുത്ത്, പച്ച മരുന്നുകൾ ചേർത്തിളപ്പിച്ച്, കാലുകളതിൽ മുക്കി പുത്തൻതുണി ചുറ്റിത്തരുന്ന മാമ്മ. പെങ്ങ് തന്റെ രാകി മൂർപ്പിച്ച കാലുകളിലേക്ക് നോക്കി. ചെറിയൊരു ചെരിപ്പിനുള്ളിൽ നിന്ന് വളഞ്ഞുയർന്നു നിൽക്കുന്ന മേല്പാദങ്ങൾ.
തന്റെ ചുവന്ന പാവാടയുയർത്തി കുഞ്ഞുമിങ്ങ് പഴുപ്പൊഴുകുന്ന മുറിവ് കാണിച്ചു. “നീറുന്നു”. ദ്വീപിലെ ആശുപത്രിയിൽ ദിവസം അഞ്ചു ഡോളറോളം ചികിത്സക്ക് നൽകണം. അതെത്ര വെള്ളി നാണയങ്ങളെന്ന് പെങ്ങ് കണക്കുകൂട്ടി നോക്കി. കണക്ക് കൂട്ടാൻ വിരലുകൾ പോര. നൽകാൻ നാണയങ്ങളും ബാക്കിയില്ല. അഴുകാൻ തുടങ്ങിയ കുഞ്ഞുവിരലുകൾക്ക് ഉപ്പുവെള്ളം തന്നെ ശരണം.

“ബാബ എപ്പൊ വരും? നമ്മളെപ്പൊ സ്വർണമലകൾ കാണാൻ പോവും? ” വേദന അലക്കിയിടാൻ അവൾ പഠിച്ചുകഴിഞ്ഞു. സമുദ്രത്തിന്റെ പടിഞ്ഞാറേക്കരയിൽ പൊന്നു വിളയുന്ന മലകളും, കെടാത്ത വിളക്കുകാലുകളുള്ള നഗരങ്ങളുമുണ്ടെന്നും നോക്കെത്താ ദൂരത്തു ചോളവും കടുകും കൃഷി ചെയ്യാമെന്നും, മൂന്നുനേരം പാൽചുരത്തുന്ന പശുക്കളെ വളർത്താമെന്നും, ഒരുമിച്ച് ഉറങ്ങിയും സ്വപ്നം കണ്ടും ജീവിക്കാമെന്നും ചെൻ എഴുതി.

തപാൽക്കാരന്റെ ഉച്ചത്തിലുള്ള മണിയടി ശബ്ദത്തിന് വേണ്ടിക്കുള്ള കാത്തിരിപ്പിൽ വേനലുകൾ തള്ളിനീക്കി.

“ ജിൻ സാങ് ..ജിൻ സാങ് ” പച്ച മേൽക്കുപ്പായവും കാലുറകളും ധരിച്ച ചെറുപ്പക്കാരൻ ഉറക്കെ വിളിച്ചു. ഒരുകൈയിൽ മുഴങ്ങുന്ന മണിയും മറുകൈയിൽ തുണിയിൽ പൊതിഞ്ഞ മരപ്പട്ടിയും. ജിൻ സിന്നു*മായെത്തിയ മാലാഖ.

“കത്തിന് മറുപടി ഉണ്ടെങ്കിൽ ഞാൻ ഇവിടെ നിൽക്കാം.” മരപ്പെട്ടി കൈമാറികൊണ്ട് തപാൽക്കാരൻ പറഞ്ഞു.

“നിൽക്കു. ഞാനിപ്പോൾ വരാം.”
പെങ്ങ് കൊടുത്ത പിഞ്ഞാണത്തിലെ സംഭാരം അയാൾ ഒറ്റവലിക്ക് കുടിച്ചു വറ്റിച്ചു.

കിടപ്പുമുറിയിലെ കളിമൺ നിലത്തു പടിഞ്ഞിരുന്ന് പെങ്ങ് മരപ്പട്ടി തുറന്നു. പാപ്പിറസിലെ സ്വർണപ്പൊടികൾ സൂക്ഷ്മതയോടെ ഒരു ചെമ്പു പെട്ടിയിലേക്ക് മാറ്റി. ജിൻസിനിൽ നിറയെ ലഖുരേഖകൾ. ഭർത്താവെഴുതിയ കത്ത് ആർത്തിയോടെ അവൾ വായിച്ചു. മാസങ്ങൾക്കുള്ളിൽ സാൻ ഫ്രാൻസിസ്കോ പട്ടണത്തിലെക്ക് തിരിക്കണമെന്നും, അവിടെ ഉദ്യോഗസ്ഥർ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും മനഃപാഠമാക്കണമെന്നും ചെൻ എഴുതി. ” കപ്പലിറങ്ങുന്നതിനു മുൻപേ കടലാസുകൾ നശിപ്പിക്കണം . കടലാസുമായി പിടിക്കപ്പെട്ടാൽ നാടുകടത്തപ്പെടും.” തപാൽക്കാരനും ഉപദേശിച്ചു.

