HomeTHE ARTERIASEQUEL 106ആശാന്‍ കവിതയിലെ പെണ്‍പൂവ്; സ്ത്രീ സ്വത്വവും പ്രതിനിധാനവും ദുരവസ്ഥയില്‍

ആശാന്‍ കവിതയിലെ പെണ്‍പൂവ്; സ്ത്രീ സ്വത്വവും പ്രതിനിധാനവും ദുരവസ്ഥയില്‍

Published on

spot_imgspot_img

(ലേഖനം)

രഞ്ജിത് വി

1

ചുരുങ്ങിയ കാലം കൊണ്ട് സാഹിത്യലോകത്ത് കാവ്യയശസ്സ് സമ്പാദിച്ച കവി തന്റെ മറ്റു കൃതികളെ അപേക്ഷിച്ച് വിലക്ഷണരീതിയില്‍ എഴുതപ്പെട്ട രചനയാണെന്ന് ഒരു കാവ്യത്തെ അഭിസംബോധന ചെയ്യാന്‍ ധൈര്യം കാണിക്കുമോ?. വീണപൂവും കരുണയും ചിന്താവിഷ്ടയായ സീതയും മലയാളിക്ക് സമ്മാനിച്ച മഹാകവി തന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ കാവ്യമായ ‘ദുരവസ്ഥയെ’ ഒരു വിലക്ഷണ രചനയായി അടയാളപ്പെടുത്താന്‍ ധൈര്യം കാട്ടിയെന്നത് സാഹിത്യലോകത്ത് മറ്റാരും കാണിക്കാത്ത ഒരാര്‍ജ്ജവമാണ്. ‘വര്‍ത്തമാനകാലത്തും വായനക്കാരുടെ മുമ്പിലും നടക്കുന്ന സംഭവങ്ങളെ ആധാരമാക്കിയെന്നു മാത്രമല്ല, അവയെ കഴിയുന്നത്ര തന്മയത്വത്തോടുകൂടി വര്‍ണിപ്പാന്‍ ആശിച്ചുകൊണ്ടും രചിക്കപ്പെടുന്ന കഥാരൂപമായ കവിതകളില്‍ സാരസ്യം വരുത്താന്‍ പ്രയാസമാണെന്ന് പറയേണ്ടതില്ലല്ലോ’ ( ദുരവസ്ഥ – മുഖവുര) എന്നുള്ളതാണ് ദുരവസ്ഥയുടെ പരിമിതിയായി കുമാരനാശാന്‍ ഉയര്‍ത്തി കാട്ടുന്നത്. പിന്നീടുവന്ന സാഹിത്യപഠിതാക്കള്‍ക്ക് കാടുകയറിയ കവിപ്രതിഭയായും കലാപരമായ പരാജയമായും അഞ്ചരയടി കവിതയായും അനുഭവപ്പെട്ട ദുരവസ്ഥയെ ഒരു നൂറ്റാണ്ടിനിപ്പുറം നിന്നുകൊണ്ട് കാവ്യത്തിലെ സ്ത്രീ പ്രതിനിധാനത്തെ പുനര്‍വിചിന്തനം ചെയ്യുന്നതിനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്.
തെക്കേ മലയാംജില്ലയെ നടുക്കിയ രക്തരൂക്ഷിതമായ മലബാര്‍ കലാപത്തെ മുന്‍നിര്‍ത്തി ആശാന്‍ രചിച്ച കാവ്യമാണ് ദുരവസ്ഥ. ആശാന്റെ മറ്റു കാവ്യങ്ങളെ അപേക്ഷിച്ച് പ്രമേയപരമായ യാതൊരു സങ്കീര്‍ണതകളും ഇല്ലാത്ത പ്രസ്തുത കൃതി മലബാര്‍ കലാപകാലത്തു നടന്നതായി കല്‍പ്പിച്ചിട്ടുള്ള ഒരു കഥയെയാണ് ഇതിവൃത്തമായി സ്വീകരിച്ചിട്ടുള്ളത്. കലാപകാരികള്‍ സ്വന്തം ഇല്ലം ചുട്ടുകരിച്ചപ്പോള്‍ ജീവരക്ഷാര്‍ത്ഥം രായ്ക്കുരാമാനം ചാത്തന്‍ എന്ന പുലയന്റെ കുടിലില്‍ അഭയം പ്രാപിച്ച സാവിത്രി അന്തര്‍ജനം ചാത്തനില്‍ പ്രീതനായി അയാളെ ഭര്‍ത്താവായി സ്വീകരിക്കുന്നതാണ് കാവ്യപ്രമേയം.

2

കുടുംബത്തിലെ ഓമനസന്താനമായി പിറന്ന് എല്ലാ രാജകീയസൗഭാഗ്യങ്ങളും അനുഭവിച്ചു കാലത്തിന്റെ വിധിവിപര്യയത്തില്‍ എല്ലാം നഷ്ടപ്പെട്ട് അനാഥയാക്കപ്പെട്ട അന്തര്‍ജനം തന്റെ ഭാവികാല ജീവിതത്തെ കരുപ്പിടിപ്പിക്കാനായി നടത്തുന്ന ജീവിതപരിവര്‍ത്തനത്തിന്റെ കഥയാണ് ഒരുതരത്തില്‍ ദുരവസ്ഥ. ജീവനേക്കാഉപരി മാനാഭിമാനത്തിന് പ്രാധാന്യം നല്‍കി കലാപകാരികളുടെ കാമ പൂര്‍ത്തീകരണത്തിന് ഇരയാവാതെ, പുലയകുടിലില്‍ അഭയം പ്രാപിച്ച സാവിത്രിക്ക് മുന്നില്‍ ബ്രാഹ്‌മണ്യത്തിന്റെ കുലനീതി ഭ്രഷ്ട് കല്‍പ്പിച്ചു നല്‍കിയപ്പോള്‍ അതില്‍ അടിപതറാതെ ചാത്തന്റെ കൈയും പിടിച്ചു വരുംകാല ജീവിതത്തെ സ്വപ്നം കാണുന്ന സാവിത്രി മലയാള കവിതാ ചരിത്രത്തിലെ ശക്തമായ സ്ത്രീ സാന്നിധ്യമാണ്. ‘വിണ്ടലത്തെങ്ങോ വിളങ്ങിയ താരമേ! / കുണ്ടില്‍ പതിച്ചു നീ കഷ്ടമോര്‍ത്താല്‍!’ എന്ന കവിയുടെ പരിവേദനത്തെ അവഗണിക്കും വിധത്തില്‍ കുണ്ടില്‍ നിന്നും അവള്‍ അറിവിന്റെയും തിരിച്ചറിവിന്റെയും വെളിച്ചം പകരുന്നതായി കവിത സാക്ഷ്യപ്പെടുത്തുന്നു.

3

മലബാര്‍ കലാപം നിമിത്തം സാവിത്രി അന്തര്‍ജനത്തിന്റെ ജീവിതത്തില്‍ വന്നു ചേര്‍ന്നിട്ടുള്ള പ്രയാസങ്ങളെയും പ്രതിസന്ധികളെയും അവതരിപ്പിച്ചു കൊണ്ടാണ് ദുരവസ്ഥയുടെ പ്രമേയതലം വികസിക്കുന്നത്. കാവ്യാരംഭത്തില്‍ നല്‍കിയിരിക്കുന്ന 56 വരികള്‍ വരുന്ന പ്രകൃതിവര്‍ണ്ണനാപരമായ ഭാഗത്തിനു ശേഷമാണ് സാവിത്രി കാവ്യപ്രമേയത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സാവിത്രിക്ക് അഭയം നല്‍കിയ ചാത്തന്റെ ചാളയെ മനോഹരമായി വര്‍ണിച്ച കവി ചാളയ്ക്കുള്ളില്‍ മൂടി മറഞ്ഞിരിക്കുന്ന സാവിത്രിയില്‍ എത്തിച്ചേരുന്നു.

‘ഹന്ത ചാളയ്ക്കുള്ളില്‍ മൂടിമറച്ചൊരു
ചന്തമേറീടും വദനമല്ലേ
കാണുന്നു നോക്കില്‍ പുറമ്പോള നീങ്ങാതെ
ചേണറ്റുമിന്നുന്ന പൂവുപോലെ’
എന്ന് ആ പെണ്‍പൂവിനെ ആശാന്‍ വര്‍ണ്ണിക്കുന്നു. വിരിഞ്ഞുനില്‍ക്കുന്ന പൂവിന്റെ മനോഹാരിതയും ശോഭയും പുലയക്കുടിലിലെ നരകതുല്യമായ അന്തരീക്ഷത്തിലും അവളില്‍ അണയാതെ നില്‍ക്കുന്നതായി കാണാം.
‘ തറ്റുടുത്തൂരുമറഞ്ഞ മനോജ്ഞമാ-
മൊറ്റക്കണങ്കാല്‍ മടക്കിവച്ചും
മറ്റേക്കഴല്‍ നിലത്തൂന്നിയമ്മുട്ടിന്മേല്‍
പറ്റിയ കൈത്തണ്ടിന്‍ ചെന്തളിരില്‍
പൂമഞ്ജുവക്രം ചരിച്ചുവച്ചും, മറ്റേ-
യോമല്‍കൈത്തണ്ടാര്‍ നിലത്തൂന്നിക്കൊണ്ടും
കീറപ്പനമ്പായിലാരോ മുഷിഞ്ഞൊരു
കൂറ പുതച്ചു കുനിഞ്ഞിരിപ്പൂ’

എന്ന സാവിത്രിയുടെ വര്‍ണ്ണന അവളുടെ നിസ്സഹായമായ ജീവിതത്തെ അവതരിപ്പിക്കാന്‍ ഏറെ പര്യാപ്തമാകുന്നു. സമ്പത്തിന്റെ സുഖലോലുപതയില്‍ നിന്ന് ചാത്തന്റെ കൂരയിലേക്കുള്ള പതനം സാവിത്രിയില്‍ ധാരാളം മാറ്റങ്ങള്‍ ഉണ്ടാക്കിയതായി കാണാം. കെട്ടാതെ വച്ചിരിക്കുന്ന തലമുടിയും ശൂന്യമായ കാതിഴകളും അവളുടെ ജീവിതത്തിലെ അസ്ഥിരതയെയും അവ്യവസ്ഥയെയും കുറിക്കുന്നു. ജോലിക്കായി ചാത്തന്‍ വീടുവിട്ടിറങ്ങുമ്പോള്‍ സാവിത്രിക്ക് കൂട്ടായി നല്‍കിയ മൈനയോട് അവള്‍ നടത്തുന്ന സങ്കടപ്രവാഹത്തിലൂടെയാണ് കഥാനായികയുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നത്. വെന്തു പോയൊരു വമ്പിച്ചമനക്കലെ സന്താനവല്ലിയായ കുമാരി കലാപകാരികളില്‍ നിന്ന് രക്ഷപ്പെടാനായി നടത്തിയ ത്യാഗോജ്വലമായ പോരാട്ടം ആശാന്‍ വിശദമായി തന്നെ അവതരിപ്പിക്കുന്നുണ്ട്. ‘നായാട്ടിനായി വളഞ്ഞ വനം വിട്ടു / പായുന്നൊരൊറ്റ മാന്‍കുട്ടി പോലെ’ എന്നും ‘വേകുന്ന സൗധം വെടിഞ്ഞു പറന്നുപോ- / മേകയാം പ്രാവിന്‍കിടാവുപോലെ’ യും പുലിമടയില്‍ ചെന്നുപെട്ട പൈക്കിടാവു പോലെയും പരുന്തിനെ കണ്ട് ഒളിച്ചിരിക്കുന്ന കുരുവിക്കിടാവുപോലെയും മരണത്തിനു മുന്നില്‍ നിന്ന് ജീവിതത്തിന്റെ തുരുത്തിലേക്ക് നടന്നുകയറാന്‍ ആ പെണ്‍കിടാവിന് സാധിച്ചു.
യാതൊരു തെറ്റും ചെയ്യാതെ ഒറ്റരാത്രികൊണ്ട് ജീവിതം മാറിമറിഞ്ഞ് അനാഥയാക്കപ്പെട്ടുപോയ ജീവിതസന്ധികളില്‍ തളര്‍ന്നിരിക്കാതെ വാശിയോടെ പടപൊരുതി ജീവിതം തിരിച്ചു പിടിക്കാന്‍ അതീവശ്രദ്ധയോടെ സാവിത്രി മുന്നോട്ടു നീങ്ങുന്നു. മാനവും ജീവനും സംരക്ഷിക്കാന്‍ വേണ്ടിയാണ് സാവിത്രി ചാത്തന്റെ പുലയച്ചാളയില്‍ അഭയം പ്രാപിച്ചത്. എന്നാല്‍ ഇത് തിരിച്ചറിയാത്ത നമ്പൂതിരിയുടെ ആഢ്യത്വം അവളെ പടിയടച്ച് പിണ്ഡം വെച്ച് ഭ്രഷ്ട്ടയാക്കി കളഞ്ഞു. നമ്പൂതിരിയാഢ്യന്റെ മാനദയായ പെണ്‍കുട്ടിയായി പിറന്ന് ഒരാള്‍ക്ക് ജീവിതത്തില്‍ ലഭിക്കാന്‍ സാധ്യതയുള്ള എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചു വളര്‍ന്നുവന്ന സാവിത്രിക്ക് മലബാര്‍കലാപം തീരാദുഃഖമാണ് സമ്മാനിച്ചത്. ‘കോണിയിറങ്ങീയിട്ടില്ലോമനേയേറെ ഞാന്‍ / നാണം വെടിഞ്ഞു നടന്നിട്ടില്ല’ എന്നും അച്ഛനെ അല്ലാതെ മറ്റൊരു ആണൊരുത്തനെയും കണ്ടിട്ടില്ലെന്നും തന്റെ സംസാരം പഞ്ചവര്‍ണ്ണക്കിളി അല്ലാതെ മറ്റാരും കേട്ടിട്ടില്ലെന്നും വട്ടക്കുടയും വൃക്ഷലിയും കൂടാതെ നടന്നിട്ടില്ലെന്നും തന്റെ പൂര്‍വ്വകാല ജീവിതത്തെ മൈനയോട് സാവിത്രി പങ്കുവെക്കുന്നുണ്ട്. നമ്പൂതിരി സമുദായത്തിനകത്ത് നിലനിന്ന സ്ത്രീയുടെ അസ്വാതന്ത്ര്യത്തെയാണ് സാവിത്രിയുടെ വാക്കുകളില്‍ കണ്ടെത്താന്‍ സാധിക്കുന്നത്. എല്ലാ സുഖസൗകര്യങ്ങളും അവള്‍ക്ക് ലഭിക്കുമ്പോഴും അവള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട സ്വാതന്ത്ര്യരാഹിത്യത്തിന്റെ കരിനിഴല്‍ ജീവിതം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നതായി കാണാം.

കലാപകാരികളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി അവള്‍ നടത്തുന്ന ശ്രമം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. നാലുകെട്ടിന് പുറത്തെ ലോകം അത്രകണ്ട് പരിചിതമല്ലാത്ത സാവിത്രിക്ക് എവിടെയാണ് തനിക്ക് അഭയം ലഭിക്കുകയെന്ന് കണ്ടെത്തുക ഏറെ പ്രയാസകരമായിരുന്നു. സ്വന്തം ഇല്ലം കുളംതോണ്ടി ഇല്ലത്തിന് കലാപകാരികള്‍ തീകൊളുത്തിയപ്പോള്‍ നിസ്സഹായയായി നോക്കി നില്‍ക്കാന്‍ മാത്രമേ അവള്‍ക്ക് സാധിക്കുന്നുള്ളു. കാവിനുള്ളില്‍ കല്ലിന്‍ പ്രതിമ പോലെ നിര്‍ജീവമായി നില്‍ക്കുന്ന സാവിത്രി സര്‍പ്പക്കാവില്‍ നിന്നും ഏതുവിധേനയും രക്ഷപ്പെടുന്നതിനുള്ള ശ്രമം നടത്തുന്നു. വല്ല ദുഷ്ടന്മാരും വീണ്ടും വരാമെന്നും പുലരുന്നതിന് മുമ്പായി എവിടെയെങ്കിലും ശരണം തേടി മാനം രക്ഷിക്കണമെന്നും അതിയായി അവള്‍ ആഗ്രഹിക്കുന്നു. ആ ആഗ്രഹമാണ് സാവിത്രിയെ ചാത്തന്റെ ചാളയില്‍ എത്തിക്കുന്നത്.

