HomeTHE ARTERIASEQUEL 78ബസ് വരാനായി കാത്തു നിൽക്കുമ്പോൾ

ബസ് വരാനായി കാത്തു നിൽക്കുമ്പോൾ

Published on

spot_imgspot_img

ഓർമ്മക്കുറിപ്പ്

സുഗതൻ വേളായി

കാലം ഡിസംബർ രണ്ടായിരം. സായംസന്ധ്യ. അംബര ചെരുവിൽ പ്രകൃതിയുടെ ചിത്രകാരൻ വർണ്ണവിസ്മയങ്ങൾ വിതച്ച് കളമൊഴിയാനുള്ള തിരക്കിലായിരുന്നു. അകലെ അലസിമരത്തിൻ്റെ നിഗൂഢമായ ഇലച്ചാർത്തുകൾക്കപ്പുറം സൂര്യൻ തല ചായ്ക്കാനൊരുങ്ങി. വൃക്ഷത്തലപ്പിനെ പുണരാൻ ഇരുട്ട് കാത്തിരുന്നു. വൈലോപ്പിള്ളിയുടെ *കൂരിരുട്ടിൻ്റെ കിടാത്തിമാർ സൂര്യപ്രകാശത്തിൻ്റെ ഉറ്റ തോഴിമാരാകാനായി മരച്ചില്ലയിലേക്ക് രാപാർത്തു. ഇവിടെ കടലിൻ്റെ അലയൊലിയും കാറ്റുമില്ല. പകരം ആർത്തിരമ്പുന്ന ജനസാഗരം. മുന്നോട്ടാഞ്ഞും ഇരപ്പിച്ചും നിരങ്ങി നീങ്ങുന്ന വാഹനവ്യൂഹങ്ങൾ. അതിൻ്റെ മുക്രയിടൽ. ചക്രം തിരിക്കുന്നവരുടെ അക്ഷമ നിറഞ്ഞ ഹോണടികൾ. തെരുവുകച്ചവടക്കാരുടെ ആർപ്പുവിളികൾ. പ്രലോഭനങ്ങൾ. പൂക്കാരികളുടെ നീണ്ട നിര. പഴമയുടെ പ്രൗഢിയും പുതുമയുടെ മോടിയും ഇടകലർന്ന കെട്ടിട സമുച്ചയങ്ങൾക്കിടയിൽ നിരന്നു നിറഞ്ഞ കടകൾ. ഞാത്തിയിട്ട ബൾബുകളിലെ വെളിച്ച പ്രളയം. തീ പിടിച്ച മാതിരി പരക്കം പായുന്ന ജനങ്ങൾ. സഞ്ചിയിൽ തൂക്കിപ്പിടിച്ച ജീവിത സഞ്ചയികയുമായി വീടണയാൻ ധൃതിപ്പെടുന്നവർ. അന്തരീക്ഷത്തിൽ തണുത്ത കാറ്റും നഗരത്തിൻ്റെ വാടയും തങ്ങിനിൽക്കുന്നു. കാത്തിരിപ്പു കേന്ദ്രമില്ലാത്ത ആകാശത്തിന് ചുവട്ടിൽ ഏതാനും ബസ്സുകൾ നിർത്തിയിട്ടിരിക്കുന്നു. അടുത്തുള്ള പള്ളിയിൽ നിന്നും മഗ്രിബ് നിസ്കാരത്തിൻ്റെ ബാങ്ക് വിളി അന്തരീക്ഷത്തിൽ പ്രകമ്പനം കൊണ്ടു. ഇത് ബംഗളരുവിലെ മൈസൂർ റോഡിനോട് ചേർന്ന കെ.ആർ മാർക്കറ്റും പരിസരവും.

ഞാൻ അഭ്യാസിയെപ്പോലെ ആൾക്കൂട്ടത്തിലൂടെ വകഞ്ഞു മാറിയും വാഹനങ്ങൾക്ക് മുന്നിലൂടെ ഒഴിഞ്ഞു മാറിയും ഒരു സുരക്ഷിത സ്ഥാനം കണ്ടെത്തി. തുരുത്തു പോലെ ഒറ്റപ്പെട്ട ആ ഇത്തിരി വട്ടത്ത് എന്നെപ്പോലെ ഏതാനും പേർ അക്ഷമയോടെ കാത്തിരിപ്പുണ്ടായിരുന്നു. ചിലർ പെട്ടിയും ഭാണ്ഢവും വെച്ച് അതിൻമേൽ കുത്തിയിരിക്കുന്നു. കാലി ഓട്ടോ വരുന്നതും പ്രതീക്ഷിച്ചുള്ള തത്രപ്പാടുകൾ….ഇവിടെ നിന്നാൽ കലാസിപ്പാളയത്തേക്ക് ഒഴുകി പോകുന്ന വാഹനങ്ങളേയും
ജനങ്ങളേയും കാണാം. പുതുതായ് പണിത മേൽപ്പാതയിലൂടെ ഇറങ്ങി വരുന്ന വാഹനങ്ങൾ കാണാം. ഹനുമാൻ ക്ഷേത്രത്തിൻ്റെ ഗോപുരവും മുകളിൽ നാട്ടിയ നിറം മങ്ങിയ കൊടിയും കാണാം. അതിനുമപ്പുറം പഴം പച്ചക്കറി, പുഷ്പ മാർക്കറ്റിൻ്റെ വൃത്താകൃതിയുള്ള കൂറ്റൻ കെട്ടിടം കാണാം.

കണ്ണൂരിൽ നിന്നും പുറപ്പെടുന്ന സാഗർ ബസ്സിൽ വരുന്ന ബന്ധുക്കളേയും കാത്ത് ഞാൻ മേൽപ്പാതയിൽ കണ്ണും നട്ട് നിന്നു. കാത്തിരിപ്പ് വല്ലാത്തൊരു നൊമ്പരമാണ്.
പ്രത്യേകിച്ച് സ്മാർട്ട് ഫോണുകളൊന്നും അത്ര പ്രചാരമില്ലാതിരുന്ന കാലത്ത്. കൂടാതെ, തനിച്ചും നടുതാങ്ങാൻ ഒരിടമില്ലാതിടത്തും. കൈകാൽ കഴയ്ക്കും. തല പെരുക്കും. മനസ്സിൽ ഇനിയും വന്നു ചേരാനുള്ളവരുടെ മുഖം മാത്രമേ ഉണ്ടാവൂ. വാച്ചിൽ നോക്കി.6.10. ഒരു പൊതി ചൂട് കടല വാങ്ങി കൊറിച്ചു. എന്തുകൊണ്ടായിക്കാം ബസ്സ് ഇത്രയും വൈകിയത്? ആരോടെങ്കിലും ഒന്ന് അന്വേഷിക്കാൻ കഴിഞ്ഞെങ്കിൽ…അപ്പോഴാണ് മുന്നിൽ മലയാളിത്തമുള്ള ഒരു മുഖം ശ്രദ്ധയിൽപ്പെട്ടത്. ഏത് ആൾക്കൂട്ടത്തിലും ഒരു മലയാളിക്ക് മറ്റൊരു മലയാളിയെ തിരിച്ചറിയാൻ പറ്റുമല്ലോ. ഒരു ചെറുപ്പക്കാരൻ. ഇരു നിറം. ഒത്ത ഉയരം. ഇറുങ്ങിയ ജീൻസും മുഴുകൈ ടീ ഷർട്ടും ധരിച്ചിരിക്കുന്നു. മുടി മുകളിലേക്കു കുറ്റിച്ചൂലുപോലെ നിർത്തിയിരിക്കുന്നു! അവൻ നഖം കടിച്ചു തുപ്പിക്കൊണ്ട് കാത്തിരിപ്പിൻ്റെ അസ്വസ്ഥതയേ അതിജീവിക്കാൻ ശ്രമിക്കുന്നുണ്ട്. “ഹലോ….. സാഗർ ബസ് വന്നോ എന്നറിയോ?” ഞാൻ പിറകിൽ ചെന്ന് ചെറുതായി ഒന്ന്
തോണ്ടിക്കൊണ്ട് ചോദിച്ചു. അവൻ തല വെട്ടിച്ച് എന്നെ തീക്ഷ്ണമായി ഒന്നു നോക്കി; പിന്നെ തെല്ലൂക്കോടെ പറഞ്ഞു:

“കൊത്തില്ല” (ഗൊത്തില്ല = അറിയില്ല)

ഞാൻ ചമ്മി ചുരുങ്ങി. എൻ്റെ ഊഹം എന്തുകൊണ്ട് പിഴച്ചു? ഇവൻ മലയാളിയല്ലെങ്കിൽ പിന്നെ എവൻ ഏതായാലും *കന്നഡിഗനല്ല. കാരണം അവന് ദാർഷ്ട്യം തീരെ ഇല്ല. ശബ്ദം എപ്പഴും മൃദുവാണ്. പിന്നെ ഇവൻ്റെ ഉച്ഛാരണത്തിലും വശപ്പിശക് ഉണ്ടായിരുന്നല്ലോ! കൂടാതെ മുഖത്തടിച്ച പോലെ ഒന്നും തീർപ്പുകൽപ്പിക്കുന്നവനുമല്ല അവൻ. കൂടുതൽ ഒന്നും ചോദിക്കാതെ ഞാൻ പിന്നോട്ട് മാറി. പഴയപടി നിന്നു. പക്ഷെ, അത്ര പെട്ടെന്നൊന്നും അവനെ വിട്ടു കളയാൻ മനസ്സ് കൂട്ടാക്കിയില്ല. ഞാൻ കണ്ണുകൊണ്ടും മനസ്സുകൊണ്ടും അവനെ അളന്നെടുക്കാൻ തുടങ്ങി. എന്തായാലും
എനിക്കൊരു നേരം പോക്കു തരപ്പെട്ടു. അവൻ ആൾക്കൂട്ടത്തിലാരേയോ തിരയുകയായിരുന്നു. ഉപ്പൂറ്റിയിലുയർന്നും താണും ചെരിഞ്ഞും ആകാംക്ഷയോടെ…
പൊടുന്നനെ അവനിൽ ഒരസാധാരണത്വം എനിക്ക് വെളിപ്പെട്ടു. ഇടതു ചെവിയിൽ
ഒറ്റ*കടുക്കൻ (എനിക്ക് പണ്ട്, നാട്ടിൽ കന്നുപൂട്ടാറുള്ള കടുങ്ങോനച്ചനേ ഓർമ്മ വന്നു) വലതു കൈത്തണ്ടയിൽ വെള്ളിവള!! കഴുത്തിൽ കറുത്ത ചരടോ
സ്വർണ്ണ ചെയിനോ മുത്തുമാലയോ കാണുമായിരിക്കും.

ഇയാൾ മലയാളിയല്ല! തീർച്ച. വല്ല റൗഢിയോ മാർവാഡിയോ ബംഗാളിയോ
മറ്റോ ആയിരിക്കും. ഞാൻ കരുതി. എനിക്ക് പറ്റിയ അമളി ഓർത്ത് ചിരിയമർത്തി. ആദ്യമായാണ് ഇങ്ങനെ ഒരു പറ്റൽ. ഒരുവേള അവൻ വായിൽ കൈ തിരുകി ചൂളം വിളിച്ചു. പിന്നെ അവന്യൂ റോഡിലൂടെ ഒഴുകി വരുന്ന പുരുഷാരത്തിനു നേരെ കൈ വീശി. പ്രളയത്തിരക്കിൽ പ്രതികരണമുണ്ടായി. മൂന്നു നാല് കൈപ്പത്തികൾ പൊങ്ങിത്താണു. സാഗർ ബസ്സെങ്ങാനും വരുന്നുണ്ടോ…..
ഞാൻ അക്ഷമനായി ഒരിക്കൽ കൂടി മേൽപ്പാതയിലേക്ക് കണ്ണയച്ചു. ആറു മണിക്കകം വരേണ്ടതായിരുന്നു. മണി ആറരയായിട്ടും വന്നില്ലല്ലോ–
സ്വയം കുണ്ഠിതപ്പെട്ടുകൊണ്ട് പിന്നെയും
ചെറുപ്പക്കാരനിലേക്ക് തിരിച്ചു വന്നു. അപ്പൊഴേക്കും കൂട്ടുകാർ അവൻ്റെ
അടുത്തെത്തി കഴിഞ്ഞിരുന്നു. എല്ലാം കോലം കെട്ടി എഴുന്നള്ളിയ ഫ്രീക്കൻമാർ! നമ്മുടെ കക്ഷി അവരോടൊപ്പം തിരക്കിലേക്കിറങ്ങി. ” ഹൗലോങ്ങ് ഐ വാസ് വെയിറ്റിങ് ഫോർ യൂ…” എന്ന് പൊങ്ങച്ചത്തിൽ ഒച്ചയിട്ടതിനു പിന്നാലെ
അവൻ പച്ച മലയാളത്തിൽ കൂട്ടുകാർക്ക് മേൽ പ്രിയമേറും തെറിയഭിഷേകവും ചൊരിഞ്ഞു. ഒരു മാത്ര ഞാൻ അന്തം വിട്ടു . ഒപ്പം മനസ്സിൽ ഉരുവിട്ടു: മലയാളി തന്നെ!
മലയാളി ഒരു മായ?! സ്വത്വബോധം മുറുകെ പിടിക്കാൻ ഏതു മലയാളിക്കാണ് ഇന്ന് കഴിയുക? പുറംപൂച്ചുകളായ നാട്യങ്ങളാൽ ജീവിതത്തെ തളച്ചിടാൻ നമ്മൾ ശീലിച്ചിരിക്കുന്നു! കാപട്യത്തിൻ്റെ ഇത്തരം മുഖമൂടികൾ അഴിച്ചു വെക്കാതെ മലയാളിയെങ്ങനെ മാന്യനാകും?

“തമിഴനെന്ന് ശൊല്ല്; തലയുയർത്തി നില്ല് ”

തമിഴനെ ഓർത്ത് നമ്മൾ മലയാളികൾക്ക് പുളകം കൊള്ളാം. നഗരത്തിൽ തെരുവ് വിളക്കുകൾ തെളിഞ്ഞു. അലസി മരത്തിൽ ഇരുട്ട് കനത്തു. ഞാൻ ബസ്സ് വരുന്നതും കാത്ത് പിന്നെയും അവിടെ തനിച്ചു നിന്നു.

* വൈലോപ്പിള്ളി ശ്രീധരമേനോൻ 1940 കളിൽ എഴുതിയ ‘കാക്ക’ എന്ന കവിതയിലെ അടയാളപ്പെടുത്തൽ.

*കന്നഡിഗ= കർണ്ണാടകക്കാരൻ

* കടുക്കൻ = പുരുഷൻമാർക്ക് കാതിൽ അണിയാനുള്ള ആഭരണം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

 

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

More like this

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...