HomeTHE ARTERIASEQUEL 66ജീവിതം ഒരു തിരക്കഥ

ജീവിതം ഒരു തിരക്കഥ

Published on

spot_imgspot_img

ഓർമ്മക്കുറിപ്പ്

സുഗതൻ വേളായി

2010. ബംഗളുരുവിലെ നെലമംഗലയിൽ നഴ്സിംഗ് കോളജിൽ കാൻറീൻ നടത്തിവരുന്ന കാലം. മെയിൻ റോഡിനോട് ചേർന്നുള്ള കെട്ടിടസമുച്ചയത്തിൻ്റെ നാലാം നിലയിലാണ് മെസ്സ്. ഇരുന്നൂറിൽപ്പരം വിദ്യാർത്ഥികളിൽ
ഭൂരിഭാഗവും പെൺകുട്ടികൾ. ആൺപിള്ളേർ ഇരുപതിൽ കവിയില്ല. ഇരു വശത്തുമുള്ള വ്യാപാരസ്ഥാപനങ്ങൾക്ക് നടുവിലുള്ള വിശാലമായ കോണിപ്പടികൾ കയറിയാൽ ചില്ലുകൂട്ടിൽ
അലങ്കരിച്ച ഉണ്ണിയേശുവിനെ കാണാം. ചെറുപ്പക്കാരനായ ചെയർമാൻ ചെറിയ കപ്പേളയ്ക്കുമുന്നിൽ നമ്രശിരസ്ക്കനായി പ്രാർത്ഥിക്കുന്നതും മുത്തമിടുന്നതും പതിവാണ്. ചില വിദ്യാർത്ഥിനികളും ഉണ്ണിയേശുവിനെ സ്നേഹമോലും മിഴികളാലുഴിഞ്ഞ് ഹൃദയാരാമത്തിലെ ലോലമാം പുൽക്കൂട്ടിലേക്കാനയിക്കാറുണ്ട്.

പിന്നെയും മുകളിലേക്ക് കോണിപ്പടികൾ ഒരുപാട് കാണും. ഏറ്റവും ഒടുവിലെ പടി കഴിഞ്ഞാൽ മെസ്സിലെത്താം. അടുക്കളയും ഊട്ടു മുറിയും കഴിഞ്ഞാൽ തുറസ്സായ റൂഫ്. ചുറ്റിലും പാരപ്പെറ്റ്. ഇവിടെ നിന്നും നോക്കിയാൽ വളർന്നു വരുന്ന നഗരത്തിൻ്റെ ഉൾത്തുടിപ്പ് കാണാം.

കേരളത്തിൽ നിന്നും നഴ്‌സിംഗ് സ്വപ്നവും
നെഞ്ചിലേറ്റി വരുന്ന വിദ്യർത്ഥികൾ. കടൽ കടന്ന് കുടുംബത്തെ കരകയറ്റേണ്ടവർ…….. വിരലിലെണ്ണാവുന്ന ഇതര ഭാഷക്കാരും.
ചെയർമാനും സ്റ്റാഫും ഉൾപ്പെടെ മലയാളികൾ !
എനിക്ക് സഹായികളായി ഫിലോമിന അക്കയും ലോക്കൽ പയ്യനുമുണ്ട്.

ലഞ്ചിൻ്റെ തിരക്ക് കഴിഞ്ഞ്
പിള്ളേരും സ്റ്റാഫും താഴെക്ക് ഇറങ്ങി കഴിഞ്ഞാൽ ഞാൻ ബെഞ്ച് കൂട്ടിയിട്ട് ഉച്ച മയക്കത്തിലേക്ക് പോകും. അപ്പൊഴാണ് ഒരു യുവാവ് കയറി വന്നത്. ഒത്ത ഉയരവും വണ്ണവും. വട്ട മുഖം. ഒതുക്കുള്ള മുടി. വെളുത്ത നിറം. കിളിചുണ്ടിന് മുകളിൽ നേരിയ മീശ. ചെക്ക് ഷർട്ടും കറുത്ത പേൻ്റും വേഷം. ഒരു ചുള്ളൻ!

ഊൺ കിട്ടുമോ?

അലച്ചിലിൻ്റെ ക്ഷീണം
പുറത്തു കാട്ടാതെ അയാൾ ചോദിച്ചു.

പഠിച്ചിറങ്ങിയ വിദ്യാർത്ഥികളും പരീക്ഷയെഴുതാൻ വരുന്നവരും ചിലപ്പോൾ മെസ്സിലേക്ക് വരാറുണ്ട്. കാൻ്റീൻ ജോലിക്കാരോട് കുശലാന്വേഷണത്തിനും പരിചയം പുതുക്കാനും വന്നതായിരിക്കും. ഞാൻ മനസ്സിൽ കരുതി. അല്ലെങ്കിൽ പഠനകാലത്ത് വെച്ചുവിളമ്പിയവരുടെ മേൽ കുതിര കയറിയതിൻ്റെ ചൊരുക്ക് തേച്ചുമാച്ചു കളയാനോ……?!
കാൻ്റീനിലെ മുൻ ജോലിക്കാരിയും പിള്ളേരുടെ ചേച്ചിയുമായ ഫിലോമിന അക്കയോട് കക്ഷി ലോഗ്യം പറയാത്തതിനാൽ പുതിയ ആളായിരിക്കും എന്ന് ഞാൻ തീർച്ചപ്പെടുത്തി..

*”ഒന്തു തട്ടെയല്ലീ ഊട്ട ഹാക്കി
കൊടി അക്കാ…. ”

ഫിലോമിന അക്കയോട് ഞാൻ
മയത്തിൽ വിളിച്ചു പറഞ്ഞു. കൈയിൽ ചുറ്റിപ്പിടിച്ച ഫയൽ മേശപ്പുറത്ത്
വെച്ച് അയാൾ ഉണ്ണാനിരുന്നു.
ഗ്ലാസ്സും ജഗ്ഗിൽ വെള്ളവും അരികിൽ വെച്ചു കൊണ്ട് ഞാൻ എൻ്റെ താൽക്കാലിക ബെഞ്ച് കട്ടിലിൽ ചെന്നിരുന്നു.

സാമ്പാറും ബീൻസ് തോരനും അച്ചാറും
തൊട്ട് കൂട്ടി ആസ്വദിച്ചു കഴിച്ചു കൊണ്ടിരുന്നു ;അയാൾ.

പുതിയ ആളാണല്ലേ ……..? ചെയർമാനേ കാണാൻ വന്നതായിരിക്കും !?

ഒരു സാമാന്യ മര്യാദയെങ്കിലും
പാലിക്കണമല്ലോ എന്ന് കരുതി ഞാൻ
കുശലം ചോദിച്ചു. മൂപ്പര് നാലുമണിക്കേ വരുള്ളൂ. പിന്നെ അടുത്തൊന്നും നല്ല ഹോട്ടലുമില്ലല്ലോ?
മെസ്സിൽ കിട്ടൂന്ന് പിള്ളേര് പറഞ്ഞൂട്ടോ.

വെള്ളം കുടിച്ചു കഴിഞ്ഞ് അയാൾ പറഞ്ഞു.
” ഭക്ഷണം സൂപ്പറാ…. കൊള്ളാട്ടോ…..”

“പപ്പടവും ഉണ്ടായിരുന്നു. തീർന്നു
പോയതാ… ” ഉള്ള സത്യം പൊങ്ങച്ചത്തിനു വേണ്ടി ഞാൻ കാച്ചി.
ഇയാൾ പൂരത്തിന്റെ നാട്ടുകാരനായിരിക്കുമോ!
കുറച്ചു കാലം തൃശ്ശൂർക്കാരൻ തോമസുവുമായുള്ള സഹവാസം കാരണം ഞാൻ സംശയിച്ചു.
കൈ കഴുകി വന്ന് കാശ് തരാൻ നേരം
ഞാൻ സ്നേഹപൂർവം നിരസിച്ചു,
“നിങ്ങ എന്തൂട്ട് മനുഷ്യനാ……. “അയാൾ
ചിരിച്ചു കൊണ്ട് ശകാരിച്ചു. ഒരു വർഷമായി ഭാര്യ വിദേശത്ത് നഴ്‌സാണ്. എനിക്ക് ജനറൽ നഴ്സിംഗിൻ്റെ
രണ്ട് പേപ്പർ എഴുതാനുണ്ട്. അതിൻ്റെ അന്വേഷണത്തിനും അപേക്ഷ കൊടുക്കാനുമാണ് വന്നത്. പരീക്ഷ എഴുതുമ്പോൾ ഹെൽപ്പ് കിട്ടീരുന്നേൽ രക്ഷപ്പെട്ടെനെ…… ബാംഗ്ലൂരിൽ എല്ലം നടക്കൂന്ന് കേട്ടുട്ടോ….. പാരപ്പെറ്റിലിരുന്നു പരസ്പരം പരിചയപ്പെട്ടതിനു ശേഷം ജോമോൻ അവൻ്റെ അവസരങ്ങളെ എത്തിപ്പിടിക്കാനുള്ള പിടിവള്ളിയും നിലപാടുകളും വെളിപ്പെടുത്തി. പാർട്ണർ കം ജോബ് വിസയിൽ പ്രിയപ്പെട്ടവളുടെ അടുത്തെത്തി അവളെ കരവലയത്തിലൊതുക്കുന്നത് സങ്കല്പിച്ച്
അവൻ്റെ മുഖം ചുവന്നു. നുണക്കുഴി വിരിഞ്ഞു. അവളുടെ കരംപിടിക്കാനും ജീവിതമെന്ന ദുരിതകടൽ നീന്തിക്കയറാമെന്നും അയാൾ തീരുമാനിച്ചതുപോലെ……
“നാട്ടിലെന്തൊക്കെയാണ് ഇപ്പം
പരിപാടി….. ”
ഞാൻ ചോദിച്ചു.
ഏതായാലും ഉറക്കം പോയി. ഇനി ഇയാളെ കേട്ടിരിക്കാം. എഴുതാനുള്ള
വല്ല സ്പാർക്കും കിട്ടിയാലോ എന്നായി
എൻ്റെ ചിന്ത.!

ഒരു ട്രാവൽ ഏജൻസിയിൽ
ഡ്രൈവർ. നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നാണ് ഓട്ടം പൊയ്ക്കൊണ്ടിരുന്നത്.
പിന്നെ സിനിമാന്ന് പറഞ്ഞാ മരണ
പ്രാന്താ…. ഭയങ്കര ക്രയിസാട്ടോ….ഒന്ന് രണ്ട് ഷോർട്ട് ഫിലിം ചെയ്തിട്ടുണ്ട്. സിനിമയിൽ കയറിപ്പറ്റണമെന്നത്
ജീവിതാഭിലാഷമായിരുന്നു. ജോമോൻ വാചാലനായി.
ഒടുവിൽ ലാൽ ജോസിൻ്റെ അസിസ്റ്റൻ്റ് ഡയറക്ടർ വരെ ആയി…… സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യുക എന്ന സ്വപ്നവും താലോലിക്കുന്നു.

“ഞാൻ കണ്ണൂരിൽ പാട്യത്താ….. ശ്രീനിവാസൻ്റെ……. ”
എനിക്കും ഒരു സിനിമാബന്ധം ഇരിക്കട്ടെ
എന്നു കരുതി പറയാൻ തുനിഞ്ഞു…
ഞാനും അത്ര മോശക്കാരനല്ല എന്ന് കക്ഷി കരുതട്ടെ…

“ഓ നമ്മുടെ ശ്രീനിവാസൻ്റെ നാട്ടിലോ…”
ശ്രീനിവാസൻ്റെ തിരക്കഥയും
സിനിമയും അഭിനയവും ജോമോന്
ഏറെ ഇഷ്ടമെന്നറിഞ്ഞതിൽ ഞാൻ
ഊറ്റം കൊണ്ടു.
അങ്ങനെ പതുക്കെ ഞാൻ എൻ്റെ എഴുത്തു വഴിയിലേക്ക് അയാളെ നടത്തി.

നമ്മുടെ പാട്യം ശ്രീനിയേട്ടനോട് കഥ പറയൽ ഇനി ഏതായാലും നടക്കില്ല. അദ്ദേഹം താരമായി ഉയരങ്ങളിലെത്തി കഴിഞ്ഞു. “ഞാനും ചിലതൊക്കെ കുത്തിക്കുറിക്കാറുണ്ട്. പച്ചയായ ജീവിത സത്യങ്ങൾ.. നേർ ചിത്രങ്ങൾ… എല്ലാം അച്ചടിച്ചു വന്ന
താ…. പത്രങ്ങളിലൊക്കെ…. ”

ജോമോൻ ശരിക്കും ഞെട്ടി! ഇയാൾ പുളു അടിക്കുകയാണോ എന്ന ശങ്കയിൽ പരിഹാസം പടർന്ന് ചുണ്ട് കോടിപ്പോകുന്നതിന്നുമുന്നേ ഞാൻ തിടുക്കപ്പെട്ട് മുറിയിലേക്ക് ഓടി. പ്ലാസ്റ്റിക്‌ കൂടിൽ ഭദ്രമായി പൊതിഞ്ഞു
വെച്ച അക്ഷരനിധിയിൽ നിന്നും
‘ജനുവരി ഒരു ഓർമ്മ’ ,’ഒരു സ്വപ്നം പോലെ…’എന്നീ അനുഭവങ്ങളിലൂടെ ജോമോൻ വായനാസഞ്ചാരം നടത്തി തരിച്ചിരുന്നു.

“നിങ്ങള് കലക്കീട്ടോ…. ഞാൻ നാളെ കഴിഞ്ഞേ പോകത്തുള്ളൂ. എനിക്ക് എല്ലാത്തിൻ്റെയും ഓരോ കോപ്പി തരാമോ?.. ” ഞാൻ ആത്മഹർഷത്താലാറാടി. “ഭാഷയിലും നാട്ടുവഴക്കത്തിലും ശ്രീനിവാസൻ്റെ നാട്ടുകാരൻതന്നെ…
ഞാനൊരു ആരാധകനായീട്ടോ… ”

“ചെയർമാൻ വരാനുള്ള സമയമായി കാണും…. ”
ഞാൻ ഓർമ്മിപ്പിച്ചു.
ജോമോൻ വാച്ചിൽ നോക്കി.

“നിങ്ങളീ കരീം പുകയും കൊള്ളേണ്ട
ആളാണോ,….. നിങ്ങക്ക് നിങ്ങളെ പറ്റി
അറിയാഞ്ഞിട്ടാ ഇഷ്ടാ…..”
ജോമോൻ തോളിൽ തട്ടിപറഞ്ഞു കൊണ്ട് കോണിപ്പടികളിറങ്ങി….
‘പാചക കലയാണല്ലോ വലിയ കല’!
എന്ന് ഞാൻ സമാധാനിച്ചു.

രണ്ടു വർഷങ്ങൾ കഴിഞ്ഞു. ഒരു ചാറ്റൽ മഴയിൽ ജോമോൻ ബംഗളുരുവിലെ ഞങ്ങളുടെ കൊച്ചു വീട്ടിലേക്ക് കയറി വന്നു. ഞാൻ എൻ്റെ ഭാര്യയെ പരിചയപ്പെടുത്തി. കൈയ്യിൽ രണ്ടു മൂന്നു പുസ്തകങ്ങളുമുണ്ട്. അതിൽ നിന്നും കൈപ്പടയിലെഴുതിയ ഒരു കടലാസ് പുറത്തെടുത്തു.
“നിങ്ങളുടെ കഥയുണ്ടല്ലോ…. ‘വേട്ടക്കാരനും ക്ഷണിക്കപ്പെടാത്ത അഥിതിയും’ അതിൻ്റെ തിരക്കഥയാണ്. എൻ്റെ ഒരു ഷോട്ട് ഫിലിമിനു വേണ്ടി… ഞാൻ തട്ടി കൂട്ടിയതാ…..”
എന്തൊക്കെയാണീ കേൾക്കുന്നത്?
ഞാനമ്പരപ്പിൻ്റെ ആനപ്പുറമേറി!

പിന്നീട് ജോമോൻ തന്നെ അത് വായിക്കുവാൻ തുടങ്ങി. ആംഗ്യവും
ശബ്ദവ്യതിയാനവും ചേരുംപടി ചേർത്ത്….

ഒരു കഥയിൽ നിന്നും തിരക്കഥാ രൂപത്തിലേക്കുള്ള ദൂരവും ഭാവനാ വിലാസവും എന്നെ ആശ്ചര്യചകിതനാക്കി!

“ശരി, ഇനി ഞാൻ വന്ന കാര്യം
പറയാട്ടോ…. ”

ജോമോന്റെ രഹസ്യത്തിനായി ഞാൻ കാതു കൂർപ്പിച്ചു.

ഈറൻ തണുപ്പിന് ആശ്വാസമെന്നോണം എൻ്റെ നല്ല പാതി പുതീന ഇല ഇട്ടു കാച്ചിയ കട്ടൻ ചായയുമായി വന്നു.

ചേച്ചിയും ഇവിടെ ഇരുന്നാട്ടേ…..നിങ്ങളും കേൾക്കണം.

ചൂട് കട്ടൻ ചായ ഒരിറക്ക് രുചിച്ചു കൊണ്ട് ജോമോൻ തുടർന്നു:

“എൻ്റെ മനസ്സിലുള്ള കഥയാ….. കുറേക്കാലമായി കൊണ്ടു നടക്കുന്നു.
എഴുതാൻ പറ്റിയ ഭാഷയില്ലാത്തതാണ് എൻ്റെ പ്രശ്നം. നിങ്ങള് വിചാരിച്ചാല്
അത് നടക്കും. നിങ്ങടെ എഴുത്തു ശൈലി ഒത്തിരിഷ്ടാട്ടോ.. ഒരു തിരക്കഥാ ഭാഷ്യം…
അതാണെൻ്റെ ലക്ഷ്യം..”!
ഭാര്യ പന്തം കണ്ട പെരുച്ചാഴിയേ പോലെ എന്നെ നോക്കി!

ഉത്തരേന്ത്യയിൽ നിന്നും കേരളത്തിലേക്ക്
വിനോദ സഞ്ചാരത്തിന് വന്ന കുടുംബവും
ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാരും തമ്മിലുള്ള
ബന്ധത്തിൻ്റെ കഥ!. പ്രണയവും നർമ്മവും നൈരാശ്യവും പ്രതികാരവുമെല്ലാം സമന്വയിക്കുന്ന അമൂർത്തമായ ഒരു ചലച്ചിത്ര കാവ്യത്തെ ജോമോൻ ഭംഗിയായി അവതരിപ്പിച്ചു. “ഒരു സിനിമ പോലും നേരെ ചൊവ്വേ കാണാത്ത ഇവരോ….?! നീ നല്ല ആളെയാ
കണ്ടുവെച്ചത്…….”
ഭാര്യ ഇടം കോലിട്ടു.
ഞാനോർത്തു:
‘അവൾ പറഞ്ഞതിലും കാര്യമുണ്ട്’. കൂടെ കിടക്കുന്നവർക്കല്ലേ
രാപ്പനി അറിയൂ.!!….

അതിനിടയ്ക്ക് ഭാര്യ ഇരുവർക്കും കട്ടൻ ചായ പകർന്നു തന്നുകൊണ്ടിരുന്നു…..

‘പരിചിതമല്ലാത്ത കഥാപരിസരവും ടാക്സി ഡ്രൈവർമാരുടെ ജീവിതവും’
ഞാനും വേവലാതി പൂണ്ടു. എന്തെഴുതും…….?
എങ്ങിനെ എഴുതും….?
ഒരു തിരക്കഥ പോലും കണ്ടിട്ടില്ല!
ഇതുവരെയും വായിച്ചിട്ടുമില്ല.!
. ജോമോനേ നിരാശനാക്കാൻ തീരുമാനിച്ചു
കൊണ്ട് ഞാൻ പറഞ്ഞു: ഇത് എനിക്ക് പറ്റിയ പണിയല്ല മോനേ….. ജോമോനേ!!
ഭാര്യയും അത് ഏറ്റുപിടിച്ചു. പിന്നെ പിന്താങ്ങി.
ജോമോൻ ചിന്താ കുഴപ്പത്തിലായില്ല. അവൻ രണ്ട് പുസ്തകങ്ങളെടുത്ത്
നീട്ടികൊണ്ട് പറഞ്ഞു:
” ഇത് സ്വീകരിക്കൂ… നിങ്ങൾക്കതിനു കഴിയും. Best wishes… . ”
‘തിരക്കഥയുടെ രീതിശാസ്ത്രവും’ ലോഹിത ദാസിൻ്റെ ‘അമരവും’ എൻ്റെ കൈയിൽ കിടന്ന് വിറച്ചു.

സാധാരണക്കാരായ മനുഷ്യരുടെ സ്‌നേഹവും വിദ്വേഷവും പ്രണയവും പകയും പ്രതികാരവുമെല്ലാം കടലിന്റെ പശ്ചാത്തലത്തില്‍ പറയുന്ന അമരത്തിലെ മമ്മൂട്ടിയുടെ അച്ചൂട്ടി എന്ന തിളക്കമാര്‍ന്ന കഥാപാത്രം എൻ്റെ മനസ്സിൻ്റെ തിരശ്ശീലയിൽ തെളിഞ്ഞു. സിനിമയുടെ കനൽ കരളിലേറ്റി പ്രതീക്ഷകളോടെ ജോമോൻ പടിയിറങ്ങി.

വർഷങ്ങൾ പലതു കഴിഞ്ഞു. ജോമോനും കുടുംബവും ആസ്ത്രേലിയൻ പൗരത്വം സ്വീകരിച്ചു. അവിടെ വീട് സ്വന്തമാക്കി. വല്ലപ്പോഴും നാട്ടിൽ വന്നാലായി. ഓണത്തിനും ക്രിസ്തുമസിനും ന്യൂ ഇയറിനും
പരസ്പരം ആശംസകൾ കൈമാറുന്നു. ഞങ്ങൾ ബംഗളുരുവിട്ട് സകുടുംബം നാട്ടിലേക്ക് ചേക്കേറി. ഇയ്യിടെ ബൈക്ക് അപകടത്തിൽ കാലിന് സാരമായ പരിക്കുപറ്റി. ഇപ്പോൾ ഞാൻ അപകടാനന്തര മാനസാന്തരത്തിലും ചികിത്സാനന്തരവിശ്രമത്തിലും!.

വിരസമായ സമയങ്ങളിൽ എഴുത്തിൻ്റെ കൈ പിടിച്ച് നടക്കാൻ ശ്രമിക്കും. ഉഴറി വീഴാൻ നോക്കവെ അകലെ നിന്നും ഒരു കൈത്താങ്ങ് നീണ്ടുവന്നു. ലോകത്തിലെ എറ്റവും ചെറിയ വൻകരയിൽ നിന്നും വലിയ മനസ്സിൻ്റെ കരുതലുമായി ജോമോന്റെ സഹായഹസ്തം!
എൻ്റെ എഴുത്തു വഴികളിൽ ആരൊക്കെയേ വെളിച്ചം തെളിക്കുന്നു!

അന്നവും അക്ഷരവും, പാചകവും വാചകവും ജീവിത പുസ്തകത്തിൻ്റെ
പുറംചട്ടകളായി മാറി!

എഴുത്തുകൊണ്ട് എന്തുനേടി എന്ന് പലരും ചോദിക്കാറുണ്ട്. പരിഹാസവും കുറ്റപ്പെടുത്തലും വേറെയും. ലൈക്കും കമൻ്റും ഒന്നുമില്ലെങ്കിലും
‘ഇ- ലോക’ത്തിൻ്റെ ഏതെങ്കിലും കോണിൽ നിന്ന് ഒരു വായനക്കാരനെങ്കിലും എൻ്റെ എഴുത്തിനു വേണ്ടി
കാത്തിരിക്കുമായിരിക്കും. അവർക്കു വേണ്ടി ഞാനെഴുതുന്നു.
അവർക്കുവേണ്ടി മാത്രം.

“അനന്തമജ്ഞാതമവർണ്ണനീയം
ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം! ”

ഒരു കണ്ണുനീർതുള്ളി താഴേക്ക് തള്ളിയിട്ട്
കണ്ണ് കൈകൊട്ടി ചിരിക്കാൻ തുടങ്ങി.

*”ഒന്തു തട്ടെയല്ലീ ഊട്ട ഹാക്കി
കൊടി അക്കാ…. ”
ചേച്ചീ,ഒരു പ്ലെയിറ്റിൽ ഭക്ഷണം വിളമ്പി കൊടിക്കീൻ.


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അപമാനിതനായി, എനിക്ക് ഉത്തരം വേണം; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളേജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...

‘ഒരു പെരുംകളിയാട്ടം’ അക്കിര കുറസാവയുടെ ‘സെവന്‍ സമുറായ്’ക്കുള്ള ആദരം: ജയരാജ്

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ...

പ്രൊഫ: എരുമേലി പരമേശ്വരന്‍ പിള്ള കഥ-കവിത പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

കേരള ബുക്ക്‌സ് ആന്‍ഡ് എഡ്യൂക്കേഷണല്‍ സപ്ലൈയേഴ്‌സ് രണ്ടാമത് പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള കഥ, കവിതപുരസ്‌കാരം 2023ന് കൃതികള്‍...

More like this

അപമാനിതനായി, എനിക്ക് ഉത്തരം വേണം; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളേജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...

‘ഒരു പെരുംകളിയാട്ടം’ അക്കിര കുറസാവയുടെ ‘സെവന്‍ സമുറായ്’ക്കുള്ള ആദരം: ജയരാജ്

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ...