ആത്മാവിന്റെ പരിഭാഷകള്‍
(സിനിമ, കവിത, സംഗീതം )
Part-2
ഭാഗം 27
ഡോ. രോഷ്നി സ്വപ്ന
ദി എക്സ്കർഷനിസ്റ്റ്
Director: ഓഡ്രിയസ് ജുസെനാസ് (Audrius Juzenas)
‘എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കാനുള്ള യുദ്ധമാണിത്.” എന്ന് – വുഡ്രോ വിൽസൺ, 1917ല്‍ പറയുകയുണ്ടായി. പക്ഷേ അത് ആദ്യമായി പ്രയോഗിച്ചത് അദ്ദേഹമായിരുന്നില്ല. ബ്രിട്ടീഷ് ഫ്യൂച്ചറിസ്റ്റ് എഴുത്തുകാരനും സാമൂഹിക നിരൂപകനുമായ H.G. വെൽസാണ് ഈ വാചകം ആദ്യമായി പറഞ്ഞത്.യുദ്ധം പല കവികള്‍ക്കും കലാകാരന്മാര്‍ക്കും ജന്മം നല്‍കിയിട്ടുണ്ട്. 1914 ഓഗസ്റ്റ് 14-ന് ദ ഡെയ്‌ലി ന്യൂസിൽ പ്രസിദ്ധീകരിച്ച “യുദ്ധം അവസാനിപ്പിക്കുന്ന യുദ്ധം” എന്ന തന്റെ ലേഖനത്തിൽ ഒന്നാം ലോകമഹായുദ്ധം അവസാനത്തെ യുദ്ധമാണെന്ന് അദ്ദേഹം പ്രവചിച്ചു. ജർമ്മനിക്കെതിരായ യുദ്ധ പ്രഖ്യാപനത്തിനുള്ള തന്റെ ആഹ്വാനത്തെ ന്യായീകരിക്കാൻ ലോകം ജനാധിപത്യത്തിന്‍ കീഴില്‍ സുരക്ഷിതമാണ് എന്നദ്ദേഹം പറയുന്നുണ്ട്.

മഹമൂദ് ദർവീഷിന്റെ “എന്റെ അമ്മക്ക് “”എന്നൊരു കവിതയുണ്ട്.
“ഓരോ ദിവസവും
ഞാനെന്റെ അമ്മയുണ്ടാക്കുന്ന
റോട്ടിക്ക് വേണ്ടി കൊതിക്കുന്നു.
അമ്മയുടെ കാപ്പി….
അമ്മയുടെ തലോടൽ…..
എന്റെ ബാല്യം എന്നെ
മോഹിപ്പിക്കുന്നു.
ഓരോ ദിവസവും ഒന്നൊന്നായി
എന്നെ മൂടുന്നു.
എങ്കിലും
ജീവിതം എന്നെ ആനന്ദിപ്പിക്കുന്നു
കാരണം
ഞാൻ മരണപ്പെടുകയാണെങ്കിൽ
എന്റെ അമ്മ എന്നെക്കുറിച്ചോർത്ത്
ലജ്ജിച്ച് കരയേണ്ടി വരരുത്
ഞാൻ എന്നെങ്കിലും
മടങ്ങി വരികയാണെങ്കിൽ
നിന്റെ കൺപീലികളിൽ ഒരു തൂവാല പോലെ
ചുറ്റിപ്പടരുന്ന
എന്റെ എല്ലുകളിൽ മേൽ
നിന്റെ കൈകൾ കൊണ്ട്
പുൽ നാമ്പുകൾ വിതറുക.
കളങ്കരഹിതമായ കാൽപ്പാടുകളാൽ
എന്റെ
ഭൂമിയെ
കഴുകി വെടിപ്പാക്കുക
നിന്റെ മുടിയിഴകളാൽ
എന്റെ വേഗം കൂട്ടുക.
നിന്റെ ഉടുപ്പിന്റെ നൂലിഴകൾ കൊണ്ട്
എൻറെ ഉദ്വേഗങ്ങളെ കെട്ടിയിടുക.
ഒരു പക്ഷെ അങ്ങനെ ഞാൻ ദൈവതുല്യനായേക്കാം .
എന്റെ ആത്മാവിനെ
നല്ലതിലേക്ക് മാത്രം കേന്ദ്രീകരിക്കാൻ
എനിക്ക് ആയേനെ;
നിന്റെ ഹൃദയത്തിന്റെ ഏറെയാഴങ്ങൾ
എന്നെ സ്പർശിക്കുകയാണെങ്കിൽ!
എന്നെ പാകപ്പെടുത്തുക-
ഒരു പക്ഷ
ഞാൻ തിരിച്ചു വരികയാണെങ്കിൽ,
എന്നെ
നിന്റെ
ആളിക്കത്തുന്ന
അടുപ്പിലെ വിറകാക്കുക
നിന്റെ കൈകളിൽ
നിന്റെ മേൽക്കൂരയിൽ,
ഒരു തുണിക്കഷണം
നീട്ടിയതുപോലെ…..
ഞാൻ….
നിന്റെ ദൈനംദിന പ്രാർത്ഥനകളില്ലാതെ
ഞാൻ ഇനി നിലനിൽക്കില്ല.
എനിക്ക് പ്രായമായിരിക്കുന്നു.
എൻറെ ബാല്യകാലത്തെ ചിരിക്കുന്ന
നക്ഷത്രങ്ങളുടെ ഭൂപടങ്ങൾ തിരിച്ചു തരിക.
തിരിവുകളും വളവുകളും
കുന്നും കുഴികളും ഉള്ള സഞ്ചാര പാതകൾ
എങ്കിൽ എനിക്ക്
തിരഞ്ഞു പോകാമായിരുന്നു.
വീട്ടിലേക്ക് തിരിച്ചു വരാനുള്ള
എന്റെ ആഗ്രഹത്തെ
ആ നക്ഷത്രങ്ങൾ വെളിച്ചം കാട്ടട്ടെ.
കൂട് വിട്ട് പോയ ദേശാടനക്കിളി
തന്നെക്കാത്തിരിക്കുന്ന
കൂട്ടിലേക്ക് മടങ്ങി വരും പോലെ
പലായനത്തിന്റെ എല്ലാ വേവുകളും ദൃശ്യമാക്കുന്ന ഒരു സിനിമയാണ് ഓഡ്രിയസ് ജുസെനാസ് സംവിധാനം ചെയ്ത “ദി എക്സ്കർഷണിസ്റ് (2013)”.
ബാൾറ്റിക്സില്‍ നിന്ന് പലായനം ചെയ്ത 11 വയസുകാരിയായ മരിയ എന്ന പെൺകുട്ടി ലിതുവാനയിൽ നിന്ന് സൈബീരിയ വരെ നടത്തിയ അലച്ചിലിന്റെ യഥാർത്ഥ ജീവിതം ആധാരമാക്കിയാണ് ഈ ചലച്ചിത്രം ഒരുക്കിയിട്ടുള്ളത്. അതീവ സുന്ദരമായ ഒരു ചലച്ചിത്രം!
ജീവിതത്തിൽ അതിരുകളുടെയും ചോരയുടെയും പലായനങ്ങളും രാഷ്ട്രീയം ഇടപെടുന്ന കൃത്യമായ ചിത്രങ്ങൾ, മാർഷ എന്ന പെൺകുട്ടിയുടെ യുദ്ധാനന്തര പലായന അനുഭവങ്ങളാണ് ഈ സിനിമ. ക്ലോസ് ഷോട്ടുകളിലൂടെ സംവേദനം ചെയ്യപ്പെടുന്ന അനുഭൂതികളിൽ യുദ്ധവും മുറിവുകളും ചോരയും മണക്കുന്നുണ്ട്. 6000 കിലോമീറ്റർ യാത്ര ചെയ്യുന്നുണ്ട് മാർഷ. അതിരുകൾ എവിടെയാണ് വിഭജിക്കപ്പെടുന്നതെന്ന് അവൾക്കറിയില്ല. ഓരോ താവളത്തിലും അവൾ സ്നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും വിത്ത് പാകുകയാണ്.
നിശബ്ദമായ സംവേദനങ്ങളാണ് മാർഷക്കും മറ്റുള്ളവർക്കും ഇടയിലുള്ളത്. ഒടുവിൽ വിട്ടുപോയ വീട്ടിലേക്ക് അവൾ തിരിച്ചെത്തുന്നു. സ്വന്തം മണ്ണിൽ ചവിട്ടി കോതമ്പുമണികൾ കുറിച്ചുകൊണ്ട്, ജീവിതത്തിലേക്ക് കാലുകൾ നീട്ടിവെച്ച് ആട്ടിക്കൊണ്ട്, മരിച്ചവരുടെ ഓർമകളുടെ തണലിൽ അവൾ ഇരിക്കുന്നു. ഇനി ഈ മണ്ണിൽ നിന്ന് ആരും തന്നെ ഇറക്കി വിടില്ല എന്ന ഉറപ്പിൽ. ഇറക്കി വിട്ടാലും ഞാൻ ഇവിടേക്ക് തന്നെ തിരിച്ചു വരുമെന്ന് ഉറപ്പിൽ!
ജർമൻ ചിത്രമാണ് എസ്കർഷനിസ്റ്റ്. മാർഷയുടെ ജീവിതത്തിലേക്ക് പ്രതിരോധങ്ങളുടെ ഊർജ്ജം സമ്മാനിച്ച അഗ്നിയാണ് ഈ ചിത്രത്തെ സൂക്ഷ്മവായനയിൽ പ്രസക്തമാക്കുന്നത്. തന്നിൽ ഉള്ള പ്രതിരോധത്തെ തിരിച്ചറിയുകയാണ് ഒരവസരത്തിൽ മാർഷ. ഈ ലോകത്ത് വീടോ, ദേശമോ ഇല്ലാത്തവന്റെ ജീവിതത്തെ നിർവചിക്കാൻ നിലവിലുള്ള രാഷ്ട്രീയ സംഹിതകൾക്ക് കഴിയില്ല. പക്ഷേ തിരിച്ചു ചെല്ലാൻ വീടോ ദേശമോ അവശേഷിക്കുന്നവർക്ക് ഓരോ നിമിഷവും അസ്വാതന്ത്ര്യത്തിന്റെ ചങ്ങലകൾ എടുത്തു കളയാനുള്ള ഊർജ്ജം സ്വന്തം ഞരമ്പുകളിൽ തിളക്കുന്നുണ്ടാവും. exile എന്നത് യുദ്ധങ്ങൾ ലോക ജനതയുടെ മേൽ അടിച്ചേൽപ്പിച്ച ദുരിതങ്ങളിൽ ഒന്നാണ്. പുറത്താക്കപ്പെട്ടവരുടെ വേദനകൾ ഒരിക്കലും വീടുള്ളവർക്ക് മനസ്സിലാക്കാനാവില്ല. പക്ഷേ തിരിച്ചുവരാൻ ഒരിടവും ഇല്ലാത്തവരുടെ വേദന അതി തീവ്രമാണ്. തിരിച്ചു വരിക എന്നത് അത്യന്തകമായ ആഗ്രഹമാവുകയും, ഓരോ നിമിഷവും അതിൻറെ തീവ്രത ഏറുകയും ചെയ്യുകയുമെന്നത് പാലായത്തിന്റെ തീവ്രസംഘർഷങ്ങളാണ്.
മഹമുദ് ദർവിഷ് തന്നെ മറ്റൊരു കവിതയിൽ എഴുതുന്നുണ്ട്.
“ഞങ്ങൾ
യാത്ര ചെയ്യുന്നത്
നിങ്ങളെപ്പോലെ തന്നെയാണ് പക്ഷേ ഒരു വ്യത്യാസം മാത്രം ഞങ്ങൾക്ക് തിരിച്ചുവരാൻ ഒരിടമില്ല ”
മാർഷക്ക് തിരിച്ചുവരാൻ ഒരിടമുണ്ട്. അവിടെനിന്ന് അവൾ നിർബന്ധമായി പുറത്താക്കപ്പെടുകയാണ്. തിരിച്ചുവരാനുള്ള അവളുടെ അതിതീവ്രമായ ആഗ്രഹമാണ് ഈ സിനിമ.
തിരിച്ചുള്ള യാത്രയിൽ അവളെ കാത്തിരിക്കുന്നത് പീഡനങ്ങളും ദുരിതങ്ങളും ആണ് നിശബ്ദമാണ് അവളുടെ പ്രതിരോധം പലസ്ഥലങ്ങളിലും അവൾ മൗനത്തെ തൻറെ പ്രതിരോധം ആയുധമാക്കുന്നുണ്ട്. തന്റെ സഞ്ചാര വഴികളിലെ പൂക്കളെയും പുൽമേടുകളും പക്ഷികളെയും അവൾ നിരീക്ഷിക്കുന്നുണ്ട്.
ദർവിഷ് തുടർന്ന് എഴുതുന്നു
“ഞങ്ങൾ
മേഘങ്ങൾപോലെ സഞ്ചരിക്കുന്നു
വാക്കുകളുടെതാണ്
ഞങ്ങളുടെ സാമ്രാജ്യം.
പറയൂ
പറഞ്ഞു കൊണ്ടേയിരിക്കൂ പക്ഷേ
ഞങ്ങൾക്ക്
ഒരു ഉറപ്പുമില്ല
ഈ യാത്ര എങ്ങനെ ഒടുങ്ങുമെന്ന്”
ഭൂതകാലമെന്നത് മാർഷയുടെ ഓർമ്മയാണ്. അവളുടെ വീട്ടിലേക്കുള്ള വഴി ആ ഓർമ്മയിലാണ് ഒളിഞ്ഞു കിടക്കുന്നത്. പ്രകൃതിയിലെ പതിഞ്ഞ നിറങ്ങളാണ് ഈ സിനിമയിൽ ഉപയോഗിച്ചിട്ടുള്ളത്. സെപിയ ബ്രൗൺ, വിന്റെജ് ഗ്രീൻ, നേരിയ ചന്ദന നിറം, പതിഞ്ഞ വെളുപ്പ്, ചാരം കലർന്ന നീലയും കറുപ്പും, ഇരുട്ടിന്റെ കടും നീല, വിശാലമായ പച്ചകൾ എന്നിങ്ങനെ വേഗം കുറഞ്ഞ അനുഭൂതികൾ പ്രദാനം ചെയ്യുന്ന നിറങ്ങളാണ് സിനിമയുടെ ആന്തരികാർത്ഥത്തെ ഏറ്റെടുക്കുന്നത്. ചലച്ചിത്രം ആരംഭിക്കുമ്പോൾ ഒരു കൂട്ടം ലിത്വാനിയക്കാരെ സൈബീരിയയിലെ കോൺസെൻട്രേഷൻ ക്യാമ്പുകളിലേക്ക് നയിക്കുന്ന ദൃശ്യമാണ്. ആകെ നശിച്ചു പോയ ഇടുങ്ങിയ ഒരു ട്രെയിനിൽ മാർഷക്ക് അമ്മയെ നഷ്ടപ്പെടുന്ന ഒരു ദാരുണമായ രംഗത്തോടെ ദി എക്‌സ്‌കർഷനിസ്റ്റ് ആരംഭിക്കുന്നു. മാർഷ തീരെ ചെറിയ കുട്ടിയാണ്. ഏകാന്തത, മരണഭയം, ഒറ്റപ്പെടൽ എന്നിവയ്ക്കിടയിൽ അവൾ പെട്ടുപോകുന്നു. മാർഷ ആ ട്രെയിനിൽ നിന്ന് രക്ഷപ്പെടുന്നു. ട്രാൻസ്-സൈബീരിയൻ ട്രെയിനിലെ എസ്‌കേപ്പ് പോയിന്റിൽ നിന്ന് ലിത്വാനിയയിലെ ഫാമിലി ഫാമിലേക്ക് അവൾ 6000 മൈൽ ട്രെക്കിംഗ് ചെയ്യേണ്ടി വരുന്നു. ഈ യാത്ര അവൾക്ക് ഏറെ കഠിനമായ ഒന്നാണെങ്കിലും അതിനിടയിൽ കണ്ടെത്തുന്ന ചില അപൂർവ മനുഷ്യർ അവളുടെ യാത്രയെ ഒരു എസ്‌ക്കർഷൻ ആയി കണക്കാക്കുന്നു. അവളുടെ ഉള്ളിലുള്ള ചില അരക്ഷിതാവസ്ഥകളും അനിശ്ചിതത്വങ്ങളും അവൾ ആരെയും അറിയിക്കുന്നില്ല. എന്നാൽ ഈ അനിശ്ചിതത്വത്തിന്റെ സമയത്ത് മാർഷ കണ്ടുമുട്ടുന്ന ചില ആളുകളുടെ ഇടപെടലുകൾ മൂലം അവൾക്ക് തന്റെ വീട്ടിലേക്ക് തിരിച്ചെത്താനാകുന്നു. ജീവിതാവസ്ഥകൾ അവൾക്ക് സമ്മാനിച്ച ചില ഭീതികൾക്കപ്പുറം പ്രത്യാശയെ കാണാനുള്ള അവളുടെ ഇച്ഛാശക്തി സിനിമ വേറിട്ട് തന്നെ ആഖ്യാനത്തിന്റെ പ്രധാന ഘടകമാക്കുന്നു. പ്രാപഞ്ചികമായ ഒരു ജ്ഞാനബോധം മാർഷക്കുണ്ട്.
അമ്മയുടെ ഓർമ്മയിലൂടെയാണവൾ യാത്ര ചെയ്യുന്നത്. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് വീട്ടിലേക്കൊരു തിരിച്ചു പോക്ക് നടത്തുമ്പോൾ, ചരിത്രത്തിലുടനീളം അതിന്റെ ക്രൂരമായ പ്രതിഫലനങ്ങൾ വീഴുന്നു. നിലനിൽക്കുന്ന പ്രതീക്ഷയും ആത്മാവും അവൾ ആഘോഷിക്കുന്നുണ്ട്. മാർഷയുടെ വിശ്വാസമാണ് വീട് എന്ന അവളുടെ സ്വപ്നത്തെ നയിക്കുന്നത്.
ജിന്റോറ്റസ് ഗ്രീസിയസിന്റെ സൂക്ഷ്മമായ ഛായാഗ്രഹണം
സൂര്യവെളിച്ചത്തെ രേഖകൾ പോലെ മാർഷയുടെ ആഖ്യാനത്തിലേക്ക് ചേർക്കുന്നു. മാര്‍ഷയുടെ ഒരു സ്വപ്നം ഒരു രംഗത്ത് ചിത്രീകരിച്ചിരിക്കുന്നത് മുഴുവനായി തവിട്ടിലും വെളിച്ചത്തിലുമാണ് .മറ്റൊരു രംഗത്ത് ഒരു ജലാശയത്തിന്റെ വിശാല ദൃശ്യമാണ്. ഒരു തോണിയില്‍ മാര്‍ഷ കിടക്കുന്നു .തോണിയിലേക്ക് പതിയെ നിറയുന്ന വെള്ളം. ജലാശയം പിന്നീട് കടലാകുന്ന ഒരു തോന്നല്‍. ട്രെയിനില്‍ നിന്ന് ഒളിച്ചു രക്ഷപ്പെട്ട മാര്‍ഷ റയില്‍പ്പാളത്തില്‍ ഒറ്റക്ക് നില്‍ക്കുന്ന ഒരു ഷോട്ട് ഉണ്ട്. ആ ഷോട്ട് പിന്നീട് വെളുത്ത പാടപ്പൂക്കളുടെ നിറത്തിലേക്ക് കലരുന്നു.
