ഓർമ്മക്കുറിപ്പ്
സുഗതൻ വേളായി
1994. ഞാൻ ബoഗളുരുവിൽ ചെന്ന സന്ദ്രയിൽ ചെറിയ മട്ടിൽ ഹോട്ടലും പല ചരക്കുകടയും നടത്തി വരുന്ന കാലം. പണിക്കാർ ശരിക്കും പണി പറ്റിച്ചു. രണ്ടു മൂന്നു മാസത്തിനകം ഹോട്ടൽ പൂട്ടിയ മട്ടായി. ഒടുവിൽ ചായക്കട ചതിക്കില്ലെന്ന് ചിന്തിച്ച്, ഞാൻ സ്വയം അതിലേക്ക് ചുരുങ്ങാൻ തീരുമാനിച്ചു. സഹായിയായി ഒരാളെ കിട്ടിയാൽ നല്ല വണ്ണം നടത്തി കൊണ്ടു പോകാം. അങ്ങനെയാണ് അയൽവാസിയായ അജിത്ത് ചായക്കടയിലേക്കായി ഒരാളെയും കൂട്ടി വന്നത്. പേര് ഹരീശൻ. അടുത്ത പ്രദേശമായ പാനൂരുകാരൻ. സുമുഖൻ. ആരോഗ്യവാൻ. അയാളുടെ ഉപ്പൂറ്റി വിണ്ടുകീറി വികൃതമായിരുന്നു. പഴയ ഹവായ് ചെരുപ്പിൽ ചെളി പററിപ്പിടിച്ചിരുന്നു. ഇയാൾക്ക് ഞ്ഞങ്ങളെ സഹായിക്കാൻ കഴിയുമോ??… ഞാനും ദിനേശനും ആലോചിച്ചു. ” എന്തുപണിപറഞ്ഞാലും പറ്റില്ലെന്ന് പറയില്ല. ആൾ ഒരു പാവമാ…..” ഞങ്ങളുടെ കശപിശ വായിച്ചെടുത്ത് അജിത്ത് അടുത്ത് വന്ന് അടക്കം പറഞ്ഞു. അന്നു മുതൽ ഹരി ഞങ്ങളിൽ ഒരാളായി. ചായ അടിച്ചും വെച്ചുവിളമ്പിയും ഉണ്ടുo ഉറങ്ങിയും ഏകോദര സഹോദരങ്ങളേ പോലെ ഞങ്ങൾ കഴിഞ്ഞു വന്നു. ഹരിയുടെ വിഡ്ഢിത്തം വിളമ്പൽ ഞങ്ങളുടെ വിരസതയിൽ ചിരി നിറച്ചു. അവൻ വന്നതിൽ പിന്നെ ഞങ്ങൾ മനസ്സറിഞ്ഞ് ചിരിച്ചു തുടങ്ങി. ഹരീശന് പ്രായത്തിനൊത്ത പക്വതയില്ലെന്ന് പതുക്കെ മനസ്സിലായി. കൂടാതെ എന്തൊക്കെയോ ഒരു പന്തികേടും. ചില നേരങ്ങളിൽ ഒരേ ഇരിപ്പും ആലോചനയും. നോട്ടം എവിടെയെങ്കിലും അങ്ങനെ തറഞ്ഞു നിൽക്കും. പിന്നിൽ നിന്ന് വിളിച്ചാൽപോലും ആളറിയില്ല. ആകപ്പാടെ ഒരു അലസത. പക്ഷെ ,ഇങ്ങിനെയൊക്കെയാണെങ്കിലും അവന്റെ പണിയിൽ യാതൊരു വിധ പരാതിയും ഉണ്ടായിരുന്നില്ല. അഞ്ചാറുമാസങ്ങൾ അതിവേഗം കടന്നു പോയി. 1994 നവമ്പർ നാല്. പതിവുപോലെ ഉച്ചയുറക്കവും കുളിയും കഴിഞ്ഞ് ഹരി രണ്ടു മണിക്ക് വരേണ്ടതാണ്. പക്ഷെ, മണി രണ്ടരയായിട്ടും അവൻ വന്നില്ല. ഉറങ്ങിപ്പോയി കാണുമോ …..? ചോറും കറിയും ആറി തണുക്കാൻ തുടങ്ങി. പോയി വിളിച്ചാലോ …? ” വേണ്ട. ഓൻ കൊറച്ചൂഡ റസ്റ്റ് എടുക്കട്ടെ” ദിനേശൻ തടസ്സം പറഞ്ഞു. കടയിൽ നിന്ന് നോക്കിയാൽ കാണുന്ന ദൂരത്ത് മുകളിലത്തെ നിലയിലാണ് നമ്മുടെ വാടകമുറി. വരാന്തയിൽ ആരും ഉണ്ടായിരുന്നില്ല. അയലിൽ ഉണക്കാനിട്ട വസ്ത്രങ്ങൾ, ആന്റിനകൾ, മഞ്ഞ ചായംപൂശിയ നരച്ചു വിണ്ടുകീറിയ പുറംചുമർ….ചുമരിനോട് ചേർന്ന് ഒരു മുരിങ്ങമരത്തിന്റെ പച്ചപ്പ്. എനിക്ക് എന്തോ ഒരാന്തൽ. ഉള്ളിലൊര് അങ്കലാപ്പ്. എന്തുകൊണ്ട് ഇത്രയും താമസിച്ചു …..? പോയി വിളിക്കരുതോ….? ഒരുൾവിളി എന്നെ ഉന്തി വിട്ടു. തിടുക്കത്തിൽ നടന്നും ഓടിയും വീട്ടു പടിയ്ക്കലെത്തി. “ഹരീ ….. ഹരീശാ ….. ” വാതിലിൽ തട്ടി പതുക്കെ വിളിച്ചു. “………..” അകത്ത് ആളനക്കമില്ല. ആധിയോടെ വാതിലിൽ ആഞ്ഞു തള്ളി. ഹാളിൽ ചുരുട്ടി വെച്ചിരുന്ന ഒരു 1മന്തിരിയ മാത്രം. അകത്തെ മുറിയിൽ നിന്നും കസേരയുടെ ഞരക്കം കേട്ടു. മൂലയിലെ ഒടിഞ്ഞു തൂങ്ങിയ കസേരയിൽ ഇവനെന്തു കാര്യം…..? ഒരു നിമിഷം എന്റെ പ്രജ്ഞകെട്ടു. കഴുത്തിൽ കുരുക്കിട്ട് ഉത്തരത്തിൽ കെട്ടി തൂങ്ങി കൈയ്യും തലയും താഴ്ത്തി നാക്ക് നീട്ടി കണ്ണു തുറിച്ചങ്ങിനെ ….. കുറച്ചു മുമ്പ് കളിതമാശ പറഞ്ഞ് ചിരിച്ച് ഇറങ്ങി പോന്ന ഇവൻ എന്തിനു വേണ്ടി ഇതു ചെയ്തു……? എന്ത് അലട്ടുന്ന പ്രശ്നമാണ് ഇവനെ വേട്ടയാടിയത്……? മനസ്സിന്റെ ഏത് അവസ്ഥയാണ് അവനെ കീഴ്‌പ്പെടുത്തിയത്……? ഒന്നും ഓർത്തെടുക്കാനുള്ള സമയമല്ല ഇത്. എത്രയും വേഗം എന്തെങ്കിലും ചെയ്തേ പറ്റൂ. കസേരയുടെ ഞരക്കം കേട്ടിട്ട് അധികനേരമായില്ല. ഒടിഞ്ഞു തൂങ്ങിയ കസേര കാൽകീഴിലുണ്ട്. അവസാന ആട്ടത്തിൽ ഒന്നു തട്ടിയതാവാം. പിന്നെ കൂടുതൽ ആലോചിച്ചില്ല. എന്റെ മനസ്സു മരവിച്ചു പോയിരുന്നു. അവന്റെ കാലുകൾ എന്റെ നെഞ്ചോട് ചേർത്ത് പിടിച്ച് മേൽപ്പോട്ടുയർത്തി. ആ കണ്ണുകളിൽ ഒന്നും വായിച്ചെടുക്കാനാവാത്ത ശൂന്യത മാത്രം. തണുപ്പ് അരിച്ചു കയറുന്നതു പോലെ ഒരു തോന്നൽ. എത്ര നേരം ഈ നിൽപ്പു നിൽക്കും. പതുക്കെ പഴയ പടി താഴ്ത്തിവെച്ചു. മരിച്ചാലും ജീവിച്ചാലും എനിക്കെന്ത് …..? വരുംവരായ്കകളെ കുറിച്ച് ചിന്തിച്ചില്ല. എങ്ങിനെയെങ്കിലും ഇവനെ ഒന്നഴിച്ചു കിടത്തണം. അത് മാത്രമായിരുന്നു ചിന്ത. ഒരു മാത്ര ഞാൻ മനുഷ്യനല്ലാതായി. എങ്കിലും വരാന്തയിൽ വന്ന് പിരാന്തനെപ്പോലെ അലറി: “എടാ….ദിനേശാ….. ” അവൻ ശരം പോലെ പാഞ്ഞു വരുമ്പോഴേക്കും ഞാൻ ഹരീശനെ പഴയപടി പൊക്കിപ്പിടിച്ച് നിന്നിരുന്നു. നല്ലൊരു കളരി അഭ്യാസി കൂടിയായ ദിനേശൻ ഒട്ടും അമാന്തിച്ചു നിൽക്കാതെ ഒറ്റ ചാട്ടത്തിന് കെട്ടഴിച്ച് അവനെ തറയിലേക്ക് താഴ്ത്തി കിടത്തി. കൈകാലുകൾ കോച്ചി വലിഞ്ഞിരുന്നു. തണുത്തു തുടങ്ങിയ ശരീരം തടവി ചൂടുപിടിപ്പിച്ചു. കൈകാലുകൾ നീർത്തും കാററു വീശിയും പുലമ്പിയും ഞാൻ സങ്കടപ്പെട്ടു. വായിൽ ഒഴിച്ചു കൊടുത്ത വെള്ളം ഇറങ്ങാതെ തൊണ്ടയിൽ തന്നെ കിടന്നു. 2″ ഫിറ്റ്സ് ബന്തിരദു ” തടിച്ചുകൂടിയ തദ്ദേശീയരോട് ഞാൻ പറഞ്ഞു. ആരോ ഒരു താക്കോൽ കൂട്ടം അവന്റെ കൈയ്യിൽ തിരുകി. അവശനായ ഹരീശനെ ചുമലിലേറ്റി ബഹളങ്ങൾക്കും നിശ്വാസങ്ങൾക്കുമിടയിലൂടെ പുറത്തു കടന്ന് ദിനേശൻ ക്ലിനിക്കിലേക്കോടി. പുറകെ ഞാനും. ഡോക്ടർ മുരുകന്റെ തണുപ്പൻ കളി പിടിച്ചില്ലെങ്കിലും ക്ഷമയോടെ കാത്തിരുന്നു. അദ്ദേഹത്തിന്റെ കൈയ്യിലുള്ളത് ഇപ്പോൾ വിലപ്പെട്ട മനുഷ്യ ജീവനാണ്. വളരെ പ്രയാസപ്പെട്ട് ഞരമ്പ് കണ്ടു പിടിച്ച് ഗ്ലൂക്കോസ് കയറ്റി. ഞാൻ കണ്ണിൽ കണ്ണും നട്ട് അസ്വസ്ഥമായ മനസ്സുമായി അവന്റെ അരികിൽ ഇരുന്നു.
‘അരുത്താത് ഒന്നും സംഭവിക്കരുതേ…… ‘
സകല ദൈവങ്ങളെയും വിളിച്ച് ഉള്ളുരുകി പ്രാർത്ഥിച്ചു.
അവൻ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. ഏതോ ഒരിടവേളയിൽ ഞാൻ ഡോക്ടറോട് ആ സത്യം വെളിപ്പെടുത്തി. (ഡോക്ടറോടും വക്കീലിനോടും കളവു പറയാൻ പാടില്ലല്ലോ)
അദ്ദേഹം നെറ്റി ചുളിച്ചു.
പക്ഷെ, പരിചയത്തിനു മുന്നിൽ കൈവിട്ടില്ല. എന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു:
“നാൻ പാതി കടവുൾ പാതി ”
ചുമരിൽ തൂക്കിയിട്ട വേൽമുരുകന്റെ ഫോട്ടോയിൽ ഒരു വട്ടം കൂടി എന്റെ നോട്ടം പതിഞ്ഞു. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ നീണ്ട നാലു മണിക്കൂർ നേരത്തെ കാത്തിരിപ്പിനൊടുവിൽ അവന്റെ കൺപീലി മെല്ലെ ഒന്നനങ്ങി. കൈവിട്ടു പോയ അമൂല്യ നിധി തിരിച്ചു കിട്ടിയ സന്തോഷത്തിലായിരുന്നു, ഞാൻ.
ദൈവത്തിനും മുരുകൻ ഡോക്ടർക്കും മനസ്സിൽ നന്ദി പറഞ്ഞു. ഹരീശൻ കണ്ണു പതുക്കേ തുറക്കാനും ചുണ്ടനക്കാനും തുടങ്ങി. എന്തോ പറയാൻ തുനിഞ്ഞ അവനെ ഞാൻ വേണ്ടെന്ന് പറഞ്ഞ് വിലക്കി ആശ്വസിപ്പിച്ചു. ഏറെ നേരത്തേ ജീവന്മരണ വെപ്രാളത്തിൽ ആൾ ആകെയൊന്നുലഞ്ഞു. മുഖത്തെ വികാരങ്ങൾ കെട്ടു പോയിരുന്നു. കണ്ണുകൾ കുഴിയിലേക്ക് ആണ്ടു പോയതുപോലെ. അവൻ വീണ്ടും ഒരു പ്രേതമായി എന്നെ പേടിപ്പിക്കുന്നതു പോലെ തോന്നി.
എങ്കിലും ഞങ്ങളുടെ ചുമലിൽ തൂങ്ങി ജീവിതത്തിലേക്ക് പിച്ചവച്ചു നടന്നു.
വിറയൽ വിട്ടുമാറിയിരുന്നില്ല. കടയ്ക്കു പിന്നിൽ തഴപ്പായയിൽ കിടത്തി.
അപ്പോഴേക്കും പ്രകാശ് നഗറിൽ നിന്നും എന്റെ ബോസും സാബുവണ്ണനും അജിത്തും ഓടിയെത്തി. അവർ ഹരീശന്റെ വീട്ടുകാരെയും വിവരം അറിയിച്ചിരുന്നു.
സമയം രാത്രി ഒമ്പതു മണി.
“എത്രയും പെട്ടെന്ന് നാട്ടിൽ കൊണ്ടുപോയി വിടണം. വീണ്ടും വല്ല അബദ്ധവും കാണിച്ചാൽ …..”
ബോസ് മുന്നറിയിപ്പു നൽകി.
അവൻ നാട്ടിലേക്കു വരില്ലെന്ന് കാലുപിടിച്ചു കരഞ്ഞെങ്കിലും ആരും കൂട്ടാക്കിയില്ല.
ഉടൻ ഒരു ടാക്സി പിടിച്ച് നാട്ടിലേക്ക് കുതിച്ചു. ഹരിക്ക് ഇരുപുറവും ഞാനും ദിനേശനും ഇരുന്നു. യാത്രയിലെമ്പാടും അവൻ മൗനിയായിരുന്നു. ആശ്വസിപ്പിക്കാനുള്ള ശ്രമങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടു. മൗനമുറഞ്ഞ കാറിൽ നിന്നും നടുക്കുന്ന ഓർമ്മകൾ എന്നെ വേട്ടയാടി കൊണ്ടിരുന്നു. അപ്പൊഴും മനസ്സ് പ്രാകി കൊണ്ടിരുന്നു: ‘എന്തിനു വേണ്ടിയാണ് ഇവൻ ഇങ്ങനെ ….. ‘ ഗ്രാമത്തിന്റെ പച്ചപ്പും വിജനമായ പുലർച്ചയും മനസ്സിൽ വിസ്മയം വിതച്ചില്ല. മററവസരങ്ങളിൽ ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ….? വീട് അടുക്കുന്തോറുമുള്ള ആകാംക്ഷ. കാത്തിരിക്കുന്ന കണ്ണുകളിലെ ചിരി .എല്ലാം….. എല്ലാം :……
എന്നാലും അനല്പമായ സന്തോഷം ഇല്ലാതില്ല. പൊലിഞ്ഞു പോകുമായിരുന്ന ഒരു ജീവനെ കരുതലോടെ തിരിച്ചേൽപ്പിക്കാനാണല്ലോ ഈ യാത്ര.
കാർ ടാറിട്ട റോഡ് പിന്നിട്ട് ചെമ്മൺ നിരത്തിലേക്ക് തിരിഞ്ഞു. കാലത്തു തന്നെ സജീവമായൊരു ചായക്കടയ്ക്കു മുന്നിൽ ഞങ്ങൾ ഇറങ്ങി. അവർ ഞങ്ങളുടെ വരവും പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു. ആശങ്കകളും ആകാംക്ഷകളും അത്ഭുതവും മുറ്റി നിന്ന അനേകം കണ്ണുകൾ ഞ്ഞങ്ങളെ പൊതിഞ്ഞു.
നാട്ടുകാരുടെ നോട്ടത്തിനു മുന്നിൽ ഹരി വിമ്മിട്ടപ്പെടുകയും വിറക്കുകയും ചെയ്തു. ഒരാൾ അവനെ കെട്ടിപ്പിടിച്ച് മൂർദ്ധാവിൽ മുഖം പൂഴ്ത്തി. അത് ഹരിയുടെ ചേട്ടനാന്നെന്ന് ആരോ പറഞ്ഞ് അറിഞ്ഞു. ഞങ്ങൾ അയാളെ അനുഗമിച്ചു.
“അമ്മയേയും മറ്റും എനിയും അറീച്ചിട്ടില്ല.. സംഭവിച്ചതൊന്നും തൽക്കാലം അവരറിയണ്ട. നിങ്ങളെന്തെങ്കിലും ഒരു കളവ് പറയണം … ”
അവശനായ ഹരീശനേയും കൂടെ കുറേ ആളുകളെയും കണ്ട് അവന്റെ അമ്മ പരിഭ്രമിച്ചു.
” അന്റെ മോന് എന്താണപ്പാ പറ്റ്യദ് :………”
അവർ മകനേ മാറോടണച്ച് അലമുറയിട്ടു.
അവൻ മരവിച്ച മനസ്സുമായി തല കുനിച്ചു നിൽക്കുന്നതു കണ്ട് ഞാൻ പറഞ്ഞു: “ചെറിയൊരു വെറയും പനീം വന്നതാ. ആട്ത്ത മരുന്നൊന്നും പിടിക്കുന്നില്ല. അതാണ് ഇങ്ങോട്ട് ……….”
അമ്മയുടെയും സഹോദരിമാരുടെയും നെടുവീർപ്പുകൾക്കിടയിൽ എന്റെ വാക്കുകൾ ചിതറിപ്പോയി.
ഹരീശന്റെ കൈപിടിച്ച് മ്ലാനമായ മുഖത്ത് നോക്കി നിശബ്ദനായി യാത്ര ചോദിച്ചു. അവന്റെ കണ്ണിലെ തിരിച്ചറിയാനാവാത്ത ശൂന്യത എന്നെ വല്ലാതെ ഭയപ്പെടുത്തി.
“എന്നാല് നമ്മള് ഇറങ്ങട്ടെ. ഹരിയുടെ മേൽ എപ്പഴും ഒരു കണ്ണു വേണം ……… .. ”
അവന്റെ ചേട്ടനെ ഒന്നുകൂടി ഓർമ്മിപ്പിച്ചു.
മനസ്സിൽ മൂടികെട്ടിയ ആശങ്കകളുടെ കാർമേഘം പെയ്തൊഴിഞ്ഞിരുന്നു. ഒരു വലിയ ഭാരം ഇറക്കി വെച്ച സംതൃപ്തിയിലായിരുന്നു; ഞാൻ. വീണ്ടും കടയും ചുറ്റുപാടുകളുമായി പഴയപടി പൊരുത്തപ്പെട്ടു വരികയായിരുന്നു. അപ്പൊഴാണ് ആ ദുരന്ത വാർത്ത ഫോൺ വഴി പറന്നു വന്നത്.’ ‘ഹരീശൻ കിണറിൽ ചാടി ആത്മഹത്യ ചെയ്തു ‘
എല്ലാം ഒരു സ്വപ്നം പോലെ ആയിരുന്നെങ്കിൽ എന്ന് ഞാനാശിച്ചു.
ജീവിതം മടുത്തവർക്ക് ഒരേ ഒരു ആശ്രയം ആത്മഹത്യ മാത്രമാണോ ……? ആത്മഹത്യ എല്ലാത്തിനും പരിഹാരമാണോ…… ?ഇത്തരം ചോദ്യങ്ങൾ എന്നെ എപ്പോഴും അലോസരപ്പെടുത്തി കൊണ്ടിരിക്കുന്നു.
‘1) മന്തിരിയ= പുൽപ്പായ
2) ഫിറ്റ്സ് ബന്തിരദു = അപസ്മാരം വന്നതാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.