ഓർമ്മക്കുറിപ്പ്
സുഗതൻ വേളായി
പണ്ട്, എൺപതുകളിലെ ഏഴാം തരത്തിലെ സ്കൂൾ കാലം. നമ്മുടെ ഭാരത മാതാവിന് മുപ്പത്തിനാല് വയസ്സ് മാത്രം. ഏതാണ്ട് എഴുപതു കോടിയിൽപ്പരം മക്കളും!
സ്കൂൾ അസംബ്ലിയിൽ ഞങ്ങൾ ദിവസവും ഭാരതാംബയ്ക്കുവേണ്ടി അര മണിക്കൂർ നീക്കിവെക്കാറുണ്ട്.. ഓരോ ക്ലാസിലെയും ലീഡർമാർക്കു പിറകിൽ നമ്മൾ അനുസരണയോടെ വരി നിൽക്കും. സ്കൂൾ ലീഡറും സ്കൗട്ട് മാഷും ഞങ്ങൾക്കു ചെറിയ നിർദ്ദേശങ്ങൾ തന്നുകൊണ്ടിരിക്കും. മാഷന്മാരും ടീച്ചർമാരും ഓഫീസ് മുറിക്കു മുന്നിലെ കൊച്ചു തിണ്ണയിൽ നമുക്ക് അഭിമുഖമായി നിലയുറപ്പിക്കും. അവർക്കു മുൻനിരയിലാണ് ലീഡറുടെ സ്ഥാനം. അരികിൽ അറ്റൻഷനായി ബാലൻ മാഷുണ്ടാകും.സ്കൂളിലെ ഉയരവും വണ്ണവും ചുറുചുറുക്കുമുള്ള കുട്ടിയായിരിക്കും മിക്കവാറും സ്കൂൾ ലീഡർ. നമ്മുടെ ലീഡർ ഒരു മോഹനസുന്ദരം ആയിരുന്നു.
അഞ്ചാം തരത്തിലാണ് അവൻ ആദ്യമായി സ്കൂളിലെത്തുന്നത്. തമിഴ് ചുവയുള്ള മലയാളമാണ് പറയാറ്. ചെറിയ പ്രായകൂടുതലുമുണ്ട്. എന്നോട് പ്രത്യേകസ്നേഹമായിരുന്നു. കൊച്ചനുജൻ്റെ കരുതൽ ലഭിച്ചിരുന്നു !
ഇളം ചെമ്പൻമുടിയും എള്ളെണ്ണയുടെ മണവുമുള്ള, ഉറച്ച ശരീരവും ഉയരവുമുള്ള കുട്ടി. അവൻ പിന്നീട് മലയാളമൊക്കെ
പഠിച്ചെടുക്കുകയായിരുന്നു.എന്നാലാവും വിധം ഞാനും സഹായിച്ചു. തമിഴിൽ എൻ്റെ പേര് എഴുതി പരിശീലിപ്പിച്ചാണ് അവൻ പകരം വീട്ടിയത്!
ഇന്ത്യ എന്റെ രാജ്യമാണ്.എല്ലാ
ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്.
ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു.
സമ്പൂര്‍ണവും വൈവിദ്ധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ഞാന്‍ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കും. ഞാന്‍ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്‌നിക്കും…
പ്രതിജ്ഞ. പ്രതിജ്ഞ. പ്രതിജ്ഞ.
എൻ്റെ ഇളം മേനിയിലൂടെ കുളിരു പായും. രോമങ്ങൾ എഴുന്നു നിൽക്കും! അതാണ് രോമാഞ്ചം എന്ന വികാരമെന്ന് പിന്നീടാണറിഞ്ഞത്. മോഹന സുന്ദരത്തിനൊപ്പം പ്രതിജ്ഞ ഏറ്റുചൊല്ലി സുന്ദരിയായ നമ്മുടെ അമ്മ രാജ്യത്തോടുള്ള കൂറ് നമ്മൾ ഊട്ടിയുറപ്പിക്കും.
“ദൈവമേ കൈതൊഴാം കേൾക്കുമാറാകണേ ……എന്ന പ്രാർത്ഥനാഗീതം സ്വരമാധുരിയുള്ള
സലിലയും രാജശ്രീയും ശ്യാമളയും
ചേർന്നാലപിക്കും.
സ്റ്റാൻ്റററീസ്!…… അറ്റൻഷൻ!
മോഹനസുന്ദരത്തിൻ്റെ മുഴങ്ങുന്ന ശബ്ദം വീണ്ടും ഉയരും. പിന്നീട് വരിവരിയായി അവരവരുടെ ക്ലാസ് മുറികളിലേക്ക്……അവസാനപീരിയഡും കഴിഞ്ഞാലാണ് നമ്മൾ ദേശീയഗാനം ആലപിക്കുന്നത്. കുട്ടികൾ മുഴുവൻ എഴുന്നേറ്റ് നിന്ന് ആലാപനത്തിൽ പങ്കുകൊള്ളും. ജയ ജയ ജയ ജയ ഹേ……….
നാണുമാഷ് ഓട്ടുമണി മീട്ടുന്നതോടൊപ്പം കുട്ടികൾ ഹർഷാരവങ്ങളോടെ സ്കൂൾ വിട്ട് പുറത്തേക്ക്….
ആഗസ്റ്റ് 15 ന് സ്വാതന്ത്രദിനം അടുത്ത് വരുമ്പോൾ ഞങ്ങൾക്ക് തിരക്കേറും. കുട്ടികൾ അവരവരുടെ ക്ലാസ് മുറി അലങ്കരിക്കും. ഞങ്ങളുടെ കഴിവിനനുസരിച്ച് സംഭാവനകൾ നൽകണം. പലവർണ്ണങ്ങളിലുള്ള കളർ പേപ്പർ വാങ്ങണം. അത് വെട്ടിയൊരുക്കി എത്രയും ഭംഗിയായി തോരണം തൂക്കണം. സ്കൂളിനടുത്ത് രണ്ട് മൂന്ന് കടകൾ കാണും. ചായക്കടയും *കട്ട്ലേരി കച്ചോടവും ഉണ്ടായാൽ ഭാഗ്യം. സ്റ്റേഷനറിക്കടയിൽ പഠിക്കാനാവശ്യമായ നോട്ട്ബുക്ക്, പേന, പെൻസിൽ, സ്കെയിൽ ….മുതലായവ കിട്ടും. ഉപ്പിലിട്ട നെല്ലിക്കയും വർണ്ണകടലാസ് ചുറ്റിയ പലതരം മുഠായികളും കിട്ടും. നാരങ്ങ മിഠായും പാരീസുമുഠായിയും ഇഷ്ടം!. പീടികയിൽ സ്വാതന്ത്ര്യ ദിനത്തോടടുപ്പിച്ച് പല വലിപ്പത്തിലുള്ള മൂവർണ്ണ കൊടികളും കളർ പേപ്പറുകളും നിറയും. കീശയിൽ കുത്താനുള്ളത്. കൈയിൽ വീശാനുള്ളത്, അണിയാനുള്ള മൂവർണ്ണ ബേൻ്റ്, പലനിറമുള്ള വിശറികൾ…….
ചെമ്മൺനിരത്തിൽ നിന്നും അനേകം ഒതുക്കുകല്ലുകൾ പടുത്ത കുന്നിൻ മുകളിലാണ് കൂട്ടുകാരൻ ബാബുവിൻ്റെ
വീട്. ഞാൻ കളർപേപ്പറുകളുമായി അവിടെയെത്തും. അവിവാഹിതനായ വാസുമാഷ് അവൻ്റെ ഇളയച്ഛനാണ്. ഹഠയോഗം പഠിപ്പിക്കുന്ന വാസു മാസ്റ്റർ തോരണത്തിനുള്ള കടലാസുകൾ പല രൂപങ്ങളിൽ കത്രികയിൽ വെട്ടിയൊരുക്കിത്തരും. ആപ്പിളും പക്ഷിയും മാങ്ങയും മണിയും കടലാസുമാലയിൽ തൂങ്ങിനിൽക്കും !
അദ്ദേഹത്തിൻ്റെ കരവിരുത് അപാരം ! മെല്ലിച്ച് കൊലുന്നനെയുള്ള മാസ്റ്റർക്ക് സായി ബാബയുടെ മുഖവും ചുരുണ്ട മുടിയും ഉണ്ടായിരുന്നു!
ചുമരുകൾ തിരിക്കാത്ത അരമതിലുള്ള ക്ലാസ് മുറികളിൽനിന്നും തോരണം കെട്ടിയ ത്രിവർണ്ണമാലകൾ കാറ്റിൽ തിരമാലകളെപ്പോലെ ഓളപരപ്പുകളുയർത്തും!
ബോർഡ് കറുപ്പിച്ചും കളർബലൂണുകൾ തൂക്കിയും ഓരോ ക്ലാസ്മുറിയും
അലങ്കരിക്കും
സ്കൂൾ പരിസരം വൃത്തിയാക്കാൻ
പെൺകുട്ടികൾ മുന്നിട്ടിറങ്ങും. സ്കൂൾ മുറ്റത്തിൻ്റെ അതിരുകളിൽ അധ്യാപകർ
ചൂടിക്കയറിൽ കുരുത്തോല മാലകളും
ചെമ്പരത്തിപ്പൂക്കളും കൊരുത്തിടും. ഓഫീസ് റൂമിന് മുന്നിലെ പ്രത്യേകമായി ഒരുക്കിയ തറയിൽ ഉയരമുള്ള മുളങ്കാലിൽ
ദേശീയ പതാക ഉയർത്താനുള്ള തയാറെടുപ്പുകൾ നടത്തും. കുട്ടികൾ ആവേശത്തിരകളിലാറാടും. സ്കൗട്ട് പരിശീലനം രണ്ടു ദിവസം മുന്നേ തുടങ്ങും.
ആഗസ്ത് 15 ന് രാവിലെ തന്നെ
അസംബ്ലി ചേരും. സ്കൗട്ട് കുട്ടികൾ മുൻപന്തിയിലുണ്ടാകും .ഖദറിൻ്റെ നീളൻ ജുബ്ബ ധരിച്ച ചാത്തൂട്ടിമാഷ് ആദരപൂർവം
ദേശീയ പതാകയുയർത്തും. കുട്ടികൾ ദേശീയഗാനം ആലപിക്കും. സ്കൂൾ മുഴുവൻ ഗാനധാരയിൽ ലയിച്ച് പുളകം കൊള്ളും. സകല ചുണ്ടുകളിലും ആ വരികൾ മന്ത്രണം ചെയ്യും. വാനിലുയർന്നു പാറുന്ന ത്രിവർണ്ണ പതാകയെ നോക്കി നെഞ്ചിൽ കൈവെച്ച് അഭിവാദ്യം ചെയ്യും. ഭാരത മാതാവിനെ വന്ദിക്കും.
ഒടുവിൽ, മുഠായിവിതരണം തുടങ്ങും.
മോഹനസുന്ദരം ഓടിനടന്ന് മുന്നിലുണ്ടാകും. അവൻ്റെ ചുണ്ടിലും വലിയ നെറ്റിയിലും വിയർപ്പുതരികൾ ഉരുണ്ടുകൂടും. കുട്ടികൾ വർണ്ണതുമ്പികളായ് സ്കൂൾ മുറ്റത്ത് ഉല്ലസിക്കും. വർഷങ്ങൾക്കിപ്പുറത്തുനിന്ന്,
ജീവിതത്തിൻ്റെ അപരാഹ്നത്തിൽ വീണ്ടുമൊരു സ്വതന്ത്രപുലരിയിൽ ,പഴയ
സ്കൂൾ കാലത്തിലേക്ക് മനസ്സ് പിന്തിരിഞ്ഞോടുന്നു. ഇപ്പോൾ ഞാനോർക്കുന്നു:
അന്ന് സ്കൂൾ മുറ്റത്ത് വെച്ച് ഞാൻ ഏറ്റുചൊല്ലിയ എൻ്റെ പ്രതിജ്ഞ പാലിക്കപ്പെട്ടിട്ടുണ്ടോ?എല്ലാവരേയും എൻ്റെ സഹോദരീ സഹോദരന്മാരായി എനിക്ക് കാണാൻ കഴിഞ്ഞിട്ടുണ്ടോ??
ഞാൻ എൻ്റെ രാജ്യത്തെ അഗാധമായി
സ്നേഹിക്കുന്നുണ്ടോ? അതിൻ്റെ പാരമ്പര്യത്തിൽ അഭിമാനം കൊള്ളുന്നുണ്ടോ?
എൻ്റെ ഗുരുക്കന്മാരോടും മുതിർന്ന
വരോടും ബഹുമാനപുരസ്സരം പെരുമാറുന്നുണ്ടോ? ഞാൻ എൻ്റെ രാജ്യത്തിനും നാട്ടുകാർക്കും
വേണ്ടി ആത്മസമർപ്പണം ചെയ്യുന്നുണ്ടോ ? എൻ്റെ പ്രവർത്തി രാജ്യനന്മയ്ക്കുതകുന്നതാണോ?
എങ്കിലും ഞാൻ വിശ്വസിക്കുന്നു:
എനിക്ക് പെറ്റമ്മയും പിറന്ന നാടും സ്വർഗ്ഗത്തേക്കാൾ മഹത്തരമാണ്.
ലോകത്തെ ഏറ്റവും നല്ല രാജ്യം എന്റെതായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുമുണ്ട്.എന്റെ രാജ്യത്ത് എന്നും ശാന്തിയും സമാധാനവും ഐശ്വര്യവും സമ്പല്‍സമ്യദ്ധിയും ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്. ആ സ്നേഹത്തിന്റെ, ആഗ്രഹങ്ങളുടെ, പ്രതീക്ഷകളുടെ ആത്മാര്‍ഥതയില്‍ തികച്ചും അവകാശത്തോടെ ആവേശത്തോടെ ഞാൻ ഉറക്കെ പറയുന്നു:
വന്ദേമാതരം!! ജയ്ഹിന്ദ് !!
എൻ്റെ എല്ലാ സഹോദരീ
സഹോദരന്മാർക്കും
ഓരോ ഭാരതീയനും
നമ്മുടെ ഭാരതമാതാവിൻ്റെ
എഴുപതിയഞ്ചാം സ്വാതന്ത്ര്യദിനം
ആശംസിക്കുന്നു.
*കട്ടലേരി= സ്റേറഷനറി