4

നമ്പൂതിരിയില്ലത്ത് നിന്ന് പുലയന്റെ ചാളയിലേക്ക് എത്തപ്പെട്ട സന്ദര്‍ഭത്തിലും തന്റെ മനക്കരുത്തും നിശ്ചയദാര്‍ഢ്യവും പൂര്‍വാധികം ശക്തിയോടെ ചേര്‍ത്തു പിടിക്കാന്‍ ആ സാധുപെണ്‍കിടാവിനു സാധിക്കുന്നുണ്ട്. ബാല്യ- കൗമാരങ്ങളില്‍ വായനയിലൂടെ അവള്‍ ആര്‍ജിച്ച വെളിച്ചമാണ് തുടര്‍ന്നുള്ള ജീവിതത്തില്‍ അവളെ വഴി നടത്തുന്നത്. നമ്പൂതിരി സമുദായത്തിനകത്ത് പലപ്പോഴും വിജ്ഞാന വിതരണത്തില്‍ സ്ത്രീകള്‍ അവഗണിക്കപ്പെടുക സ്വാഭാവികമാണ്. എന്നാല്‍ ദുരവസ്ഥയിലെ കഥാനായികയ്ക്ക് മുന്നില്‍ അറിവിന്റെ വാതായനങ്ങള്‍ തുറക്കപ്പെട്ടതിന്റെ സൂചനകള്‍ കവിതയില്‍ കാണാം. ‘അത്താഴവും വായനയും കഴിഞ്ഞു ഞാന്‍ / ചിത്താനന്ദം പൂണ്ടു കട്ടിലേറി’ എന്ന സാവിത്രിയുടെ ഓര്‍മയില്‍ അവള്‍ക്ക് ലഭിച്ച അപൂര്‍വമായ സൗഭാഗ്യത്തിന്റെ സൂചനയുണ്ട്. ആ കാലഘട്ടത്തില്‍ അടുക്കളയുടെ നാലു ചുമരുകളില്‍ ജീവിതം ഹോമിക്കപ്പെട്ടിരുന്ന അന്തര്‍ജനങ്ങളില്‍ നിന്ന് വായനയില്‍കൂടി അറിവിന്റെ ലോകത്തേക്ക് നടന്നുകയറാന്‍ ഭാഗ്യം ലഭിച്ച അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഭാഗ്യവതിയായിരുന്നു കവിതയിലെ സാവിത്രി. ബാല്യ കൗമാരങ്ങളില്‍ അവള്‍ ആര്‍ജിച്ച മനക്കരുത്താണ് ‘കില്ലില്ല ഞാനെന്റെ കാലം നയിക്കുമി- / പ്പുല്ലുമാടത്തില്‍പ്പുലയിയായിത്താന്‍’ എന്ന നിശ്ചയത്തിലേക്ക് അവളെ നയിക്കുന്നത്. വീട്ടുവേലക്കാരും തന്റെ ഏത് ആവശ്യങ്ങളും സാധിച്ചു തരുന്ന പരിചാരകരും കൂടെയുണ്ടായിരുന്ന ജീവിതത്തില്‍ നിന്നും ചെറുമികളെപോലെ പണിയെടുക്കാനുള്ള തീരുമാനത്തിലേക്ക് അവള്‍ എത്തിച്ചേരുന്നത് ഏതോ നിമിഷത്തില്‍ തോന്നിയ എടുത്തുച്ചാട്ടമല്ലെന്നും കൃത്യമായ കണക്കുക്കൂട്ടലുകള്‍ ആ ബ്രാഹ്‌മണകന്യകയ്ക്ക് ഉണ്ടായിരുന്നുവെന്നുമുള്ള ധാരാളം സൂചനകള്‍ കവിതയില്‍ കണ്ടെത്താം. ചെറുമിയായി പണിയെടുക്കാനുള്ള പുറപ്പാടല്ല സാവിത്രിയുടെ തീരുമാനത്തിന് പിന്നിലുള്ളത്. വലിയൊരു സാമുദായികപരിഷ്‌കരണ ലക്ഷ്യമാണ് അവളെ മുന്നോട്ടു നയിക്കുന്നത്. അറിവാണ് ജീവിതത്തിന്റെ വെളിച്ചം എന്ന് തിരിച്ചറിയുന്ന സാവിത്രി ചാത്തനെ പഠിപ്പിക്കാനുള്ള തീരുമാനത്തില്‍ എത്തിച്ചേരുകയാണ്. ചാത്തനിലൂടെ പുലയസമുദായത്തെ നവീകരിക്കാന്‍ അവള്‍ ഇറങ്ങിതിരിക്കുന്നു. ‘നിശ്ചയം, ചാത്തനെ ഞാന്‍ പഠിപ്പിച്ചീടും വിശ്വാസമേറുന്നിക്കാര്യത്തിങ്കല്‍’ എന്നും ‘ഞങ്ങള്‍ പുലയര്‍ക്കുള്ളാരാധനകളെ / ഭംഗിയായ് പിന്നെപ്പരിഷ്‌കരിക്കും’ മെന്നുമുള്ള അവളുടെ നിശ്ചയം സവര്‍ണ്ണബോധത്തിന് അതീതമായ മാനവിക മൂല്യങ്ങളുടെ പക്ഷത്തിലാണ് നിലയുറപ്പിക്കുന്നത്. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ബ്രാഹ്‌മണകന്യകയില്‍ നിന്ന് ചെറുമിയായി പരിവര്‍ത്തനപ്പെടാന്‍ അവള്‍ക്ക് സാധിച്ചുവെന്ന് ‘ഞങ്ങള്‍ പുലയര്‍ക്കുള്ള’ എന്ന അഭിസംബോധന സൂചിപ്പിക്കുന്നുണ്ട്. മതപക്ഷത്തിനതീതമായി മാനവികതയുടെ പക്ഷത്താണ് സാവിത്രി നിലയുറപ്പിക്കുന്നത്. തമ്പ്രാട്ടി എന്ന അധികാരപദത്താല്‍ വിളിക്കപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ചാത്തനെ അറിയിക്കുന്നുണ്ട് സാവിത്രി.
‘ സാവിത്രിയെന്നെന്നെ നിശ്ശങ്കമെന്‍ ചാത്ത,
നീ വിളിക്കായതെന്റെ നാമം.
ആവിധംമെന്നെ വിളിച്ചോരിരുവരും
ദ്യോവിലായ് നീയക്കുറവ് തീര്‍ക്കാ’
എന്നു പറയുന്നതിലൂടെ രണ്ട് സമുദായവ്യക്തികളാണ് തങ്ങള്‍ എന്നതിനപ്പുറം ആധുനികമൂല്യങ്ങളും സമത്വ സങ്കല്‍പ്പങ്ങളും ഉള്‍ക്കൊള്ളുന്ന ആധുനിക കര്‍തൃത്തങ്ങളായി തങ്ങള്‍ മാറേണ്ടതുണ്ട് എന്ന തിരിച്ചറിവിലേക്ക് എത്തിച്ചേരുകയാണ് സാവിത്രി ചെയ്യുന്നത്.

5

പുറമേ നിന്നു നോക്കുമ്പോള്‍ ഏറെ സൗഭാഗ്യങ്ങള്‍ അനുഭവിക്കുന്ന വിഭാഗമായിട്ടാണ് നമ്പൂതിരി സ്ത്രീകള്‍ പലപ്പോഴും കരുതപ്പെടാറുള്ളത്. ബ്രാഹ്‌മണ്യത്തിന്റെ മാമൂലുകള്‍ക്കുള്ളില്‍ ബന്ധിതയായി ജീവിതം തള്ളിനീക്കപ്പെടേണ്ടിവരുന്ന നമ്പൂതിരി സ്ത്രീകളുടെ ജീവിതത്തിലേക്ക്, പ്രശ്‌നങ്ങളിലേക്ക് ദുരവസ്ഥ വെളിച്ചം വീശുന്നുണ്ട്. നമ്പൂതിരി കുടുംബത്തിലെ കാരണവര്‍ക്ക് അവിഹിതമായ സ്വാതന്ത്ര്യം ലഭിക്കുമ്പോഴും അന്തപുരത്തിലെ ശുദ്ധിയില്‍ നമ്പൂതിരിയന്തണര്‍ക്ക് യാതൊരു ദാക്ഷിണ്യവുമില്ലെന്ന് സാവിത്രി കുറ്റപ്പെടുത്തുന്നുണ്ട്. പടുവൃദ്ധനായ നമ്പൂതിരിക്ക് പോലും എത്ര വേണമെങ്കിലും വിവാഹം കഴിക്കാന്‍ അവസരം ഉണ്ടാകുമ്പോള്‍ നമ്പൂതിരി കന്യകയ്ക്ക് വിവാഹത്തിലെ ഏറ്റവും പ്രധാനമായ തിരഞ്ഞെടുപ്പ് പോലും നിഷേധിക്കപ്പെടുന്നതായി കാണാം. ‘പെണ്‍കൊടയില്ലത്തുണ്ടാകിലും കന്യയ്ക്കു / പങ്കുമില്ലല്ലോ തിരഞ്ഞെടുപ്പില്‍’ എന്നുള്ളത് നമ്പൂതിരി സ്ത്രീകളുടെ മാത്രം പ്രശ്‌നമായിരുന്നില്ല അക്കാലത്ത്. സവര്‍ണാധിപത്യവും പിതൃഅധികാര വ്യവസ്ഥയും നിലനില്‍ക്കുന്ന സമൂഹത്തിനകത്ത് അവയ്‌ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ വാക്കിനാലും പ്രവര്‍ത്തിയാലും തുനിയുകെന്നത് വലിയൊരു സാമൂഹികവിപ്ലവമാണ്. കാലങ്ങളായി സ്വസമുദായത്തില്‍ നിലനില്‍ക്കുന്ന സമ്പ്രദായങ്ങളെ വെല്ലുവിളിക്കാന്‍ കന്യാസഹജമായ കൗതുകത്താല്‍ അവള്‍ ശ്രമിക്കുന്നത് തന്റെ മുന്നിലൂടെ നരകയാതന അനുഭവിച്ചു കടന്നുപോയ സ്ത്രീ ജന്മങ്ങളെ ഓര്‍ത്താവണം. കാരണവരുടെ ഇഷ്ടത്തിനനുസരിച്ച് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കാത്ത സാവിത്രിക്ക് തന്റെ പ്രതിശ്രുതവരനെ സംബന്ധിച്ച് കൃത്യമായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു എന്ന് വേണം ധരിക്കാന്‍. അക്കാലത്തെ ഒരു പെണ്‍കുട്ടിയില്‍ നിന്ന് പ്രതീക്ഷിക്കാന്‍ സാധിക്കാത്ത ഇത്തരം കാഴ്ചപ്പാടുകള്‍ സാവിത്രിയെ വ്യത്യസ്തയാക്കി തീര്‍ക്കുന്നു.
‘ നിര്‍ദ്ധനനെന്നാലുമെന്നെ വേള്‍ക്കുന്നയാള്‍
വിദ്യാപരനായിരുന്നിടേണം.
രൂപവാനല്ലെങ്കിലുമപ്പുമാനന്യ-
സ്ത്രീപരനാകാതിരുന്നീടേണം’.
എന്നിങ്ങനെ സ്വന്തം കാര്യത്തില്‍ കൃത്യമായ കാഴ്ചപ്പാട് രൂപപ്പെടുത്താന്‍ സാവിത്രിക്ക് സാധിക്കുന്നത് അവള്‍ നേടിയെടുത്ത ആധുനിക ബോധ്യങ്ങളുടെ ഫലമായിട്ടാണ്. ‘സ്വച്ഛരാം നമ്പൂരിനാരിമാര്‍ക്കുദ്വാഹം നിശ്ചിതമായ വിധിയല്ലല്ലോ’ എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോഴും വൈവാഹിക ജീവിതത്തെ സംബന്ധിച്ച് ആലോചിച്ച് ഉറപ്പിക്കുകയും തന്റെ രണ്ട് ആഗ്രഹങ്ങളില്‍ ഒന്നായ പരസ്ത്രീ ബന്ധമില്ലാത്ത ചാത്തനെ വരിക്കാന്‍ ഭാഗ്യം ലഭിച്ചതില്‍ അവള്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നുണ്ട്. സ്ത്രീയുടെ എല്ലാ സ്വാതന്ത്ര്യങ്ങളിലും പുരുഷ നിയന്ത്രണങ്ങള്‍ നടപ്പിലായിരുന്ന സാമൂഹിക വ്യവസ്ഥിതിയിലാണ് മാറ്റത്തിന്റെ കാഹളവുമായി സാവിത്രി ദുരവസ്ഥയില്‍ പ്രത്യക്ഷപ്പെടുന്നത്. ആണിന്റെ കീഴില്‍ സ്വത്വവും സ്വാതന്ത്ര്യവും അടിയറവു വെച്ച് ജീവിച്ചിരുന്ന സ്ത്രീ മാതൃകകളില്‍ നിന്നും വിഭിന്നമായി ആണിനെ കൈപിടിച്ച് അഭിവൃദ്ധിയിലേക്ക് നയിക്കുന്ന ശക്തമായ പെണ്‍ മാതൃകയായി ദുരവസ്ഥയില്‍ സാവിത്രി നിറഞ്ഞുനില്‍ക്കുന്നു.

6

മലയാള കവിതയിലെ ശക്തമായ സ്ത്രീ സാന്നിധ്യമാണ് സാവിത്രി. ആണിന്റെ നിഴലായി മാത്രം പ്രത്യക്ഷപ്പെടുകയോ പ്രേമാധിക്യത്താല്‍ പുരുഷന്റെ പിറകെ നടക്കുകയും ചെയ്യുന്ന അബലയോ അശക്തയോ അല്ല ദുരവസ്ഥയിലെ നായിക. ശക്തമായ വ്യക്തിചൈതന്യം പുലര്‍ത്തുന്ന, ഏത് പ്രതിസന്ധികളെയും തന്റേടത്തോടെ അതിജീവിക്കുന്ന, ചളിക്കുഴിയില്‍ നിന്ന് ആണൊരുത്തനെ ലോകത്തിന്റെ നെറുകയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ തക്കതായ ആത്മവിശ്വാസവും ആത്മവീര്യവുമുള്ള ആധുനികസ്ത്രീയുടെ പ്രതിരൂപമാണ് സാവിത്രി. ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളും സ്ത്രീവിമോചന ആശയങ്ങളും മലയാളി പൊതുമണ്ഡലത്തില്‍ സജീവമാകുന്നതിനു മുമ്പ് ഇത്രയും കരുത്താര്‍ന്ന ഒരു സ്ത്രീ മാതൃക ഒരു ആണ്‍ രചനയില്‍ പ്രത്യക്ഷപ്പെട്ടുവെന്നത് നമ്മുടെ നിരൂപകര്‍ പോലും തിരിച്ചറിഞ്ഞിട്ടില്ല. മലബാര്‍ കലാപത്തിന്റെ രാഷ്ട്രീയത്തിലുപരി കഥാനായികയായ സാവിത്രിയുടെ ആത്മബോധത്തിന്റെയും ആധുനിക രാഷ്ട്രീയ കാഴ്ചപ്പാടുകളുടെയും പേരില്‍ അനേകം സംവത്സരങ്ങള്‍ ദുരവസ്ഥ മലയാളി പൊതുമണ്ഡലത്തില്‍ നിലനില്‍ക്കുമെന്നതില്‍ സംശയമില്ല.
സഹായകഗ്രന്ഥങ്ങള്‍

1) കുമാരനാശാന്‍, ദുരവസ്ഥ, ഡിസി ബുക്‌സ്, കോട്ടയം, 2016
2) പി കെ ബാലകൃഷ്ണന്‍, കാവ്യകല കുമാരനാശാനിലൂടെ, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം, കോട്ടയം, 1976
3) എസ് സുധീഷ്, ആശാന്കവിത – സ്ത്രീ പുരുഷ സമവാക്യങ്ങളിലെ കലാപം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2015


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

 

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

More like this

അക്ഷരശ്രീ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പൂവാര്‍: കരുംകുളം ഡോ. ജെ. ആന്റണി കഥാ സാംസ്‌കാരിക പഠന കേന്ദ്രത്തിന്റെ അക്ഷരശ്രീ സാഹിത്യ പുരസ്‌കാരത്തിനായി 2022 ജനുവരി...

അഖില കേരള ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു

കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തില്‍ രണ്ടാമത് ചെറുകഥാമത്സരം നടത്തുന്നു. ഏതു വിഷയവും കഥയാക്കാം. 2 പേജില്‍ കവിയരുത്. ഒന്നും രണ്ടും...

എന്തിനാണ് ടാക്‌സ് കൊടുക്കുന്നതെന്ന് ചോദിപ്പിക്കരുത്; ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ഷനവുമായി നടന്‍ വിശാല്‍

ചെന്നൈ: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പ്പറേഷനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴ്...