(ലേഖനം)
ബാസിത് മലയമ്മ
ദുഷ്‌കരമായ ജീവിതത്തില്‍ നിന്ന് ഇന്നും യുക്രൈന്‍ ജനതക്ക് മുക്തി നേടാന്‍ സാധിച്ചിട്ടില്ല. റഷ്യന്‍ അധിനിവേശത്തില്‍ പൊറുതിമുട്ടിയ ജനതയുടെ പ്രതീക്ഷയായി അവരോധിക്കപ്പെട്ട നേതാവാണ് പ്രസിഡന്റ് വൊളോദമിര്‍ സെലെന്‍സ്‌കി. ഈ കോമേഡിയന്‍ നേതാവ് ഗൗരവമായ വിഷയങ്ങളെയും തനിക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് ലോകജനതയുടെ മുമ്പില്‍ തെളിയിച്ചു കഴിഞ്ഞു.രാജ്യത്തെ കൈവിടാതെ രാപ്പകലില്ലാതെ യുക്രൈന്‍ ജനതക്കായി ഓടി നടക്കുകയാണ് ഇദ്ദേഹം. റഷ്യക്കാരുടെ ഒന്നാമത്തെ ലക്ഷ്യം താനാണെന്നും രണ്ടാമത്തേത് ഭാര്യയും മക്കള മടങ്ങുന്ന കുടുംബം ആണെന്നും സെലെന്‍സ്‌കി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഏതൊരു പുരുഷന്റെയും വിജയത്തില്‍ ശക്തമായ ഒരു സ്ത്രീ സാന്നിധ്യം ഉണ്ടെന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കും വിധമാണ് സെലെന്‍സ്‌കിയുടെ ജീവിതം. ഇന്ന് ലോകം ഏറെ ശ്രദ്ധയോടെ വീക്ഷിക്കുന്ന വനിതയാണ് സെലെന്‍സ്‌കിയുടെ ഭാര്യയും യുക്രൈനിലെ പ്രഥമ വനിതയുമായ ഒലീന സെലെന്‍സ്‌ക എന്ന ആക്ടിവിസ്റ്റ്. രാജ്യത്തിന്റെ പ്രഥമ വനിത എന്നതിലപ്പുറം യുക്രൈന്‍ജനത അനുഭവിക്കുന്ന യാതനകളെ തുറന്നു കാട്ടുകയാണവര്‍. ഭര്‍ത്താവിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും ജനക്ഷേമത്തിനായി യുക്രൈനില്‍ തന്നെ നിലകൊള്ളുകയും ചെയ്ത ഇവര്‍ ലോകരാജ്യങ്ങള്‍ക്ക് തന്നെ മാതൃകയാണ്. അക്രമങ്ങളെ ഭയന്ന് അധിനിവേശ ശക്തികള്‍ എത്തുന്നതിനു മുന്‍പേ രാജ്യംവിട്ടോടിയ അനേകം നേതാക്കളെയും കുടുംബങ്ങളെയും ലോകം കണ്ടിട്ടുണ്ട്. ഇവരില്‍നിന്ന് വിഭിന്നമായി രാജ്യത്തോടും ഭര്‍ത്താവിനോടുമൊപ്പം ഉറച്ച് നിന്ന് അധിനിവേശവിരുദ്ധ ആശയം ലോകം മുഴുവന്‍ എത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകയായി സെലെന്‍സ്‌ക നിലകൊണ്ടു.
1978 ഫെബ്രുവരി ആറിന് ക്രൈവി റിഹിലാണ് ഒലീന സെലെന്‍സ്‌ക ജനിച്ചത്.ക്രിവി റിഹ് ജിംനേഷ്യ നമ്പര്‍95ല്‍ പഠിക്കുമ്പോഴാണ് അവര്‍ ഭാവി ഭര്‍ത്താവ് വൊളോദമിര്‍ സെലെന്‍സ്‌കിയെ ആദ്യമായി കണ്ടുമുട്ടുന്നത്. 2000ല്‍ ക്രൈവി റിഹ് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അര്‍ബനാന്‍ കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റില്‍ ബിരുദം കരസ്ഥമാക്കി. 2003ല്‍ഒലീ സെലെന്‍സ്‌കയും വൊളോദമിര്‍ സെലെന്‍സ്‌കിയും വിവാഹിതയായി. അവര്‍ക്ക് ഒലെക്‌സാന്ദ്ര, കൈറിലോ എന്നീ രണ്ട് മക്കളുണ്ട്.
അധിനിവേശത്തിന് മുമ്പ് തന്നെ രാജ്യത്തിന്റെ ക്ഷേമത്തിനായി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ ആയിരുന്നു സെലെന്‍സ്‌ക. ഭാവി തലമുറയുടെ ആരോഗ്യം, തുല്യത, സാംസ്‌കാരിക നയതന്ത്രം എന്നിവയില്‍ ഊന്നിയ വികസന പ്രവര്‍ത്തനങ്ങളില്‍ ആയിരുന്നു ഇവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. സ്‌കൂള്‍ ഭക്ഷണ സംവിധാനം മെച്ചപ്പെടുത്തിയതും ഗാര്‍ഹികവും ലിംഗാധിഷ്ഠിതവുമായ ആക്രമണങ്ങള്‍ക്കെതിരെ പോരാടിയതും ലോകസഭ പിടിച്ചു പറ്റിയ പ്രവര്‍ത്തനങ്ങളാണ്.
രണ്ടായിരത്തി ഇരുപത്തിരണ്ടിലെ റഷ്യന്‍ അധിനിവേശത്തിനെതിരെയുള്ള ഒരു ഉയര്‍ന്ന ശബ്ദമായിരുന്നു സെലെന്‍സ്‌ക യുടേത്.രാജ്യത്തോട് സംവദിക്കാന്‍ സെലെന്‍സ്‌കിയെ പോലെ സെലെന്‍സ്‌കയും സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായിരുന്നു. അധിനിവേശം ആരംഭിച്ച ആദ്യവാരത്തില്‍ യുക്രൈന്‍ പതാകയുടെ ചിത്രം പങ്കുവച്ച് കൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ ഒരു കുറിപ്പ് തയ്യാറാക്കി.കുറിപ്പില്‍ പറഞ്ഞു:എന്റെ പ്രിയപ്പെട്ട യുക്രൈന്‍ ജനങ്ങളെ,നിങ്ങളോടൊപ്പം ഒരേ രാജ്യത്ത് ജീവിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.എനിക്ക് പരിഭ്രാന്തിയോ കണ്ണീരോ ഇല്ല. ഞാന്‍ ശാന്തയും ആത്മവിശ്വാസവുമുള്ള വളുമാണ്. ഞാനെന്റെ കുട്ടികളുടെയും ഭര്‍ത്താവിന്റെയും നിങ്ങളുടെയുമൊപ്പമാണ്. ഞാന്‍ അതിയായി യുക്രൈനിനെ സ്‌നേഹിക്കുന്നു!വികാരഭരിതമായി രാജ്യത്തെ ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള ഈ വാക്യങ്ങള്‍ രാജ്യ ജനതയ്ക്ക് തെല്ലൊന്നുമല്ല കരുത്ത് പകര്‍ന്നത്.
റഷ്യന്‍ സൈന്യത്തിന്റെ ക്രൂരതകളെ തെളിവോടെ പുറം ലോകത്തേക്ക്‌കൊണ്ടുവന്നു ഈ മനുഷ്യസ്‌നേഹി. അധിനിവേശ ശക്തികള്‍ കുട്ടികളെ കൊല്ലുന്നു എന്ന വാര്‍ത്ത ലോക ജനത സെലെന്‍സ്‌കയുടെ കുറിപ്പിലൂടെയാണ് അറിയുന്നത്. അക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകള്‍ എടുത്തു കാട്ടുന്ന പ്രസ്താവനയാണവര്‍ പുറത്തിറക്കിയത്.