ഈ സിനിമക്ക് വ്യക്തമായ ആത്മീയതലങ്ങളുണ്ട്. ചലച്ചിത്രത്തിന്റെ ഒടുവിൽ ഒരു രംഗമുണ്ട്. ഉപേക്ഷിച്ചുപോയ വീട്ടിലേക്ക് തിരിച്ചെത്തുന്ന മാര്‍ഷ വീട്ടിലെ പൊടി തുടച്ചെടുത്തു മണ്ണിൻറെ മണം അറിയുന്നു. ശേഖരിച്ചുവച്ച് ഗോതമ്പുമണികൾ കൈവെള്ളയിലെടുത്ത് അവൾ മണക്കുന്നു. ഒരു കാളവണ്ടി തൻറെ വീടിന് നേരെ വരുന്നത് അവൾക്ക് കാണാം. ഗോതമ്പുമണികൾ കുറിച്ചുകൊണ്ട് കയ്യാല വേദിയിൽ അള്ളിപ്പിടിച്ചു കയറി ഇരുന്ന് അവൾ പട്ടാള വണ്ടിയെ പ്രതീക്ഷിക്കുന്നു. എന്നിട്ട് അവൾ ആത്മഗതമായി പറയുന്നു.
“ഇനി എന്നെ ഈ മണ്ണിൽ നിന്ന് പറിച്ചെറിയാൻ ആരു വന്നാലും ശരി, എനിക്ക് ഇവിടെ എത്താനുള്ള വഴി നിശ്ചയമായും അറിയാം,എനിക്ക് അത് ഉറപ്പുണ്ട്”
യുദ്ധത്തിന്റെ കെടുതികളാണ് ഈ സിനിമയില്‍ മുഴുവനായും നിറഞ്ഞു നില്‍ക്കുന്നത്. യുദ്ധാനന്തരം, ദശലക്ഷക്കണക്കിന് ആളുകള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും പലായനം ചെയ്യുകയാണുണ്ടായത്. അവരുടെ ദേശം, മാതൃരാജ്യം, വീട്, ഇതെല്ലാം അവരുടെ ഓര്‍മ്മകളില്‍ മാത്രം അവശേഷിക്കുകയാണ്. പല സമയങ്ങളിലും കുടിയേറ്റക്കാരെ ബലപ്രയോഗത്തിലൂടെയും അക്രമാസക്തമായി പോലും പുറത്താക്കുകയും ചെയ്തിട്ടുണ്ട്.
ഓഡ്രിയസ് ജുസെനാസ് യുദ്ധകാലത്തെ അക്രമത്തെ വളരെ സിനിമാറ്റിക് ആയാണ് കൈകാര്യം ചെയ്യുന്നത്. യാഥാർത്ഥ്യബോധത്തോടെ അതിന്റെ എല്ലാ ക്രൂരതകളെയും നിലനിര്‍ത്തുന്ന ശൈലിയാണ് ഉപയോഗിച്ചിട്ടുള്ളത്. ഒരു കുട്ടിയുടെ കണ്ണിലൂടെ കാണുന്ന ഒരു കഥയായത് കൊണ്ട് “ദ എക്‌സ്‌കർഷനിസ്റ്റ് “ഒരിക്കലും അക്രമത്തിന്റെ ഗ്രാഫിക് സ്വഭാവത്തെ ഏറിയ കൂറില്‍ ഫോകസ് ചെയ്യുന്നില്ല. യുദ്ധത്തിന്റെ പരിണതഫലങ്ങളെ വളരെ നിശബ്ദമായി ആഖ്യാനത്തിലേക്ക് കൊണ്ട് വരിക മാത്രമാണ് സിനിമ ചെയ്യുന്നത്. അമ്മയെ നഷ്ടപ്പെട്ടതിന്റെ വൈകാരികാഘാതത്തോടെ മാര്‍ഷയുടെ ജീവിതത്തിലേക്ക് യുദ്ധത്തിന്റെ ശേഷിപ്പുകളെ ആദ്യം കൊണ്ടുവരികയും പതിയെ അതിന്റെ ഹിംസയെ വെളിപ്പെടുത്തുകയും ചെയ്യുകയാണ് ചിത്രത്തില്‍. പതിനൊന്നു വയസ്സുള്ള ഒരു കുട്ടിക്ക് പോലും പോലും അക്രമത്തിന്റെ വിവേകശൂന്യതയും നിർവികാരതയും തിരിച്ചറിയാൻ കഴിയുന്ന രീതിയില്‍ ദൃശ്യങ്ങളെയും ശബ്ദങ്ങളെയും ചലനങ്ങളെയും ക്രമീകരിച്ചിരിക്കുന്നു. യുദ്ധാനന്തരം തനിക്ക് ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കാൻ ഒരു കുട്ടി നടത്തുന്ന പോരാട്ടത്തിന്റെ അതിമനോഹരമായ ആവിഷ്കാരത്തിലൂടെ വികസിക്കുന്ന ചിത്രം പതിഞ്ഞ ചലനത്തിലൂടെയാണ് മുന്നോട്ട് പോകുന്നത്. ഹോളോകോസ്റ്റിന്റെ ഇരുണ്ട യാഥാർത്ഥ്യത്തില്‍ നിന്ന് സംരക്ഷിക്കപ്പെട്ട ഒരു ജർമ്മൻ കുട്ടിയുടെ വീക്ഷണകോണിൽ നിന്ന്, മാര്‍ഷ ദുരന്തത്തിന്റെ ഏറ്റവും ഇരുണ്ട ആഴങ്ങളിൽ നിന്ന് പുറത്തുവരുകയും പ്രത്യാശയുടെ മിന്നിത്തിളങ്ങുന്ന വെളിച്ചം കണ്ടെത്തുകയും ചെയ്യുന്നു.
എന്നിരുന്നാലും, താൻ കാണുന്ന എല്ലാ ഭയാനകതകൾക്കുമപ്പുറം മാര്‍ഷ നിസ്സഹായയാകുന്നുണ്ട്. തന്റെ തന്ത്രപരമായ അവബോധത്തിനും താൻ അഭിമുഖീകരിക്കുന്ന ആളുകളുടെയും സാഹചര്യങ്ങളുടെയും ഭയാനകതയ്‌ക്കപ്പുറം കാണാനുള്ള ആർജ്ജവത്തിനുമപ്പുറം ചിലപ്പോള്‍ അവള്‍ ഒരു കൊച്ചു കുഞ്ഞായി മാറുന്നുമുണ്ട് ചിത്രത്തില്‍.
സാങ്കേതികമായി ഈ സിനിമയുടെ, ഛായാഗ്രഹണം തീർത്തും സൗമ്യമാണ്. ചിത്രത്തിന്റെ സംഗീതമാകട്ടെ നേരിയ വിഷാദം കലര്‍ന്ന ക്ലാസിക്കൽ സൗണ്ട് ട്രാക്കുകളാണ്. പാശ്ചാത്യർ പലപ്പോഴും ശീതീകരിച്ച തരിശുഭൂമിയായി കണക്കാക്കുന്ന സൈബീരിയയുടെ ഏറ്റവും സൗന്ദര്യാത്മകമായ സമീപനമാണ് ഈ സിനിമയില്‍ കാണാനാവുന്നത്. യഥാർത്ഥത്തിൽ അതിന്റെ ഭൂരിഭാഗവും ടൈഗ എന്ന വിശാലമായ വനപ്രദേശമാണ്. സൈബീരിയയുടെ രാഷ്ടീയത്തില്‍ ഒളിഞ്ഞു കിടക്കുന്ന ഹിംസാത്മകതയുടെ പ്രതിലോമപരമായ ഒരു മുഖമാണ് ഇത്. വിശാലമായ ദൃശ്യപരതയുള്ള വനങ്ങളില്‍ എങ്ങനെയാണ് ഇത്തരത്തിലുള്ള കൊലകളും ആക്രമങ്ങളും അരങ്ങേറുക എന്നൊരു ചോദ്യം ഈ സിനിമ നമ്മളില്‍ അവശേഷിപ്പിക്കും. ആ അനുഭവത്തിന്റെ ഏറ്റവും മനോഹരമായ ദൃശ്യാഖ്യാനമാണ് ഈ സിനിമ.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല