വെയില്‍ കാണാത്ത ഭ്രൂണങ്ങള്‍

0
221

(കവിത)

ഗണേഷ് പുത്തൂര്‍

ആശുപത്രിയില്‍ അസ്വാഭാവികത ഒട്ടുമേ ഇല്ലാത്ത
ഒരു മുറിയില്‍
ഭ്രൂണാവസ്ഥയിലെ കുഞ്ഞിന്റെ
പാടപോലെയുള്ള ഹൃദയം നിശ്ചലമായി.
തിണ്ണയില്‍ പടര്‍ന്ന് വീണ ചോര
കൂടെ മരിച്ച ഒരമ്മയും
അബോധാവസ്ഥയില്‍ കിടക്കുന്ന പെണ്‍കുട്ടിയും
ഒരാള്‍ തന്നെ.

ഏതോ രാത്രിയുടെ ആനന്ദ നിമിഷത്തില്‍
പാകിയ വിത്ത് പ്രാപിച്ച രൂപത്തിന്
ഇപ്പോള്‍ രക്തനിറം
അതിരൂക്ഷ ഗന്ധം.

എത്രയെത്ര കളിക്കോപ്പുകള്‍ കൊണ്ട്
പുതിയൊരു പ്രപഞ്ചം
തീര്‍ക്കേണ്ടതായിരുന്നു ഈ കുഞ്ഞ്.
വെണ്‍ചന്ദ്രക്കലയെ പിടിച്ചു
കൂടയില്‍ ഒളിപ്പിക്കേണ്ടിയിരുന്നു ഇവള്‍.
പക്ഷെ മൂര്‍ച്ചയുള്ളൊരു ലോഹച്ചീന്ത്
ജീവനുമായുള്ള അതിന്റെ
ബന്ധം വിഛേദിച്ചിരിക്കുന്നു.

ചിത്രീകരണം: മിഥുന്‍ കെ.കെ.

മൂളിപ്പാട്ട് പാടിവന്ന നേഴ്‌സ്
കുഞ്ഞിനെ ഒരു പൊളിത്തീനില്‍ പൊതിയുന്നു.
കഫം പറ്റിയ പഞ്ഞിയും
ചോര നക്കിയ സൂചിയും നിറഞ്ഞ
ഒരു കന്നാസിലേക്ക് വലിച്ചെറിയുന്നു.
ആവര്‍ത്തിക്കുന്ന ദിനങ്ങള്‍
അവരെ അലോസരപ്പെടുത്തുന്നില്ല,
തികച്ചും യാന്ത്രികമായി
അത് കടന്നുപോയി.

വെയില്‍ കാണാത്ത ഒരു ഭ്രൂണം
ഓര്‍മ്മകളില്‍ നിന്ന് പോലും
അങ്ങനെ അപ്രത്യക്ഷമാകുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here