ദുരിതബാധിത സ്ഥലത്തെ ക്യാന്‍സര്‍ രോഗികളെ സന്ദര്‍ശിക്കുകയും ആശുപത്രികളില്‍ ആവശ്യമായ ഉപകരണങ്ങളും എത്തിക്കുന്നതില്‍പ്രഥമ വനിത മുന്‍കൈയ്യെടുത്തു. ബുക്ക്‌സ് വിത്തൗട്ട് ബോര്‍ഡര്‍(അതിര്‍ത്തികള്‍ ഇല്ലാത്ത പുസ്തകങ്ങള്‍)എന്ന പദ്ധതി സെലെന്‍സ്‌കയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. യുക്രൈനി ഭാഷയില്‍ രണ്ട് ലക്ഷത്തി അറുപതിനായിരത്തി ലധികം പുസ്തകങ്ങള്‍ റഷ്യന്‍ ആക്രമണം മൂലം രാജ്യം വിട്ടു മറ്റു രാജ്യങ്ങളില്‍ അഭയം പ്രാപിക്കുന്ന കുട്ടികള്‍ക്കായി ഈ പദ്ധതിയിലൂടെ അച്ചടിച്ചു. 2022മെയ് മാസത്തില്‍ നാഷണല്‍ പ്രോഗ്രാം ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ടിന്റെ രൂപീകരണത്തിന് അവര്‍ തുടക്കമിട്ടു.യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ മറികടക്കാന്‍ ജനതയെ സഹായിക്കുന്നതിനാണ് പ്രോഗ്രാം രൂപകല്‍പ്പന ചെയ്തിരുന്നത്.
യുക്രൈന്‍ ജനതയെ മോചിപ്പിക്കാനായുള്ള സഹായം ആവശ്യപ്പെട്ട് ലോക നേതാക്കളെയും രാജകുടുംബങ്ങളെയും സെലെന്‍സ്‌ക സന്ദര്‍ശിച്ചു. 2022ജൂലായില്‍ ഇവര്‍ നടത്തിയ അമേരിക്കന്‍ സന്ദര്‍ശനമായിരുന്നു അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധനം ചെയ്ത് സെലെന്‍സ്‌ക യു എസ് കോണ്‍ഗ്രസിനെ മുന്നില്‍ സംസാരിക്കുന്ന മറ്റു രാജ്യത്തിന്റെ ആദ്യത്തെ പ്രഥമ വനിതയായി. റഷ്യന്‍ അധിനിവേശത്തില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ യുക്രെയിന്‍ സായുധസേനക്ക് കൂടുതല്‍ സൈനിക സഹായം നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
യുഎസ് കോണ്‍ഗ്രസില്‍ സെലെന്‍സ്‌ക നടത്തിയ പ്രസംഗത്തിലെ ഏറ്റവും പ്രസക്തമായ ഭാഗം ഇങ്ങനെയാണ്: അധിനിവേശത്തില്‍ കൊല്ലപ്പെട്ടവരുടെയും കൈകാലുകള്‍ ഛേദിക്കപ്പെട്ടവരുടെയും കുടുംബത്തിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹിക്കുന്ന ജനങ്ങളുടെയും പേരില്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു ഒരിക്കലും ചോദിക്കാന്‍ ആഗ്രഹിക്കാന്‍ കാര്യമാണിത്. സ്വഭവനത്തില്‍ താമസിക്കാനും ജീവനോടെ ഉണരാനുമുള്ള അവകാശം സംരക്ഷിക്കാനായി ഞാന്‍ നിങ്ങളോട് ആയുധങ്ങള്‍ ആവശ്യപ്പെടുന്നു.
2022 സെപ്റ്റംബര്‍22ന് ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സെലെന്‍സ്‌ക ഒലീന സെലെന്‍സ്‌ക ഫാണ്ടേഷന് ഔദ്യോഗികമായി തുടക്കം കുറിച്ചു.ഫൗണ്ടേഷന്റെ പ്രാഥമിക ലക്ഷ്യം യുക്രെയിനിലെ മനുഷ്യ മൂലധനം പുനസ്ഥാപിക്കുക എന്നതാണ്. വൈദ്യം, വിദ്യാഭ്യാസം, മാനുഷിക സഹായം എന്നീ മൂന്ന് ദിശകളില്‍ ഊന്നിയാണ് ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്. റഷ്യന്‍ മിസൈലുകളുടെ ആക്രമണത്തില്‍ ആശുപത്രികള്‍ നശിച്ചതിനെത്തുടര്‍ന്ന് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ യുക്രെയിന്‍ നഗരമായ ഈസിയത്തില്‍ ഒരു ആശുപത്രി നിര്‍മ്മിക്കുകയാണ്. വിദേശ സംരംഭങ്ങളുടെയും അന്താരാഷ്ട്ര ഏജന്‍സികളുടെയും സഹായത്തോടെ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല