വെറുപ്പിന്റെ അന്തര്‍ദേശിയ അലകള്‍

0
184

(ലേഖനം)

ബിനു വര്‍ഗ്ഗീസ്

‘സ്ഥിരമായ ഒരേയൊരു വികാരം വെറുപ്പാണ്.’ ഹിറ്റ്‌ലര്‍, മേം കാംപ്ഫ്, 1926

അമേരിയ്ക്കയില്‍ 2024 പ്രസിഡന്റ് ഇലക്ഷന് മുന്നോടിയായി നടക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രാഥമിക റൗണ്ടില്‍ മത്സരിക്കുന്നത് ഒരു മലയാളിയാണ്, പാലക്കാടിന്റെ അഗ്രഹാരത്തില്‍ നിന്ന് അമേരിക്കയുടെ അധിനിവേശ തലസ്ഥാനത്തേക്ക് വലിയ ദൂരമില്ല എന്ന് വിവേക് രാമസ്വാമി എന്ന മുപ്പത്തിയേഴുകാരന്‍ തെളിയിക്കുന്നു. ആഫ്രിക്കന്‍ വംശജരുടെ ചരിത്രം വിസ്മരിച്ചും, അവരുടെ ആധുനികകാല വിഹവലതകളെ തിരസ്‌കരിച്ചും ജനശ്രദ്ധ ആര്‍ജിക്കുന്നത് ഒരു മലയാളി ആണ് എന്നത് ലജ്ജാവഹം തന്നെ. എങ്ങനെ ആണ് വെറുപ്പും വിദ്വേഷവും ചരിത്ര തമസ്‌കരണങ്ങളും ഇന്ത്യന്‍ കുടിയേറ്റ ജനതയുടെ മുഖമുദ്ര ആകുന്നതു ?
വെറുപ്പ് എന്നത് ഒരു സ്വതന്ത്രമായ അസ്തിത്വമല്ല എന്നത് ആദ്യം തന്നെ പറയട്ടെ. അതായതു ഒന്നിനെ സ്‌നേഹിക്കാതെ മറ്റൊനിന്നെ വെറുക്കാന്‍ സാധിക്കില്ല. ഒന്നിനെ എത്രയധികം സ്‌നേഹിക്കുന്നുവോ അത്രയധികം മറ്റൊന്നിനെ വെറുക്കാതെ പറ്റില്ല. അതുകൊണ്ടു തന്നെ വെറുപ്പ് എന്ന വികാരം സ്വതന്ത്രമായി നിലനില്‍ക്കുന്നില്ല. പക്ഷെ എങ്ങനെയാണു വെറുപ്പിനെ അലകള്‍ ഒരു അന്തര്‍ദേശിയ അസ്തിത്വം ഉള്‍ക്കൊള്ളുന്നത് എന്നത് അമേരിക്കയിലും യൂറോപ്പിലും കുടിയേറിപാര്‍ക്കുന്ന ഭാരതീയരുടെ ജീവിതത്തെ അടിസ്ഥാനമാക്കി വിശകലനം ചെയ്യുകയാണവിടെ. തലമുറകളായി നിലനില്‍ക്കുന്ന ദക്ഷിണാഫ്രിക്കയിലെ തദ്ദേശീയ ആഫ്രിക്കന്‍ വംശജരോടുള്ള ഭാരതീയരുടെ വംശീയ വെറുപ്പും, അമേരിക്കയില്‍ ആഫ്രിക്കന്‍, ഹിസ്പാനിക് വംശജരുമായുള്ള കലഹവും യാതൊരു മാപ്പപേക്ഷയ്ക്കും ഇടനല്‍കാതെ വായടപ്പിക്കുന്ന ഇന്ത്യന്‍ വംശജന്‍ ആയ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യന്‍ കുടിയേറ്റ ജീവിത യാഥാര്‍ഥ്യത്തെ വെല്ലുവിളിക്കുന്നു. എന്തുകൊണ്ട് ഭാരതീയര്‍ വെറുപ്പിന്റെ രാഷ്ട്രീയ്യത്തില്‍ ഭാവവാക്കാകുന്നു എന്നതാണ് ലളിതമായ ചോദ്യം. പക്ഷെ ഉത്തരം അത്ര ലളിതമാവാന്‍ തരമില്ല.

അമേരിക്കയിലെയും യൂറോപ്പിലയെയും ഭാരതീയ കുടിയേറ്റം ആരംഭിക്കുന്നതിനു മുന്‍പേ അടിമകളായും കൂലി തൊഴിലായിനും അനേകം ഇന്ത്യന്‍ വംശജര്‍ ആഫ്രിക്കയിലേക്കും വെസ്റ്റ് ഇന്‍ഡീസ് കരീബിയന്‍ പ്രവിശ്യകളിലേക്കും നാടുകടത്തപ്പെട്ടിട്ടുണ്ട്. ഇന്ന് കാണുന്ന തരത്തിലേക്ക് ആഫ്രിക്കന്‍-ഇന്ത്യന്‍ വംശജര്‍ മാറുന്നതില്‍ കഠിനപ്രയത്‌നവും സ്ഥിരോത്സാഹവും കാരണമായി ഉദ്ധരിക്കാനാവുമെങ്കിലും ഒരു തരത്തില്‍ ആഫ്രിക്കന്‍ വംശജര്‍ ഇന്ത്യക്കാരെ സ്വീകരിക്കാന്‍ കാണിച്ച സ്‌നേഹവും മനസ്സും എടുത്തുപറയേണ്ടതാണ്. അല്പമല്ലാത്ത വംശവിദ്വേഷം ആഫ്രിക്കന്‍ വംശജരുടെ ഭാഗത്തു നിന്ന് ഉടലെടുത്തുവെന്നുവരികിലും അത് പൂര്‍ണമായി നിര്‍മ്മിക്കപ്പെട്ടത് തന്നെയാണ്.

ഉദാഹരണമായി ദക്ഷിണ ആഫ്രിക്കയിലെ ദര്‍ബാനിലില്‍ 1949 ഇല്‍ നടന്ന ഇന്ത്യന്‍ ആഫ്രിക്കന്‍ കലാപം ഒരു കൊളോണിയല്‍ നിര്‍മിതി തന്നെ ആയിരുന്നുന്നു. ആഫ്രിക്കന്‍ വംശജരുമായി ഇന്ത്യന്‍ വംശജര്‍ ഐകമത്യം സ്ഥാപിക്കുന്നത് ഭയന്നിരുന്ന വെള്ളക്കാര്‍ അവരെ ഭിന്നിപ്പിച്ചു ഭരിക്കാന്‍ അത്യുല്‍സാഹം പ്രകടിപ്പിച്ചിരുന്നു. തല്‍ഫലമായി, ഇന്ത്യക്കാരും ആഫ്രിക്കക്കാരും പരസ്പരം വേര്പിരിയുകയും, പരസ്പരം അപകടകാരികളായി കാണുകയും ചെയ്തു. അവര്‍ ഒരേ സമയം പരസ്പരം ‘കാണുന്ന’ ദൂരത്തില്‍ ആയിരുന്നു, അങ്ങനെ അവര്‍ അന്യന്റെ വിചിത്രവും വ്യത്യസ്തവുമായ വഴികള്‍ നിരന്തരം പരസ്പരം ഓര്മിമിപ്പിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ 2021 സെപ്റ്റംബറില്‍ ഇന്ത്യന്‍ വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന ദക്ഷിണാഫ്രിക്കയിലെ ഫീനിക്‌സില്‍ നടന്ന ആക്രമണവും വെറുപ്പിന്റെ ഒരു പുതിയ അധ്യായം കൂടി തുറന്നു. ഇപ്പോളും കെട്ടടങ്ങാത്ത വെറുപ്പിന്റെ അലകള്‍ ഒലിവീശുന്നതു വംശവര്‍ഗ വിവേചനകളുടെ ഒരു ഇരുണ്ട കാലത്തെയാണ്.

വിവേക് രാമസ്വാമി

വന്‍തോതിലുള്ള യൂറോപ്പുകാര്‍ സ്ഥിരതാമസമാക്കിയ ദക്ഷിണാഫ്രിക്ക പോലുള്ള കോളനിവല്‍ക്കരിച്ച ഒരു സമൂഹത്തില്‍, പിരിമുറുക്കങ്ങളും വൈരുദ്ധ്യങ്ങളും ഉണ്ടാകുന്നത് പ്രാഥമികമായി വംശീയ മുതലാളിത്ത ബന്ധങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ നിന്നാണ് എന്ന് ദക്ഷിണാഫ്രിക്കന്‍ രാഷ്ട്രീയ ശാസ്ത്രജ്ഞനായ തിവന്‍ റെഡ്ഡി വാദിക്കുന്നു. വര്ണവിവേചനന്തര (post apartheid ) ദക്ഷിണാഫ്രിക്കയില്‍ മാത്രമല്ല ഇന്ത്യക്കാര്‍ കുടിയേറിപാര്‍ക്കുന്ന മറ്റു രാജ്യങ്ങളിലും വംശീയ മുതലാളിത്തവ്യവസ്ഥിതി വര്‍ണവിവേചനത്തിന്റെയും വെറുപ്പിന്ന്‌റെയും പരദേശീസ്പര്‍ദ്ധയുടെയും ദല്ലാളുകളായി ഇന്ത്യക്കാരെ മാറ്റുന്നു.

ദക്ഷിണാഫ്രിക്കയുടെ പൊതുബോധം വര്‍ണവിവേചനം എന്ന പ്രഥമപാപം ഇപ്പോളും പേറുന്നു എങ്കില്‍ ബ്രിട്ടന്റെ പൊതുബോധം കൊളോണിയല്‍ വാഴ്ചയുടെ ഓര്‍മയും പ്രൗഢിയും ഇപ്പോളും ആഴത്തില്‍ സ്മരിക്കുന്നു. 2020 ജനുവരിയില്‍ നടന്ന Brexit, ദേശീയതയില്‍ അടിസ്ഥാനമായ ഒരു നടപടിയായിരുന്നു. McGill University പ്രൊഫസര്‍ ആയ Hudson മെഡിവെല്‍ പറയുന്നു ‘brexit ഒരു ദേശീയ സങ്കല്‍പ്പമാണ്, പക്ഷേ ആരുടേതാണ്? ഇത് സ്‌കോട്ട്സുകാരുടെയോ ഐറിഷുകാരഉടെയോ വെല്‍ഷുകാരുടെയോ അല്ല. ഇത് ഇന്ഗ്ലീഷുകാരുടെ ആണ്. ഇംഗ്ലീഷ് ആധിപത്യം സ്വാഭാവിക ജന്മാവകാശമായി ഏറ്റെടുക്കുന്നബ്രിട്ടീഷ് ചരിത്രത്തിലെ ഇംഗ്ലീഷ് അസാധാരണവാദത്തിന്റെ (exceptionalism ) പ്രമേയവുമായി ഇത് പൂര്‍ണ്ണമായും പൊരുത്തപ്പെടുന്നു.

അതെ, ഒരു കാലത്തു ലോകജനസംഖ്യയുടെ 23 ശതമാനം ആളുകളെ ആശ്രിതരാക്കി ഭരിച്ച ബ്രിട്ടീഷ് കൊളോണിയല്‍ വ്യവസ്ഥയുടെ ആധുനിക ഭരണപ്രതിനിധി ആയി ഒരു ഭാരതീയന്‍ ഇന്ന് വിരാചിക്കുന്നു. പക്ഷെ ഋഷി സ്നാക് എന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബ്രിട്ടീഷ് പാര്‍ലിമ്ന്റില്‍ ഒരു അഫ്രഷന്‍ വംശജയോട് ഇടയുന്ന കാഴ്ച അടുത്തിടെ മാധ്യമ ശ്രദ്ധ ആര്‍ജിച്ചിരുന്നു. ബ്രിട്ടീഷ് കൊളോണിയല്‍ വാഴ്ച ആഫ്രിക്കന്‍ വംശജരോടും മറ്റു ഏഷ്യന്‍ വംശജരഡോറും കാട്ടിയ ക്രൂരത തീരാകളങ്കമായി നില്കുമ്പോളും ബ്രിട്ടീഷ് ദേശീയവാദികളുടെ കയ്യിലെ ചട്ടുകമായി ഒരു ഇന്ത്യക്കാരന്‍ മാറുന്ന കാഴ്ച അപലപനീയമാണ്. സാമ്രാജ്യ ശക്തിഉപയോഗിച്ച് അക്രമത്തിലൂടെ മറ്റു ജനവിഭാഗങ്ങളെയും, സംസ്‌കാരങ്ങളെയും മെരുക്കാനും പരിഷ്‌കരിക്കാനും ഉള്ള ശ്രമങ്ങള്‍ ബ്രിട്ടന്റെ കോളനികളില്‍ മാത്രം നിലന്നിന്നു എന്ന് വിശ്വസിക്കാനാവുന്നതല്ല. അത്ബ്രിട്ടന്റെ ഉള്ളില്‍ തന്നെ പുതിയ ദേശീയ ഭാവനകള്‍ ഉണര്‍ത്തിയെടുത്തു എന്ന് ചരിത്രകാരിയായ കരോളിന്‍ ഏല്‍ക്കിന്‌സിന്റെ ‘ലെഗസി ഓഫ് വയലെന്‍സ് എന്ന പുസ്തകത്തില്‍ പറയുന്നു.

വേര്തിരിവിന്റെയും വെറുപ്പിന്റെയും ഇസ്ലാമോഫോബിയയുടെയും അലകള്‍ ബ്രിട്ടന്റെ മണ്ണില്‍ കൊടികുത്തി വാഴുന്നു. സാംസ്‌കാരികവൈവിധ്യം എന്ന ഉട്ടോപ്യന്‍ ലക്ഷ്യം മുന്‍നിര്‍ത്തി പരസ്പരം ദ്വേഷിക്കുന്ന ജനവിഭാഗങ്ങളെ ഒരുമിപ്പിക്കാന്‍ ബ്രിട്ടിന് ശ്രമിക്കുന്നു. എന്നാല്‍ ബ്രിട്ടീശ് ദേശീയതവാതത്തെ എതിര്‍ക്കുന്ന ആരെയും ഒരു കൂസലയുമില്ലാതെ നിയമത്തിന്റെ കരാളഹസ്തത്താല്‍ അടിച്ചമര്‍ത്താന്‍ വെമ്പുന്ന ഒരു ഇന്ത്യക്കാരന്‍ പ്രധാനമന്ത്രി ഉള്ളപ്പോള്‍ ബ്രിട്ടീഷ് തീവ്ര യാഥാസ്ഥിതികവാദികള്‍ക്ക് സമാധാനിക്കാം.

ചിത്രീകരണം: സുബേഷ് പത്മനാഭന്‍

അമേരിക്കയില്‍ 2021 ജനുവരിയില്‍ വാഷിങ്ടണില്‍ നടന്ന കലാപത്തില്‍ ഒരു മലയാളി ഇന്ത്യന്‍ ത്രിവര്ണപതാക വീശിയിരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ ഒളിഞ്ഞും തെളിഞ്ഞും ഉള്ള അനുവാദം ലഭിച്ചിരുന്ന സാമൂഹ്യവിരുദ്ധര്‍ അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യവിരുദ്ധ വേദിയാക്കി തലസ്ഥാനനഗരിയെ മാറ്റി. ഇതില്‍ ഇന്ത്യയുടെ പിന്തുണ അര്‍പ്പിച്ചു കൊണ്ട് ഒരു മലയാളി എഞ്ചിനീയര്‍ ഭഗവാക്കായി എന്ന് പറയുന്നത് ഇന്ത്യന്‍ കുടിയേറ്റ ജനതക്കൊട്ടാകെ നാണക്കേടുണ്ടാക്കി. വിന്‍സന്‍ പാലത്തിങ്കല്‍ എന്ന ആ മലയാളി അയാളുടെ അഭിപ്രായത്തില്‍ തീര്‍ത്തും നോര്‍മലായ ഒരു കാര്യം ചെയ്തു എന്നാണ് എനിക്ക് തന്ന അഭിമുഖത്തില്‍ പറഞ്ഞത്. ആഫ്രിക്കന്‍ വംശജരോടും ഹിസ്പാനിക് വംശജരോടും മറ്റു ന്യൂനപക്ഷങ്ങളോടും വെറുപ്പും ഉപേക്ഷയും വെച്ച് പുലര്‍ത്തുന്ന ഒരു പറ്റം ആളുകള്‍ പങ്കെടുത്ത സംഭവത്തില്‍ ഇന്ത്യക്കാര്‍ എങ്ങനെ ഭഗവാക്കാകുന്നു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഏകദേശം ആയിരത്തി എണ്ണൂറുകളുടെ മധ്യത്തില്‍ തന്നെ അമേരിക്കയിലേക്കു ഇന്ത്യന്‍ കുടിയേറ്റം ആരംഭിച്ചിരുന്നു. തുടക്കത്തില്‍ കാര്‍ഷികമേഖലയിലും സപ്ലൈ ചെയിന്‍ മേഖലയിലും ജോലിചെയ്തു, വംശീയവും രാഷ്ട്രീയവും സാമ്പത്തികവുമായ വെല്ലുവിളികള്‍ നേരിട്ട വിപുലമായ ഒരു ചരിത്രം ഇന്ത്യക്കാര്‍ക്കു അവകാശപെടാനുണ്ട്. എന്നാല്‍ 1960നു ശേഷം അമേരിക്കയിലേക്കുണ്ടായ ഏഷ്യന്‍ അല്ലെങ്കില്‍ ഇന്ത്യന്‍ കുടിയേറ്റം ഒരു കറുത്തവിരുദ്ധ വംശീയതയില്‍(antiblack racism) ഊന്നിയ രാഷ്ട്രീയനീക്കമായിരുന്നു. മറ്റുള്ളവരോട് നമ്മള്‍ വലിയവരാണെന്ന് പറയുമ്പോള്‍, അത്ര വലിയവരല്ലാത്ത ചിലരുണ്ട് എന്നാണോ അര്‍ത്ഥമാക്കുന്നത്? വെള്ളക്കാരുടെ മേധാവിത്വം മറ്റുള്ളവരെക്കാള്‍ വലിയതായി അവരെത്തന്നെയോ ചില ആളുകളെയോ വിധിക്കുന്നു, ചിലര്‍ക്ക് വലിയവരാകാനുള്ള കഴിവ് പലപ്പോഴും നിഷേധിക്കപ്പെടുന്നു. ഇതാണ് ആന്റിബ്ലാക്ക്‌നെസിന്റെ മൂലകാരണം എന്ന് വിജയ് പ്രസാദ് അഭിപ്രായപ്പെടുന്നു.

മാര്‍ട്ടിന്‍ ലൂഥര്‍കിങ് നയിച്ച അമേരിക്കന്‍ ആഭ്യന്തര പൗരാവകാശ പ്രസ്ഥാനത്തിലൂടെ നേടിയെടുത്ത തുല്യതയും നീതിയും സവര്‍ണജാതിക്കാര്‍ക്കിടയില്‍ ഉണ്ടാക്കിയ സങ്കര്‍ഷം തള്ളിക്കളയാന്‍ കഴിയുന്നതായിരുന്നില്ല. അങ്ങനെ സവര്‍ണജാതിയുടെ ഒരു തട്ടിപ്പു കണ്ടുപിടിത്തമായിരുന്നു മാതൃക ന്യുനപക്ഷം(model minority) എന്ന വിവക്ഷ. അതിനായി അവര്‍ കൂട്ടുപിടിച്ചത് അതുവരെ മാറ്റിനിര്‍ത്തപ്പെട്ടവരും വെറുക്കപെട്ടവരും ആയ ഏഷ്യന്‍ വംശജരെയും. ചൈനീസ് ബഹിഷ്‌കരണ നിയമത്തിലൂടെ പൗരത്വത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട ചൈനീസ് വംശജരയും, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം തടങ്കലിലാക്കപെട്ട ജപ്പാന്‍കാരും വളരെ പെട്ടന്ന് അമേരിക്കന്‍ സവര്‍ണ പ്രഭുക്കള്‍ക്കു പ്രിയപ്പെട്ടതായി. കാരണം മറ്റൊന്നുമല്ല -കറുത്തവന്‍ എന്ന പൊതു ശത്രുവിനെ ഇല്ലായ്മ ചെയ്യണം. ഇതിനുവേണ്ടിയെന്നോണം 1965-ല്‍ പ്രാബല്യത്തില്‍ വന്ന വിദേശപൗരത്വ ബില്ല് മൂലം അമേരിക്കയിലേക്ക് വിദഗ്ധ പ്രൊഫഷണല്‍ തൊഴിലാളികളുടെ വലിയ തോതിലുള്ള കുടിയേറ്റം സാധ്യമായി. മുന്‍പ് സൂചിപ്പിച്ച ജനവിഭാഗങ്ങളും ഇന്ത്യന്‍വംശജരും ഇതിന്റെ ഭാഗമായി അമേരിക്കയില്‍ എത്തപ്പെട്ടു.

Martin Luther King

കുറഞ്ഞ നിരക്കിനുള്ള കൂലിവേലയും, അധിക ജോലിസമയവും, ചെറിയ ആനുകുല്യങ്ങളും മറ്റും ആയിരുന്നു ഈ ജോലിക്കാരുടെ ഹൈലൈറ്റ്. അവര്‍ ജോലി ചെയ്തു യുദ്ധാനന്തരഅമേരിക്കയുടെ സമ്പദ്വ്യവസ്ഥയെ പോഷിപ്പിച്ചു. ഇതിനു സമാന്തരമായി അല്ലെങ്കില്‍ അനുബന്ധമായി ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം സാമ്പത്തികമായി ശക്തി പ്രാപിച്ചു. 2023-ല്‍ അമേരിയ്ക്കയില്‍ ഏറ്റവും സാമ്പത്തികശേഷിയുള്ള കുടിയേറ്റ സമൂഹമായി ഇന്ത്യക്കാര്‍ മാറിയിരിക്കുന്നു. ഇന്ന് ഇന്ത്യക്കാര്‍ ശ്രമിക്കുന്നത് പണം സാമ്പത്തികാനല്ല മറിച്ചു പവര്‍ സമ്പാദിക്കാനാണ്. രാഷ്ട്രീയ രംഗത്തും പൊതു രംഗത്തും ഇന്ത്യക്കാര്‍ തീവ്ര വലതുപക്ഷ പ്രത്യയശാസ്ത്രം വെച്ച് പുലര്‍ത്തുന്നത് വെള്ളക്കാരുടെ അധീശവത്തെ വണങ്ങാനാണ്. അമേരിക്കയില്‍ വെള്ളക്കാരേക്കാളും വരുമാനവും ശ്രോതസും ഉള്ള ഭാരതീയര്‍ ഇപ്പോളും പൊതുഭാവനയില്‍ അന്തര്‍ലീനമായ സവര്‍ണ അധീശത്വത്തെ ചോദ്യം ചെയ്യാന്‍ തയ്യാറാകുന്നില്ല.

വിവേക് രാമസ്വാമിയെ പോലുള്ളവര്‍-പണവും പ്രിവിലേജും ഉള്ള- ഇന്ത്യന്‍ വംശജര്‍ വിസ്മരിക്കുന്നതു വിപ്ലവത്തിന്റെ ചരിത്രമാണ്. തനിക്കു മാത്രമെന്നോര്‍ക്കത്തെ അവര്‍ണരായ സകലരുടെയും നീതിയും സ്വാതന്ത്ര്യവും ഉറപ്പാക്കാന്‍ വേണ്ടി തെരുവില്‍ വീണ ആഫ്രിക്കക്കാരന്റെ രക്തം നമ്മെ നോക്കി വിലപിക്കുന്നു. ഇന്നും അടിമനുകത്തിന്റെ ഭാരം മാറാത്ത ഒരു ജനത നമ്മുടെ ഐക്യദാര്‍ഢ്യം കാംഷിക്കുന്നു. വെറുപ്പ് സ്‌നേഹത്തിനും, വൈജാത്യം സാഹോദര്യത്തിനും വഴിമാറട്ടെ ഒരു നല്ല നാളെ പുലരട്ടെ.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here