“നാലാമത്തെ പശുവും ചത്തു. വയലിൽ വെള്ളം കിട്ടാറില്ല. പയറ് നട്ടിട്ടുണ്ട്. ഞാനും മോളും വരാൻ തയ്യാറായിക്കഴിഞ്ഞു.” മറുപടി എഴുതിയ ചുരുളുകൾ പെങ്ങ് തപാൽക്കാരന് കൈമാറി.

മാസങ്ങൾക്ക് മുൻപ് വീട്ടുമുറ്റത്തെത്തിയ പട്ടിക്കുഞ്ഞിനെ വിട്ടുപോന്ന വിഷമത്തിലാണ് കുഞ്ഞുമിങ്ങ് ഹോങ്കോങ്ങിലേക്കുള്ള വഞ്ചിയിൽ കയറിയത്. പോരുന്നതിനു മുൻപേ, കീറിവരണ്ട നെൽപ്പാടവും, പശുക്കളിൽ ചാവാതെ ബാക്കിയായ രണ്ടെണ്ണത്തിനെയും, ചാവാറായ പന്നിക്കൂട്ടങ്ങളേയും റെയിൽറോഡുണ്ടാക്കുന്ന ലവോയികൾ*ക്ക് ഏതാനും ടായേലി*നു വിറ്റു. കഷ്ടം, അവരതിനെ കശാപ്പുചെയ്തിരിക്കും. പാടങ്ങൾ കീറി പാളങ്ങൾ വിരിച്ചിരിക്കും.

ഗാംസാം പട്ടണത്തിലേക്കുള്ള യാനയാത്രയോടെ, ഘടികാരസൂചി നിലച്ചു. ദ്രവിച്ച യന്ത്രങ്ങളുടെ മുരൾച്ചയിൽ, ഭീമൻ തിരയിളക്കങ്ങളിൽ, മത്സ്യത്തിന്റെ മനുഷ്യ സ്രവങ്ങളുടെ ചീഞ്ഞ പന്നിയിറച്ചിയുടെ മണം തികട്ടിവരുന്ന കടൽയാത്ര.
സാൻ ഫ്രാൻസിസ്കോ തുറമുഖത്തെ പുച്ഛം കലർന്ന നോട്ടങ്ങൾ, ജയിൽപ്പുള്ളികളെ പോലെ ദ്വീപിലേക്കുള്ള യാത്ര. ദ്വീപിലെ ഭയം മൂടിയ അമാവാസികൾ. കടലിലടിഞ്ഞ ആത്മാക്കളുടെ വഴിതെറ്റി അലയുന്ന കവിതകൾ മുഴങ്ങുന്ന ചുമരുകൾ.

പട്ടിണിയിൽ നിന്ന് ഓടിയെത്തിയത് ചെകുത്താന്റെ പാളയത്തിലെന്ന പെങ്ങിന് തോന്നി.
മാറ്റി ഇടാനുള്ള ചാങ്ങ് പാവോ മുഷിഞ്ഞു മണത്തു കട്ടിലിനടിയിലെവിടെയോ ഉണ്ട്. ഈർപ്പം മാറാത്ത അടിവസ്ത്രങ്ങൾ തൊലിയിൽ പൂപ്പലിന്റെ വഴുവഴുപ്പ് കൊണ്ടു വന്നു. ചൊറിഞ്ഞു പൊട്ടി നീറുന്ന തുടയിടുക്കുകൾ. പരസ്പ്പരമുരസ്സി പെങ്ങ് തന്റെ കാലിടകളുടെ ചൊറിച്ചിലടക്കാൻ പാടുപെട്ടു.

“ബാബോയി, വു വു**” ചെളിപുരണ്ട വിരലുകൾ ഇരുമ്പു കമ്പികളിലൊന്നിൽ കുരുങ്ങിക്കിടന്ന നീല ശലഭങ്ങളെ ചൂണ്ടി. ദ്വീപിലെ മനുഷ്യരെപ്പോലെ പിടഞ്ഞു കൊണ്ടിരിക്കുന്ന ദേശാടന ശലഭങ്ങൾ. യൂക്കാലിപ്റ്റസ് മരത്തിനു പിന്നിൽ ആലിംഗനത്തിലമർന്നിരിക്കുന്ന വെള്ളക്കാരനും ചീനക്കാരിയും. മിൻ എന്നാണവളുടെ പേര്. ഓഫീസിലെ മേശക്കിരുപുറമിരുന്നു ഇരുവരും കടലാസുകെട്ടുകൾ അഴിക്കുന്ന കാഴ്ച്ച പെങ്ങ് ഓർത്തു.

തിളയ്ക്കുന്ന ഉരുളക്കിഴങ്ങും പന്നിമാംസവും നാസാദ്വാരങ്ങളെ തുളച്ച് ആമാശയത്തിലേക്കാഴ്ന്നപ്പോൾ കുഞ്ഞു മിങ്ങ് മാമ്മയെ ദയനീയമായി നോക്കി.

“രാ വ്ന് ചീ*”

തടങ്കല്‍പ്പാളയത്തിന്റെ രണ്ടാം നിലയിലേക്കുള്ള പടികൾക്കപ്പുറം കുത്തിയിരുന്ന് പ്രാരാബ്ധക്കെട്ടുകളിറക്കുന്ന ഒരുകൂട്ടം പുരുഷന്മാർ. മുന്നിൽ മുണ്ഡനം ചെയ്ത്, പുറകിൽ പിന്നിയിട്ട നീണ്ട മുടി. ചിങ് ചക്രവർത്തിയോടുള്ള വിധേയത്വം വിളംബരം ചെയ്യുന്ന വേഷവിധാനം. ളോഹ പോലുള്ള മേലുടുപ്പും കാലുറകളും. ഈ കുപ്പായമിട്ടവരെ വെള്ളക്കാർക്ക് വെറുപ്പാണ്. വെറുപ്പിനിടയിൽ നിലനിൽക്കുകയെന്ന മഹാ വിപ്ലവത്തിലാണ് ഇവിടെയെത്തിപ്പെട്ട ഓരോരുത്തരും. ഗാംയോ*യിലെ വിപ്ലവങ്ങൾ കടലിലടിയുന്നു, കവിതകളാവുന്നു. കവിതകൾക്ക് മരണമില്ലെന്ന് ബാരക്കിലെ ചുമരുകളിൽ ആരോ കോറിയിട്ടിട്ടുമുണ്ട്.

ഗ്വാങ്‌ടോങ്ങിലെ ചായത്തോട്ടങ്ങളോരോന്നായി കരിഞ്ഞു. പരുത്തികൃഷി വിദേശികൾ കൈയടക്കി. അവർ നദിയോരങ്ങളിൽ ഫാക്ടറികൾകെട്ടി ആകാശത്തെ കരിനിറമാക്കി. പണക്കാർക്ക് കുതിരയൊട്ടത്തിനുള്ള വെറും പാതയായിമാറിയ സിനദി. ആൽഗകൾ കടൽ പൊതിഞ്ഞപ്പോൾ മത്സ്യങ്ങൾ ചത്തുപൊങ്ങി. മത്സ്യം കിട്ടാതായതോടെ പലരും പാടവും നിലവും റെയിൽ റോഡ് കമ്പനികൾക്ക് വിറ്റു കപ്പൽ കയറി. ചിലർ ഹോങ്കോങ്ങിലും നന്യാങ്ങ് നാടുകളിലും ചുമട്ടു ജോലിക്ക് ചേർന്നു. ചിലർ ഷാങ്ങ് ഡി യിൽ ചേർന്നു ബൈബിൾ സ്വീകരിച്ചു. ബൈബിൾ സ്വീകരിച്ചവർക്ക് നികുതി കൊടുക്കേണ്ടത്രെ. യോദ്ധാക്കൾ വാളെടുത്തു. കലാപങ്ങളുണ്ടായി.

സ്വർണമലകൾതേടി കടൽ കടന്നെത്തിയവരെ ഗാം സാമിൽ കാത്തിരുന്നത് തടങ്കൽ പാളയങ്ങളായിരുന്നു. വംശവും വർഗ്ഗവും നിറവും നിശ്ചയിക്കുന്ന ഇടങ്ങൾ. രുചികൾ, അരുചികൾ. ക്രമങ്ങൾ. വംശങ്ങൾ കൈക്കോർക്കാതെ, വർഗ്ഗങ്ങൾ കലരാതെ, നിറങ്ങൾ പടരാതെ വച്ച ബണ്ടുകൾ. ഈ ബണ്ടുകൾ മുറിച്ചവർക്ക് വിധി ഹോങ്കോങ്ങിലെ അടിമച്ചന്ത.

“ഗോ ബാക്ക് ടു യുവർ റൂം” നീല കാലുറകളും മേൽക്കുപ്പായവും ധരിച്ച പാറാവുകാരൻ അലറി. ചുവപ്പ് കീറിയ ചെമ്പു രോമങ്ങൾ മൂടിയ ചുണ്ടുകളിൽ പുച്ഛം……….  (തുടരും)

ഗാം സാം : കാലിഫോർണിയ
ഹക്ക : തെക്കൻ ചൈനയിലെ ഒരു വിഭാഗം
ഷെൻ സൗ (Shénzhōu) : ചൈനയെ ആ നാട്ടുകാർ വിശേഷിപ്പിക്കുന്നത്. divine state
ജിൻ സാങ് ( jinxiang) : Remittance boxes. മരം കൊണ്ട് നിർമ്മിച്ച പണപ്പെട്ടി
ജിൻ സിൻ (jinxin ): സ്വർണപ്പൊടിയും കത്തും
ചിയാവോ പിജോ : പണം കടം നൽകുന്ന സ്ഥാപനം
ലവോയി: വിദേശികൾ
ടയേൽ : പണത്തിന്റെ യൂണിറ്റ്. കറൻസി
ഗാംയോ: ജയിൽ
ബോബോയി : കുട്ടി
വു വു: പൂമ്പാറ്റ
രാ വ്ന് ചീ: പോകാം


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...