മുപ്പതുകാരെ, ഇതിലെ…. ഇതിലെ….

0
212

(വിചാരലോകം)

റോണിയ സണ്ണി

ബാല്യവും കൗമാരവും യൗവ്വനവും വാർദ്ധക്യവുമൊക്കെ ഏറെ ചർച്ച ചെയ്യപ്പെടുകയും വർണ്ണിക്കപ്പെടുകയുമൊക്കെ ചെയ്യാറുണ്ടെങ്കിലും അധികം എവിടെയും പറഞ്ഞു കേൾക്കാത്ത, ശ്രദ്ധിക്കപ്പെടാത്ത ഒരു കൂട്ടം ആണ് മുപ്പതുകാരെന്ന് തോന്നിയിട്ടുണ്ടോ? യൗവ്വനത്തിൽ പാറിപ്പറന്നു നടന്നിട്ട് ഒന്ന് ലാൻഡ് ചെയ്യാൻ ഇടം തേടുന്ന പ്രായം. മാതാപിതാക്കളുടെ തണലിൽ നിന്ന് രക്ഷിതാക്കളുടെ ഉത്തരവാദിത്ത്വങ്ങളിലേയ്ക്ക് ചുവട് മാറുന്ന പ്രായം.

നമുക്ക് മുൻപേ നടന്നവർ പറഞ്ഞ അനുഭവങ്ങളൊക്കെയും നമ്മുടെ വഴിയിലും മാറ്റമില്ലാതെ തുടരുന്നുണ്ടെന്ന് മനസിലാക്കാൻ മുപ്പതുകളിൽ എത്തണം അല്ലേ. ഇരുപതാം പിറന്നാൾ ആഘോഷിക്കാൻ കാണിച്ച ഉത്സാഹമൊന്നും മുപ്പതാം പിറന്നാൾ ആഘോഷിക്കുമ്പോൾ കാണാറില്ല. അയ്യോ എനിക്ക് മുപ്പതു വയസ്സായോ! എന്ന് തന്നെയല്ലേ നമ്മളെല്ലാം പറഞ്ഞത്.

ഏതാണ് മികച്ച ഹെൽത്ത്‌ ഇൻഷുറൻസെന്നും കൊളസ്ട്രോൾ ചെക്ക് ചെയ്യാൻ ഏറ്റവും അടുത്തുള്ള ക്ലിനിക്കൽ ലാബ് ഏതാണെന്നും, എന്തിന് മുപ്പതിന്റെ അവസാനം ആകുമ്പോഴേയ്ക്കും നര മറയ്ക്കാൻ നല്ല ഹെയർ കളർ ഏതാണെന്നു വരെ അന്വേഷിച്ചു തുടങ്ങും നമ്മൾ.

മുപ്പതിന്റെ ആരംഭത്തിൽ അവിവാഹിതരായി തുടരുന്നത് എന്തോ വലിയ തെറ്റാണെന്ന തോന്നൽ മുപ്പതിന്റെ അവസാനം എത്തുമ്പോൾ മാറി തുടങ്ങും. വിവാഹം കഴിക്കുന്നതല്ല ജീവിതത്തിലെ ഏറ്റവും വലിയ കാര്യമെന്നും വിവാഹം കഴിക്കണോ വേണ്ടയോ എന്നത് തികച്ചും ഒരാളുടെ വ്യക്തിപരമായ തീരുമാനമാണെന്നും സമൂഹം ഉൾക്കൊള്ളാൻ തുടങ്ങും..

ഇത്രയും പഠിച്ചിട്ട് ജോലി ഇല്ലാതെ വീട്ടിൽ ഇരിക്കേണ്ടി വന്നല്ലോ എന്ന് ചിന്തിക്കുന്നവരും, ജോലി തിരക്കുകൊണ്ട് ജീവിക്കാൻ പറ്റുന്നില്ലല്ലോയെന്ന് ചിന്തിക്കുന്നവരും മുപ്പതുകളിൽ ഉണ്ട്. ഒന്ന് കൂടി പ്ലാൻ ചെയ്തിരുന്നെങ്കിൽ കുറച്ചു കൂടി മികച്ച കരിയർ നേടാമായിരുന്നു എന്ന് വിചാരിക്കുന്നവരും തെറ്റിപ്പോയിടത്ത്‌ എത്തിപ്പെട്ടിട്ട് രക്ഷപെടാനാവാതെ ജീവിതം തള്ളി നീക്കുന്നവരുമുണ്ട്. ഈ കാലത്തിൽ മറ്റാർക്കൊക്കെയോ വേണ്ടി നമ്മൾ വേണ്ടെന്ന് വെയ്ക്കുന്നത് ഇഷ്ടപ്പെട്ട പലതിനേയുമാണ്. ഡാൻസ് കളിക്കാനും ക്രിക്കറ്റ് കളിക്കാനും, കൂട്ടുകാർക്കൊപ്പം കറങ്ങാനും കസേരയിൽ കാലു കേറ്റിയിരുന്ന് ടിവി കാണാനും ചുമ്മാ കിടന്നുറങ്ങാനും. അങ്ങനെ എത്ര എത്ര ഇഷ്ടങ്ങൾ..

ചിത്രീകരണം: സുബേഷ് പത്മനാഭന്‍

ജീവിതത്തിന്റെ എല്ലാ കാലങ്ങളും മനോഹരം ആണെങ്കിലും മുപ്പതുകൾക്ക് ഒരു പ്രത്യേക ഭംഗി ഉണ്ടെന്ന് തോന്നിയിട്ടുണ്ട്. തിരിച്ചറിവുകളുടെ കാലം കൂടിയാണത്. ജീവിതം പാതിയിൽ എത്തിയെന്ന് തിരിച്ചറിഞ്ഞു ഇനിയുള്ള ജീവിതം അർത്ഥവത്തായി ജീവിക്കാൻ തീരുമാനിക്കുന്ന എത്രയോ പേരുണ്ട്. ഇഷ്ടപ്പെട്ടതൊക്കെ ചെയ്യാനും ആസ്വദിക്കാനും ഒരൊറ്റ ജീവിതമേ ഉള്ളു എന്ന് തിരിച്ചറിയുന്നത് ഈ പ്രായത്തിലല്ലേ. ചെയ്യേണ്ട എല്ലാ കടമകൾക്കുമൊപ്പം നമുക്കു വേണ്ടി കൂടി കുറച്ചു സമയം മാറ്റി വെയ്ക്കണമെന്ന് ഈ പ്രായത്തിൽ തിരിച്ചറിഞ്ഞില്ലെങ്കിൽ പിന്നെ എപ്പോഴാണ്?

ജീവിതം റീസ്റ്റാർട്ട് ചെയ്യാൻ ഇതിലും നല്ല കാലമില്ല..ജീവിതം ചുമ്മാതെ തീർന്നു പോകുന്നുവെന്ന് തോന്നുന്ന മുപ്പതുകാരെ. നിങ്ങളോട് ഒരു കാര്യം
നിങ്ങൾ ഇപ്പോൾ ചെയുന്നതൊക്കെയും നിങ്ങളെക്കാൾ നന്നായി ചെയ്യാൻ വേറെ ആരുണ്ട്. ലോകം കീഴടക്കുന്നത് മാത്രം അല്ല വിജയം. ഈ കാലത്ത് എടുക്കുന്ന തീരുമാനങ്ങൾക്ക് പക്വത കൂടുതൽ ഉള്ളതു കൊണ്ടുതന്നെ തുടങ്ങാൻ മടിച്ചു നിൽക്കുന്നവയൊക്കെയും ചെയ്ത് തുടങ്ങാം.ഇഷ്ടങ്ങൾ ഇനിയെങ്കിലും തിരിച്ചറിയാം. ഏറെ നാളായി തുടങ്ങാൻ പ്ലാൻ ചെയുന്ന ബിസിനസ്സോ, പഠിക്കണമെന്ന് ആഗ്രഹിച്ച കലകളോ, പോകാൻ ആഗ്രഹിച്ച യാത്രകളോ…. എന്തും. ജീവിതമൊന്നേയുള്ളു എന്ന തിരിച്ചറിവിനെക്കാൾ വലിയ മോട്ടിവേഷൻ എന്താണുള്ളത്? പിന്നീടാവാമെന്ന് പറഞ്ഞു മാറ്റി വെയ്ക്കാൻ ഇനി സമയം ഉണ്ടോ.. ഈ കഴിഞ്ഞു പോകുന്നതല്ലേ ജീവിതം….


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

 

LEAVE A REPLY

Please enter your comment!
Please enter your name here